Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

ആ പുതപ്പ് ഏതാണ്? <br>ഉമര്‍ സ്മൃതികള്‍

പി.കെ.ജെ

അലി, ഉസ്മാന്‍, ത്വല്‍ഹത്ത്, സുബൈര്‍, സഅ്ദ്, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് എന്നിവര്‍ ഒരുമിച്ചുകൂടിയ ഒരു ദിവസം. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അവര്‍: 'ഞങ്ങളുടെ കൂട്ടത്തില്‍ ഉമറിനോട് സംസാരിക്കാന്‍ ധൈര്യമുള്ളവന്‍ നിങ്ങളാണ്. ജനങ്ങളോട് സൗമ്യമായി ഇടപെടാന്‍ നിങ്ങള്‍ ഉമറിനെ ഉപദേശിക്കണം. ആ മുഖത്തേക്ക് ഏറെ നേരം നോക്കാന്‍ പേടി മൂലം ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. ഓരോരോ ആവശ്യവുമായി വരുന്നവര്‍ക്ക് ആ മുഖത്തെ ഗൗരവം നിമിത്തം തങ്ങളുടെ കാര്യങ്ങളൊന്നും പറയാന്‍ കഴിയാതെ തിരിച്ചുപോവേണ്ടിവരുന്ന സ്ഥിതി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.'' 

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് ഉമറിന്റെ സന്നിധിയില്‍ ചെന്ന് സംസാരിച്ചു തുടങ്ങി: 'അമീറുല്‍ മുഅ്മിനീന്‍! അങ്ങ് ജനങ്ങളോട് സൗമ്യമായി ഇടപെടണം. ആവശ്യവുമായി വരുന്നവര്‍ക്ക് അങ്ങയുടെ മുഖത്ത് സ്ഫുരിക്കുന്ന ഗൗരവം കണ്ട് പേടിച്ച് തിരിച്ചുപേകേണ്ടിവരുന്നു.'' 

ഉമര്‍: 'അല്ലാഹുവിനെ മുന്‍നിര്‍ത്തി പറയൂ, അബ്ദുര്‍റഹ്മാന്‍. അലിയും ഉസ്മാനും ത്വല്‍ഹത്തും സുബൈറും സഅ്ദുമാണോ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്?'' 

അബ്ദുര്‍റഹ്മാന്‍: 'അതേ.'' 

ഉമര്‍: 'ഞാന്‍ ജനങ്ങളോട് സൗമ്യമായി പെരുമാറിയതാണ്. ആ നിലപാടില്‍ ഞാന്‍ അല്ലാഹുവിനെ ഭയപ്പെട്ടു. പിന്നെ ഞാന്‍ കുറച്ചു കാഠിന്യത്തോടെ പെരുമാറി. ആ നിലപാടിലും ഞാന്‍ അല്ലാഹുവിനെ ഭയപ്പെട്ടു. പടച്ചവനാണ് സത്യം. എന്റെ കാര്യത്തില്‍ എനിക്ക് അവരേക്കാള്‍ ഉള്‍ഭയമുണ്ട്. പക്ഷേ എന്താണൊരു പരിഹാരം?''

ഇതും പറഞ്ഞ് ഉമര്‍ കരഞ്ഞുതുടങ്ങി. തിരിച്ചുചെന്ന അബ്ദുര്‍റഹ്മാന്‍: 'ഇത് കേള്‍ക്കാനും കാണാനുമാണ് അവര്‍ എന്നെ ഇങ്ങോട്ട് എഴുന്നള്ളിച്ചത്!'' 

* * *

ഒരിക്കല്‍ ഉമര്‍: 'അടുത്ത വര്‍ഷം ജീവിക്കാന്‍ അല്ലാഹു തൗഫീഖ് തന്നാല്‍ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ ദീര്‍ഘമായ ഒരു പര്യടനം നടത്തും ഞാന്‍. എനിക്കറിയാം, ജനങ്ങള്‍ക്ക് പല ആവശ്യങ്ങളുമുണ്ട്. എന്റെ അടുത്ത് അവ എത്തുന്നില്ല. ഉദ്യോഗസ്ഥരാണെങ്കില്‍ അതെന്നെ അറിയിക്കുന്നുമില്ല. ശാമില്‍ ഞാന്‍ രണ്ടു മാസം തങ്ങും. ജസീറയില്‍ രണ്ടു മാസം. പിന്നെ ഈജിപ്തില്‍ രണ്ടു മാസം. ബഹ്‌റൈനില്‍ രണ്ടു മാസം. കൂഫയില്‍ രണ്ടു മാസം. ബസ്വറയിലും രണ്ടു മാസം. എന്തൊരു ധന്യമായ വര്‍ഷമായിരിക്കും അത്!'' 

* * *

പൊതു ഖജനാവിലേക്ക് വന്ന സമ്പത്ത് ഉമര്‍ വീതിച്ചുനല്‍കുകയായിരുന്നു. ജനങ്ങള്‍ തിക്കിത്തിരക്കുന്നു. ആ തിരക്കുകള്‍ക്കിടയിലൂടെ ഓടിക്കിതച്ചുവന്ന സഅ്ദുബ്‌നു അബീവഖാസ് ഉമറിന്റെ സമീപമിരുന്നു. തന്റെ കൈയിലുള്ള ചമ്മട്ടി സഅ്ദിന്റെ നേരെ വീശി ഉമര്‍: 'ഭൂമിയിലുള്ള അല്ലാഹുവിന്റെ അധികാരിയെ ഭയപ്പെടാതെ തിക്കിത്തിരക്കി വന്നിരിക്കുകയാണ് നിങ്ങള്‍. അല്ലാഹുവിന്റെ അധികാരം നിങ്ങളെ ഭയപ്പെടില്ലെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'' 

* *

യമനില്‍നിന്ന് വന്നുചേര്‍ന്ന പുതപ്പുകള്‍ ഓരോന്നോരോന്നായി ഉമര്‍ വിതരണം ചെയ്തു. അതില്‍നിന്നുള്ള പുതപ്പ് മേലിട്ടുകൊണ്ട് ഉമര്‍ പ്രസംഗപീഠത്തില്‍ കയറി. അദ്ദേഹത്തിന്റെ മേല്‍ രണ്ടു പുതപ്പുകളുണ്ട്. 

ഉമര്‍: 'ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കണം.'' 

സല്‍മാന്‍ എഴുന്നേറ്റുനിന്നു: 'കേള്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല.'' 

ഉമര്‍: 'അബൂഅബ്ദില്ല, എന്താണ് കാരണം?''

സല്‍മാന്‍: 'ഉമര്‍, ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അങ്ങ് ഓരോ പുതപ്പ് വീതിച്ചുനല്‍കി. നിങ്ങള്‍ രണ്ടെണ്ണമെടുത്തു. അതും മേലിട്ടല്ലേ പ്രസംഗം?' 

ഉമര്‍: 'എവിടെ അബ്ദുല്ലാഹിബ്‌നു ഉമര്‍?'

അബ്ദുല്ല: 'ഇതാ ഞാനിവിടെയുണ്ട്.'' 

ഉമര്‍: 'ഈ രണ്ട് പുതപ്പുകളില്‍ ഒന്ന് ഏതെന്ന് ഇവര്‍ക്ക് പറഞ്ഞുകൊടുക്കൂ.'' 

അബ്ദുല്ല: 'ആ ഒന്ന് എന്റേതാണ്.'' 

തുടര്‍ന്ന് സല്‍മാനോട് ഉമര്‍: 'അബൂഅബ്ദില്ല, എന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം ധൃതികാട്ടി. ഞാന്‍ എന്റെ വസ്ത്രം കഴുകിയിട്ടതായിരുന്നു. അബ്ദുല്ലയുടെ വസ്ത്രം ഞാന്‍ വായ്പ വാങ്ങി ധരിച്ചതാണ്.'' 

സല്‍മാന്‍: 'ശരി. ഇനി പറഞ്ഞുകൊള്ളൂ. ഞങ്ങള്‍ കേട്ടുകൊള്ളാം, അനുസരിക്കാം.''

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍