ത്വാലൂത്ത്-ജാലൂത്ത് ചരിത്രത്തിലെ പാഠങ്ങള്‍
കാലങ്ങളായി സുഖസൗകര്യങ്ങളില്‍ മുഴുകി അശ്രദ്ധരായ ഒരു സമുദായത്തെ ഉണര്‍ത്തി അവരെ പ്രവര്‍ത്തനസജ്ജരാക്കുകയെന്നതും ശത്രുക്കള്‍ക്കെതിരെ വിജയം നേടാന്‍ അവരെ പ്രാപ്തരാക്കുകയെന്നതും ശ്രമകരമായ ഒരു ജോലിയാണ്. ഖുര്‍ആനില്‍ ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥയില്‍ ഇത്തരമൊരു സാഹസത്തെയാണ് വരച്ചുകാണിക്കുന്നത്. ഒരു സമുദായത്തെ പടിപടിയായി ഉണര്‍ത്തിയതെങ്ങനെയെന്നും അവരെ വലിയ ദൗത്യത്തിന് തയാറാക്കിയതെങ്ങനെയെന്നും അല്ലാഹു വിവരിക്കുന്നുണ്ട്. ആ സമൂഹത്തിന്റെ നിഷ്‌ക്രിയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരു അമാനുഷികനെ അയച്ചുതരണേ എന്ന പ്രാര്‍ഥന തന്നെ. അവര്‍ മൃതതുല്യരായിരുന്നു. ചെയ്യാവുന്ന പണികള്‍പോലും ചെയ്യാനുള്ള ആത്മവിശ്വാസം അവര്‍ക്കില്ലായിരുന്നു. ഒരു അമാനുഷികനായ രാജാവ് വന്നാലല്ലാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നായിരുന്നു അവരുടെ ചിന്ത. ആ സമുദായത്തെ ഉണര്‍ത്താന്‍ ത്വാലൂത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു വിവരിക്കുന്നതിനെ വിവിധ ഘട്ടങ്ങളായി നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:
1) ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വിശ്വാസങ്ങളെ ശരിപ്പെടുത്തി മനസ്സില്‍നിന്ന് മരണത്തെ കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയെന്നതാണ് ഒന്നാമത്തെ ഘട്ടം. ത്വാലൂത്ത്-ജാലൂത്ത് കഥയിലേക്ക് കടക്കുന്നതിനു മുമ്പേ മറ്റൊരു കൂട്ടം ആളുകളുടെ കഥ പറഞ്ഞുകൊണ്ടാണ് ഖുര്‍ആന്‍ ഇക്കാര്യം വിവരിക്കുന്നത്. ''ആയിരങ്ങളുണ്ടായിട്ടും മരണഭയത്താല്‍ തങ്ങളുടെ വീടുവിട്ടിറങ്ങിയ ജനതയുടെ അവസ്ഥ നീ കണ്ടില്ലേ? അല്ലാഹു അവരോട് കല്‍പിച്ചു: 'നിങ്ങള്‍ മരിക്കൂ.' പിന്നെ അല്ലാഹു അവരെ ജീവിപ്പിച്ചു. ഉറപ്പായും അല്ലാഹു മനുഷ്യരോട് ഔദാര്യമുള്ളവനാണ്. എന്നാല്‍ മനുഷ്യരിലേറെ പേരും നന്ദികാണിക്കുന്നില്ല'' (അല്‍ബഖറ 243).
ദൈവമാര്‍ഗത്തില്‍ സമരംചെയ്തും അല്ലാതെയും മരിക്കാനുള്ള പേടികൊണ്ട് പിന്തിരിഞ്ഞുപോയ ഒരു വിഭാഗത്തിന്റെ കഥയാണിത്. അല്ലാഹു അവരെ മരിപ്പിച്ചു. മരണമെന്നത് അല്ലാഹുവിന്റെ കൈകളിലാണെന്നും അവന്റെ കണക്കനുസരിച്ചാണ് അത് നടക്കുന്നതെന്നും പഠിപ്പിക്കലായിരുന്നു അതിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ കണക്കുകളില്‍നിന്നും അവധികളില്‍നിന്നും ഓടിരക്ഷപ്പെടാനാകില്ല. ഈ വിശ്വാസം അടിയുറക്കുന്നതോടെ മരണത്തെ ഭയപ്പെട്ട് ഒരാളും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളും സമരങ്ങളും ഉപേക്ഷിക്കുകയില്ല.
മരണവും ജീവിതവും എല്ലാം പൂര്‍ണമായും അല്ലാഹുവിന്റെ കൈകളിലാണെന്നും, തന്റെ ജീവിതത്തില്‍ എന്തെങ്കിലും കൂട്ടാനോ കുറക്കാനോ ലോകത്ത് മറ്റാര്‍ക്കും സാധിക്കില്ലെന്നുമുള്ള വിശ്വാസം സ്ഥാപിക്കുകയെന്നതാണ് ഒരു സമുദായത്തെ ധീരരായി എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാന ഘടകം.
2) സമൂഹത്തെ തങ്ങളുടെ യഥാര്‍ഥ അവസ്ഥയെ കുറിച്ച് ബോധവാന്മാരാക്കുകയെന്നതാണ് അടുത്ത ഘട്ടം. ഈ ബോധ്യമുള്ളവരെ സംഘടിപ്പിക്കാനും സാധിക്കണം. അവരില്‍ ആധിപത്യമുള്ളവരെ (മലഅ്) ഈയൊരു കാര്യം സമ്മതിപ്പിക്കാനും കഴിയണം.
ത്വാലൂത്ത്-ജാലൂത്ത് കഥയില്‍ അവിടെയുള്ള പ്രധാന ആളുകളും സമൂഹത്തിലെ ഉന്നതരും ഒരു കാര്യത്തില്‍ ഒരുമിക്കുന്നുണ്ട്. ഈ പതിത്വത്തില്‍നിന്നും നിന്ദ്യതകളില്‍നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നതാണത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഒരു നേതാവിനെ അയച്ചുതരാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഇപ്രകാരം സമൂഹത്തിലെ ബുദ്ധിയും ശേഷിയുമുള്ളവരെ സംഘടിപ്പിച്ച് സമുദായത്തിന്റെ അവസ്ഥ അവരെ ബോധ്യപ്പെടുത്തുകയെന്നതാണ് ഇവിടെ സംഭവിക്കുന്നത്. സമൂഹത്തിന്റെ ഈ സ്വയംബോധത്തെയും അതിലൂടെയുള്ള അല്ലാഹുവോടുള്ള തേടലിനെയും കുറിച്ച് അല്ലാഹു പറയുന്നു: ''നീ അറിഞ്ഞിട്ടുണ്ടോ? മൂസാക്കുശേഷമുള്ള ഇസ്രാഈലീ പ്രമാണിമാരുടെ കാര്യം? അവര്‍ തങ്ങളുടെ പ്രവാചകനോടു പറഞ്ഞു: ഞങ്ങള്‍ക്കൊരു രാജാവിനെ നിശ്ചയിച്ചുതരിക. ഞങ്ങള്‍ ദൈവമാര്‍ഗത്തില്‍ പടപൊരുതാം'' (അല്‍ബഖറ 246).
3) സ്വപ്‌നങ്ങളെയും സങ്കല്‍പങ്ങളെയും അനിവാര്യമായ യാഥാര്‍ഥ്യങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് അടുത്ത ഘട്ടം. വ്യാമോഹങ്ങളും ദൃഢനിശ്ചയങ്ങളും വേര്‍തിരിയുന്ന നിര്‍ണായക ഘട്ടമാണിത്. ഇവിടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറ്റം പറയുക എന്നതിനപ്പുറത്തേക്ക് അവയെ എങ്ങനെ മാറ്റാമെന്നും നീക്കാമെന്നുമാണ് ആലോചിക്കേണ്ടിവരുന്നത്. സ്വാഭാവികമായും ആദ്യം പറഞ്ഞ ഘട്ടത്തെ പോലെ എല്ലാവര്‍ക്കും മറികടക്കാന്‍ സാധിക്കുന്ന ഘട്ടമല്ലിത്. പ്രതിസന്ധിയെ മറികടക്കാന്‍ താന്‍ ചെയ്യേണ്ടിവന്നേക്കാവുന്ന വലിയ ത്യാഗങ്ങളും സഹിക്കേണ്ടിവരുന്ന നഷ്ടങ്ങളും മുന്‍ധാരണയില്ലാത്ത വലിയ വിഭാഗം ഇവിടെ ഇടറിവീഴാനാണ് സാധ്യത.
ദൈവമാര്‍ഗത്തിലെ സമരത്തില്‍ ഞങ്ങളെ നയിക്കാന്‍ ഒരു രാജാവിനെയോ അമാനുഷികനെയോ അയക്കണമെന്ന് ആവശ്യപ്പെടാന്‍ സമൂഹത്തിലെ പ്രമുഖരെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരില്‍ പലരും പിന്തിരിഞ്ഞതിനെ കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നത് ഈ ഘട്ടത്തെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അല്ലാഹു പറയുന്നു: ''പ്രവാചകന്‍ ചോദിച്ചു: 'യുദ്ധത്തിന് കല്‍പന കിട്ടിയാല്‍ പിന്നെ, നിങ്ങള്‍ യുദ്ധം ചെയ്യാതിരുന്നേക്കുമോ?' അവര്‍ പറഞ്ഞു: 'ദൈവമാര്‍ഗത്തില്‍ ഞങ്ങളെങ്ങനെ പൊരുതാതിരിക്കും; ഞങ്ങളെ സ്വന്തം വീടുകളില്‍നിന്നും മക്കളില്‍നിന്നും ആട്ടിപ്പുറത്താക്കിയിരിക്കെ?' എന്നാല്‍ യുദ്ധത്തിന് കല്‍പന കൊടുത്തപ്പോള്‍ അവര്‍ പിന്തിരിഞ്ഞുകളഞ്ഞു; ചുരുക്കം ചിലരൊഴികെ. അല്ലാഹു അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്'' (അല്‍ബഖറ 246).
4) ദൈവഭക്തനായ നേതാവുണ്ടാവുക എന്നത് ഒരു സമൂഹത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. സമുദായം മുഴുവന്‍ ഒറ്റക്കെട്ടായി ഐക്യത്തോടെ ഭയഭക്തിയും അറിവും ശക്തിയുമുള്ള നേതാവിന്റെ കീഴില്‍ അണിനിരക്കുകയെന്നതാണ് ഈ ഘട്ടം. അല്ലാഹു നല്‍കിയിട്ടുള്ള ശരീഅത്തിന്റെ വിധികള്‍ക്കനുസരിച്ച് ജീവിക്കുന്നവര്‍ക്കേ ഇത്തരമൊരു കാര്യം സാധ്യമാവുകയുള്ളൂ. ഇഛകളെയും വിവിധ താല്‍പര്യങ്ങളെയും പിന്‍പറ്റുന്നവര്‍ ഭിന്നിച്ചുനില്‍ക്കുക മാത്രമേ ചെയ്യൂ. സമ്പത്തിന്റെയോ താന്‍പോരിമയുടെയോ പിന്തുണയോടെ അഹങ്കരിക്കുന്ന വിഭാഗമായിരിക്കും ഈ ഒരുമക്കും, നേതാവിനും ഏറ്റവും വലിയ വെല്ലുവിളി. നേരത്തേ പറഞ്ഞ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവര്‍ (മലഅ്) ആയിരിക്കും ഈ വിഭാഗം.
ത്വാലൂത്തിന്റെ കഥയില്‍ അല്ലാഹു വിവരിക്കുന്നതു കാണുക: ''അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: 'അല്ലാഹു ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി നിശ്ചയിച്ചിരിക്കുന്നു.' അവര്‍ പറഞ്ഞു: 'അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? രാജത്വത്തിന് അയാളേക്കാള്‍ യോഗ്യത ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ പണക്കാരനുമല്ല.' പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്കുമേല്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും വൈജ്ഞാനികവുമായ കഴിവ് ധാരാളമായി നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം താനിഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും'' (അല്‍ബഖറ 247).
5) അല്ലാഹുവില്‍നിന്നുള്ള പ്രത്യേക അറിവും സഹായവും വഹ്‌യും ലഭിച്ച പ്രവാചകന്മാരെ പിന്‍പറ്റുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. മാത്രമല്ല തങ്ങളുടെ നേതാവിനെ അനുസരിക്കുകയും അദ്ദേഹത്തിന്റെ കല്‍പനകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് പ്രവാചകന്മാരുടെ മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാവുകയെന്നതാണ് ഈ ഘട്ടത്തിന്റെ സവിശേഷത. അല്ലാഹുവിന്റെ അറിവും (ഗ്രന്ഥം) പ്രായോഗിക പരിജ്ഞാനവും (ഹിക്മ) ലഭിച്ച പ്രവാചകന്മാരെ പിന്‍പറ്റുകയെന്നത് ഏതു കാലത്തും വിജയത്തിന് അനിവാര്യമാണ്.
ത്വാലൂത്തിന്റെ കഥയില്‍ മൂസാ(അ)യുടെ പ്രവാചകത്വത്തിന്റെ ശേഷിപ്പുകളായ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ണയിച്ചുതന്ന നേതാവും രാജാവുമായ ആള്‍ കൊണ്ടുവരുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അത് മൂസാക്ക് നല്‍കപ്പെട്ട ഏടുകളും തൗറാത്തുമാകാം, അല്ലെങ്കില്‍ പ്രായോഗികമായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് മൂസാ (അ) ഉപയോഗിച്ച അത്ഭുതസിദ്ധികളുടെ ശേഷിപ്പുകളാകാം. അല്ലാഹു പറയുന്നത് കാണുക: ''അവരുടെ പ്രവാചകന്‍ അവരോട് പറഞ്ഞു: അദ്ദേഹത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങള്‍ക്ക് തിരിച്ചുകിട്ടലാണ്. അതില്‍ നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാന്തിയുണ്ട്; മൂസായുടെയും ഹാറൂന്റെയും കുടുംബം വിട്ടേച്ചുപോയ ശേഷിപ്പുകളും. മലക്കുകള്‍ അതു ചുമന്നുകൊണ്ടുവരും. തീര്‍ച്ചയായും നിങ്ങള്‍ക്കതില്‍ മഹത്തായ തെളിവുണ്ട്. നിങ്ങള്‍ വിശ്വാസികളെങ്കില്‍'' (അല്‍ബഖറ 248).
അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) നമുക്കു വേണ്ടി ഉപേക്ഷിച്ചുപോയ കാര്യങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അവയുടെ അടിസ്ഥാനത്തില്‍ സമുദായത്തെ നയിക്കാന്‍ സാധിക്കുന്ന നേതാവുണ്ടാവുകയെന്നതാണ് ഈ ഘട്ടത്തിന്റെ ആവശ്യം.
6) സമുദായത്തിലെ കപടവിശ്വാസികളെയും ഒറ്റുകാരെയും (മുനാഫിഖുകള്‍) വേര്‍തിരിക്കുന്ന പരീക്ഷണമാണ് അടുത്ത ഘട്ടം. സമുദായത്തെ പുനരുദ്ധരിക്കുകയും വിജയത്തിനായി പോരാടുകയും ചെയ്യുമ്പോള്‍ ധാരാളം പ്രതിസന്ധികളും പ്രയാസങ്ങളും വിശ്വാസികള്‍ക്കു മുമ്പില്‍ വരാനുണ്ട്. ആ പ്രയാസങ്ങളും പ്രതിസന്ധികളും ഒരിക്കലും വെറുതെയാവില്ല. അവയിലൂടെ വിശ്വാസികളുടെ അണികളിലുള്ള വിടവുകളും പൊട്ടുകളും വളവുകളും പരിഹരിക്കപ്പെടുകയാണ് ചെയ്യുക. വിശ്വാസികള്‍ക്കിടയില്‍തന്നെ ആരെല്ലാമാണ് ഇഹലോക നേട്ടങ്ങളാഗ്രഹിക്കുന്നത്, ആരെല്ലാമാണ് പരലോകത്തെ മുന്നില്‍ കാണുന്നത് എന്നെല്ലാം ഇത്തരം പരീക്ഷണങ്ങളിലൂടെ തിരിച്ചറിയാനാകും. മരണ ഭയം, കുടുംബവും സമ്പത്തും നഷ്ടപ്പെടുമെന്ന ആശങ്ക, കച്ചവടവും കൃഷിയും നശിക്കുമെന്ന പേടി ഇതെല്ലാം ഉള്ളില്‍ ഒളിപ്പിച്ചായിരിക്കും പലരും വിവിധ സാഹചര്യങ്ങളില്‍ വിശ്വാസികളോടൊപ്പം ചേര്‍ന്നിരിക്കുക. എന്നാല്‍ മറച്ചുവെച്ച ആ ന്യൂനതകള്‍ പ്രകടമാകാനും അവര്‍ തിരിച്ചറിയപ്പെടാനും ഇത്തരം സംഭവങ്ങള്‍ കാരണമാകും. ഇത്തരം പരീക്ഷണങ്ങള്‍ പ്രയാസങ്ങളില്‍ മാത്രമാകണമെന്നില്ല, മറിച്ച് അല്ലാഹുവിന്റെ സഹായങ്ങളും സന്തോഷവും ഉണ്ടാകുന്ന ഘട്ടത്തിലുമാകാം. ഇത്തരം ന്യൂനതകള്‍ പരിഹരിക്കല്‍ വിജയത്തിന് അനിവാര്യമാണ്.
ത്വാലൂത്തിന്റെ ചരിത്രവിവരണത്തില്‍ ഒരു നദിയുമായി ബന്ധപ്പെട്ടാണ് ഈ പരീക്ഷണം കടന്നുവരുന്നത്. മനസ്സിന്റെ ഉള്ളില്‍ എന്തെങ്കിലും തരത്തിലുള്ള കാപട്യമുണ്ടായിരുന്നവരെല്ലാം അവിടെ പരാജയപ്പെടുകയായിരുന്നു. അല്ലാഹു ആ സംഭവം വിവരിക്കുന്നതിങ്ങനെയാണ്: ''അങ്ങനെ പട്ടാളവുമായി ത്വാലൂത്ത് പുറപ്പെട്ടപ്പോള്‍ പറഞ്ഞു: 'അല്ലാഹു ഒരു നദികൊണ്ട് നിങ്ങളെ പരീക്ഷിക്കാന്‍ പോവുകയാണ്. അതില്‍നിന്ന് കുടിക്കുന്നവനാരോ, അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല. അത് രുചിച്ചുനോക്കാത്തവനാരോ അവനാണ് എന്റെ അനുയായി. എന്നാല്‍ തന്റെ കൈകൊണ്ട് ഒരു കോരല്‍ എടുത്തവന്‍ ഇതില്‍നിന്നൊഴിവാണ്.' പക്ഷേ, അവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും അതില്‍നിന്ന് കുടിച്ചു. അങ്ങനെ ത്വാലൂത്തും കൂടെയുള്ള വിശ്വാസികളും ആ നദി മുറിച്ചുകടന്ന് മുന്നോട്ടുപോയപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂത്തിനെയും അയാളുടെ സൈന്യത്തെയും നേരിടാനുള്ള കഴിവ് ഇന്ന് ഞങ്ങള്‍ക്കില്ല'' (അല്‍ബഖറ 249).
7) ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമുദായത്തെ അതിനായി സജ്ജരാക്കുന്നതിനും കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ സര്‍വശക്തനായ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയെന്നതാണ് അടുത്ത ഘട്ടം. ആളുകളുടെയും വിഭവങ്ങളുടെയും കുറവ്, ഭൗതികവും സംവിധാനപരവുമായ ദൗര്‍ബല്യം പോലുള്ള ധാരാളം പ്രശ്‌നങ്ങള്‍ വിശ്വാസികള്‍ എല്ലാ കാലത്തും നേരിടാറുണ്ട്. പ്രത്യക്ഷത്തില്‍ ഭൗതികലോകത്ത് കാണുന്നതും തങ്ങള്‍ സ്വയം നേടിയെന്ന് അവകാശപ്പെടാവുന്നതും ശത്രുക്കള്‍ക്ക് ഉണ്ടെന്ന് തോന്നുന്നതുമായ ഒരുക്കങ്ങളും സംവിധാനങ്ങളുമല്ല വിജയത്തിന്റെ യഥാര്‍ഥ മാനദണ്ഡമെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നു. അവിടെയാണ് അല്ലാഹുവിന്റെ കഴിവിലുള്ള വിശ്വാസവും അവനിലുള്ള തവക്കുലും (അര്‍പ്പിക്കല്‍) പ്രസക്തമാകുന്നത്. അതോടൊപ്പം തവക്കുലിന്റെ സ്വാഭാവിക വികാസമാണ് സ്രഷ്ടാവിനോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥന. ഒറ്റക്കും കൂട്ടായുമുള്ള സഹായാര്‍ഥനയും പ്രാര്‍ഥനയും ഒരു സന്ദര്‍ഭത്തിലും വിസ്മരിച്ചുകൂടാ.
ത്വാലൂത്തിന്റ കഥ പുരോഗമിക്കുമ്പോഴും അവസാനം ധീരതയോടെ അദ്ദേഹത്തിന്റെ കൂടെ നിലയുറപ്പിക്കുന്നവരുടെ ആത്മവിശ്വാസം അല്ലാഹുവിലുള്ള തവക്കുല്‍ തന്നെയായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ''എന്നാല്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന വിചാരമുള്ളവര്‍ പറഞ്ഞു: 'എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വന്‍സംഘങ്ങളെ ജയിച്ചടക്കിയത്; അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാണ്'' (അല്‍ബഖറ 249).
തുടര്‍ന്ന് എല്ലാ സന്നാഹങ്ങളോടെയും ശത്രുക്കള്‍ മുമ്പിലെത്തിയപ്പോള്‍ വിശ്വാസികള്‍ അല്ലാഹുവിനെ മാത്രം മുന്‍നിര്‍ത്തി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചതായും ഖുര്‍ആന്‍ പറയുന്നു: ''അങ്ങനെ ജാലൂത്തിനും സൈന്യത്തിനുമെതിരെ പടവെട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ ക്ഷമ പകര്‍ന്നുതരേണമേ! ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തേണമേ! സത്യനിഷേധികളായ ജനത്തിനെതിരെ ഞങ്ങളെ നീ സഹായിക്കേണമേ'' (അല്‍ബഖറ 250).
8) മുന്നേറ്റത്തിന്റെ ആദ്യപടിയില്‍തന്നെ വിജയാലസ്യത്തിലേക്ക് പോകാതെ അവസാന ജയംവരെ സമരത്തുടര്‍ച്ച സാധ്യമാക്കുകയെന്നതാണ് ത്വാലൂത്തിന്റെ കഥയിലെ അവസാന ഘട്ടം. വിശ്വാസികള്‍ ധാരാളം പ്രശ്‌നങ്ങളും പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചാണ് ദൈവമാര്‍ഗത്തില്‍ പോരാട്ടം നടത്തുന്നത്. എന്നാല്‍ അത്തരം ത്യാഗപരിശ്രമങ്ങളുടെ ആധിക്യം കാരണം വിജയത്തിന്റെ ആദ്യപടിയില്‍ ഉണ്ടാകുന്ന ആശ്വാസത്തില്‍ അവര്‍ മയങ്ങിപ്പോകരുത്. പകരം വിജയം പൂര്‍ത്തീകരിക്കുന്നതുവരെയും ശത്രുക്കളുടെ നിര്‍ണായക ശക്തികളെ തകര്‍ക്കുന്നതുവരെയും സമരപോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കണം.
ജാലൂത്തിന്റെ സൈന്യത്തെ പരാജയപ്പെടുത്തിയതുകൊണ്ടുമാത്രം ത്വാലൂത്ത് തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ജാലൂത്തിനെ ദാവൂദ് (അ) കൊല്ലുകയും ശത്രുക്കള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് സമരം തീര്‍ന്നത്. അല്ലാഹു പറയുന്നു: ''അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു'' (അല്‍ബഖറ 251).
മുഹമ്മദ് നബി(സ)യോടും ശത്രുക്കളെ പൂര്‍ണമായി കീഴടക്കുന്നതിന്റെ പ്രാധാന്യം അല്ലാഹു എടുത്തു പറയുന്നുണ്ട്:
''നാട്ടില്‍ എതിരാളികളെ കീഴ്‌പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ'' (അല്‍അന്‍ഫാല്‍ 67).
ത്വാലൂത്തിന്റെ കഥാവിവരണം അല്ലാഹു അവസാനിപ്പിക്കുന്നത് വളരെ ശ്രദ്ധേയമായ പരാമര്‍ശങ്ങളോടെയാണ്. ഭൂമിയില്‍ വിവിധ കാലങ്ങളില്‍ ധാരാളം ശക്തരും ദുര്‍ബലരുമായ ആളുകള്‍ കടന്നുപോയിട്ടുണ്ട്. അവരില്‍ മര്‍ദകരും മര്‍ദിതരും അതുപോലെ തുടരുകയെന്നതല്ല ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്. അത്തരം കാര്യങ്ങളുടെ നടത്തിപ്പില്‍ അല്ലാഹുവിന് കൃത്യമായ നടപടിക്രമമുണ്ട്. അതിലൂടെയാണ് ഈ ലോകം സന്തുലിതമായി നശിക്കാതെ നിലനില്‍ക്കുന്നത്. അല്ലാഹു ഉണര്‍ത്തുന്നത് കാണുക: ''അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍ ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു'' (അല്‍ബഖറ 251).
നിഷ്‌ക്രിയതകൊണ്ട് ലോകത്ത് ഒന്നുമുണ്ടാവില്ല. ത്വാലൂത്തിന്റെ കഥയിലെപോലെ ധീരമായി സമരപോരാട്ടങ്ങള്‍ നയിക്കുകയും അതിനായി ത്യാഗപരിശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ ഇനിയും സമുദായങ്ങള്‍ അതിജീവിക്കും. ഇനി ജീവിതത്തിലേക്ക് തിരിച്ചെത്തില്ലെന്നും ഈ ലോകത്ത് ഇനി ഒരു മാര്‍ഗവുമില്ലെന്നും ധരിച്ചിരുന്നവരെ വരെ ലോകത്തിന്റെ ജേതാക്കളും നായകരുമാക്കുക എന്നതാണ് അല്ലാഹുവിന്റെ നടപടിക്രമം. അവന്റെ സഹായം നമുക്ക് പ്രതീക്ഷയാണ്. ആ പ്രതീക്ഷയിലേക്ക് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളോടെ മുന്നേറുകയെന്നതാണ് നമ്മുടെ കടമ. അല്ലാഹുവിന്റെ സത്യസൂക്തങ്ങള്‍ അതിന് തെളിവും പിന്തുണയുമാണ്: ''അല്ലാഹുവിന്റെ വചനങ്ങളാണിവ. നാമിത് യഥാവിധി നിനക്ക് ഓതിക്കേള്‍പ്പിച്ചുതരികയാണ്'' (അല്‍ബഖറ 252).
അവലംബം: അഹ്മദ് അബ്ദുല്‍മുന്‍ഇം
(islamway.net)
Comments