Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

തീവ്ര വലതുപക്ഷങ്ങളെ തടയണമെങ്കില്‍

വലതുപക്ഷ തീവ്രവാദിയും വെള്ള വംശീയവാദിയുമൊക്കെയായ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ഞെട്ടലില്‍നിന്ന് ഉണര്‍ന്ന ലോകം, കുറേക്കൂടി യാഥാര്‍ഥ്യബോധത്തോട് കൂടി ആ തെരഞ്ഞെടുപ്പ് വിജയത്തെ വിശകലനം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും അമേരിക്കയിലെ വെള്ളക്കാരായ വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന വലിയ മാറ്റം ഈ വിധിനിര്‍ണയത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ആ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇസ്‌ലാമുമായോ മുസ്‌ലിംകളുമായോ നേരിട്ടോ പരോക്ഷമായോ ചേര്‍ന്നുനില്‍ക്കുന്നതുമാണ്. അതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇസ്‌ലാമോഫോബിയ എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ച ചെയ്യാനും കഴിയും. ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളും ഭരണകൂട സംവിധാനങ്ങളും മീഡിയയും നിരന്തരം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീതിയും വെറുപ്പുമാണ് ഇസ്‌ലാമോഫോബിയ. വോട്ടര്‍മാര്‍ ഇത്തരം കള്ളപ്രചാരണങ്ങളില്‍ വീണുപോവുകയാണെന്നും അതിനാല്‍ കുറ്റമേല്‍ക്കേണ്ടത് ഇസ്‌ലാമോഫോബുകളും അവര്‍ സ്വാധീനിക്കുന്ന വോട്ടര്‍മാരുമാണെന്നും നിരന്തരം വാദിക്കപ്പെടുന്നുണ്ട്.

കുറ്റക്കാര്‍ അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയനേതാക്കളും അവരെ പിന്തുണക്കുന്ന വോട്ടര്‍മാരും മീഡിയയും മാത്രമാണോ? അല്ലെന്ന് വ്യക്തം. ചില മുസ്‌ലിം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് മുസ്‌ലിം നാടുകളില്‍നിന്ന്, പ്രത്യേകിച്ച് അറബ് നാടുകളില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറ്റമുണ്ടാവുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്നുപോയ യൂറോപ്പില്‍ നിര്‍മാണ പ്രവൃത്തികളിലേര്‍പ്പെടാന്‍ സവിശേഷമായ തൊഴില്‍ പ്രാഗത്ഭ്യമൊന്നുമില്ലാത്ത സാധാരണ തൊഴിലാളികളായിരുന്നു ആദ്യം എത്തിച്ചേര്‍ന്നത്. തങ്ങളുടേതില്‍നിന്ന് തീര്‍ത്തും ഭിന്നമായ സാംസ്‌കാരിക ചുറ്റുപാടുകളായതിനാല്‍ സാമൂഹിക ജീവിതത്തില്‍നിന്ന് ഏറക്കുറെ അകലം പാലിച്ചുകൊണ്ടാണ് ഈ മുസ്‌ലിം തൊഴിലാളികള്‍ ജീവിച്ചത്. കുടിയേറ്റ മുസ്‌ലിംകളുടെ രണ്ടാം തലമുറ യൂറോപ്പിലോ അമേരിക്കയിലോ തന്നെ ജനിച്ചു വളര്‍ന്നവരായിരുന്നു. അവര്‍ പാശ്ചാത്യ ജീവിതശൈലിയുടെ ഭാഗമാകാതെ തന്നെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ ക്രിയാത്മകമായി ഇടപെട്ടു. അവരില്‍നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുണ്ടായി. ഏറ്റവുമൊടുവില്‍ ലണ്ടന്‍ മേയറായി ഒരു പാകിസ്താന്‍ വംശജന്‍ തെരഞ്ഞെടുക്കപ്പെടുക പോലുമുണ്ടായി. ഭാവിയില്‍ കൂടുതല്‍ സാമൂഹിക പങ്കാളിത്തം ഈ മുസ്‌ലിം കുടിയേറ്റ സമൂഹങ്ങളില്‍നിന്ന് പ്രതീക്ഷിച്ചതുമായിരുന്നു. ഇതെല്ലാം മുസ്‌ലിംകളെക്കുറിച്ച് തദ്ദേശീയരുടെ മതിപ്പും വിശ്വാസ്യതയും കൂട്ടുകയാണ് ചെയ്യുക.

പക്ഷേ, ഈ മുഖ്യധാരയെ നിഷ്പ്രഭമാക്കിക്കൊണ്ട് മറ്റൊരു പ്രതിധാര ശക്തിപ്പെടുന്നുണ്ടായിരുന്നു. അത് പലതരത്തില്‍ കുടിയേറ്റ സമൂഹങ്ങളിലെ ചെറുപ്പക്കാരില്‍ ആശയകാലുഷ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. തീവ്ര ചിന്താഗതികള്‍ കടന്നുവരുന്നത് അങ്ങനെയാണ്. കുറച്ച് ചെറുപ്പക്കാരെയെങ്കിലും അതിന്റെ വക്താക്കളാക്കി മാറ്റാനും ഈ പ്രതിധാരക്ക് കഴിഞ്ഞു. നഗരപ്രാന്തങ്ങളില്‍ തൊഴിലില്ലാതെ പാര്‍ശ്വവത്കൃതരായി കഴിയുകയായിരുന്നു ആ ചെറുപ്പക്കാര്‍. ഈ സാമൂഹിക അരക്ഷിതത്വവും അസംതൃപ്തിയും, ഒപ്പം അല്‍ ഖാഇദ-ഐ.എസ് പോലുള്ള നിഗൂഢ ഭീകര സംഘങ്ങളുടെ ആവിര്‍ഭാവവും അവരെ റാഡിക്കലൈസ് ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വന്തം നിലക്കോ മറ്റു പല സംഘങ്ങളുടെയും ചട്ടുകങ്ങളായിട്ടോ ഫ്രാന്‍സിലും ബെല്‍ജിയത്തിലും അമേരിക്കയിലും അവര്‍ ബോംബ്‌സ്‌ഫോടനങ്ങളും വെടിവെപ്പുകളും നടത്തി.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് വളരെ ചെറിയ ഒരു വിഭാഗമായിരുന്നെങ്കിലും അതിന്റെ ഭവിഷ്യത്തുകള്‍ ഏറ്റുവാങ്ങേണ്ടിവന്നത് അമേരിക്കയിലെയും യൂറോപ്പിലെയും മുഴുവന്‍ മുസ്‌ലിം സമൂഹങ്ങളുമായിരുന്നു. ഒന്നോ രണ്ടോ ശതമാനം വോട്ട് നേടി എവിടെയുമെത്താതെ അലഞ്ഞു നടന്നിരുന്ന അമേരിക്കയിലെയും യൂറോപ്പിലെയും തീവ്ര വലതുപക്ഷങ്ങള്‍ അതോടെ സജീവമായി. (മുസ്‌ലിം) കുടിയേറ്റത്തിനെതിരെ അവര്‍ നിലപാടുകള്‍ കടുപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം യൂറോപ്പില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വലതുപക്ഷ പാര്‍ട്ടികള്‍ വന്‍ കുതിപ്പ് നടത്തി. അമേരിക്കയില്‍ മുസ്‌ലിംവിരുദ്ധ വലതുപക്ഷം നടത്തിയ കുതിപ്പാണ് ട്രംപിനെ അധികാരത്തിലെത്തിച്ചത്. ഈ വിജയം യൂറോപ്പിലെങ്ങുമുള്ള തീവ്ര വലതുപക്ഷ കക്ഷികളെ ആവേശക്കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. യൂറോപ്പിന്റെ നട്ടെല്ലായ ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മനിയിലും അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ അധികാരം പിടിക്കാമെന്നവര്‍ കണക്കുകൂട്ടുന്നു. ഇന്നത്തെ നില വെച്ച് ആ സാധ്യത ആര്‍ക്കും തള്ളിക്കളയാനാവില്ല.

ലോക മുസ്‌ലിംകള്‍ ആത്മപരിശോധന നടത്തേണ്ട സന്ദര്‍ഭമാണിത്. അവരിലെ ഒരു ചെറിയ വിഭാഗത്തിന്റെ തീവ്രതയും തലതിരിഞ്ഞ പ്രവൃത്തികളും തന്നെയാണ് ഇസ്‌ലാമോഫോബിയക്ക് മുഖ്യ ഇന്ധനമായത്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അറബ്‌ലോകത്തുനിന്ന് തൊഴില്‍ തേടിയെത്തിയവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളൊരുക്കിക്കൊടുത്തിട്ടുണ്ട് യൂറോപ്പും അമേരിക്കയും. അറബ് ഏകാധിപത്യങ്ങളില്‍നിന്ന് പലായനം ചെയ്തവര്‍ക്ക് അഭയസ്ഥാനമൊരുക്കിയതും ആ നാടുകള്‍ തന്നെ. അതിനാല്‍ ആതിഥേയ രാജ്യങ്ങളോട് അവര്‍ക്ക് കടപ്പാടുണ്ട്. പരാതികളും പ്രശ്‌നങ്ങളും ഉന്നയിക്കാന്‍ അവിടെ ജനാധിപത്യ സംവിധാനങ്ങളുണ്ട്, മനുഷ്യാവകാശ പ്രസ്ഥാനങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ഭീകരപ്രവൃത്തികള്‍ക്ക് തുനിയുന്നവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. അല്ലെങ്കില്‍ ട്രംപുമാര്‍ക്ക് ലോകത്തെ താലത്തില്‍ വെച്ചു കൊടുക്കുന്നതിന് തുല്യമാവും അത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍