അനീതി എങ്ങനെ അവസാനിപ്പിക്കാം?
അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് കടല്‍ക്കൊള്ളക്കാരന്‍ പറഞ്ഞു: 'ഞാന്‍ ചെറിയൊരു കപ്പലുമായി കടലില്‍ കൊള്ള നടത്തുമ്പോള്‍ അങ്ങ് എന്നെ കള്ളനെന്ന് വിളിക്കുന്നു. അങ്ങ് വലിയ സൈന്യവുമായി ലോകം മുഴുവന്‍ കൊള്ളചെയ്യുമ്പോള്‍ ജനം അങ്ങയെ മഹാനായ ചക്രവര്‍ത്തിയെന്ന് വിളിക്കുന്നു.''
കടല്‍ക്കൊള്ളക്കാരന്‍ പറഞ്ഞത് തീര്‍ത്തും അര്‍ഥപൂര്‍ണമല്ലേ? എന്നും എവിടെയും സംഭവിക്കുന്നത് അതാണ്.
നൂറ് രൂപ കട്ടവനെ നാം കള്ളനെന്ന് വിളിക്കുന്നു. അവനെ അവജ്ഞയോടെ നോക്കുന്നു. അടുപ്പിക്കാന്‍ പറ്റാത്തവനെന്ന് വിധിയെഴുതുന്നു. പോലീസുകാര്‍ അവനെ പിടികൂടുന്നു. ലാത്തികൊണ്ട് അടിക്കുന്നു. ബൂട്ടുകൊണ്ട് ചവിട്ടുന്നു. പിന്നെ തടവിലിടുന്നു. എന്നാല്‍ കോടികള്‍ കക്കുന്നവനെ നാം മന്ത്രിയെന്ന് വിളിക്കുന്നു. ആദരവോടെ സ്വീകരിക്കുന്നു. മതിപ്പോടെ വീക്ഷിക്കുന്നു. ബഹുമാനപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നു. പോലീസുകാര്‍ അയാള്‍ക്ക് കാവലിരിക്കുന്നു. സദാ സംരക്ഷണം നല്‍കുന്നു.
റോഡരികില്‍ കൊച്ചുകൂര കെട്ടി അന്തിയുറങ്ങുന്നവനെ നാം കൈയേറ്റക്കാരനെന്ന് വിളിക്കുന്നു. നിയമപാലകര്‍ അവന്റെ കൂര പൊളിച്ചുമാറ്റുന്നു. ചട്ടിയും പാത്രവും വലിച്ചെറിയുന്നു. റോഡരികത്ത് പോലും നില്‍ക്കാനനുവദിക്കാതെ തള്ളിമാറ്റുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയേറി റിസോര്‍ട്ട് പണിയുന്നവനെ ജനം പൂവിട്ടു പൂജിക്കുന്നു. നിയമപാലകര്‍ അവര്‍ക്ക് സകല വിധ സംരക്ഷണവും നല്‍കുന്നു. ആരെങ്കിലും ഇതില്‍ പ്രതിഷേധിച്ചാല്‍ പോലീസുകാര്‍ അവരെ തല്ലിച്ചതക്കുന്നു. പിടിച്ചു ജയിലിലിടുന്നു.
തലചായ്ക്കാന്‍ ഇടം ചോദിക്കുന്നവര്‍ കലാപകാരികള്‍; കുഴപ്പക്കാര്‍. അവശര്‍ക്കും അശരണര്‍ക്കും വേണ്ടി ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികള്‍; ദേശവിരുദ്ധര്‍. എന്നാല്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ ആദരണീയരും മഹാന്മാരും. ഭരണകൂടവും അതിന്റെ സമസ്ത ഉപകരണങ്ങളും അവരെ സംരക്ഷിക്കുന്നു.
നാടിനെ വിദേശികള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും വിറ്റ് കോടികള്‍ നേടുന്നവര്‍ ദേശസ്‌നേഹികള്‍. അതില്‍ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും. സ്വന്തം വീട്ടിലെ മരംവെട്ടുന്നവര്‍ കൊടുംകുറ്റവാളികള്‍. സര്‍ക്കാര്‍ വനത്തിലെ മരം കട്ടുവെട്ടുന്നവര്‍ സമാദരണീയരായ മഹാന്മാര്‍. മൂന്നു മാസത്തെ വൈദ്യുതി ബില്ല് ആയിരം രൂപ അടക്കാത്തവന് കൂരിരുട്ട്. ലക്ഷങ്ങള്‍ കുടിശ്ശിക വരുത്തുന്ന മുതലാളിക്ക് നിയമസുരക്ഷ.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വെടിവെച്ചുകൊന്നാല്‍ അത് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടല്‍. പോലീസുകാര്‍ക്കും പട്ടാളക്കാര്‍ക്കും സര്‍ക്കാര്‍ വക ആദരവും സ്വര്‍ണമെഡലും സ്ഥാനക്കയറ്റവും. നിയമപാലകരുടെയോ ഭരണാധികാരികളുടെയോ വെറുപ്പിനിരയായി വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്ന നിരപരാധികള്‍ ഭീകരവാദികളും തീവ്രവാദികളും.
ഭരണീയര്‍ ഭരണാധികാരികളാകുന്നതോടെ ദേശദ്രോഹികള്‍ രാജ്യസ്‌നേഹികളാകുന്നു. ദേശസ്‌നേഹികള്‍ രാജ്യദ്രോഹികളും. വിമോചനപ്പോരാട്ടങ്ങള്‍ വിജയിക്കുവോളം വിഘടനവാദം. വിജയിച്ചാല്‍ മഹത്തായ സ്വാതന്ത്ര്യസമരം. ആരെങ്കിലും കൊലനടത്തിയാല്‍ കൊലയാളി. പട്ടാളക്കാരനോ പോലീസുകാരനോ കൊന്നാല്‍ വീരസേനാനി.
ഈ അവസ്ഥക്ക് അറുതി വരണമെങ്കില്‍ മുഴുവന്‍ മനുഷ്യരും ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന് അംഗീകരിക്കപ്പെടണം. എല്ലാവരും ഒരേപോലെ ആദരണീയരാണെന്നും. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ, കാല ഭേദങ്ങള്‍ക്കതീതമായി ഏവരും ആദരിക്കപ്പെടുകയും അവരുടെ മൗലികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും വേണം. ഭരണാധികാരികളും ഭരണീയരും പോലീസുകാരും പട്ടാളക്കാരും നേതാക്കളും അനുയായികളുമെല്ലാം ഒരുപോലെ തങ്ങളുടെ കര്‍മങ്ങളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുകയും രക്ഷാ-ശിക്ഷകള്‍ക്ക് വിധേയരാവുകയും ചെയ്യുമെന്ന ബോധം ഉള്‍ക്കൊള്ളുകയും വേണം.
Comments