Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ഫാഷിസത്തെ തടുക്കാന്‍ ജനാധിപത്യത്തെ സമരായുധമാക്കുക

പ്രഫ. കെ.എസ് മാധവന്‍

ആധുനിക ദേശരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ ലോകത്ത് രൂപപ്പെട്ടത് ചരിത്രപരമായ അനുഭവങ്ങളുടെ ഭാഗമായാണ്. നാം ഇന്ന് ഉള്‍ക്കൊള്ളുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ദേശരാഷ്ട്ര സങ്കല്‍പ്പത്തിന് ഏകദേശം 350 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല. പ്രാചീന-മധ്യകാലഘട്ടങ്ങളില്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭരണകൂടത്തെക്കുറിച്ച വ്യത്യസ്ത സങ്കല്‍പ്പങ്ങള്‍ നിലനിന്നിരുന്നു. ഏഷ്യന്‍ സമൂഹങ്ങളെ സംബന്ധിച്ചേടത്തോളം രണ്ട് പ്രധാനപ്പെട്ട ഭരണകൂട സങ്കല്‍പ്പങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. മധ്യപൗരസ്ത്യ ദേശത്ത് ഇസ്‌ലാമിന്റെ  വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും ഭാഗമായി രൂപപ്പെട്ട ഭരണകൂട സങ്കല്‍പ്പമാണ് അതിലൊന്ന്. 'പ്രജ' അല്ലെങ്കില്‍ 'പൗരന്‍' എന്ന നിര്‍വചനത്തിലല്ല ആ ഭരണകൂടം മനുഷ്യനെ കണ്ടിരുന്നത്. മനുഷ്യരും ഭരണകൂടവും തമ്മിലുള്ള ബന്ധം നീതിയുടെയും  മാനവികതയുടെയും തലത്തിലുള്ള ബന്ധമായാണ് ഇസ്‌ലാം പരിഗണിച്ചിരുന്നത്. ഇന്ത്യയില്‍ നിലനിന്നിരുന്ന ഭരണകൂട സങ്കല്‍പ്പങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് അശോകന്റെ ബുദ്ധധര്‍മത്തിലധിഷ്ഠിതമായ ഭരണകൂട സങ്കല്‍പ്പമാണ്. നീതിയും സ്‌നേഹവും സഹവര്‍ത്തിത്വവുമുള്ള, മനുഷ്യനെ ഉന്നതമായ മാനവിക മൂല്യങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുന്ന രാഷ്ട്രീയ സങ്കല്‍പ്പം കൂടിയാണത്. അതുകൊണ്ടാണ് നമ്മുടെ ദേശീയപതാകയില്‍ അശോകന്റെ ധര്‍മചക്രം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. 

ഇതില്‍നിന്ന് വ്യത്യസ്തമായി യൂറോപ്പില്‍  ആധുനികതയുടെ ഭാഗമായി രൂപപ്പെട്ട ഭരണകൂട സങ്കല്‍പമാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത.്  ആ ഭരണകൂടം മധ്യകാലത്ത് യൂറോപ്പില്‍ നിലനിന്നിരുന്ന 'പ്രജ' (Subject) എന്ന   സങ്കല്‍പത്തില്‍നിന്നും 'പൗരന്‍' എന്ന നിലയിലേക്ക് മനുഷ്യരെ മാറ്റിത്തീര്‍ത്തു. അവകാശങ്ങളുള്ള, ആദരവര്‍ഹിക്കുന്ന ഒരു പൗരസമൂഹത്തെ പ്രസ്തുത ഭരണകൂടം അതിന്റെ വികാസ പരിണാമ  പ്രക്രിയയില്‍ സൃഷ്ടിച്ചുവെന്നതാണ് അതിനെ ആധുനിക ലോകത്ത് സജീവവും  ക്രിയാത്മകവുമാക്കുന്നത്. ഈ ഭരണകൂട സങ്കല്‍പ്പത്തിന്റെ വികാസ പരിണാമങ്ങളെ  സംബന്ധിച്ച് ഒട്ടനവധി നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. അതിനെതിരായ സമാന്തര ഭരണകൂട സങ്കല്‍പ്പങ്ങളും ലോകത്ത് നിര്‍വചിക്കപ്പെടുകയും  വിപ്ലവങ്ങളിലൂടെയും മറ്റും പല രാജ്യങ്ങളിലുമത് നിലവില്‍വരികയും ചെയ്തു. അതില്‍ പ്രധാനപ്പെട്ടതാണ് മാര്‍ക്‌സിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഭരണകൂട സങ്കല്‍പ്പങ്ങള്‍. ആധുനിക യൂറോപ്യന്‍ ഭരണകൂട സങ്കല്‍പ്പങ്ങളുടെ ഒരു ഉപോല്‍പന്നമെന്ന നിലയില്‍, അതിന്റെ വൈരുധ്യങ്ങളുടെ അകത്തുനിന്നുതന്നെ രൂപപ്പെട്ട ഫാഷിസ്റ്റ് നാസിസ്റ്റ് ഭരണകൂട സങ്കല്‍പ്പമാണ് മറ്റൊന്ന്.

കോളനിവല്‍ക്കരിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ ജനസമൂഹം കൊളോണിയല്‍വിരുദ്ധ സമരങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ജനാധിപത്യ ബോധത്തിന്റെയും വികസിതമായ ഭരണകൂട സങ്കല്‍പ്പത്തിന്റെയും ഫലമായാണ് ഇന്ത്യയില്‍ ദേശീയതയെയും ജനാധിപത്യ ദേശരാഷ്ട്രത്തെയും കുറിച്ച സങ്കല്‍പ്പങ്ങള്‍ ഉയിരെടുത്തത്. കൊളോണിയല്‍ ഭരണകൂടത്തിനെതിരായ സമരങ്ങളിലൂടെയും ആഭ്യന്തരമായി നില നിന്നിരുന്ന നിരവധി വിധ്വംസക അധികാര ശക്തികള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെയുമാണ് ഇന്ത്യയില്‍ ഇന്ന് നാം കാണുന്ന ആധുനിക ജനാധിപത്യ ഭരണകൂടം  രൂപപ്പെട്ടത്. അത് ഉല്‍പാദിപ്പിച്ചതില്‍ പ്രധാനപ്പെട്ടത് പൗരസമൂഹം എന്ന കാഴ്ചപ്പാടാണ്. പൗരസമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെയും കൊടുക്കല്‍വാങ്ങലിന്റെയും ഫലമായാണ് മതേതരത്വം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ വികസിച്ചുവന്നത്.

ഈ ചരിത്രാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വളര്‍ന്നു വികസിച്ച ആധുനിക ദേശരാഷ്ട്രങ്ങള്‍ ഇന്ന് ഭീകരമായ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ഉയര്‍ന്നുവന്ന കോര്‍പ്പറേറ്റ് മുതലാളിത്തം ആധുനിക ജനാധിപത്യ ഭരണകൂടങ്ങളില്‍ നടത്തുന്ന ഇടപെടലുകളാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. യൂറോപ്പിനെ കേന്ദ്രീകരിച്ച് ശക്തിപ്പെട്ട കോര്‍പ്പറേറ്റുകള്‍ യൂറോപ്പിനകത്തും  അതിന് പുറത്തുമുള്ള ജനാധിപത്യഭരണകൂടങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ പല വിധമാണ്:

1. ഭരണകൂടമെന്നാല്‍ ദേശാതിര്‍ത്തിക്കകത്ത് പരിമിതപ്പെടുന്ന ഒന്നല്ലെന്നും  അത് ആഗോള സങ്കല്‍പ്പമാണെന്നുള്ള കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റിനെ ദേശാതിര്‍ത്തിക്കപ്പുറത്തേക്ക് വിശാലപ്പെടുത്തുക.

2. ദേശരാഷ്ട്രത്തിന്റെ അടിത്തറയായ ഭരണഘടനാ മൂല്യങ്ങളില്‍നിന്നും ഭരണകൂടത്തെ അകറ്റിനിര്‍ത്തുക.

3. കോര്‍പ്പറേറ്റ് മുതലാളിത്തം ചില പ്രദേശങ്ങളില്‍ ഭരണകൂടത്തെ തന്നെ ഇല്ലാതാക്കും. ഇറാഖ്, സിറിയ തുടങ്ങിയ മധ്യപൗരസ്ത്യ ദേശങ്ങളില്‍ കോര്‍പ്പറേറ്റ് മുതലാളിത്തം സ്റ്റേറ്റിനെ നിഷ്‌കാസനം ചെയ്യുകയും പകരം ചില  യുദ്ധ പ്രഭുക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. ആ യുദ്ധ പ്രഭുക്കളുടെ ചെയ്തികള്‍ ഇസ്‌ലാമികമാണെന്ന് ധരിപ്പിക്കലാണ് അതിനു പിന്നിലെ മറ്റൊരു യുക്തി. അതുകൊണ്ടാണ്  ആ യുദ്ധപ്രഭുക്കളുടെ പ്രവൃത്തികള്‍ അനിസ്‌ലാമികമാണെന്ന് പറയേണ്ട ബാധ്യത മുസ്‌ലിം  സമൂഹത്തിന്റെ പ്രതിസന്ധിയായി മാറിയത്. മധ്യപൗരസ്ത്യ ദേശത്ത്  അമേരിക്കയടക്കമുള്ള കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികള്‍ സൃഷ്ടിച്ചെടുക്കുന്ന ഐ.എസ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമികമല്ലെന്ന് പ്രഖ്യാപിക്കുകയും അതിനെ നിര്‍വചിക്കുകയും ചെയ്യേണ്ട പ്രതിസന്ധി കേരളത്തിലെ മുസ്‌ലിംകള്‍ക്കു പോലും വന്നുഭവിച്ചിരിക്കുന്നു.

കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളുടെയും ജാതി, മതം, വംശം എന്നിവയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന പിന്നാക്കവിഭാഗങ്ങള്‍ സാമൂഹികനീതിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെയും ഫലമായാണ് ഇന്ത്യയില്‍  ജനാധിപത്യ സംസ്‌കാരം രൂപപ്പെട്ടത്. ഇന്ത്യയില്‍ അതിനുമുമ്പ്  ജനാധിപത്യം എന്നൊരു സങ്കല്‍പ്പമുണ്ടായിരുന്നില്ല. ആഭ്യന്തരമായ ജനാധിപത്യം സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നും സാമൂഹികനീതിക്കു വേണ്ടിയുള്ള സമരങ്ങളിലൂടെ വികസിച്ചുവരുന്നതാണ്. അത് ഒരേസമയം കൊളോണിയലിസത്തിനെതിരായ പോരാട്ടങ്ങളുടെയും ആഭ്യന്തരമായി നൂറ്റാണ്ടുകളോളം അധികാരക്കുത്തക നിലനിര്‍ത്തിയിരുന്ന സവര്‍ണരും ബ്രാഹ്മണരും സമ്പന്നരുമായ സാമൂഹിക ശക്തികള്‍ക്കുമെതിരെ നടന്ന സമരങ്ങളുടെയും പ്രതിഫലനമായിരുന്നു. ഈ സമരങ്ങളെയെല്ലാം സമന്വയിപ്പിക്കുന്ന ഒരു രാഷ്ട്രീയ സംസ്‌കാരമായി നമ്മുടെ ദേശീയത വികസിച്ചു. ആ ദേശീയത ഇന്ത്യന്‍ ദേശത്തെക്കുറിച്ച ജനാധിപത്യസങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തി. പ്രസ്തുത ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ ഭരണഘടനാ മൂല്യങ്ങളായി മാറിയ സന്ദര്‍ഭത്തിലാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരാധുനിക ഭരണകൂടമുണ്ടായത്. തുല്യനീതിയിലും സമത്വത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ പൗരസൂഹത്തെ ഈ ഭരണകൂടം വിഭാവനം ചെയ്തിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ആധുനിക ദേശരാഷ്ട്രമായി മാറിയപ്പോള്‍ അതിനെ ഒരു അടിച്ചമര്‍ത്തല്‍ ശക്തിയായല്ല ഇന്ത്യന്‍ ജനത കണ്ടിരുന്നത്. വിമോചന രാഷ്ട്രീയ രൂപമെന്ന നിലയിലാണ് ഇന്ത്യപോലുള്ള സമൂഹങ്ങളില്‍ ഭരണകൂടത്തെ ജനങ്ങള്‍ പരിഗണിച്ചിരുന്നത്. ഭരണകൂടത്തിന് ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാവുകയും ആ ഉത്തരവാദിത്തം എങ്ങനെയായിരിക്കണമെന്ന് ഭരണഘടനയില്‍ തന്നെ കൃത്യമായി നിര്‍വചിക്കപ്പെടുകയും  ചെയ്യുമ്പോള്‍ ഭരണഘടനയും ഭരണകൂടവും തമ്മിലുള്ള അകലം കുറയുകയും രണ്ടും ഒന്നായിത്തീരുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഏകദേശം എണ്‍പതുകള്‍ വരെ ഇന്ത്യന്‍ ഭരണകൂടം ഇതില്‍നിന്ന് ഭിന്നമായിരുന്നില്ല. ഭരണഘടനയും ഭരണകൂടവും തമ്മിലുള്ള വിടവ് നികത്താനും ഭരണഘടനാ മൂല്യങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം വിളക്കിച്ചേര്‍ക്കാനും വേണ്ടി എണ്‍പതുകള്‍ മുതല്‍ ഇന്ത്യയില്‍ സാമൂഹികനീതിയിലധിഷ്ഠിതമായ വലിയ പ്രസ്ഥാനങ്ങളും മണ്ഡല്‍  കമീഷന്‍ പോലുള്ള ജനാധിപത്യ ഭാവനകളും നിരവധി ജനാധിപത്യ സമരങ്ങളും സജീവമായി. 

ഇങ്ങനെ ഭരണകൂടത്തെത്തന്നെ വിമോചനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഉപകരണമാക്കി മാറ്റുന്ന ജനാധിപത്യ സംസ്‌കാരത്തെ രൂപപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യന്‍ ജനത പൗരന്‍ എന്ന ആധുനിക സങ്കല്‍പ്പത്തിലേക്ക് ചരിത്രപരമായി വികസിച്ചുവന്നത്.

എണ്‍പതുകള്‍ക്കു  ശേഷം രണ്ടുരീതിയിലുള്ള ആഴമേറിയ മുറിവുകള്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ഹൃദയത്തിലേറ്റു വാങ്ങേിവന്നു. യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള കോര്‍പ്പറേറ്റ് മുതലാളിത്ത ശക്തികള്‍  ഇന്ത്യന്‍ ഭരണഘടനയെ പോലും നിയന്ത്രിക്കുന്ന, ഭരണഘടനാമൂല്യങ്ങളെത്തന്നെ നിരാകരിക്കുന്ന സമ്മര്‍ദശക്തിയായി ഇന്ത്യന്‍ ഭരണകൂടത്തിനുമേല്‍ പിടിമുറുക്കിയതാണ് അതിലൊന്ന്. ഇന്ത്യയില്‍ എണ്‍പതുകള്‍ക്കു ശേഷം വളര്‍ന്നുവന്ന ഹിന്ദുത്വ ഫാഷിസമെന്ന വരേണ്യ വലതുപക്ഷ ശക്തികളുടെ വികാസമാണ് മറ്റൊന്ന്. ഹിന്ദുത്വശക്തികളുടെ വളര്‍ച്ച ഇന്ത്യന്‍ ഭരണകൂടത്തിനേല്‍പ്പിച്ച പരിക്ക് മാരകമാണ്. പൗരത്വം, ദേശീയത, മതേതരത്വം, സാമൂഹികനീതി തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ നിലകൊള്ളുന്നത് ഭരണഘടനാ ധാര്‍മികതയിലാണ് (Constitutional Morality). ഈ ഭരണഘടനാ ധാര്‍മികതയെ ഉന്മൂലനം ചെയ്ത്, പകരം  സാംസ്‌കാരികവും മതപരവുമായ വൈകാരികത അതില്‍ കുത്തിവെക്കപ്പെട്ടു എന്നതാണ് എണ്‍പതുകള്‍ക്കു ശേഷം സംഭവിച്ച  ചരിത്രപരമായ മാറ്റം. ആ മാറ്റത്തിന്റെ ഫലമായി പൗരന്മാര്‍ എന്ന സങ്കല്‍പ്പം പുനര്‍നിര്‍വചിക്കപ്പെട്ടു. ഭരണഘടനയോ രാഷ്ട്രീയ വിശാരദന്മാരോ രാഷ്ട്രീയ പണ്ഡിതന്മാരോ അല്ല അത് പുനര്‍നിര്‍വചിച്ചത്. ഒരു ഘട്ടത്തില്‍ രാഷ്ട്രീയ ശക്തിയായി വികസിച്ചുവന്ന ഹിന്ദുത്വ ശക്തികളുടെ കരങ്ങളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. എണ്‍പതുകള്‍ മുതല്‍ ഹിന്ദുത്വ ശക്തികള്‍ അവരുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുകയും മുസ്‌ലിംവിരുദ്ധതയെ ദേശീയ ചിഹ്നമായി വ്യവഹരിച്ച് ദലിതര്‍, ആദിവാസികള്‍, മറ്റു പിന്നാക്ക വിഭാഗക്കാര്‍ തുടങ്ങിയ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനുവേണ്ടി സംഘടിതമായ മുസ്‌ലിംവിരുദ്ധ കലാപങ്ങള്‍ സൃഷ്ടിച്ചു. രാമജന്മഭൂമി പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക യുക്തിയിലേക്കും വിചാരമാതൃകയിലേക്കും കടന്നുവരാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നു എന്നതാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധി. ഭരണഘടന ഒരു പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശം പോത്തിറച്ചി തിന്നതിന്റെ പേരില്‍ നഷ്ടപ്പെടുത്തുന്നത് ഈ ഭരണകൂടം ഭരണഘടനാ മൂല്യങ്ങളില്‍നിന്ന് അകന്നുപോയതുകൊണ്ടാണ്.

ചിരപുരാതനമായ ഒരു ഹിന്ദു സംസ്‌കാരം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നും അത് ബഹുസ്വരമല്ലെന്നും ഏകീകൃതവും കേന്ദീകൃതവുമായ ഒരു സംസ്‌കാരമാണെന്നും ഹിന്ദുത്വ ശക്തികള്‍ വാദിക്കുന്നു. അതൊരു രാഷ്ട്രീയ മുദ്രാവാക്യത്തിനുമപ്പുറം സാംസ്‌കാരിക  ദേശീയതയായി നിര്‍വചിക്കുകയും ചെയ്യുന്നു. ഭരണകൂടത്തെ നിയന്ത്രിക്കുന്ന  ശക്തിയായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ ഈ സംസ്‌കാരിക ദേശീയത അംഗീകരിക്കാത്തവരുടെ പൗരത്വം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. അഥവാ ഹിന്ദുത്വം ഭരണകൂടത്തിന്റെ പോളിസിയും പ്രത്യയശാസ്ത്രവുമായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം ഫാഷിസ്റ്റ് ഭരണകൂടവുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. ഈ സങ്കീര്‍ണമായ സാഹചര്യത്തില്‍ ഒരു പൗരന്‍ എന്ന നിലയില്‍ നാം എങ്ങനെയാണ് ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടത്?

സ്റ്റേറ്റിനെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഹിന്ദുത്വ ഭരണകൂടത്തെ പ്രതിരോധിക്കാന്‍ രണ്ട് വഴികളാണുള്ളത്. ഒന്ന്, സ്റ്റേറ്റിനെ തള്ളിപ്പറയാതിരിക്കുക. മാവോയിസ്റ്റുകള്‍ ചെയ്യുന്നതുപോലെ സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞ് സമാന്തരമായൊരു ഭരണകൂടത്തെക്കുറിച്ച് വിഭാവന ചെയ്യുന്നതില്‍ പ്രയോജനമില്ല. ഭരണകൂടം നിലനില്‍ക്കണം. ഭരണഘടനാമൂല്യങ്ങളുടെ അടിത്തറയില്‍ അതിനെ പുനര്‍നിര്‍മിക്കുക എന്നതാണ് പൗരന്മാര്‍  എന്ന നിലയില്‍ നാം നിര്‍വഹിക്കേണ്ട ബാധ്യത. 'റിസര്‍ജന്റ് സിറ്റിസണ്‍ഷിപ്പ്'  എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുമ്പോള്‍ മാത്രമാണ് അത് സാധ്യമാവുക. ചിന്തിക്കാനും പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള ഉണരുന്ന പൗരനായി ഒരോ മനുഷ്യനും മാറുക എന്നതാണ് 'റിസര്‍ജന്റ് സിറ്റിസണ്‍ഷിപ്പി'ന്റെ വിവക്ഷ. ഭരണകൂടം ജനാധിപത്യവിരുദ്ധമാവുകയും ഫാഷിസത്തിലേക്ക് വഴിമാറുകയും ചെയ്യുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ജനാധിപത്യത്തെ തന്നെ സമരായുധമാക്കേണ്ടതുണ്ട്. 

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ സാഹോദര്യം പൗരന്മാര്‍ക്കിടയില്‍ ശക്തിപ്പെടുത്തലാണ് മറ്റൊരു മാര്‍ഗം. ദൈനംദിന ജീവിതത്തില്‍ വ്യത്യസ്ത വിഭാഗം ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം നിര്‍മിച്ചുകൊണ്ട് മാത്രമേ ഫാഷിസത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ. 

ഭരണഘടനാ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടത്തെ നവീകരിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെടേത് തങ്ങളുടെ ഉത്തരവാദിത്തമായി പൗരന്മാര്‍ തിരിച്ചറിയാത്തേടത്തോളം കാലം ഫാഷിസം അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യും. ഉണരുകയും പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പൗരനായി (Resurgent Citizenship) സ്വയം തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഈ പ്രതിസന്ധി നേരിടാനാവു. 

 

('ഡീപ് സ്റ്റേറ്റ്: മതേതര ഇന്ത്യയുടെ സംഘര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ ശാന്തപുരം അല്‍ജാമിഅ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പ്രഫ. കെ.എസ്  മാധവന്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം  മേധാവിയാണ് അദ്ദേഹം. തയാറാക്കിയത്: സി.എസ് ശാഹിന്‍).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍