Prabodhanm Weekly

Pages

Search

2016 നവംബര്‍ 25

2977

1438 സഫര്‍ 25

ഏതുതരം സെക്യുലരിസം, ഡെമോക്രസി?

മുജീബ്

''സയ്യിദ് മൗദൂദി വിമര്‍ശനത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ കണ്ണൂരില്‍ നടന്ന ചര്‍ച്ചാ സദസ്സില്‍   വെച്ച് ഒ. അബ്ദുര്‍റഹ്മാന്‍ നടത്തിയ പ്രസ്താവന വായിച്ചപ്പോള്‍ ഇങ്ങനെ പറയാനാണ് തോന്നിയത്.

1947-ല്‍ ഇന്ത്യ സ്വതന്ത്രമായി.  1949 നവംബര്‍ 26-ന് ഭരണഘടന അംഗീകരിച്ചു.  ഭരണഘടനയുടെ ആമുഖത്തില്‍ ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണെന്ന്  ('Sovereign  Democratic Republic') പ്രഖ്യാപിച്ചു.   പാര്‍ട്ട് 3-ലെ പതിനഞ്ച്  മുതല്‍ പത്തൊമ്പതു വരെയുള്ള അനുഛേദങ്ങള്‍ മത വര്‍ഗ ജാതി ലിംഗ വ്യത്യാസമില്ലാതെയുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും അഭിപ്രായ പ്രബോധന സ്വാതന്ത്ര്യവും സ്ഥാപനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. 1976-ലെ നാല്‍പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയില്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ഇന്ത്യ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി(Sovereign Socialist Secular Democratic Republic)  ഭേദഗതി ചെയ്തു.

ഇന്ത്യ എന്ന് റിപ്പബ്ലിക് ആയോ അന്നുതന്നെ അത് ഒരു മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ അത് എഴുതിയിട്ടില്ലെങ്കിലും ഭരണഘടനയുടെ വ്യത്യസ്ത ആര്‍ട്ടിക്കുകളില്‍ അത് വ്യക്തമായിരുന്നു.  1976-ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ ഭേദഗതി ഇന്ത്യയെ ഒരു സെക്യുലര്‍ രാജ്യമായി പ്രഖ്യാപിക്കാന്‍ മാത്രമായി ഉണ്ടാക്കിയ ഭേദഗതിയായിരുന്നില്ല.  സുപ്രീം കോടതിക്കും ഹൈക്കോടതികള്‍ക്കും നിയമങ്ങളുടെ ഭരണഘടനാസാധുതയെപ്പറ്റി വിധിക്കാനുള്ള അധികാരം പരിമിതപ്പെടുത്തുക, സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിനുള്ള അധികാരം വിപുലപ്പെടുത്തുക, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താവുന്ന കാലാവധി ആറുമാസത്തില്‍നിന്ന് ഒരു വര്‍ഷമായി വര്‍ധിപ്പിക്കുക, സംസ്ഥാനങ്ങളിലെ നീതിന്യായ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസേനയെ ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുക, രാഷ്ട്രപതി പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്യുക തുടങ്ങിയ ഭേദഗതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി രാഷ്ട്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കിക്കൊണ്ട് ഒരു സോഷ്യലിസ്റ്റ് സെക്യുലര്‍ രാജ്യമാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. അതിനര്‍ഥം അതിനു മുമ്പ് ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമല്ലായിരുന്നു എന്നല്ല.

മാധ്യമം പത്രാധിപര്‍ ഒ. അബ്ദുര്‍റഹ്മാന്റെ പ്രസ്താവന കേട്ടാല്‍ തോന്നും 1947 മുതല്‍ 1976 വരെ 'മതേതരത്വം' ഇന്ത്യയില്‍ നിഷിദ്ധമായിരുന്നു എന്ന്.  1976 മുതലാണ് ഇന്ത്യ ഒരു മതേതര രാജ്യമായിരുന്നത് എന്ന വിലയിരുത്തല്‍ എത്രമാത്രം വിഡ്ഢിത്തം നിറഞ്ഞതാണ്.  1976-ലെ ഈ ഭേദഗതിക്കു ശേഷം 1979-ലാണല്ലോ സയ്യിദ് മൗദൂദി നിര്യാതനാവുന്നത്.  ഈ ഭേദഗതിക്കു ശേഷം സയ്യിദ് മൗദൂദി ഇന്ത്യന്‍ സെക്യുലറിസത്തെ അനുമോദിച്ച എന്തെങ്കിലും കൊണ്ടുവരാന്‍ എ.ആറിന് സാധിക്കുമോ?

വിപ്ലവത്തിന്റെ മാര്‍ഗം ആയുധമല്ലെന്നും മറിച്ച് ചിന്താവിപ്ലവമാണെന്നും പറഞ്ഞ മൗദൂദിയന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുന്നു എന്ന് പറയുന്ന എ.ആര്‍ സൗകര്യപൂര്‍വം ചില കാര്യങ്ങള്‍ വിസ്മരിക്കുകയാണ്.  മൗദൂദിയുടെ ഖുതുബാത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്ലാമിയാണല്ലോ.   ആ ഖുതുബാത്തിലെ ജിഹാദ്, ജിഹാദിന്റെ പ്രാധാന്യം തുടങ്ങിയ അധ്യായങ്ങള്‍ ഒരു ഘട്ടത്തില്‍ ഖുതുബാത്തിന്റെ പുനഃപ്രസിദ്ധീകരണത്തില്‍നിന്നും ഒഴിവാക്കിയതും ചരിത്രമാണല്ലോ.  ആ അധ്യായങ്ങള്‍ കേവലം ചിന്താവിപ്ലവമല്ല, മറിച്ച് ആയുധം കൈയിലേന്താനുള്ള ആഹ്വാനമാണെന്ന തിരിച്ചറിവ് കൊണ്ടായിരുന്നു അവ വെട്ടിമാറ്റിയത് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

മൗദൂദി എതിര്‍ത്തത് മതനിരാസപരമായ പാശ്ചാത്യ സെക്യുലറിസത്തെയാണത്രെ.  മുജാഹിദ് പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനുമൊക്കെ ഇതില്‍പരം എന്ത് അംഗീകാരമാണ് എ.ആര്‍ നല്‍കുക?  മതനിരാസപരമല്ലാത്ത സെക്യുലറിസമോ ജനാധിപത്യമോ ശിര്‍ക്കും കുഫ്റുമല്ല എന്ന് മുജാഹിദുകള്‍ ഈ വിവാദം തുടങ്ങിയ കാലം തൊട്ട് പറയാന്‍ തുടങ്ങിയതാണ്.  പൗരന്മാരുടെ മതപരമായ വിശ്വാസങ്ങളിലോ അനുഷ്ഠാനങ്ങളിലോ നിയമങ്ങളിലോ ഇടപെടാതെ  രാഷ്ട്രീയവും  ഭൗതികവുമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്ന ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും മുസ്‌ലിംകള്‍ക്ക് അവരുടെ മതസംരക്ഷണത്തിന് ഗുണപ്രദവും അനിവാര്യവുമാണെന്ന മുജാഹിദ് വീക്ഷണത്തെ വൈകിയെങ്കിലും അംഗീകരിക്കാനുള്ള ആ സൗമനസ്യത്തെ അഭിനന്ദിക്കുന്നു.....'' (സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ഫേസ്ബുക് പോസ്റ്റില്‍നിന്ന്). മുജീബിന്റെ പ്രതികരണം?

അബൂമിന്‍ഹ ഒതളൂര്‍

 

സുദീര്‍ഘമായ ഈ വിമര്‍ശനത്തിന് യഥാര്‍ഥത്തില്‍ മറുപടി ആവശ്യമില്ല. എത്രയോ തവണ വിശദമായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. അതിന്റെ മുന്നില്‍ ഉത്തരം മുട്ടിയവര്‍ വീണ്ടും വീണ്ടും പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നു മാത്രം. സെക്യുലരിസം, ജനാധിപത്യം, ദേശീയത എന്നീ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും എതിരാണ് എന്ന് നിരന്തരം വാദിച്ചുവന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് ലോകത്തും രാജ്യത്തും രൂപപ്പെട്ട സംഭവവികാസങ്ങള്‍ എന്നാണ് കണ്ണൂരിലെ എസ്.ഐ.ഒ പരിപാടിയില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ടെന്നാല്‍ മതം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ മാത്രം അത് ആവാമെന്ന മതേതര സങ്കല്‍പം, ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം ഖണ്ഡിക പൊക്കിപ്പിടിച്ച് കുടുംബ നിയമങ്ങള്‍ പോലും റദ്ദാക്കി പകരം ഏക സിവില്‍ കോഡ് ഏര്‍പ്പെടുത്തുമെന്ന വാദഗതിക്ക് ശക്തിപകരുകയാണ്. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന, സ്റ്റേറ്റ് ഒരു മതത്തോടും വിവേചനം കാണിക്കുകയോ ഒരു മതത്തിലും ഇടപെടുകയോ ഇല്ല എന്നതാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്നാണ് ഇതുവരെ വിശദീകരിക്കപ്പെട്ടിരുന്നത്. അതുകൊണ്ടാണ് ഭരണഘടനയിലൊരിടത്തും തെറ്റിദ്ധാരണക്ക് ഇടം നല്‍കുന്ന സെക്യുലരിസം എന്ന വാക്ക് അതിന്റെ ശില്‍പികള്‍ ഉപയോഗിക്കാതിരുന്നതെന്നും 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലാണ് സെക്യുലര്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതായിരിക്കും ഇന്ത്യയുടെ പേരെന്ന് എഴുതിച്ചേര്‍ത്തതെന്നും വസ്തുതാപരമായി ചൂണ്ടിക്കാട്ടിയത്. അല്ലാതെ അതിനു മുമ്പ് ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായിരുന്നില്ല എന്ന അര്‍ഥമോ ധ്വനിയോ പ്രസ്താവനക്കില്ല. മൗദൂദി 1976-നു മുമ്പും പിമ്പും ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് ഒരഭിപ്രായവും പറഞ്ഞിട്ടുമില്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയാകട്ടെ 1960-കളുടെ തുടക്കത്തില്‍തന്നെ അതിന്റെ മജ്‌ലിസ് ശൂറാ പ്രമേയത്തിലൂടെയും 1964-ല്‍ ഡോ. സയ്യിദ് മഹ്മൂദ് എം.പിയുടെ കത്തിന് മറുപടിയായി അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നല്‍കിയ വിശദീകരണത്തിലൂടെയും സ്റ്റേറ്റിന് ഒരു പ്രത്യേക മതത്തോടും പക്ഷപാതമില്ലാത്തതാണ് ഇന്ത്യന്‍ മതനിരപേക്ഷത എന്ന അര്‍ഥത്തില്‍ അതിനെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.  അതുകൊണ്ടുതന്നെ കേരളത്തിലെ മത, സാമുദായിക സംഘടനകളുടെ ചഞ്ചല നിലപാടുകളില്‍നിന്ന് പാഠം പഠിക്കേണ്ട ഗതികേട് ഒരു കാലത്തും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനുണ്ടായിട്ടില്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ജനാധിപത്യ സര്‍ക്കാറും സുപ്രീം കോടതിയും ത്വരിതപ്പെടുത്തുമ്പോള്‍ അതിനെതിരെ ഒന്നിച്ചലറേണ്ട പതനത്തിലാണ് മത, സാമുദായിക സംഘടനകള്‍.  ഏക സിവില്‍ കോഡ് മതേതരത്വത്തിന്റെ അനിവാര്യത എന്നതാണ് അതിനു വേണ്ടി വാദിക്കുന്നവരുടെ അവകാശവാദം. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ തീര്‍പ്പ് വരുമ്പോള്‍ കാണാം ഭരണഘടനയിലെ സെക്യുലരിസം എവ്വിധമാണ് ആധികാരികമായി വ്യാഖ്യാനിക്കപ്പെടുന്നത് എന്ന്.

ഇനി വിപ്ലവത്തെക്കുറിച്ച മൗദൂദിയുടെ കാഴ്ചപ്പാടിന്റെ കാര്യം. 'ജമാഅത്തെ ഇസ്‌ലാമി ഇന്നോളവും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ല. നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ടേ എന്നും അത് പ്രവര്‍ത്തിച്ചിട്ടുള്ളൂ' (ഇസ്തിഫ്‌സാറാത്ത്, പേജ് 243). 'രഹസ്യ മാര്‍ഗങ്ങളിലൂടെ ഭരണഘടനാവിരുദ്ധമായ വഴികള്‍ സ്വീകരിക്കുകയാണെങ്കില്‍ അനന്തരഫലങ്ങള്‍ കൂടുതല്‍ ആപത്കരമാവും' (തസ്വ്‌രീഹാത്ത്, പേജ് 257). 'എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് തന്നെ സമാധാന മാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ ഫലമായി തടവറയില്‍ കഴിയേണ്ടിവന്നാലും കൊലമരത്തില്‍ കയറേണ്ടിവന്നാലും ശരി' (തസ്വ്‌രീഹാത്ത്, പേജ് 57). ഇതാണ് മൗദൂദി പലപ്പോഴായി ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പരിവര്‍ത്തനത്തിനായി സമാധാനപരമായ മാര്‍ഗങ്ങളെ മാത്രമേ അവലംബിക്കൂ എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

ജിഹാദിനെക്കുറിച്ച മൗദൂദിയുടെ ചിന്തയും വീക്ഷണഗതിയും അല്‍ ജിഹാദു ഫില്‍ ഇസ്‌ലാം, ഖുത്വ്ബാത്ത്, ഇസ്‌ലാം മതം എന്നീ കൃതികളിലൊക്കെ സവിസ്തരമായും സംക്ഷിപ്തമായും വിവരിച്ചത് അതേപടി അന്നും ഇന്നും നിലനില്‍ക്കുന്നതാണ്. ഒരു മാറ്റവും ഭേദഗതിയും ആരും വരുത്തിയിട്ടില്ല. അതിലൊരിടത്തും സായുധ വിപ്ലവത്തിനായുള്ള ആഹ്വാനവും ഇല്ല.

ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രതിനിധിയും പ്രതീകവുമായ നരേന്ദ്രമോദി പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെയാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഫാഷിസ്റ്റ് ഭരണാധികാരികളായ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയിലും മുസ്സോളിനി ഇറ്റലിയിലും അധികാരത്തിലേറിയതും ജനാധിപത്യത്തിലൂടെ തന്നെ. ഇരുവരും ദേശീയ മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികളായിരുന്നു താനും. ഇപ്പോള്‍ കടുത്ത വംശീയവാദിയും മുസ്‌ലിംവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപ് ഇതാ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതൊന്നും ഡെമോക്രസിയല്ല എന്നാര്‍ക്കെങ്കിലും വാദിക്കാനാവുമോ? അതേയവസരത്തില്‍ ഡെമോക്രസിയുടെ പേരില്‍ അവരെയൊക്കെ വെള്ളപൂശാനുമാവില്ല. അതാണ് പറഞ്ഞത് സര്‍വതന്ത്ര സ്വതന്ത്രമായ ജനാധിപത്യ സങ്കല്‍പം ഇസ്‌ലാമിന് സ്വീകാര്യമല്ല. അതിന് ഭദ്രവും ശക്തവുമായ ധാര്‍മികാടിത്തറ വേണം എന്ന്. ഇത് സമ്മതിക്കാന്‍ ഏറെ വൈകുമെങ്കിലും നമ്മുടെ മത സംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്ക് സാധിക്കുമോ എന്നതാണ് അറിയേണ്ടത്. 


ഭോപ്പാല്‍ 'ഏറ്റുമുട്ടല്‍' കൊല

 

വ്യാജ ഏറ്റുമുട്ടലുകള്‍ വീണ്ടും വാര്‍ത്തയായിരിക്കുന്നു. ഭോപ്പാല്‍ കൂട്ടക്കൊലക്കെതിരെ പലയിടത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുകയുണ്ടായി. പക്ഷേ, കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി ഒഴികെയുള്ള മുസ്‌ലിം സംഘടനകളൊന്നും ഇതിനെതിരെ പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തതായി കില്ല. സിമി നിരോധിത സംഘടനയാണെങ്കിലും കൊന്നുതീര്‍ത്തത് പച്ച മനുഷ്യജീവനുകളെയാണ് എന്ന നിലയിലെങ്കിലും മുസ്‌ലിം കേരളം ഈ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ പ്രതികരിക്കേണ്ടിയിരുന്നില്ലേ?

നസ്വീര്‍ പള്ളിക്കല്‍

 

ആര്, എങ്ങനെ ന്യായീകരിച്ചാലും വ്യാഖ്യാനിച്ചാലും ഇന്ത്യയില്‍ ഇന്നേറ്റവും വില കുറഞ്ഞ രക്തം മുസ്‌ലിമിന്റേതാണെന്നത് പരമാര്‍ഥമാണ്. ജനാധിപത്യ ഭരണഘടനയില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും എന്തെഴുതിവെച്ചാലും ഫലത്തില്‍ രാജ്യത്ത് നടക്കുന്നത് ന്യൂനപക്ഷവേട്ടയും അന്യായമായ അറസ്റ്റും അനിശ്ചിതമായ ജയില്‍വാസവും വ്യാജമായ ഏറ്റുമുട്ടല്‍ കൊലകളും തുടരുക തന്നെയാണ്. എല്ലാം രാജ്യരക്ഷയുടെയും ഭീകരതാ പ്രതിരോധത്തിന്റെയും പേരില്‍ സര്‍ക്കാറുകള്‍ ന്യായീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഒന്നുകില്‍ ഏറ്റുപാടുന്നു അല്ലെങ്കില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. മാനവികതയുടെ പേരില്‍ ഉയരുന്ന ഒറ്റപ്പെട്ട സ്വരങ്ങളെ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തുന്നു. ഈ പ്രക്രിയ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പേ ആരംഭിച്ചു, മോദി ഭരണത്തില്‍ പൂര്‍വാധികം രൂക്ഷമായി തുടരുന്നു. യു.എ.പി.എ എന്ന കരിനിയമം തീര്‍ത്തും ജനാധിപത്യവിരുദ്ധമായി കര്‍ക്കശമാക്കപ്പെട്ടതുതന്നെ ഇത്തരം ഭരണകൂട ഭീകരതക്ക് വേണ്ടിയായിരുന്നുവോ എന്ന് സംശയിക്കാവുന്ന വിധമാണ് ഗതകാല സംഭവങ്ങള്‍.

സിമി എന്ന ആത്യന്തിക വിദ്യാര്‍ഥി സംഘടന സ്വീകരിച്ച മാര്‍ഗവും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഏതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും നിരാകരിച്ചതാണ്. 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യത്തെ അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരന്‍ ന്യായീകരിച്ചെങ്കിലും മുസ്‌ലിം സമൂഹം അത് വിവേകശൂന്യമാണെന്ന് ചൂണ്ടിക്കാട്ടിയതാണ്. എങ്കിലും ഹിംസയില്‍ ഏര്‍പ്പെടാത്തേടത്തോളം കാലം തെറ്റായ വാദഗതികളുടെ പേരില്‍ മാത്രം നിരോധമോ വിലക്കോ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍, എന്തെങ്കിലും അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ ഹാജരാക്കാതെയാണ് 1999-2004-ലെ എന്‍.ഡി.എ സര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. ഈരണ്ട് വര്‍ഷം കൂടുമ്പോള്‍ നിരോധം പുനഃപരിശോധിക്കണമെന്നാണ് യു.എ.പി.എ അനുശാസിക്കുന്നതെങ്കിലും ആ സമയം വരുമ്പോള്‍ രാജ്യത്തെവിടെയെങ്കിലും ഒന്നോ രണ്ടോ സ്‌ഫോടനങ്ങള്‍ നടന്നിരിക്കും. അതിന്റെ പിന്നില്‍ സിമിയാണെന്നാരോപിച്ച് നിരോധം നീട്ടുകയും ചെയ്യും. നിരോധം ഇപ്പോഴും തുടരുന്നു. രാജ്യത്ത് നടക്കുന്ന ഭീകര സംഭവങ്ങളുടെ പിന്നില്‍ സിമിയെയും സിമിയുടെ ഉല്‍പന്നമാണെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീനെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കുന്നു, സിമിയുമായി ബന്ധമുണ്ടായിരുന്നവരോ അല്ലാത്തവരോ ആയ കുറേ യുവാക്കളെ യു.എ.പി.എ ചുമത്തി ജയിലുകളിലടക്കുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭോപ്പാല്‍ ജയിലില്‍ വര്‍ഷങ്ങളായി അടക്കപ്പെട്ട മുസ്‌ലിം യുവാക്കളുടെ പേരില്‍ ചുമത്തപ്പെട്ട ആരോപണങ്ങള്‍ വിചാരണക്ക് വരാനിരിക്കെയാണ് ഇപ്പോഴത്തെ കൂട്ടക്കൊല നടക്കുന്നത്. 20 അടി ഉയരമുള്ള ഭദ്രമായ ജയില്‍ ഭിത്തി, വിവിധ ബ്ലോക്കുകളില്‍ കഴിഞ്ഞ എട്ട് യുവാക്കള്‍ ചേര്‍ന്ന് കിടക്കവിരി കൂട്ടിക്കെട്ടി ചാടി രക്ഷപ്പെട്ടത്രെ. അതും 11 സെക്യൂരിറ്റി പോസ്റ്റുകള്‍ മറികടന്ന്! ചാടിപ്പോയവരെ 8-10 കിലോമീറ്റര്‍ അകലെ വെച്ച് സുരക്ഷാ സേന പിടികൂടിയപ്പോള്‍ നിരായുധരായ അവര്‍ ഏറ്റുമുട്ടിയതാണ് വെടിവെച്ചു കൊല്ലാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതും നല്ല ഒന്നാംതരം വേഷം ധരിച്ച ശേഷം! തീര്‍ത്തും അവിശ്വസനീയവും പരിഹാസ്യവുമായ ഈ വാദഗതികള്‍ പൊതുവെ കടുത്ത വിമര്‍ശനത്തിന് വിധേയമാവുകയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തപ്പോഴാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഒരു റിട്ട. ജഡ്ജിയെ അന്വേഷണ കമീഷനാക്കി നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചത്. ആ ന്യായാധിപന്റെ നിഷ്പക്ഷതയും കാര്യക്ഷമതയും എത്രത്തോളം, അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ എന്തെല്ലാം, റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി എത്ര, റിപ്പോര്‍ട്ട് സര്‍ക്കാറിന് വിരുദ്ധമായി വന്നാല്‍തന്നെ അത് വെളിച്ചം കാണുമോ, അതുപ്രകാരം നടപടികള്‍ ഉണ്ടാവുമോ എന്നിവയൊക്കെ ഉത്തരം കിട്ടിയിട്ടില്ലാത്ത ചോദ്യങ്ങളാണ്. തല്‍ക്കാലം രാജ്യത്തെ മിണ്ടാതാക്കാനുള്ള ഒരു കബളിപ്പിക്കല്‍ എന്ന് കരുതിയാല്‍ മതി.

കേരളത്തിനകത്തും പുറത്തും ചകിതരായ മുസ്‌ലിം സംഘടനകള്‍ മൗനം പാലിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. മഹ്ശറില്‍ ചെല്ലുമ്പോള്‍ ഓരോരുത്തരും 'നഫ്‌സി, നഫ്‌സി' (ഞാന്‍, ഞാന്‍) എന്നുരുവിടുന്ന പരിഭ്രാന്തമായ സ്ഥിതിയെപ്പറ്റി ഹദീസുകളിലുണ്ടല്ലോ. ഏതാണ്ടതിന്റെ തിരനോട്ടമാണ് ഫാഷിസത്തിന്റെ പിടിയിമലര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തില്‍ സംഭവിക്കുന്നത്. നഗ്നമായ നീതിനിഷേധത്തിനെതിരെ നാവനക്കാത്ത ഊമകളുടെ ഭാവി എന്താവുമെന്ന് കാത്തിരുന്നുകാണാം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 31-32
എ.വൈ.ആര്‍