Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്തകനാവുമോ ട്രംപ്?

ജെയിംസ് ബ്രൂസ്

ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്ത 47 ശതമാനം  വോട്ടര്‍മാരെക്കുറിച്ച് അനേകം പഠനങ്ങളും ലേഖനങ്ങളും ഞാന്‍ വായിക്കുകയുണ്ടായി. പക്ഷേ ഈ പഠനങ്ങളൊന്നും അവരെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുകയോ അവര്‍ എന്തുകൊണ്ട് അദ്ദേഹത്തെ പിന്തുണച്ചുവെന്ന് വ്യക്തമാക്കുകയോ ചെയ്യുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഈ വോട്ടര്‍മാരെ അടുത്തറിയാന്‍ ട്രംപിനെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത ക്ലീവ്‌ലാന്റിലെ ഓഹിയോ കണ്‍വെന്‍ഷനില്‍ ഞാന്‍ എത്തിച്ചേരുകയുണ്ടായി. 'ട്രംപിന്റെയാളുകള്‍' (Trump Tribe) എന്നൊരു ഡോക്യുമെന്ററി ചിത്രീകരിക്കുകയായിരുന്നു ഉദ്ദേശ്യം. 

ഞാനും എന്റെ സഹായി പീറ്റര്‍ കോപ്പറും ചേര്‍ന്ന് നിരവധി ട്രംപ് അനുകൂലികളെ ഇന്റര്‍വ്യൂ ചെയ്തു. ട്രംപ് അനുകൂലികളെന്നാണ് ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചില വെളിപ്പെടുത്തലുകള്‍ കണ്ണുതുറപ്പിക്കുന്നവയായിരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനം ട്രംപ് നേതാവായ ഒരു കള്‍ട്ടായി രൂപപ്പെടുകയാണെന്ന് ഞങ്ങള്‍ കണ്ടു. 

അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്, തങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗമല്ലെന്നാണ്. തങ്ങളുടെ ആശയങ്ങളെ തീവ്രം എന്ന് മുദ്രകുത്തുന്നതിനോട് അവര്‍ക്ക് പ്രതിഷേധമുണ്ട്. അവര്‍ക്ക് അവരുടെ നേതാവ് ട്രംപിനോട് മാത്രമേ കൂറുള്ളൂ. ഒരു കള്‍ട്ടിന്റെ സകലവിധ ലക്ഷണങ്ങളും ഞങ്ങളവിടെ കണ്ടു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ 'ട്രംപിസം' എന്ന ഒരു കള്‍ട്ട് അമേരിക്കന്‍ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും വലിയ തോതില്‍ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. 

ഞാന്‍ കണ്ടുമുട്ടിയ പല അമേരിക്കക്കാരും എന്നോട് പറഞ്ഞിരുന്നത്, ട്രംപിനെ പിന്തുണക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്നാണ്. അയാളുടെ അനുകൂലികള്‍ ഒന്നുകില്‍ സ്ത്രീ വിദ്വേഷികളോ വംശീയവാദികളോ അല്ലെങ്കില്‍ ഒരു വിവരവുമില്ലാത്ത തനി വിഡ്ഢികളോ ആണെന്നും. ഞങ്ങള്‍ അന്വേഷിച്ചപ്പോഴും വലിയ മാറ്റമൊന്നും കണ്ടില്ല. ചിലരൊക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആശയപരിസരത്ത് നില്‍ക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും തനി അവിവേകികള്‍. 

തുറന്ന കമ്പോളത്തിന്റെ കെടുതികളില്‍നിന്ന് തൊഴിലാളികള്‍ക്ക് രക്ഷ വേണമെന്നാണ് അവര്‍ കാര്യമായും ആവശ്യപ്പെട്ടത്. അമേരിക്കന്‍ തൊഴിലുകള്‍ സംരക്ഷിക്കണമെങ്കില്‍ കുടിയേറ്റം തടയണം. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി അമേരിക്ക അന്യദേശങ്ങളില്‍ തുടരുന്ന ഇടപെടല്‍ രാഷ്ട്രീയം അവസാനിപ്പിക്കണം. വന്‍ ധനികര്‍ നികുതികള്‍ അടക്കുന്നില്ലെന്നും മിനിമം കൂലി വളരെ കുറവാണെന്നും പലരും പരാതി പറയുന്നുണ്ടായിരുന്നു. ഇതൊക്കെ ഡെമോക്രാറ്റുകളുടെ വര്‍ത്തമാനമാണല്ലോ! ഇത്തരക്കാരാണ്, അല്ലാതെ പരമ്പരാഗത റിപ്പബ്ലിക്കന്‍ വോട്ടര്‍മാരല്ല ട്രംപിനെ ജയിപ്പിച്ചത്. ഈ ധാരയെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വാംശീകരിക്കുമായിരിക്കും; നേരത്തേ അവര്‍ 'ടീപാര്‍ട്ടി' ധാരയെ സ്വാംശീകരിച്ചപോലെ. പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപിസവും തീര്‍ത്തും വ്യത്യസ്തമായ രണ്ട് സാമൂഹിക രാഷ്ട്രീയ അസ്തിത്വങ്ങളാണ്. അവ പരസ്പരം അടുപ്പത്തിലല്ല, പോരാട്ടത്തിലാണ്. 

ട്രംപിനെ തുണച്ച മൊത്തം വോട്ടര്‍മാരില്‍ ട്രംപിസത്തിന്റെ വക്താക്കള്‍ താരതമ്യേന കുറവാണെങ്കിലും അവരാണ് വീറോടെയും വാശിയോടെയും ഒറ്റക്കെട്ടായി നിന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിത്തറ തോണ്ടുന്ന ഒന്നായിരിക്കും ട്രംപിസം. അമേരിക്കയില്‍ റീഗനിസത്തിന്റെ അന്ത്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 1980-ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായതു മുതല്‍ അമേരിക്ക പിന്തുടര്‍ന്നുവരുന്ന ആഗോളീകരണ രാഷ്ട്രീയത്തെയും നിയോ ലിബറല്‍ സാമ്പത്തിക ക്രമത്തെയും പൂര്‍ണമായി തള്ളിക്കളയുന്ന പുതിയൊരു തരം ദേശീയ സംഘാടനമാണ് നടക്കുന്നത്. അത് ഒറ്റപ്പെട്ടുനില്‍ക്കല്‍ (Isolationist) നയമാണ് സ്വീകരിക്കുക. സ്വതന്ത്ര മീഡിയ അടക്കമുള്ള സകല ജനാധിപത്യസ്ഥാപനങ്ങളെയും അത് സംശയക്കണ്ണോടെയാണ് കാണുക. 

കള്‍ട്ട് ഫിഗര്‍ ഉള്‍പ്പെടെ തനിക്കനുകൂലമായ  ഘടകങ്ങളെയെല്ലാം ഉപയോഗപ്പെടുത്തി ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാറ്റിയെടുക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഫ്രാന്‍സിലെ നാഷ്‌നല്‍ ഫ്രന്റ്, ബ്രിട്ടനിലെ ഇന്റിപെന്റന്‍സ് പാര്‍ട്ടി, നെതര്‍ലാന്റ്‌സിലെ പാര്‍ട്ടി ഫോര്‍ ഫ്രീഡം, ഹങ്കറിയിലെ ജോബിക് (Jobbik) തുടങ്ങിയ സമഗ്രാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് ഒരു ട്രാന്‍സ് അറ്റ്‌ലാന്റിക് സഖ്യവും ട്രംപ് രൂപവല്‍ക്കരിച്ചേക്കും. 

പ്രായോഗിക രാഷ്ട്രീയം ട്രംപിന്റെ വഴിയായിരിക്കാന്‍ ഇടയില്ല. അനുയായികളെ തൃപ്തിപ്പെടുത്താന്‍ എന്തിനുമയാള്‍ മുതിര്‍ന്നേക്കും. തങ്ങളുടെ പ്രിയങ്കരനായ പ്രസിഡന്റ് വാക്കുകള്‍ പാലിച്ചില്ലെങ്കില്‍ അനുയായികള്‍ എങ്ങനെ പ്രതികരിക്കും എന്നതും പ്രശ്‌നമാണ്. 

(അമേരിക്കന്‍ സിനിമാ നിര്‍മാതാവും സംവിധായകനുമാണ് ലേഖകന്‍)

 

അമേരിക്കയുടെ ഇസ്‌ലാമോഫോബിയ പ്രസിഡന്റ്!

 

ഖാലിദ് എ. ബെയ്ദൂന്‍

 

 

ഒടുവില്‍ വിജയിച്ചത് ഇസ്‌ലാമോഫോബിയ. ആദ്യ വനിതാ പ്രസിഡന്റിന് പകരം അമേരിക്കക്ക് ആദ്യ ഇസ്‌ലാമോഫോബിയ പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ഇസ്‌ലാമിനെപ്പറ്റി പറഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവമതിച്ചുകൊണ്ടിരുന്നത് കേവലം പ്രചാരണതന്ത്രമായി മാത്രം കണ്ടാല്‍ പോരാ. തന്നെയത് വിജയിപ്പിക്കുമെന്ന് ട്രംപ് കൃത്യമായി കണക്കു കൂട്ടിയിരുന്നു.

ഒരു മറയുമില്ലാത്ത ട്രംപിന്റെ ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങള്‍ വോട്ടര്‍മാരെ ആഴത്തില്‍ സ്വാധീനിച്ചു. മതഭ്രാന്തരായ ഒറ്റപ്പെട്ട ഗ്രൂപ്പുകളെ മാത്രമല്ല അത് ആകര്‍ഷിച്ചത്. വലിയൊരു വിഭാഗം അമേരിക്കന്‍ വോട്ടര്‍മാര്‍ ട്രംപിനെ പിന്തുണക്കാന്‍ അത് കാരണമായിട്ടുണ്ട്. ഓഹിയോ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലിന തുടങ്ങി തീപാറും പോരാട്ടം നടന്ന സ്റ്റേറ്റുകളൊക്കെയും ട്രംപിനെ തുണച്ചത് ഇസ്‌ലാംഭീതി പരത്തിയതുകൊണ്ടായിരുന്നു.

സര്‍വേകളിലും ഈ പ്രവണത പ്രകടമായി. 2015 ഡിസംബറില്‍ എന്‍.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍, അമേരിക്കയില്‍ കടക്കുന്നതിന് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ട്രംപിന്റെ വാദത്തെ 25 ശതമാനം അമേരിക്കക്കാര്‍ പിന്തുണക്കുന്നതായി വ്യക്തമാക്കിയിരുന്നു. 2016 മാര്‍ച്ച് ആയപ്പോഴേക്കും അനുകൂലിക്കുന്നവരുടെ എണ്ണം 51 ശതമാനമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്പോളം ആവശ്യപ്പെടുന്നത് ട്രംപ് നന്നായി നല്‍കുകയും ചെയ്തു. മുസ്‌ലിംവിരുദ്ധ വാചകക്കസര്‍ത്തുകള്‍ക്ക് വീര്യം കൂടിവന്നു. ബഹളം വെക്കുന്ന അനുയായികളെ മാത്രമല്ല, നിശ്ശബ്ദരായ വലിയൊരു പക്ഷം വെള്ളക്കാരായ വോട്ടര്‍മാരെയും ട്രംപ് ഇസ്‌ലാമോഫോബിയ ഊട്ടി. ഒളിയും മറയുമില്ലാതെ ഇസ്‌ലാംവിരുദ്ധത ചീറ്റാന്‍ ട്രംപ് തയാറായതുകൊണ്ടാണ് ഈ വിജയം എത്തിപ്പിടിക്കാനായത്. ട്രംപിന്റെ സമകാലികരോ മുന്‍ഗാമികളോ ആയ റിപ്പബ്ലിക്കന്മാര്‍ക്ക് അത്രത്തോളം പോകാന്‍ കഴിഞ്ഞിരുന്നില്ല. ജോര്‍ജ് ഡബ്ല്യു. ബുഷും മിറ്റ് റോംനിയും ഇസ്‌ലാമോഫോബിയ പരത്താറുണ്ടായിരുന്നെങ്കിലും പദപ്രയോഗങ്ങളൊക്കെ സൂക്ഷിച്ചായിരുന്നു. എല്ലാ മറകളും പൊളിച്ചായിരുന്നു ട്രംപിന്റെ തേരോട്ടം.

മുസ്‌ലിംകളില്‍ തന്നെ ലിബറലുകളും മിതവാദികളുമുണ്ട് എന്ന മട്ടിലുള്ള തണുപ്പിക്കല്‍ പ്രസ്താവനകളൊക്കെ പാടേ ഒഴിവാക്കിയിരുന്നു ട്രംപ് തന്റെ കാമ്പയിന്‍ പ്രസംഗങ്ങളില്‍നിന്ന്. 'ഇസ്‌ലാം സമാധാനമാണ്' എന്ന് പറയുന്നതിനു പകരം ട്രംപ് പറഞ്ഞത് 'ഇസ്‌ലാം നമ്മെ വെറുക്കുന്നു' എന്നാണ്. വോട്ടര്‍മാരെ ഇളക്കാന്‍ അത് മതിയായിരുന്നു. ഖുര്‍ആന്‍ കത്തിക്കല്‍ റാലികളില്‍ കേള്‍ക്കുന്ന, ലേഖനങ്ങളുടെ പ്രതികരണ കോളങ്ങളില്‍ കാണുന്ന തരത്തിലുള്ള കടുത്ത വിദ്വേഷം വമിക്കുന്ന പദാവലികളാണ് അയാള്‍ പ്രയോഗിച്ചത്. മസ്ജിദ് കത്തിക്കാനിറങ്ങുന്നവര്‍ നടത്തുന്ന ആക്രോശങ്ങള്‍ ട്രംപ് കാമ്പയിന്‍ റാലികളില്‍ ആവര്‍ത്തിക്കുകയായിരുന്നു.

അതിന്റെ ഫലവും വൈകാതെ കണ്ടുതുടങ്ങി. മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 2015-ല്‍ ഗണ്യമായി കൂടി. 2016-ലും ആ പ്രവണത തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇതാണ് സ്ഥിതിയെങ്കില്‍ ട്രംപ് പ്രസിഡന്റായി ചുമതലയേറ്റാലുള്ള അവസ്ഥ എന്തായിരിക്കും! മുസ്‌ലിംകളുടെ ചലനങ്ങള്‍ സദാ നിരീക്ഷിക്കുന്ന സംവിധാനങ്ങള്‍ അമേരിക്കയില്‍ വരാന്‍ പോകുന്നു. അവരെ ഭീകരവാദ ചിന്തകളില്‍നിന്ന് മോചിപ്പിക്കാനാണെന്ന പേരില്‍ പല തരത്തിലുള്ള നിയന്ത്രണങ്ങളും അവരുടെ മേല്‍ പ്രയോഗിക്കപ്പെടാം. മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ വരെ പ്രയാസങ്ങള്‍ നേരിട്ടേക്കാം. ഓരോ മുസ്‌ലിം ഐഡന്റിറ്റിയും സംശയം ജനിപ്പിക്കുന്ന ചിഹ്നങ്ങളായി മാറ്റപ്പെട്ടേക്കാം.

ആഭ്യന്തര യുദ്ധം നടക്കുന്ന മുസ്‌ലിം നാടുകളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വിലക്ക് വീഴുമെന്നുറപ്പ്. മുസ്‌ലിംകള്‍ക്ക് പ്രവേശനമേയില്ല എന്ന രീതിയില്‍ ഒരു നിയമം വന്നില്ലെങ്കില്‍ പോലും, കുടിയേറ്റക്കാര്‍ മുസ്‌ലിംകളാണെങ്കില്‍ അവരുടെ മുന്നില്‍ ഇനിയും ഒട്ടേറെ കടമ്പകള്‍ ട്രംപ് ഉണ്ടാക്കിവെച്ചേക്കും. നിയമവിധേനയുള്ള കുടിയേറ്റം പോലും വളരെ പ്രയാസകരമായിത്തീരും. മുസ്‌ലിം കൂട്ടായ്മകളൊന്നും ട്രംപിനെ അനുകൂലിച്ചിട്ടില്ലാത്തതിനാല്‍ പുതിയ ഭരണകൂടത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാവും. അത് ഭരണകൂട നയങ്ങളിലും പ്രതിഫലിക്കും. ഭരണത്തിലെ ഉന്നത കേന്ദ്രങ്ങള്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരിലുള്ള അതിക്രമങ്ങളെയും വിവേചനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ടാവും. ഇസ്‌ലാമോഫോബിയ കൊണ്ട് ജയിച്ചുകയറിയ ഒരു പ്രസിഡന്റിനു കീഴില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതും മസ്ജിദുകള്‍ തകര്‍ക്കപ്പെടുന്നതും സ്വാഭാവികമെന്ന് കരുതപ്പെടുകയും ചെയ്യും.

അമേരിക്കയില്‍ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലാത്ത ഒരു കാര്യം, അതിപ്പോള്‍ സംഭവിച്ചിരിക്കുന്നു. ആ അസംബന്ധമാണ് ഇന്നത്തെ യാഥാര്‍ഥ്യം. ഇസ്‌ലാമോഫോബിയ ഇനി കേവലം തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമല്ല; അടുത്ത വര്‍ഷം ജനുവരി മുതല്‍ വൈറ്റ് ഹൗസിന്റെ സമ്പൂര്‍ണ നയപരിപാടി തന്നെയാണ്.

മിച്ചിഗണിലെ ഡിയര്‍ബോണില്‍ ഇരുനൂറോളം വരുന്ന അമേരിക്കന്‍ മുസ്‌ലിംകളുമൊത്ത് ഞാന്‍ തെരഞ്ഞെടുപ്പിന്റെ രാത്രി ഫലങ്ങള്‍ വരുന്നത് നോക്കിയിരിക്കുകയായിരുന്നു. മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്. അവരുടെ മുഖങ്ങളില്‍ ഭയം നിഴലിട്ടിരിക്കുന്നു. പ്രായമായവര്‍ കരയുകയാണ്. യുവാക്കള്‍ പ്രാര്‍ഥനയില്‍ മുഴുകി. നാളെ ഒട്ടും ശുഭകരമായിരിക്കില്ലെന്ന് അവര്‍ക്കറിയാം.

ഇതാ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കടന്നുവരുന്നു. അമേരിക്കന്‍ മുസ്‌ലിംകളേ, ധീരതയോടെ നിലയുറപ്പിക്കൂ. 

(യൂനിവേഴ്‌സിറ്റി ഓഫ് ഡെട്രോയിറ്റ് മെഴ്‌സി സ്‌കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍