Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

കുട്ടികള്‍ രക്ഷിതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്

ഇബ്‌റാഹീം ശംനാട്

മക്കളെക്കുറിച്ച് പരാതികളില്ലാത്ത രക്ഷിതാക്കള്‍ അപൂര്‍വമായിരിക്കും. പഴയ തലമുറയെന്നോ പുതിയ തലമുറയെന്നോ വ്യത്യാസമില്ലാതെ മക്കളെക്കുറിച്ച് എല്ലാവര്‍ക്കും പരാതിയാണ്. അവര്‍ ഭക്ഷണം കഴിക്കുന്നതു മുതല്‍ നടത്തം, ഉറക്കം, പഠനം, വിനോദം, കളി, കൂട്ടുകെട്ട് തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രക്ഷിതാക്കള്‍ക്ക്, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഉത്കണ്ഠയാണ്. എന്നാല്‍, കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിക്കുകയും അവരുടെ കണ്ണിലൂടെ കാണുകയും അവരുടെ കാതുകളിലൂടെ കേള്‍ക്കുകയും ചെയ്യുന്ന മനോഭാവം രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണെങ്കില്‍, പല പരാതികളും ഒരു പരിധിവരെ ഇല്ലാതാവുമെന്നു മാത്രമല്ല, അത് കുടുംബ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്യും.  

വസ്ത്രം, സ്മാര്‍ട്ട് ഫോണ്‍, ബൈക്ക്, ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍, ഭക്ഷണപാനീയങ്ങള്‍, പഠന ചെലവുകള്‍, പോക്കറ്റ് മണി തുടങ്ങിയ കുട്ടികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുത്താല്‍ അവര്‍ സംതൃപ്തരായി എന്നാണ് നാം പൊതുവെ ധരിച്ചുവെച്ചിട്ടുള്ളത്. നമ്മുടെ മക്കള്‍ക്ക് ഇത്തരം ഭൗതികസൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടൊപ്പം അവരുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ എത്ര രക്ഷിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്? അക്കാര്യത്തില്‍ അവര്‍ നമ്മില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച ഒരു ഓര്‍മപ്പെടുത്തലാണ് ചുവടെ:

1. കുട്ടികള്‍ രക്ഷിതാക്കളില്‍നിന്ന് പ്രതീക്ഷിക്കുന്ന ഒന്നാമത്തെ കാര്യം തങ്ങളുടെ രക്ഷിതാക്കള്‍ സൗഭാഗ്യവാന്മാരായിരിക്കുക എന്നതാണ്. സാമ്പത്തികമായ സുസ്ഥിതി മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹികവും മാനസികവുമായ സുരക്ഷ  നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കലാണ് സൗഭാഗ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാരികമായ സംരക്ഷണമാണ് അതില്‍ ഏറ്റവും പ്രധാനം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷ കണ്ടിട്ടില്ലേ? അതുപോലെയാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ട സ്‌നേഹം. ആ സ്‌നേഹം നല്‍കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടുവരണമെന്നാണ് ഏതൊരു കുട്ടിയുടേയും അഭിലാഷം. സ്‌നേഹമാണ് സൗഭാഗ്യത്തിന്റെ താക്കോല്‍. ആ താക്കോല്‍ ലഭിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യത്തിന്റെ പരിമളം പരിലസിക്കും. അത് കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തു പകരും. 

2. രക്ഷിതാക്കളില്‍നിന്ന് കുട്ടികള്‍ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം അവരെ നന്നായി പരിഗണിക്കുക എന്നതാണ്. നമ്മുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം കുട്ടികളെ ഒരു ലോഭവും കൂടാതെ നന്നായി പരിഗണിക്കുക. കാക്കക്ക്  തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയാറില്ലേ. അതുപോലെ ഒരോരുത്തരുടെയും സന്താനങ്ങളെ അവരവര്‍ക്ക് ലഭിച്ച പൊന്‍കുഞ്ഞാണെന്നു കരുതി താലോലിക്കുകയും വളര്‍ത്തുകയും ചെയ്യണമെന്നാണ് കുട്ടികള്‍ നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്നത്. രക്ഷിതാക്കളില്‍നിന്ന് കുട്ടികള്‍ അവഗണന നേരിടുമ്പോഴാണ് അവര്‍ കുടുംബത്തില്‍നിന്ന് അകലുന്നതും മറ്റു വഴികള്‍ ആരാഞ്ഞ് വീട്ടില്‍നിന്ന് ഒളിച്ചോടുന്നതും മറ്റും. നിങ്ങള്‍ ആരാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരു ടീച്ചര്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരു വിരുതന്‍ എഴുതിയത്രെ; എനിക്ക് ടി.വിയാകാനാണ് ആഗ്രഹം! കാരണം തിരക്കിയ ടീച്ചറോട് കുട്ടിയുടെ പ്രതികരണം: ''അഛന്‍ എപ്പോഴും അതിനെ നോക്കിക്കൊണ്ടിരിക്കുന്നു. ഞാനൊരു ടി.വിയായാല്‍ എന്നെ നോക്കിയിരിക്കുമല്ലോ?'' ഈ നര്‍മത്തിലെ അതിശയോക്തി ഒഴിവാക്കിയാല്‍, നമ്മുടെ ചുറ്റുപാടിലുള്ള ഒരു യാഥാര്‍ഥ്യമാണ് ഇവിടെ പ്രതിബിംബിക്കുന്നത്.

3. കുട്ടികളെ ശ്രദ്ധിച്ചുകേള്‍ക്കുക എന്നതാണ് അവര്‍ നമ്മില്‍നിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. നമ്മുടെ സമയം അവരുമായി ചെലവഴിക്കാന്‍ നീക്കിവെക്കണം. അതിലൂടെ അവരുടെ നന്മകള്‍ കാണാനും അവരെ അഭിനന്ദിക്കാനും അവസരം കിട്ടുന്നു. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും കഴിയും. കുട്ടികളുടെ ചെറിയ തെറ്റുകള്‍ കണ്ട് ശകാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അവരെക്കുറിച്ച് നാം അഭിമാനം കൊള്ളുന്നുണ്ടെന്ന് കുട്ടികള്‍ മനസ്സിലാക്കട്ടെ. നല്ല വാക്കുകള്‍കൊണ്ട് അവരെ പ്രചോദിപ്പിക്കുക. ഞങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം നിങ്ങളാണെന്ന് അവരോട് തുറന്നുപറയുക. എഫ്.എം റേഡിയോ പോലെ രക്ഷിതാക്കള്‍ സദാ ചറപറ സംസാരിക്കുന്നതിന് പകരം കുട്ടികള്‍ പലവിധേന നേടിയ വൈകാരികാനുഭൂതികള്‍ തങ്ങളുമായി സംവദിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുക. അവരുടെ ഭാവി ഭാസുരമാക്കാന്‍ പ്രാര്‍ഥിക്കുക.

4. വാത്സല്യത്തോടെ കെട്ടിപ്പുണരുക. പിഞ്ചുകുഞ്ഞായിരിക്കെ നാം എത്രയോ പ്രാവശ്യം അവരെ ചുംബിക്കുകയും കെട്ടിപ്പുണരുകയും ചെയ്തതായിരുന്നുവല്ലോ. എന്നാല്‍ അവര്‍ കൗമാരപ്രായത്തിലെത്തിയപ്പോള്‍ നാം അവരില്‍നിന്നും അവര്‍ നമ്മില്‍നിന്നും അകലുകയാണ്. ഈ അകല്‍ച്ച ഇല്ലാതാക്കാനുള്ള നല്ല മാര്‍ഗമാണ് അവരെ വാത്സല്യത്തോടെ ആശ്ലേഷിക്കുക എന്നത്. അവര്‍ നമ്മുടെ സ്പര്‍ശനത്തിനായി ദാഹിക്കുന്നു. അവരുടെ ശിരസ്സ്, മുഖം തുടങ്ങിയ അവയവങ്ങള്‍ സ്പര്‍ശിച്ചുനോക്കൂ. നിങ്ങളും അവരും തമ്മിലുള്ള ബന്ധത്തില്‍ മഞ്ഞുരുക്കം അനുഭവപ്പെടും. ഇതിലൂടെ ഇരുകൂട്ടര്‍ക്കും അവാച്യമായ അനുഭൂതി ലഭിക്കുന്നു. ഇതായിരുന്നു പ്രവാചകന്റെ മാതൃക. ബാപ്പ ഇരിക്കുന്നേടത്ത് മകള്‍ ഫാത്വിമ വന്നാല്‍ പ്രവാചകന്‍ (സ) എഴുന്നേറ്റ് അവളെ സ്വീകരിക്കുകയും അവര്‍ പരസ്പരം ഉമ്മ വെക്കുകയും ചെയ്യുന്ന ചേതോഹര രംഗങ്ങള്‍. എന്നിട്ട് അവളെ അരികില്‍ പിടിച്ചിരുത്തുകയും കുശലങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ഇത്തരം ഉദാത്ത മാതൃകകള്‍ അറബികളില്‍ ഇന്നും നിലനില്‍ക്കുന്നതായി കാണാം. 

5. കുട്ടികളെ പ്രശംസിക്കുക. നാലു പേര്‍ കേള്‍ക്കുന്ന വിധത്തില്‍ കുട്ടികളെ നിങ്ങള്‍ ഒന്ന് പുകഴ്ത്തിനോക്കൂ. നിങ്ങളുടെ പ്രശംസ അവര്‍ക്ക് വര്‍ധിച്ച ആത്മവീര്യം നല്‍കും. സാഹിത്യ നോബല്‍ 

പുരസ്‌കാര ജേതാവ് ഒര്‍ഹാന്‍ പാമുക്ക് അവാര്‍ഡ് സ്വീകരണച്ചടങ്ങില്‍ പറഞ്ഞ കാര്യം സൂചിപ്പിക്കട്ടെ; കുട്ടികളെ ഉന്നതിയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവിനും അത് മാതൃകയാക്കാവുന്നതാണ്: ''ഈ മഹത്തായ അവാര്‍ഡിന് എന്നെ അര്‍ഹനാക്കിയതില്‍ എന്റെ പിതാവിനുള്ള പങ്ക് നിസ്തുലമാണ്. കുട്ടിയായിരിക്കെ ഞാന്‍ കടലാസില്‍ എന്തൊക്കെയോ കുറിച്ചിടുമായിരുന്നു. ദീര്‍ഘയാത്ര കഴിഞ്ഞ് വരുന്ന പിതാവിന് ഞാന്‍ അത് സമര്‍പ്പിക്കുമ്പോള്‍ അദ്ദേഹം എന്നെ കെട്ടിപ്പുണരും. എന്നിട്ട് പറയും: ഒര്‍ഹാന്‍, ഒരു കാലം വരും. അന്ന് നീ സാഹിത്യ തറവാട്ടിലെ കുലപതിയാകും.''  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍