Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

മനുഷ്യനോടുള്ള ബാധ്യതകള്‍ മതത്തിന്റെ നന്മയാണ്

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്‌ലാമില്‍ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം പോലെത്തന്നെ പ്രധാനമാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. രണ്ടു ബന്ധവും എവ്വിധമായിരിക്കണമെന്ന് ഇസ്‌ലാം വ്യക്തമായി പഠിപ്പിക്കുന്നു. രണ്ടിലും മനുഷ്യനുള്ള ബാധ്യതകള്‍ വിശദീകരിക്കുന്നു. അവയുടെ ലംഘനം കൊടിയ കുറ്റമാണ്; കടുത്ത ശിക്ഷക്കു കാരണവും. 

അല്ലാഹു തന്നിലുള്ള വിശ്വാസത്തോളം പ്രാധാന്യം മനുഷ്യന് ഉപകാരം ചെയ്യുന്നതിന് കല്‍പിച്ചതായി കാണാം. അറുപതോ എണ്‍പതോ കൊല്ലം ജീവിച്ച ഒരാള്‍ പരലോകത്ത് വിചാരണക്ക് വിധേയമാക്കപ്പെട്ട്, കുറ്റവാളിയാണെന്ന് വിധിയെഴുതപ്പെട്ട് ശിക്ഷ വിധിക്കപ്പെടുമ്പോള്‍ അയാളുടെ തെറ്റുകുറ്റങ്ങള്‍ രണ്ടായി സംഗ്രഹിച്ചാല്‍ ഒന്ന് അല്ലാഹുവില്‍ വിശ്വസിക്കാത്തതാണെങ്കില്‍ രണ്ടാമത്തേത് അഗതിക്ക് അയാളുടെ അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തതാണെന്ന ഖുര്‍ആന്റെ പ്രസ്താവം പരമ്പരാഗത മതധാരണയെ അട്ടിമറിക്കുന്നു. മതേതര ഭൗതിക വാദികളെ പോലും വിസ്മയിപ്പിക്കുന്നു. 

''കര്‍മ പുസ്തകം ഇടതു കൈയില്‍ കിട്ടുന്നവന്‍ പറയുന്നു; കഷ്ടം! എനിക്കെന്റെ കര്‍മരേഖ കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിയാതിരുന്നെങ്കില്‍! മരണത്തോടെ എല്ലാം കഴിഞ്ഞിരുന്നെങ്കില്‍! എന്റെ ധനം ഇന്ന് എനിക്ക് ഒട്ടും ഉപകരിച്ചില്ല. എന്റെ അധികാരമൊക്കെയും നശിച്ചുപോയി. അപ്പോള്‍ അല്ലാഹുവിന്റെ ശാസനയുണ്ടാകും; അവനെ പിടിക്കൂ. കഴുത്തില്‍ ചങ്ങലയിടൂ. എന്നിട്ട് നരകത്തിലെറിയൂ. പിന്നെ എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതിയുടെ ആഹാരം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുഭാവമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളുടെ ദുഷ്ടുകളല്ലാതെ അവന്ന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭക്ഷിക്കുകയുള്ളൂ'' (അല്‍ ഹാഖ 25-37). 

ഇപ്രകാരം തന്നെ പരലോക വിചാരണാനന്തരമുള്ള ശിക്ഷയുടെ കാരണങ്ങളില്‍ അല്ലാഹു തനിക്കുള്ള ആരാധനക്കും തന്റെ ദാസനായ അഗതിക്കുള്ള അന്നദാനത്തിനും തുല്യസ്ഥാനമാണ് കല്‍പ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: 'ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് പണയപ്പെട്ടിരിക്കുന്നു. വലതുപക്ഷമൊഴികെ. അവര്‍ സ്വര്‍ഗാവകാശികളത്രെ. അവര്‍ കുറ്റവാളികളോട് ചോദിക്കും: 'നിങ്ങള്‍ നരകത്തില്‍ പ്രവേശിക്കാന്‍ കാരണമെന്ത്?' അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുന്നവരായിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കിയിരുന്നില്ല. ദുര്‍വൃത്തികളില്‍ മുഴുകുന്നവരോടൊപ്പം ഞങ്ങളും മുഴുകാറുായിരുന്നു. വിധിദിനത്തെ നിഷേധിക്കുന്നവരായിരുന്നു ഞങ്ങള്‍. അങ്ങനെ ആ അനിഷേധ്യ യാഥാര്‍ഥ്യം ഞങ്ങള്‍ നേരിട്ടനുഭവിച്ചു'' (അല്‍ മുദ്ദസ്സിര്‍ 38-47). 

മനുഷ്യരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരുടെ ആരാധനകളൊക്കെയും പാഴ്‌വേലകളായി പരിണമിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. നബി (സ) തന്റെ അനുചരന്മാരോട് ചോദിച്ചു: 'പാപ്പരായവന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ക്കിടയിലെ പാപ്പരായവന്‍ ദീനാറും ദിര്‍ഹമും ജീവിത വിഭവങ്ങളുമില്ലാത്തവനാണ്.' അപ്പോള്‍ അവിടുന്ന് അറിയിച്ചു: 'എന്റെ സമുദായത്തിലെ പാപ്പരായവന്‍ അന്ത്യദിനത്തില്‍ താന്‍ നിര്‍വഹിച്ച നമസ്‌കാരവും നോമ്പും സകാത്തുമായി വരുന്നവനാണ്. പക്ഷേ അയാള്‍ ഒരാളെ ചീത്ത പറഞ്ഞിരിക്കുന്നു. വേറൊരാളുടെ ധനം അപഹരിച്ചിരിക്കുന്നു. മറ്റൊരാള്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ചിരിക്കുന്നു. ഇനിയുമൊരുത്തന്റെ രക്തം ചിന്തിയിരിക്കുന്നു. വേറൊരുത്തനെ അടിച്ചിരിക്കുന്നു. അതിനാല്‍ അയാളുടെ നന്മകള്‍ അവര്‍ക്ക് നല്‍കപ്പെടുന്നു. പക്ഷേ, ബാധ്യതകള്‍ കൊടുത്തു തീരും മുമ്പേ അയാളുടെ നന്മകള്‍ തീര്‍ന്നുപോകുന്നു. അപ്പോള്‍ അവരുടെ പാപങ്ങള്‍ അയാളിലര്‍പ്പിക്കപ്പെടും. അങ്ങനെ അയാള്‍ നരകത്തിലെറിയപ്പെടുന്നു'' (മുസ്‌ലിം). 

മനുഷ്യരോടുള്ള ബാധ്യതകളില്‍ വീഴ്ച വരുത്തുന്നത് തന്നോടുള്ള ബാധ്യതകളുടെ ലംഘനമായും അവരോടുള്ള അവകാശനിഷേധം തന്നോടുള്ള അവകാശനിഷേധവുമായാണ് അല്ലാഹു പരിഗണിക്കുക. പ്രവാചകന്‍ (സ) പറയുന്നു: 'അന്ത്യദിനത്തില്‍ അല്ലാഹു അറിയിക്കും: 'ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്ന സന്ദര്‍ശിച്ചില്ല.' അപ്പോള്‍ മനുഷ്യന്‍ ചോദിക്കും: 'എന്റെ നാഥാ, ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ?' അന്നേരം അല്ലാഹു പറയും: 'എന്റെ ഇന്ന അടിമ രോഗിയായത് നീ അറിഞ്ഞിരുന്നില്ലേ?  എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുത്ത് നീയെന്നെ കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞുകൂടേ?' 'ഹേ മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ നീയെനിക്ക് ഭക്ഷണം തന്നില്ല.' മനുഷ്യന്‍ പറയും: 'എന്റെ നാഥാ, നീ ലോകരക്ഷിതാവല്ലോ. ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും?' അല്ലാഹു പറയും: 'എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയില്ലേ? എന്നിട്ട് നീ അവന് ആഹാരം കൊടുത്തില്ല. നീ അവന് ആഹാരം നല്‍കിയിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്ക് അറിഞ്ഞുകൂടേ?' 'മനുഷ്യാ, ഞാന്‍ നിന്നോട് കുടിനീരാവശ്യപ്പെട്ടു. നീ എനിക്ക് വെള്ളം തന്നില്ല.' മനുഷ്യന്‍ പറയും: 'എന്റെ നാഥാ നീ സര്‍വലോക രക്ഷിതാവ്. ഞാന്‍ എങ്ങനെ നിനക്ക് വെള്ളം തരും?' അല്ലാഹു പറയും: 'എന്റെ ഇന്ന അടിമ നിന്നോട് വെള്ളം ചോദിച്ചു: നീ അവനത് കൊടുത്തില്ല. നീ കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുത്ത് കാണുമായിരുന്നുവെന്ന് നിനക്കറിഞ്ഞുകൂടേ?' (ബുഖാരി). 

അന്യരുടെ അവകാശങ്ങള്‍ കവര്‍ന്ന് നിഷിദ്ധം തിന്നുകയും കുടിക്കുകയും ധരിക്കുകയും ചെയ്യുന്നവരുടെ പ്രാര്‍ഥനയുള്‍പ്പെടെയുള്ള ആരാധനകള്‍ സ്വീകരിക്കപ്പെടുകയില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

തനിക്കുള്ള ആരാധനയേക്കാള്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് ഗുണം കിട്ടുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്‍പിച്ചതായി കാണാം. പ്രവാചകനിയോഗ കാലത്ത് നിലവിലുണ്ടായിരുന്ന വിവാഹ മോചന രീതികളിലൊന്നായ ളിഹാര്‍ ചെയ്താല്‍ പിന്നീട് അതില്‍നിന്ന് പിന്മാറുകയാണെങ്കില്‍ ഭാര്യാ-ഭര്‍തൃബന്ധം നടക്കുന്നതിനു മുമ്പ് പ്രായശ്ചിത്തം നല്‍കല്‍ നിര്‍ബന്ധമാണ്. ഇവിടെ ഇസ്‌ലാം ഇതിന് നിശ്ചയിച്ച് പ്രായശ്ചിത്തം ഒരടിമയെ മോചിപ്പിക്കലാണ്. സാധ്യമല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടു മാസത്തെ നോമ്പ്. അതിനും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്കുള്ള അന്നദാനം. ഇവിടെ രണ്ടാമത്തേത് അല്ലാഹുവിനുള്ള ആരാധനയാണങ്കില്‍ ഒന്നാമത്തേതും മൂന്നാമത്തേതും അവന്റെ സൃഷ്ടികള്‍ക്ക് ഐഹിക ജീവിതത്തില്‍തന്നെ ഏറെ ഗുണം ചെയ്യുന്നതത്രെ. അബദ്ധത്തില്‍ ഒരു വിശ്വാസി വധിക്കപ്പെട്ടാല്‍ അതിനുള്ള പ്രായശ്ചിത്തവും ഇതുതന്നെ. റമദാന്റെ പകല്‍ ഭാര്യാ-ഭര്‍തൃബന്ധം നടന്നാലുള്ള പരിഹാരവും മറ്റൊന്നല്ല. (58:3,4; 4:92). ശപഥലംഘനത്തിനുള്ള പ്രായശ്ചിത്തത്തിലെ ക്രമം കുറേ കൂടി ശ്രദ്ധേയമത്രെ. പത്ത് അഗതികള്‍ക്കുള്ള അന്നദിനം; അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കല്‍, അതുമല്ലെങ്കില്‍ ഒരടിമയുടെ മോചനം. അതിനും സാധ്യമല്ലെങ്കില്‍ മൂന്നു നാളത്തെ നോമ്പ് (5:89). ഇവിടെ ഒന്നും രണ്ടും മൂന്നും ഓപ്ഷന്‍ മനുഷ്യര്‍ക്ക് ഗുണം ലഭിക്കുന്നവയാണ്. അതൊന്നും സാധ്യമല്ലെങ്കിലാണ് അല്ലാഹുവിനുള്ള ആരാധനയായ നോമ്പ്. 

എത്രയായിരങ്ങള്‍ക്ക് നേതൃത്വം നല്‍കി നമസ്‌കാരം നിര്‍വഹിക്കുമ്പോഴും ഒരു കുട്ടി നിര്‍ത്താതെ കരയുകയാണെങ്കില്‍ ആ കുട്ടിയുടെ മാതാവിന് പ്രയാസമുണ്ടാകാതിരിക്കാന്‍ നമസ്‌കാരം ലഘൂകരിക്കണമെന്ന പ്രവാചക നിര്‍ദേശം ഇസ്‌ലാം മനുഷ്യ നന്മക്ക് കല്‍പ്പിക്കുന്ന പ്രാധാന്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. 

 

ഖുര്‍ആനിക സമീപനം 

ഇസ്‌ലാമിനെ ഒരു കെട്ടിടത്തോടുപമിച്ചാല്‍ അതിന്റെ അടിത്തറ വിശ്വാസമാണ്. ചുമര് അല്ലെങ്കില്‍ സ്തംഭം ആരാധനാകര്‍മങ്ങളാണ്. മേല്‍പ്പുര വൈയക്തിക, കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ വ്യവസ്ഥയും. അടിത്തറയില്ലാതെ ചുമരും മേല്‍പ്പുരയും നിലനില്‍ക്കുകയില്ല. അടിത്തറയും ചുമരുമില്ലാതെ മേല്‍പ്പുര നിലനില്‍ക്കില്ല. മേല്‍പ്പുരയില്ലെങ്കില്‍ അടിത്തറ കൊണ്ടും ചുമരുകൊണ്ടും പ്രയോജനമില്ല. അവ ഭദ്രമായി നിലനില്‍ക്കുകയുമില്ല. ഇത് മൂന്നിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. പരസ്പരബന്ധവും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ഇവയെ ഇടകലര്‍ത്തി പരാമര്‍ശിക്കുകയും വിശകലനം നടത്തുകയും ചെയ്തതായി കാണാം. 

ഭൂമിയില്‍ മനുഷ്യന് ഏറ്റം പ്രയാസകരവും അതോടൊപ്പം ഏവരും താണ്ടിക്കടക്കേണ്ടതുമായ മലമ്പാത എന്തെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'മലമ്പാത എന്തെന്ന് നിനക്ക് എന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടുംവറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക് അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണ് പുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്. അവര്‍ തന്നെയാണ് വലതു പക്ഷക്കാര്‍'' (90:12-18). 

നന്മ എന്തെന്ന് ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു: 'നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖം തിരിക്കുന്നതല്ല പുണ്യം. പിന്നെയോ അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക, സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക, കരാറുകളിലേര്‍പ്പെട്ടാല്‍ അവ പാലിക്കുക, പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളകളിലും ക്ഷമ പാലിക്കുക, ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍തന്നെ.'' (2:177). 

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ സവിശേഷതകള്‍ വിശദീകരിക്കുന്ന ഖുര്‍ആന്‍ അതില്‍ നടത്തത്തിലെ മര്യാദ, അവിവേകികളുടെ വാദകോലാഹലത്തോട് സ്വീകരിക്കേണ്ട സമീപനം, രാത്രിയിലെ സാഷ്ടാംഗം പ്രണമിച്ചും നിന്നുമുള്ള നമസ്‌കാരം, വിശ്വാസികളുടെ പ്രാര്‍ഥന, സമ്പത്ത് ചെലവഴിക്കുമ്പോള്‍ പുലര്‍ത്തേണ്ട മിതത്വം, ബഹുദൈവാരാധന വര്‍ജിക്കല്‍, അന്യായമായ കൊലകള്‍ തടയല്‍, വ്യഭിചാര നിരോധം, കള്ളസാക്ഷ്യം ഉപേക്ഷിക്കല്‍, അനാവശ്യ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട്, ദൈവിക ഉദ്‌ബോധനത്തോടു സ്വീകരിക്കേണ്ട മര്യാദ, കുടുംബിനിയില്‍നിന്നും കുട്ടികളില്‍നിന്നും ലഭിക്കേ പ്രാര്‍ഥന, ഭക്തി പുലര്‍ത്തുന്നവര്‍ക്ക് മാതൃകയാകാനുള്ള പ്രാര്‍ഥന തുടങ്ങിയവയെല്ലാം അവയിലുള്‍പ്പെടുത്തിയിരിക്കുന്നു (25:63-74). 

സത്യവിശ്വാസികളുടെ സവിശേഷതകള്‍ വിവരിക്കവെ നമസ്‌കാരത്തിലെ ഭക്തിയെയും അനാവശ്യങ്ങളില്‍നിന്ന് അകന്നുനില്‍ക്കലിനെയും സകാത്ത്  നല്‍കലിനെയും സദാചാര വിശുദ്ധിയെയും ബാധ്യതകളും കരാറുകളും പൂര്‍ത്തീകരിക്കലിനെയും ഇടകലര്‍ത്തിയാണ് ചേര്‍ത്തുവെച്ചിരിക്കുന്നത് (23:1-11). 

വിശ്വാസം, മാതാപിതാക്കളോടുള്ള സമീപനം, അടുത്ത ബന്ധുക്കള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമുള്ള അവകാശം നല്‍കല്‍, ധൂര്‍ത്ത് കര്‍ക്കശമായി തടയല്‍, പിശുക്കിനും ദുര്‍വ്യയത്തിനുമിടയിലെ മിതത്വം, ശിശുഹത്യക്കെതിരായ താക്കീത്, വ്യഭിചാരനിരോധം, അന്യായമായ വധത്തിനെതിരായ നിയമം, അനാഥയുടെ സ്വത്തിനോട് പുലര്‍ത്തേണ്ട സൂക്ഷ്മത, കരാര്‍ പാലനം, സാമ്പത്തിക ഇടപാടുകളിലെ സത്യസന്ധത, പരലോക വിചാരണയെ സംബന്ധിച്ച ഉണര്‍ത്തല്‍, നടത്തത്തിലെ പൊങ്ങച്ചത്തിനെതിരിലുള്ള താക്കീതും പരിഹാസവും, ഇവയൊക്കെയും അതിമനോഹരമായി ഖുര്‍ആനില്‍ ചേര്‍ത്തുവെക്കപ്പെട്ടിരിക്കുന്നു (17:2239). 

ഖുര്‍ആനിലുടനീളം സ്വീകരിക്കപ്പെട്ട സമീപനം ഇവ്വിധം തന്നെ. അതോടൊപ്പം അവതരണക്രമം പരിശോധിച്ചാല്‍ വിശ്വാസം ഊന്നിപ്പറഞ്ഞതിനോട് ചേര്‍ത്ത് വ്യവസ്ഥാപിതമായ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാക്കപ്പെടുന്നതിന് മുമ്പേ അനാഥകളോടും അഗതികളോടു അടിയാളരോടുമുള്ള സമീപനം, മാതാപിതാക്കളോടുള്ള മര്യാദ, സാമൂഹിക മര്യാദകള്‍, സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട സൂക്ഷ്മത, സദാചാര വിശുദ്ധി പുലര്‍ത്താനുള്ള ശാസന, നടത്തത്തിലെ മര്യാദ പോലുള്ള വൈയക്തിക, കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക കാര്യങ്ങളിലെ നിയമനിര്‍ദേശങ്ങളും ഉദ്‌ബോധനങ്ങളും താക്കീതുകളുമൊക്കെയാണ് ഊന്നിപ്പറഞ്ഞതെന്നു കാണാം (107: 17, 104: 13, 90: 1118, 83:16, 80:116, 31:14, 13:1819). 

അനാഥയെ ആട്ടിയകറ്റലും അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാതിരിക്കലും മതനിഷേധമായി പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ ഉപര്യുക്ത കല്‍പനകളും നിര്‍ദേശങ്ങളും നിരാകരിക്കുന്നതും നിഷേധിക്കുന്നതും നരകശിക്ഷക്ക് കാരണമായിത്തീരുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു, വിശ്വാസനിരാസവും ആരാധനാകര്‍മങ്ങളുപേക്ഷിക്കലും നരകശിക്ഷക്ക് നിമിത്തമാകുന്നതുപോലെത്തന്നെ. 

 

ഭൂമിയിലെ ദൈവിക ശിക്ഷ 

ഭൂമിയില്‍ മനുഷ്യന് ഇഷ്ടമുള്ള വിശ്വാസവും ആരാധനയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിരിക്കെ ആരെങ്കിലും ദൈവനിഷേധിയോ ബഹുദൈവ വിശ്വാസിയോ ആയതിന്റെ പേരില്‍ അല്ലാഹു ഇവിടെ വെച്ച് സമൂലം നശിപ്പിക്കുകയില്ല. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 'നാട്ടുകാര്‍ നന്മ ചെയ്യുന്നവരായിരിക്കെ അല്ലാഹു ബഹുദൈവത്വം (ളുല്‍മ്) കാരണം ആ നാടുകളെ നശിപ്പിക്കുകയില്ല'' (11:117). ഇവിടെ അക്രമമായി ആ നാടുകളെ ശിക്ഷിക്കുകയില്ല എന്നും അര്‍ഥം നല്‍കാവുന്നതാണ്. രണ്ടായാലും താല്‍പര്യം ഒന്നുതന്നെ. 

നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് (അ) പോലുള്ള പ്രവാചകന്മാരുടെ ജനത ഭൂമിയില്‍ വെച്ച് അല്ലാഹുവിന്റെ ശാപ-കോപങ്ങള്‍ക്കിരയായി സമൂലം നശിപ്പിക്കപ്പെട്ടത് അവര്‍ ബഹുദൈവ വിശ്വാസികളോ ബഹുദൈവാരാധകരോ ആയതിന്റെ പേരിലല്ല; മറിച്ച് സാമൂഹിക തിന്മകളുടെയും സാമ്പത്തിക കുറ്റങ്ങളുടെയും സാംസ്‌കാരിക ജീര്‍ണതകളുടെയും പേരിലാണ്. 

ഉപര്യുക്ത ഖുര്‍ആന്‍ സൂക്തം വിശദീകരിച്ചുകൊണ്ട് ഇമാം ഫഖ്‌റുദ്ദീന്‍ റാസി എഴുതുന്നു: 'പരസ്പരമുള്ള ഇടപാടുകളുടെ കാര്യത്തില്‍ നന്മ പുലര്‍ത്തുന്നവരാണെങ്കില്‍ മുശ്‌രിക്കുകളാണെന്ന കാരണത്താല്‍ ഒരു പ്രദേശത്തുകാരെയും അല്ലാഹു ശിക്ഷിക്കുകയില്ല. ഒരു ജനത സത്യനിഷേധത്തിന്റെയും ബഹുദൈവത്വത്തിന്റെയും ആളുകളായതിന്റെ പേരില്‍ അല്ലാഹു അവരെ സമൂലം നശിപ്പിക്കുകയില്ല. മറിച്ച് അവര്‍ ഇടപാടുകളില്‍ കൊള്ളരുതാത്തവരും അക്രമത്തിലും ദ്രോഹത്തിലും ഏര്‍പ്പെട്ടവരുമാണെങ്കിലാണ് അവര്‍ ശിക്ഷക്ക് അര്‍ഹരാവുക. അതിനാലാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞത്, അല്ലാഹുവിന്റെ അവകാശങ്ങള്‍ക്ക് വിശാലതയും ഉദാരതയുമുണ്ട്. അടിമകളുടെ അവകാശത്തിലാണ് ഇടുക്കവും ലുബ്ധുമുള്ളത്. കാഫിറായ ഭരണാധികാരി നിലനില്‍ക്കുമെന്നും എന്നാല്‍ അക്രമിയായ ഭരണാധികാരി നിലനില്‍ക്കില്ലെന്നും പറയുന്നതും അതിനാലാണ്. ഇതാണ് അഹ്‌ലുസ്സുന്നത്തിന്റെ വ്യാഖ്യാനം. ഇതിനുള്ള തെളിവ് നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് (അ) എന്നിവരുടെ ജനതയുടെ അനുഭവമാണ്. അവര്‍ക്കെല്ലാം, അല്ലാഹു തന്നെ വിശദീകരിച്ച പോലെ, ശിക്ഷ വന്നുഭവിച്ചത് സൃഷ്ടികളോടുള്ള അക്രമത്തിന്റെയും ജനങ്ങളോടുള്ള അനീതിയുടെയും പേരിലാണ്.'' 

ഖുര്‍ത്വുബിയില്‍നിന്ന്: 'ശിര്‍ക്ക് (ബഹുദൈവത്വം), കുഫ്‌റ് (സത്യനിഷേധം) എന്നിവ കാരണം ഒരു ജനതയെ അല്ലാഹു ശിക്ഷിക്കുകയില്ല. അവര്‍ പരസ്പരമുള്ള അവകാശ ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരെങ്കില്‍. ശുഐബിന്റെ ജനതയെ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതിനും ലൂത്വ് നബിയുടെ ജനതയെ സ്വവര്‍ഗ രതിയുടെ പേരിലും ശിക്ഷിച്ച പോലെ നാശമുണ്ടാക്കുന്നവരെയാണ് അല്ലാഹു ശിക്ഷിക്കുക. ഭൂമിയിലെ സമൂല നാശത്തിനു കാരണം ശിര്‍ക്കിനേക്കാള്‍ കുറ്റകൃത്യങ്ങളാണെന്ന് ഇത് തെളിയിക്കുന്നു. പരലോകത്ത് ശിര്‍ക്കിന്റെ ശിക്ഷ കൂടുതല്‍ കഠിനമാണെങ്കിലും.'' 

ഫത്ഹുല്‍ ഖദീര്‍ നല്‍കുന്ന വ്യാഖ്യാനവും ഇതുതന്നെ. കേവലം ശിര്‍ക്ക് കൊണ്ട് ഒരു ജനതയെയും ശിക്ഷിക്കുകയില്ലെന്നും ഭൂമിയില്‍ കുഴപ്പം കൂടി ഉണ്ടാകുമ്പോഴാണ് അത് സംഭവിക്കുകയെന്നും വ്യക്തമാക്കിയ ശേഷം ശുഐബ് നബിയുടെ ജനതയെ അളവിലും തൂക്കത്തിലും കുറവ് വരുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തതിന്റെ പേരിലും ലൂത്വ് നബിയുടെ ജനതയെ അവരുടെ വഷളത്തത്തിന്റെയും വൃത്തികേടിന്റെയും പേരിലും ശിക്ഷിച്ച സംഭവം തെളിവായി ചേര്‍ക്കുന്നു. 

അനീതിയാണ് ദൈവശിക്ഷയിലൂടെ സമൂഹങ്ങളുടെ നാശത്തിന് നിമിത്തമാവുകയെന്ന് ഇത് വ്യക്തമാക്കുന്നു. തഫ്‌സീറുല്‍ മുനീര്‍, ശഅ്‌റാവി, ബഗ്‌വി പോലുള്ളവയിലും ഇതേ വിശദീകരണം കാണാം. 

അല്ലാഹുവോടുള്ള ബാധ്യതാനിര്‍വഹണത്തിലെ വീഴ്ച പരലോകത്തിലെ കഠിന ശിക്ഷക്ക് കാരണമാകുമ്പോള്‍ മനുഷ്യരോട് ചെയ്യുന്ന അനീതി ഇരുലോകശിക്ഷകള്‍ക്കും കാരണമായിത്തീരുന്നു. 

സമഗ്ര ഇസ്‌ലാമിന്റെ സന്തുലിതമായ സ്വീകാര്യവും  പ്രതിനിധാനവും എത്രമാത്രം പ്രധാനവും അനിവാര്യവുമാണെന്ന് ഇതൊക്കെയും വ്യക്തമാക്കുന്നു. 


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍