Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

പ്രതീക്ഷ കൈവിടരുത്

ഡോ. ജാസിമുല്‍ മുത്വവ്വ

അയാള്‍ പറഞ്ഞുതുടങ്ങി: 'ഈ വാര്‍ത്തകള്‍ കണ്ടുകണ്ട് ഞാന്‍ മടുത്തു. മനസ്സാകെ ക്ഷീണിച്ചു. പരവശനായിരിക്കുകയാണ് ഞാന്‍. ദിനേന കാണുന്നത്; ലോകമെങ്ങും മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്ന, കൊല ചെയ്യപ്പെടുന്ന, നാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന വാര്‍ത്തകള്‍! ഖിയാമത്ത് നാള്‍ അടുത്തെന്ന തോന്നല്‍ എന്നില്‍ ശക്തമായിട്ടുണ്ട്. മുസ്‌ലിംകളുടെ അവസ്ഥ ദിനംതോറും മോശമായിക്കൊണ്ടേവരികയാണ്. ആര്‍ക്കും സന്തോഷിക്കാന്‍ കഴിയാത്ത ദുരവസ്ഥ. നമ്മുടെ നാടുകള്‍ പിച്ചിച്ചീന്തപ്പെട്ടു. ഐക്യം തകര്‍ന്നു. സമ്പത്ത് കവര്‍ന്നെടുക്കപ്പെട്ടു. മാനഭംഗങ്ങളും ബലാത്സംഗങ്ങളും സ്ത്രീജീവിതം നരകതുല്യമാക്കുന്നു. പള്ളികള്‍ തകര്‍ക്കപ്പെടുന്നു. ഇതെല്ലാം കണ്ടും കേട്ടും ശരീരവും മനസ്സും തളര്‍ന്നിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ് ഞാന്‍.'' 

ഞാന്‍ അയാളെ ആശ്വസിപ്പിച്ചു: 'മനസ്സിലേക്ക് നിരാശ അരിച്ചുവരാതെ നോക്കണം. ചരിത്രം വായിക്കുകയും പ്രപഞ്ചത്തിലെ നടപടിക്രമങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്താല്‍ നിങ്ങള്‍ ശുഭവിശ്വാസിയായിത്തീരും. പിന്നെ ഈ കാണുന്നതും കേള്‍ക്കുന്നതുമൊന്നും നിങ്ങളെ നിരാശപ്പെടുത്തുന്ന പ്രശ്‌നമായി തോന്നുകയില്ല. മുഹമ്മദ് നബി (സ) അറേബ്യയിലെ വിവിധ ഗോത്രങ്ങള്‍ക്കും അയല്‍രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങള്‍ക്കും സംവത്സരങ്ങളോളം ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. പ്രബോധനദൗത്യം നിര്‍വഹിച്ചുകൊണ്ടിരുന്നു. അക്കാരണത്താല്‍ അദ്ദേഹത്തിന് തന്റെ ജന്മനാട് വെടിയേണ്ടിവന്നു. കുടുംബവും കൂട്ടും ഉപേക്ഷിക്കേണ്ടിവന്നു. പിന്നെ മദീനയില്‍ ഇസ്‌ലാമിന് സ്വാധീനം കൈവരികയും വിജയമുണ്ടാവുകയും ചെയ്തു. ആകാശലോകത്തിന്റെ നീതി പെയ്തിറങ്ങുന്ന രംഗങ്ങള്‍ക്ക് അവര്‍ സാക്ഷികളായി. കോണ്‍സ്റ്റാന്റിനോപ്പ്ള്‍ എങ്ങനെ ജയിച്ചടക്കാന്‍ കഴിഞ്ഞെന്ന് ചിന്തിച്ചുനോക്കൂ. ഇസ്‌ലാമിന് യൂറോപ്പില്‍ പ്രവേശം സാധ്യമാക്കിയത് ആ വിജയമായിരുന്നുവല്ലോ. അത് ജയിക്കാന്‍ പതിനൊന്ന് നിരന്തരശ്രമങ്ങള്‍ വേണ്ടിവന്നു. നിരവധി രക്തസാക്ഷികളെ നല്‍കേണ്ടിവന്നു. പക്ഷേ മുസ്‌ലിംകളുടെ വിജയത്തിലാണ് അവ പര്യവസാനിച്ചത്.'' 

അയാള്‍: 'പക്ഷേ, ലോകം മുഴുവന്‍ നമ്മുടെ മേല്‍ ചാടിവീഴുന്നതാണ് ഇപ്പോള്‍ കാണുന്നത്. നമ്മുടെ സമ്പത്ത് കൊള്ളയടിക്കപ്പെടുന്നു. വാര്‍ത്താമാധ്യമങ്ങളെല്ലാം നമുക്കെതിരില്‍ ഒറ്റക്കെട്ടാണ്. 'ഞാന്‍ ഒരു മുസ്‌ലിമാണ്' എന്നു പറയാന്‍ പോലും ഭയക്കേണ്ട അവസ്ഥ.'' 

ഞാന്‍ തുടര്‍ന്നു: 'മംഗോളിയന്‍ ജനത മുസ്‌ലിംകളെ ആക്രമിച്ചൊതുക്കിയ ചരിത്രം വായിച്ചിട്ടുണ്ടോ നിങ്ങള്‍?  ബഗ്ദാദില്‍ മാത്രം 8 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ മുസ്‌ലിംകളെയാണ് അവര്‍ കൊന്നുതള്ളിയത്. അതും ഒരാഴ്ചക്കുള്ളില്‍! മുസ്‌ലിം ലോകത്തെ തകര്‍ത്തു തരിപ്പണമാക്കി അവര്‍. 'ഐന്‍ ജാലൂത്ത്' യുദ്ധത്തില്‍ മംഗോളിയന്‍ അധിനിവേശം ശാമിന്റെ കവാടങ്ങളില്‍ മുസ്‌ലിംകള്‍ തടഞ്ഞുനിര്‍ത്തി. ചെങ്കിസ് ഖാന്റെ പൗത്രന്‍ ബര്‍കത്ത് ഖാന്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും നാട് പുനര്‍നിര്‍മിക്കുകയും ചെയ്തു. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിച്ചു. കാല്‍നൂറ്റാണ്ടോളം മുസ്‌ലിംരാജ്യങ്ങളെ നശിപ്പിച്ചുകൊണ്ടിരുന്ന ആ ജനവിഭാഗം പിന്നെ ഇസ്‌ലാമിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും വിജയങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത ചരിത്രമാണ് നാം വായിക്കുന്നത്. ജേതാക്കള്‍ പരാജിതരുടെ ആദര്‍ശം പുല്‍കുന്ന അത്ഭുത ദൃശ്യത്തിനാണ് ചരിത്രം സാക്ഷിയായത്. ഇത് പ്രപഞ്ചത്തില്‍ അല്ലാഹുവിന്റെ നടപടിക്രമമാണ്. ചരിത്രം ആവര്‍ത്തിക്കും. അതിനാല്‍ ശുഭവിശ്വാസിയാവുക. പ്രതീക്ഷകള്‍ നിറവേറാന്‍ പ്രവര്‍ത്തനം വേണം. 950 കൊല്ലം ഇസ്‌ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്ന നൂഹ് നബി (അ) നിരാശപ്പെട്ടില്ല. അദ്ദേഹത്തിന് മടുപ്പ് തോന്നിയില്ല. മഹാപ്രളയത്തിന്റെ സന്ദിഗ്ധഘട്ടത്തില്‍ പോലും അദ്ദേഹം തന്റെ മകനെ വിളിക്കുകയാണ് 'പ്രിയ മകനേ, ഞങ്ങളോടൊപ്പം കപ്പലില്‍ കയറൂ.' ഈ മനസ്സാണ് നമുക്കാവശ്യം.''  

അയാള്‍: 'പക്ഷേ മുസ്‌ലിംകള്‍ ഇന്ന് എങ്ങും പീഡിപ്പിക്കപ്പെടുകയാണ്, അടിച്ചമര്‍ത്തപ്പെടുകയാണ്.'' 

ഞാന്‍: 'പ്രശ്‌നങ്ങളെല്ലാം അവസാനിച്ച് ഈ കരാളരാത്രിക്കു ശേഷം ഒരു പൊന്‍പുലരി വരാനുണ്ടെന്ന പ്രതീക്ഷ വേണം. 'തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്. പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്' എന്നാണല്ലോ ഖുര്‍ആന്‍ വാക്യം. വിധി നമുക്കായി എന്താണ് കരുതിവെച്ചിട്ടുണ്ടാവുക എന്ന് നമുക്കറിയില്ല. ആ വിധി നന്മക്കാവാന്‍ നമുക്ക് പ്രാര്‍ഥിക്കാം, പ്രവര്‍ത്തിക്കാം. നാം പ്രവര്‍ത്തിക്കണം. നിരാശപ്പെട്ടിരിക്കരുത്. ഈ ആദര്‍ശം ശക്തവും പ്രചുരപ്രചാരം നേടുന്നതുമാണെന്ന് നബി (സ) പറഞ്ഞതോര്‍മയില്ലേ? ഇസ്‌ലാം കടന്നുചെല്ലാത്ത കുടിലോ കൊട്ടാരമോ ഉണ്ടാവില്ല. അതിനാല്‍ ശുഭപ്രതീക്ഷ കൈയൊഴിക്കാതിരിക്കുക....

''ഏതൊരു നാഗരികതക്കും മതത്തിനും ചരിത്രത്തില്‍ ഒരു അന്ത്യം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇസ്‌ലാമിന് അങ്ങനെ ഒരു അന്ത്യം സംഭവിച്ചിട്ടില്ല. അത് ഇന്നും അനശ്വരമായി നിലകൊള്ളുന്നു. മുസ്‌ലിംകള്‍ക്ക് ഒരു ഭൂഭാഗത്ത് പരാജയം സംഭവിക്കുമ്പോള്‍ മറ്റൊരു ഭൂഭാഗത്ത് വിജയം കൈവന്നതാണ് ചരിത്രം. കിഴക്ക് ക്ഷീണം സംഭവിച്ചപ്പോള്‍ പടിഞ്ഞാറ് ശക്തമായി. സ്‌പെയിന്‍ വിടേണ്ടിവരികയും നാനാതരം മര്‍ദനങ്ങളും പീഡനങ്ങളും അനുഭവിക്കേണ്ടിവരികയും വിചാരണക്കോടതികള്‍ വിധിക്കുന്ന നിഷ്ഠുരശിക്ഷകള്‍ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവന്ന ഘട്ടത്തില്‍ ഉസ്മാനികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും അവര്‍ യൂറോപ്പില്‍ ജേതാക്കളായി കടന്നുചെല്ലുകയും ചെയ്തു. ഓസ്ട്രിയയുടെ പടിവാതില്‍ക്കല്‍ അവരെത്തി. കുരിശുയോദ്ധാക്കള്‍ മുസ്‌ലിം രാജ്യങ്ങള്‍ കൈയേറിയപ്പോള്‍ സല്‍ജൂഖികള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയും പുതിയ നാഗരികതക്ക് അടിത്തറ പാകുകയും ചെയ്തു. ഒരിടത്ത് പരാജയം സംഭവിക്കുമ്പോള്‍ മറ്റൊരിടത്ത് വിജയം കൈവരിക്കുന്ന ദൃശ്യങ്ങളാണ് കാണാനായത്. അറബ് രാജ്യങ്ങളില്‍ ഉണ്ടാവുന്ന തിരിച്ചടികളെ നിഷ്പ്രഭമാക്കുന്നതാണ് തുര്‍ക്കിയിലും മലേഷ്യയിലും ഉണ്ടാവുന്ന സന്തോഷാനുഭവങ്ങള്‍. മുസ്‌ലിം സമൂഹത്തിന് രോഗം ബാധിക്കാം, പക്ഷേ അത് മരിക്കില്ല. പ്രതീക്ഷകള്‍ അസ്തമിച്ച സമയത്തല്ലേ കുഞ്ഞുണ്ടാവന്‍ പോവുന്ന സന്തോഷവാര്‍ത്ത അല്ലാഹു ഇബ്‌റാഹീം നബി(അ)ക്ക് നല്‍കിയത്! അതിനാല്‍ നിരാശനാവാതിരിക്കുക, പ്രതീക്ഷകളോടെ മുന്നേറുക.'' 

 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍