മോദി, അദാനി, കള്ളപ്പണം-അന്വേഷണത്തിന്റെ ദിശ എങ്ങോട്ട്?
കള്ളപ്പണം (ഇന്ത്യയിലെ സമ്പന്നരും ശക്തരും നിയമവിരുദ്ധമായി സമ്പാദിച്ച പണം) രാജ്യത്തിനേല്‍പിക്കുന്ന പ്രഹരം ചെറുതല്ല. ദാരിദ്ര്യവും നിരക്ഷരതയുമടങ്ങുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ തളര്‍ത്തുകയും രാജ്യസുരക്ഷയെ ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുകയും ആരോഗ്യകരമായ സാമ്പത്തിക മത്സരങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് കള്ളപ്പണം.
2011-ല്‍ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന സമയത്ത് ബി.ജെ.പി കള്ളപ്പണത്തെക്കുറിച്ച് പഠിക്കാന്‍ ഒരു ദൗത്യ സംഘത്തെ നിയമിക്കുകയും ഇവരുടെ പഠനത്തെ അടിസ്ഥാനമാക്കി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കള്ളപ്പണത്തെക്കുറിച്ച് റിപ്പോര്‍ട്ടിറക്കുമെന്ന് ജനങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന യു.പി.എ സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം 97 പേജ് വരുന്ന ഒരു ധവളപത്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 'സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ കള്ളപ്പണത്തിന്റെ സാന്നിധ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതുനയങ്ങള്‍ നടപ്പിലാക്കുന്ന രീതിയെയും വികലമായി ബാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സര്‍ക്കാരിന്റെ പരാജയവും ഗവണ്‍മെന്റ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന അഴിമതിയും പാവങ്ങളെ അത്യധികം ബാധിക്കുന്നുണ്ട്. അഴിമതി, കള്ളപ്പണം എന്നീ ദൂഷ്യങ്ങളെ വേരോടെ പിഴുതെറിയാനുള്ള നമ്മുടെ സമൂഹത്തിന്റെ ശേഷിയെ ആശ്രയിച്ചാണ് ഒരു സമഗ്ര വികസന മാതൃകയുടെ വിജയം നിശ്ചയിക്കപ്പെടുക. ഇത് സാധ്യമാക്കണമെങ്കില്‍ കുറച്ചുകൂടി സുതാര്യവും ഫലാധിഷ്ഠിതവുമായ സാമ്പത്തിക സംവിധാനങ്ങളിലേക്കുള്ള മാറ്റം അതിവേഗം നടപ്പിലാക്കിയേ മതിയാവൂ' എന്ന് അന്ന് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി- ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി സ്ഥാനമേറ്റു- റിപ്പോര്‍ട്ടില്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്.
ലോക ബാങ്ക് 2010 ജൂലൈയില്‍ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് ഈ ധവളപത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 1999 മുതല്‍ 2007 വരെയുള്ള കാലയളവില്‍ 192 രാജ്യങ്ങളില്‍ നിലനിന്നിരുന്ന 'നിഴല്‍ സമ്പദ് വ്യവസ്ഥകളെ'ക്കുറിച്ച് പ്രതിപാദിക്കുന്ന ഈ റിപ്പോര്‍ട്ട് ഓരോ രാജ്യത്തുമുള്ള നിഴല്‍ സമ്പദ്ഘടനയുടെ വലുപ്പവും കണക്കാക്കുന്നുണ്ട്. അതുപ്രകാരം ലോകത്തെ മൊത്തം ജി.ഡി.പിയും നിയമവിരുദ്ധമായി സമ്പാദിച്ച് ശേഖരിച്ചുവെച്ച പണവും തമ്മിലുള്ള അനുപാതം 1999-ല്‍ 34 ശതമാനവും 2007-ല്‍ 31 ശതമാനവുമായിരുന്നു. ഇന്ത്യയില്‍ ഇത് യഥാക്രമം 20.7 ശതമാനവും 23.2 ശതമാനവുമായിരുന്നു. 2000 ഏപ്രിലിനും 2011 മാര്‍ച്ചിനുമിടയില്‍ ഇന്ത്യയിലേക്ക് ഒഴുകിയ വിദേശനിക്ഷേപത്തിന്റെ 41.8 ശതമാനവും മൗറീഷ്യസില്‍നിന്നായിരുന്നു എന്ന് ഇന്ത്യയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
''2000 ഏപ്രിലിനും 2011 മാര്‍ച്ചിനുമിടയില്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം വന്നത് മൗറീഷ്യസ് (41.8 ശതമാനം), സിങ്കപ്പൂര്‍ (9.17 ശതമാനം) എന്നീ രാജ്യങ്ങളില്‍നിന്നാണെന്ന് ഈ പട്ടികയില്‍നിന്ന് വ്യക്തമാണ്. ചെറിയ സമ്പദ്ഘടനകളുള്ള ഈ രാജ്യങ്ങളില്‍നിന്ന് ഇത്ര ഭീമമായ നിക്ഷേപം വരാന്‍ സാധ്യതയില്ലാത്തതിനാല്‍ നികുതി വെട്ടിക്കാനും യഥാര്‍ഥ നിക്ഷേപകരുടെ പേരുകള്‍ ആദായ വകുപ്പില്‍നിന്ന് മറച്ചുവെക്കാനും വേണ്ടി പലരും നിക്ഷേപങ്ങള്‍ വഴിമാറ്റി വിടുകയാണെന്ന കാര്യം വ്യക്തമാണ്. ഇവരില്‍ പലരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാവാം. തിരിച്ച് രാജ്യത്തെത്തിക്കുന്ന പണം 'റൗണ്ട് ട്രിപ്പിംഗ്' എന്ന തന്ത്രമുപയോഗിച്ച് അവര്‍ സ്വന്തം സ്ഥാപനങ്ങളില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്''- ഇങ്ങനെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യം അംഗീകരിക്കുന്നത്.
വെട്ടിച്ചു കടത്തുന്ന പണത്തിന്റെ അളവെത്രയാണെന്നോ അതെവിടെ നിന്നു വരുന്നുവെന്നോ അതിലെത്ര ഭാഗം ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നോ മനസ്സിലാക്കാന്‍ വിശ്വാസയോഗ്യമായ മാര്‍ഗങ്ങളില്ല എന്നതാണ് വലിയൊരു പ്രതിസന്ധി. കള്ളപ്പണത്തില്‍ എത്ര ശതമാനം കുറ്റകൃത്യങ്ങളില്‍നിന്നുള്ള വരുമാനമാണെന്നും എത്ര ശതമാനം 'വെറും' നികുതിവെട്ടിപ്പ് മാത്രമാണെന്നും സര്‍ക്കാരിനു പോലും നിശ്ചയമില്ല. നികുതിയടക്കുന്നത് ഒഴിവാക്കാനും വരുമാനത്തെക്കുറിച്ചും രാജ്യത്തിനകത്തെയും പുറത്തെയും നിക്ഷേപങ്ങളെക്കുറിച്ചുമുള്ള അസുഖകരമായ ചോദ്യങ്ങളില്‍നിന്ന് രക്ഷപ്പെടാനും പല വന്‍കിട ഇന്ത്യന്‍ വ്യാപാരികളും 'നോണ്‍-റെസിഡന്റ് ഇന്ത്യന്‍' പദവി നേടിയെടുത്തിട്ടുണ്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് 2016 മാര്‍ച്ചില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം അതിസമ്പന്നരുടെ മറ്റു രാജ്യങ്ങളിലേക്കുള്ള ഒഴുക്കിന്റെ കാര്യത്തില്‍ 2015-ല്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. നാലായിരത്തോളം കോടീശ്വരന്മാരാണ് അവരുടെ സ്ഥിര വാസസ്ഥലം മാറ്റിയത്. വിദേശത്ത് നമ്മള്‍ നടത്തുന്ന അന്വേഷണങ്ങളില്‍നിന്നാണ് ഇന്ത്യന്‍ വ്യവസ്ഥയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് നമുക്ക് വിവരം ലഭിക്കുന്നതെന്നതാണ് ഒരു വിരോധാഭാസം- വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ഇവിടത്തെ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെടുമ്പോഴാണ് ഈ അന്വേഷണങ്ങള്‍ ആരംഭിക്കുന്നത്.
രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കാവല്‍ക്കാര്‍ വരെ കൈക്കൂലിയുടെ ഗുണഭോക്താക്കളായതിനാല്‍ നിശ്ശബ്ദതയുടെ ഒരു ഗൂഢാലോചന എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന രാജ്യത്തിന്റെ സമ്പദ്‌മേഖലയുടെ രഹസ്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള പ്രധാന കാരണം സര്‍വവ്യാപിയായ ഈ കൈക്കൂലി സമ്പ്രദായം തന്നെയാണ്.
2014 മെയ് 28-ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നടത്തിയ ആദ്യ പ്രഖ്യാപനം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു മുന്‍ സുപ്രീം കോടതി ന്യായാധിപന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ (സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി- എസ്.ഐ.ടി) നിയമിക്കുമെന്നതായിരുന്നു. യു.പി.എ സര്‍ക്കാരിനെതിരായ തന്റെ ചൂടു പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വീണ്ടും വീണ്ടും ഉയര്‍ത്തിക്കാണിച്ച വിഷയമായിരുന്നു കള്ളപ്പണം. ആ സമയത്ത് രാജ്യത്തൊട്ടാകെ അലയടിച്ച അഴിമതിവിരുദ്ധ വികാരം മോദിയെ പിന്തുണച്ചു. അഴിമതിവിരുദ്ധ മുന്നേറ്റം നയിച്ചത് മുഖ്യമായും ജനകീയ കൂട്ടായ്മകളായിരുന്നെങ്കിലും രാഷ്ട്രീയ തലത്തില്‍ ഇത് ഏറ്റവും കൂടുതല്‍ സഹായിച്ചത് മോദിയെയാണ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഹെലികോപ്ടറുകളും ഹോളോഗ്രാമുകളും മാധ്യമ പ്രചാരണങ്ങളും ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും വ്യാപക ഉപയോഗവുമടക്കം ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പ് പ്രചാരണം അഴിച്ചുവിടുന്നതിനോടൊപ്പമാണ് ഈ അഴിമതിവിരുദ്ധ വികാരത്തെ മോദി ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ദിവസം തന്നെ അന്വേഷണസംഘത്തിന്റെ നിയമനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തിയതില്‍ അതിശയപ്പെടാനൊന്നുമില്ല.
കൗതുകകരമെന്നു പറയട്ടെ, അന്വേഷണസംഘത്തിനു മുന്നില്‍ ഇന്നുവരെ ഉയര്‍ന്നുവന്ന കള്ളപ്പണ കേസുകളില്‍ ഏറ്റവും വലുത് മോദിയുടെ സന്തതസഹചാരിയായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനെതിരായ കേസാണ്. അഴിമതി തടയുന്നതില്‍ നിലവിലെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭാവി പ്രധാനമന്ത്രി രാജ്യം ചുറ്റി പറന്നത് അദാനിയുടെ വിമാനത്തിലാണ്. ദക്ഷിണ കൊറിയയില്‍നിന്നും ചൈനയില്‍നിന്നും ഊര്‍ജ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ ഊതിവീര്‍പ്പിച്ച കണക്കുകള്‍ കാട്ടി നികുതി വെട്ടിക്കാന്‍ 5000 കോടിയോളം രൂപ രാജ്യത്തുനിന്നും കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണ സംഘത്തെ അറിയിച്ചത്.
അദാനി ഗ്രൂപ്പിനെതിരായ കേസ് ശരിയായ പരിസമാപ്തിയിലെത്തുകയാണെങ്കില്‍ ഏകദേശം 15,000 കോടിയോളം രൂപ കമ്പനി പിഴയടക്കേണ്ടിവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഒരു ഇ.ഡി ഉദ്യോഗസ്ഥന്‍ പറയുന്നത്. 5,468 കോടി രൂപ കമ്പനി ദുബൈ വഴി മൗറീഷ്യസിലേക്ക് കടത്തിയതായി നിസ്സംശയം തെളിയിക്കുന്ന രേഖകളുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു. എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. മോദിയാകട്ടെ തീവ്രപ്രസംഗങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ഇപ്പോള്‍ നിശ്ശബ്ദനാണ്.
പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ ആരോഹണത്തിനു ശേഷം ഇ.ഡിയില്‍ സംഭവിച്ച മാറ്റങ്ങള്‍ പല സൂചനകളും നല്‍കുന്നുണ്ട്. അദാനി ഗ്രൂപ്പിനെതിരെ ഇ.ഡി അഹ്മദാബാദില്‍ പ്രാരംഭ കേസ് രേഖപ്പെടുത്തുകയും ഡി.ആര്‍.ഐയുടെ കണ്ടെത്തലുകള്‍ അവരുടെ കൈകളില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പേരില്‍ ഡയറക്ടറേറ്റിന്റെ അഹ്മദാബാദ് ഓഫീസ് മേധാവിയെ സി.ബി.ഐ റെയ്ഡ് ചെയ്യുന്നതാണ് പിന്നെ കാണുന്ന കാഴ്ച. മാസങ്ങളുടെ അന്വേഷണത്തിനു ശേഷവും അവര്‍ക്ക് യാതൊന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. അഹ്മദാബാദ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്ന മുംബൈയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്നീട് ഏജന്‍സി വിടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ ഡയറക്ടറേറ്റ് മേധാവിയായിരുന്ന രാജന്‍ എസ്. കടോചിന്റെ കാലാവധിയും പൊടുന്നനെ തീരുകയായിരുന്നു. അദാനി കേസിനു പുറമെ ഗുജറാത്തിലെ പല വന്‍കിട കള്ളപ്പണക്കാരുടെയും കേസുകള്‍ അഹ്മദാബാദ് ഇ.ഡി അന്വേഷിക്കുന്നുണ്ടായിരുന്നു.
സ്ഥലംമാറ്റങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിക്കാന്‍ എന്റെ കൈയില്‍ തെളിവുകളില്ലെങ്കിലും കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നതിനോ കുറഞ്ഞത് ഇതുവരെ ഉയര്‍ന്നുവന്ന കേസുകളില്‍ ഏറ്റവും പ്രമാദമായതിനെ ശരിയായ രീതിയില്‍ അന്വേഷിക്കുമെന്നതിനോ ഒരു തെളിവും ഇല്ല എന്ന് പറയാതിരിക്കാന്‍ വയ്യ.
വിവ: സയാന്‍ ആസിഫ്
അവലംബം: http://thewire.in/58640/black-money-investigation-a-feast-of-vultures
Comments