Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ഗര്‍ഭഛിദ്രം അനുവദനീയമാകുമോ?

ഇല്‍യാസ് മൗലവി

ചോദ്യം ഒന്ന്:

എന്റെ ഭാര്യ ഗര്‍ഭിണിയാണ്. ആദ്യത്തെ കുട്ടിക്ക് ഒരു വയസ്സാവുന്നതേയുള്ളൂ. അടുത്ത കുട്ടി രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം മതിയെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ സംഭവിച്ചത് ഇങ്ങനെയായിപ്പോയി. ഈ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദനീയമാകുമോ?

 

ചോദ്യം രണ്ട്:

എന്റെ സുഹൃത്തിന്റെ ഭാര്യ ഗര്‍ഭിണിയാണ്. മെഡിക്കല്‍ ചെക്കപ്പില്‍ കുട്ടിക്ക് ചില വൈകല്യങ്ങളുള്ളതു പോലെ തോന്നുന്നുവെന്നും നിലനിര്‍ത്താതിരിക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍ പറയുന്നു.  ഇത്തരമൊരു  സാഹചര്യത്തില്‍ ഗര്‍ഭം അലസിപ്പിക്കുന്നത് അനുവദനീയമാകുമോ?

 

 

ജീവന്‍ നല്‍കിയ അല്ലാഹുവിന് മാത്രമേ ജീവന്‍ എടുക്കാനും അവകാശമുള്ളൂ. അല്ലാഹു സോപാധികം അനുവാദം നല്‍കിയവര്‍ക്കും അതാകാം. 120 ദിവസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്യുന്നത് ഒരു കുഞ്ഞിനെ കൊല്ലുന്നതുപോലെ കുറ്റകരമാണ് എന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. ആ ഘട്ടം കഴിഞ്ഞ് പ്രസവിക്കപ്പെടുന്ന ചാപ്പിള്ളക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കണമെന്ന് വരെ നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

അവിഹിത ബന്ധത്തില്‍ ജനിച്ച ജാരസന്താനമാണ് ഉദരത്തിലുള്ളതെങ്കില്‍ പോലും ആ കുഞ്ഞിനെ പ്രസവിക്കുന്നതുവരെ മാതാവിന്റെ ശിക്ഷ നടപ്പാക്കരുത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനു വേണ്ടി നോമ്പ് ഉപേക്ഷിക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യേണ്ടതാണ് എന്നാണ് ഇസ്‌ലാമിന്റെ പാഠം. ഗര്‍ഭിണികളെ ആരെങ്കിലും കൈയേറ്റം ചെയ്യുകയും ഗര്‍ഭസ്ഥശിശു മരിക്കാനിടവരികയും ചെയ്താല്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ശരീഅത്തിന്റെ കല്‍പ്പന. 

ഗര്‍ഭസ്ഥശിശു വൈകല്യങ്ങളോടെയായിരിക്കും ജനിക്കുക എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ 120 ദിവസം പ്രായമായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ മാത്രം ഗര്‍ഭം അലസിപ്പിക്കാന്‍ പാടില്ല. ശാരീരികമോ ബുദ്ധിപരമോ ആയ യാതൊരു വിധ വൈകല്യങ്ങളുമില്ലാതെ, എല്ലാവരെയും വിശ്വാസികളും പരിപൂര്‍ണരുമായി സൃഷ്ടിക്കാന്‍ അല്ലാഹുവിന് കഴിയാത്തതുകൊണ്ടല്ല. ഈ ലോകം ഒരു പരീക്ഷണ ഗേഹം കൂടിയായിട്ടാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. വൈകല്യമുള്ള പലരും വൈകല്യമില്ലാത്ത പലരേക്കാളും സമൂഹത്തിന് ഉപകാരപ്പെടുന്നുണ്ടല്ലോ. അവരുടെ മികവുറ്റ സംഭാവനകള്‍ തലമുറകളും സമൂഹങ്ങളും പ്രയോജനപ്പെടുത്തുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

വസ്തുത ഇതായിരിക്കെ, വൈകല്യങ്ങളെ ശാപമായി കണ്ട് ശിശുഹത്യക്ക് മുതിരുന്നത് ശരിയല്ല.

 

ഭ്രൂണഹത്യ അനുവദനീയമാകുന്നതെപ്പോള്‍?

മക്ക കേന്ദ്രമായ മുസ്ലിം വേള്‍ഡ് ലീഗിന്റെ കീഴിലുള്ള ഫിഖ്ഹ് കൗണ്‍സില്‍ ലോകപ്രശസ്തരായ പണ്ഡിതന്മാര്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണ്. ആ സമിതി പുതിയ പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുകയും ഗവേഷണ പഠനങ്ങള്‍ നടത്തുകയും വിവിധ രാജ്യങ്ങളിലെ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം സംയുക്ത ഫത്‌വകള്‍ നല്‍കുകയും ചെയ്യാറുണ്ട്. ഈ വിഷയകമായി അവരുടെ തീരുമാനം ഇങ്ങനെയാണ്:

''ഗര്‍ഭസ്ഥ ശിശു 120 ദിവസം പിന്നിട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നത് അനുവദനീയമല്ല, വൈദ്യ പരിശോധനയില്‍ കുഞ്ഞിന് സൃഷ്ടിപരമായ വൈകല്യമുണ്ടെന്ന് സ്ഥിരീകരിച്ചാലും ശരി. എന്നാല്‍ ഗര്‍ഭം തുടരുന്നത് മാതാവിന്റെ ജീവന് തന്നെ ഭീഷണിയാണ് എന്ന് വിഷയസംബന്ധമായി പ്രത്യേകം അവഗാഹം നേടിയ ഒരു  സംഘം  ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കപ്പെട്ടാല്‍ രണ്ട് ദോഷങ്ങളില്‍ ഏറ്റവും ഗുരുതരമായത് തടയുക എന്ന തത്ത്വമനുസരിച്ച് ഗര്‍ഭഛിദ്രം അനുവദനീയമാകുന്നതാണ്'' (ഫിഖ്ഹ് കൗണ്‍സില്‍ തീരുമാനങ്ങള്‍ 2004).

ഗര്‍ഭം അലസിപ്പിക്കല്‍ അടിസ്ഥാനപരമായി വിലക്കപ്പെട്ട കാര്യമാണ്. ഗര്‍ഭം ധരിച്ചതുമുതല്‍ അതായത്, പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേരുകയും അതില്‍നിന്ന് പുതിയ സൃഷ്ടി രൂപം കൊള്ളുകയും അത് ഗര്‍ഭപാത്രത്തില്‍ ഊറുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ അലസിപ്പിക്കാന്‍ പാടില്ലാത്തതാണ്. ഈ സൃഷ്ടിക്ക് അതിന്റേതായ പവിത്രതയുണ്ട്. അത് വ്യഭിചാരം പോലെ ഹറാമായ ബന്ധം വഴി ഉണ്ടായതാണെങ്കില്‍പോലും. വ്യഭിചാരം ഏറ്റുപറയുകയും എറിഞ്ഞുകൊല്ലാന്‍ വിധിക്കപ്പെടുകയും ചെയ്ത ഗാമിദിയ്യാ ഗോത്രക്കാരിയോട് പ്രസവിക്കുന്നതുവരെ കാത്തിരിക്കാനും അതിനുശേഷം കുട്ടി മുലകുടി നിര്‍ത്തുന്നതുവരെ വീണ്ടും കാത്തിരിക്കാനും നബി (സ) കല്‍പിക്കുകയുണ്ടായി.

ഇതാണ് സാധാരണ ഗതിയില്‍ ഈ ലേഖകന്‍ തെരഞ്ഞെടുക്കുന്ന അഭിപ്രായം. കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ചിലര്‍ 40 ദിവസം കഴിയുന്നതിനുമുമ്പ് അലസിപ്പിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. 'ഗര്‍ഭം 40-42 ദിവസം കഴിയുമ്പോഴാണ് അതില്‍ ജീവന്‍ ഊതുക' എന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണത്. എന്നല്ല, 120 ദിവസം കഴിയുന്നതിനുമുമ്പ് അലസിപ്പിക്കല്‍ അനുവദനീയമാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരും ഉണ്ട്. അപ്പോഴാണ് അതില്‍ ജീവന്‍ ഊതുക എന്ന പ്രസിദ്ധ ഹദീസിന്റെ അടിസ്ഥാനത്തിലാണത്.

ആദ്യം പറഞ്ഞ അഭിപ്രായത്തിനാണ് നാം മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ തക്കതായ 'ഉദ്ര്‍' (ഒഴികഴിവ്) ഉണ്ടെങ്കില്‍ മറ്റു രണ്ടഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് വിരോധമില്ല. ഒഴികഴിവ് എത്രമാത്രം ശക്തമാണോ അത്രക്ക് ഇളവും അനുവദിക്കപ്പെടും. അത് ആദ്യത്തെ 40 ദിവസത്തിനുള്ളിലാണെങ്കില്‍ ഇളവിന് ഏറെ സാധ്യതയുമുണ്ട്.

ഇക്കാര്യത്തില്‍ വളരെ കണിശമായ നിലപാടെടുത്ത പണ്ഡിതന്മാരുണ്ട്. ഗര്‍ഭം ധരിച്ച് ഒരു ദിവസം കഴിഞ്ഞാല്‍ പോലും അലസിപ്പിക്കാന്‍ പാടില്ല എന്നാണവരുടെ നിലപാട്. എന്നല്ല, ബോധപൂര്‍വം ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതുപോലും പാടില്ലെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. അത് പുരുഷന്റെ ഭാഗത്തുനിന്നായാലും സ്ത്രീയുടെ ഭാഗത്തുനിന്നായാലും ശരി. ഹദീസില്‍ പരാമര്‍ശിക്കപ്പെടുന്ന അസ്ല്‍ (ഇന്ദ്രിയ സ്ഖലന സമയത്ത് അത് ഗര്‍ഭപാത്രത്തില്‍ എത്താതെ ഒഴിവാക്കല്‍) 'നിശ്ശബ്ദമായ കുഴിച്ചുമൂടല്‍' ആണെന്ന് പറഞ്ഞതാണവരുടെ തെളിവ്. അപ്പോള്‍ പിന്നെ ഗര്‍ഭം ധരിച്ചതിനുശേഷം അലസിപ്പിക്കല്‍ ഹറാമാണെന്ന് പറയുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

എന്നാല്‍, ഉദാരമായി അനുവാദം നല്‍കുന്നതിന്റെയും കര്‍ശനമായി വിലക്കുന്നതിന്റെയും ഇടയില്‍ മിതമായ രീതി സ്വീകരിക്കുന്നതായിരിക്കും ഉത്തമം. അണ്ഡം ബീജവുമായി സംയോജിക്കുമ്പോള്‍തന്നെ അതൊരു 'മനുഷ്യരൂപ'മായിത്തീര്‍ന്നു എന്നു പറയുന്നത് ആലങ്കാരിക പ്രയോഗമാണ്. അത്, മനുഷ്യസൃഷ്ടിപ്പിന്റെ ആരംഭമാണ് എന്നു പറയാം.

അപ്പോള്‍ സൃഷ്ടിക്ക് ജീവനുണ്ട് എന്നത് ശരിയാണ്. പക്ഷേ, ജീവന് പല പടികളും തട്ടുകളുമുണ്ട്. ബീജത്തിനുതന്നെ ജീവനുണ്ട്. അണ്ഡത്തിനും ജീവനുണ്ട്. പക്ഷേ, അതു രണ്ടും ദീനീനിയമങ്ങള്‍ ബാധകമാകുന്ന മനുഷ്യന്റെ ജീവനല്ല.

ഇവിടെ ഇളവനുവദിക്കാന്‍ പരിഗണനീയമായ ഒഴികഴിവ് വേണം എന്ന ഉപാധിയുണ്ട്. അത് മതപണ്ഡിതരും ഡോക്ടര്‍മാരും മറ്റു വിവരമുള്ളവരുമൊക്കെയാണ് തീരുമാനിക്കേണ്ടത്. അതല്ലാത്തത് അടിസ്ഥാനപരമായി വിലക്കപ്പെട്ടതാണ്.

ചുരുക്കത്തില്‍, ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭഛിദ്രം ഹറാമാണ് എന്നതാണ് മൗലികമായ വിധി.  ആദ്യത്തെ 40 ദിവസങ്ങള്‍ക്കുള്ളില്‍ ഹറാമിന്റെ ഗൗരവം കുറവാണ്. 40 ദിവസങ്ങള്‍ക്കു ശേഷം ഹറാമിന്റെ ഗൗരവം കൂടിക്കൊണ്ടിരിക്കും, എങ്കിലും ശിശുഹത്യയോളം വരില്ല. എന്നാല്‍, 120 ദിവസങ്ങള്‍ക്കു ശേഷമാണെങ്കില്‍ കുഞ്ഞ് എന്ന അര്‍ഥത്തില്‍ ജീവന്‍  ഊതപ്പെട്ട ഘട്ടത്തിലെത്തിക്കഴിഞ്ഞു.  ഹദീസുകള്‍ അതാണ് വ്യക്തമാക്കുന്നത്. ഇത്തരം ശിശുക്കള്‍ മാതാവിന്റെ ഉദരത്തില്‍ അവശേഷിക്കുന്നത് മാതാവിന്റെ ജീവന് ഭീഷണിയാണെന്ന് ഡോക്ടര്‍മാരുടെ ഒരു വിദഗ്ധ സംഘം വിധി തീര്‍പ്പിലെത്തിയാല്‍ അത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണ് എന്നാണ് പൊതുവായ പണ്ഡിതാഭിപ്രായം.  ഇല്ലെങ്കില്‍ പാടില്ല.

എന്നാല്‍, ശിശുവിന് ജീവനുണ്ടെങ്കില്‍ മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യങ്ങളില്‍ പോലും ഒരു വിഭാഗം പണ്ഡിതന്മാര്‍ ഗര്‍ഭഛിദ്രം അനുവദിച്ചിട്ടില്ല. ഹനഫീ മദ്ഹബിലെ പ്രഗത്ഭനായ ഇമാം ഇബ്‌നു നുജൈം പറയുന്നു: ''ഗര്‍ഭിണിയുടെ വയറ്റില്‍ ശിശു കുടുങ്ങിക്കിടക്കുകയും കഷണങ്ങളാക്കിയിട്ടല്ലാതെ അതിനെ പുറത്തെടുക്കാന്‍ കഴിയാതെ വരികയും അങ്ങനെ ചെയ്തില്ലെങ്കില്‍ മാതാവ് മരിച്ചുപോകുമെന്ന് ഭയപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ജീവനില്ലാത്ത ശിശുവാണെങ്കില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് വിരോധമില്ല. എന്നാല്‍, കുട്ടിക്ക് ജീവനുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനും പാടില്ല. കാരണം ഒരു ജീവനെ കൊന്ന് മറ്റൊരു ജീവനെ രക്ഷിക്കുക എന്നത് ശരീഅത്തില്‍ അംഗീകരിക്കപ്പെട്ടതല്ല'' (അല്‍ ബഹ്‌റുര്‍റാഇഖ് 8/233). 

ഇത്തരം യാതൊരു ന്യായവുമില്ലാതെ ഗര്‍ഭഛിദ്രം നടത്തുന്നവര്‍ ഗുരുതരമായ പാതകമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

ഗുരുതരമായ അംഗവൈകല്യമുള്ളതാണ് ഗര്‍ഭസ്ഥശിശുവെന്നും, കുട്ടിക്കും കുടുംബത്തിനും ഭാവി ജീവിതം ദുരിതപൂര്‍ണമാവുമെന്നും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ  വിദഗ്ധരായ, ഒരു സംഘം ഡോക്ടര്‍മാര്‍ (ഒരു ഡോക്ടര്‍ പോരാ) സ്ഥിരീകരിച്ചാല്‍ അത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രം അനുവദനീയമാകുമെന്ന് ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഡോ. യൂസുഫുല്‍ ഖറദാവി രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം ശൈഖ് ഖറദാവി പറയുന്നു: ''ഗുരുതരമായ വൈകല്യങ്ങളോടെ ജനിക്കുന്ന ശിശു  അധികകാലം ജീവിക്കാറില്ല. അതാണ് പൊതുവെ കാണപ്പെടുന്നത്. അതോടൊപ്പം മിക്ക ഡോക്ടര്‍മാര്‍ക്കും  രോഗനിര്‍ണയത്തില്‍ തെറ്റു പറ്റാറുമുണ്ട്.  ഒരു സംഭവം ഓര്‍ക്കുന്നു. ഞാന്‍ അതില്‍ കക്ഷിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമാണത്. പാശ്ചാത്യ രാജ്യത്ത് താമസിക്കുന്ന ഒരു സുഹൃത്ത് ഫത്‌വ ചോദിച്ച് എനിക്കെഴുതി: തന്റെ കുട്ടി മാതാവിന്റെ വയറ്റില്‍ അഞ്ചു മാസം തികഞ്ഞിരിക്കുന്നു. മിക്കവാറും അത് വൈകല്യത്തോടെയാണ് പുറത്തുവരുക എന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതവരുടെ അനുമാനമാണ്. ഉറപ്പല്ല. അദ്ദേഹത്തോട് അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാനും കാര്യങ്ങളുടെ കടിഞ്ഞാണ്‍ അല്ലാഹുവിനെ ഏല്‍പ്പിക്കാനും പറഞ്ഞാണ് ഞാന്‍ ഫത്‌വ നല്‍കിയത്. ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റാനും ഇടയുണ്ടല്ലോ. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ യൂറോപ്പില്‍നിന്ന് എനിക്കൊരു കാര്‍ഡ് കിട്ടി. സുന്ദരനായ ഒരു കുട്ടിയുടെ ചിത്രം. സുഹൃത്ത് കാര്‍ഡില്‍ ഇങ്ങനെ കുറിച്ചു; ബഹുമാന്യരേ, എന്നെ സര്‍ജന്മാരുടെ കത്തിയില്‍നിന്ന് രക്ഷിച്ചതിന് ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. താങ്കള്‍ക്ക് നന്ദി പറയുന്നു. താങ്കളുടെ ഫത്‌വയാണ് എനിക്ക് തുണയായത്. ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കുകയില്ല'' (ഖറദാവിയുടെ ഫത്‌വകള്‍: 2/428). 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍