Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

നേതൃനിരയിലേക്ക് (ഉര്‍ദുഗാന്റെ ജീവിതകഥ - 6)

അശ്‌റഫ് കീഴുപറമ്പ്

കാലം ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കം. ബിരുദമെടുത്തതിനു ശേഷം ഉര്‍ദുഗാന് ആദ്യമായി ജോലി ലഭിക്കുന്നത് ഇസ്തംബൂളിലെ ട്രാന്‍സിറ്റ് അതോറിറ്റിയില്‍. അതൊരു പൊതുമേഖലാ സ്ഥാപനമാണ്. സൈന്യത്തില്‍നിന്ന് പിരിഞ്ഞ ഒരു കേണലിനാണ് അതിന്റെ ചുമതല. പുതുതായി ജോലിയില്‍ ചേര്‍ന്ന ഉര്‍ദുഗാന്റെ മട്ടും ഭാവവും കേണലിന് തീരെ പിടിക്കുന്നില്ല. ഉര്‍ദുഗാനെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച് കേണല്‍ പറഞ്ഞു: ''ക്ലീന്‍ ഷേവ് ചെയ്ത് വരണം. താടിയും മീശയുമൊന്നും ഇവിടെ പാടില്ല.'' ഉര്‍ദുഗാന് തുടക്കം മുതലേ മീശയുണ്ട്; അതിപ്പോഴുമുണ്ട്. അന്ന് ചെറിയൊരു താടി കൂടിയുണ്ട്. 'ഫണ്ടമെന്റലിസ്റ്റുകള്‍' മാത്രമേ അന്ന് താടിവെക്കാന്‍ ധൈര്യപ്പെടൂ. താടിയും മുടിയും മീശയും വളര്‍ത്തുകയും വെട്ടുകയും വടിക്കുകയും ചെയ്യുന്ന രീതി നോക്കിയാല്‍ അന്നത്തെ ചെറുപ്പക്കാരുടെ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ തിരിച്ചറിയാമായിരുന്നു. നീണ്ട മുടിയും സ്റ്റാലിനെപ്പോലെ കുറ്റിമീശയും കണ്ടാല്‍ ഉറപ്പിക്കാം, ആള്‍ ലിബറലോ സോഷ്യലിസ്റ്റോ ഒക്കെ ആയിരിക്കും. മുടി ചെറുതാക്കി വെട്ടി ഇരു വശങ്ങളിലേക്കും ചീകിവെച്ച് നേരിയ മീശയുമായി പഴയകാല സിനിമകളിലെ കാല്‍പനിക നായകന്മാരെപ്പോലെ നടക്കുന്ന ചെറുപ്പക്കാര്‍ യാഥാസ്ഥിതിക കക്ഷികളില്‍ ഏതെങ്കിലുമൊന്നില്‍ അംഗത്വമെടുത്തവരായിരിക്കും.

ഉര്‍ദുഗാന്റെ താടിയും മീശയും കണ്ടപ്പോള്‍ തന്നെ റിട്ടയേര്‍ഡ് കേണലിന് ആളിന്റെ രാഷ്ട്രീയാഭിമുഖ്യം പിടികിട്ടിയിരുന്നു. അതുകൊണ്ടാണ് താടിയും മീശയുമെടുക്കാതെ ഇനി ഓഫീസില്‍ വരേണ്ടെന്ന് പറഞ്ഞത്. രാഷ്ട്രീയ ബോധ്യങ്ങള്‍ കൈയൊഴിഞ്ഞോ മറച്ചുവെച്ചോ ജോലിയില്‍ തുടരാന്‍ ഉര്‍ദുഗാനിലെ തീപ്പൊരി യുവത്വത്തിന് കഴിയുമായിരുന്നില്ല. രണ്ടാമതൊരു ആലോചനക്ക് നില്‍ക്കാതെ ജോലി രാജിവെച്ചു. തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ കൗമാരക്കാരനായിരിക്കെത്തന്നെ നജ്മുദ്ദീന്‍ അര്‍ബകാന്റെ സലാമത്ത് പാര്‍ട്ടിയുടെ യൂത്ത് വിംഗില്‍ അദ്ദേഹം പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 1976-ല്‍ ആ യുവ സംഘടനയുടെ ബെയോഗ്‌ലു (Beyoglu) മേഖലാ അധ്യക്ഷനായി. അതേവര്‍ഷം തന്നെ യൂത്ത് വിംഗിന്റെ ഇസ്തംബൂള്‍ മേഖലാ പ്രസിഡന്റായും ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. സംഘാടന മികവും പ്രസംഗ വൈഭവവുമാണ് നേതൃതലത്തിലേക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ അദ്ദേഹത്തെ സഹായിച്ചത്. ഇസ്തംബൂള്‍ തുറമുഖത്തെ ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെ മോന്തായത്ത് കയറി കടലിനെ അഭിമുഖീകരിച്ച് പ്രസംഗം പരിശീലിച്ചിരുന്നതൊക്കെ അദ്ദേഹത്തിന്റെ ജീവചരിത്ര കൃതികളില്‍ വായിക്കാം.

യൂത്ത് വിംഗിന്റെ ചുമതല വഹിക്കുമ്പോഴാണ് വനിതാ വിംഗിന്റെ സജീവ പ്രവര്‍ത്തകയായ അമീനയെ കണ്ടുമുട്ടുന്നത്. ഇസ്തംബൂളിന്റെ തെക്കു കിഴക്ക് ഭാഗത്തുള്ള സഅ്ര്‍ദ് നഗരത്തില്‍ ജനിച്ചു വളര്‍ന്ന അമീനയുടെ കുടുംബവേരുകള്‍ അറബ് വംശജരിലേക്ക് നീളുന്നുണ്ട്. 1978-ല്‍ അവര്‍ വിവാഹിതരായി. അവര്‍ തമ്മില്‍ ഒരു വയസ്സിന്റെ പ്രായവ്യത്യാസമേയുള്ളൂ (അമീനയുടെ ജനനം 1955-ല്‍). പിന്നീട് ഒന്നിച്ച് ഹജ്ജ് ചെയ്തു. ഹിജാബ് ധരിച്ച് ഉര്‍ദുഗാനോടൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിന് അള്‍ട്രാ സെക്യുലരിസ്റ്റുകളും സൈനിക മേധാവികളുമൊക്കെ ആ ദമ്പതികളെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ്; അഹ്മദ് ബുറാഖ്, നജ്മുദ്ദീന്‍ ബിലാല്‍, ഇസ്‌റാഅ്, സുമയ്യ. തന്റെ രാഷ്ട്രീയ ഗുരു നജ്മുദ്ദീന്‍ അര്‍ബകാനോടുള്ള ആദര സൂചകമായാണ് രണ്ടാമത്തെ മകന് നജ്മുദ്ദീന്‍ എന്ന് പേരിട്ടത്. മകള്‍ സുമയ്യ ഇടക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുര്‍ക്കി വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് സുമയ്യ പഠിച്ചത് അമേരിക്കയിലാണ്. അതും ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായിരിക്കെ!

 

നേതൃഗുണങ്ങള്‍

ലീഡര്‍ ('റയിസ്') എന്നാണ് തുടക്കം മുതലേ പാര്‍ട്ടി വൃത്തങ്ങളില്‍ ഉര്‍ദുഗാന്‍ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. മുഹമ്മദ് നബി(സ)യാണ് തന്റെ മാതൃകയെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രവാചക ജീവിതത്തിന്റെ സൂക്ഷ്മ രാഷ്ട്രീയത്തെ ഇത്രയേറെ ആവാഹിച്ച മറ്റൊരു രാഷ്ട്രീയ നേതാവിനെയോ രാഷ്ട്ര നായകനെയോ സമീപകാല ചരിത്രത്തില്‍ കണ്ടെത്തുക പ്രയാസം. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വിയോജിപ്പുകളുണ്ട്. രാഷ്ട്രീയ സമ്മര്‍ദങ്ങളാല്‍ പലതരം കാര്‍ക്കശ്യങ്ങളിലേക്കും കേന്ദ്രീകരണങ്ങളിലേക്കും അദ്ദേഹം വഴുതിപ്പോകുന്നുണ്ടെന്നത് സത്യമാണ്. ഈ പോരായ്മകളെല്ലാം ഉള്ളതോടൊപ്പംതന്നെ, പൊതു സമൂഹത്തില്‍ പ്രവാചകന്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ക്ക് പുതുഭാഷ്യം രചിക്കാന്‍ ഉര്‍ദുഗാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്ക് കാണാതിരിക്കാനാവില്ല.

സമൂഹത്തിലെ സാധാരണക്കാരുമായി, പ്രത്യേകിച്ച് അവശ വിഭാഗങ്ങളുമായി പുലര്‍ത്തിയ ആഴത്തിലുള്ള, കൃത്രിമത്വമോ ജാടയോ ഇല്ലാത്ത ഹൃദയബന്ധമാണ് പ്രവാചക ജീവിതത്തില്‍നിന്ന് ഉര്‍ദുഗാന്‍ പകര്‍ത്തിയ മാതൃകകളിലൊന്ന്. എത്ര തിരക്കുണ്ടായാലും സാധാരണക്കാരുടെ സങ്കടങ്ങളില്‍ പങ്കുചേരാന്‍ അദ്ദേഹം ഓടിയെത്തും. പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കും. അവരോടൊപ്പം കണ്ണീര്‍ വാര്‍ക്കും. ഇതിലൊന്നും കാട്ടിക്കൂട്ടലോ അഭിനയമോ ഇല്ല. നേതാവാകുന്നതിനു മുമ്പും ഉര്‍ദുഗാന്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. നേതാവായതിനു ശേഷവും അതില്‍ മാറ്റമുണ്ടായില്ലെന്ന് മാത്രം.

ശരീഫ് തഗ്‌യാന്‍ എഴുതിയ ഉര്‍ദുഗാന്റെ ജീവചരിത്ര കൃതിയില്‍ അദ്ദേഹത്തിന്റെ നേതൃഗുണങ്ങള്‍ എടുത്തു പറയുന്നുണ്ട്:

* നിലപാടുകളിലെ ആര്‍ജവം. ചിലപ്പോഴത് അമിതമായിപ്പോകാറുമുണ്ട്. ഒപ്പം പെരുമാറ്റങ്ങളില്‍ വൈകാരികാംശം കൂടുതലുമായിരിക്കും; പ്രത്യേകിച്ച് സാമൂഹികമായ ഇടപഴക്കങ്ങളില്‍. ഇതാണ് സാധാരണക്കാരെ ആ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കുന്നത്. മേദസ്സില്ലാത്ത നല്ല ഉയരമുള്ള ശരീരം. മുഴങ്ങുന്ന ഗാംഭീര്യമുള്ള ശബ്ദം. ആരും നോക്കിയും കേട്ടും ഇരുന്നുപോകും. പ്രസംഗകന്‍ മാത്രമല്ല നല്ലൊരു കേള്‍വിക്കാരനുമാണ്. തന്നെ വന്നു കാണുന്നവര്‍ പറയുന്ന കാര്യങ്ങള്‍, സാധാരണക്കാരാണെങ്കില്‍ അവരുടെ പരാതികള്‍ എല്ലാം ശ്രദ്ധിച്ചുകേള്‍ക്കും.

* നേതാക്കളും പണ്ഡിതന്മാരുമൊക്കെയുള്ള സദസ്സില്‍ എല്ലാവരെയും അടുത്തുചെന്നു കണ്ട് തന്റെ സ്‌നേഹാദരങ്ങള്‍ അറിയിക്കും. വിശിഷ്ട വ്യക്തിത്വങ്ങളുടെ കൈമുത്താനും മറക്കില്ല. അദ്ദേഹം ഇസ്തംബൂള്‍ മേയറായിരിക്കെ 1996-ല്‍ ലോക ഇസ്‌ലാമിക ചിന്താവികാസത്തെക്കുറിച്ച് ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പ്രമുഖരാണ് അതില്‍ പങ്കെടുത്തത്. അവരില്‍ ഓരോരുത്തരെയും കണ്ട് കുശലാന്വേഷണങ്ങള്‍ നടത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയത് പ്രതിനിധികളില്‍ വലിയ മതിപ്പുളവാക്കി.

* ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്ക് എന്നും അവഗണനയായിരുന്നു മറ്റു നാടുകളിലെന്ന പോലെ തുര്‍ക്കിയിലും. അതിനൊരു മാറ്റം വരുത്തുന്നത് ഉര്‍ദുഗാനാണ്. അവര്‍ക്ക് പ്രത്യേകമായി വാഹനങ്ങളും പൊതുസ്ഥലങ്ങളില്‍ വീല്‍ ചെയറുകളും ഏര്‍പ്പെടുത്തി. അന്ധനായ ലുഖ്മാന്‍ ആയ്‌വായെ 'അക്' പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. അന്ധനായ ഒരാള്‍ തുര്‍ക്കി പാര്‍ലമെന്റിലെത്തുന്നത് ഇതാദ്യമായാണ്.

* രാഷ്ട്രീയ ധീരതയാണ് മറ്റൊരു ഗുണം. ഇസ്തംബൂള്‍ മേയറായിരിക്കെ ഹിജാബ്ധാരിണികളായ നിരവധി സ്ത്രീകളെ പല സുപ്രധാന ഔദ്യോഗിക ചുമതലകളും അദ്ദേഹം ഏല്‍പിക്കുകയുണ്ടായി. സൈന്യവും ഭരണകൂടവും മീഡിയയും ചുവപ്പുകണ്ട പോരുകാളയെപ്പോലെ ചാടിവീണെങ്കിലും തന്റെ തീരുമാനത്തില്‍നിന്ന് അദ്ദേഹം പിറകോട്ടു പോയില്ല. ഹിജാബ്ധാരിണികളുടെ സംഘങ്ങള്‍ 'അക്' പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ചാലകശക്തികളായി മാറുന്നതാണ് പിന്നീട് നാം കാണുന്നത്. വീട് കയറിയുള്ള പ്രചാരണത്തില്‍ അവരുടെ അടുത്തെങ്ങുമെത്താന്‍ മറ്റു പാര്‍ട്ടികളിലെ വനിതാ വിംഗുകള്‍ക്കൊന്നും സാധ്യമായില്ല.

* നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലുള്ള ശുഷ്‌കാന്തി. 2010-ല്‍ ഉര്‍ദുഗാന്റെ സഹോദരപുത്രന്‍ ഒരു മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. നിയമവിരുദ്ധമായി ഒരിടപെടലും നടത്താന്‍ അദ്ദേഹം തയാറായില്ലെന്നു മാത്രമല്ല, വിചാരണയും മറ്റും വേഗത്തിലാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചട്ടവിരുദ്ധമായി നിര്‍മിച്ച പ്രമുഖരുടെ വീടുകളും വില്ലകളും അദ്ദേഹം പൊളിച്ചുനീക്കുകയുണ്ടായി. മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെയായ തുര്‍ഗത്ത് ഒസാലിന്റെ വീടും അതില്‍പെടും.

* തനിക്കുള്ള പോരായ്മകളും കുറവുകളും സമ്മതിക്കുന്നതിനോ തുറന്നുപറയുന്നതിനോ യാതൊരു മടിയുമില്ല. ഇമാം-ഖത്വീബ് സെക്കന്ററി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കഷ്ടിച്ച് ഒരു ബിരുദം സമ്പാദിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. രാഷ്ട്രീയത്തിരക്കുകള്‍ കാരണം വര്‍ഷങ്ങളെടുത്തു ബിരുദപഠനം പൂര്‍ത്തിയാക്കാന്‍. ബിരുദപഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പറയുന്നവരും ഉണ്ട്. ടര്‍ക്കിഷ് അല്ലാത്ത മറ്റൊരു ഭാഷയും അറിയില്ലെന്നത് ലോക രാഷ്ട്രീയത്തില്‍ മല്ലന്മാരോട് പയറ്റാനിറങ്ങുന്ന ഒരു രാഷ്ട്രനായകന് വലിയ പരിമിതി തന്നെയാണ്. ഇത് അദ്ദേഹം മറികടക്കുന്നത് ഓരോ വിഷയത്തിലും പ്രാഗത്ഭ്യമുള്ള യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരുടെ പ്രത്യേകം പ്രത്യേകം ഉപദേശക സമിതികള്‍ രൂപവത്കരിച്ചുകൊണ്ടാണ്. ഇസ്തംബൂള്‍ മേയറായിരിക്കെ തന്നെ അദ്ദേഹം വിദഗ്‌ധോപദേശം തേടിവരുന്നുണ്ട്.

* മരിച്ചയാളുടെ വീട്ടില്‍ വളരെ അപ്രതീക്ഷിതമായിട്ടായിരിക്കും ചിലപ്പോള്‍ ഉര്‍ദുഗാന്‍ പ്രത്യക്ഷപ്പെടുക. മയ്യിത്ത് വീട്ടില്‍നിന്ന് പുറത്തേക്കെടുത്താല്‍ മയ്യിത്ത് കട്ടിലിന്റെ ഒരറ്റം തോളിലേറ്റി അദ്ദേഹം മുമ്പിലുണ്ടാവും. ഇതിലൊന്നും തുര്‍ക്കികള്‍ക്ക് ഒരു അതിശയവും തോന്നില്ല. എത്രയോ കാലമായി അദ്ദേഹം തുടര്‍ന്നുവരുന്ന രീതികളാണത്. സ്‌പോര്‍ട്‌സ് ക്ലബുകള്‍ പന്തുകളിക്കാന്‍ ക്ഷണിച്ചാലും സമയമുണ്ടെങ്കില്‍ അദ്ദേഹം പോകും. യുവാക്കളുമായി ചങ്ങാത്തം കൂടും. 2006-ല്‍ ഫിന്‍ലന്റില്‍ വെച്ച് യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ രാഷ്ട്രനേതാക്കളുടെ ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ മാറ്റുരച്ചപ്പോള്‍ തന്റെ ടീമിനു വേണ്ടി ഒരു ഗോള്‍ നേടി ഉര്‍ദുഗാന്‍ ശ്രദ്ധാകേന്ദ്രമായി.

ഇസ്തംബൂളിലെ ഖാസിംപാഷ തെരുവില്‍ നാരങ്ങാവെള്ളം വിറ്റു നടന്നിരുന്ന ആ ദരിദ്ര ബാലന്‍ പടവുകള്‍ ഓരോന്ന് ചവിട്ടിക്കയറി രാഷ്ട്രത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ആ രാത്രി ഖാസിംപാഷ തെരുവ് ഉറങ്ങിയില്ല. അവരുടെ ആഹ്ലാദത്തിന് അതിരുകളുണ്ടായിരുന്നില്ല. അവര്‍ ആര്‍ത്തുവിളിച്ചു: ''ഉര്‍ദുഗാന്‍ ഞങ്ങളുടെ അഭിമാനം. ഇന്നുമുതല്‍ ഞങ്ങളെയൊരുത്തനും പരിഹസിക്കാനോ ഇടിച്ചുതാഴ്ത്താനോ നോക്കണ്ട.''

ഒരു രാഷ്ട്രം അതിന്റെ നേതാക്കളെ നെഞ്ചേറ്റുന്നത് പലവിധത്തിലാകും. ആ സ്‌നേഹപ്രകടനത്തിന്റെ ഒരു രൂപം മക്കള്‍ക്കും പേരമക്കള്‍ക്കും ആ നേതാക്കളുടെ പേരുകള്‍ നല്‍കുക എന്നതാണ്. 'യനിശഫഖ്' എന്ന തുര്‍ക്കി പത്രത്തിന്റ കണക്കനുസരിച്ച്, 2009 സെപ്റ്റംബര്‍ വരെ 'റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍' എന്ന പേരുള്ളവര്‍ തുര്‍ക്കിയില്‍ 77 പേരാണ്. 'റജബ് ത്വയ്യിബ്' എന്ന് പേരുള്ളവര്‍ 2150-ഉം. കഴിഞ്ഞ ആറേഴ് വര്‍ഷത്തിനിടക്ക് പുതുതലമുറയിലെ ധാരാളം പേര്‍ക്ക് പിന്നെയും ഈ പേരുകള്‍ ലഭിച്ചിട്ടുണ്ടാവണം.

 

തുര്‍ഗത്ത് ഒസാല്‍ യുഗം

1980-ല്‍ സൈന്യം അധികാരം പിടിച്ചപ്പോള്‍ ഉര്‍ദുഗാന്‍ അംഗമായ അര്‍ബകാന്റെ സലാമത്ത് പാര്‍ട്ടിയുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പരിച്ചുവിട്ടു. അപ്പോഴാണ് അര്‍ബകാന്‍ റഫാഹ് (വെല്‍ഫെയര്‍) പാര്‍ട്ടി രൂപവത്കരിക്കുന്നത്. ആദര്‍ശവും ലക്ഷ്യവുമെല്ലാം സലാമത്ത് പാര്‍ട്ടിയുടേതുതന്നെ. ഉര്‍ദുഗാനും ഭാര്യ അമീനയും ആ പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകരായി. 1984-ല്‍ ഉര്‍ദുഗാന്‍ ബയോഗ്‌ലു മേഖലാ റഫാഹ് പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം തന്നെ ഇസ്തംബൂള്‍ നഗരത്തിന്റെ റഫാഹ് പാര്‍ട്ടി അധ്യക്ഷനായി ഉര്‍ദുഗാനെ പാര്‍ട്ടി ചെയര്‍മാന്‍ അര്‍ബകാന്‍ നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹക സമിതിയിലേക്കും ഈ 31-കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ബകാന്‍ തന്റെ പിന്‍ഗാമിയെ ഈ ചെറുപ്പക്കാരനില്‍ കണ്ടെത്തുകയായിരുന്നു. അതു സംബന്ധമായ സൂചനകള്‍ അര്‍ബകാന്റെ സംസാരങ്ങളില്‍ കടന്നുവരാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ''നേതൃശേഷിയുള്ള ചെറുപ്പക്കാരനാണ് ഉര്‍ദുഗാന്‍.  പക്ഷേ, വീറും 'സിദ്ധാന്ത ശാഠ്യ'വും അല്‍പം കൂടുതലാണ്. ഞാനാണെങ്കില്‍ കുറേക്കൂടി പ്രായോഗികമായി ചിന്തിക്കുന്നവനാണ്.'' ഒടുവില്‍ ഗുരുവും ശിഷ്യനും രാഷ്ട്രീയത്തില്‍ വേര്‍പിരിഞ്ഞപ്പോള്‍ ആളുകള്‍ പറഞ്ഞു: ''അര്‍ബകാന്‍ സിദ്ധാന്തശാഠ്യക്കാരനാണ്. ഉര്‍ദുഗാനാണ് പ്രായോഗികമായി ചിന്തിക്കുന്നത്.'' ഈ കീഴ്‌മേല്‍ മറിച്ചില്‍ എങ്ങനെ സംഭവിച്ചു? ഉര്‍ദുഗാന്‍ എന്ന രാഷ്ട്രീയക്കാരന്‍ നിന്നേടത്ത് നില്‍ക്കുകയായിരുന്നില്ല. കാലം ആവശ്യപ്പെടുന്ന പരിണാമം അദ്ദേഹം ഓരോ ഘട്ടത്തിലും സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേക്കുറിച്ച് പിന്നീട്.

ഉര്‍ദുഗാന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച തൊള്ളായിരത്തി എണ്‍പതുകള്‍ തുര്‍ക്കിയുടെ ചരിത്രത്തിലും വളരെ നിര്‍ണായകമായിരുന്നു. തുര്‍ഗത്ത് ഒസാല്‍ യുഗം എന്ന് നമുക്കതിനെ വിളിക്കാം. അട്ടിമറിക്കു ശേഷം സൈന്യം തട്ടിക്കൂട്ടിയ മന്ത്രിസഭയില്‍ സഹമന്ത്രിയായിട്ടായിരുന്നു തുര്‍ഗത്ത് ഒസാലിന്റെ (1927-1993) രാഷ്ട്രീയ രംഗപ്രവേശം. പിന്നെ ഉപപ്രധാനമന്ത്രിയായി. 1983-ല്‍ സൈന്യം പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒസാല്‍ 'മദര്‍ലാന്റ് പാര്‍ട്ടി' (അനവത്വന്‍ പാര്‍ട്ടിസി)ക്ക് രൂപം നല്‍കുകയും തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയാവുകയും ചെയ്തു. രണ്ടു തവണ പ്രധാനമന്ത്രിയും (1983-1989) ഒരു തവണ പ്രസിഡന്റും (1989-1993) ആയിരുന്നിട്ടുണ്ട് അദ്ദേഹം. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ജനകീയാടിത്തറ ഒരുക്കുന്നതില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ കാലഘട്ടമായിരുന്നു ഇത്. 

എണ്‍പതുകളുടെ തുടക്കത്തില്‍ സൈന്യം അധികാരം പിടിച്ചടക്കിയപ്പോള്‍ അവര്‍ വേട്ടയാടിയത് കാര്യമായും തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളെയായിരുന്നു. അവയെ നേരിടാന്‍ വിവിധ നൂര്‍സി-നഖ്ശബന്ദി ആത്മീയ ധാരകളെ സൈന്യം ഉപയോഗിക്കുകയും ചെയ്തു. സൈന്യം ഒസാലിനെ തെരഞ്ഞെടുത്തത് പോലും അദ്ദേഹത്തിന്റെ മതാഭിമുഖ്യം കൂടി കണക്കിലെടുത്താണ് എന്നു വേണം കരുതാന്‍. 1950-ല്‍ ഇസ്തംബൂള്‍ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ഒസാല്‍ അന്നേ ഒരു 'ഇസ്‌ലാമിസ്റ്റ് വിമതന്‍' ആയിരുന്നു. ഒസാലും ഏതാനും വിദ്യാര്‍ഥികളും കാവല്‍ക്കാരന്റെ മുറിയില്‍ കയറി വാതിലടച്ച് നമസ്‌കാരം നിര്‍വഹിക്കാറുായിരുന്നു. ഇവരിലൊരാള്‍ അര്‍ബകാനായിരുന്നു. ഒസാലിനേക്കാള്‍ രണ്ട് വര്‍ഷം സീനിയറായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് പ്രധാനമന്ത്രിയായ സുലൈമാന്‍ ദമിറേല്‍ ഒസാലിന്റെ ക്ലാസ്‌മേറ്റും. ബിരുദമെടുത്ത ശേഷം ഒസാല്‍ തുടര്‍പഠനത്തിന് പോകുന്നത് അമേരിക്കയില്‍. പഠനവും തൊഴിലുമായി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം തുര്‍ക്കിയില്‍ തിരിച്ചെത്തുന്നത്. അപ്പോഴേക്കും നല്ല അനുഭവസമ്പത്തുള്ള ഒരു സാമ്പത്തിക വിദഗ്ധനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

ഇസ്‌ലാമിക മൂല്യങ്ങളെയും ഉസ്മാനീ ഭരണ-സാംസ്‌കാരിക പൈതൃകത്തെയും സമകാലിക ജീവിതത്തിലേക്ക് ഇറക്കിക്കൊണ്ടുവന്നു എന്നതാണ് ഒസാല്‍ യുഗത്തിന്റെ വലിയ സംഭാവന എന്നു പറയാം. സൂഫി സെക്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ കൂട്ടായ്മകളെയും വളരെ പുരോഗമനാത്മകമായ നിലയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വിദ്യാഭ്യാസ വ്യവസ്ഥയെ അദ്ദേഹം 'ഇസ്‌ലാമീകരിച്ചു.' അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വഹബി ദിന്‍ഷെസര്‍ലര്‍ അറിയപ്പെടുന്ന ഒരു നഖ്ശബന്ദി 'മുരീദ്' ആയിരുന്നു. കമാലിസം വികലമായി എഴുതിവെച്ച ചരിത്ര പാഠപുസ്തകങ്ങള്‍ നീക്കംചെയ്യുകയും യഥാര്‍ഥ ചരിത്രവും സംസ്‌കാരവും രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ പകരം വെക്കുകയും ചെയ്തു. ഒസാല്‍ തന്നെയും ഒരു നഖ്ശബന്ദി കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും.

ഉര്‍ദുഗാന്റെ സാമ്പത്തിക നയങ്ങളുടെയെല്ലാം മുന്‍ മാതൃക ഒസാല്‍ യുഗത്തില്‍നിന്ന് കണ്ടെടുക്കാനാവും. നവ ലിബറല്‍ സാമ്പത്തിക നയങ്ങളാണ് ഒസാല്‍ നടപ്പാക്കിയത്. ബ്യൂറോക്രസിയുടെ കെട്ടുപാടുകളില്‍നിന്ന് അദ്ദേഹം സമ്പദ്ഘടനയെ മോചിപ്പിച്ചു. സ്വകാര്യ സംരംഭങ്ങള്‍ക്ക് വന്‍ പ്രോത്സാഹനമേകി. മധ്യ-ചെറുകിട സംരംഭകര്‍ 'അനത്തോലിയന്‍ കടുവകളാ'(Antolian Tigers) ശക്തിയാര്‍ജിക്കുന്നതും MUSAID പോലുള്ള ജനകീയ ബിസിനസ് കൂട്ടായ്മകള്‍ ഉയര്‍ന്നുവരുന്നതും ഈ ഘട്ടത്തിലാണ്. ഈ കൂട്ടായ്മകള്‍ പിന്നീട് ഉര്‍ദുഗാന്റെയും രാഷ്ട്രീയ പിന്‍ബലമായി മാറുന്നുണ്ട്.

നവലിബറല്‍ ആശയങ്ങള്‍ ഒസാല്‍ കടമെടുത്തത് അമേരിക്കയില്‍നിന്നായിരുന്നെങ്കിലും, ഇസ്‌ലാമിക സാമൂഹിക നീതിയുടെ ചട്ടക്കൂടില്‍ നവലിബറലിസത്തിന് പുതിയൊരു മുഖം നല്‍കുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും താങ്ങാവുന്ന തരത്തിലായിരുന്നു ആ നവലിബറല്‍ നയങ്ങള്‍ പ്രവര്‍ത്തനക്ഷമമായത്. അതിനെ, കുത്തകകളെയും കോര്‍പറേറ്റുകളെയും വഴിവിട്ട് സഹായിക്കുന്ന, പാവങ്ങളെയും ചെറുകിട സംരംഭകരെയും കുത്തുപാളയെടുപ്പിക്കുന്ന അമേരിക്കന്‍ നവലിബറലിസവുമായി, അത് അതേപടി പകര്‍ത്തിവെക്കുന്ന നമ്മുടെ നാട്ടിലെ നവലിബറലിസവുമായി താരതമ്യപ്പെടുത്തുന്നതില്‍ വലിയ അപാകതയുണ്ട്.

ജനാധിപത്യത്തെയും സെക്യുലരിസത്തെയും ദേശീയതയെയും ആഗോളവത്കരണത്തെയും നവലിബറലിസത്തെയും സ്വകാര്യവത്കരണത്തെയുമൊക്കെ പക്കാ സിദ്ധാന്തങ്ങളായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. സിദ്ധാന്തം എന്നതിനേക്കാളുപരി, ചട്ടക്കൂട് എന്ന പ്രയോഗമാണ് ഇവക്ക് ചേരുക. ആരാണോ നടപ്പാക്കുന്നത്, അവരുടെ ആശയവും ആദര്‍ശവുമനുസരിച്ച് മേല്‍പ്പറഞ്ഞ ഓരോന്നിന്റെയും ഘടനയും സ്വഭാവവും മാറും. ഓരോ മനുഷ്യനും, അവന്റെ സാമ്പത്തികവും വംശീയവും കുടുംബപരവുമായ നില എന്തുമാകട്ടെ, സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ഭരണവ്യവസ്ഥയില്‍ ഇടപെടാനും അധികാരവും അവകാശവുമുണ്ട് എന്ന അര്‍ഥത്തില്‍ ജനാധിപത്യത്തെ നിര്‍വചിച്ചാല്‍ അതിന്റെ എക്കാലത്തെയും മികച്ച പ്രായോഗിക മാതൃക അബൂബക്‌റും ഉമറും ഉസ്മാനും അലിയും (റ) നേതൃത്വം നല്‍കിയ ഖിലാഫത്തുര്‍റാശിദയാണ് എന്ന് കാണാം. ജനാധിപത്യത്തിന്റെ ജന്മഗൃഹമായി കൊട്ടിഘോഷിക്കപ്പെടുന്ന ഗ്രീസില്‍ പ്രഭുക്കന്മാര്‍ക്ക് മാത്രമായിരുന്നു വോട്ടവകാശം. ജനസംഖ്യയില്‍ പകുതിയോളം വരുന്ന അടിമകളെ മനുഷ്യരായിപ്പോലും കണ്ടിരുന്നില്ല. ഇതിന്റെയൊക്കെ പരിഷ്‌കരിച്ച രൂപമാണ് പാശ്ചാത്യനാടുകളിലെ ജനാധിപത്യപരം എന്ന് പറയപ്പെടുന്ന സംവിധാനങ്ങള്‍. അവ പുറത്തുവിടുന്ന വംശീയതയും വിവേചനവും ജനാധിപത്യമായി തെറ്റിദ്ധരിക്കപ്പെടുകയാണ്. ജനാധിപത്യത്തിനല്ല, അത് കൊണ്ടുനടക്കുന്നവര്‍ക്കാണ് തകരാറ്. നേരത്തേ നാം പറഞ്ഞതുപോലെ, ഓരോ നാട്ടിലും സെക്യുലരിസത്തിന് വ്യത്യസ്ത നിര്‍വചനങ്ങള്‍ ഉണ്ടായത് അതൊരു സിദ്ധാന്തമല്ല, ചട്ടക്കൂടാണ് എന്നതുകൊണ്ടാണ്. ഏത് ജനവിഭാഗത്തിനും തങ്ങളുടെ ആശയങ്ങള്‍ക്കൊത്ത് അവയെ രൂപപ്പെടുത്താനാവും.

ആഗോളവത്കരണവും നവ ലിബറലിസവുമൊക്കെ തങ്ങളുടേതാക്കി മാറ്റണമെന്ന് പ്രഫ. ഖുര്‍ശിദ് അഹ്മദിനെപ്പോലുള്ള ഇസ്‌ലാമിക ചിന്തകര്‍ മുസ്‌ലിം ലോകത്തെ ഉണര്‍ത്തുന്നത് അതുകൊണ്ടാണ്. അവയെ അപ്പാടെ നിരാകരിക്കുകയല്ല വേണ്ടത്. അതോടൊപ്പം, അവയെ നിലവില്‍ കൊണ്ടു നടത്തുന്ന അധീശ പ്രത്യയശാസ്ത്രങ്ങളെ ഒഴിവാക്കാനും ഇസ്‌ലാമിക ബദലുകള്‍ വെച്ചുകൊടുക്കാനും ശ്രദ്ധവെക്കുകയും വേണം. ഒസാലും പിന്നീട് ഉര്‍ദുഗാനും സ്വീകരിച്ച നവലിബറലിസം പാശ്ചാത്യരില്‍നിന്ന് അപ്പടി പകര്‍ത്തിയതായിരുന്നില്ലെന്നും, ഇസ്‌ലാമിക മൂല്യവ്യവസ്ഥയാല്‍ പരിഷ്‌കരിച്ച് പാവങ്ങളോട് ആഭിമുഖ്യം (Pro-Poor) പുലര്‍ത്തുന്ന വിധത്തില്‍ അതിനെ മാറ്റിത്തീര്‍ക്കുകയായിരുന്നുവെന്നും ആനുഷംഗികമായി സൂചിപ്പിച്ചെന്നുമാത്രം.

 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍