വിശുദ്ധ ജീവിതം കൊണ്ട് ശ്രദ്ധേയനായ സി.കെ മുഹമ്മദ്
മരണം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും ചില മരണങ്ങള്‍ മനസ്സിനെ പിടിച്ചുകുലുക്കും. അത്തരത്തിലുള്ളതായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം സി.കെ എന്ന് അടുത്തവരൊെക്കയും സ്‌നേഹത്തോടെ വിളിക്കുന്ന സി.കെ മുഹമ്മദ് സാഹിബിന്റെ മരണം. എല്ലാ വെള്ളിയാഴ്ചയും രാവിലെ വിളിച്ച് ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ആത്മമിത്രത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായാണ് സംഭവിച്ചത്.
കഴിഞ്ഞ കുറേ കൊല്ലമായി സി.കെയുടെ ഫോണ്‍ വിളി കേള്‍ക്കാത്ത വെള്ളിയാഴ്ചകള്‍ വളരെ വിരളമായിരുന്നു. പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളിലും പ്രാര്‍ഥനകളിലും ഒതുങ്ങുന്നതായിരുന്നില്ല ആ സംഭാഷണം. ലേഖനങ്ങളിലെയും പുസ്തകങ്ങളിലെയും ഉള്ളടക്കത്തിലോ ശൈലിയിലോ പ്രയോഗങ്ങളിലോ തലക്കെട്ടുകളിലോ മറ്റോ തനിക്ക് വിയോജിപ്പുള്ള കാര്യങ്ങള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാണിക്കാനും ഗുണകാംക്ഷയോടെ ശ്രദ്ധയില്‍ പെടുത്താനും അതുപയോഗപ്പെടുത്തി. പ്രസംഗങ്ങളിലെ പദപ്രയോഗങ്ങള്‍ മാത്രമല്ല; ശരീരഭാഷയും വസ്ത്രത്തിന്റെ നിറം പോലും നിരീക്ഷിച്ച് ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. അതിനാല്‍ വ്യക്തിപരമായി ജീവിതത്തിന്റെ നേരെ ഉയര്‍ത്തിപ്പിടിച്ച കണ്ണാടിയാണ് സി.കെയുടെ വിയോഗത്തിലൂടെ വീണുടഞ്ഞത്.
പ്രവാസ ജീവിതകാലത്ത് എല്ലാ ആഴ്ചയിലും കത്തയക്കും. മൂന്നു കത്തുകള്‍ക്ക് ഒരു മറുപടി അയച്ചാല്‍ മതിയെന്ന് ശഠിക്കും. എന്നാല്‍ കത്ത് ആരുടേതായാലും മറുപടി അയക്കാതിരിക്കാന്‍ കഴിയില്ല; പ്രത്യേകിച്ചും സി.കെയുടേത്. അതിനാല്‍ നാട്ടില്‍ സ്ഥിരതാമസമാക്കുന്നതുവരെ കത്തുകളിലൂടെയും പിന്നീട് ടെലഫോണ്‍ വിളികളിലൂടെയും ജീവിതാന്ത്യം വരെ ഊഷ്മളമായ ബന്ധം അവിരാമം തുടര്‍ന്നു.
സി.കെയുടെ ജനനത്തിനു മുമ്പേ പിതാവ് പരലോകം പ്രാപിച്ചു. മാതാവ് പുനര്‍ വിവാഹിതയാവുകയും ചെയ്തു. അങ്ങനെ തീര്‍ത്തും അനാഥനായാണ് വളര്‍ന്നത്. സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അരീക്കോട് സുല്ലമുസ്സലാമില്‍ ചേര്‍ന്ന് പഠനമാരംഭിച്ചെങ്കിലും ഏറെ കഴിയും മുമ്പേ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്കു മാറി. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പിതൃനിര്‍വിശേഷമായ സ്‌നേഹവും പരിഗണനയും പരിലാളനയും സി.കെയെ അഗാധമായി സ്വാധീനിച്ചു. അതുകൊണ്ടുതന്നെ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് സ്വന്തം വീടിനേക്കാള്‍ പ്രിയപ്പെട്ടതായി മാറി. മരണത്തിന്റെ തലേന്നാള്‍ ശാന്തപുരം സന്ദര്‍ശിക്കാനെത്തിയത് ഈ ആത്മബന്ധത്തോട് ചേര്‍ന്നുവന്ന ദൈവവിധിയായിരിക്കാം. ആ സന്ദര്‍ശനത്തില്‍ രോഗം കാരണം വീട്ടില്‍ വിശ്രമിക്കുന്ന ഹൈദരലി ശാന്തപുരവും ഉള്‍പ്പെട്ടതിലും ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന്റെ ചേരുവയുണ്ട്.
പഠനം പൂര്‍ത്തീകരിച്ച ശേഷം മലപ്പുറം എം.എസ്.പി സ്‌കൂള്‍, കരുവാരകുണ്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പുല്‍വെട്ട സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി.
പിന്നീട് അബൂദബിയിലും ഖത്തറിലുമായി ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചു. അപ്പോഴും എഴുത്തും വായനയും അവിരാമം തുടര്‍ന്നു. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയതോടെ ഇസ്‌ലാമികപ്രവര്‍ത്തനങ്ങളിലും പൊതുകാര്യങ്ങളിലും വ്യാപൃതനായി. ഇടക്ക് വണ്ടൂര്‍ വനിതാ കോളേജില്‍ അധ്യാപനവൃത്തിയും നിര്‍വഹിച്ചു.
സി.കെ നല്ല ഒരെഴുത്തുകാരനായിരുന്നു. സമര്‍ഥനായ വിവര്‍ത്തകനും. പ്രബോധനം വാരികയില്‍ ഇസ്‌ലാമിക ചരിത്രത്തിലെ മഹദ് വ്യക്തികളെ സംബന്ധിച്ച കുറിപ്പുകളും കുടുംബജീവിത്തെ സംബന്ധിച്ച ലേഖനങ്ങളും എഴുതുമായിരുന്നു. ആരാമം മാസികയില്‍ വനിതകള്‍ക്ക് ഏറെ ഉപകരിക്കുന്ന പല വിഷയങ്ങളെ സംബന്ധിച്ചും എഴുതിക്കൊണ്ടിരുന്നു.
ഡോ. യൂസുഫുല്‍ ഖറദാവിയുടെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന സി.കെയാണ് ഖറദാവിയുടെ ഫത്‌വകള്‍ ഒന്നാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. മൂന്നാം ഭാഗത്തിന്റെ പരിഭാഷ പൂര്‍ത്തീകരിക്കുന്നതിനു മുമ്പാണ് പരലോകം പ്രാപിച്ചത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍ എന്ന ശ്രദ്ധേയ ഗ്രന്ഥം വിവര്‍ത്തനം ചെയ്തതും അദ്ദേഹം തന്നെ. കൂടാതെ കര്‍മസരണി, പ്രവാചക കഥകള്‍, നൈജീരിയ എന്നീ കൃതികളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു.
അറബി, ഉര്‍ദു ഭാഷകളില്‍ അവഗാഹം നേടിയ സി.കെയുടെ മലയാള ഭാഷ അതീവ ലളിതവും ശൈലി ഏറെ ആസ്വാദ്യവുമത്രെ. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് വളരെ ഉപകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍.
കരുവാരകുണ്ട് തരിശ് സ്വദേശിയായ സി.കെ തരിശിലെ ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപകാംഗമാണ്. തരിശ് ടൗണ്‍ മസ്ജിദ് കമ്മിറ്റി ട്രഷററായും ജമാഅത്തെ ഇസ്‌ലാമി തരിശ് ഘടകം നാസിമായും സേവനമനുഷ്ഠിച്ച അദ്ദേഹം ഇതര മുസ്‌ലിം സംഘടനാ നേതാക്കളുമായി ഉറ്റ സൗഹൃദം പുലര്‍ത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവ് കെ.ടി മാനു മുസ്‌ലിയാരുടെ അടുത്ത കൂട്ടുകാരനായിരുന്നു.
വിപുലമായ സൗഹൃദ ബന്ധത്തിന്റെ ഉടമയായിരുന്ന സി.കെ ശാന്തപ്രകൃതനും സൗമ്യനുമായിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും അതീവ സൂക്ഷ്മതയും വിനയവും പുലര്‍ത്തി. വിശുദ്ധ ജീവിതത്തിന്റെ കാണപ്പെടുന്ന രൂപമെന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ വിശേഷിപ്പിക്കാം.
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുതിയ പുസ്തകം പ്രസിദ്ധീകരിച്ചാലുടനെ വാങ്ങി വായിച്ച് അച്ചടിപ്പിശക് ഉള്‍പ്പെടെ എല്ലാം അടയാളപ്പെടുത്തി ഡയറക്ടറേറ്റില്‍ ഏല്‍പ്പിക്കും. പുതിയ പതിപ്പില്‍ പോരായ്മകള്‍ തീര്‍ക്കാന്‍ ഇത് എപ്പോഴും ഏറെ സഹായകമായിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനകോശത്തിന് കനപ്പെട്ട ലേഖനങ്ങള്‍ എഴുതി സഹായിച്ച സഹൃദയന്‍ കൂടിയാണ് സി.കെ. അതുകൊണ്ടുതന്നെ ഐ.പി.എച്ചിന് അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ വിടവ് വളരെ വലുതാണ്; വ്യക്തിപരമായി എനിക്കേറ്റ വലിയ ആഘാതവും.
പിതാവ് ചെമ്പ്രക്കുളയന്‍ മുഹമ്മദും മാതാവ് ഖദീജയുമാണ്. ഭാര്യ തസ്‌നി. നാലു പെണ്‍മക്കള്‍.
ശൈഖ് മുഹമ്മദ് കാരകുന്ന്
നിനച്ചിരിക്കാതെ ഒരു വിടവാങ്ങല്‍
ഫെബ്രുവരി എട്ടിന് ബുധനാഴ്ച രാവിലെ സി.കെ വിളിച്ചു; 'ഒന്നു കാണണം'. വൈകുന്നേരം 5 മണിക്ക് കാണാമെന്ന് ധാരണയായി. കൃത്യസമയത്തുതന്നെ സി.കെ തനിക്ക് പ്രിയപ്പെട്ട ശാന്തപുരത്തെത്തി. ചുങ്കത്തെ ചിരപുരാതന തൈബത്ത് ഹോട്ടലില്‍നിന്ന് ചായ കുടിച്ച് പുറത്തിറങ്ങി. ഇടക്ക് വാഹനാപകടത്തില്‍പെട്ട് വിശ്രമിക്കുന്ന പണ്ഡിതനും വാഗ്മിയുമായ ഹൈദറലി ശാന്തപുരത്തെ സന്ദര്‍ശിച്ചു. കയറിച്ചെല്ലുമ്പോള്‍ നേരിയ അസ്വസ്ഥത തോന്നിയ സി.കെ അല്‍പനേരം മൗനം പാലിച്ചു. അതോടെ മുറ്റത്തെ കാറ്റ് കൊണ്ട് കാല് നീട്ടിവെച്ച് വിശ്രമിച്ചുകൊണ്ടിരുന്ന ഹൈദറലി സാഹിബ് സിറ്റൗട്ടിലേക്ക് കയറിയിരുന്നു. അവര്‍ സംസാരം തുടങ്ങി. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ കോണ്‍വൊക്കേഷന്‍, എ.കെ സ്മരണിക, ഒരു യാത്രയിലെ ഒന്നിലധികം ഉംറ തുടങ്ങിയ വിഷയങ്ങളൊക്കെ സംസാരത്തില്‍ വന്നു. ഇടക്ക് അവിടെയെത്തിയ മങ്കട മുഹമ്മദലിയോട് കുശലം പറഞ്ഞു. വീട്ടുകാരോട് 'ചോദിച്ചുവാങ്ങിയ ചായ'യും കുടിച്ച് സലാം പറഞ്ഞ് പുറത്തിറങ്ങി. പ്രസിദ്ധ സ്വഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസിയുടെ പേരുളള ചുങ്കത്തെ പുതിയ പള്ളിയില്‍നിന്ന് മഗ്‌രിബ് നമസ്‌കരിച്ചു. ശാന്തപുരത്തെ പഴയ സുഹൃത്തുക്കളെ കണ്ട് ക്ഷേമാന്വേഷണം നടത്തി.
കരുവാരകുണ്ടിലേക്ക് ബസ് കാത്തുനില്‍ക്കെ നാലാമത്തെ മകളുടെ കല്യാണക്കാര്യം സൂചിപ്പിച്ചുകൊണ്ട് സി.കെ പറഞ്ഞു: 'പറ്റിയ ഒരാളെ കണ്ടെത്തി ഏല്‍പ്പിക്കണം.'' മാസത്തിലൊരിക്കലെങ്കിലും വിളിക്കണമെന്നു പറഞ്ഞ് യാത്ര ചോദിക്കുമ്പോള്‍ അത് അവസാനത്തെ യാത്രയാക്കലാണെന്ന് ഒട്ടും കരുതിയില്ല. അഭിവന്ദ്യനായ ഗുരുനാഥന്‍, സ്‌നേഹനിധിയായ ജ്യേഷ്ഠ സഹോദരന്‍, ഉത്തമ ഗുണകാംക്ഷി, ഇഷ്ട സുഹൃത്ത്... എല്ലാമായിരുന്നു സി.കെ. പണ്ഡിതന്റെ ഗരിമയോ എഴുത്തുകാരന്റെ ഹാവഭാവങ്ങളോ സൂഫിവര്യന്റെ വേഷഭൂഷകളോ ഒന്നുമില്ലാത്ത അദ്ദേഹം ജീവിതത്തിലുടനീളം ഏറെ സൂക്ഷ്മതയും ലാളിത്യവും പുലര്‍ത്തി. കരുവാരകുണ്ട് തരിശിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച അദ്ദേഹം വളര്‍ന്നതും വിദ്യ നേടിയതും ശാന്തപുരത്താണ്. ജീവിതത്തില്‍ ഏറെ ആസ്വദിച്ച ഘട്ടം ശാന്തപുരം കാലമാണെന്ന് അദ്ദേഹം അയവിറക്കാറുണ്ടായിരുന്നു.
സര്‍ക്കാര്‍ ജോലിയും യു.എ.ഇ വാസവും പ്രയാസത്തോടെയാണ് അനുസ്മരിക്കാറുള്ളത്. ആ പ്രവാസകാലത്ത് മുസ്‌ലിം ഷൈലോക്കുമാരെ താന്‍ കണ്ടെന്ന് അദ്ദേഹം തമാശ പറയാറുണ്ടായിരുന്നു. 1987-ല്‍ ഖത്തറിലെത്തുന്നതോടെയാണ് സാമ്പത്തിക പരാധീനതകളില്‍നിന്ന് അദ്ദേഹം മോചിതനാകുന്നത്. അതിജീവനത്തിന്റെ നിറപ്പകിട്ടാര്‍ന്ന പാഠങ്ങളാണ് പോലീസിലെ നാലു മാസത്തെ ട്രെയ്‌നിംഗും 'രിമായ'യും 'ജംബാസും' 'യാ ഹയവാന്‍ ബര്‍റ'യുമൊക്കെ അതിജീവിക്കാന്‍ സി.കെക്ക് കരുത്തേകിയത്. ഖത്തറിലെത്തിയ ആദ്യനാള്‍ തൊട്ട് സ്വന്തം കാലില്‍ നില്‍ക്കാനുള്ള യത്‌നത്തിലായിരുന്നു. പിന്നെ ചുരുങ്ങിയ കാലമേ പ്രവാസിയായി തങ്ങിയുള്ളൂ. പ്രവാസ ജീവിതത്തില്‍ വായനക്കും വിവര്‍ത്തനത്തിനും സമയം കണ്ടെത്തി. പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍ പരന്ന വായനയിലേക്ക് കടന്നു.
മുഹമ്മദലി ശാന്തപുരം
പി. കുഞ്ഞിമുഹമ്മദ് വളാഞ്ചേരി
വളാഞ്ചേരിയിലെ പി. കുഞ്ഞിമുഹമ്മദ് മൗലവി (78) അല്ലാഹുവിങ്കലേക്ക് യാത്രയായി. കുഞ്ഞിമുഹമ്മദ് മൗലവിയുടെ നിര്യാണത്തോടെ ജമാഅത്തെ ഇസ്‌ലാമിക്ക് ഉന്നതശീര്‍ഷനായ ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടത്. ആലിയ അറബിക് കോളേജ്, ജാമിഅ ദാറുസ്സലാം ഉമറാബാദ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് വിദ്യയഭ്യസിച്ച മൗലവി സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. ശൈഖ് ഇബ്‌നുബാസ്, മുഹമ്മദ് ശന്‍ഖീത്വി, നാസിറുദ്ദീന്‍ അല്‍ബാനി, ശൈഖ് സ്വാബൂനി, മുഹമ്മദ് അല്‍ മജ്ദൂബ് തുടങ്ങിയ വിശ്വപ്രസിദ്ധരായ പണ്ഡിതശ്രേഷ്ഠര്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്ന അനുഗൃഹീത കാലഘട്ടമായിരുന്നു അത്. അവരുടെയൊക്കെ ശിഷ്യത്വം നേടാനുള്ള അസുലഭ ഭാഗ്യം ലഭിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിമുഹമ്മദ് മൗലവി.
ഹാജി സാഹിബ് ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഘട്ടത്തില്‍തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരില്‍ പ്രമുഖനാണ് മൗലവിയുടെ പിതാവ് പാറമ്മല്‍ മരക്കാര്‍ ഹാജി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു പല അഖിലേന്ത്യാ നേതാക്കളും ക്യാമ്പ് ചെയ്തിരുന്നത്. അതിനാല്‍ ചെറുപ്പം മുതല്‍ക്കേ പ്രസ്ഥാന അന്തരീക്ഷത്തിലാണ് മൗലവി വളര്‍ന്നത്. ആലിയയിലെയും ഉമറാബാദിലെയും വിദ്യാഭ്യാസം അദ്ദേഹത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകനെ ജ്വലിപ്പിച്ചു. നാട്ടില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മൗലവി കേരളത്തിലെ ആദ്യകാല മദ്‌റസകളില്‍പെട്ട മൂച്ചിക്കല്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ സ്ഥാപകാംഗവും അവിടത്തെ അധ്യാപകനുമായിരുന്നു. അക്കാലത്ത് വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്താനും മദ്‌റസാ പഠനം ആകര്‍ഷകമാക്കാനും പര്യാപ്തമായ പരിപാടികള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കുകയുണ്ടായി.
കുഞ്ഞിമുഹമ്മദ് മൗലവിയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം യു.എ.ഇയിലാണ് കഴിച്ചുകൂട്ടിയത്. സുഊദി അറേബ്യയുടെ കീഴിലുള്ള മര്‍കസുദ്ദഅ്‌വ വല്‍ഇര്‍ശാദില്‍ ഇരുപത്തിയാറു വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. കേരളത്തിന്റെ പലഭാഗത്തുനിന്നും യു.എ.ഇയിലെത്തിയ മലയാളി സഹോദരന്മാരെ ദീനീബോധമുള്ളവരാക്കാനും പ്രസ്ഥാനത്തോടടുപ്പിക്കാനും ഇക്കാലത്ത് അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മൗലവിയെ ഗുരുതുല്യനായി കാണുന്ന ധാരാളം യുവതീയുവാക്കളെ കേരളത്തിലങ്ങോളമിങ്ങോളം കാണാം. യു.എ.ഇയിലെ പ്രസ്ഥാനബന്ധുക്കളുടെ വേദിയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യകാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായി പരേതന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഉമ്മുല്‍ ഖുവീന്‍ റേഡിയോ ആരംഭിച്ചപ്പോള്‍ അതില്‍ മതവിഭാഗം തലവനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹം അക്കാലത്ത് 'മൊഴിമുത്തുകള്‍' എന്ന പേരില്‍ അവതരിപ്പിച്ച പരിപാടി ഏറെ ജനപ്രീതി ആര്‍ജിക്കുകയുണ്ടായി.
പണ്ഡിതന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം കുഞ്ഞിമുഹമ്മദ് മൗലവി ശോഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പാണ്ഡിത്യത്തിന്റെ 'തലക്കനം' അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറ്റുള്ളവരെല്ലാം തന്നേക്കാള്‍ എത്രയോ കഴിവും അറിവും ഉള്ളവരാണെന്ന ഭാവത്തിലാണ് അദ്ദേഹം പെരുമാറുക. സദാ പുഞ്ചിരിച്ചും വിനയാന്വിതനായും മാത്രമേ അദ്ദേഹത്തെ കാണുകയുള്ളൂ. ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. 'വിശുദ്ധിയുടെ വഴി' എന്ന പേരില്‍ ഹദീസ് സമാഹാരം അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രബോധനം വാരികയിലെ ഹദീസ് പംക്തിയില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. കൂടാതെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കൊരു മതബോധന പദ്ധതി, ഹജ്ജ് ലഘുപഠനം, ഹജ്ജിന്റെ ആത്മാവ് എന്നീ കൃതികളും രചിച്ചിട്ടുണ്ട്. പ്രബോധനത്തിലും ചന്ദ്രികയിലും ധാരാളം ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം എഴുതാറുള്ള 'മദീനാ കത്ത്' പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തംഗങ്ങളുടെ 'ഇഹ്തിസാബി' യോഗത്തിന് അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഖുര്‍ആനും ഹദീസും പഠിക്കാന്‍ പ്രവര്‍ത്തകരെ എപ്പോഴും ഉപദേശിക്കുമായിരുന്നു.
വലിയ ഉദാരമതിയും മനുഷ്യസ്‌നേഹിയുമായിരുന്നു മൗലവി. ജോലിയില്ലാതെ പ്രയാസപ്പെടുന്ന മലയാളി പ്രവാസികളെ സഹായിക്കാനും അറബികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ജോലി കണ്ടെത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മയ്യിത്ത് സംസ്‌കരണത്തിനുശേഷം നടന്ന അനുസ്മരണ യോഗത്തില്‍ ചിലര്‍ ഓര്‍ക്കുകയുണ്ടായി. തന്റെ വീട്ടിലേക്ക് പോകാനുള്ള വഴിക്കാവശ്യമായ സ്ഥലം മൗലവിയുടെ വളപ്പില്‍നിന്ന് കിട്ടുമോ എന്നന്വേഷിക്കാന്‍ മടിയോടുകൂടി മൗലവിയെ സമീപിച്ച അമുസ്‌ലിം സഹോദരനോട് 'വഴി കൊടുക്കാത്തവന്‍ മുസ്‌ലിമല്ലടോ' എന്നു പറഞ്ഞ് വഴി വിട്ടുകൊടുത്ത ഉദാരമനസ്‌കത പ്രസ്തുത സഹോദരന്‍ അനുസ്മരിച്ചു. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി തന്റെ പീടികമുറികളുടെ വാടക വര്‍ധിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോള്‍ 'അത്രയും വാടക ആ കച്ചവടക്കാരന് തരാന്‍ സാധിക്കുമോ' എന്ന് വേവലാതിപ്പെടുന്ന ആ വിശാല മനസ്സിനെക്കുറിച്ച് ഒരു വ്യാപാരി സുഹൃത്ത് വാചാലനായി. അദ്ദേഹം നിലകൊണ്ട പ്രസ്ഥാനത്തിന്റെ നന്മകളാണിതെന്നും അനുശോചനയോഗത്തില്‍ പ്രസംഗകര്‍ വിലയിരുത്തി.
മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമെല്ലാം ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാനും അവരെ പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനും മൗലവി പ്രത്യേകം ശ്രദ്ധിച്ചു. അവരില്‍ പലരും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ്. അബ്ദുര്‍റഹ്മാന്‍, ഫാത്വിമത്തുസ്സുഹ്‌റ, അബുസ്സുബ്ഹാന്‍, യാസീന്‍ ഇബ്‌റാഹീം, ഫൈസല്‍, മുനവ്വര്‍, റഹ്മത്ത്, തൗഫീഖ്, സുമയ്യ, റജബ് എന്നിവരാണ് മക്കള്‍. പരേതനായ ഡോ. സഈദ് മരക്കാര്‍ സഹോദരനാണ്.
സഹപാഠികള്‍, ശിഷ്യന്മാര്‍, സഹപ്രവര്‍ത്തകര്‍, പ്രസ്ഥാനബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന വലിയൊരു ജനാവലി പരേതന് യാത്രാമൊഴി നല്‍കുന്നതിനായി വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ നേതൃത്വത്തിലാണ് മയ്യിത്ത് നമസ്‌കാരം കാട്ടിപ്പരുത്തി ജുമുഅത്ത് പള്ളിയില്‍ നടന്നത്.
വി.കെ അലി
Comments