Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

സ്‌നേഹമാണഖില സാരമൂഴിയില്‍

സുബൈര്‍ കുന്ദമംഗലം

കാരുണ്യത്തിന്റെ നിറകുടമായിരുന്നു മുഹമ്മദ് നബി (സ). കൊച്ചുകുട്ടിയുടെ കരച്ചില്‍ കാരണം അവിടുന്ന് നമസ്‌കാരം പെട്ടെന്ന് അവസാനിപ്പിച്ചു. ആത്മീയത വൈകാരികതക്ക് വഴിമാറുന്ന ചേതോഹര ദൃശ്യം. അനസ് (റ) നിവേദനം ചെയ്യുന്നു:

''ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. നമസ്‌കാരം ദീര്‍ഘിപ്പിക്കണമെന്നു ഞാനുദ്ദേശിക്കുകയും ചെയ്യും. അപ്പോഴായിരിക്കും ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുക. കുഞ്ഞിന്റെ കരച്ചില്‍ മാതാവിനുണ്ടാകുന്ന മനോവ്യഥയോര്‍ത്ത് ഞാന്‍ നമസ്‌കാരം പെട്ടെന്ന് അവസാനിപ്പിക്കും'' (ബുഖാരി, മുസ്‌ലിം). 

''ഗ്രാമീണനായ ഒരു അറബി തിരുദൂതരെ സമീപിച്ചു ചോദിച്ചു: 'നിങ്ങള്‍ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങള്‍ അങ്ങനെ ചെയ്യാറില്ല.' അപ്പോള്‍ തിരുനബി ചോദിച്ചു: 'അല്ലാഹു നിങ്ങളുടെ ഹൃദയത്തില്‍നിന്ന് കാരുണ്യം എടുത്തുകളഞ്ഞെന്ന് കരുതി ഞാനെന്തു ചെയ്യാനാണ്?'' (ബുഖാരി, മുസ്‌ലിം). 

ഒരിക്കല്‍ അഖ്‌റ ബ്‌നു ഹാബിസ് അത്തമീമിയുടെ സാന്നിധ്യത്തില്‍ നബി (സ) തന്റെ പേരമകന്‍ ഹസനെചുംബിച്ചു. തദവസരം അഖ്‌റ ബ്‌നു ഹാബിസ് പറഞ്ഞു: എനിക്ക് പത്തു മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാനിതുവരെ ചുംബിച്ചിട്ടില്ല. അപ്പോള്‍ നബി (സ) അവരെ നോക്കി ഇപ്രകാരം പറഞ്ഞു: ''കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം). 

ഖലീഫ ഉമര്‍ (റ) തന്റെ ഭരണകാലത്ത് അഖ്‌റ ബ്‌നു ഹാബിസിനെ ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കാന്‍ ഉദ്ദേശിച്ചു. തന്റെ മക്കളെ ചുംബിക്കാറില്ലെന്ന അയാളുടെ പ്രസ്താവ്യം ശ്രദ്ധയില്‍പെട്ട ഖലീഫ അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിശ്ചയിക്കുന്ന തീരുമാനം റദ്ദാക്കി. ഉമര്‍ ചോദിച്ചു: ''സ്വന്തം കുട്ടികളോട് കാരുണ്യമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ മറ്റുള്ളവരോട് കരുണ ചെയ്യുന്നതെങ്ങനെ? അല്ലാഹുവാണ, ഞാന്‍ ഒരിക്കലും താങ്കളെ ഗവര്‍ണറായി നിശ്ചയിക്കുകയില്ല.'' അഖ്‌റ ബ്‌നു ഹാബിസിന്റെ നിയമന ഉത്തരവ് ഉമര്‍ ചീന്തിക്കളഞ്ഞു. 

പ്രവാചകന്റെ കാരുണ്യം മനുഷ്യനില്‍ മാത്രം പരിമിതമായിരുന്നില്ല. അത് മൃഗങ്ങളിലേക്കും വ്യാപിച്ചു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: ഒരാള്‍ നടന്നു പോകുന്നതിനിടയില്‍ വഴിമധ്യേ അതികഠിനമായ ദാഹമുണ്ടായി. അയാള്‍ ഒരു കിണര്‍ കണ്ടു. കിണറ്റിലിറങ്ങി ദാഹശമനം വരുത്തിയ ശേഷം യാത്ര തുടര്‍ന്നു. അപ്പോള്‍ ദാഹിച്ചവശനായി മണ്ണ് കപ്പുന്ന ഒരു നായയെ കാണാനിടയായി. അയാള്‍ ആത്മഗതം ചെയ്തു. തനിക്ക് അനുഭവപ്പെട്ടതു പോലുള്ള ദാഹം ഈ നായയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. അയാള്‍ കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളം സംഭരിച്ചു. എന്നിട്ടു വായ കൊണ്ട് ഷൂ കടിച്ചുപിടിച്ച് കിണറില്‍നിന്ന് മുകളിലേക്ക് കയറി. അങ്ങനെ അയാള്‍ ആ നായയെ വെള്ളം കുടിപ്പിച്ചു. അതിന്റെ പേരില്‍ അല്ലാഹു അയാളോട് കൃതജ്ഞത കാട്ടുകയും പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും ചെയ്തു. സഹാബിമാര്‍ ചോദിച്ചു: ''അപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ?'' 

തിരുദൂതര്‍ പ്രതിവചിച്ചു: ''അതേ, എല്ലാ പച്ചക്കരളിലും പ്രതിഫലമുണ്ട്'' (ബുഖാരി, മുസ്‌ലിം). 

സമാനമായ മറ്റൊരു സംഭവം ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: ''പൂച്ചയുടെ പേരില്‍ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. വിശന്നു ചാവുന്നതുവരെ അവള്‍ അതിനെ കെട്ടിയിട്ടു. അക്കാരണത്താല്‍തന്നെ അവള്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം). 

ഒരു വീട്ടുമുറ്റത്തു വെച്ച് പ്രവാചകനുണ്ടായ അനുഭവം. ഒരു മാടപ്പിറാവ് തിരുദൂതരുടെ ശിരസ്സിനു ചുറ്റും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. ആരോ തട്ടിയെടുത്ത, താന്‍ അടയിരിക്കുന്ന മുട്ടയെക്കുറിച്ച് ആ സാധു തിരുദൂതരോട് ആവലാതി ബോധിപ്പിക്കുന്നതുപോലെ. അവിടുന്ന് ചോദിച്ചു:  ''അടയിരിക്കുന്ന മുട്ട തട്ടിയെടുത്ത് ഈ പാവം പറവയെ ബേജാറാക്കിയത് ആരാണ്?'' അപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്ന് ഇപ്രകാരം അറിയിച്ചു: ''പ്രവാചകരേ, ഞാനാണ് അതിന്റെ മുട്ട തട്ടിയെടുത്തത്.'' നബി (സ) അയാളോട് കല്‍പിച്ചു: ''അതിന്റെ മുട്ട തിരിച്ചുകൊടുക്കൂ. എന്നിട്ട് അതിനോട് കരുണ കാണിക്കൂ.'' 

മൃഗങ്ങളോടും, അചേതന വസ്തുക്കളോട് പോലും മൃദുലവും കാരുണ്യവും നിറഞ്ഞ സമീപനം പുലര്‍ത്തണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. തന്റെ അധീനതയിലുള്ളവരെ മാനസിക-ശാരീരിക പീഡനങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നവര്‍ക്ക് ഇസ്‌ലാം കര്‍ശന താക്കീത് നല്‍കുന്നുണ്ട്. ജീവജാലങ്ങളോട് അനുകമ്പയുള്ളവര്‍ മനുഷ്യരോട് ദയ കാണിക്കാതിരിക്കില്ല.  

******

അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെക്കുറിച്ച് അവബോധമുള്ള ഒരു വിശ്വാസി കാരുണ്യവാനായിരിക്കും. അയാളുടെ ഹൃദയാന്തരാളത്തില്‍നിന്ന് കാരുണ്യത്തിന്റെ നിര്‍ഝരി നിര്‍ഗളിക്കും. സഹജീവികളോട് കരുണ കാണിച്ചാല്‍ സ്രഷ്ടാവ് തന്നോടും കരുണ കാട്ടുമെന്ന് അയാള്‍ക്കറിയാം. 

''നീ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. എങ്കില്‍ വാനലോകത്തുള്ളവര്‍ നിന്നോടും കരുണ കാണിക്കും'' (ത്വബറാനി). 

''ജനങ്ങളോട് കരുണ കാട്ടാത്തവനോട് അല്ലാഹുവുംകരുണ കാണിക്കുകയില്ല'' (ത്വബറാനി). 

''ദൗര്‍ഭാഗ്യവാനില്‍നിന്നല്ലാതെ കാരുണ്യം നീങ്ങിപ്പോവുകയില്ല'' (ബുഖാരി). 

യഥാര്‍ഥ വിശ്വാസിയുടെ മനസ്സില്‍ കാരുണ്യത്തിന്റെ ചക്രവാളം വികസിച്ചുകൊണ്ടിരിക്കും. ഭാര്യാസന്താനങ്ങള്‍, അടുത്ത ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ മാത്രം അയാളുടെ കാരുണ്യം പരിമിതപ്പെടില്ല. അത് സകലജനങ്ങളിലേക്കും പ്രസരിക്കും. കാരുണ്യമെന്നത് സത്യവിശ്വാസിയുടെ ഈമാനിന്റെ അടിസ്ഥാന നിബന്ധനയാണ്. അബൂമൂസല്‍ അശ്അരി നിവേദനം ചെയ്യുന്നു:

''പരസ്പരം കരുണ ചെയ്യുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല.'' സ്വഹാബിമാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളെല്ലാം കരുണ ചെയ്യുന്നവരാണല്ലോ?''

അവിടുന്ന് പ്രതിവചിച്ചു: ''ഒരാള്‍ തന്റെ അടുത്ത ബന്ധുക്കളോട് ചെയ്യുന്നത് മാത്രമല്ല കാരുണ്യം. മറിച്ച് പൊതുജങ്ങളോട് ഒന്നടങ്കം കാരുണ്യത്തോടെ പെരുമാറണം'' (ത്വബറാനി). 

മനുഷ്യരോടും ഇതര സൃഷ്ടിജാലങ്ങളോടും കരുണയോടെ വര്‍ത്തിക്കണമെന്ന അടിസ്ഥാനവിശ്വാസമാണ് ഇസ്‌ലാം നട്ടുവളര്‍ത്തുന്നത്. പരസ്പരസ്‌നേഹവും കാരുണ്യവും തുളുമ്പിനില്‍ക്കുന്ന, ഗുണകാംക്ഷയും അനുകമ്പയും നിറഞ്ഞൊഴുകുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണത്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍