Prabodhanm Weekly

Pages

Search

2017 മാര്‍ച്ച് 03

2991

1438 ജമാദുല്‍ ആഖിര്‍ 04

സത്യസന്ധതക്ക് ഊന്നല്‍ നല്‍കിയ ജീവിത വ്യവസ്ഥ

ഡോ.മുഹമ്മദ് അലി അല്‍ഖൂലി

സ്വന്തത്തോടും മറ്റുള്ളവരോടും സത്യസന്ധനായിരിക്കുക എന്നതിന് ഇസ്‌ലാം വളരെയധികം പ്രാധാന്യം നല്‍കുന്നു. വിശുദ്ധ ഖുര്‍ആനിലും തിരുവചനങ്ങളിലും ഇതു സംബന്ധമായ നിരവധി കല്‍പനകള്‍ വന്നിട്ടുണ്ട്. സ്വന്തം താല്‍പര്യത്തിന് എതിരായാല്‍ പോലും സത്യം മാത്രമേ പറയാവു എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വഞ്ചന, ചതി തുടങ്ങിയ നീചകൃത്യങ്ങള്‍ ഇസ്‌ലാം കര്‍ശനമായി വിലക്കിയിട്ടുണ്ട്. വാക്കിലും പ്രവൃത്തിയിലും രഹസ്യമായും പരസ്യമായും ഒരു മുസ്‌ലിം സത്യസന്ധനായിരിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. 

ഏതു അവസ്ഥകളിലും സത്യം പറയുക എന്നതാണ് സത്യസന്ധത കൊണ്ട് ഉദ്ദേശിക്കുന്നത്. ലിഖിതവും വാഗ്‌രൂപേണയുമുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുന്നതും സത്യസന്ധത തന്നെ. ശരിയായ ഉപദേശം ആരായുന്ന ഒരാള്‍ക്ക് സത്യസന്ധമായ ഉപദേശം നല്‍കുക,  ആരെങ്കിലും മേല്‍നോട്ടം വഹിക്കാന്‍ ഉണ്ടായാലും ഇല്ലെങ്കിലും ശരി തന്റെ ജോലി ആത്മാര്‍ഥമായും സാധ്യമായ പൂര്‍ണതയോടെയും ചെയ്യുക, ഒരാള്‍ക്ക് ചോദിക്കാതെ തന്നെ അയാളുടെ അവകാശം നല്‍കുക, ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്യുക, വസ്തുനിഷ്ഠമായി വിധിതീര്‍പ്പ് നടത്തുക തുടങ്ങിയവയെല്ലാം സത്യസന്ധതയുടെ പരിധിയില്‍ വരുന്നതാണ്. ഉചിതമായ സ്ഥാനത്തേക്ക് ഉചിതരായ വ്യക്തികളെ തെരഞ്ഞെടുക്കുക, ശരിയായ വിധത്തില്‍ ഉദ്യോഗക്കയറ്റം നല്‍കുക എന്നതും സത്യസന്ധതയുടെ ഭാഗമാണ്. 

ഒട്ടേറെ മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു പ്രതലമാണ് സത്യസന്ധത. തൊഴിലിലുള്ള ആത്മാര്‍ഥത, ഉത്തരവാദിത്ത നിര്‍വഹണം, വാക്ക് പാലിക്കല്‍, ക്രിയാത്മക തീരുമാനങ്ങള്‍ എല്ലാം അത് ഉള്‍ക്കൊള്ളുന്നു. കാപട്യം, കള്ളത്തരം, പുഛിക്കല്‍,  സ്വജനപക്ഷപാതം, വഞ്ചന തുടങ്ങിയവയുടെ വിപരീതമാണ് സത്യസന്ധത.

 

സത്യസന്ധത രണ്ടു തരം

സത്യസന്ധതയെ നമുക്ക് ബാഹ്യവും ആന്തരികവുമായ സത്യസന്ധത എന്ന് രണ്ടായി തരംതിരിക്കാം. മറ്റുള്ളവരുടെ വിലയിരുത്തലിലൂടെ നാം മനസ്സിലാക്കുന്ന സത്യസന്ധതയാണ് ബാഹ്യമായ സത്യസന്ധത കൊണ്ട് ഉദ്ദേശിക്കുന്നത്. ആന്തരികമായ സത്യസന്ധത എന്നാല്‍ ഒരാള്‍ സ്വന്തത്തെ സ്വയം വിലയിരുത്തുന്നതാണ്.

ഒരാള്‍ സത്യസന്ധനാവുമ്പോള്‍ ദൈവം അയാളെ ഇഷ്ടപ്പെടുന്നതു പോലെ അയാള്‍ ഇടപഴുകുന്ന ജനങ്ങളും അയാളെ  ഇഷ്ടപ്പെടുന്നു. സത്യസന്ധത സാമൂഹിക അംഗീകാരം നല്‍കുന്നു. 

സമൂഹത്തില്‍ എല്ലാവരും സത്യസന്ധരാവുമ്പോള്‍ കളവ്, ചതി, കൊള്ള, കബളിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ നിരവധി സാമൂഹിക ദൂഷ്യങ്ങള്‍ അപ്രത്യക്ഷമാവും.  സത്യസന്ധത എന്നു പറഞ്ഞാല്‍ ചിലത് നിങ്ങള്‍ കൊടുക്കുകയും ചിലത് നിങ്ങള്‍ എടുക്കുകയും ചെയ്യുന്നു എന്നാണര്‍ഥം.  നിങ്ങളുടെ സത്യസന്ധത മറ്റുള്ളവര്‍ അനുഭവിക്കുന്നു. മറ്റുള്ളവരുടെ സത്യസന്ധത നിങ്ങളും അനുഭവിക്കുന്നു.

സത്യസന്ധതയുടെ അഭാവത്തില്‍ പലതരം സാമൂഹിക രോഗങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരാള്‍ വിശ്വസ്തനല്ലെങ്കില്‍ അയാള്‍ കളവ് പറയാനും കൈക്കൂലി വാങ്ങാനും വഞ്ചിക്കാനും കബളിപ്പിക്കാനുമെല്ലാം തയാറാവും. വഞ്ചകനായ ഒരു വ്യക്തി സാമൂഹിക രോഗങ്ങളുടെ കേദാരമാണ്. എല്ലാ സമയത്തും തെറ്റായ രൂപത്തില്‍ പെരുമാറാന്‍ അയാള്‍ തയാറാവും. തുടര്‍ച്ചയായി ഇങ്ങനെ പെരുമാറുന്നവര്‍ മറ്റുള്ളവര്‍ക്കും രാജ്യത്തിനു തന്നെയും ഉപദ്രവമായി മാറും.

 

ആന്തരികമായ സത്യസന്ധത

ഒരു വ്യക്തിയുടെ  മാനസികാരോഗ്യത്തിന്റെയും  അയാള്‍ ബന്ധപ്പെടുന്ന വ്യക്തികളുടെ ആരോഗ്യത്തിന്റെയും  സുപ്രധാന ഘടകമാണ് സത്യസന്ധത . അതുകൊണ്ടാണ് ഇസ്‌ലാം ആന്തരികമായ സത്യസന്ധതക്ക് ഊന്നല്‍ നല്‍കുന്നത്. അഥവാ വ്യക്തി തന്നെയാണ് തന്റെ സത്യസന്ധതയെ വിലയിരുത്തുന്നത്. അത് മറ്റുള്ളവര്‍ക്ക് ഗോപ്യമായ കാര്യമല്ല.  ഒരു വ്യക്തി രഹസ്യമായി ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്.  ചിലപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ആരും കണ്ടു എന്ന് വരില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക്, തന്നെ ആരും നിരീക്ഷിക്കുന്നില്ലെങ്കിലും അല്ലാഹു നിരീക്ഷിക്കുന്നു എന്ന ബോധ്യമുണ്ടാവും. അല്ലാഹു നിരന്തരം നിരീക്ഷിക്കുന്നു എന്ന ഈ ബോധമാണ് ആന്തരികമായ സത്യസന്ധതയെ വളര്‍ത്തിയെടുക്കുന്നത്. ആന്തരിക സത്യസന്ധത ഒരു വിശ്വാസിയുടെ മുഖ്യ പരിഗണനാര്‍ഹമായ വിഷയമാണ് എന്നര്‍ഥം.

ഒരു മുസ്‌ലിം ബാഹ്യമായും ആന്തരികമായും രഹസ്യമായും പരസ്യമായും സത്യസന്ധനായിരിക്കണം. മറ്റുള്ളവര്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നതോ ഇല്ലെന്നതോ വിഷയമല്ല. സത്യസന്ധത  ഒരു മുസ്‌ലിമില്‍ തന്റെ വിശ്വാസസംഹിതയെ കുറിച്ചും വാക്കുകളെയും കര്‍മങ്ങളെയും കുറിച്ചും ആത്മവിശ്വാസമുളവാക്കുന്നു.  മറ്റുള്ളവരെ വിശ്വസിക്കാനും മറ്റുള്ളവര്‍ തന്നെ വിശ്വസിക്കാനും പ്രേരിപ്പിക്കുന്നു. പരസ്പരമുള്ള ഈ ആത്മവിശ്വാസം വിശ്വാസിയെ സ്വയം തൃപ്തനാക്കുകയും സാമൂഹികമായി സുരക്ഷാബോധം പകരുകയും ചെയ്യുന്നു. സത്യസന്ധത ഏകീകൃത സ്വഭാവത്തെയും വ്യക്തിപരമായ ഗുണനിലവാരത്തെയും മൂല്യബോധത്തെയും സൂചിപ്പിക്കുന്നു. ആന്തരിക സംഘര്‍ഷങ്ങളില്‍നിന്നും സാമൂഹിക അസ്വാരസ്യങ്ങളില്‍നിന്നും ജീവിത വൈരുധ്യങ്ങളില്‍നിന്നും അയാള്‍ അകലെയായിരിക്കും. 

 

എങ്ങനെ കൈവരിക്കാം?

ഇസ്‌ലാം സത്യസന്ധത സൃഷ്ടിക്കുന്നത് നിരവധി മാര്‍ഗങ്ങളിലൂടെയാണ്.

1. വിശ്വാസികള്‍ എല്ലാ കര്‍മങ്ങളിലും വാക്കുകളിലും സ്വന്തത്തോടും മറ്റുള്ളവരോടും  സത്യസന്ധരായിരിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്.

2. സത്യസന്ധതയാണ് ഉത്തമമെന്ന് യുക്തിപരമായി അല്ലാഹു അവരെ ബോധ്യപ്പെടുത്തുന്നു.  

3.സത്യസന്ധതയുള്ളവര്‍ക്ക് അല്ലാഹു ഈ ലോകത്തും പരലോകത്തും ഉദാരമായ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.

4. സത്യസന്ധത ഇല്ലാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാവുമെന്ന താക്കീതും നല്‍കുന്നു.

5. നമസ്‌കാരം, വ്രതാനുഷ്ഠാനം തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെ ഇസ്‌ലാം സത്യസന്ധത  വളര്‍ത്തുന്നു.

ഇത്തരം സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയും യുക്തിപരമായി സമര്‍ഥിച്ചും വലിയ പ്രതിഫലം  വാഗ്ദാനം  ചെയ്തുമൊക്കെ  സത്യസന്ധനായ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നു.

 

പരിശീലനം

ഒരു മുസ്‌ലിമിന്റെ വ്രതം പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും മറ്റും ഉപേക്ഷിക്കുക എന്നതാണല്ലോ. ഇതിന്റെ അര്‍ഥം, തുടര്‍ച്ചയായി ഏതാണ്ട് പതിനഞ്ച് മണിക്കുറോളം ഒരു മുസ്‌ലിമിന് അന്നപാനീയമോ ഭാര്യാഭര്‍തൃ ബന്ധമോ പാടില്ലെന്നാണ്. വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം സൂര്യാസ്തമയം വരെ ദാഹമുണ്ടായാല്‍ പോലും ഒരു തുള്ളി വെള്ളം അകത്ത് ചെല്ലാന്‍ അനുവദിക്കുകയില്ല. കാരണം സത്യസന്ധനാവാന്‍ അവന്‍ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു. അഥവാ  ആന്തരികമായ  സത്യസന്ധത. വ്രതമനുഷ്ഠിക്കുന്ന വ്യക്തിയെ നിരീക്ഷിക്കുന്നത് അല്ലാഹുവും ആ വ്യക്തിയും മാത്രമാണ്. ഇസ്‌ലാമിലെ വ്രതാനുഷ്ഠാന മാസമായ റമദാനില്‍ മുഴുവന്‍ ഒരാള്‍ക്ക് സത്യസന്ധനാകാനുള്ള പരിശീലനമാണ് ലഭിക്കുന്നത്. ദേഹേഛക്ക് വഴങ്ങാതിരിക്കുക എന്നതാണ് സത്യസന്ധതയുടെ അനിവാര്യ ഘടകം. റമദാനില്‍ വിശ്വാസി ദാഹാര്‍ത്തനാണ്, പക്ഷേ അവന്‍ കുടിക്കുന്നില്ല. അവന് വിശപ്പ് അനുഭവപ്പെടുന്നു, പക്ഷേ തിന്നുന്നില്ല. സ്വയം നിയന്ത്രണത്തിന്റെയും ആന്തരിക സത്യസന്ധതയുടെയും പ്രായോഗികമായ പരിശീലനമാണ്  ഇവിടെ നടക്കുന്നത്. സത്യസന്ധനാവാന്‍ ഇസ്‌ലാം വിശ്വാസിയോട് നിര്‍ദേശിക്കുക മാത്രമല്ല അവനെ  പരിശീലിപ്പിക്കുകയും ചെയ്യുകയാണ്.  ഇതിന്റെ ഫലമായി  സമൂഹത്തില്‍ ആരോഗ്യകരമായ അന്തരീക്ഷം സംജാതമാവുന്നു.  അതാകട്ടെ വ്യക്തിയെയും സമൂഹത്തെയും ആനന്ദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

 

വിവ: ഇബ്‌റാഹീം ശംനാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (4-9)
എ.വൈ.ആര്‍

ഹദീസ്‌

ചോദ്യങ്ങള്‍ക്കു മുന്നില്‍ കാലിടറുമോ?
കെ.സി ജലീല്‍ പുളിക്കല്‍