Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

അന്യാദൃശം ഈ ജീവിതം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്

പഠന-ഗവേഷണങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച ഡോ. മുഹമ്മദ് ഹമീദുല്ല (1908-2002) യുടെ 'ദ ലൈഫ് ആന്റ് വര്‍ക് ഓഫ് ദ പ്രൊഫറ്റ് ഓഫ് ഇസ്‌ലാം' എന്ന കൃതിയുടെ പരിഭാഷയാണ് ഈ ലക്കം മുതല്‍ ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണിത്. ഫ്രഞ്ച് ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥം പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. ഇതിന്റെ അവതരണം പുതുമയുള്ളതും കണ്ടെത്തലുകള്‍ മൗലികവുമാണ്. ആറ് പതിറ്റാണ്ടിലധികം നീണ്ട ഗവേഷണ പഠനങ്ങളുടെ ഫലം കൂടിയാണിതെന്ന് പറയാം. ഓരോ പുതിയ എഡിഷനിലും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു.

 

 

'ദൈവത്തിന്റെ പ്രവാചകന്‍' എന്ന ആശയത്തിന് വിവിധ കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ വിവിധ ജനസമൂഹങ്ങള്‍ വ്യത്യസ്തമായ അര്‍ഥങ്ങളാണ് നല്‍കിപ്പോന്നിട്ടുള്ളത്. ഇസ്‌ലാമില്‍, സൃഷ്ടികളില്‍ ഏറ്റവും മഹത്വമുള്ളത് മനുഷ്യര്‍ക്കാണ്; ആ മനുഷ്യരില്‍ ഏറ്റവും മഹത്വമുള്ള വ്യക്തിയായിരിക്കും പ്രവാചകന്‍. ഏറ്റവുമധികം തികവും പൂര്‍ണതയുമുള്ള മനുഷ്യന്‍. ജീവിതത്തിന് രണ്ടു തരംതിരിവുകള്‍ കാണാറുണ്ടല്ലോ; ഭൗതികതയും ആത്മീയതയും. ഈ രണ്ട് വശങ്ങളെയും സമഞ്ജസമായി, സന്തുലിതമായി മേളിപ്പിക്കുക, അതിന് ജീവിതത്തിലൂടെ പ്രായോഗിക മാതൃക സമര്‍പ്പിക്കുക- ഇതിന് കഴിയുന്നതാര്‍ക്കാണോ അവരായിരിക്കും മനുഷ്യരുടെ മാതൃക, വഴികാട്ടികള്‍. ചരിത്രം പരിശോധിക്കുമ്പോള്‍ നാം ഒരുപാട് രാജാക്കന്മാരെയും തത്ത്വജ്ഞാനികളെയും ആത്മീയ ഗുരുക്കന്മാരെയും പ്രഗത്ഭരായ നേതാക്കളെയും കണ്ടുമുട്ടുന്നുണ്ട്. അവരുടെ ജീവിതം നമുക്ക് പിന്‍പറ്റാവുന്ന മാതൃകകള്‍ നല്‍കുന്നുമുണ്ട്. എങ്കില്‍പിന്നെ നാമെന്തിന് പതിനാല് നൂറ്റാണ്ട് മുമ്പ് മരണപ്പെട്ട മുഹമ്മദ് നബിയെക്കുറിച്ച് ഇപ്പോള്‍ പഠനം നടത്തണം? അതും അവിശ്വസനീയമായ പലതരം ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്?

ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഈ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. കാരണം, തന്റെ യഥാര്‍ഥ വഴികാട്ടിയുടെ ജീവിതവും സ്വഭാവചര്യകളും മനസ്സിലാക്കി പിന്തുടരാതെ ഒരാള്‍ക്കും മുസ്‌ലിമാവുക സാധ്യമല്ല. എന്നാല്‍, പ്രവാചക ചരിത്രത്തെ(സീറ)ക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത ആളുകളെ ആദ്യമായി ചില കാര്യങ്ങള്‍ ധരിപ്പിക്കേണ്ടതുണ്ട്:

ഒന്ന്) തന്റെ അധ്യാപനങ്ങളെല്ലാം തന്റെ തന്നെ മേല്‍നോട്ടത്തില്‍ രേഖപ്പെടുത്തിവെക്കാനും വരുംതലമുറകള്‍ക്ക് വിശ്വാസയോഗ്യമായ രീതിയില്‍ അവ കൈമാറാനും പ്രവാചകന്‍ തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്. വിവിധ മതങ്ങളുടെ മഹാ ഗുരുക്കന്മാര്‍ക്കിടയില്‍, തനിക്ക് അപ്പപ്പോള്‍ ലഭിക്കുന്ന ദിവ്യസന്ദേശങ്ങള്‍ അനുചരന്മാര്‍ക്ക് കൈമാറുക മാത്രമല്ല, പകര്‍ത്തിയെഴുത്തുകാരെ കൊണ്ട് അവ എഴുതിയെടുപ്പിക്കാനും അവയുടെ  പലതരം കോപ്പികള്‍ അനുയായികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കാനും ഭാഗ്യം സിദ്ധിച്ച പ്രവാചകനാണിത്. ഈ അധ്യാപനങ്ങളുടെ സൂക്ഷിപ്പിന്റെ കാര്യം പറയുകയാണെങ്കില്‍, ഈ ദിവ്യബോധനങ്ങള്‍ പ്രാര്‍ഥനകളിലും മറ്റും പാരായണം ചെയ്തുകൊണ്ടേയിരിക്കാന്‍ ഓരോ മുസ്‌ലിമും മതപരമായിത്തന്നെ ബാധ്യതപ്പെട്ടിരിക്കുന്നു. പിന്നെയവര്‍ ആ അധ്യാപനങ്ങള്‍ ഹൃദിസ്ഥമാക്കുന്നു. ഈ അധ്യാപനങ്ങള്‍, അഥവാ ഖുര്‍ആന്‍ രണ്ട് വിധത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നര്‍ഥം. ഒന്ന്, ലിഖിതമായ രൂപത്തില്‍ രേഖപ്പെടുത്തിവെക്കല്‍. രണ്ട്, മനഃപാഠമാക്കിക്കൊണ്ടുള്ള സംരക്ഷണം. ദിവ്യബോധനങ്ങള്‍ ഏതു ഭാഷയിലാണോ അവതരിച്ചത് ആ ഭാഷയില്‍ തന്നെയാണ് ഇന്നോളം അവ സംരക്ഷിക്കപ്പെട്ടുപോന്നിട്ടുള്ളത്. രണ്ട് തരത്തിലുള്ള സംരക്ഷണവും പരസ്പരം ശക്തിപ്പെടുത്തുന്നതും പൂരകവുമാണ്. ഖുര്‍ആന്റെ ടെക്സ്റ്റ് മോസസിന്റെ അഞ്ച് ഗ്രന്ഥങ്ങളേ(Pentateuch)ക്കാള്‍ എത്രയോ വലുതാണ്; നാല് സുവിശേഷങ്ങള്‍ ഒന്നിച്ച് ചേര്‍ത്തുവെച്ചാലും അത്ര വരില്ല.

രണ്ട്) പ്രവാചകത്വം തന്റെ കുത്തകയാണെന്ന് മുഹമ്മദ് നബി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. മറിച്ച്, തന്നെപ്പോലെയുള്ള പ്രവാചകന്മാര്‍ തനിക്കു മുമ്പ് വിവിധ ജനവിഭാഗങ്ങളിലേക്ക് നിയോഗിതരായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ചില പ്രവാചകന്മാരെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു. ആദാം, നോഹ, ഇനോക്ക് (Enoch ഇദ്‌രീസ്), അബ്രഹാം, മോസസ്, ഡേവിഡ്, ജീസസ് പോലുള്ളവരെ. താന്‍ പേര് പറഞ്ഞിട്ടില്ലാത്ത ധാരാളം പ്രവാചകന്മാര്‍ ഇനിയുമുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. ശാശ്വത സത്യത്തിന്റെ പുനഃസ്ഥാപകന്‍ മാത്രമാണ് താനെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. മുന്‍കാല പ്രവാചകന്മാരുടെ അധ്യാപനങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് താന്‍. ആദമിന്റെയും ഹവ്വയുടെയും സന്തതികള്‍ തമ്മില്‍ ചരിത്രത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കലഹിച്ചതിന്റെയും ഏറ്റുമുട്ടിയതിന്റെയും മറ്റും ഫലമായി പൂര്‍വകാല പ്രവാചകന്മാരുടെ അധ്യാപനങ്ങള്‍ പലതും നഷ്ടപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു. അവയെ വീണ്ടെടുത്ത് നല്‍കുന്നവനാണ് താന്‍. തനിക്ക് ലഭിച്ച ദിവ്യസന്ദേശം തന്റെ കാലശേഷവും ഒരു മാറ്റത്തിരുത്തലിനും വിധേയമാകാതെ നിലനില്‍ക്കുമെന്ന കാര്യത്തിലും മുഹമ്മദ് നബിക്ക് സംശയമുണ്ടായിരുന്നില്ല. അതിനാല്‍ മറ്റൊരു ദൈവപ്രവാചകന്‍ വരേണ്ട ആവശ്യം വരുന്നില്ല. ഇന്ന് ഖുര്‍ആനും പ്രവാചകചര്യ സമാഹരിക്കപ്പെട്ട ഹദീസും അവയുടെ മൂലഭാഷയില്‍തന്നെ നമ്മുടെ കൈവശമുണ്ടല്ലോ.

മൂന്ന്) തന്റെ ദൗത്യനിര്‍വഹണം ആരംഭിച്ചതു മുതല്‍ തന്നെ പ്രവാചകന്‍ മുഹമ്മദ് അഭിസംബോധന ചെയ്തത് മുഴുവന്‍ ലോകത്തെയുമായിരുന്നു. ഏതെങ്കിലുമൊരു ജനസമൂഹത്തിലോ കാലഘട്ടത്തിലോ അദ്ദേഹം പരിമിതപ്പെട്ടുനിന്നില്ല. വംശീയമോ സാമൂഹികമോ ആയ അസമത്വങ്ങളെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല. ഇസ്‌ലാമില്‍ പരമമായ സമത്വ വിഭാവനയാണുള്ളത്.  നിഷ്‌കാമ കര്‍മങ്ങളിലൂടെ വ്യക്തി ആര്‍ജിക്കുന്ന ജീവിത വിശുദ്ധി മാത്രമാണ് മഹത്വത്തിന് ആധാരം. 

നാല്) നന്മ മാത്രം ചെയ്യുന്നവരോ തിന്മ മാത്രം ചെയ്യുന്നവരോ സമൂഹത്തില്‍ വളരെ അപൂര്‍വമാണ്. ബഹുഭൂരിഭാഗവും രണ്ടിനുമിടയിലെ ശരാശരി മനുഷ്യരാണ്. അതിനാല്‍ സമൂഹത്തിലെ 'മാലാഖമാരോ'ടായിരുന്നില്ല പ്രവാചകന്റെ അഭിസംബോധന. പ്രവാചകന്‍ തന്റെ സന്ദേശം പകര്‍ന്നുനല്‍കിയത് ബഹുഭൂരിഭാഗം വരുന്ന സാധാരണ മനുഷ്യര്‍ക്കായിരുന്നു. ഖുര്‍ആന്റെ ഭാഷയില്‍, 'ഇഹലോകത്തെയും പരലോകത്തെയും നന്മ' ആണ് ഒരാള്‍ തേടേണ്ടത്.

അഞ്ച്) മനുഷ്യചരിത്രത്തില്‍ മഹാന്മാരായ രാജാക്കന്മാര്‍ക്കോ ദ്വിഗ്വിജയികള്‍ക്കോ പരിഷ്‌കര്‍ത്താക്കള്‍ക്കോ ഋഷിമാര്‍ക്കോ യാതൊരു കുറവുമില്ല. ഇവരുടെ ജീവിതം പരിശോധിച്ചാല്‍, മിക്കവരും അവരവരുടെ മേഖലകളില്‍ മാത്രമാണ് മികവ് പുലര്‍ത്തിയത്. ഇത്തരം ഗുണങ്ങളെല്ലാം ഒരാളില്‍ മേളിക്കുക- അത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രവാചക ജീവിതത്തില്‍ ആ മേളനമാണ് നാം കാണുന്നത്. കേവലം അധ്യാപനങ്ങള്‍ മാത്രമല്ല ഉള്ളത്, ആ ലോകഗുരു തന്നെ അത് ജീവിതത്തില്‍ പ്രയോഗിച്ച് കാണിച്ചുതരികയും ചെയ്യുന്നു. അധ്യാപനത്തെ ജീവിതാനുഭവം ബാലന്‍സ് ചെയ്യിക്കുകയാണ്.

ആറ്) ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള ഒരു ജീവിതദര്‍ശനത്തിന് അടിത്തറയിടുകയാണ് പ്രവാചകന്‍ മുഹമ്മദ് ചെയ്തത്. ഏതു ഘട്ടത്തിലും ഉജ്ജ്വലമായി ആ ദര്‍ശനം അതിന്റെ സാന്നിധ്യം വിളംബരപ്പെടുത്തിയിട്ടുണ്ട്. നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതിന്റെ നഷ്ടങ്ങള്‍ തുലോം കുറവാണ്. സ്വന്തം അധ്യാപനങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മഹാഗുരുവിന്റെ ജീവിത നാള്‍വഴികള്‍ കുറ്റമറ്റതാണ്. എല്ലാവരും എല്ലാവരോടും യുദ്ധം ചെയ്യുന്ന ഒരു നാട്ടില്‍ ഒരു സാമൂഹിക സംഘാടകനെന്ന നിലക്ക് ശൂന്യതയില്‍നിന്നാണ് അദ്ദേഹം തുടങ്ങുന്നത്. പത്തു വര്‍ഷം കൊണ്ട് മൂന്ന് മില്യന്‍ ചതുരശ്ര കിലോമീറ്ററിലധികം വരുന്ന പ്രദേശത്ത് ഒരു രാഷ്ട്രത്തിന് അടിത്തറയിടുകയാണ് അദ്ദേഹം. അറേബ്യന്‍ ഉപദ്വീപ് മുഴുവനായും ഇറാഖിന്റെയും ഫലസ്ത്വീന്റെയും തെക്കന്‍ ഭാഗങ്ങളും ആ രാഷ്ട്രപരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. തന്റെ പിന്‍ഗാമികള്‍ക്ക് അദ്ദേഹം കൈമാറിയ ഈ രാഷ്ട്രത്തെ അവര്‍ പതിനഞ്ച് വര്‍ഷം കൊണ്ട് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിപ്പിച്ചു. ഈ വ്യാപനത്തിനിടക്കുണ്ടായ സംഘട്ടനങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ മാത്രമാണ് വധിക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ അധികാരം ഈ പ്രദേശങ്ങളിലൊന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. കാരണം അദ്ദേഹം ഭരിച്ചിരുന്നത് ശരീരങ്ങളെയായിരുന്നില്ല, ഹൃദയങ്ങളെയായിരുന്നു. ദൗത്യനിര്‍വഹണം തന്റെ ജീവിതകാലത്ത് തന്നെ വിജയിച്ചുകഴിഞ്ഞിരുന്നു. മക്കയില്‍ വിടവാങ്ങല്‍ ഹജ്ജിന് എത്തിച്ചേര്‍ന്ന ഒന്നര ലക്ഷം പേരോടാണ് പ്രവാചകന്‍ സംസാരിച്ചത്. ഹജ്ജ് എല്ലാ വര്‍ഷവും നിര്‍ബന്ധമല്ലാത്തതു കൊണ്ട് ഈ ഹജ്ജിന് വരാതെ സ്വന്തം വീടുകളിലോ മറ്റോ കഴിയുന്ന ധാരാളം വിശ്വാസികള്‍ വേറെയുമുണ്ടാവും.

ഏഴ്) താന്‍ അനുയായികള്‍ക്ക് നല്‍കുന്ന നിയമങ്ങളും ചട്ടങ്ങളും തനിക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ പോലും അദ്ദേഹം കരുതിയിട്ടില്ല. തന്റെ എല്ലാ അനുയായികളെയും ബഹുദൂരം പിന്നിലാക്കുമാറ് അദ്ദേഹം പ്രാര്‍ഥനകളില്‍ മുഴുകി, വ്രതമനുഷ്ഠിച്ചു, ദാനധര്‍മങ്ങള്‍ ഉദാരമായി നല്‍കി. യുദ്ധാവസരത്തിലാകട്ടെ, സമാധാനാവസരത്തിലാകട്ടെ സ്വന്തം ബദ്ധശത്രുക്കളോട് പോലും അദ്ദേഹത്തിന് അലിവും കാരുണ്യവുമായിരുന്നു.

എട്ട്) പ്രവാചകന്റെ അധ്യാപനങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും അത് സ്പര്‍ശിച്ചു. വിശ്വാസസംഹിതകള്‍, ആത്മീയാനുഷ്ഠാനങ്ങള്‍, ധാര്‍മികത, ധനകാര്യം, രാഷ്ട്രമീമാംസ തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ, ആത്മീയവും ഭൗതികവുമായ എല്ലാറ്റിനെ തൊട്ടുനില്‍ക്കുന്ന ഒരു ജീവിതവീക്ഷണം. അതിനൊക്കെയുമുള്ള പ്രായോഗിക മാതൃകയും അദ്ദേഹം ജീവിച്ചു കാണിച്ചുതന്നു.

ആയതിനാല്‍ പ്രവാചകനെ വിലയിരുത്തുന്നതിനു മുമ്പ് ഒരാള്‍ നിര്‍ബന്ധമായും അദ്ദേഹത്തിന്റെ ജീവിതം പഠിച്ചിരിക്കണം.

 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍