Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

സ്ത്രീയെക്കുറിച്ച ഇസ്‌ലാംപക്ഷ വായന

ഫൗസിയ ശംസ്

എല്ലാ സാമൂഹിക വ്യവഹാരങ്ങളില്‍നിന്നും അകന്ന് വീടിനകത്തു മാത്രം ഒതുങ്ങിനില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന സങ്കല്‍പം പല ദര്‍ശനങ്ങളുടെയും വക്താക്കള്‍ കുറേക്കാലം കൊണ്ടുനടന്നെങ്കിലും, അത്തരമൊരു ചിന്താസരണിയെ പൊളിച്ചെഴുതാന്‍ സ്ത്രീസമൂഹത്തിന് കഴിയുകയുണ്ടായി. ഏതാല്ലൊ  മത-സാമൂഹികവ്യവസ്ഥിതികള്‍ക്കു കീഴിലും സ്ത്രീക്ക് പിന്‍വാങ്ങലിന്റെ കാലം ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ഇതൊക്കെ മറന്നോ കില്ലെന്നു നടിച്ചോ മുസ്‌ലിം സമുദായത്തിലെ പെണ്ണാണ് പ്രശ്‌നവല്‍ക്കരിക്കപ്പെട്ടത്.  മുസ്‌ലിം സമുദായത്തിലെ പെണ്ണ് പക്ഷേ, അവളും അജ്ഞതയുടെ പുറംതോട് പൊട്ടിച്ച് പുറത്തേക്കു വരികയാണ്, ഇസ്‌ലാം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ.

അത് സാധ്യമാക്കിയത് പലതരത്തിലുള്ള ഇടപെടലുകളാണ്. പെണ്ണിനെ കുറിച്ച നിലപാടുകള്‍ പ്രഖ്യാപിക്കുന്ന  ഒട്ടനേകം ചിന്തകള്‍ ഇതിനകം അച്ചടിമഷിപുരണ്ടിട്ടു്. അതില്‍ പലതും ഇസ്‌ലാമിലെ സ്ത്രീയെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം ഖുര്‍ആന്റെയും ഹദീസുകളുടെയും  ഇസ്‌ലാമിക ചരിത്രത്തിന്റെയും പിന്‍ബലത്താല്‍ എഴുതപ്പെട്ടതാണ്. ഇസ്‌ലാമിന്റെ ചരിത്രവും ഖുര്‍ആനിക പരാമര്‍ശവും പ്രവാചകന്റെ കല്‍പനകളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത്, സ്ത്രീയെ സാമൂഹിക പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി എഴുതപ്പെട്ടവയും കൂട്ടത്തിലു്.   

ഖുര്‍ആനിലെ സ്ത്രീ ആഖ്യാനങ്ങളെയും ഇസ്‌ലാമിക ചരിത്രത്തെയും മുമ്പില്‍വെച്ച് പുതിയൊരു പുസ്തകം കൂടി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു; ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ഖുര്‍ആനിലെ സ്ത്രീ'. ഖുര്‍ആന്‍ പേരെടുത്തുപറഞ്ഞ ആസിയയും മര്‍യമും ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ആഇശയും ഖദീജയും ഖൗലയും ഉമ്മു അമ്മാറും... ഇവരെന്തുകൊണ്ടാണ് ഇസ്‌ലാമിക ലോകത്ത് ഇന്നും പ്രോജ്ജ്വലിച്ചുനില്‍ക്കുന്നത്? വീട്ടില്‍ നന്നായി ഭക്ഷണമുണ്ടാക്കി ഭര്‍ത്താവിനെയും മക്കളെയും ഊട്ടിയതിനാണോ, എല്ലാ നേരവും വീട്ടുജോലികള്‍ ഭംഗിയോടെ ചെയ്ത് അവരെ സംതൃപ്തരാക്കിയതിനാണോ, ഭര്‍ത്താവും മക്കളും പുറത്തുപോയി വരുമ്പോള്‍ എങ്ങോട്ടും പോകാതെ അവരെ കാത്തിരുന്നതിനാണോ? അല്ല. പിന്നെ എങ്ങനെയാണ്, ഭര്‍ത്താവിനെ ധിക്കരിച്ച ആസിയയും ഭര്‍ത്താവുപോലും ഇല്ലാത്ത മര്‍യമും ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ഇടം തേടിയത്? അല്ലാഹുവിന്റെ പ്രതിനിധിയെന്ന ദൗത്യനിര്‍വഹണമായിരുന്നു അവര്‍ നിറവേറ്റിയതെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തുന്നു. ആ ദൗത്യം തന്നെയാണ് സകലമാന മുസ്‌ലിം സ്ത്രീക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ളത് എന്ന് ധൈര്യപൂര്‍വം പറഞ്ഞുതരികയാണ് ഈ കൊച്ചുപുസ്തകം. 

ഗ്രന്ഥം ആരംഭിക്കുന്നത് മനുഷ്യന്‍ എന്ന സത്ത ആത്മാവും ശരീരവും ചേര്‍ന്നതാണെന്നും ആത്മാവിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മില്‍ ഒരന്തരവുമില്ലെന്നും ഉണര്‍ത്തിക്കൊണ്ടാണ്. ''സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ പരസ്പരം സഹകാരികളാണ്. അവര്‍ നന്മ കല്‍പിക്കുന്നു, തിന്മ തടയുന്നു.........'' (9:71). സ്ത്രീപുരുഷന്മാര്‍ തമ്മില്‍ വ്യത്യാസമുള്ളത് ശാരീരിക ഘടനയിലാണെന്നും അത് വിവേചനമല്ലെന്നും അത് ആണിനും പെണ്ണിനും ഇടയില്‍ മാത്രമല്ലെന്നും ആണിനും ആണിനും ഇടയിലും, പെണ്ണിനും പെണ്ണിനുമിടയിലും ഉണ്ടെന്നും അത് മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആധാരമാണെന്നും ഖുര്‍ആന്റെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. പെണ്ണിനെ ഭൗതികവസ്തുവായി മാത്രം കണ്ട് 'കൊഞ്ചിക്കുക'യും അവളുടെ ആത്മസാക്ഷാത്കാരങ്ങള്‍ക്ക് വേലികെട്ടുകയും ചെയ്യുന്നവര്‍ക്കുള്ള ഉണര്‍ത്താണിത്. ആദിപാപത്തിന്റെ വേരുകളെ പെണ്‍സ്വത്വത്തിലേക്ക് ഉറപ്പിച്ചുനിര്‍ത്തിയ സംസ്‌കാരങ്ങളുടെ അപഹാസ്യത ദൈവികവചനങ്ങളിലൂടെ തുറന്നുകാട്ടുന്നു. ദമ്പതികളില്‍ സംരക്ഷണോത്തരവാദിത്തവും മേല്‍നോട്ട ബാധ്യതയും പുരുഷനാണെങ്കിലും അത് പദവിനിര്‍ണയം ഉദ്ദേശിച്ചല്ല. '....... എന്നാല്‍ പുരുഷന്മാര്‍ക്ക് ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (2:228) എന്ന ആയത്തും  'പുരുഷന്മാര്‍ സ്ത്രീകളുടെ കാര്യങ്ങള്‍ കൊണ്ടുനടത്തുന്നവരാണ്. അല്ലാഹു മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറ്റുള്ളവരേക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലാണുമാണത്' (4:34) എന്ന ആയത്തും എടുത്തുദ്ധരിച്ച്, പുരുഷന് സ്ത്രീയേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന പരമ്പരാഗത വാദത്തെ പുസ്തകം ചോദ്യം ചെയ്യുന്നു. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെയും ശഹീദ് സയ്യിദ് ഖുത്വ്ബിന്റെയും വീക്ഷണമാണ് ഗ്രന്ഥകര്‍ത്താവ് ഇവിടെ ഊന്നിപ്പറയുന്നത്. രക്ഷാധികാരത്തില്‍ അന്തര്‍ലീനമായ കനിവ,് കാരുണ്യം, കാവല്‍, ശാരീരികവും ധനപരവുമായ ബാധ്യതകള്‍, കുടുംബപരമായ ബാധ്യതകള്‍ എന്നിവ കുടുംബത്തോടും കുട്ടികളോടും ഉണ്ടാവേണ്ട മര്യാദകളാണ്. ഇതൊരിക്കലും പങ്കാളിയുടെ അവകാശത്തെ ഹനിക്കലല്ല. ചില സ്ഥലങ്ങളില്‍ പുരുഷന്റെ രക്ഷാധികാരത്തിന് ഇസ്‌ലാം പരിധിവെച്ചിട്ടുണ്ടെന്ന സയ്യിദ് ഖുത്വ്ബിന്റെ വീക്ഷണവും ഉദ്ധരിക്കുന്നു. മേല്‍പറഞ്ഞ രണ്ട് സൂക്തവും  പ്രത്യേക പദവി ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും പുരുഷന്റെ ബാധ്യതകള്‍ ഓര്‍മിപ്പിക്കുന്നവയാണെന്നും വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും എക്കാലവും ബാധകമായ ഒരായത്തല്ല അതെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ളതാണെന്നുമുള്ള  സയ്യിദ് ഖുത്വ്ബിന്റെ വാദത്തെ ഗ്രന്ഥകര്‍ത്താവ് ശരിവെക്കുകയാണ് ചെയ്യുന്നത്. പുസ്തകവായനയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതും ഈ വശമാണ്. ഖവ്വാമൂന്‍ എന്നതിന് 'മേല്‍നോട്ടക്കാര്‍' എന്നര്‍ഥം പെട്ടന്നങ്ങു പറഞ്ഞുപോയതു തന്നെയാണ്, സ്ത്രീയെ മകളായും മാതാവായും ആദരിക്കാന്‍ സഹിഷ്ണുത കാണിച്ച സമൂഹം അവള്‍ ഭാര്യയാകുന്നതോടെ താന്‍ ഭരിക്കേണ്ടവളാണ് തന്റെ കീഴിലുള്ള ഈ പെണ്ണ് എന്ന് ചിന്തിച്ച് ലക്ഷ്മണരേഖ വരച്ച് അവളെ വീടിനകത്തിരുത്തുന്നതിന് ഒരു കാരണം.

 എക്കാലവും വിമര്‍ശകര്‍ ഉന്നയിക്കാറുള്ളതാണ്, മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശവും അവളെ കൃഷിസ്ഥലത്തോട് ഉപമിച്ചതും. അതിനും സന്ദര്‍ഭോചിതമായി ഖുര്‍ആനിക വചനങ്ങളും വ്യാഖ്യാനങ്ങളും വെച്ച് മറുപടി നല്‍കുന്നു. 'നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായമായിത്തീരണം നിങ്ങള്‍' (3:104) എന്ന ആഹ്വാനം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരുടെയും ബാധ്യതയാണെന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച മാതൃകാ വനിതകളുടെ നിയോഗ നിര്‍വഹണങ്ങളെക്കുറിച്ചാണ് തുടര്‍ലേഖനങ്ങള്‍. സ്ത്രീക്ക് കുടുംബഭാരം മാത്രമല്ല അങ്ങാടി ഭരണവും സാധ്യമാണെന്ന് തെളിയിച്ച ഉമ്മുശിഫാഅ് മുതല്‍ ചുട്ടുപൊള്ളുന്ന മണല്‍ക്കാട്ടില്‍ മനുഷ്യനാഗരികതക്ക് നിമിത്തമായ ഹാജറും ദൈവിക ദിവ്യജ്ഞാനം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച മര്‍യമും മൂസാ നബിയുടെ മാതാവും ഭാര്യ സഫൂറയും ലോകത്തെ എക്കാലത്തെയും 

വലിയ വംശീയ ഭരണാധികാരിയായ ഫറോവയെ ധിക്കരിച്ച ആസിയയും... ഈ  ചരിത്ര സംഭവങ്ങളിലൂടെയാണ് പുസ്തകം കടന്നുപോവുന്നത്. ഓരോ സ്ത്രീയുടെയും ദൗത്യനിര്‍വഹണം വ്യത്യസ്തമായിരിക്കുമെന്നും അവരിലോരോരുത്തരും വിവിധ കാലഘട്ടങ്ങളില്‍ അത് നിര്‍വഹിച്ചിട്ടുണ്ടെന്നും എക്കാലത്തെയും സ്ത്രീകള്‍ക്ക് അവര്‍ തന്നെയാണ് മാതൃകയെന്നും തുടര്‍വായനയില്‍നിന്ന് മനസ്സിലാക്കാം.

19 അധ്യായങ്ങളുള്ള പുസ്തകത്തിലെ ബില്‍ഖീസ് രാജ്ഞിയെക്കുറിച്ചും ദൈവവിധി ചോദിച്ചുവാങ്ങിയ ഖൗലയെക്കുറിച്ചുമുള്ള അധ്യായങ്ങള്‍ സ്വയം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കണം വായിക്കേണ്ടത്. നിസ്സഹായയായ ഒരു പെണ്ണിന്റെ ആവലാതി ഏഴാം ആകാശങ്ങള്‍ക്കപ്പുറത്തുനിന്നും ദൈവം പോലും കേട്ടു. തുണയേതുമില്ലാതെയാണൊരു പെണ്ണ് മൈലുകള്‍ താണ്ടി പ്രവാചക സന്നിധിയിലെത്തിയത്. കരുത്തനായ ഉമറിനെ ചൂണ്ടി ചോദ്യം ഉന്നയിച്ച പെണ്ണിന്റെ ചരിത്രവും ഉണ്ട് ഈ ലേഖനസമാഹാരത്തില്‍.  

പ്രസാധനം: ഐ.പി.എച്ച് 

വില: 100 രൂപ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍