ബീവി ഖാലിദ്
ദീര്‍ഘകാലം അഴീക്കോട് വനിതാ ഘടകം അധ്യക്ഷയായിരുന്നു ബീവിത്തയെന്ന ബീവി ഖാലിദ്. ശാരീരികാവശതകള്‍ക്കിടയിലും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ അവര്‍ ഊര്‍ജസ്വലതയോടെ നിലയുറപ്പിച്ചു. പ്രദേശത്ത് ജാതി-മതഭേദമന്യേ ഓരോ വീട്ടിലും എന്തു കാര്യത്തിനും ബീവിത്തയുണ്ടായിരുന്നു. സഹോദര സമുദായാംഗങ്ങള്‍ ബീവിത്തയോട് ഏറെ സ്‌നേഹവായ്‌പോടെ ഇടപഴകി. മലര്‍വാടി, ടീന്‍ ഇന്ത്യ, എസ്.ഐ.ഒ, ജി.ഐ.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിക്കുന്നതില്‍ ബീവിത്തക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. ദിവസവും ഒരു സ്‌ക്വാഡെങ്കിലും അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. മക്കളില്ലാതിരുന്ന ബീവിത്തയും ഭര്‍ത്താവും ഇസ്‌ലാമിക പ്രസ്ഥാനത്തെ മക്കളേക്കാളേറെ സ്‌നേഹിച്ചു. സൂക്ഷ്മതയോടെയും കണിശതയോടെയും മാതൃകാ ജീവിതം കാഴ്ചവെച്ച ഇവരുടെ വീട് പ്രസ്ഥാനത്തിന്റെ അഴീക്കോട്ടെ ആസ്ഥാനമായാണ് നിലകൊള്ളുന്നത്. ദാനധര്‍മങ്ങള്‍ ആവേശമായിരുന്നു ബീവിത്തക്ക്. മരണവീടുകളിലേക്കും രോഗിസന്ദര്‍ശനത്തിനും നിരന്തരം നടന്നുപോകുന്ന ബീവിത്ത നാട്ടുകാര്‍ക്കെല്ലാം ആശ്ചര്യമായിരുന്നു.
എ.ടി അബ്ദുല്‍ ഗഫൂര്‍
കണ്ണൂര്‍ സിറ്റി ജമാഅത്തെ ഇസ്‌ലാമി ഘടകത്തിലെ അംഗമായിരുന്നു എ.ടി അബ്ദുല്‍ ഗഫൂര്‍. നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനിടയിലാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയത്. പ്രവാസജീവിതത്തില്‍നിന്ന് ആര്‍ജിച്ചെടുത്ത പ്രവര്‍ത്തനവീര്യവും ആത്മാര്‍ഥതയും സ്വദേശത്തും അദ്ദേഹത്തിന്റെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ പ്രകടമായി. ഒന്നിലധികം തവണ ഹല്‍ഖാ നാസിമായി പ്രവര്‍ത്തിച്ചു. പുഞ്ചിരിയോടെ, സൗമ്യതയോടെ ആളുകളോട് ഇടപഴകാറുള്ള അദ്ദേഹം വിപുലമായ സുഹൃദ് വലയത്തിനുടമയായിരുന്നു. ബൈത്തുസ്സകാത്ത് കണ്ണൂര്‍ ട്രഷറായിരുന്നു. അര്‍ഹര്‍ക്ക് സാമ്പത്തിക സഹായവും മറ്റും എത്തിക്കുന്നതില്‍ അതീവ ശുഷ്‌കാന്തി കാണിച്ചു. ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തി. പ്രബോധനം വാരിക വീടുകളിലെത്തിച്ചുകൊടുക്കുന്നതില്‍ ഏറെ താല്‍പര്യം കാണിച്ചു. തന്റെ വീട്ടുമുറ്റത്ത് വിപുലമായ രീതിയില്‍ അലങ്കാര-ഔഷധ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തുകയും ചെയ്തിരുന്ന അദ്ദേഹം പ്രദര്‍ശന നഗരികളില്‍ സ്റ്റാളുകളൊരുക്കി പുരസ്‌കാരം നേടി. മാരകരോഗം കീഴ്‌പ്പെടുത്തിയെന്നറിഞ്ഞപ്പോഴും പതറാതെ പ്രാസ്ഥാനിക പരിപാടികളെ കുറിച്ച് ആരായുകയും സാധ്യമായവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഭാര്യ സൈബുന്നിസ. മക്കള്‍ ഫിറോസ്, ഫവാസ്, ഫാഇസ്, ഫര്‍സാന, ഫര്‍ഹാന.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
എന്‍.വി അബ്ദുല്‍ഖാദിര്‍
തൃശൂര്‍ തളിക്കുളം പത്താം കല്ല് ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകം പ്രവര്‍ത്തകനായിരുന്നു പുതിയവീട്ടില്‍ അബ്ദുല്‍ഖാദിര്‍ (76). ഏറെ കാലം ഗള്‍ഫിലായിരുന്നു. മൂവാറ്റുപുഴ ബീഡികമ്പനിയില്‍ ജോലിചെയ്യുമ്പോഴാണ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. വളരെയധികം എതിര്‍പ്പുകള്‍ നേരിട്ട അബ്ദുല്‍ ഖാദിര്‍ ജമാഅത്ത് അംഗമായതിനു ശേഷം മുഴുസമയ ജീവകാരുണ്യപ്രവര്‍ത്തകനായി. പാലിയേറ്റീവ് പ്രവര്‍ത്തനരംഗത്ത് തളിക്കുളം ഗ്രാമത്തിലെ ജനങ്ങളുടെ ആശ്രയമായിരുന്നു. രോഗശയ്യയിലായിരുന്നിട്ടും മറ്റുള്ളവരുടെ ക്ഷേമത്തെയും ആരോഗ്യനിലയെയും കുറിച്ച് എപ്പോഴും അന്വേഷിച്ചു.
ഫാത്വിമയാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും നാലു പെണ്‍മക്കളുമുണ്ട്.
കാദര്‍ മോന്‍, തളിക്കുളം
Comments