Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

ഭരണകൂടം തല്ലിക്കൊഴിച്ച ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍

നിസാര്‍ അഹ്മദ്, സഹീര്‍ അഹ്മദ് / യാസര്‍ ഖുത്വുബ്

ഉത്തര കര്‍ണാടകയിലെ പ്രശാന്തമായ പ്രദേശമാണ്  ഗുല്‍ബര്‍ഗ.  മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയുമായും തെലങ്കാനയുടെ മേദക് ജില്ലയുമായും അതിര്‍ത്തി പങ്കിടുന്ന ജില്ല. പണ്ടിത് ബാഹ്മിനി സുല്‍ത്താന്മാരുടെ ആസ്ഥാനമായിരുന്നു. ദല്‍ഹി സുല്‍ത്താന്മാരും ഹൈദരാബാദ് നൈസാമുമാരും പ്രദേശം ഭരിച്ചിട്ടുണ്ട്. പഴയ കലബുറുഗി എന്ന ഈ പുരാതന നഗരത്തെ ഇപ്പോള്‍ കലബുറുഗി ആയിതന്നെ പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്.   കര്‍ണാടകയില്‍ അത്യുഷ്ണം അനുഭവപ്പെടുന്ന ഈ കൊച്ചു നഗരം, ബംഗ്ലൂരു കഴിഞ്ഞാല്‍ രണ്ടാമത്തെ എജുക്കേഷണല്‍ ഹബ് കൂടിയാണ്. പണ്ട് തുകല്‍  വ്യാപാരവും ഉണ്ടായിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ലോക്‌സഭാ മണ്ഡലം.  ഹിന്ദു ഭൂരിപക്ഷമായ സൗത്ത് ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ബി.ജെ.പി എം.എല്‍.എയും, ഗുല്‍ബര്‍ഗ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിലെ മുസ്‌ലിം എം.എല്‍.എയും സ്ഥിരമായി സീറ്റ് നിലനിര്‍ത്തുന്നു.

ഗുല്‍ബര്‍ഗയിലെ ഒരു മധ്യവര്‍ഗ മുസ്‌ലിം  കുടുംബത്തിലെ വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോയി തീവ്രവാദ മുദ്രകുത്തി  വര്‍ഷങ്ങള്‍ തടവിലിട്ട കഥയാണിവിടെ പകര്‍ത്തുന്നത്. അദ്ദേഹത്തെ രക്ഷിക്കാന്‍ കോടതിയില്‍ കേസ്  നടത്തികൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനെയും പോലീസ്  ജയിലിലടച്ചു.  പിന്നീട് സുപ്രീം കോടതി  നിരപരാധിയെന്ന് പറഞ്ഞ് സ്വതന്ത്രനാക്കുമ്പോഴേക്കും  23 വര്‍ഷം തടവറക്കകത്ത് നരകിച്ചു തീര്‍ന്നിരുന്നു. വംശവെറിയുടെയും പീഡനങ്ങളുടെയും ദുരനുഭവങ്ങളെല്ലാം നിറഞ്ഞ ജീവിതം.  നെല്‍സണ്‍ മണ്ടേല മുതല്‍ മാല്‍കം എക്സ് വരെ പറഞ്ഞ അനുഭവങ്ങള്‍ അടുക്കിവെച്ചപോലെ ഒരു ജീവിത രേഖ. കണ്ണില്‍നിന്ന് ചോര കിനിയുന്ന വേട്ടയാടലുകളുടെ തീവ്രത ഈ വിവരണത്തില്‍ വായിക്കാം.

എല്ലു മുറിയുന്ന മര്‍ദനങ്ങള്‍, ശരീരത്തിലേക്ക് വൈദ്യുതി കടത്തിവിടുന്നതടക്കമുള്ള പീഡനമുറകള്‍, ചികിത്സിക്കാന്‍ തയാറാകാത്ത ജയില്‍  ഡോക്ടര്‍, ഓപ്പറേഷന്‍ തീയേറ്ററില്‍ തരിപ്പിച്ചു കിടത്തി ബയോപ്‌സി നടത്തുമ്പോള്‍ പോലും മാനസികമായി പീഡിപ്പിക്കുന്ന, തീവ്രവാദികള്‍ ചാകാനുള്ളവര്‍ എന്നു പറയുന്ന  ഡോക്ടര്‍മാര്‍!

ഉള്ള സ്ഥലവും വീടിന്റെ ഒരു ഭാഗവും വിറ്റു, കേസ് നടത്താന്‍. അങ്ങനെ പോരാട്ടത്തിന്റെ പാതിവഴിയില്‍ തളര്‍ന്ന് മരിച്ചുവീണു അവരുടെ പിതാവ്.

നെഞ്ച് തകര്‍ക്കുന്ന ആ കഥകളുടെ  കെട്ടഴിക്കുകയാണ് - 23  വര്‍ഷം  ജയിലില്‍ കിടന്ന മുഹമ്മദ് നിസാറുദ്ദീന്‍ അഹ്മദും  16  വര്‍ഷത്തിനു  ശേഷം കാന്‍സര്‍ ബാധിച്ചപ്പോള്‍ മോചനം ലഭിച്ച ജ്യേഷ്ഠന്‍ സഹീറുദ്ദീന്‍ അഹ്മദും. 

 

എങ്ങനെയായിരുന്നു അറസ്റ്റ് നടന്നത്?

നിസാര്‍: അറസ്റ്റ് എന്നൊന്നും പറയാന്‍ പറ്റില്ല. അത് ശരിക്കും ഒരു തട്ടിക്കൊണ്ടുപോകലായിരുന്നു. പതിവു പോലെ കോളേജിലേക്ക് പോവുകയായിരുന്നു.  ഡി.ഫാം ഫൈനല്‍ ഇയര്‍ പരീക്ഷ അടുത്ത സമയമാണ്. ഹാള്‍ ടിക്കറ്റും മറ്റും ലഭിച്ചിരുന്നു.  ടിപ്പു  സുല്‍ത്താന്‍ കോളേജ് ഓഫ് ഫാര്‍മസിയിലാണ് പഠിച്ചിരുന്നത്.  ഗുല്‍ബര്‍ഗ  നാഷ്‌നല്‍ ഹൈവേയിലൂടെ നടന്നു പോകുമ്പോള്‍ സമീപം ഒരു ജീപ്പ്  വന്നു. അതില്‍നിന്നിറങ്ങിയ  എല്ലാവരും കൂടി എന്നെ ബലമായി ജീപ്പിനുള്ളിലേക്ക് പിടിച്ചുവലിച്ചിട്ടു. ഹൈദരാബാദ് ഹൈവേയിലൂടെ അവര്‍  വണ്ടി അതിവേഗം ഓടിച്ചു. വായും തലയും എല്ലാം ബന്ധിച്ചതിനാല്‍ എനിക്ക്  ഒച്ചവെക്കാനോ പുറത്തേക്ക് ചാടാനോ ഒന്നും കഴിയുമായിരുന്നില്ല.  പരിചയമുള്ള ആരും ഇല്ലായിരുന്നു അക്കൂട്ടത്തില്‍,  ആരാണെന്നും മനസ്സിലായില്ല. യൂനിഫോം ഇല്ലാത്തതിനാല്‍  അത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ല. എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന്  കുറേ ആലോചിച്ചു. കുടുംബത്തിലോ സുഹൃത്തുക്കളുമായോ തര്‍ക്കങ്ങള്‍ ഒന്നും ഇല്ലായിരുന്നു.  പലിശക്ക്  വാഹനം ഒക്കെ കൊടുക്കുന്നവര്‍ അടവ് തെറ്റിച്ചാല്‍ തട്ടിക്കൊണ്ടുപോകാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ആളു മാറി  അങ്ങനെ വല്ലതുമായിരിക്കുമോ? അങ്ങനെയാണ് ആദ്യം  കരുതിയത്. പിന്നെ പോലീസ് ആണെന്ന് അവര്‍ തന്നെ എന്നോടു പറഞ്ഞു. ഐ.ഡി കാര്‍ഡ്  കാണിച്ചുതന്നു. അപ്പോഴും ഞാന്‍ അമ്പരന്നു നില്‍ക്കുകയാണ്.

സഹീര്‍: ഈ സമയം വീട്ടില്‍ ഞങ്ങള്‍ക്ക് ഇതൊന്നും അറിയില്ലല്ലോ. രാത്രി ഏറെ വൈകിയിട്ടും നിസാര്‍ എത്തിയില്ല. ഉമ്മയും ഉപ്പയും പരിഭ്രാന്തരായി. സുഹുത്തുക്കളോടും കുടുംബക്കാരോടും അന്വേഷിച്ചു. അന്ന് ഇന്നത്തേതുപോലെ മൊബൈല്‍ ഫോണ്‍ സൗകര്യങ്ങളൊന്നുമില്ല. 1994 ജനുവരി 15  ആയിരുന്നു അന്ന്. ഉടന്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍  പരാതി നല്‍കി. പ്രദേശത്തെ എം.എല്‍.എ. ഖമറുല്‍ ഇസ്ലാമടക്കം പലരെയും കണ്ടു. ഒരു കാര്യവും ഉണ്ടായില്ല.  ഏറ്റെടുക്കാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ വരെ ബന്ധുക്കള്‍ പോയി നോക്കി. പ്രദേശത്തെ  പോലീസിനും അറിയില്ലായിരുന്നു അവനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തതാണെന്ന കാര്യം. കാരണം, ഗുല്‍ബര്‍ഗ പോലീസ് സ്റ്റേഷനില്‍  റിപ്പോര്‍ട്ടു ചെയ്യാതെയായിരുന്നു അവനെ പിടിച്ചു കൊണ്ടുപോയത്.

 

ഹൈദരാബാദില്‍ എത്തിയ ഉടനെ തന്നെ കോടതിയില്‍ ഹാജരാക്കിയോ?

നിസാര്‍: ഇല്ല.  കോടതി പോയിട്ട് അതു പോലീസ് സ്റ്റേഷന്‍ പോലും ആണോ എന്നറിയില്ല. 43 ദിവസം എന്നെ അനധികൃതമായി അവര്‍ അവിടെ  താമസിപ്പിച്ചു.

 

ശാരീരികമായ  പീഡനങ്ങള്‍ക്ക് ഇരയായിരുന്നോ?

നിസാര്‍: ഭീകരമായ പീഡനങ്ങളായിരുന്നു എല്ലാ ദിവസവും. കുറ്റം സമ്മതിച്ച് എല്ലാ പേപ്പറുകളിലും ഒപ്പുവെക്കണം എന്നായിരുന്നു ആവശ്യം. മുഖത്തും  കാലിലും വയറിലും വലിയ വടികള്‍ കൊണ്ട് അടിച്ചു. കമ്പികള്‍ കൊണ്ട് കുത്തി. പലപ്പോഴും ബോധം പോകുന്നതുവരെ ഉപദ്രവിച്ചു. നെഞ്ചില്‍ വൈദ്യുതി  ഷോക്ക് ഏല്‍പിച്ചു. പല റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും കുറ്റം സമ്മതിപ്പിക്കാനായി എന്നെ  മാറിമാറി പീഡിപ്പിച്ചു. കൂടുതലും തെലുങ്കില്‍ ആയിരുന്നു ചോദ്യങ്ങള്‍. ആ ഭാഷ എനിക്ക് മനസ്സിലാകുമായിരുന്നില്ല. നിനക്കു വേണ്ടി ചില കുറ്റങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും  അതു സമ്മതിക്കാതെ പുറംലോകം കാണില്ലെന്നും പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തതിനുള്ള പ്രതികാരമായി 1993 -ല്‍ ഹൈദരാബാദില്‍ സ്‌ഫോടനം നടത്തി എന്നതായിരുന്നു എന്റെ മേലുള്ള കുറ്റം.  ഞാനാണെങ്കില്‍ ആ സമയത്ത് ഹൈദരാബാദില്‍ പോയിട്ട് പോലും ഇല്ലായിരുന്നു.  ഗുല്‍ബര്‍ഗയില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണ വിദ്യാര്‍ഥി മാത്രമായിരുന്നു ഞാന്‍. കൊടിയ  പീഡനങ്ങള്‍ക്കൊടുവില്‍, 43  ദിവസത്തിനു  ശേഷം ഞാന്‍ അവര്‍ പറഞ്ഞ എല്ലാ പേപ്പറുകളിലും ഒപ്പിട്ടുകൊടുത്തു.  അതില്‍ ബ്ലാങ്ക് (വെള്ള) പേപ്പറുകളും, എന്തൊക്കെയോ ടൈപ്പ് ചെയ്ത പേപ്പറുകളുമൊക്കെ ഉണ്ടായിരുന്നു. 

 

പിന്നീട് എപ്പോഴാണ് കോടതിയില്‍ ഹാജരാക്കിയത്?

സഹീര്‍: 43  ദിവസങ്ങള്‍ക്കു ശേഷം 1994 ഫെബ്രുവരി 18-ന് വീട്ടില്‍  വിവരം ലഭിച്ചു.   സഹോദരന്‍ ഹൈദരാബാദ്  പോലീസ് കസ്റ്റഡിയിലാണെന്ന ഞെട്ടിക്കുന്ന  വാര്‍ത്ത.  ബാബരി മസ്ജിദ്  വാര്‍ഷികത്തില്‍ ഹൈദരാബാദില്‍ നടന്ന പല സ്‌ഫോടനങ്ങളിലും  നിസാര്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. ഞങ്ങള്‍ക്ക് എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. സഹായിക്കാനും ആരുമില്ല.  കോടതി, പോലീസ് കേസുകളില്‍ ഞങ്ങള്‍ക്ക് ഒരു  മുന്‍പരിചയവും ഇല്ല. എല്ലാവരും കൂടി ഹൈദരാബാദിലേക്ക് പോയി. പോലീസ് സ്റ്റേഷനിലെത്തി നിസാറിനെ കണ്ടു. 

 

43 ദിവസം കാണാതിരുന്നിട്ട് ഹേബിയസ് കോര്‍പസ് ഹരജിയോ മറ്റോ കൊടുത്തില്ലേ?

സഹീര്‍: അന്ന് ഞങ്ങള്‍ക്ക് ഇതൊന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. 1993-ല്‍ മനുഷ്യാവകാശ പോരാട്ടങ്ങള്‍ നടത്തുന്ന എന്‍.ജി.ഒകളോ, നിയമ സാക്ഷരതയോ ഒന്നും ഇന്നത്തെപോലെ  ഇല്ലല്ലോ.

 

എന്തെങ്കിലും ചെറിയ  കാര്യങ്ങള്‍  ഉണ്ടോ  ഹൈദരാബാദ്  പോലീസ് പിടിക്കാന്‍? ബാബരിമസ്ജിദ്  പ്രതിഷേധവുമായി ബന്ധപ്പെട്ട സമരത്തിലെ സാന്നിധ്യമോ, അല്ലെങ്കില്‍ ആയിടെ വല്ല ഹൈദരാബാദ്  സന്ദര്‍ശനമോ മറ്റോ?

സഹീര്‍ : ബാബരി വാര്‍ഷികത്തില്‍,   ഗുല്‍ബര്‍ഗയില്‍ പ്രത്യേകമായി പ്രതിഷേധമോ മറ്റോ നടന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. ഞങ്ങള്‍ ഒന്നിലും പങ്കെടുത്തിട്ടുമില്ല.  ഞങ്ങള്‍ക്ക് ഇപ്പോഴും അത് ദുരൂഹം തന്നെയാണ്.  വേറെ ഒരു നിസാര്‍ അഹ്മദ്, പോലീസ്  വാണ്ടഡ്  ലിസ്റ്റില്‍ ഉണ്ടായിരുന്നുവത്രെ. അങ്ങനെയൊരാളെ  ഇപ്പോഴും കണ്ടു കിട്ടിയിട്ടില്ല. അതിനു പകരമായി അതേ പേരുള്ള എന്റെ അനിയനെ പിടിച്ചതാണോ എന്നും എനിക്ക് സംശയമുണ്ട്.  

 

എന്തായിരുന്നു പോലീസ് ആരോപിച്ച  പ്രധാന കുറ്റങ്ങള്‍?

സഹീര്‍: ഒരു മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതിയായാണ് നിസാറിനെതിരെ  ആബിദ് റോഡ് പോലീസ് സ്റ്റേഷനില്‍  പോലീസുകാര്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.  തെളിയിക്കപ്പെടാത്ത ഒരുപാട് ബോംബ് സ്‌ഫോടന കേസുകള്‍ പിന്നീട് തലയില്‍ കെട്ടിവെക്കുകയായിരുന്നു. പല അന്വേഷണ ഉദ്യോഗസ്ഥരും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഒപ്പിട്ടു വാങ്ങിയ കുറ്റസമ്മത  പത്രത്തില്‍ എന്തായിരുന്നു എഴുതിയിരുന്നത്?

നിസാര്‍: 6.12.1993-ന് എ.പി എക്‌സ്പ്രസ്സില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സമ്മതിക്കുന്നുവെന്നും  ബോംബ് നിര്‍മിച്ചതും ശേഖരിച്ചുവെച്ചതും താനാണെന്നും അതില്‍ എഴുതിയിരുന്നു. കെ.കെ എക്‌സ്പ്രസ്സിലും ബോംബ് വെക്കാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ അനാരോഗ്യം കാരണം  അത് നടന്നില്ല. ഇങ്ങനെയൊക്കെ എഴുതിവെച്ച ആ പേപ്പറില്‍ ഞാന്‍ ഒപ്പിട്ടു കൊടുക്കുകയായിരുന്നു. പീഡനം കാരണം അതെല്ലാം സമ്മതിക്കുകയല്ലാതെ വേറെ വഴികള്‍ ഇല്ലായിരുന്നു.  


പിന്നീട് താങ്കളെയും അറസ്റ്റ് ചെയ്തല്ലോ. അതേപ്പറ്റി വിശദീകരിക്കാമോ?

സഹീര്‍:  ഞാന്‍ സിവില്‍ ഡിപ്ലോമ കഴിഞ്ഞ  എഞ്ചിനീയറായിരുന്നു. മുംബൈയിലായിരുന്നു ജോലി.  അനിയന്റെ കേസുമായി ബന്ധപ്പെട്ട് ജോലി ഒഴിവാക്കി ഹൈദരാബാദ് പോലീസിലും കോടതിയിലുമായി നിയമയുദ്ധം തുടങ്ങി. നിസാറിനെതിരെ അന്ന് ഒരു കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേസിന്റെ വിഷയങ്ങളും മറ്റും ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. നിങ്ങളെയും പല കേസുകള്‍ക്കുമായി പോലീസ് ബുക്ക് ചെയ്ത് കഴിഞ്ഞു എന്നവര്‍ ഇടക്കിടെ പറയും.  സ്‌ഫോടന കേസ് ആയതിനാല്‍  ശ്രമകരമാണെങ്കിലും, ഒന്ന് രണ്ടു മാസത്തിനുള്ളില്‍ അനിയന് ജാമ്യം കിട്ടും എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. ടാഡ നിയമം  ഒക്കെ നിലവില്‍വരുന്നേ ഉണ്ടായിരുന്നുള്ളൂ. ആര്‍ക്കും ഇതിനെക്കുറിച്ചൊന്നും കൂടുതല്‍ ധാരണകള്‍ ഇല്ലായിരുന്നു. ഉദ്യോഗസ്ഥര്‍ പറയും പോലെ ആയിരുന്നു അത്തരം കേസുകള്‍. എല്ലാം കൈകാര്യം ചെയ്ത് പരിചയമുള്ള വക്കീലുമാരും കുറവ്. 

പോലീസുകാര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ നിങ്ങളുടെ പിതാവിനെ കൂടി ഹൈദരാബാദില്‍ കൊണ്ടു വന്ന് ജയിലിലിടുമെന്നായി  ഭീഷണി. രണ്ടാമത്തെ മാസം  അനിയന്റെ  കോടതി ആവശ്യത്തിന് അവിടെ എത്തിയ എന്നെയും ഒരു ദിവസം  പോലീസുകാര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കി. 

 

താങ്കള്‍ക്കും നിസാറിന്റെ അതേ അനുഭവം തന്നെയായിരുന്നുവോ?

അതേ. എനിക്കും കിട്ടിയത് നിയമാനുസൃതമല്ലാത്ത തടവുശിക്ഷ. കൊടും പീഡനമായിരുന്നു. കയറില്‍ കെട്ടിത്തൂക്കിയിട്ട് തുരുതുരാ മര്‍ദിച്ചു. പേപ്പറുകളില്‍ ഒപ്പിട്ടുകൊടുത്തില്ലെങ്കില്‍ പിതാവിനെയും ഇതുപോലെ മര്‍ദിക്കുമെന്ന് ഭീഷണി.  13 ദിവസം ടോര്‍ച്ചറിംഗ്  സഹിക്കവയ്യാതെ ഞാനും എല്ലാ പേപ്പറുകളിലും ഒപ്പുവെച്ചു. അവര്‍ പറഞ്ഞതെല്ലാം ഏറ്റെടുത്തു.  ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന എല്ലാ   ബോംബ് സ്‌ഫോടനങ്ങളെയും ഞങ്ങളുമായി ബന്ധിപ്പിച്ചു. 1993 ഡിസംബര്‍ 5,6 തീയതികളില്‍  കോട്ട, ഹൈദരാബാദ്, കാണ്‍പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന ട്രെയ്ന്‍ സ്‌ഫോടന കേസുകളും ഞങ്ങളുമായി ബന്ധിപ്പിച്ചു. ഇങ്ങനെ നിര്‍ബന്ധിച്ച് ഒപ്പിടീച്ച കുറ്റസമ്മതപത്രമായിരുന്നു ഞങ്ങള്‍ക്കെതിരെ അവരുടെ കൈയിലുള്ള ഏക തെളിവ്. ടാഡ നിയമപ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ  കേസുകള്‍ ചാര്‍ത്തിയത്.

 

ടാഡ കോടതിയിലെ വിചാരണകളും മറ്റും എങ്ങനെയായിരുന്നു?

തങ്ങള്‍ക്ക് അനുകൂലമായി കേസുകള്‍ ഫാബ്രിക്കേറ്റ് ചെയ്ത് തെളിയിക്കാന്‍ അവിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു. ഹൈകോര്‍ട്ടിന്റെ പവര്‍ ആണ്  ടാഡാ കോര്‍ട്ടിനുള്ളത്. അതിനാല്‍,  പിന്നെ സുപ്രീം കോടതി മാത്രമാണ് രക്ഷ. അതിനു കുറേ നൂലാമാലകള്‍ വേറെയും ഉണ്ടാകും. സാധാരണക്കാര്‍ക്ക് അതൊന്നും താങ്ങുക  സാധ്യമല്ല. സുപ്രീം കോടതിയില്‍ ഒരു സിറ്റിംഗിനു തന്നെ വക്കീലന്മാര്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കേണ്ടിവരും.

ചില സമയങ്ങളില്‍ നമുക്കെതിരെ വരുന്ന തെളിവുകളുടെ കൂമ്പാരം കണ്ടാല്‍ ഞെട്ടിപ്പോകും.  റോഡ് പണിക്ക് മെറ്റല്‍ കൊണ്ടുവരുന്നതുപോലെയുള്ള ഒരു ട്രോളിയില്‍ നിറയെ ഫയലുകളും പേപ്പറുകളുമായാവും ഗവണ്‍മെന്റ് പ്രതിനിധികള്‍ എത്തുക. അതെല്ലാം കൂടി പരിശോധിക്കാന്‍ ജഡ്ജിയോ വക്കീലോ തയാറാവുകയുമില്ല.  വാദം വീണ്ടും വീണ്ടും അടുത്ത ദിവസങ്ങളിലേക്ക് മാറ്റിവെച്ച് കോടതി പിരിയും.   


ഇത് നിര്‍ബന്ധം ചെലുത്തി ഉണ്ടാക്കിയെടുത്ത കുറ്റസമ്മതമാണെന്ന് തെളിഞ്ഞിരുന്നോ?

ഞാന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഇക്കാര്യം പറയാറുണ്ടായിരുന്നു. ശ്യാമ റാവു എന്ന പോലീസ് ഓഫീസര്‍ സമര്‍പ്പിച്ച ഒരു കുറ്റസമ്മതപത്രത്തില്‍ ഞങ്ങളുടെ ഒപ്പ് ഇല്ലാത്തതിനാല്‍ ഒരു കണ്‍ഫെഷന്‍ സ്റ്റേറ്റ്‌മെന്റ് തള്ളുകയും ചെയ്തിരുന്നു. 1996 മെയ് 21-ന് ഹൈദരാബാദിലെ മെട്രോപോളിറ്റന്‍ ജഡ്ജി ഈ കേസില്‍നിന്ന് ടാഡ വകുപ്പ് ഒഴിവാക്കി. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ച്  ഒപ്പിട്ടുവാങ്ങിയതാണെന്ന് കോടതിക്ക് മനസ്സിലായതിനാലായിരുന്നു അത്. മാത്രമല്ല ആ രേഖ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി  പറഞ്ഞു. ഇതിനെതിരെ ആന്ധ്രാ  ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തിരുന്നു.  ടാഡ നിയമം കേസില്‍നിന്ന് റിവോക് ചെയ്യപ്പെട്ടപ്പോള്‍, 2001-ല്‍  ഗവണ്‍മെന്റ് ആ അപ്പീല്‍ പിന്‍വലിക്കുകയും ചെയ്തു. ട്രയല്‍ കോര്‍ട്ട് എല്ലാവരെയും നിരപരാധികളെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

 

പിന്നെ നിങ്ങള്‍ എന്തുകൊണ്ടാണ് ജയില്‍മോചിതരാകാതിരുന്നത്?

സഹീര്‍: മുംബൈ, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങള്‍ കൂടി ഞങ്ങളുടെ കേസിന്റെ കൂടെ ലിങ്ക് ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ആയതിനാല്‍ സി.ബി.ഐ കേസ്  ഏറ്റെടുത്തു. മുംബൈയില്‍നിന്നുള്ള ജലീസ് അന്‍സാരിയാണ് ഈ സ്‌ഫോടനങ്ങളുടെ സൂത്രധാരന്‍ എന്നായിരുന്നു ഒരു കേസ്. ഞങ്ങള്‍ ഇയാളുടെ പേര് പോലും മുമ്പ് കേട്ടിട്ടില്ല. പിന്നീട് അജ്മീറിലെ ടാഡ ജയിലിലേക്ക് മാറ്റിയപ്പോള്‍ ഈ കുറ്റസമ്മതപത്രങ്ങള്‍ വ്യാജമാണെന്ന് മുമ്പ് ഹൈദരാബാദ്  കോടതി പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം മറച്ചുവെച്ചു. പഴയ ആ കണ്‍ഫെഷന്‍ സ്റ്റേറ്റ്‌മെന്റ് തന്നെ  തെളിവായി സ്വീകരിക്കുകയും ചെയ്തു.  ഒരുപക്ഷേ ഇത് അന്നുതന്നെ ടാഡ  കോടതിയില്‍ ബോധിപ്പിച്ചിരുന്നെങ്കില്‍  വീണ്ടും 13 വര്‍ഷം  ജയിലില്‍ കഴിയേണ്ടിവരുമായിരുന്നില്ല. ഏറ്റവുമവസാനം നിസാറിനെ സുപ്രീം കോടതി വെറുതെ വിട്ടപ്പോഴും  ഇക്കാര്യമാണ് എടുത്തുപറഞ്ഞത്.  ഞങ്ങളെ കൊണ്ട് നിര്‍ബന്ധിച്ചുണ്ടാക്കിയ കണ്‍ഫെഷന്‍ സ്റ്റേറ്റ്‌മെന്റ് ഒരു തെളിവല്ല എന്ന്. മാത്രമല്ല അതിനെ ന്യായീകരിക്കുന്ന ഒന്നും പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല തന്നെ. 

അജ്മീര്‍ ജയിലിലെത്തിയ ഞങ്ങളുടെ  കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ കാണാതായപ്പോള്‍ ജയില്‍ ചാടിയതാണെന്ന് പോലീസ് പറഞ്ഞു. അങ്ങനെ അജ്മീര്‍  ടാഡ കോടതി ഞങ്ങള്‍ക്ക് ജീവപര്യന്തം വിധിച്ചു.

 

ഈ സമയത്തൊക്കെ കേസ് കൈകാര്യം ചെയ്തത് ആരായിരുന്നു?

ഞങ്ങളുടെ വന്ദ്യപിതാവ് തനിച്ചായിരുന്നു മുഴുവന്‍ നിയമപോരാട്ടവും നടത്തിയത്.   കര്‍ണാടക  ട്രാന്‍സ്‌പോര്‍ട്ടില്‍ ജീവനക്കാരനായിരുന്നു അദ്ദേഹം. ബന്ധുക്കളില്‍നിന്നോ  നാട്ടുകാരില്‍നിന്നോ രാഷ്ട്രീയക്കാരില്‍നിന്നോ  ഒരു സഹകരണവും ലഭിച്ചില്ല. 'തീവ്രവാദികള്‍' ആയതിനാല്‍ എല്ലാവരും ബന്ധപ്പെടാന്‍ അറച്ചുനിന്നു.  പത്തു വര്‍ഷം ഞങ്ങളുടെ പിതാവ് കോടതി കയറിയിറങ്ങി. പിന്നീട് എനിക്ക് കാന്‍സര്‍ ആണെന്ന് റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം തളര്‍ന്നു. അജ്മീര്‍ കോടതിയുടെ  ജീവപര്യന്തം വിധി കൂടി വന്നപ്പോള്‍ ആകെ നിരാശനായി.  അസുഖങ്ങള്‍ കൂടി 2006  റമദാന്‍ കഴിഞ്ഞുള്ള  പെരുന്നാളിന്  അദ്ദേഹം അല്ലാഹുവിങ്കലേക്ക് യാത്രയായി. 

 

കുടുംബ പശ്ചാത്തലം വിവരിക്കാമോ? കേസ് കൈകാര്യം ചെയ്യുന്നതിനുള്ള  സാമ്പത്തിക സ്രോതസ്സ് എന്തായിരുന്നു?

ഞങ്ങള്‍ക്ക് രണ്ടു സഹോദരിമാരായിരുന്നു. വിവാഹം കഴിയാത്ത ഇളയ  സഹോദരിക്ക് വരനെ കണ്ടെത്താന്‍ ഒരുപാട് അന്വേഷിക്കേണ്ടിവന്നു. 'ഭീകരവാദി'കളുടെ സഹോദരിക്ക് ഒരു നല്ല വരനെ കണ്ടെത്താന്‍ ഉപ്പ കുറേ അലഞ്ഞു. അവസാനം വിവാഹം നടന്നെങ്കിലും വരന്‍ അത്ര നല്ലവനല്ലാത്തതിനാല്‍ അവള്‍ ഞങ്ങളുടെ കൂടെ തന്നെയാണ് ഇപ്പോള്‍ താമസം.  ഉണ്ടായിരുന്ന രണ്ടു കൃഷിഭൂമികള്‍ വിറ്റു. എന്നിട്ടും കേസ് നടത്താന്‍ പണം തികയാതെ വീടിന്റെ ഒരു ഭാഗവും കൂടി ഉപ്പാക്ക് വില്‍ക്കേണ്ടിവന്നു.  അതും തുഛ വിലയ്ക്ക്.  ഉപ്പ ഒരു സലഫി ആശയക്കാരനായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സലഫികളുള്ള സ്ഥലങ്ങളിലൊന്നാണ് ഗുല്‍ബര്‍ഗ. ആരാധനകളില്‍ സലഫി ആദര്‍ശം പൂര്‍ണമായി പിന്തുടരുന്നവരാണ് ഞാനും അനിയന്‍  നിസാറുമെല്ലാം. താടി നീട്ടി വളര്‍ത്തുന്നത് അതിന്റെ ഭാഗമായാണ്. ഞങ്ങള്‍ സലഫികളാണ്  എന്നത് അറസ്റ്റിനു കാരണമായിട്ടില്ല. ഐഡിയോളജിയുമായി  അറസ്റ്റിനു  പ്രത്യേക ബന്ധമൊന്നും ഇല്ല.  അന്ന്  1993-ല്‍ ഇന്നത്തേതുപോലെ സലഫിസത്തെ ഭീകരതയുമായി ബന്ധിപ്പിക്കാറില്ലായിരുന്നല്ലോ. അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ് നമ്മെ ജീവിപ്പിക്കുന്നത്.  പ്രബോധനമാണ് നമ്മുടെ ലക്ഷ്യം.  

 

സിമിയുമായി ബന്ധപ്പെട്ട വല്ല ചോദ്യങ്ങളും ജയിലില്‍ വെച്ചുണ്ടായിരുന്നോ?

അന്ന് സിമി നിരോധിക്കപ്പെട്ടിരുന്നില്ലല്ലോ. സിമിയുമായി ബന്ധപെട്ട  ഒറ്റ ചോദ്യവും ചോദിച്ചിട്ടില്ല. പോലീസുകാര്‍ ആകെ പറഞ്ഞിരുന്നത് പേപ്പര്‍ ഒപ്പിട്ടുതരൂ എന്നു മാത്രമായിരുന്നു. സിമി പരിപാടികളില്‍ ഇതുവരെ ഒന്നിലും പങ്കെടുത്തിട്ടുമില്ല. സിമിയെ  കുറിച്ച് പത്രത്തില്‍ വായിച്ച അറിവേ എനിക്കുള്ളൂ.  മാത്രമല്ല ചില സലഫികള്‍  അവരെ എതിര്‍ക്കുന്നതും കേട്ടിട്ടുണ്ട്.

 

സലഫികളോ മറ്റു സംഘടനകളോ നിയമപോരാട്ടത്തിന് സഹായിച്ചിരുന്നോ?

നാട്ടിലെ സലഫി സംഘങ്ങളോട് ഉപ്പയും  ഞാനും പലതവണ  സഹായമഭ്യര്‍ഥിച്ചിരുന്നു. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല. പലരും ഞങ്ങള്‍ നിരപരാധികളാണെന്ന് വിശ്വസിക്കാന്‍ പോലും  കൂട്ടാക്കിയില്ല. ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ അവര്‍ക്ക് വല്ലാത്ത നാണവും കുറ്റ ബോധവുമുണ്ട്, അന്ന് ഞങ്ങളെ സഹായിക്കാത്തതില്‍. കോണ്‍ഗ്രസുകാരോടും സഹായം തേടിയിരുന്നെങ്കിലും അവരും ഇടപെട്ടില്ല. ഇവര്‍ക്കെല്ലാം അതിനുള്ള ധൈര്യമോ നിയമത്തെക്കുറിച്ച അറിവോ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ന് ദല്‍ഹിയില്‍ 'ക്വില്‍' ഫൗേഷനിലെ കെ.കെ സുഹൈലും  മറ്റൊരുപാട് ചെറുപ്പക്കാരും  ഞങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റു നിന്നപ്പോള്‍ അഭിമാനം തോന്നി, അവരെ അഭിനന്ദിക്കാതെ വയ്യ. ഒരുപാട് അഭിഭാഷകരും എന്‍.ജി.ഒകളും ഞങ്ങളോടൊപ്പമുണ്ട്. പണ്ട് ഒരു വക്കീലിനെ കിട്ടാന്‍ പോലും പ്രയാസമായിരുന്നു.

രണ്ടു സംഘടനകളുടെ പേര് പ്രത്യേകം  പരാമര്‍ശിക്കണം. ഒന്ന്, അര്‍ശദ് മദനി നേതൃത്വം നല്‍കുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. അവരാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. അവര്‍ ഒരുപാട് പേരെ സഹായിക്കുന്നു. എ.പി.സി.ആര്‍ ആണ് മറ്റൊരു സംഘം. അവരും ദല്‍ഹിയിലും അജ്മീറിലും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു കൂട്ടരും ഇല്ലായിരുന്നെങ്കില്‍  വക്കീലുമാരെ കിട്ടാതെയും  അവര്‍ക്ക് ഫീസ് കൊടുക്കാന്‍ കഴിയാതെയും  ആ  തടവറകളില്‍ ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതം ഒടുങ്ങിയേനെ.  സുപ്രീം കോടതിയില്‍ ഒരു വക്കീല്‍ ഒരു പ്രാവശ്യം ഹാജരാകണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ ഫീസ് വരും എന്ന് അറിയാമല്ലോ.

 

ആരായിരുന്നു നിങ്ങളുടെ അഭിഭാഷകര്‍?

എ.പി.സി.ആറും  ജംഇയ്യത്തുല്‍ ഉലമായും വഴിയാണ് പലരെയും കിട്ടിയത്.  അഡ്വ. ജസ്പാല്‍ സിംഗ്  സോഡി  ജയ്പൂരില്‍ ടാഡ കോടതിയില്‍ ഞങ്ങള്‍ക്കു വേണ്ടി ഹാജരായിരുന്നു. പലരും ടാഡ പോലുള്ള നിയമങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ തയാറായിരുന്നില്ല, മുസ്‌ലിംകള്‍ക്ക് വേണ്ടിയാകുമ്പോള്‍ പ്രത്യേകിച്ചും.   ദല്‍ഹിയിലെ യുവ വക്കീല്‍ ഷഹദാന്‍ ഫറാസാത്ത്  മുഴുസമയവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ബാംഗ്ലൂരില്‍നിന്നും  ഹാര്‍വാര്‍ഡില്‍നിന്നും  നിയമപഠനം കഴിഞ്ഞ ഇവര്‍ വല്ലാത്ത പിന്തുണയാണ് നല്‍കിയത്.  നിത്യ രാമകൃഷ്ണന്‍ ആയിരുന്നു മുഖ്യ അഭിഭാഷകന്‍. ഇന്ത്യന്‍സ് പ്രസ്സിലെ മുസ്സമ്മില്‍ ജലീല്‍ അവസാന കാലത്ത്  രണ്ടു വര്‍ഷം  ഞങ്ങളുടെ കേസ് ഫോളോ  ചെയ്തിട്ടുണ്ട്. എന്നിട്ടവര്‍ അതൊരു സ്റ്റോറിയാക്കി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയാണ്. അവരും ഈ കേസ്  പഠിച്ചിരുന്നു.

 

ജയിലിലെ മറ്റനുഭവങ്ങള്‍, ജോലി, വായന?

നിസാര്‍: രണ്ടു ദിവസം  ഒരു റൂമില്‍ ഒറ്റക്ക്  ഇരുന്നാല്‍ ഏകാന്തതയും സ്വാതന്ത്ര്യവും എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഏകാന്ത തടവായിരുന്നു ഞങ്ങള്‍ക്ക്.  ഞങ്ങളുടെ ബ്ലോക്കിലുള്ള  ഇതേ കേസില്‍പെട്ട 13 പേരെ മാത്രം കാണാം. വേറെ ഒരാളെയും കാണാമായിരുന്നില്ല.  ഹൈ  സെക്യൂരിറ്റി.  'ആതംങ്ക വാദികള്‍' ആയതിനാല്‍ മറ്റാരുമായും ഇടപഴകാന്‍ അവസരമില്ലായിരുന്നു. മറ്റു തടവുകാരെ പോലെ ജോലിയും ഇല്ലായിരുന്നു. ഭക്ഷണം റൂമില്‍ എത്തും.  ആദ്യ ദിവസങ്ങളില്‍ എന്നും തലവേദനയും ഉറക്കമില്ലായ്മയുമായിരുന്നു. കൊതുകുശല്യം വേറെ. 19 വയസ്സു വരെ നോണ്‍ വെജ് കഴിച്ച എനിക്ക് ജയിലില്‍ 23  കൊല്ലം  സസ്യാഹാരം മാത്രം ലഭിച്ചു.  പുസ്തകങ്ങള്‍ ഇടക്ക് വായിക്കും, പിന്നെ നമസ്‌കാരം, പ്രാര്‍ഥന- ഇതുമാത്രമായി ജീവിതം. ഇടക്ക് വീട്ടിലേക്ക് കത്തെഴുതിയിരുന്നു. എനിക്ക് ഇവിടെ പരമസുഖം എന്ന ഒരു കളവു മാത്രം. മറ്റെന്ത് വിശേഷമെഴുതാനാണ്! 

പിന്നീട് നാട്ടില്‍ മൊബൈല്‍ ഫോണ്‍ വന്നതായി അറിഞ്ഞു.  വീഡിയോ കാണുന്ന മൊബൈലും ഉണ്ടെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിവരം കിട്ടി. അന്ന് ഞാന്‍ കുറേ ആലോചിച്ചു;  സംസാരിക്കുന്ന ഭാഗത്ത് ആയിരിക്കുമോ അതോ ചെവി വെക്കുന്ന ഭാഗത്ത് ആയിരിക്കുമോ വീഡിയോ പ്രത്യക്ഷപ്പെടുക! (ലാന്റ് ഫോണ്‍ മാത്രമല്ലേ ഞാന്‍ കണ്ടിട്ടുള്ളൂ). ഞാന്‍ ജയിലില്‍ പോകുമ്പോള്‍ 20 വയസ്സ്. എന്റെ  അനിയത്തിക്കപ്പോള്‍ 12 വയസ്സായിരുന്നു. ഇന്ന് അവളുടെ മകള്‍ക്ക് 12 വയസ്സായി. ഒരു തലമുറ തന്നെ എന്റെ ജീവിതത്തില്‍ ശൂന്യമാക്കപ്പെട്ടുപോയി.

പിന്നീട് ജയില്‍മോചിതനായി. ദല്‍ഹിയില്‍ അന്ന് രാത്രി ബെഡില്‍ കിടന്നപ്പോള്‍ എനിക്ക് ഉറക്കം വന്നില്ല. അന്ന് രാത്രി ഞാന്‍ തറയില്‍ ഒരു ഷീറ്റ് വിരിച്ചു കിടന്നു. ഞാന്‍ ഒരു മനുഷ്യന്‍ അല്ലാതായി മാറിയിരുന്നു.  എല്ലാം ഒരു കഥ പോലെ. നാട്ടില്‍ പലവഴികളും മാറിയിരിക്കുന്നു. പലര്‍ക്കും എന്നെ മനസ്സിലാകുന്നില്ല. മനസ്സിലായവരില്‍ ചിലര്‍ തിരിഞ്ഞു നടക്കുന്നു. എനിക്ക് ലഭിച്ച 'ഭീകരമുദ്ര'  എന്ന് മാഞ്ഞുപോകും? എന്റെ  ജീവിതത്തില്‍നിന്ന് തല്ലിക്കൊഴിച്ച 23  വര്‍ഷങ്ങള്‍, എന്റെ യൗവനം, അതെനിക്കാര് തിരിച്ചുതരും?  അല്ലാഹു ചിലത് വിധിക്കുന്നു, കാരണങ്ങള്‍ നമുക്കറിയില്ല. അവന്‍ വലിയവന്‍, അവന് സ്തുതി. ഞാനിന്ന് സ്വതന്ത്രനാണ്. അതിനാല്‍ വീണ്ടും ദൈവത്തിനു സ്തുതി.

സഹീര്‍: ഞങ്ങള്‍ക്ക്  ജയിലില്‍  ലൈബ്രറിയോ മറ്റോ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. ആവശ്യമുള്ളത് സ്വന്തമായി വാങ്ങിക്കണം. അതിന് വീട്ടുകാര്‍ ഞങ്ങളുടെ പേരിലുള്ള അക്കൗണ്ടില്‍ പണമിടും. വാര്‍ഡന്‍ കനിഞ്ഞാല്‍ നാം പറയുന്ന ബുക്കുകള്‍  വാങ്ങിച്ചുതരും. ഖുര്‍ആന്‍ പാരായണം, ദുആ, വായന, ഭക്ഷണം കഴിക്കല്‍- ഇതു മാത്രം. ഞാന്‍ ഉപ്പയെ കുറിച്ചും  വീടിനെ കുറിച്ചും വല്ലാതെ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. ഞങ്ങളുടെ മോചനം കാണാതെ ഉപ്പ മരിച്ചു.

 

ജയിലില്‍  എന്തെങ്കിലും വിവേചനങ്ങളുണ്ടായിരുന്നോ?

സഹീര്‍: 'മുസ്‌ലിം ടെററിസ്റ്റ്' എന്ന പരിവേഷം വല്ലാത്തൊരു പരീക്ഷണം തന്നെയായിരുന്നു. മറ്റു തടവുകാര്‍ ഞങ്ങളുടെ നേരെ ഒരു പ്രത്യേക നോട്ടമായിരുന്നു, കൊടും കുറ്റവാളികളാണെന്ന നിലയില്‍.  ഡോക്ടര്‍മാര്‍ പലപ്പോഴും ഞങ്ങളെ പരിശോധിക്കാര്‍  വരില്ലായിരുന്നു. തീവ്രവാദികളെ പരിശോധിക്കില്ല എന്ന ഉറച്ച നിലപാടിലായിരുന്നു ജയില്‍ ഡോക്ടര്‍മാര്‍. എനിക്കാണെങ്കില്‍ ശ്വാസമയക്കാന്‍ പോലും കഴിയാത്ത അവസ്ഥ. അവസാനം മനുഷ്യാവകാശ കമീഷന് പരാതി നല്‍കുകയും  അവര്‍ നടപടിയെടുക്കുകയും ചെയ്തതിനു ശേഷമാണ് ഡോക്ടര്‍ എന്നെ തിരിഞ്ഞുനോക്കിയത്. ഈ രേഖകളെല്ലാം ഞാന്‍ 'ക്വില്‍' ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്.  എനിക്ക് ശ്വാസകോശത്തിന് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍  തിരിച്ചറിഞ്ഞു. നേരാംവണ്ണം റേഡിയേഷന്‍ തരാത്തതിനാല്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം കരിഞ്ഞുപോയി. ഹോസ്പിറ്റലില്‍ പോകുമ്പോള്‍ എ.കെ 47  തോക്കുകളേന്തിയ  കമാന്റര്‍മാര്‍  ചുറ്റും അണിനിരക്കും.  ഹോസ്പിറ്റല്‍ ബെഡില്‍ വരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും. അപ്പോഴും ഞാന്‍ വളരെ സമാധാനചിത്തനായിരുന്നു.  ചികിത്സിക്കാന്‍ വരുന്ന മലയാളി നഴ്‌സിനോട് ജീസസിനെ കുറിച്ചും നബിയെ കുറിച്ചും ഞാന്‍ ചര്‍ച്ചചെയ്യും. ഈ അവസ്ഥയിലും എന്റെ ഈ സംസാരം കേട്ട് അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. 

ഒരിക്കല്‍ ബയോപ്‌സി നടത്താന്‍  ശരീരം കീറിമുറിച്ചപ്പോള്‍ ആ ലേഡി ഡോക്ടര്‍  എന്നോട് പറഞ്ഞു: 'മറ്റുള്ളവരെ കൊല്ലുന്ന  നിങ്ങളെപ്പോലുള്ള രാജ്യദ്രോഹികളായ ഭീകരരെ  ഞാന്‍ എന്തിനു രക്ഷിക്കണം?' ശരിക്കും ശരീരവും മനസ്സും ഒന്നാകെ മരവിച്ചുപോയി. അവര്‍ വല്ല സൂചിയും ഉള്ളില്‍ വെച്ച് തുന്നുമോ? അതോ എന്റെ ഞരമ്പുകള്‍  വല്ലതും മുറിച്ച് എന്നെ കൊന്നുകളയുമോ? പെട്ടെന്ന് അങ്ങനെ  പലതും ആലോചിച്ചുപോയി. പിന്നെ കരുതി അവരെ പറഞ്ഞിട്ടെന്തു കാര്യം! ഒരു ഭീകരനോട് ഇങ്ങനെ തന്നെയല്ലേ സാമാന്യജനം പെരുമാറുക?  അവര്‍ക്ക് അറിയില്ലല്ലോ ഞാന്‍ നിരപരാധിയാണെന്ന്. 

എന്റെ  രോഗം പരിഗണിച്ച് 2008 മെയ് ഒമ്പതിന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍  എല്ലാ കേസുകളിലും ജാമ്യം നല്‍കി എന്നെ വിട്ടയക്കുകയായിരുന്നു.

 

എന്താണ് നിങ്ങള്‍ക്ക് ഇത്തരം കേസുകളെ കുറിച്ച് പറയാനുള്ളത്;  സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍?

സഹീര്‍: ആദ്യം ആളുകളെ ബോധവത്കരിക്കണം. വേണ്ട നിയമ നടപടികള്‍ക്ക് പിന്തുണ നല്‍കണം. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ശ്രമിക്കണം.  ഹൈദരാബാദ് സ്‌ഫോടനത്തില്‍  ഒരു ബോംബ് വെച്ചിരുന്നത് റെയില്‍വേയിലെ  ക്യാഷ് സൂക്ഷിക്കുന്ന അലമാരക്കുള്ളിലായിരുന്നുവത്രെ. അതൊക്കെ ആരാവും ചെയ്യുന്നത്!  28 പേരെ വധിച്ച സൂര്യ എന്ന് പേരുള്ള ഒരു കൊലയാളിയുണ്ടായിരുന്നു ജയിലില്‍. അവന്‍ ശിക്ഷ കഴിഞ്ഞ് 10 വര്‍ഷത്തിനുള്ളില്‍ ഇറങ്ങിപ്പോയി.  അതേസമയം ഒരാളെയും കൊല്ലാത്ത  വിചാരണത്തടവുകാര്‍,  പത്തും ഇരുപതും വര്‍ഷം  ജയിലില്‍ കിടക്കുന്നു.  കേസിനിടക്ക് കുറേ സിഖ് തീവ്രവാദികളെ കണ്ടു. അവരും സമയബന്ധിതമായി ശിക്ഷയും പരോളും കഴിഞ്ഞ് ഇറങ്ങിപ്പോകുന്നു.  വിചാരണ കുറച്ചു നീണ്ടപ്പോള്‍, ജയിലിനുള്ളിലും പുറത്തും അവരുടെ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ നിരാഹാരവും മറ്റും കിടന്ന് പ്രതിയെ  വിചാരണ തീര്‍ത്ത് ഇറക്കിക്കൊണ്ടുപോകുന്നതും കണ്ടിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് 85  വയസ്സായി. 79, 74 വയസ്സുള്ളവരാണ് മറ്റു രണ്ടു പേര്‍. അറിയാതെ വസ്ത്രത്തില്‍ മൂത്രമൊഴിച്ചുപോകുന്ന,  വാര്‍ധക്യത്തിന്റെ അവശതകളില്‍ കഴിയുന്നവര്‍.  ഇവരൊക്കെ എന്ത് ഭീകര പ്രവര്‍ത്തനം നടത്താനാണ്! ഇവരുടെ വിചാരണ എന്നെങ്കിലും തീരുമോ?

നിസാറിന്റെ കേസില്‍ തന്നെ പതിമൂന്നു വര്‍ഷത്തിനു ശേഷം ആ കണ്‍ഫെഷന്‍ സ്റ്റേറ്റ്‌മെന്റ് (കുറ്റസമ്മതമൊഴി) നിയമവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീം കോടതി അവനെ വിട്ടയക്കുകയായിരുന്നല്ലോ.

നിയമവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസമുണ്ടോ?

നിസാര്‍: തീര്‍ച്ചയായും  ഉണ്ട്. നീതിന്യായ വ്യവസ്ഥ ആണല്ലോ ഞങ്ങളെ രണ്ടു പേരെയും അവസാനം സ്വതന്ത്രരാക്കിയത്.  അന്വേഷണ ഉദ്യോഗസ്ഥരാണ് പലപ്പോഴും വില്ലന്മാര്‍. അവര്‍ കഥകള്‍ മെനയുന്നു, രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയും സ്വന്തം പ്രമോഷന് വേണ്ടിയും.  നിരപരാധികളെ ഇരകളാക്കുന്നു.  ഇങ്ങനെ കള്ളക്കേസുണ്ടാക്കുന്നവരില്‍നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്ന നിയമങ്ങളുണ്ടാകണം. എന്നാലേ ഇത്തരം  അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റം ആവര്‍ത്തിക്കാതിരിക്കൂ.  ഒരു ഏറ്റുമുട്ടലില്‍, തീവ്രവാദിയെ വധിച്ചതിനു ശേഷം സുപ്പീരിയര്‍ ഓഫീസറെ വധിച്ചുകളഞ്ഞ ജൂനിയേഴ്‌സ് വരെ ഉണ്ടുപോലും, തങ്ങളുടെ പ്രമോഷനു വേണ്ടി! ഇങ്ങനെയുള്ള ക്രിമിനലുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണം.

ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷത്തിന് നഷ്ടപരിഹാരം കിട്ടുമോ? അതിനുള്ള നിയമവഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. വിദേശങ്ങളില്‍ അങ്ങനെ നിയമങ്ങള്‍ ഉള്ളതായി നിയമവിദഗ്ധര്‍ പറയുന്നു.  കുറ്റം കെട്ടിച്ചമക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്ന നിയമം  വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കള്ളക്കേസുണ്ടാക്കല്‍ കുറച്ചെങ്കിലും കുറയും. 

 

ഇത്തരം വിഷയങ്ങളില്‍ പുതിയ കാലത്ത് താങ്കള്‍ക്ക് പ്രതീക്ഷകളുണ്ടോ?

പഴയ അവസ്ഥയില്‍നിന്ന് നല്ല മാറ്റമുണ്ട് ഇപ്പോള്‍. അതിനാല്‍ തികഞ്ഞ പ്രതീക്ഷ മാത്രമാണുള്ളത്.  മിക്കവരും നിയമങ്ങളെ കുറിച്ച് ബോധവാന്മാരാണിന്ന്. ഒരുപാട് എന്‍.ജി.ഒകളും  ആക്ടിവിസ്റ്റുകളും രംഗത്തുണ്ട്. കുറച്ചു പേരെങ്കിലും ഇതിനെ കുറിച്ച് ധൈര്യമായി സംസാരിക്കുന്നു. ദല്‍ഹിയില്‍ ക്വില്‍ ഫൗണ്ടേഷന്‍ ചെയ്യുന്നത് വലിയ സേവനമാണ്. അവിടെ പരിപാടിക്ക് പോയപ്പോള്‍, അഭിഭാഷകരെക്കൊണ്ടും  മാധ്യമപ്രവര്‍ത്തകരെ  കൊണ്ടും  സദസ്സ് നിറഞ്ഞുകവിഞ്ഞു. ഒരുപാട് പേര്‍ നി

ലത്തുപോലും ഇരുന്നു ശ്രവിക്കുന്നു. 1993 കാലത്ത് ഇതിനൊന്നും ആരുമില്ലായിരുന്നു. ഒരുപാട് മാധ്യമങ്ങള്‍ ഞങ്ങളുടെ അനുഭവം റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷിലും ഉര്‍ദുവിലും ഹിന്ദിയിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ മീഡിയ വണ്‍ ഉള്‍പ്പെടെ ഞങ്ങളെ കുറിച്ച് സ്റ്റോറി ചെയ്തു. മലയാളം അറിയില്ലെങ്കിലും ചാനലിന്റെ   വീഡിയോ ക്ലാരിറ്റിയും മറ്റും കണ്ടപ്പോള്‍ മനസ്സിലായി ഇതൊരു വലിയ ചാനല്‍ ആണെന്ന്.  ഭോപ്പാലിലെ വ്യാജ ഏറ്റുമുട്ടല്‍ പലരും ചോദ്യം ചെയ്തു എന്നതുതന്നെ വലിയ കാര്യമല്ലേ? ആളുകള്‍ നിരീക്ഷിക്കുകയും പ്രതികരിക്കുകയും  ചെയ്യുന്നു. എന്‍.ഡി.ടി.വി വിചാരണത്തടവുകാരെ ടെററിസ്റ്റ് എന്ന് വിളിക്കരുത് എന്ന് പറയുന്നു. പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ല. കേസുകള്‍ ഫാബ്രിക്കേറ്റ് ചെയ്യുന്നവരോടും എന്‍കൗണ്ടറുകള്‍ നടത്തുന്നവരോടും നിയമപരമായി പ്രതികരിച്ചാല്‍, കള്ളക്കേസ് ചമക്കുന്നവര്‍ രണ്ടു പ്രാവശ്യം ആലോചിക്കും; ഭവിഷ്യത്ത് ഓര്‍ത്ത് പിന്തിരിയും. അതിന് തക്കതായ നിയമങ്ങളും രാജ്യത്ത് വേണം. ഇരകള്‍ക്ക് നഷ്ടപരിഹാരവും കൊടുക്കണം. ജയിലില്‍ കിടക്കുന്ന മറ്റുള്ളവരുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ വരേണ്ടതുണ്ട്.  ഈയിടെ 25  വയസ്സിനു താഴെ പ്രായമുള്ള ഇരുപതോളം മുസ്‌ലിം ചെറുപ്പക്കാരെ അജ്മീര്‍ ജയിലില്‍  കൊണ്ടുവരികയുണ്ടായി. ഇതില്‍ ചിലരൊക്കെ സോഷ്യല്‍ മീഡിയ ദുരുപയോഗം കാരണം  എത്തിപ്പെട്ടതാണെന്ന് പറയുന്നു. പാകിസ്താനിലേക്ക് വാട്‌സ്ആപ് മെസ്സേജ് പോയതിന്റെ പേരില്‍ പിടികൂടപ്പെട്ടവരുമുണ്ട്. അനാവശ്യമായ ഫേസ് ബുക് ഷെയറിംഗുകള്‍  ഒഴിവാക്കുന്നത് നല്ലതാണ്.  എല്ലാ ജയിലുകളിലും ഇപ്പോള്‍ ഇത്തരം ഒരു പത്തിരുപത് പുതിയ ആളുകളെങ്കിലും ഉണ്ടാകുമത്രെ! അതില്‍ പലരും നിരപരാധികളുമാകാം.

 

ജയില്‍മോചിതരായാലും ഇന്റലിജന്‍സ് അവരെ പിന്തുടരുന്നതായി പറയപ്പെടുന്നുണ്ട്. അങ്ങനെ വല്ല അനുഭവവുമുണ്ടോ? അനിയന്‍ നിസാര്‍ ഈ മെയ് മാസത്തിലാണ് മോചിതനായതെങ്കില്‍, താങ്കള്‍ 2010-ല്‍  പുറത്തിറങ്ങിയിട്ടുണ്ടല്ലോ. എന്താണ് ഇതുവരെയുള്ള അനുഭവം?

സഹീര്‍: ജയില്‍മോചിതനായി  കുറച്ചുകഴിഞ്ഞ് ഞാന്‍ വിവാഹിതനായി. ഇപ്പോള്‍ രണ്ടു കുട്ടികളുണ്ട്. കാന്‍സര്‍ ചികിത്സ തുടരുന്നു, ഇവിടെ  ബംഗ്ലൂരു കിദ്വായ് ഹോസ്പിറ്റലില്‍.  എന്നെ ആരും പിന്തുടരുന്നതായി തോന്നിയിട്ടില്ല. ഇക്കാലത്ത് കൂടെ നടന്ന്  പിന്തുടരണമെന്നും ഇല്ലല്ലോ, എന്റെ ഫോണും ഫേസ്ബുക്കുമെല്ലാം അവര്‍ക്ക് കാണാമല്ലോ. ഹസ്ബുനല്ലാഹ് വനിഅ്മല്‍ വകീല്‍. ആകെ ഒരു വിഷമം, അനിയന്റെ കുറേ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു എന്നതാണ്. ഇന്‍ശാ അല്ലാഹ്, എല്ലാം ശരിയാകും.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍