Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

യാത്ര തിരിക്കുക; ആ വശ്യസുന്ദര ലോകത്തേക്ക്

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

'അദൃശ്യ സത്യങ്ങളില്‍ വിശ്വസിക്കുന്നവര്‍' (അല്‍ബഖറ 02). 
സത്യവിശ്വാസത്തില്‍ അന്തര്‍ഭവിച്ചുകിടക്കുന്ന സൗഭാഗ്യത്തിന്റെയും സുഖാനുഭൂതിയുടെയും ആത്മനിര്‍വൃതിയുടെയും ജീവിതാനന്ദത്തിന്റെയുമൊക്കെ വ്യാപ്തിയറിയാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ ഈയാഖ്യാനം ശ്രദ്ധിക്കൂ. 
കച്ചവടത്തിനായി രണ്ടു പേര്‍ ഒരിക്കലൊരു യാത്ര പുറപ്പെട്ടു. അവരില്‍ ഒരാള്‍ ആത്മപ്രശംസകനായതുകൊണ്ട് ദൗര്‍ഭാഗ്യവാനും അപരന്‍ സാത്വികനായതുകൊണ്ട് സൗഭാഗ്യവാനുമായിരുന്നു. 
പ്രലോഭനത്തില്‍ കുടുങ്ങിപ്പോയ ആത്മപ്രശംസകന്‍ തൊട്ടതിനും പിടിച്ചതിനും ശകുനം നോക്കുന്നവനായതിനാല്‍ അയാള്‍ എത്തിപ്പെട്ട രാജ്യവും ഒരു ശകുനബാധിത പ്രദേശമായിട്ടാണ് കണ്ടത്. എവിടെ നോക്കിയാലും അലമുറയിട്ടു കരയുന്ന അഗതികള്‍. ഭീകരരും അക്രമികളുമായ ഭരണാധികാരികളുടെ ക്രൂരമര്‍ദനത്തിനിരയായി തലങ്ങും വിലങ്ങും ഓടുന്ന നിസ്സഹായര്‍. രാജ്യമൊക്കെ ദുഃഖിതരുടെ ഒരു സംഗമവേദി പോലെ. വേദനിപ്പിക്കുന്ന ആ ദുരവസ്ഥ അയാളെ കടുത്ത മദ്യപാനിയാക്കി മാറ്റി. ലഹരി അകത്തുണ്ടെങ്കില്‍ വേദനകളും ദുഃഖങ്ങളും സ്വയം മറക്കാനാവുമെന്ന് അയാള്‍ വിശ്വസിച്ചുപോയി. 
വഴിയില്‍ കാണുന്നവരെല്ലാം തന്നെ പകയോടെ കാത്തിരിക്കുന്ന ശത്രുക്കളായിട്ടാണ് അയാള്‍ക്കനുഭവപ്പെട്ടത്. തന്റെ നേരെ മുഖംതിരിക്കുന്ന അപരിചിതരായിട്ടാണ് അവരെയൊക്കെ അയാള്‍ക്ക് തോന്നിയത്. തനിക്കുചുറ്റും കാണുന്ന ഭീതിദമായ ജഡങ്ങളും അലമുറയിട്ടു കരയുന്ന അനാഥകളും അയാളുടെ വികാരധമനികളെ വേദനയാല്‍ ത്രസിപ്പിച്ചുകൊണ്ടിരുന്നു. 
ദൈവത്തെ ധ്യാനിച്ചുകഴിയുന്ന സത്യാന്വേഷിയായ രണ്ടാമന്‍ ഉത്കൃഷ്ട സ്വഭാവിയായിരുന്നു. കാഴ്ചയില്‍ ചന്തവും അനുഭവത്തില്‍ സൗഖ്യവും പകര്‍ന്ന ഒരു വിശുദ്ധ രാജ്യത്താണ് അദ്ദേഹത്തിന്റെ യാത്രയവസാനിച്ചത്. ചെന്നിടത്തെല്ലാം കൗതുകക്കാഴ്ചകള്‍. വശ്യമായ ആഘോഷങ്ങള്‍. മുക്കിലും മൂലയിലും ആനന്ദദായകമായ അനുഭവങ്ങള്‍. എവിടെ എത്തിയാലും പ്രാര്‍ഥനാ മണ്ഡപങ്ങള്‍. കാണുന്നവരൊക്കെ സ്‌നേഹിതരെയും ബന്ധുക്കളെയും പോലെ. രാജ്യം മുഴുക്കെ നന്ദിയുടെയും പ്രകീര്‍ത്തനത്തിന്റെയും ആഹ്ലാദാരവം മുഴക്കുന്നതുപോലെ. തക്ബീറുകളാലും തഹ്‌ലീലുകളാലും താളബന്ധിതമായ സംഗീതധാര എവിടെയുമൊഴുകിപ്പരക്കുന്നതുപോലെ. രാജ്യസേവനത്തിലേക്കും സൈനിക വൃത്തിയിലേക്കും ആനയിക്കപ്പെടുന്നവര്‍ക്ക് പ്രശംസയുടെയും അംഗീകാരത്തിന്റെയും അനുമോദനഗീതം ആലപിക്കപ്പെടുന്നതുപോലെ. 
സ്വന്തം വേദനയിലും ജനങ്ങളുടെ വേദനയിലും കിടന്നു ശകുനക്കാരന്‍ പീഡയനുഭവിച്ചപ്പോള്‍ സന്തോഷഭരിതരായ ജനങ്ങളോടൊപ്പം നിന്ന് ആത്മനിര്‍വൃതിയടയുകയായിരുന്നു സൗഭാഗ്യവാനായ രണ്ടാമന്‍. ലാഭകരമായ ഒരു കച്ചവടം നടത്താനും അതില്‍ സമൃദ്ധി നേടാനും കഴിഞ്ഞ ആവേശത്തില്‍ പ്രപഞ്ചനാഥനെ നന്ദിയോടെ വാഴ്ത്തുകയായിരുന്നു അയാള്‍. 
മടക്കയാത്രയില്‍ ഒന്നാമനെ കണ്ടപ്പോള്‍ രണ്ടാമന്‍ വിശേഷങ്ങള്‍ ആരാഞ്ഞു. വാര്‍ത്തകള്‍ തിരക്കി. ഒന്നാമന്റെ പ്രതികരണം കേട്ട രണ്ടാമന്‍ അത്ഭുതം കൂറി പറഞ്ഞു:
'നിനക്കെന്താ ഭ്രാന്ത് പിടിച്ചോ? നിന്റെ അകത്തുകിടക്കുന്ന ശകുന വൈകൃതമാണ് പുറത്തേക്ക് പ്രതിഫലിക്കുന്നത്. അങ്ങനെ മന്ദസ്മിതങ്ങള്‍ നിനക്ക് ആര്‍ത്തനാദമായി തോന്നുന്നു. ആശ്വാസവും സാന്ത്വനവും നിനക്ക് പതര്‍ച്ചയും കവര്‍ച്ചയുമായി അനുഭവപ്പെടുന്നു. നേര്‍വഴിയിലേക്ക് തിരിച്ചുപോവുക. ഹൃദയം ശുദ്ധമാക്കുക. മലിനമായ പൊടിപടലങ്ങള്‍ കണ്ണുകളില്‍നിന്ന് നീങ്ങിപ്പോകട്ടെ. യാഥാര്‍ഥ്യത്തെ അതിന്റെ ശരിയായ ഭാവത്തില്‍ താങ്കള്‍ക്ക് കാണാന്‍ കഴിയട്ടെ. ഈ വിശുദ്ധ രാജ്യത്തിന്റെ അധിപനും ഉടമസ്ഥനുമായ പ്രപഞ്ചനാഥന്‍ നീതിയുടെയും കാരുണ്യത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും കാര്യപ്രാപ്തിയുടെയും കൃത്യനിര്‍വഹണത്തിന്റെയും സൗമ്യപ്രകടനത്തിന്റെയും പരമമായ പദവിയിലാണ് നിലകൊള്ളുന്നത്. യഥാര്‍ഥത്തില്‍ നിന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്ന രാജ്യം അഭിവൃദ്ധിയുടെയും പുരോഗതിയുടെയും പാരമ്യത്തിലെത്തിയ ഒരു രാജ്യമാണ്. ഊഹങ്ങളിലൂടെയും അനുമാനങ്ങളിലൂടെയും നീ കാണുന്ന ആ രാജ്യമല്ല.''
രണ്ടാമന്റെ വാക്കുകള്‍ കേട്ട് ഒന്നാമന്‍ പുനരാലോചന തുടങ്ങി. നേര്‍വഴിയിലേക്ക് അയാള്‍ പതുക്കെ പതുക്കെ മടങ്ങിവന്നു. ചിന്താനിമഗ്നനായി ഖേദപൂര്‍വം അയാള്‍ സുഹൃത്തിനോട് കുറ്റസമ്മതം നടത്തി: 
'ശരിയാണ്, കടുത്ത മദ്യപാനം എന്നെ ഭ്രാന്തനാക്കി. നിന്റെ കാര്യത്തില്‍ അല്ലാഹു തൃപ്തിപ്പെടട്ടെ. ദൗര്‍ഭാഗ്യത്തിന്റെ നരകഗര്‍ത്തത്തില്‍നിന്ന് താങ്കളെന്നെ രക്ഷപ്പെടുത്തി.'' 
മനസ്സേ, അറിയുക. ആഖ്യാനത്തിലെ ഒന്നാമന്‍ നിഷേധിയാണ്. അതല്ലെങ്കില്‍ അശ്രദ്ധനായ ധിക്കാരി. അയാളുടെ നോട്ടത്തില്‍ ഈ ദുന്‍യാവ് അലമുറയിട്ടു കരയുന്നവരുടെയും ആലംബഹീനരുടെയും സംഗമവേദിയാണ്. വേര്‍പാടിന്റെ വേദനയും നഷ്ടപ്പെടലിന്റെ നൊമ്പരവും താങ്ങാനാവാതെ പൊട്ടിക്കരയുന്ന അനാഥകളുടെ സംഗമസ്ഥാനം. 
അയാളുടെ കണ്ണില്‍ ഇവിടെ മനുഷ്യരും മൃഗങ്ങളും നോക്കാനും പരിചരിക്കാനും ആരുമില്ലാതെ പരസ്പരം കടിച്ചുകീറിയൊടുങ്ങുന്ന പടപ്പുകള്‍. പര്‍വതങ്ങളും സമുദ്രങ്ങളും പോലുള്ള മഹാപ്രതിഭാസമാകട്ടെ ഭയപ്പെടുത്തുന്ന ജഡങ്ങളും. ദുന്‍യാവിനെക്കുറിച്ചുള്ള ഇത്തരമൊരു സങ്കല്‍പം മനുഷ്യന്റെ നിഷേധത്തിന്റെയും മാര്‍ഗഭ്രംശത്തിന്റെയും ഫലമായി രൂപപ്പെടുന്ന മിഥ്യാധാരണകളില്‍നിന്ന് ഉത്ഭൂതമാകുന്നതാണ്. 
ആഖ്യാനത്തില്‍ പറയപ്പെട്ട രണ്ടാമനാകട്ടെ സ്വന്തം സ്രഷ്ടാവിനെ യഥാവിധം തിരിച്ചറിഞ്ഞ് അംഗീകരിച്ച വിശ്വാസിയാണ്. അവനെ സംബന്ധിച്ചേടത്തോളം ദുന്‍യാവ് ദൈവസ്മരണ നിറഞ്ഞ അനുഗൃഹീത ഭവനം. വിദ്യാഭ്യാസത്തിനുള്ള മനുഷ്യരുടെ പരിശീലനക്കളരി. മനുഷ്യരുടെയും ജിന്നുകളുടെയും പരീക്ഷണ വേദി. ഇവിടെ മനുഷ്യരായാലും മൃഗങ്ങളായാലും അവയുടെ നിയോഗം ധര്‍മനിര്‍വഹണമാണ്, സേവനം ചെയ്യലാണ്. ജീവിതധര്‍മം നിര്‍വഹിച്ചുകൊണ്ടു ഇവിടെ കഴിഞ്ഞുകൂടുന്നവര്‍ സന്തോഷഭരിതരായി നശ്വരമായ ഈ ലോകത്തോട് വിടപറയുന്നു. സ്വഛസുന്ദരമായ മറ്റൊരു ലോകത്തേക്ക് അവര്‍ യാത്രയാവുന്നു; ഭൗതികതയുടെ വിഴുപ്പുകളില്ലാത്ത, സ്ഥല-കാല പീഡകളില്ലാത്ത, ഋതുഭേദങ്ങളുടെ ശല്യമില്ലാത്ത വശ്യസുന്ദരമായ ഒരു ലോകത്തേക്ക്. 
മനുഷ്യരുടെയും മൃഗങ്ങളുടെയും സന്തതിപരമ്പരകളെല്ലാം സൈനിക സേവനത്തിനും ആയുധമേന്തുന്നതിനും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി ഇവിടെ സജ്ജമാക്കപ്പെടുകയാണ്. ഓരോ പടപ്പും ഇവിടെ ഉത്തരവാദിത്തമേല്‍പ്പിക്കപ്പെട്ട സന്തുഷ്ടനായ ഓരോ പടയാളിയാണ്. ആത്മ സംതൃപ്തിയനുഭവിക്കുന്ന സച്ചരിതനായൊരു പൗരനാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന അലയൊലികളും പ്രതിധ്വനികളുമെല്ലാം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ആരംഭിച്ചതിന്റെ സങ്കീര്‍ത്തനങ്ങളും മന്ത്രങ്ങളുമാണ്. ഏറ്റെടുത്ത നിയോഗങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള നന്ദിയുടെ പ്രകടനങ്ങളാണ്. അതല്ലെങ്കില്‍ കര്‍മൗത്സുക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഈരടികളാണ്. 
വിശ്വാസിയുടെ കണ്ണില്‍ പടപ്പുകളെല്ലാം സൗമ്യരായ സേവകരാണ്. ഇഷ്ടപ്പെട്ട ജോലിക്കാരാണ്. കാരുണ്യവാനായ പ്രപഞ്ചനാഥന്റെ നല്ല ഗുമസ്തന്‍മാരാണ്. 
സ്വന്തം വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ദുന്‍യാവിലെ പടപ്പുകളെയും അവയനുഭവിക്കുന്ന പരമമായ ആനന്ദത്തെയും അനുഭൂതിയെയും സുഖത്തെയും സമൃദ്ധിയെയും അയാള്‍ തൊട്ടറിയുന്നു. അപ്പോള്‍ 'വിശ്വാസം' സ്വര്‍ഗസൗഭാഗ്യങ്ങളില്‍നിന്ന് ഉത്ഭൂതമായിട്ടുള്ള ഒരാശയപ്പൊരുളാണ്. 'നിഷേധ'മാകട്ടെ നരകത്തിലെ നികൃഷ്ട വൃക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റൊരു പൊരുളും. 'ഇസ്‌ലാമിലും' 'ഈമാനിലും' മാത്രമേ ശാന്തതക്കും വിശ്വസ്തതക്കും നിലനില്‍പ്പുള്ളൂ. അതിനാല്‍ നമുക്ക് സദാ ഉരുവിട്ടുകൊണ്ടിരിക്കാം; 'ഇസ്‌ലാമി'ല്‍ അടിയുറപ്പിച്ചുനിര്‍ത്തുകയും 'ഈമാന്‍' പൂര്‍ണമാക്കിത്തരികയും ചെയ്യുന്ന അല്ലാഹുവിന് സ്തുതി!
  
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് 



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍