'കള്ളപ്പണ വേട്ട'യിലെ കള്ളത്തരങ്ങള്‍
500, 1000 നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്തുണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച ഏതൊരു ചര്‍ച്ചയും നേരത്തേ റിലയന്‍സ് അടക്കമുള്ള നിരവധി കമ്പനികളുടെ ഉപദേശകനായിരുന്ന ഉര്‍ജിത് പട്ടേല്‍ എന്ന നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍നിന്നാണ് തുടങ്ങേണ്ടത്. ആറു മാസമായി കൂലങ്കഷമായി ആലോചിച്ചുണ്ടാക്കിയ പദ്ധതിയാണ് ഇതെന്നാണല്ലോ സര്‍ക്കാര്‍ അവകാശപ്പെട്ടത്. മോദിക്കെതിരെ ഒരക്ഷരം പറയാനോ എഴുതാനോ ശേഷിയില്ലാത്ത ദേശീയ മാധ്യമങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. മറ്റേത് രാജ്യത്തും ഇപ്പറഞ്ഞ സര്‍ക്കാറും അതിന് ചൂട്ടുപിടിച്ച ഈ ഗവര്‍ണറും എന്നോ രാജിവെച്ച് പുറത്തുപോയിട്ടുണ്ടാകുമായിരുന്നു. പ്രധാനമന്ത്രി പറഞ്ഞതുപോലെ ആറുമാസം മുമ്പേ ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നത് വാദത്തിന് അംഗീകരിക്കുക. എങ്കില്‍ ഏറ്റവും ചുരുങ്ങിയത് എ.ടി.എമ്മുകളിലൂടെ വിതരണം ചെയ്യാന്‍ കഴിയുന്ന വിധം പഴയ നോട്ടുകളുടെ വലിപ്പത്തിലെങ്കിലും പുതിയ നോട്ടുകള്‍ ഇറക്കാമായിരുന്നില്ലേ? സെപ്റ്റംബര്‍ അഞ്ചിനല്ലേ ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ചുമതലയേറ്റത്? നവംബര്‍ 8-ന് രാത്രിയിലെ പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് നടപ്പില്‍ വന്ന പുതിയ നോട്ടുകളില്‍ പക്ഷേ ഉര്‍ജിതിന്റെ കൈയൊപ്പിന്റെ ചിത്രമാണുള്ളത്. സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്‍ ആയിരുന്നു ഇത് ചെയ്തതെങ്കില്‍ ഗവണ്‍മെന്റിന്റെ അവകാശവാദം ശരിയാവുമായിരുന്നു. നോട്ടുകള്‍ അടിച്ച് ബാങ്കുകളില്‍ എത്തിക്കാനുള്ള ഏറ്റവും ചുരുങ്ങിയ സമയം കൂടി കണക്കിലെടുക്കുമ്പോള്‍ കേവലം ഒന്നോ രണ്ടോ ആഴ്ചക്കകം ആയിരിക്കാം പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തലക്കകത്ത് നിലാവെളിച്ചം കയറിയ ഒരു സര്‍ക്കാറിന്റെയും ഗവര്‍ണറുടെയും നിഗൂഢമായ ഏതോ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത് മാറുന്നത്. ലോകത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢിത്തങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്ന റഷ്യന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ 1991-ലെ റൂബിള്‍ പിന്‍വലിക്കല്‍ തീരുമാനത്തെ നരേന്ദ്ര മോദിയും പട്ടേലും അതേപടി ഇന്ത്യയില്‍ ആവര്‍ത്തിച്ചുവെന്നേ പറയാനാകൂ.
കള്ളപ്പണം സൂക്ഷിക്കുന്നവരെ പിടികൂടിയാല്‍ ഇന്ത്യ അനുഭവിക്കുന്ന ഭീകരത മുതല്‍ തൊഴിലില്ലായ്മ വരെയുള്ള സകല പ്രശ്നങ്ങള്‍ക്കും മറുമരുന്നാവുമെന്ന് രാജ്യത്തെ 130 കോടി ജനങ്ങളെ മാധ്യമങ്ങള്‍ വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. 500-ന്റെയും 1000-ത്തിന്റെയും നോട്ടുകളിലാണ് ഈ കള്ളപ്പണം മുഴുവന്‍ സൂക്ഷിക്കപ്പെടുന്നതെന്നും അത് അസാധുവാക്കാനുള്ള നീക്കം തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കുന്നതിന്റെ ഭാഗമാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. ജനവിരുദ്ധ പക്ഷത്ത് ഇത്രയേറെ നിലയുറപ്പിച്ചും ഉത്തരവാദിത്തബോധമില്ലാതെയും ഇന്ത്യന്‍ മാധ്യമങ്ങള്‍ പെരുമാറിയ ഇതുപോലൊരു സന്ദര്‍ഭം മുമ്പുണ്ടായിട്ടില്ല. കള്ളപ്പണത്തിന്റെ മൊത്തകുത്തകക്കാര്‍ ഷെയറുകള്‍ വാങ്ങിക്കൂട്ടിയ ടെലിവിഷന്‍ കമ്പനികളും പത്രങ്ങളുമാണ് ഹിന്ദി-ഇംഗ്ലീഷ് ഭാഷകളില്‍ ഇന്ന് നിറയെയുള്ളത്. പിശാചിന് ആത്മാവ് പണയം വെച്ച്, സ്വയം വിറ്റുതുലച്ച ഈ ദേശീയ മാധ്യമങ്ങള്‍ പരിഹാസ്യമായ രീതിയിലാണ് പലപ്പോഴും ഈ കള്ളപ്പണ സിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടിരുന്നത്. കശ്മീരില്‍ രണ്ടു ദിവസമായി കല്ലെറിയല്‍ നടക്കാത്തതും ജനങ്ങള്‍ തെരുവിലിറങ്ങാത്തതും കള്ളപ്പണത്തിന്റെ ഉറവുകള്‍ അടഞ്ഞുപോയതുകൊണ്ടാണെന്നും ഇനി മാവോയിസ്റ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് പ്രചാരണം! രാഹുല്‍ ഗാന്ധി പണം മാറാന്‍ ക്യുവില്‍ നിന്നാല്‍ അത് പത്രത്തില്‍ ഫോട്ടോ വരാനുള്ള അടവ്. എന്നാല്‍ മോദിയുടെ 94 വയസുള്ള അമ്മ ക്യൂവിലെത്തിയാല്‍ അത് മാതൃക. മനു അഭിഷേക് സിംഗ്വി 54 ലക്ഷം രൂപ നികുതിയടച്ച് സ്വന്തം പണം വെളുപ്പിച്ചപ്പോള്‍ അത് കോണ്‍ഗ്രസ്സിന്റെ മൂടിവെച്ച കള്ളപ്പണം. ഗാസിയാബാദില്‍ ബി.ജെ.പി എം.എല്‍.എയുടെ കാറില്‍നിന്ന് കണ്ടെത്തിയ കോടികളുടെ നോട്ടുകള്‍ അയാളുടെ മാത്രം കുറ്റം.
രാജ്യത്ത് മൊത്തം പ്രചാരത്തിലുള്ള പണത്തിന്റെ 87 ശതമാനവും വരുന്ന 14 ലക്ഷം കോടിയില്‍പരം 500-ന്റെയും 1000-ത്തിന്റെയും നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തുന്നില്ലെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം എന്താണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുന്നത് നോട്ട് അസാധുവാക്കല്‍ തീരുമാനം നടപ്പിലാവുന്നതോടെ പരമാവധി 10 ലക്ഷം കോടിയേ ബാങ്കുകളില്‍ മടങ്ങിയെത്തൂ എന്നും ബാക്കിയുള്ളത് കള്ളപ്പണമാണെന്നുമാണ്. അപ്പോള്‍ ഇത്രയും നോട്ടുകള്‍ ഇത്രയും കാലം ഒപ്പിട്ടുകൊടുത്ത റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന് എന്തു സംഭവിക്കും? തിരിച്ചുവരാത്ത നോട്ടുകളും അവര്‍ തന്നെയാണല്ലോ പുറത്തിറക്കിയത്. ഈ കണക്കൊപ്പിക്കാന്‍ അത്രയും പണം പുതുതായി അടിച്ചുണ്ടാക്കുകയല്ലാതെ മറ്റൊരു പോംവഴിയും റിസര്‍വ് ബാങ്കിന് മുമ്പിലുണ്ടാകില്ല. പോലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകള്‍ പോലെയാണിത്. ചെറിയ സാങ്കേതികത്വത്തിന്റെ പേരില്‍ സാധാരണക്കാരുടെ പണം പെരുവഴിയാധാരമാകും. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ആളോഹരി പ്രതിശീര്‍ഷ വരുമാനം കുത്തനെ ഇടിയുകയും ചെയ്യും. സ്വാഭാവികമായും റിസര്‍വ് ബാങ്ക് കണക്കൊപ്പിക്കാന്‍ പുതുതായി അച്ചടിക്കുന്ന ഈ പണം കേന്ദ്ര സര്‍ക്കാറിന് നല്‍കും. അത് കറങ്ങിത്തിരിഞ്ഞ് ബാങ്കുകളില്‍ പുതിയ പണമായി എത്തിച്ചേരുകയും ചെയ്യും. രാജ്യത്തെ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി 125 ലക്ഷം കോടി നല്‍കുന്നില്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം അവതാളത്തിലാകാനിരിക്കെയാണ് പുതിയ തീരുമാനം വരുന്നത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് കൈയിലുണ്ടായിട്ടും പലതവണ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ കൂട്ടാക്കാത്ത മോദി സര്‍ക്കാര്‍ ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
പാകിസ്താനില്‍നിന്ന് അടിച്ചിറക്കുന്ന കള്ളനോട്ടുകള്‍ രാജ്യത്ത് വ്യാപകമാണെന്നും അവ പ്രചാരത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രത്തിന്റെ കൂടി ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നുമുള്ള സര്‍ക്കാറിന്റെ വാദവും പാതി മാത്രമാണ് സത്യം. കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ ഹോഷങ്കാബാദ് പ്രസില്‍നിന്നും അടിച്ചിറക്കിയ 1000-ത്തിന്റെ ചില സീരീസുകളില്‍ നോട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സാധാരണ ചേര്‍ക്കുന്ന വെള്ളിനൂല്‍ വിട്ടുപോയെന്ന് റിസര്‍വ് ബാങ്ക് തന്നെ സമ്മതിച്ചിരുന്നു. ഈ സീരീസിലുള്ള നോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ പിന്നീട് കള്ളപ്പണം വ്യാപകമായത്. എങ്കില്‍ ഈ തെറ്റ് റിസര്‍വ് ബാങ്കിന്റേതും സര്‍ക്കാറിന്റേതുമല്ലേ? ഇത്തരം സാഹചര്യങ്ങളില്‍ നിലവിലുള്ള നോട്ടുകള്‍ കഴിഞ്ഞ പത്തു മാസം കൊണ്ട് സമയബന്ധിതമായി പിന്‍വലിച്ചാല്‍ എങ്ങനെയാണ് കള്ളനോട്ടുകള്‍ ബാക്കിയുണ്ടാവുമായിരുന്നത്? മറുഭാഗത്ത് ഒരു രാജ്യത്തെ 87 ശതമാനം കറന്‍സിയും ഒറ്റയടിക്ക് ഇല്ലാതാക്കി 14 ശതമാനത്തിലേക്ക് സാമ്പത്തിക ഇടപാടുകളെ പരിമിതപ്പെടുത്തുമ്പോള്‍ അത് ഗ്രാമീണ, കാര്‍ഷിക, ചെറുകിട, വ്യാവസായിക മേഖലകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണ്? ധനികരുടെ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ ഒറ്റയടിക്ക് പണം നിറയണമെന്ന ചിന്താഗതിയിലൂന്നി എടുത്ത തീരുമാനം മാത്രമാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ജൂലൈയില്‍ 23000 കോടി ഈ ആവശ്യത്തിന് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയതുമാണ്. എന്നാല്‍ 6 ലക്ഷം കോടി കിട്ടാക്കടം ഇതേ മുതലാളിമാരുടെ പേരില്‍ ഇന്ത്യന്‍ ബാങ്കുകളിലുണ്ട്. അതെല്ലാം സ്വന്തം 'അന്നദാതാക്ക'ളുടെ കമ്പനികളായതുകൊണ്ട് കണ്ടില്ലെന്നു വെച്ച് ജനങ്ങളെ വിഡ്ഢികളാക്കാനായി മുട്ടാപ്പോക്ക് ന്യായങ്ങളുന്നയിക്കുകയല്ലേ മോദിക്കു വേണ്ടി കുഴലൂതുന്ന മാധ്യമങ്ങള്‍ ചെയ്യുന്നത്?
ഇന്ത്യയെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥ ആക്കുന്നതിന്റെ തുടക്കമാണ് ഇതെന്നാണ് മറ്റൊരു വാദം. അങ്ങനെയെങ്കില്‍ പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. അതില്‍ ഒന്നാമത്തേത് അത്തരമൊരു സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങുന്ന ഏതു രാജ്യവും ആദ്യം ചെയ്യുന്നത് വലിയ തരം കറന്‍സികള്‍ നിര്‍ത്തലാക്കുക എന്നതാണ്. എന്നാല്‍ 1000 പിന്‍വലിച്ച് 2000 പുറത്തിറക്കുകയാണ് ഇന്ത്യ ഇപ്പോള്‍ ചെയ്തത്. സ്വീഡനെ മാതൃകയാക്കി എടുത്താല്‍ അവിടെ വിമാന ടിക്കറ്റ് മുതല്‍ പള്ളി ഭണ്ഡാരത്തിലെ സംഭാവന വരെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലൂടെയാണ് നടക്കുന്നത്. സാധ്യമാണോ ഇന്നത്തെ ഇന്ത്യയില്‍ ഇത്തരമൊരു കാര്യം? മാതൃകയായിട്ടെങ്കിലും ഇന്ത്യയിലെ ഒരു നഗരത്തെ ഇങ്ങനെ കറന്‍സി രഹിതമാക്കി മാറ്റിയെടുക്കാന്‍ എത്രകാലം പരിശ്രമിക്കേണ്ടിവരും? ഉന്തുവണ്ടിക്കാരനും പാല്‍ക്കച്ചവടക്കാരനും പത്രവിതരണക്കാരനുമൊക്കെ കാര്‍ഡ് സൈ്വപ്പിംഗ് മെഷീനുമായി വരുന്ന, പിച്ചക്കാരന്‍ വരെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം പണം സ്വീകരിക്കുന്ന സമ്പ്രദായം ഇന്ത്യയില്‍ 50 ദിവസത്തിനകം വരുമെന്ന് സ്വപ്നം കാണുന്ന പ്രധാനമന്ത്രിയെ പറ്റി എന്താണ് പറയേത്! കള്ളപ്പണം ഇല്ലാതാകുമെന്ന് പറയുന്ന അദ്ദേഹത്തിന്റെ വാദം പോലും ശുദ്ധ അസംബന്ധം മാത്രമാണെന്നോര്‍ക്കുക.
വെള്ളപ്പണം കള്ളപ്പണമാവുകയും തിരിച്ചുമൊക്കെ സംഭവിക്കുന്ന എത്രയെങ്കിലും ജീവിത സാഹചര്യമുള്ള നാടാണ് ഇന്ത്യ. ജ്വല്ലറിയിലും റെസ്റ്റോറന്റിലും തുണിക്കടയിലും പെട്രോള്‍ പമ്പിലുമൊക്കെ നല്‍കുന്ന പണം കള്ളപ്പണമാണെങ്കിലും അത് കണക്കുകളില്‍ എവിടെയും കാണിക്കേണ്ടതില്ല. മറുഭാഗത്ത് നികുതി അടച്ച് സുരക്ഷിതമാക്കിയ വരുമാനത്തില്‍നിന്നും ഉദ്യോഗസ്ഥനായ മകന്‍ വൃദ്ധരായ മാതാപിതാക്കള്‍ക്ക് നല്‍കുന്ന പണം അവര്‍ ഉപയോഗിക്കാതെ സൂക്ഷിച്ചുവെച്ചു എന്നിരിക്കട്ടെ. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പണം അസാധുവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ഈ തുക കള്ളപ്പണത്തിന്റെ പട്ടികയിലേക്കാണ് വകയിരുത്തപ്പെടുന്നത്. ഇത്തരമൊരു പ്രയാസം കടം വാങ്ങുന്നവര്‍ക്കും കല്യാണത്തിനായി പണം സ്വരുക്കൂട്ടുന്നവര്‍ക്കുമൊക്കെ നേരിടാനിടയുണ്ട്. കള്ളപ്പണത്തിന്റെ മൂന്നു മുതല്‍ ആറു വരെ ശതമാനമേ പണമായി രാജ്യത്ത് സൂക്ഷിക്കപ്പെടുന്നുള്ളൂ എന്നാണ് കണക്കുകള്‍. ബാക്കി മുഴുവന്‍ ബിനാമി - വിദേശ അക്കൗണ്ടുകളോ ആഭരണങ്ങളോ ഭൂസ്വത്തോ ആയി മാറിയിട്ടുണ്ടാകും. കറന്‍സികള്‍ റദ്ദാക്കിയതിനു പിന്നാലെ ബാങ്കുകളിലെ സേഫ് ലോക്കറുകള്‍ കൂടി പരിശോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് കേള്‍വി. പക്ഷേ 60 ലക്ഷം കോടിയിലേറെ വരുന്ന ഇന്ത്യന്‍ കള്ളപ്പണം വിദേശ ബാങ്കുകളിലാണ് ഉള്ളതെന്ന് ബി.ജെ.പിയുടെ തന്നെ അന്വേഷണ കമീഷന്‍ 2011-ല്‍ കണ്ടെത്തിയ സ്ഥിതിക്ക് ഇപ്പോഴത്തെ നീക്കങ്ങളത്രയും തൊലിപ്പുറത്തെ ചികിത്സകള്‍ മാത്രമേ ആകുന്നുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സംഭാവന നല്‍കിയ എത്രയോ പ്രമുഖരുടെ പേരുകള്‍ ഈ പട്ടികയില്‍ ഉള്ളതുകൊണ്ടാണ് സുപ്രീംകോടതി എത്രയോ കുറി ആവശ്യപ്പെട്ടിട്ടും വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക നല്‍കാന്‍ മോദി സര്‍ക്കാറിന് ഇപ്പോഴും കഴിയാത്തത്. എന്നിട്ടും ഗിരിപ്രഭാഷണങ്ങള്‍ക്കും മുതലക്കണ്ണീരിനും ഒരു കുറവുമില്ലെന്നു മാത്രമല്ല, ഇത്രയും നിലവാരശൂന്യമായ അവസ്ഥയിലേക്ക് പ്രധാനമന്ത്രി പദവിയെ എത്തിച്ചിട്ടും മാധ്യമങ്ങള്‍ ക്രിയാത്മകമായ വിമര്‍ശനത്തിനു പോലും ഭയപ്പെടുകയും ചെയ്യുന്നു.
ഈ തീരുമാനം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ലക്ഷ്യമിട്ടാണെന്നും 'കള്ളപ്പണ വേട്ട'യുടെ മറവില്‍ മറ്റു പാര്‍ട്ടിക്കാരുടെ കള്ളപ്പണം ബി.ജെ.പിയിലേക്കെത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയ ആരോപണം. ബി.ജെ.പിയുടെ മിക്ക നേതാക്കള്‍ക്കും വിവരം ചോര്‍ന്നു കിട്ടിയിരുന്നെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന എത്രയോ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും പുറത്തുവന്നു. അലഹാബാദ് ബി.ജെ.പി നാഷ്‌നല്‍ എക്സിക്യൂട്ടീവില്‍ അമിത് ഷാ ഇക്കാര്യം പാര്‍ട്ടി ഘടകങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റ സംസ്ഥാന ഘടകവും ഓഫീസില്‍ കൂടിയ തുകകള്‍ സൂക്ഷിക്കരുതെന്നും അവ മറ്റു സ്വത്തുവകകകളാക്കി മാറ്റുകയോ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം നടത്തുകയോ വേണമെന്നും കാര്യം നേര്‍ക്കുനേരെ പറയാതെ അമിത് ഷാ നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഗുജറാത്തിലെ കിരിത് ഗനത്ര നടത്തുന്ന 'അകില' എന്ന പ്രാദേശിക പത്രം 500-ന്റെയും 1000-ത്തിന്റെയും കറന്‍സികള്‍ ഈ വര്‍ഷാവസാനത്തോടെ പിന്‍വലിക്കുമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. അത് ഏപ്രില്‍ ഫൂള്‍ വാര്‍ത്തയാണെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ ഈ പത്രത്തിന്റെ ശ്രമം. നവംബര്‍ 8-ന് ഉച്ചക്കു ശേഷം ബി.ജെ.പിയുടെ പശ്ചിമ ബംഗാള്‍ ഘടകം ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ ഈ തീരുമാനം പാര്‍ട്ടിക്ക് നേരത്തേ അറിയാമായിരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം.
എല്ലാം പോകട്ടെ, കള്ളപ്പണക്കാരെ പ്രധാനമന്ത്രി എങ്ങനെയാണ് ഈ തീരുമാനത്തിലൂടെ കെണിയിലകപ്പെടുത്തിയത്? ഒറ്റ കള്ളപ്പണക്കാരനും അറിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രിയും ഉര്‍ജിത് പട്ടേലും മാത്രമാണ് തീരുമാനം എടുത്തത് എന്നൊക്കെ വീമ്പിളക്കുമ്പോള്‍ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട മതിയായ കൂടിയാലോചനകള്‍ നടന്നില്ല, വെറും രാഷ്ട്രീയ തീരുമാനം മാത്രമാണുണ്ടായത് എന്നു കൂടിയല്ലേ അര്‍ഥം? അതിനായിരുന്നോ രഘുറാം രാജനെ മാറ്റി ഈ റിലയന്‍സ് ഉപദേശകനെ കുടിയിരുത്തിയത്? സാധാരണക്കാരന്റെ വയറ്റത്തടിച്ചു മാത്രമേ ബാങ്കുകളുടെ പണപ്പെട്ടി നിറക്കാനാവൂ എന്നാണോ ഈ രണ്ടു മഹാന്മാര്‍ ചേര്‍ന്നു കണ്ടെത്തിയ ആ യമണ്ടന്‍ ആശയം? 732781 കോടി രൂപയാണ് ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം. 2 ലക്ഷം കോടിയാണ് വിവിധ ബാങ്കുകള്‍ നിക്ഷേപം നടത്തിയ വരുമാനരഹിതമായ ആസ്തികള്‍. ഇതൊക്കെയാണ് ഇനിയും തിരിച്ചുകിട്ടാനുള്ള ആ കോടികളില്‍ ചിലത്; ഉഷ (8619), ലോയ്ഡ്സ് (6724), ഹിന്ദുസ്താന്‍ കേബിള്‍സ് (2439), ഹിന്ദുസ് ഹിന്ദുസ്താന്‍ ഫോട്ടോ ഫിലിംസ് (1781), പ്രകാശ് ഇന്റസ്ട്രീസ് (2171), മാളവിക സ്റ്റീല്‍ (2490). ഇതില്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ പങ്ക് എത്രയാണ്? 9000 കോടിയുടെ ബാധ്യതയുമായി ഇന്ത്യയില്‍നിന്ന് ലണ്ടനിലേക്ക് വിമാനം കയറി രക്ഷപ്പെടുന്നതിനു മുമ്പേ വിജയ് മല്യ എന്ന ബി.ജെ.പി പാര്‍ലമെന്റംഗം ആരുമായാണ് അവസാനമായി കൂടിക്കാഴ്ച നടത്തിയത്? രാജ്യത്തിന്റെ ധനകാര്യമന്ത്രിയുടെ ഒത്താശയോടെയാണോ അങ്ങോര്‍ ഇന്ത്യ വിട്ടത്? നോട്ട് അസാധുവാക്കല്‍ തീരുമാനം റിലയന്‍സിനെ പോലുള്ളവര്‍ നേരത്തേ അറിഞ്ഞതുകൊണ്ടാണോ ജിയോ 4ജിയുടെ ആദ്യഘട്ട നിക്ഷേപം എന്ന നിലയില്‍ കമ്പനി 1,50,000 കോടി മുതല്‍മുടക്കിയത്? എല്ലാറ്റിനുമൊടുവില്‍ പ്രധാനമന്ത്രി മോദിക്കു വേണ്ടി അദാനിയും അംബാനിയും ചെലവാക്കിയ കള്ളപ്പണത്തിന്റെ തെളിവ് രാഷ്ട്രപതിയുടെ മുമ്പാകെ ഹാജരാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. ഒരു മാനനഷ്ട കേസെങ്കിലും കൊടുത്തുകൂടേ മോദിക്ക്?
ഏറ്റവുമൊടുവില്‍ പുറത്തുവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രഹസ്യ തീരുമാനമനുസരിച്ച് ഈ കുടിശ്ശികകളില്‍ വിജയ് മല്യയുടേതടക്കം നല്ലൊരു പങ്ക് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരിക്കുന്നു. ഖജനാവിന്റെ 7000 കോടി രൂപയാണ് ഇങ്ങനെ ഉപേക്ഷിക്കുന്നത്. അതിനര്‍ഥം രേഖകളില്‍ അത്രയും കള്ളപ്പണം കൂടി ഇതേ കമ്പനികള്‍ വെളുപ്പിച്ചെടുക്കും എന്നു കൂടിയല്ലേ? അങ്ങനെയെങ്കില്‍ സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം പോലും ഈ നീക്കവുമായി കൂട്ടിവായിക്കുന്നതില്‍ തെറ്റു പറയാനാകുമോ? പാപ്പരായി എന്നു പറയുന്ന വിജയ് മല്യക്കു പോലും ഇന്ത്യയിലുള്ള കടത്തിന്റെ പലമടങ്ങ് ലണ്ടനില്‍ നിക്ഷേപവും സ്വത്തുവകകളും ഇപ്പോഴുമുണ്ട്. അയാളെയും അത്തരം കുലാക്കുകളെയുമല്ലല്ലോ പ്രധാനമന്ത്രി ക്യൂവില്‍ നിര്‍ത്തിയത്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും പരമദയനീയമായാണ് ഇന്ത്യന്‍ മധ്യവര്‍ഗം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ചെയ്തത് അതിമഹത്തായ കാര്യമാണെന്ന് ടി.വി ക്യാമറകള്‍ക്കു മുമ്പില്‍നിന്ന് അഭിപ്രായം താങ്ങുന്നവരുടെ എത്രയെങ്കിലും ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലുണ്ട്. രാജ്യത്തിനു വേണ്ടി അതിര്‍ത്തിയിലെ പട്ടാളക്കാരന്‍ സഹിക്കുന്ന ത്യാഗത്തെ അങ്ങാടിയിലെ പട്ടിണിക്കാരന്‍ നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നതുമായി തുലനം ചെയ്ത് വിജൃംഭിതരാവുകയാണ് ബി.ജെ.പിയുടെ ഭക്തജനങ്ങള്‍. മറുഭാഗത്ത് ഒരു പ്രധാനമന്ത്രിയെ പൊതുജനം ഇതുപോലെ തെരുവില്‍ തെറിവിളിക്കുന്ന മറ്റൊരവസരവും ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇതെഴുതുന്ന ദിവസം വരെ 26 പേരാണ് വിവിധ നഗരങ്ങളില്‍ ഈ തീരുമാനത്തിന്റെ ഇരകളായി ജീവനൊടുക്കുകയോ മരിച്ചുവീഴുകയോ ചെയ്തത്. രാജ്യം ഏതവസ്ഥയില്‍ എത്തിപ്പെടുമെന്ന് ഊഹിക്കാന്‍ പോലുമാവാത്ത സാഹചര്യമാണ് ഗ്രാമങ്ങളില്‍ രൂപം കൊള്ളുന്നത്. ഇന്ത്യയുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളെ അത് എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കുക അസാധ്യം. സാമ്പത്തിക അടിയന്തരാവസ്ഥ എന്നു പറയുമ്പോള്‍ തന്നെ മറുവശത്ത് എല്ലാ അര്‍ഥത്തിലുമുള്ള അടിയന്തരാവസ്ഥയായാണ് അത് മാറുന്നത്.
പൂനെയിലെയോ മറ്റോ ഏതോ ഒരു സംഘ് ബുദ്ധിജീവി പ്രധാനമന്ത്രിക്ക് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള കറന്‍സി അസാധുവാക്കാനുള്ള തീരുമാനമുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകളില്‍ കാണാനുള്ളത്. ഈ വാര്‍ത്ത തെറ്റായാലും ശരിയായാലും ജനജീവിതത്തെ കുറിച്ച അടിസ്ഥാന പാഠങ്ങളില്‍ ഒന്നുപോലും കണക്കിലെടുക്കാതെയാണ് ഈ തീരുമാനം രായ്ക്കുരാമാനം പ്രഖ്യാപിക്കുന്നത്. കള്ളപ്പണത്തെ കുറിച്ച് കള്ളവായന നടത്തുന്ന ഒരു സര്‍ക്കാര്‍ രാജ്യത്തെ മധ്യവര്‍ഗസമൂഹത്തെ ഒറ്റയടിക്കാണ് ദരിദ്രരുടെ പട്ടികയിലേക്ക് തള്ളിയിടുന്നത്. ഗോര്‍ബച്ചേവ് റൂബിള്‍ അസാധുവാക്കി ഇതേ പരിഷ്‌കാരം റഷ്യയില്‍ നടപ്പാക്കിയപ്പോള്‍ മൂന്നിരട്ടിയായിരുന്നു അന്നാട്ടില്‍ മൂന്നു മാസം കൊണ്ടുണ്ടായ വിലവര്‍ധന. ഇന്ത്യ പോകുന്നത് അങ്ങോട്ടല്ലെന്ന് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധി അനുവദിക്കാത്തതില്‍ മാപ്പ്.
Comments