ഭീകരവാദ കേസുകളില്‍ അഞ്ചില്‍ നാലും കെട്ടിച്ചമച്ചത്
തീവ്രവാദം, ഭീകരത, രാജ്യദ്രോഹം തുടങ്ങിയ പ്രയോഗങ്ങളും അവ ഉയര്‍ത്തുന്ന വിവാദങ്ങളും വര്‍ത്തമാന ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തെ സംഘര്‍ഷഭരിതമാക്കുന്നു. ഒരു ഭാഗത്ത് വംശവെറിയിലധിഷ്ഠിതമായ ദുഷ്പ്രചാരണങ്ങള്‍, മറുവശത്ത് തീവ്രവാദത്തിന്റെയും മറ്റും പേരിലുള്ള കേസുകളും വേട്ടയാടലുകളും. ഇത്തരം കേസുകളുടെയും വേട്ടയാടലുകളുടെയും ചരിത്ര പശ്ചാത്തലം എന്താണ്?
ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദവിരുദ്ധ നിയമമാണ് 1919-ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിലവില്‍വന്ന റൗലറ്റ് ആക്ട്. സ്വാതന്ത്ര്യസമര പോരാളികള്‍ക്കെതിരിലുള്ള നിയമമായിരുന്നു അത്. 'അനാര്‍ക്കിക്കല്‍ ആന്റ് റെവല്യൂഷനറി ക്രൈംസ് ആക്ട്' എന്നാണ് അതിന്റെ പൂര്‍ണ രൂപം. അതിനെതിരെ ജാലിയന്‍വാലാബാഗില്‍ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേണല്‍ ഡയര്‍ വെടിവെച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അതേ നിയമം അതിനേക്കാള്‍ ഭീകരമായ രൂപത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നു. ആരും ഇതിനെതിരെ പ്രതിഷേധിക്കുക പോലും ചെയ്യുന്നില്ല എന്നതാണ് നമ്മെ അമ്പരപ്പിക്കുന്നത്.
അമേരിക്കയിലെ 2001 സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേരുകയും അതിലൊരു പ്രമേയം (നമ്പര്‍ 1368) പാസ്സാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്)യിലെ ആദ്യത്തെ ഖണ്ഡികയില്‍ ഈ പ്രമേയം കാരണമാണ് ഇന്ത്യയില്‍ ഇങ്ങനെയൊരു നിയമം പാസ്സാക്കുന്നതെന്ന് എഴുതിയിട്ടുണ്ട്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് മൂന്നു മാസങ്ങള്‍ക്കു ശേഷം 2001 ഡിസംബര്‍ 13-നാണ് ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ആക്രമണമുണ്ടാകുന്നത്. അതിന് തൊട്ടു പിന്നാലെയാണ് 2002-ല്‍ 'പോട്ടാ' നിയമം കൊണ്ടുവരുന്നത്. ഇതിന്റെ പിന്‍ബലത്തില്‍ 2004 വരെയുള്ള കാലയളവില്‍ ഒരു തരത്തിലുള്ള അന്വേഷണവും ഇല്ലാതെ പതിനായിരക്കണക്കിന് ആളുകളെ തടവിലിട്ടു. 2004-ല്‍ പോട്ടക്കെതിരെ വമ്പിച്ച പ്രതിഷേധം ഇന്ത്യയില്‍ മുഴുവന്‍ അലയടിച്ചപ്പോഴാണ് അതേ വര്‍ഷം ആ നിയമം പിന്‍വലിക്കുന്നത്. പിടിക്കപ്പെട്ട പതിനായിരങ്ങളില്‍ 1.2 ശതമാനം മാത്രമാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. ബാക്കി 98.8 ശതമാനവും നിരപരാധികളായിരുന്നു.
'പോട്ട'ക്ക് മുമ്പായിരുന്നു 'ടാഡാ'. പഞ്ചാബിലെ തീവ്രവാദികള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതായിരുന്നു അത്. ഏറക്കുറെ 'ടാഡ'യിലെ അതേ നിയമങ്ങള്‍ തന്നെയായിരുന്നു 'പോട്ട'യിലും. ഒരാളെ ഒരു കാരണവുമില്ലാതെ തടവിലാക്കാന്‍ സാധിക്കും എന്നതാണ് ഈ ഭീകരവാദവിരുദ്ധ നിയമത്തിന്റെ പ്രത്യേകത. അയാളുടെ വിചാരണക്കാലയളവ് തന്നെ 15 വര്‍ഷത്തോളമുണ്ടാവും. അതിനിടയില്‍ ജാമ്യം പോലും ലഭിക്കില്ല. 2004-ല്‍ 'പോട്ട' റദ്ദാക്കിയതിനു ശേഷം യു.എ.പി.എ 1967 എന്ന നിയമത്തെ ഒരു ഭീകരവിരുദ്ധ നിയമമായി ഭേദഗതി ചെയ്യുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തത്. 2006, 2008, 2009 വര്‍ഷങ്ങളില്‍ ഈ നിയമം വീണ്ടും ഭേദഗതി ചെയ്യുകയും ഭീകരമായൊരു നിയമമായി അതിനെ മാറ്റിയെടുക്കുകയും ചെയ്തു. യു.എ.പി.എയുടെ ഈ രൂപമാണ് നിലവില്‍ ഭീകരവിരുദ്ധ നിയമമായി നിലനില്‍ക്കുന്നത്. 2008-ല്‍ എന്‍.ഐ.എ (നാഷ്‌നല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഏജന്‍സി) ആക്ട് എന്ന പേരില്‍ പുതിയൊരു നിയമം കൂടി നിലവില്‍വന്നു. 2008 നവംബര്‍ 26-നു നടന്ന മുംബൈ ഭീകരാക്രമണത്തിനു തൊട്ടു പിന്നാലെയാണ് ഈ നിയമം വരുന്നത്. നിലവില്‍ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയാണ് എന്‍.ഐ.എ.
1970-കളിലും '80-കളിലും ലോകത്തുടനീളം അരങ്ങേറിയ കമ്യൂണിസ്റ്റ്‌വിരുദ്ധ യുദ്ധത്തിന്റെ തനിപ്പകര്‍പ്പാണ് ഇന്ന് നടക്കുന്ന ഭീകരവിരുദ്ധ വേട്ട. അന്ന് 'ചുവന്ന ഭീകരത' എന്ന് അതിന് പേരുനല്‍കി യൂറോപ്പ്. അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ കമ്യൂണിസ്റ്റ് ഭീകരതയുടെ നിഴലിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു അന്നവര്‍. 'ഇസ്‌ലാമിക ഭീകരവാദ'ത്തിനെതിരെ ചെയ്യുന്നതിനേക്കാള്‍ ഭയാനകമായ രീതിയില്‍ അന്ന് സോവിയറ്റ് യൂനിയനെതിരെ അവര്‍ പ്രചാരണമഴിച്ചുവിട്ടിരുന്നു. അന്നവര്‍ സ്വീകരിച്ച പീഡനമുറകള്‍ (എന്‍ഹാന്‍സ്ഡ് ഇന്ററോഗേഷന്‍ ടെക്‌നിക്‌സ് എന്നാണവര്‍ അതിനെ വിളിക്കുക) തന്നെയാണ് ഇന്നും ഉപയോഗിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ട നിരവധി വ്യക്തികളും സംഘങ്ങളും ഇന്ത്യയിലുണ്ട്. പൊതുവില്‍ മുസ്‌ലിം സമൂഹമാണ് ഇതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം ഏറ്റുവാങ്ങുന്നത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എത്ര ശതമാനം കേസുകളിലാണ് മുസ്‌ലിംകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്?
തീവ്രവാദ കേസുകളുടെ വിശദമായ കണക്കുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. നമുക്ക് ലഭ്യമായിട്ടുള്ളത് അമേരിക്കന്‍ സര്‍ക്കാരിന്റെ രേഖയാണ്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിയും മേരിലാന്റ് സര്‍വകലാശാലയും ചേര്‍ന്ന് 'സ്റ്റാര്‍ട്ട്' (START) എന്ന പേരില്‍ നടത്തിയ ഒരു പഠനമുണ്ട്. അവര്‍ ഇറക്കുന്ന ഡാറ്റാബേസ് ആണ് 'ഗ്ലോബല്‍ ടെററിസം ഡാറ്റാബേസ്' അഥവാ ജി.ടി.ഡി. അതില്‍ ഓരോ രാജ്യത്തെയും കുറിച്ച വിവരങ്ങള്‍ പ്രത്യേകം പ്രത്യേകമായി അറിയാന്‍ കഴിയും. ഇന്ത്യയെ മാത്രം എടുത്താല്‍ 1967 മുതല്‍ ഇന്നു വരെയുള്ള മുഴുവന്‍ ആക്രമണങ്ങളും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; വിശദമായിതന്നെ. 2001 മുതല്‍ 2014 വരെ ഇന്ത്യയില്‍ നടന്ന മൊത്തം ഭീകരാക്രമണങ്ങള്‍ 5805 ആണെന്ന് കാണാം. ഈ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നവരെ ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് നാലായി തരം തിരിക്കുന്നുണ്ട്; ഇസ്‌ലാമിക ഭീകരര്‍, ഇടതുപക്ഷ തീവ്രവാദികള്‍, വിഘടനവാദികള്‍, മിസലീനിയസ് അഥവാ മറ്റുള്ള വിഭാഗങ്ങള്‍.
ഈ 5805 സംഭവങ്ങളില്‍ ഭൂരിപക്ഷം ആക്രമണങ്ങളുടെയും പിന്നില്‍ തീവ്ര ഇടതുപക്ഷ സംഘടനകളാണ്; 42 ശതമാനം സംഭവങ്ങളുടെയും ഉത്തരവാദികള്‍ അവരാണ്. ഒഡീഷ മുതല്‍ തമിഴ്‌നാട് വരെയുള്ള കിഴക്കന്‍ കോറിഡറിലാണ് ഈ ആക്രമണങ്ങള്‍ മുഖ്യമായും അരങ്ങേറുന്നത്. 35 ശതമാനം ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടത് മിസലീനിയസ് വിഭാഗക്കാരാണ്. അതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പേരറിയാത്തവരാണ്. ബാക്കി 10 ശതമാനത്തില്‍ ആര്‍.എസ്.എസും അഭിനവ് ഭാരതും സനാതന്‍ സന്‍സ്ഥയും പോലുള്ള ഹിന്ദുത്വ സംഘടനകള്‍ വരെ പെടും (ഇക്കൂട്ടര്‍ കലാപങ്ങളിലാണ് ഏര്‍പ്പെടുന്നത്, ബോംബ് സ്‌ഫോടനങ്ങളിലല്ല. അതുകൊണ്ടു ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ ഇവരുടെ പേര് കുറച്ചേ കാണൂ). 22 ശതമാനം വിഘടനവാദ ശക്തികളാണ്. ഇന്ത്യയില്‍നിന്ന് വേറിട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങളെയാണ് വിഘടനവാദികളില്‍ പെടുത്തുന്നത്. അതില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കശ്മീര്‍, പഞ്ചാബ് എന്നിവ പെടുന്നു. കശ്മീര്‍ ഇതില്‍ പെടുന്നതുകൊണ്ട് ഇത് ഇസ്‌ലാമിക ഭീകരതയാണെന്ന് ചിലര്‍ ദുര്‍വ്യാഖ്യാനിക്കുന്നുണ്ട്. വാദത്തിനു വേണ്ടി ഇതു സമ്മതിച്ചു കൊടുത്താല്‍ പോലും, വിഘടനവാദികള്‍ എന്ന ഈ വിഭാഗത്തില്‍ 6 ശതമാനത്തോളം മാത്രമേ മുസ്‌ലിം ഭീകരത വരുന്നുള്ളൂ. എന്നാല്‍, ഇങ്ങനെ വിഘടനവാദത്തിന് മതത്തിന്റെ പരിവേഷം കൊടുക്കുകയാണെങ്കില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നടക്കുന്നത് മുഴുവന്‍ ക്രൈസ്തവ ഭീകരവാദമാണെന്നും ഉള്‍ഫ പോലുള്ള സംഘടനകള്‍ നടത്തുന്നത് ഹൈന്ദവ ഭീകരവാദമാണെന്നും പറയേണ്ടിവരും. അപ്പോള്‍ കണക്കുകള്‍ പിന്നെയും മാറിമറിയും.
പിന്നെയുള്ള ഒരു ശതമാനം- കൃത്യമായി പറഞ്ഞാല്‍ 0.93 ശതമാനം- മാത്രമാണ് മുസ്‌ലിം തീവ്രവാദികളുടേത് എന്നു പറയാവുന്ന ആക്രമണങ്ങള്‍. ഇതിനെ ഊതിവീര്‍പ്പിച്ചാണ് മാധ്യമങ്ങളും മറ്റും 'ഇസ്‌ലാമിക ഭീകരത'യെക്കുറിച്ച് വന്‍ പ്രചാരവേലകള്‍ അഴിച്ചുവിടുന്നത്. ഈ പ്രചാരണത്തിലെ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. രണ്ട് കാര്യങ്ങളാണ് ഇവിടെ ഒരേസമയം നടക്കുന്നത്. ഒന്ന്, ഈ ഒരു ശതമാനത്തെ ഊതിവീര്‍പ്പിച്ച് അതാണ് ഇന്ത്യയിലെ ഭീകരവാദം എന്നു കാണിക്കുക. രണ്ട്, ബാക്കിയുള്ള 99 ശതമാനം സംഭവങ്ങളെയും ചിത്രത്തില്‍നിന്ന് മായ്ച്ചുകളയുക. പ്രശ്‌നത്തെ മുസ്‌ലിംകളും/ ബാക്കിയുള്ളവരും എന്ന നിലയില്‍ വ്യാഖ്യാനിക്കാനും അതു വെച്ച് ഭൂരിപക്ഷ രാഷ്ട്രീയം കളിക്കാനുമൊക്കെയാണിത്.
നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഇറക്കുന്ന 'ക്രൈം ഇന്ത്യ റിപ്പോര്‍ട്ടി'ന്റെ 2014-ലെ കണക്കുകള്‍ പ്രകാരമാണെങ്കില്‍ യു.എ.പി.എ, സെഡിഷന്‍ ആക്ട്, എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട്, ആംസ് ആക്ട് തുടങ്ങിയ ഭീകരവാദവിരുദ്ധ നിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് പിടിക്കപ്പെട്ടിട്ടുള്ള ആളുകളില്‍ 141 കേസുകളുടെ കാര്യത്തിലാണ് കോടതിയില്‍ തീരുമാനമായത്. അതില്‍ 123 പേര്‍ നിരപരാധികളാണെന്ന് തെളിയുകയുണ്ടായി. ബാക്കി 18 പേരെ മാത്രമാണ് സെഷന്‍സ് കോടതികള്‍ കുറ്റക്കാരായി കണ്ടത്. ഈ 18 പേരും ഹൈകോടതിയില്‍ അപ്പീലിന് പോകും. കണക്കുകള്‍ പ്രകാരം സാധാരണ അപ്പീല്‍ പോയവരില്‍ 50 ശതമാനവും കുറ്റവിമുക്തരാക്കപ്പെടാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ 18 പേരില്‍ 9 പേരെ വെറുതെ വിടും. ബാക്കിയുള്ള 9 പേര്‍ പിന്നെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകും. അവിടെയും ഇതേ പോലെ 50 ശതമാനം ആളുകളെ വെറുതെ വിടും. അവസാനം ഈ 141-ല്‍ വെറും രണ്ടോ മൂന്നോ പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളൂ; അതായത് ഒരു ശതമാനത്തില്‍ താഴെ. അപരാധികളായി കണ്ടെത്തുന്നവരുടെ എണ്ണം ഇത്ര ചെറുതാണെന്ന് പൊതുജനം തിരിച്ചറിയുന്നില്ല.
യാഥാര്‍ഥ്യം ഇതാണെങ്കിലും ചര്‍ച്ച മൊത്തം മുസ്‌ലിംകേന്ദ്രിതമാണ്.
ഇതിന്റെ ഒരു കാരണം അക്രമണോത്സുക ഭൂരിപക്ഷ രാഷ്ട്രീയമാണ്. രണ്ടാമത്തെ കാരണം, മതത്തെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ളതാണ് ഇതു സംബന്ധിച്ച പ്രചാരണം എന്നതും. മതാധിഷ്ഠിത പ്രചാരണങ്ങള്‍ക്ക് മറ്റേത് തരത്തിലുള്ള ആശയപ്രചാരണത്തേക്കാളും ശക്തിയുണ്ട്. ഇത് മുതലെടുക്കുന്നവര്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല. സൈനികവ്യവസായ മേഖലയില്‍ അങ്ങേയറ്റം സ്വാധീനമുള്ളവരുമാണ്. എന്നാല്‍ മറക്കു പിന്നില്‍ അദൃശ്യരായി നില്‍ക്കുന്ന ശക്തികളും ഇതു തന്നെയാണ് ചെയ്യുന്നത്. ഇതൊരു അന്തര്‍ദേശീയ വിഷയമാണ്. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള കമ്പനികളിലൊന്നാണ് ലോക്ഹീഡ് മാര്‍ട്ടിന്‍. എക്
സ് 32, എക്‌സ് 60 പോലുള്ള പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത് ലോക്ഹീഡ് മാര്‍ട്ടിനാണ്. പക്ഷേ ഫോര്‍ബ്‌സിന്റെ ഫോര്‍ട്യൂന്‍ 500 കമ്പനികളുടെ കൂട്ടത്തില്‍ ഇവരുടെ പേര് നമ്മളൊരിക്കലും കാണില്ല. കാരണം അവരെപ്പോഴും തിരശ്ശീലക്കു പിന്നിലാണ്. ഒരുപാട് നിഗൂഢതകള്‍ ഒളിപ്പിക്കുന്ന മേഖലയാണ് സൈനികവ്യവസായം. ലോക്ഹീഡ് മാര്‍ട്ടിന്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ആയുധ കമ്പനി ബോയിംഗാണ്. ബോയിംഗിന്റെ യാത്രാവിമാനങ്ങളെക്കുറിച്ച് മാത്രമേ നമുക്കറിയൂ. പക്ഷേ, അവരുടെ മൊത്തം ലാഭത്തിന്റെ എത്രയോ ചെറിയ ശതമാനം മാത്രമേ യാത്രാവിമാനങ്ങളിലൂടെ അവര്‍ നേടുന്നുള്ളൂ. അവരുടെ വരുമാനത്തിന്റെ വലിയ പങ്കും വരുന്നത് ആയുധക്കച്ചവടത്തില്‍നിന്നാണ്. 1970-കള്‍ മുതല്‍ ഇന്നു വരെയുള്ള ഈ കമ്പനികളുടെ ലാഭനഷ്ടക്കണക്ക് പരിശോധിച്ചാല്‍ 2001-ലെ ആഗോള ഭീകരവിരുദ്ധയുദ്ധം തുടങ്ങിയതിനു ശേഷം അവരുടെ മൊത്തം ലാഭത്തില്‍ അതിശയകരമായ ഉയര്‍ച്ച കാണാന്‍ സാധിക്കും.
ഏതൊരു കുറ്റകൃത്യം നടന്നാലും അതുകൊണ്ട് നേട്ടം ആര്‍ക്ക് എന്നാണ് നോക്കേണ്ടത്. അതിനാല്‍ ഭീകരവാദം എന്ന പ്രതിഭാസം കൊണ്ട് കഴിഞ്ഞ 15 വര്‍ഷം ആര്‍ക്കാണ് ലാഭം കിട്ടിയതെന്ന ചോദ്യം അതിപ്രധാനമാണ്. എന്നാല്‍ ഈ ചോദ്യം ഒരിക്കലും ഉയര്‍ന്നുവരാറില്ല. കാരണം ടൈംസ് നൗ, എന്‍.ഡി.ടി.വി പോലുള്ള മുഖ്യധാരാ വാര്‍ത്താ ചാനലുകളില്‍ പ്രൈം ടൈം ചര്‍ച്ചകളില്‍ വരുന്ന വിദഗ്ധരില്‍ സര്‍ക്കാരനുകൂല നിലപാടെടുക്കുകയോ തീവ്രവാദ കേസുകളില്‍ സര്‍ക്കാരിന്റെ ആഖ്യാനത്തെ പിന്തുണക്കുകയോ ചെയ്യുന്നവരെല്ലാം ആയുധവ്യവസായത്തിന്റെ ദല്ലാളുകളാണ്. അതവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ മനസ്സിലാകും.
നിരപരാധികള്‍ എങ്ങനെയാണ് തീവ്രവാദ കേസുകളില്‍ പ്രതികളാക്കപ്പെടുന്നത്?
അഞ്ചു തരത്തിലുള്ള ഭീകരവാദ കേസുകളുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ പഠനങ്ങള്‍ വെച്ചാണ് ഇങ്ങനെയൊരു തരംതിരിവ് നടത്തുന്നത്. ഇന്ത്യയില്‍ നടന്ന ഒരുവിധം എല്ലാ വലിയ ഭീകരാക്രമണങ്ങളെയും കുറിച്ച് ഞാന്‍ സംഭവസ്ഥലങ്ങളില്‍ നേരിട്ട് പോയി പഠിച്ചിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ടവരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ചിനങ്ങളില്‍ നാലും കെട്ടിച്ചമക്കപ്പെട്ടവയാണ്. ആദ്യത്തെ വിഭാഗം നിരപരാധികളാണ്. ആദിവാസികള്‍, മുസ്‌ലിംകള്‍ തുടങ്ങി അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ദുര്‍ബലരായ ജനവിഭാഗങ്ങളില്‍നിന്നുള്ളവരായിരിക്കും ഇവര്‍. ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ പോയാല്‍ ആദിവാസികളാണ് ഇത്തരം കേസുകളില്‍ കൂടുതല്‍ പിടിക്കപ്പെടുന്നതെന്നു കാണാം. സെക്ഷന്‍ 124, 121 ബി പോലുള്ള രാജ്യദ്രോഹ കേസുകളും ഭീകരവാദ കേസുകളായാണ് കണക്കാക്കപ്പെടുന്നത്. അതായത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന എല്ലാവരും ഇക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍, നിയമത്തിന്റെ ഭാഷയില്‍ യു.എ.പി.എ ചുമത്തപ്പെട്ടവരെയാണ് ഭീകരവാദികള്‍ എന്ന് വിളിക്കുന്നത്. ഇത് മഹാഭൂരിപക്ഷവും മുസ്‌ലിംകള്‍ക്കെതിരെയാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. അതേസമയം പ്രതി മുസ്‌ലിമല്ലെങ്കില്‍ അവരുടേത് ഭീകരവാദ പ്രവൃത്തിയാണെങ്കില്‍പോലും യു.എ.പി.എ ചുമത്താറില്ല. ഉദാഹരണത്തിന്, ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് അമോണിയം നൈട്രേറ്റ്. അതുപയോഗിച്ച് അബ്ദുല്ല എന്നൊരാളും രമേശ് എന്നൊരാളും ബോംബ് ഉണ്ടാക്കുകയാണെന്ന് സങ്കല്‍പിക്കുക. എങ്കില്‍, രണ്ടു പേരുടെയും മേല്‍ ചാര്‍ത്തപ്പെടുന്ന കുറ്റങ്ങള്‍ വെവ്വേറെയായിരിക്കും. അബ്ദുല്ലയുടെ മേല്‍ യു.എ.പി.എ പ്രകാരവും രമേശിന്റെ മേല്‍ ഐ.പി.സി പ്രകാരവും, കൂടിയാല്‍ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരവുമാണ് കുറ്റമാരോപിക്കപ്പെടുക. യു.എ.പി.എക്കകത്തെ 15-ാമത്തെ സെക്ഷനാണ് ഇങ്ങനെ ചെയ്യാന്‍ അധികാരികളെ അനുവദിക്കുന്നത്. 'ഇന്റന്‍ഷന്‍ ക്ലോസ്' എന്നാണ് അത് അറിയപ്പെടുന്നത്. അതു പ്രകാരം നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ദേശ്യം ഈ രാജ്യത്തെയും രാജ്യസുരക്ഷയെയും അപകടപ്പെടുത്തലാണെങ്കില്‍ നിങ്ങളൊരു ഭീകരവാദിയാണ്. അതായത് അയാള്‍ ഭീകരവാദിയാണോ എന്ന് തീരുമാനിക്കുന്നത് പോലീസാണ്. രമേശ് ചെയ്താല്‍ ഉദ്ദേശ്യം രാഷ്ട്രീയ കുറ്റകൃത്യവും അബ്ദുല്ല ചെയ്താല്‍ ഉദ്ദേശ്യം രാജ്യത്തെ അട്ടിമറിക്കുക എന്നതും- ഇങ്ങനെ പറയുന്നത് പോലീസാണ്. നിയമത്തിലെ വളരെ വലിയ ഒരു പഴുതാണ് ഈ 'ഇന്റന്‍ഷന്‍ ക്ലോസ്'.
കോടതിയിലെത്തിയാല്‍ പല ന്യായാധിപന്മാരും കാര്യങ്ങള്‍ കാണുന്നത് ഇതേ വീക്ഷണകോണിലൂടെയാണ്. താടിയും തലപ്പാവുമുള്ള ഒരു മുസ്‌ലിം നാമധാരിയെയും താടിയില്ലാത്ത ഒരു അമുസ്‌ലിമിനെയും കാണുമ്പോള്‍ അതിലാരെയാണ് ഭീകരവാദി എന്ന് വിളിക്കേണ്ടതെന്ന് ന്യായാധിപനും അറിയാം. ഇതിനുള്ള നിയമത്തിന്റെ പിന്തുണ എന്നു പറയുന്നത് 'ഇന്റന്‍ഷന്‍ ക്ലോസ്' തന്നെ.
ഭീകരവാദ കേസുകളില്‍ ഉള്‍പ്പെടുത്തപ്പെട്ടവരില്‍ സിംഹഭാഗവും ഇത്തരം നിരപരാധികളാണ്. ഈ വിഭാഗത്തില്‍പെടുന്ന ആളുകളായിരുന്നു 2006-ലും 2008-ലും നടന്ന മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസുകളില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ടവര്‍. ആദ്യം പിടിക്കപ്പെട്ടവരെല്ലാം മുസ്‌ലിം യുവാക്കള്‍. ഈ കേസുകളുടെ അന്വേഷണം പിന്നീട് മുംബൈ പോലീസില്‍നിന്ന് മുംബൈ എ.ടി.എസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ ഏറ്റെടുത്തപ്പോഴാണ്, ഈ സംഭവങ്ങളുടെ പിറകില്‍ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയാണെന്ന് തെളിഞ്ഞത്.
ഈ കേസുകളില്‍ പിടിക്കപ്പെട്ട മുസ്‌ലിം യുവാക്കള്‍ എല്ലാവരും കുറ്റസമ്മതമൊഴി കൊടുത്തവരായിരുന്നു. അതിനു ശേഷമാണ് പുനരന്വേഷണത്തില്‍ അവരല്ല കുറ്റക്കാരെന്ന് തെളിയുന്നത്. അവര്‍ക്കെതിരെയുള്ള കേസില്‍ പ്രധാന തെളിവായി കൊണ്ടുവന്നിരുന്നത് ഈ കുറ്റസമ്മതമൊഴിയായിരുന്നു. അതവര്‍ കൊടുക്കാനുണ്ടായ സാഹചര്യം, കൊടിയ പീഡനമുറകളാണ്. ഒന്നാം മുറ, രണ്ടാം മുറ, മൂന്നാം മുറ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പീഡനങ്ങള്‍ അരങ്ങേറുന്നത്. മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് ഒന്നാം മുറ. രണ്ടാം മുറയില്‍ മര്‍ദിക്കുക, ഉറങ്ങാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ രീതികളാണ് സ്വീകരിക്കുക. നാലു ദിവസമൊക്കെ ഉറങ്ങാതിരുന്ന ഒരാള്‍ക്ക് പിന്നെ ചുറ്റുപാടിനെക്കുറിച്ച് ഒരു ബോധവുമുണ്ടാകില്ല. ആ സമയത്ത് ഏതു കടലാസില്‍ ഒപ്പിടാന്‍ പറഞ്ഞാലും അയാള്‍ ഒപ്പിടും. അങ്ങനെ ചെയ്തത് പിന്നീട് ഓര്‍മ പോലും കാണില്ല. രണ്ടാം മുറയെ ചെറുക്കാന്‍ സാധിച്ചാല്‍ പിന്നെ മൂന്നാം മുറ തുടങ്ങും. പ്രത്യേക രീതിയില്‍ ശരീരഭാഗങ്ങളില്‍ വൈദ്യുതാഘാതമേല്‍പിക്കുക, വെള്ളത്തില്‍ നിര്‍ത്തി വൈദ്യുതി കടത്തിവിടുക തുടങ്ങിയവയാണ് ഈ ഘട്ടത്തിലെ പ്രധാന പീഡനമുറകള്‍. എന്നിട്ടും പിടിച്ചുനില്‍ക്കുന്നവര്‍ക്കു മേല്‍ വാട്ടര്‍ ബോര്‍ഡിങ് പോലുള്ള രീതികള്‍ സ്വീകരിക്കും. വാട്ടര്‍ ബോര്‍ഡിങ് പണ്ട് ഇസ്രയേലീ പോലീസ് മാത്രം ഉപയോഗിച്ചിരുന്ന പീഡനമുറയായിരുന്നു. എന്നാല്‍, ആഗോള ഭീകരവിരുദ്ധ യുദ്ധം ആരംഭിച്ചതിനു ശേഷം ലോകത്തൊട്ടാകെ ഈ രീതികള്‍ ഉപയോഗിക്കപ്പെടുന്നു.
പോലീസും രഹസ്യാന്വേഷണ വകുപ്പുകളും നിയമിക്കുന്ന ചാരന്മാരുടെ വലയില്‍ കുടുങ്ങുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇത്തരം ചാരന്മാരുടെ ശൃംഖലകള്‍ ഇന്ത്യയിലെ 'ചുവന്ന കോറിഡോര്‍' പോലുള്ള മേഖലകളില്‍ ഒരുപാട് കാണാം. യാചകരായോ അധ്യാപകരായോ പള്ളിയിലെ മുസ്‌ലിയാരായോ ജിംനേഷ്യം പരിശീലകരായോ വെടിവെപ്പ് പരിശീലകരായോ ഏതു രൂപത്തിലും ചാരന്മാര്‍ പ്രത്യക്ഷപ്പെടാം. പ്രത്യേകിച്ച് ആളുകള്‍ കായികശേഷി പുഷ്ടിപ്പെടുത്താന്‍ വരുന്നയിടങ്ങളിലാണ് ഇക്കൂട്ടര്‍ മിക്കവാറും ഉണ്ടാവുക. അത്തരം സ്ഥലങ്ങളില്‍ വരുന്നവരെ ഭീകരവാദികളാക്കി ചിത്രീകരിക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്.
ഇത്തരം കേസുകളുടെ ഒരു അമേരിക്കന്‍ ഉദാഹരണമാണ് ഖാസി അഹ്മദ് നഫീസ്. അമേരിക്കയിലെ ഒരു ബംഗ്ലാദേശി വിദ്യാര്‍ഥിയായിരുന്നു നഫീസ്. അദ്ദേഹത്തെ സമീപിച്ച ഒരു പള്ളി ഇമാം നമസ്‌കരിക്കാന്‍ പോലുമറിയാത്ത നഫീസിനെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചു. എന്നിട്ട് ജിഹാദ് ചെയ്യാന്‍ നഫീസിനെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന് അബ്ദുല്‍ കരീം എന്ന അല്‍ ഖാഇദയുടെ ഏജന്റിനെ പരിചയപ്പെടുത്തി. ഒടുവില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ട്രിഗര്‍ നല്‍കി, സ്‌ഫോടനത്തിന്റെ ദിവസവും സമയവും പറഞ്ഞുകൊടുത്ത് അദ്ദേഹത്തെ അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ മുന്നിലുള്ള ഒരു ഹോട്ടല്‍ മുറിയിലിരുത്തി. അതിനു മുന്നില്‍ വെച്ച് ആറു മില്യന്‍ യു.എസ് ഡോളറോളം വിലമതിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ അടങ്ങുന്ന ഒരു ലോറി പൊട്ടിത്തെറിക്കും എന്നായിരുന്നു പദ്ധതി. പക്ഷേ മൂന്നു വട്ടം ട്രിഗര്‍ അമര്‍ത്തിയിട്ടും ബോംബ് പൊട്ടിയില്ല. മൂന്നാമത്തെ തവണ അമര്‍ത്തിയപ്പോള്‍ എഫ്.ബി.ഐയുടെ ഉദ്യോഗസ്ഥര്‍ വന്ന് നഫീസിനെ ട്രിഗറടങ്ങുന്ന എല്ലാ തെളിവുകളോടും കൂടി പിടിച്ചുകൊണ്ടുപോയി. കോടതിയിലെത്തിയപ്പോഴാണ് ഇമാമും കരീമുമൊക്കെ എഫ്.ബി.ഐയുടെ ആളുകളാണെന്ന് മനസ്സിലാകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പണമുപയോഗിച്ചാണ് ബോംബുകള്‍ വാങ്ങിയത്. പക്ഷേ അവസാനം ശിക്ഷിക്കപ്പെട്ടത് അഹ്മദ് നഫീസും.
'പ്രീ എംപ്ഷന്‍' (Pre-emption) എന്നാണ് ഈ രീതിയുടെ പേര്. ഇറാഖിലൊക്കെ നടന്നത് പ്രീ എംപ്റ്റീവ് ആക്രമണമാണ്. അതായത് ഒരു കാര്യം നടക്കുന്നതിനു മുമ്പ് അത് നടക്കുമെന്ന് പറഞ്ഞ് മുന്‍കൂര്‍ നടപടികളെടുക്കുക. ഒരാള്‍ ഭീകരസംഘടനയുടെ വലയില്‍ പെട്ടേക്കാം എന്ന തോന്നലിന്റെ മുകളിലാണ് അന്വേഷണ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അയാള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്ത് അത് ചെയ്യുന്നതിനു മുമ്പ് അയാളെ പിടിക്കും. ഇവിടെ ഒരുപാട് പേരുടെ ജീവന്‍ നമ്മള്‍ രക്ഷിച്ചു എന്നാണ് വാദം. പക്ഷേ അയാളെ ഒരു ഭീകരവാദിയാക്കിയത് ആരാണെന്നതാണ് അടിസ്ഥാനപരമായ ചോദ്യം. ഒരു പ്രാക്ടീസിംഗ് മുസ്‌ലിം പോലുമല്ലാതിരുന്ന ഖാസി അഹ്മദ് നഫീസിനെ ഭീകരവാദിയാക്കിയത് എഫ്.ബി.ഐയാണ്.
മൂന്നാമത്തെ വിഭാഗം സ്വയം കുടുക്കിലകപ്പെട്ട ചാരന്മാരാണ്. അതിന് ഉദാഹരണമാണ് അബു ജിന്ദാല്‍. സബീഉദ്ദീന്‍ അന്‍സാരിയെന്നാണ് അയാളുടെ ശരിയായ പേര്. അയാള്‍ സത്യത്തില്‍ പോലീസിന് രഹസ്യവിവരം കൈമാറുന്ന ആളായിരുന്നു. ഇയാളെ തന്നെ പിന്നീട് പോലീസ് പിടിച്ചു. അതേപോലെയാണ് അഫ്‌സല്‍ ഗുരുവും. 2001 ഡിസംബര്‍ 13-നാണ് പാര്‍ലമെന്റ് ആക്രമണം നടക്കുന്നത്. അഞ്ചു തീവ്രവാദികളെയാണ് അന്ന് പാര്‍ലമെന്റിനകത്ത് വെടിവെച്ചു കൊന്നത്. മുഹമ്മദ് യാസീന്‍ എന്ന അവരുടെ തലവനെ ശ്രീനഗറില്‍നിന്ന് ദല്‍ഹിയിലേക്ക് എത്തിച്ചത് അഫ്‌സല്‍ ഗുരുവാണെന്നായിരുന്നു ആരോപണം. യാസീനെ ദല്‍ഹിയില്‍ എത്തിക്കാനുള്ള ദൗത്യം അഫ്‌സല്‍ ഗുരുവിനെ ഏല്‍പിച്ചത് കശ്മീരിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥരായിരുന്നുവെന്നാണ് വെളിപ്പെടുത്തപ്പെട്ടത്. ഇവിടെ അറിഞ്ഞോ അറിയാതെയോ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഒരാളെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
നാലാമത്തെ രീതി അറിയപ്പെടുന്ന കുറ്റവാളികളെ ഭീകരവാദികളായി മുദ്രകുത്തുക എന്നതാണ്. പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ സംഭവിച്ചത് അതാണ്. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന ആദ്യ സ്‌ഫോടനമായിരുന്നു അത്. ബര്‍ദ്വാനില്‍ ചെറിയൊരു മുറിയെടുത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ്സുമടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോംബ് നിര്‍മിച്ചു നല്‍കുന്ന അറിയപ്പെട്ട കുറ്റവാളികളായിരുന്നു ഇക്കൂട്ടര്‍. നിര്‍മാണത്തിനിടക്ക് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. പിന്നീട് പറയുന്നത് അവര്‍ ഇന്ത്യന്‍ മുജാഹിദീന്റെ ആള്‍ക്കാരാണെന്നാണ്. ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയാണ് ഇവിടെ ഇന്ത്യന്‍ മുജാഹിദീന്റെ ആളുകളായി ചിത്രീകരിക്കുന്നത്.
അഞ്ചാമത്തേത് യഥാര്‍ഥ ഭീകരവാദ കേസുകളാണ്. അത് നമ്മള്‍ തിരിച്ചറിയണം. സാമുദായിക വികാരമുണര്‍ത്തി അത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. ഇത്തരക്കാര്‍ മുസ്‌ലിം സമുദായത്തിലുണ്ട്, മറ്റെല്ലാ വിഭാഗങ്ങളിലുമുണ്ട്. മതമില്ലാത്തവരിലും തീവ്രവാദമുണ്ട്. നക്‌സല്‍, മാവോയിസ്റ്റ് തീവ്രവാദികളൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു.
മുസ്‌ലിംകള്‍ക്കിടയിലെ ഭീകരവാദികളുടെ- അവര്‍ ലോകത്തെവിടെയുള്ളവരാണെങ്കിലും- പ്രത്യയശാസ്ത്രം നമ്മള്‍ പഠിക്കേണ്ടതുണ്ട്. തങ്ങളല്ലാത്തവരെല്ലാം ആക്രമിക്കപ്പെടേണ്ട 'നിഷേധികള്‍' ആണെന്ന് വിശ്വസിക്കുന്നവരാണവര്‍. ഇങ്ങനെ ഇസ്‌ലാമിക പ്രമാണങ്ങളെ വക്രീകരിച്ച്, തെറ്റായ വ്യാഖ്യാനം നല്‍കുന്ന ഒരു ധാര നിലനില്‍ക്കുന്നുണ്ട്. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജാഹിലിയ്യത്ത് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നവരെ പോലും കൊല്ലണമെന്നാണ് അവരുടെ വാദം. ശൈഖ് യൂസുഫുല്‍ ഖറദാവി, മുഹമ്മദ് മുര്‍സി, റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുടങ്ങിയവരെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയക്കാരായാണ് ലോകം കാണുന്നതെങ്കിലും ഇത്തരം തീവ്രവിഭാഗക്കാരുടെ കാഴ്ചപ്പാടില്‍ അവരും കൊല്ലപ്പെടേണ്ടവര്‍തന്നെ!
'സിമി' വലിയൊരു വിവാദ വിഷയമാണിപ്പോള്‍. സിമിയെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധിപ്പിച്ച് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ സംസാരിക്കുന്നതു കാണാം. സിമിക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
ഞാന്‍ മനസ്സിലാക്കിയേടത്തോളം സിമി ഒരിക്കലും ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക വിദ്യാര്‍ഥി സംഘടനയായിരുന്നില്ല. ഇന്ത്യയിലെ ഒട്ടനവധി വിദ്യാര്‍ഥി സംഘടനകളോടെന്ന പോലെ സിമിയോടും, അപ്പപ്പോള്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളിലും വിദ്യാര്‍ഥി-യുവജനങ്ങളുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും മറ്റുമുള്ള സഹകരണാത്മക ബന്ധം മാത്രമാണ് ജമാഅത്തിനുണ്ടായിരുന്നത്. പിന്നീട് ഔദ്യോഗിക വിദ്യാര്‍ഥി സംഘടന വേണമെന്ന ജമാഅത്ത് തീരുമാനമനുസരിച്ച് 1982-ല്‍ തന്നെ എസ്.ഐ.ഒ രൂപവത്കരിക്കപ്പെട്ടിരുന്നു. അതായത് സിമി എപ്പോഴും ഒരു സ്വതന്ത്ര സംഘടനയായിരുന്നു.
1980-കളിലും '90-കളിലും സിമി സജീവമായിരുന്നു. പ്രത്യേകിച്ച് മഹാരാഷ്ട്ര, മധ്യപ്രദേശ്, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍. ഈ സംഘടനയെ നിരോധിക്കാനുള്ള കാരണം കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം ഇറക്കിയിരുന്നു. ബഹുവിചിത്രമായിരുന്നു അത്. അതില്‍ പറയുന്നതു പ്രകാരം 'നിഫാഖ് (വെറുപ്പ്), ശരീഅ (നിയമവിരുദ്ധമായ രീതികളിലൂടെ പണം സമ്പാദിക്കുക), ജിഹാദ് (ധര്‍മ യുദ്ധം) എന്നീ രീതികളുപയോഗിച്ച് ഇന്ത്യയൊട്ടാകെ ഇസ്‌ലാമിക വിദ്യാഭ്യാസം നടപ്പിലാക്കുക എന്നതാണ് സിമിയെന്ന ഇസ്‌ലാമിക സംഘത്തിന്റെ ആത്യന്തിക ലക്ഷ്യം.' ഈ മൂന്നു അറബി പദങ്ങളുടെയും അര്‍ഥം വിജ്ഞാപനത്തില്‍ കൊടുത്തതല്ല. നിഫാഖ് എന്നാല്‍ കാപട്യമാണ്. ധര്‍മയുദ്ധത്തിന്റെ ശരിയായ അറബിപദം 'ഹര്‍ബ് മുഖദ്ദസ' എന്നാണ്. അത് ഖുര്‍ആനില്‍ എവിടെയും കാണുന്നില്ല. 'ശരീഅ' എന്ന പദത്തിന്റെ അര്‍ഥം നിയമവിരുദ്ധ പണസമ്പാദനമല്ലെന്ന് സാദാ അഭിഭാഷകര്‍ക്കു പോലും അറിയാം. കാരണം ഇസ്‌ലാമിക നിയമം അവരുടെ നിയമപഠനത്തിന്റെ ഭാഗമാണല്ലോ.
ഒരു സ്ഥാപനത്തില്‍നിന്ന് ഒരാളെ പുറത്താക്കുമ്പോള്‍ കൊടുക്കുന്ന പിരിച്ചുവിടല്‍ കത്ത് പോലും വളരെയധികം സൂക്ഷ്മതയോടെ മാത്രമേ അതിന്റെ മേലധികാരികള്‍ എഴുതാറുള്ളൂ. അങ്ങനെയിരിക്കെയാണ് ഒരു ദേശീയ സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനത്തില്‍ ഇത്രയും ഭീമമായ തെറ്റുകള്‍ കാണുന്നത്.
28,000 സത്യവാങ്മൂലരേഖകളില്‍ വിജ്ഞാപനത്തിലെ ഈ ഖണ്ഡിക പകര്‍ത്തപ്പെട്ടിട്ടുണ്ട്! ഓരോ ജില്ലയില്‍നിന്നും സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് വന്നതനുസരിച്ച് അന്ന് രാത്രി തന്നെ മഹാഭൂരിപക്ഷം സിമി പ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ 28,000 രേഖകളിലും ഒരേ പോലെയാണ്. മധ്യപ്രദേശില്‍ എഴുതപ്പെട്ട കുറ്റപത്രത്തിന്റെ അതേ രൂപം - വ്യാകരണത്തെറ്റുകളും ഘടനയുമടക്കം- കര്‍ണാടകയില്‍ എഴുതപ്പെട്ട കുറ്റപത്രത്തിലും ആവര്‍ത്തിക്കപ്പെട്ടതായി കാണാം!
സിമി എന്ന സംഘടന തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. അത് തീരുമാനിക്കപ്പെടേണ്ടത് കോടതിയിലാണ്. എന്നാല്‍, കേസുകള്‍ പലതും കെട്ടിച്ചമക്കപ്പെട്ടതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ നമുക്ക് ബോധ്യപ്പെടും. മധ്യപ്രദേശ് സിമി ട്രൈബ്യൂണലിനെക്കുറിച്ച് ന്യൂദല്‍ഹിയിലെ 'ജാമിഅ ടീച്ചേര്‍സ് സോളിഡാരിറ്റി അസോസിയേഷന്‍' എന്ന സംഘടന പുറത്തിറക്കിയ 'ഗില്‍ട്ട് ബൈ അസോസിയേഷന്‍' എന്ന റിപ്പോര്‍ട്ട് വായിച്ചാല്‍ ഈ കേസുകള്‍ എത്രത്തോളും വ്യാജമാണെന്ന് മനസ്സിലാക്കാം. പിടിക്കപ്പെട്ടവരില്‍ പലരുടെയും മേല്‍ ചുമത്തപ്പെട്ട കുറ്റം അവര്‍ സിമിനിരോധം നിലവില്‍വരുന്നതിനു മുമ്പ് പോസ്റ്റര്‍ ഒട്ടിച്ചുവെന്നതും 'നിരോധിക്കപ്പെട്ട' സാഹിത്യം കൈയില്‍ വെച്ചു എന്നതുമൊക്കെയാണ്. നിരോധിക്കപ്പെടുന്നതിനു മുമ്പ് ഇതൊന്നും ചെയ്യുന്നത് നിയമവിരുദ്ധമല്ലല്ലോ. അതുപോലെ വീട്ടില്‍നിന്ന് ഖുര്‍ആനും ഉര്‍ദു പുസ്തകങ്ങളും കിട്ടി എന്നതും ഒരു കുറ്റമായി ഏതാണ്ടെല്ലാ രേഖകളിലും എഴുതപ്പെട്ടതായി കാണാം! ഇതൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങളല്ല. ഇതുവെച്ചാണ് ഒരാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം രേഖപ്പെടുത്തുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പിന്നീട് സിമിനിരോധം തുടര്‍ന്നുപോകുന്നതിന് യാതൊരു തെളിവുമില്ല എന്ന് 2008-ല്‍ സുപ്രീം കോടതിയുടെ വിധി വരുന്നത്. അതിനു ശേഷം ഇറക്കിയ ഒരു ഇഞ്ചങ്ഷന്‍ ഉത്തരവുപ്രകാരമാണ് നിരോധം സര്‍ക്കാര്‍ ഇപ്പോള്‍ തുടര്‍ന്നുകൊണ്ടുപോവുന്നത്. അതായത് നിയമപരമായി സിമിക്കു മേലുള്ള നിരോധത്തിനു യാതൊരു സാധുതയുമില്ല.
സിമി എന്ന സംഘടന യഥാര്‍ഥത്തില്‍ ബലിയാടാക്കപ്പെടുകയായിരുന്നു. 2001-നു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിമിനിരോധവും അതിനെക്കുറിച്ച പ്രചാരണങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിമി കേസുകളുടെ കൂട്ടത്തില്‍ പ്രമാദമായ ഒന്നായിരുന്നു സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്ന ശാഹിദ് ബദ്‌റിന്റെ കേസ്. അദ്ദേഹത്തെ പിന്നീട് പൂര്‍ണമായി കുറ്റമുക്തനാക്കി. ഇതൊക്കെ സിമിയെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ്. റൗലറ്റ് ആക്ടിനെതിരെ നടന്നതിനേക്കാള്‍ ശക്തമായ പോരാട്ടം നടത്തേണ്ട നിയമമാണ് യു.എ.പി.എ.
തീവ്രവാദ കേസുകളിലകപ്പെട്ട് ജയിലില്‍ കിടക്കുന്ന മുസ്‌ലിം നിരപരാധികള്‍ എത്രയുണ്ടാകും? എന്താണ് അവരുടെ ജയില്‍ ജീവിതം? എങ്ങനെയാണ് അവരുടെ കേസുകള്‍ നടക്കുന്നത്? ഏതൊക്കെ സംഘടനകളാണ് അവരെ നിയമപരമായി സഹായിക്കുന്നത് ?
തീവ്രവാദ കേസുകളില്‍പെട്ട മുസ്‌ലിംകള്‍ എത്ര പേരുണ്ടാകും എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പക്ഷേ, എന്‍.സി.ആര്‍.ബിയുടെ 2014-ലെ കണക്കു പ്രകാരം ഇന്ത്യയൊട്ടാകെ 3358 ആളുകളാണ് ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ജയിലിലുള്ളത്. ഇതില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരും ഉള്‍പ്പെടും.
കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്നാണ് നിയമം അനുശാസിക്കുന്നത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടി വാദിക്കലും വാദിക്കാന്‍ സഹായിക്കലുമെല്ലാം സാമൂഹികനീതിയുടെ ഭാഗമാണ്; അല്ലാതെ തീവ്രവാദത്തെ പിന്തുണക്കലല്ല. അങ്ങനെ അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപാട് വ്യക്തികളും സംഘടനകളും ഇന്ത്യയിലുണ്ട്. അതിലേറ്റവും വലുത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ്. മഹ്മൂദ് മദനിയുടെയും അര്‍ശദ് മദനിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ സാമ്പത്തിക പിന്തുണ നല്‍കിയും മറ്റും ശക്തമായി രംഗത്തുണ്ട്. പിന്നെയുള്ളത് ജമാഅത്തെ ഇസ്‌ലാമിയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍), ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ലീഗല്‍ ആക്‌സസ്, പീപ്പ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, പീപ്പ്ള്‍സ് യൂനിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ്, കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേര്‍സ് തുടങ്ങിയവയാണ്. ഇതില്‍ അവസാനം പറഞ്ഞ നാലെണ്ണം മുസ്‌ലിംകളല്ലാത്തവരുടെ കേസുകളും ഏറ്റെടുക്കുന്നുണ്ട്.
ക്വില്‍ ഫൗണ്ടേഷന്റെ ഡയറക്ടറാണല്ലോ താങ്കള്‍. വര്‍ത്തമാന ഇന്ത്യയില്‍ ക്വില്‍ ഫൗഷേന്റെ പ്രസക്തി എന്താണ്?
ഭരണകൂട സംവിധാനം പ്രവര്‍ത്തിക്കുന്നത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങളാലാണ്. സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതിനു പിന്നില്‍ ഒരുപാട് പേരുടെ സ്വാധീനമുണ്ട്. ഉദാഹരണത്തിന് വിവരാവകാശ നിയമം. അത് നിലവില്‍വരാന്‍ കാരണം അരുണാ റോയിയുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളാണ്. അതുപോലെ അഴിമതിക്കെതിരെ 'ജന്‍ ലോക്പാല്‍' കൊണ്ടുവന്നതിന് 'പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍' എന്ന സംഘടനയാണ് കാരണം. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ, അഭിനന്ദന്‍ സെക്‌റി തുടങ്ങിയവരാണ് ഇതിനു വേണ്ടി മുഖ്യമായും പ്രവര്‍ത്തിച്ചത്. ഇവരൊക്കെ ചെയ്ത ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിയമങ്ങള്‍ എഴുതപ്പെട്ടത്. ഗവേഷണങ്ങളുടെ പിന്‍ബലം ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ ജനകീയ സമരങ്ങള്‍ പലതും ലക്ഷ്യം കാണാതെ പോകുന്നത്.
യു.എ.പി.എയുടെ കാര്യത്തിലും ഇതു തന്നെയാണ് വേണ്ടത്. ആ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഒരുപാട് പേര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിയമങ്ങള്‍ എടുത്തുമാറ്റിയാല്‍ തീവ്രവാദ ആക്രമണങ്ങള്‍ നില്‍ക്കുമോ എന്ന ഭരണകൂടത്തിന്റെ ചോദ്യത്തിന് ഇവരുടെ കൈയില്‍ ഉത്തരമില്ല. ഈ നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ടെന്നും ആരോപിച്ചാല്‍ മാത്രം പോരാ. അതിന്റെ വസ്തുതകള്‍ ആധികാരികമായി സമര്‍പ്പിക്കാനും പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന പരിഹാരം നിര്‍ദേശിക്കാനും സാധിക്കേണ്ടതുണ്ട്. പരിഹാരം കണ്ടെത്തണമെങ്കില്‍ വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ നടത്തിയേ മതിയാവൂ.
കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയില്‍ നടന്നുള്ള തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും അതിനുശേഷം നടന്നിട്ടുള്ള ശിക്ഷാനടപടികളെക്കുറിച്ചും സൂക്ഷ്മമായ പഠനം നടത്തുകയാണ് ഞങ്ങളിപ്പോള്‍ ചെയ്തു വരുന്നത്. ജനകീയ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുക, അഭിഭാഷകരെ ശാക്തീകരിക്കുക, ഭീകരതയെക്കുറിച്ച് ഭരണകൂടത്തിന്റേതല്ലാത്ത ആഖ്യാനങ്ങള്‍ തെളിവു സഹിതം നല്‍കി മാധ്യമങ്ങളെ ശക്തിപ്പെടുത്തുക, ഇസ്‌ലാമോഫോബിയയെന്ന പുതിയ കാലത്തിന്റെ വര്‍ഗീയതയെ വേരോടെ പിഴുതെറിയുക, നിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നിങ്ങനെ അഞ്ചു ലക്ഷ്യങ്ങളാണ് ക്വില്ലിനുള്ളത്.
മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വസ്തുതകള്‍ ശേഖരിക്കല്‍ ക്വില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണല്ലോ. ജസ്റ്റിസ് സുരേഷ് ഹോസ്‌ബെറ്റ്, ജസ്റ്റിസ് പി.ബി സാവന്ത്, രാം പുനിയാനി, അജിത്ത് സാഹി തുടങ്ങി ഒട്ടേറെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ ഫൗണ്ടേഷനുമായി സഹകരിക്കുന്നു. ഏതൊക്കെ മേഖലകളിലാണ് ക്വില്‍ ഫൗഷേന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?
2015-ല്‍ നിലവില്‍വന്ന ക്വില്‍ ഫൗണ്ടേഷനെ ഒരു ഗവേഷണ സംഘമെന്ന് വിളിക്കാം. മൗലിക വിഷയങ്ങളില്‍ ഗവേഷണാധിഷ്ഠിതമായ നയങ്ങള്‍ രൂപികരിക്കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം. 2015 ജൂണിലാണ് ക്വില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗവേഷണം ഏറ്റവും അത്യാവശ്യമായിരിക്കുന്നത് ഭീകരവിരുദ്ധ നിയമങ്ങളിലാണെന്ന് ആ സമയത്ത് ഞങ്ങള്‍ക്ക് തോന്നി. ഇതിനു വേണ്ടി ലോ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്‍ രൂപീകരിച്ചു. ഈ സെല്ലാണ് ഭീകരവാദം എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുന്നത്. ഭാവിയില്‍ വിദ്യാഭ്യാസം, ജാതിപഠനം, ബജറ്റ് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിശദമായ പഠനം നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പൊതുജനം എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന സഹായസഹകരണങ്ങള്‍ ചെയ്യുകയും അവരുമായി ചേര്‍ന്ന് ശരിയായ തീരുമാനങ്ങളിലേക്ക് സംവിധാനത്തെ നയിക്കുകയുമാണ് ക്വില്‍ ഫൗഷേന്റെ ലക്ഷ്യം. ഭീകരവാദത്തെക്കുറിച്ച് കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ള ഒരു സ്ഥാപനം ഇന്ന് നിലവിലില്ല. നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടപ്പോള്‍ ഉണ്ടായ അതേ ലക്ഷ്യത്തോടെ തന്നെയാണോ അവ നടപ്പിലാക്കപ്പെടുന്നതെന്ന് പരിശോധിക്കുകയും ശരിയായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിനു വേണ്ടിയുള്ള വസ്തുതാശേഖരണമാണ് കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നത്.
ഭീകരവാദ കേസുകളില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി 'ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക്' എന്ന പേരില്‍ തുടങ്ങാനിരിക്കുന്ന സംരംഭത്തെക്കുറിച്ച്?
കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇന്ത്യയില്‍ തീവ്രവാദ കേസുകളില്‍ പിടിക്കപ്പെട്ട യുവാക്കളില്‍ 90 ശതമാനം പേരും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടവരാണ്. അവരുടെ ജീവിതം തകര്‍ന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇങ്ങനെ സംഭവിച്ചാല്‍ അവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതികളും സര്‍ക്കാരുകളും തയാറാവുന്നുണ്ട്. ഇന്ത്യയില്‍ ഈയാളുകള്‍ക്ക് നഷ്ടപരിഹാരം പോയിട്ട് സര്‍ക്കാരിന്റെയോ കോടതികളുടെയോ ഭാഗത്തുനിന്ന് ഒരു ക്ഷമാപണം പോലും ലഭിക്കുന്നില്ല. ഈ കേസുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നുവരെ ചില കോടതിവിധികളില്‍ കൃത്യമായി പറയുന്നുണ്ട്. തെളിവില്ല എന്നല്ല, കേസ് ബോധപൂര്‍വം അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടതാണെന്നാണ് പറയുന്നത്. അങ്ങനെയുള്ള കേസുകളില്‍ പോലും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല.
ഗ്ലാസ്‌ഗോ വിമാനത്താവള സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ആസ്‌ത്രേലിയന്‍ ഡോക്ടര്‍ ഹനീഫിന് ഒരു മില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി ലഭിച്ചത്. കഴിഞ്ഞ മാസം അമേരിക്കയിലെ ഭീകരവിരുദ്ധ നിയമമായ പാട്രിയോട്ട് ആക്ട് പ്രകാരം അറസ്റ്റിലായ ഒരു കറുത്ത വര്‍ഗക്കാരന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനു ശേഷം അദ്ദേഹത്തിന് ഒരു മില്യന്‍ യു.എസ് ഡോളറാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇന്ത്യയില്‍ ഇങ്ങനെ ഒരുപാട് ആളുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ നിസാറുദ്ദീന്‍ അഹ്മദ് എന്ന വ്യക്തി ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 16 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം നിരപരാധിയാണെന്ന് കോടതിവിധി വരുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സഹീറുദ്ദീന്‍ 16 വര്‍ഷമാണ് ജയിലില്‍ കിടന്നത്. അവിടെ വെച്ച് കാന്‍സര്‍ രോഗിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു.
ഇങ്ങനെ നിരപരാധികളാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങിയവരുടെ ശൃംഖലയാണ് 'ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക്.' പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്താനുള്ള കൂട്ടായ്മ. ക്വില്‍ ഫൗണ്ടേഷനാണ് സഹായങ്ങള്‍ നല്‍കുന്നതെങ്കിലും 'ഇന്നസെന്‍സ് നെറ്റ്‌വര്‍ക്ക്' സ്വതന്ത്രമായ ഒരു കൂട്ടായ്മയാണ്.
വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏതു തരത്തിലുള്ള ഇടപെടലുകളാണ് ക്വില്‍ നടത്തിയിട്ടുള്ളത്?
ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കഴിഞ്ഞയുടന്‍ വസ്തുതകള്‍ ശേഖരിക്കാന്‍ സംഭവസ്ഥലത്ത് ആദ്യം എത്തിയത് ക്വില്‍ ഫൗണ്ടേഷന്റെ ഏഴു പേരടങ്ങുന്ന സംഘമാണ്. പരിസരവാസികളോടും ഇരകളുടെ കുടുംബങ്ങളോടും സംസാരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു.
ദേശീയ മനുഷ്യാവകാശ കമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2002-നും 2013-നുമിടക്ക് ഇന്ത്യയില്‍ 993 ആരോപിത വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ മഹാഭൂരിപക്ഷവും നടന്നത് 'ചുവന്ന കോറിഡോറി'ലും പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലുമാണ്. ഓരോ സംഭവവും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത വിശദീകരണങ്ങളാണ് ഇതിലൊക്കെ പോലീസ് നല്‍കുന്നത്. ഏറ്റവുമൊടുവില്‍ ഭോപ്പാലില്‍ നടന്നത് രണ്ട് സംഭവങ്ങളാണ്: വ്യാജ ജയില്‍ചാട്ടവും വ്യാജ ഏറ്റുമുട്ടലും. അതിനൂതനമായ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലില്‍നിന്ന് എട്ടു പേര്‍ ഒരുമിച്ച് എങ്ങനെ തടവു ചാടി? തടവുകാരെ പലയിടങ്ങളിലായാണ് പാര്‍പ്പിച്ചിരുന്നത്. രാത്രി മുഴുവന്‍ ഫ്‌ളഡ് ലൈറ്റുകളുടെ തീവ്രപ്രകാശം തടവറക്കു ചുറ്റുമുണ്ടാകും. എന്നിട്ടും ഇവര്‍ പുറത്തേക്ക് ചാടിയത് ആരും കണ്ടില്ല. മാത്രമല്ല, ജയിലറയില്‍നിന്ന് മതിലു വരെ എത്തണമെങ്കില്‍ അവരുടെ കൈയില്‍ 11 ചാവികളുണ്ടാവുകയും അവര്‍ 11 പോലീസുദ്യോഗസ്ഥരെ കൊല്ലുകയും വേണം. രമാ ശങ്കര്‍ യാദവ് എന്ന പോലീസുകാരനെ കൊന്നതിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചന്ദന്‍ തിലഫ്‌കെ എന്ന മറ്റൊരുദ്യോഗസ്ഥനാണ് ഈ കൊലപാതകത്തിന്റെ ഒരേയൊരു സാക്ഷി. ഇന്നുവരെ അയാളുടെ മൊഴി എടുത്തിട്ടില്ല. അയാള്‍ ഒരുപക്ഷേ ഭ്രാന്തു വന്നു മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാനാണ് സാധ്യത. കാരണം അത്ര സുപ്രധാനമാണ് അയാളുടെ മൊഴി. സി.സി.ടി.വി ക്യാമറകള്‍ മൂന്നു ദിവസമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല എന്നാണ് മറ്റൊരു വാദം. ഇങ്ങനെയൊക്കെ തന്നെയാണ് കഴിഞ്ഞ 15 വര്‍ഷമായി മുംബൈ, ബാംഗ്ലൂര്‍ അടക്കം പല തീവ്രവാദ ആക്രമണങ്ങളിലും നടന്നിട്ടുള്ളത്. പിന്നെയും പല ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്.
അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളില്‍ മാത്രമേ വെടിവെക്കാന്‍ പാടുള്ളൂ എന്നും അപ്പോഴും അരയ്ക്കു താഴെ മാത്രമേ വെടിയുതിര്‍ക്കാവൂ എന്നും ഏറ്റുമുട്ടലുകളെ സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. ആര്‍ക്കും കൊല്ലാന്‍ അവകാശമില്ല. എന്നാല്‍ നെറ്റ്‌വര്‍ക്ക് 18 പുറത്തുവിട്ട വീഡിയോയില്‍ അവരെയെല്ലാം കൊല്ലാന്‍ വ്യക്തമായ ഉത്തരവുകള്‍ നല്‍കുന്നത് കേള്‍ക്കാം.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്രയേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്? 'ഭീകരവാദികളായതിനാല്‍' അവര്‍ അങ്ങനെ കൊല്ലപ്പെട്ടാലും പ്രശ്‌നമില്ല എന്ന വികാരം ജനങ്ങള്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ടോ?
ഒരാള്‍ തീവ്രവാദിയാണെങ്കില്‍ എന്തുകൊണ്ടയാളെ കൊന്നുകൂടാ എന്നൊരു വികാരം നിലനില്‍ക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ അവര്‍ ഭീകരവാദികളാണെന്ന് ആരാണ് തീരുമാനിച്ചത് എന്നതാണ് ഇവിടത്തെ ചോദ്യം. അതിലും പ്രധാനപ്പെട്ട കാര്യം ആരെയും കൊല്ലാന്‍ നമുക്കാര്‍ക്കും അവകാശമില്ല എന്നതാണ്. വ്യാജ ഏറ്റുമുട്ടലിലൂടെ ഒരാളെ കൊല്ലാന്‍ പറ്റുമെങ്കില്‍ പിന്നെ അയാളെ അറസ്റ്റ് ചെയ്തതെന്തിനാണ്? പിടികൂടുമ്പോള്‍ തന്നെ കൊല്ലാമായിരുന്നില്ലേ? അവരെ ഇത്രയും കാലം തീറ്റിപ്പോറ്റേണ്ട കാര്യം എന്തായിരുന്നു? ഇത്രയും നാടകീയതയുടെ ആവശ്യം എന്തായിരുന്നു?
പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍തന്നെ അയാള്‍ തീവ്രവാദിയാണെന്ന് വിധിയെഴുതുകയും പിന്നീട് വെടിവെച്ചു കൊല്ലുകയും ചെയ്യുകയാണെങ്കില്‍ രാജ്യത്തെ 50 ശതമാനം ആളുകളെയും അങ്ങനെ കൊന്നുകളയാം. കാരണം രാഷ്ട്രീയ എതിരാളികളെയാണ് പലപ്പോഴും ഭരണകൂടം തീവ്രവാദിയെന്ന് നിര്‍വചിക്കുന്നത്.
വ്യാജ ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ മാത്രമല്ല, സമാനമായ മറ്റു കാര്യങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ഒരുതരം നിര്‍വികാരത നിലനില്‍ക്കുന്നുണ്ടെന്നതും സത്യമാണ്. നിര്‍ണായക വിഷയങ്ങളിലൊന്നും അവര്‍ക്ക് നിലപാടില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവരെ ഒരു തരം കൂട്ടായ മോഹനിദ്രയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ചെറിയ വിഷയങ്ങളെ ഊതിപ്പെരുപ്പിക്കാനും മര്‍മപ്രധാന വിഷയങ്ങളെ ഒന്നുമല്ലാതാക്കിമാറ്റാനും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഏറ്റവും വലിയ പ്രശ്‌നം കോര്‍പ്പറേറ്റുകള്‍ തന്നെയാണ്. എന്നാല്‍ അതൊരിക്കലും ചര്‍ച്ചയാവുന്നുമില്ല.
Comments