സമ്മേളനങ്ങള്‍ സമാപിക്കുമ്പോള്‍
കേരളത്തിലെ പതിനാല് ജില്ലകളിലും ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. വലിയ മുന്നേറ്റമായി സമ്മേളനങ്ങള്‍. പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ജനപങ്കാളിത്തം. ദീനിന്റെ മാര്‍ഗത്തില്‍ കരുത്തുറ്റ ഈടുവെപ്പിന് കാര്‍മികത്വം വഹിക്കാന്‍ അവന്‍ നമുക്ക് അവസരം നല്‍കി, അല്‍ഹംദു ലില്ലാഹ്.
മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലായിരുന്നു കേരളത്തിലുടനീളമുള്ള ഇസ്‌ലാമിക പ്രവര്‍ത്തകര്‍. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന സന്ദേശം മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ പകലന്തികള്‍ മറന്ന ഓട്ടപ്പാച്ചില്‍. സമ്മേളന നഗരിയിലേക്കൊഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ആതിഥേയത്വത്തിന്റെ കുളിരു നല്‍കാന്‍ പാടുപെട്ടവര്‍. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനു വേി കാഴ്ചവെച്ചു പ്രവര്‍ത്തകര്‍. അഭിനന്ദനത്തിന്റെ ഒരു പുഞ്ചിരി പോലും അവര്‍ പ്രതീക്ഷിക്കുന്നില്ല, സമ്മേളന വിജയത്തിനായി പണിയെടുത്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.
ഇത് അല്ലാഹുവിന്റെ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്റെ വിജയം അവന്‍ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ പരിമിതികള്‍ മറികടക്കാന്‍ അവന്‍ തുണയേകുന്നു. നമുക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടാവാം. കൂടിയാലോചനകള്‍ വഴുതിയിട്ടുണ്ടാവാം. അലംഭാവങ്ങള്‍ നമ്മുടെ ഭാരം വര്‍ധിപ്പിച്ചിട്ടുണ്ടാവാം. സംഘടനയുടെ വ്യത്യസ്ത തലങ്ങളിലും വ്യക്തിപരമായും നിശിതമായ അവലോകനങ്ങളും വിചാരണകളും നടക്കേണ്ടതുണ്ട്. വീഴ്ചകള്‍ അല്ലാഹു പൊറുത്തുതരുമാറാവട്ടെ.
ഇസ്‌ലാമിക പ്രസ്ഥാനം മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ കൂടിയായിരുന്നു സമ്മേളനങ്ങള്‍. ഇസ്‌ലാമിന്റെ ചരിത്ര പ്രയാണത്തിലെ അനിവാര്യതയായിരുന്നു പ്രസ്ഥാനത്തിന്റെ പിറവി. സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ നമുക്കിന്ന് ഒരുപറ്റം വ്യക്തികളുണ്ട്. പക്ഷേ, ഈ പ്രസ്ഥാനം പ്രയാണമാരംഭിച്ചപ്പോള്‍ അവരോരുത്തരും ഓരോ ഇടങ്ങളില്‍ ഒറ്റക്കായിരുന്നു. ഗ്രാമാന്തരങ്ങളിലെ ഒറ്റയടിപ്പാതകളിലൂടെ നല്ലവരായ മനുഷ്യരെ തേടി അവര്‍ കാതങ്ങള്‍ താണ്ടി. നാട്ടുകാരാവട്ടെ, ഒറ്റയായും കൂട്ടായും അവരില്‍നിന്ന് മുഖം തിരിച്ചു. സ്വലാത്തും സ്വബ്‌റുമായിരുന്നു അവരുടെ ഒരേയൊരു പ്രതിരോധം. അവരുടെ സന്ദേശം മനസ്സിലാക്കിയ, പതറാത്ത പാദവും ചിതറാത്ത ചിത്തവുമുള്ളവരാണ് ഈ പ്രസ്ഥാനത്തെ നനച്ചു വളര്‍ത്തിയത്. പതിയെ വളര്‍ന്ന, ഭൂമിയുടെ ആഴങ്ങളിലേക്ക് വേരാഴ്ത്തിയ ആ മഹാമേരുവിന്റെ പരന്നുകിടക്കുന്ന ശാഖകളാണ് നമ്മുടെ സമ്മേളന നഗരികള്‍ക്ക് ശീതളഛായ നല്‍കിയത്. ''ഓര്‍ക്കുക, നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ദുര്‍ബലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോ എന്നു പോലും നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ പ്രബലരാക്കി. നിങ്ങള്‍ക്ക് ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍'' (അല്‍ അന്‍ഫാല്‍ 26).
നാം ലക്ഷ്യംവെച്ചതിനെ കവച്ചുവെക്കുന്ന ജനാവലിയാണ് സമ്മേളിച്ചത്. തികഞ്ഞ അച്ചടക്കമുള്ളതായിരുന്നു സദസ്സുകള്‍. ഇസ്‌ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്ന സംസ്‌കാരത്തിന്റെ പ്രകാശനം കൂടിയായിരുന്നു അവ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ കേരളം സന്നദ്ധമാണെന്ന് തന്നെയാണ് ഈ വര്‍ധിത പങ്കാളിത്തം സൂചിപ്പിക്കുന്നത്. ഇത് നമ്മുടെ ഉത്തരവാദിത്തം അധികരിപ്പിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനം അവരെയും കൂട്ടി ലക്ഷ്യത്തിലേക്ക് ദ്രുതഗമനം നടത്തിയേ പറ്റൂ. ഇന്നവര്‍ വന്നത് നമ്മുടെ പ്രഭാഷണങ്ങള്‍ കേട്ടും ആത്മാര്‍ഥമായ ക്ഷണം സ്വീകരിച്ചുമാണ്. നാളെയവര്‍ നോക്കുക നമ്മുടെ ജീവിതത്തിലേക്കാണ്. നന്മയുള്ള ആ മനുഷ്യരുടെ ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവിന് നമ്മുടെ കര്‍മങ്ങള്‍ മുടക്കമാവരുത്. കൂടുതല്‍ തെളിമയാര്‍ന്ന വ്യക്തിത്വത്തിനുടമകളായി സമൂഹമധ്യേ പ്രകാശിച്ചുനില്‍ക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.
തീര്‍ന്നുപോയത് സമ്മേളനങ്ങള്‍ മാത്രമാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രപഥത്തിലെ നാഴികക്കല്ലുകളിലൊന്ന് എന്ന് അഭിമാനത്തോടെ നമുക്കതിനെ വിളിക്കാം. സമ്മേളനങ്ങളിലെത്തിച്ചേര്‍ന്ന ലക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം ഈ പ്രസ്ഥാനത്തെ നമുക്ക് തുറന്നു വെക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയാടിത്തറ വികസിപ്പിക്കും എന്ന് ഈ പ്രവര്‍ത്തനകാലയളവില്‍ നാം ലക്ഷ്യമിട്ടതാണ്. ഇതിനായി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ വാരാന്ത യോഗങ്ങളുടെ വാതിലുകള്‍ തുറന്നിടുക. ആത്മീയ വളര്‍ച്ചയിലും ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളിലും നമുക്ക് ഒത്തുചേരാം. പുതിയ കുടുംബങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇസ്‌ലാമിക പ്രസ്ഥാനം കടന്നെത്തട്ടെ. 'ഞങ്ങള്‍ സന്നദ്ധരാണ,് ഞങ്ങളെയൊന്ന് സംഘടിപ്പിക്കൂ' എന്നാണ് ഓരോ പ്രദേശത്തുനിന്നും വന്നുചേര്‍ന്ന് മഹാസാഗരമായിത്തീര്‍ന്ന നഗരികള്‍ വിളിച്ചു പറഞ്ഞത്. തിരിച്ച് അവരിലേക്ക് ചെല്ലുക, വിളിക്കുക, അവര്‍ കൂടെ ഇറങ്ങി വരും. നമ്മുടെ ലക്ഷ്യങ്ങളുടെ കോളത്തില്‍ അവ രേഖപ്പെടും. തുടര്‍ച്ചയായി പ്രതിഫലം ലഭിക്കുന്ന അടയാളങ്ങളായി അവ ആകാശങ്ങളില്‍ കുറിക്കപ്പെടും. ''നിശ്ചയമായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തുകൂട്ടിയതും അവയുടെ അനന്തര ഫലങ്ങളും നാം രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും നാം വ്യക്തമായ ഒരു രേഖയില്‍ കൃത്യമായി ചേര്‍ത്തിരിക്കുന്നു'' (യാസീന്‍ 12).
സമ്മേളനത്തിലൂടെ വലിയ ഉറപ്പുകളാണ് നാം സമൂഹത്തിനു നല്‍കിയിട്ടുള്ളത്. അത്യന്തം വിധിനിര്‍ണായകമായ കാലത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. മുമ്പെങ്ങുമില്ലാത്തവിധം സമൂഹത്തില്‍ ശൈഥില്യം പ്രകടമാണ്. വര്‍ഗീയവും സാമുദായികവുമായ ധ്രുവീകരണങ്ങള്‍ കേരളത്തില്‍ വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വംശീയ മുന്‍വിധികളോടെയുള്ള സമീപനങ്ങള്‍ക്ക് ഭരണകൂടം തന്നെ കാര്‍മികത്വം വഹിക്കുന്നു. അതിസമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കുപോലും പ്രമുഖ സര്‍വകലാശാലകളില്‍ പഠിക്കാന്‍ സാധിക്കാതെ ജീവന്‍ വെടിയേണ്ടിവരുന്ന സാഹചര്യമാണുള്ളത്. പ്രതിഷേധത്തിന്റെ ചെറുവിരലനക്കങ്ങള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ മാനവിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ചെറുത്തുനില്‍ക്കാനുള്ള നേതൃപരമായ ബാധ്യത ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ട്. രാജ്യത്തെ ശിഥിലമാക്കുന്ന ശക്തികള്‍ക്കെതിരെ, അത് ഭരണകൂടമായിരുന്നാല്‍ പോലും മനുഷ്യ സാഹോദര്യത്താല്‍ ഭദ്രമായ പ്രതിരോധത്തിന്റെ മഹാമതിലുകള്‍ ഇസ്‌ലാമിക പ്രസ്ഥാനം പണിതുയര്‍ത്തുക തന്നെ ചെയ്യും.
ആഗോളതലത്തില്‍ ഇസ്‌ലാമും മുസ്‌ലിം സമുദായവും ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമുമായി, സമുദായവുമായി ബന്ധപ്പെട്ട എന്തും കുറ്റകൃത്യമായി വിലയിരുത്തപ്പെടുന്ന ഇസ്‌ലാംപേടി മലയാളത്തിനുപോലും സുപരിചിതമായിത്തീര്‍ന്നു. ഭീകര നിയമങ്ങള്‍ ചുമത്തുന്നത് നിയന്ത്രിക്കുമെന്ന് ഭരണകൂടം പറയുമ്പോഴും തീവ്രവാദക്കേസുകള്‍ക്ക് അത് ബാധകമല്ലെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് ആരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് വ്യക്തമാണ്. മൗനമോ പരസ്പരം പഴിചാരലോ പരിഹാരമല്ലെന്ന് നമുക്കറിയാം. നാമതിനു മുതിര്‍ന്നിട്ടുമില്ല. പക്ഷേ, ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ സമുദായത്തിന് ശക്തമായ ആത്മവിശ്വാസം നല്‍കാന്‍ നമുക്കാണ് ബാധ്യത. നീതിബോധമുള്ള എല്ലാതരം ആളുകളെയും ഒരുമിപ്പിച്ചു നിര്‍ത്തി ഭരണകൂട അരുതായ്മകളെ നാം ചെറുക്കും.
ഒരാദര്‍ശത്തിന്റെ വക്താക്കളെന്ന നിലക്ക് ഒന്നിച്ചു മുന്നോട്ടുപോവാന്‍ മുസ്‌ലിം സമുദായത്തോട് സമ്മേളനം ആഹ്വാനം ചെയ്യുകയുണ്ടായി. സമുദായത്തിന്റെ ഗുണകാംക്ഷിയായിരുന്നു എന്നും ഇസ്‌ലാമിക പ്രസ്ഥാനം. അതതിന്റെ ദീനീബാധ്യതയാണ്. സമുദായത്തിന്റെ വികാരങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമേ എന്നും ഇസ്‌ലാമിക പ്രസ്ഥാനം മുന്നോട്ടുപോയിട്ടുള്ളൂ. ആ അര്‍ഥത്തില്‍ സമുദായത്തിന് വേണ്ടത്ര അതുള്‍ക്കൊള്ളാനായില്ല എന്നത് വസ്തുതയാണ്. പലപ്പോഴും ഒറ്റക്കും കൂട്ടായും മുസ്‌ലിം സംഘടനകളുടെ ആക്രമണത്തിന് ഇസ്‌ലാമിക പ്രസ്ഥാനം ഇരയായിട്ടുണ്ട്. അരുതായ്മകളെ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് സമുദായവിരുദ്ധതയായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. എന്നാല്‍ സമുദായത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സമ്മേളനമെന്ന പോലെ പ്രസ്ഥാനത്തിന്റെ സംരം
ഭങ്ങള്‍ക്കും സമുദായം നല്‍കുന്ന പിന്തുണ വലിയതാണ്. സമുദായ സംരംഭങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കാന്‍ നമുക്കും സാധിക്കണം. പ്രാദേശികതലങ്ങളിലെ മതപരവും സാമൂഹികവുമായ വേദികളിലും പൊതുസംരംഭങ്ങളിലും നേതൃപരമായ പങ്കുവഹിക്കുമെന്നും ഈ പ്രവര്‍ത്തന കാലയളവില്‍ നാം പ്രഖ്യാപിച്ചതാണ്. നമുക്കൊറ്റക്ക് സാധിക്കുന്നതല്ല ഇസ്‌ലാമികമായി നിര്‍വഹിക്കാനുള്ള ദൗത്യം. സമുദായത്തിന്റെ മുഴുവന്‍ പിന്തുണയും സഹകരണവും നമുക്കാവശ്യമാണ്.
സമ്മേളനത്തിന്റെ മുഖ്യമായ സവിശേഷതകളിലൊന്ന് വിപുലമായ സ്ത്രീ സാന്നിധ്യമാണ്. എല്ലായിടത്തും സഹോദരിമാരായിരുന്നു കൂടുതല്‍. മതപൗരോഹിത്യം നിഷേധിച്ച ജീവിതത്തിന്റെ തുറസ്സുകള്‍ തേടിയാണവര്‍ എത്തിയത്. ആ ചങ്ങലക്കെട്ടുകള്‍ ഭേദിക്കാനുള്ള തന്റേടം അവര്‍ നേടി. മസ്ജിദുകള്‍ അവര്‍ക്ക് നിഷേധിച്ചപ്പോള്‍ യാത്ര ചെയ്ത് അവര്‍ എത്തിയത് ജനകീയ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനാണ്. സ്ത്രീസ്വാതന്ത്ര്യത്തെ നിര്‍വചിച്ച് അവരെ മഹാദുരിതങ്ങളിലേക്ക് തള്ളിയ തീവ്ര ഫെമിനിസ്റ്റുകളും ഉദാരവാദികളും ഭൗതികരും ഉഴുതുമറിച്ച 'പ്രബുദ്ധ' കേരളത്തില്‍നിന്നാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിളിക്ക് വനിതകള്‍ ഉത്തരം നല്‍കിയത്. ഇസ്‌ലാമിക പ്രസ്ഥാനം പ്രതിനിധീകരിക്കുന്ന സന്തുലിതമായ സ്ത്രീത്വമാണ് ശരിയും നീതിയുമെന്നാണ് അതിനര്‍ഥം. മുസ്‌ലിം സ്ത്രീയുടെ ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവരുടെ ഇടവും കൂടുതല്‍ മികവോടെ പൂര്‍ത്തീകരിക്കാന്‍ പ്രസ്ഥാനത്തിന്റെ മണ്ണ് ഇനിയും പരുവപ്പെടണം.
യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം വലിയ ആവേശത്തോടെയാണ് സമ്മേളന പരിപാടികളില്‍ പങ്കെടുത്തത്. അവരാണല്ലോ ചുമരെഴുത്തുകളെ എന്നും ആദ്യം വായിച്ചറിഞ്ഞത്. ശോഭനമായ ഭാവി ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ട് എന്ന കുളിരാര്‍ന്ന പ്രതീക്ഷയാണ് അവര്‍ പകര്‍ന്നത്. പുതുമയാര്‍ന്നതും വൈവിധ്യവുമുള്ള സംഘാടന വഴികളിലൂടെ പുതിയ ചെറുപ്പത്തെ നയിക്കാന്‍ നമ്മുടെ യുവജന, വിദ്യാര്‍ഥി, വിദ്യാര്‍ഥിനി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ അവരുടെ ജീവിതത്തിന്റെ കരുത്താവണം. ഇസ്‌ലാമിക വ്യക്തിത്വം ഒരാവേശമായി മാറണം.
സമ്മേളന വിജയത്തിന്റെ അത്യാഹ്ലാദത്തില്‍ മതിമറക്കാന്‍ മാത്രം ചെറുതല്ല നാം. തസ്ബീഹും തഹ്മീദുമായി നാഥന്റെ മുന്നില്‍ തലകുനിക്കേണ്ടവരാണ് നാം. വിനയാന്വിതരാവുക. അല്ലാഹുവിനോടുള്ള ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുക. പ്രസ്ഥാന മാര്‍ഗത്തില്‍ ഇതിനേക്കാള്‍ വലിയ ആഹ്ലാദങ്ങള്‍ വരാനിരിക്കുന്നു. വന്‍ തിരിച്ചടികളും നേരിടേണ്ടിവന്നേക്കാം. രണ്ടും പ്രതീക്ഷിച്ചിരിക്കണം. ഇല്ലെങ്കില്‍ കാലിടറി, മനം പതറി വീഴും. നിരന്തരമായി പ്രവര്‍ത്തിക്കുക, പൊരുതുക, അല്ലാഹുവിന് സമര്‍പ്പിച്ച് മുന്നേറുക. ഇസ്‌ലാമിക മുന്നേറ്റത്തില്‍ നമ്മുടെ ഭാഗധേയം നാം എഴുതിച്ചേര്‍ത്തിരിക്കും. പ്രഭാതങ്ങള്‍ പുലരുന്നത് ദൈവനിശ്ചയപ്രകാരമാണ്.
Comments