Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ഗസ്സയിലെ ഹമാസിന് പുതിയ സാരഥി

അബൂസ്വാലിഹ

ഗസ്സക്കെതിരെ മറ്റൊരു ഇസ്രയേലീ സൈനിക ആക്രമണം ആസന്നമാണെന്ന് ഹീബ്രു-അറബി പത്രങ്ങള്‍ ഇസ്രയേല്‍ കാബിനറ്റിലെ മന്ത്രിമാരെ വരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ഹമാസ് എന്ന ഫലസ്ത്വീന്‍ പോരാട്ട സംഘടന അതിന്റെ ഗസ്സ ഘടകത്തിന്റെ അധ്യക്ഷനായി യഹ്‌യാ സിന്‍വാറിനെ തെരഞ്ഞെടുക്കുന്നത്. ഇസ്രയേല്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കുള്ള ഹമാസിന്റെ മറുപടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കാരണം, ഹമാസിന്റെ സൈനിക വിംഗായ അല്‍ ഖസ്സാമിന്റെ കമാന്റര്‍മാരിലൊരാളാണ് യഹ്‌യ സിന്‍വാര്‍. 2014-ല്‍ ഗസ്സക്കെതിരെ നടത്തിയ 51 ദിവസം നീണ്ട യുദ്ധം ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടാനാവാതെ ഇസ്രയേലിന് അവസാനിപ്പിക്കേണ്ടിവന്നത് സിന്‍വാര്‍ ഉള്‍പ്പെടെയുള്ള സൈനിക നേതൃനിരയുടെ ശക്തമായ ചെറുത്തുനില്‍പ് കാരണമായിരുന്നു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ മുന്നോട്ടുവെച്ച ഇരു രാഷ്ട്ര തിയറിയെ നിരാകരിക്കുകയും ഇസ്രയേലിന്റെ എല്ലാ കടന്നുകയറ്റങ്ങള്‍ക്കും പച്ചക്കൊടി കാണിക്കുകയും ചെയ്യുന്ന ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ അവരോധിതനായതോടെ ഗസ്സക്കു മേല്‍ ഏതു നിമിഷവും മിസൈലാക്രമണം പ്രതീക്ഷിക്കാം. അത് മുന്‍കൂട്ടിക്കണ്ട് തന്നെയാവണം കാര്യമായ എതിര്‍പ്പുകളില്ലാതെ സിന്‍വാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഹമാസ് അംഗങ്ങളുടെ രഹസ്യ ബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്.

1962-ല്‍ ഖാന്‍ യൂനൂസ് അഭയാര്‍ഥി ക്യാമ്പിലാണ് സിന്‍വാറിന്റെ ജനനം. ഗസ്സ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അറബി ഭാഷയില്‍ ബിരുദമെടുത്ത ശേഷം തൊള്ളായിരത്തി എണ്‍പതുകള്‍ മുതല്‍ വിമോചന പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട് അദ്ദേഹം. 1982-ലും 1985-ലും അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങള്‍ ഇസ്രയേലീ ജയിലില്‍ കിടന്നു. 1988-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സിന്‍വാറിന് ലഭിച്ചത് നാല് ജീവപര്യന്തം തടവ് ശിക്ഷയാണ്. 2011-ല്‍ ബന്ദിയാക്കപ്പെട്ട ഗിലാദ് ഷാലിത് എന്ന ഇസ്രയേലീ സൈനികന് പകരമായി 1027 ഫലസ്ത്വീനീ തടവുകാരെ ഇസ്രയേല്‍ മോചിപ്പിച്ചപ്പോള്‍  അക്കൂട്ടത്തില്‍ സിന്‍വാറും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞു. ഹമാസിന്റെ സുരക്ഷാ സംവിധാനത്തിന്റെ ചുമതലക്കാരിലൊരാളായി 23 വര്‍ഷം. അത്തരമൊരാള്‍ ഗസ്സയില്‍ ഹമാസിന്റെ തലപ്പത്ത് വരുന്നത് ഇസ്രയേലിനെയും അമേരിക്കയെയും പ്രകോപിപ്പിക്കാതിരിക്കില്ല. 2015-ല്‍ അമേരിക്ക സിന്‍വാറിനെ 'ആഗോള ഭീകരന്മാരി'ല്‍ ഒരാളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏറക്കുറെ ഐകകണ്‌ഠ്യേനയാണ് സിന്‍വാറിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ഈ ചുമതല വഹിച്ചിരുന്നത് ഗസ്സയുടെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഇസ്മാഈല്‍ ഹനിയ്യയാണ്. ഹനിയ്യ ഹമാസിന്റെ ഉന്നത രാഷ്ട്രീയ കാര്യസമിതി തലവനാകുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ അതിന്റെ സാരഥിയായ ഖാലിദ് മിശ്അല്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ട് കുറേ കാലമായി. ഗസ്സയില്‍ സിന്‍വാറിന്റെ ഡെപ്യൂട്ടിയായി ചുമതലയേല്‍ക്കുന്നത് ഖലീല്‍ ഹയ്യഃ ആണ്. ഹമാസിന്റെ ഗസ്സയിലെ തെരഞ്ഞെടുപ്പ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. വെസ്റ്റ് ബാങ്കിലും പുറംനാടുകളിലെ ഫലസ്ത്വീനികള്‍ക്കുമുള്ള തെരഞ്ഞെടുപ്പ് ഇനി നടക്കാനുണ്ട്. അതും കഴിഞ്ഞ് മാര്‍ച്ച് മധ്യത്തിലാണ് രാഷ്ട്രീയ കാര്യസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുക. 

 

'പ്രേത വേട്ട'

 

ഇതൊരു ഫലസ്ത്വീനിയന്‍ ഡോക്യുമെന്ററി സിനിമയുടെ പേരാണ്; അറബിയില്‍ 'ഇസ്വ്ത്വിയാദു അശ്ബാഹ്'. കഴിഞ്ഞ ഫെബ്രുവരി രണ്ടാം വാരം നടന്ന ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവെലില്‍ അത് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഫലസ്ത്വീനിയായ റാഇദ് അന്‍ദൂനിയാണ് സംവിധായകന്‍. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സംവിധായകന്‍ അധിനിവിഷ്ട ഫലസ്ത്വീനിലെ റാമല്ലയിലുള്ള മസ്‌കൂബിയ 'ഇടിമുറി'യില്‍ തടവുകാരനായിരുന്നു. തടവുകാരായി വേറെയും ഫലസ്ത്വീനികള്‍. അവര്‍ വളരെ ഭീകരമായ ഭേദ്യംചെയ്യലുകള്‍ക്ക് വിധേയരായി. ആ ഓര്‍മകള്‍ പുനഃസൃഷ്ടിക്കാനുള്ള ശ്രമമാണ് 'പ്രേത വേട്ട'(Ghost Hunting)യില്‍.

ഇതില്‍ അഭിനേതാക്കളില്ല. റാഇദ് അന്‍ദൂനിയെപ്പോലെ ഇതില്‍ മുഖം കാണിക്കുന്നവരെല്ലാം മസ്‌കൂബിയ ജയിലില്‍ തടവുകാരായി കഴിഞ്ഞവരാണ്. ആ ജയിലിന്റെ അതേ മാതൃകയില്‍ സെറ്റിടുകയായിരുന്നു; നിലത്ത് പതിച്ച ടൈല്‍സിന്റെ നിറം പോലും മാറ്റാതെ. ജയിലിലെ അതേ അന്തരീക്ഷം പുനഃസൃഷ്ടിക്കുമ്പോള്‍ ചില മുന്‍ തടവുകാര്‍ക്കെങ്കിലും അത് വൈകാരികമായി താങ്ങാനാവുകയില്ലെന്ന് സംവിധായകന് അറിയാമായിരുന്നു. അതിനാല്‍ ഷൂട്ടിംഗിനിടയില്‍ വെച്ച് പിന്മാറാനുള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കും നല്‍കിയിരുന്നു. പ്രതീക്ഷിച്ചതുപോലെ ചിലര്‍ പിന്മാറുകയും ചെയ്തു. ജയിലിലെ പീഡനങ്ങളും തടവുകാരുടെ ആകുലതകളും മാനസിക വിഭ്രാന്തികളും യഥാര്‍ഥമായി ചിത്രീകരിക്കാന്‍ ഡോക്യുമെന്ററിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

റാഇദ് അന്‍ദൂനി 2005-ല്‍ ഒരു ഡോക്യുമെന്ററി (Improvisation) ചെയ്തിട്ടുണ്ട്. ഊദ് എന്ന അറേബ്യന്‍ സംഗീതോപകരണം വായിച്ച് മതിമറക്കുന്ന മൂന്ന് സഹോദരന്മാരുടെ കഥയാണിത്. ഫലസ്ത്വീനികളുടെ രാഷ്ട്രീയാനുഭവങ്ങള്‍ പങ്കുവെക്കുന്ന എശഃ ങല എന്ന ഡോക്യുമെന്ററി 2010-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

 

 

ഡീപ് സ്റ്റേറ്റ് അമേരിക്കയിലും

 

 

ഡീപ് സ്റ്റേറ്റ് എന്ന പ്രയോഗം സാധാരണ ഈജിപ്ത്, തുര്‍ക്കി പോലുള്ള രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കേട്ടുവരാറുള്ളത്. നിലവിലുള്ള ഭരണകൂടത്തെ വരിഞ്ഞുമുറുക്കാനും വേണ്ടിവന്നാല്‍ അട്ടിമറിക്കാനും കെല്‍പ്പുള്ള സ്റ്റേറ്റിനകത്തെ സ്റ്റേറ്റ് എന്നാണ് അതിന്റെ നിര്‍വചനം. പുറമേക്ക് ദൃശ്യമല്ലാത്ത ഒരു നിഴല്‍ ഭരണകൂടം. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചത് മിലിട്ടറി-മീഡിയ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഡീപ് സ്റ്റേറ്റായിരുന്നു. തുര്‍ക്കിയില്‍ കഴിഞ്ഞ വര്‍ഷം മധ്യത്തിലുണ്ടായ അട്ടിമറിശ്രമത്തിനു പിന്നില്‍ ചരടുവലിച്ചതും മിലിട്ടറിയിലും പോലീസിലും വിദ്യാഭ്യാസ-നിയമവകുപ്പുകളിലുമൊക്കെ പിടിമുറുക്കിയ ഡീപ് സ്റ്റേറ്റായിരുന്നു. ആ ഇത്തിക്കണ്ണികളെ ഓരോന്നോരോന്നായി പറിച്ചെറിഞ്ഞുകൊണ്ടിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

അമേരിക്കയില്‍ മറ്റൊരു തരത്തിലാണ് ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. അവിടെ ഭരണകൂട അട്ടിമറിക്കൊന്നും സാധ്യതയില്ല. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും സ്ഥായിയായ ബ്യൂറോക്രസിയും തമ്മിലുള്ള ശീതയുദ്ധത്തിന്റെ രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുക. ബ്യൂറോക്രസിയെ പിണക്കാതെ മുന്നോട്ടുപോവുകയെന്ന നയമാണ് സാധാരണ പ്രസിഡന്റ് സ്വീകരിക്കുക. മുന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് തന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയത് അതുകൊണ്ടായിരുന്നു. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിനു മുമ്പുതന്നെ ബ്യൂറോക്രസിയുമായി ഉടക്കിയിരുന്നു. റഷ്യയുമായുള്ള അതിരുവിട്ട ചങ്ങാത്തമാണ് കാരണം. മുസ്‌ലിംകള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ പോലും ബ്യൂറോക്രസിക്ക് കാര്യമായ പരിഭവമൊന്നുമില്ല. പക്ഷേ, റഷ്യയുമായി വല്ലാതെ അടുക്കുന്നത് ബ്യൂറോക്രസി, പ്രത്യേകിച്ച് സി.ഐ.എ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വെച്ചുപൊറുപ്പിക്കില്ല. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്നിന് രാജിവെച്ചൊഴിയേിവന്നത് അതുകൊണ്ടായിരുന്നു. ഇത്ര പെട്ടെന്ന് സ്ഥാനം തെറിച്ച മറ്റൊരു സുരക്ഷാ ഉപദേഷ്ടാവും അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. വാഷിംഗ്ടണിലെ റഷ്യന്‍ അംബാസഡറുമായി ഫഌന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ അതപ്പടി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. മാധ്യമങ്ങളെയും സുരക്ഷാ ഏജന്‍സികളെയും അടച്ചാക്ഷേപിച്ചുകൊണ്ട് ട്രംപ് പ്രസ്താവനയിറക്കാന്‍ അതാണ് കാരണം. റഷ്യന്‍ ഹാക്കര്‍മാര്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറി ഇ-മെയില്‍ വിവരങ്ങള്‍ മോഷ്ടിച്ച് വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തതാണ് ഹിലരി ക്ലിന്റന്‍ പരാജയപ്പെടുന്നതിന് നിമിത്തമായതെന്ന് സി.ഐ.എ തെളിവു സഹിതം പുറത്തുവിട്ടിരുന്നല്ലോ. ഈ ശീതയുദ്ധം തുടരാനാണ് സാധ്യത; ട്രംപ് വഴങ്ങിക്കൊടുത്തില്ലെങ്കില്‍. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍