ഒരു അന്തര്‍മുഖന്റെ മൗനനൊമ്പരങ്ങള്‍
അയാള്‍ പറഞ്ഞുതുടങ്ങി: 'ഞാന്‍ വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയെ നേരിട്ട് കാണാന്‍ സമയം നിശ്ചയിച്ചിരിക്കുന്നത് അടുത്തയാഴ്ചയാണ്. ഞാനാണെങ്കില്‍ അത്ര 'സോഷ്യല്‍' അല്ല. ആ പെണ്‍കുട്ടി എന്നെ നിരസിച്ചേക്കുമോ എന്നാണ് എന്റെ പേടി. ഞാനെന്ത് ചെയ്യണം?''
ഞാന്‍: ' സോഷ്യല്‍ അല്ല എന്നതുകൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിച്ചത്? പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണോ? തനിച്ചിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണോ? ജനങ്ങളുമായി ഇടപഴകാന്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലെന്നാണോ?'
അയാള്‍: 'വായനയും അറിവും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എനിക്ക് ഇലക്‌ട്രോണിക്‌സില്‍ വലിയ താല്‍പര്യവും ആഭിമുഖ്യവുമുണ്ട്. ആ രംഗത്ത് എനിക്ക് കഴിവും സിദ്ധികളുമുണ്ട്. പക്ഷേ ജനങ്ങളുമായി ഇടപഴകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും സന്ദര്‍ശനങ്ങളും എനിക്ക് അലോസരമാണ്. ഞാന്‍ വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടി 'സോഷ്യല്‍' ആണോ എന്നാണ് എന്റെ ഭയം. അധികമധികം പുറത്തുപോവാനും അങ്ങാടിയില്‍ കറങ്ങാനും ഇഷ്ടപ്പെടുന്നവളാവുമോ അവള്‍?'
ഞാന്‍: 'നിങ്ങള്‍ വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം നിങ്ങള്‍ ശേഖരിച്ചുവോ? ഒരുവേള അവള്‍ നിങ്ങളെ പോലെത്തന്നെ അധികം പുറത്തുപോകാന്‍ ഇഷ്ടപ്പെടാത്തവളും ജനങ്ങളുമായി ഇടപഴകുന്നതില്‍ താല്‍പര്യമില്ലാത്തവളും വായനയുടെയും ഹോബികളുടെയും ലോകത്ത് കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്നവളും ആണെങ്കിലോ?'
അയാള്‍: 'അതൊന്നും എനിക്കറിയില്ല. സോഷ്യല്‍ പ്രശ്‌നങ്ങളിലെ ഭിന്നതകളാല്‍ ദമ്പതികള്‍ തെറ്റിപ്പിരിഞ്ഞ നിരവധി സംഭവങ്ങള്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി.''
ഞാന്‍: 'സാമൂഹിക വശത്തെക്കുറിച്ച നാല് സാധ്യതകളാണ് നമ്മുടെ മുന്നിലുള്ളത്. ഒന്ന്: ഭര്‍ത്താവ് സോഷ്യല്‍ ആയിരിക്കും, ഭാര്യ സോഷ്യലായിരിക്കില്ല. രണ്ട്: ഭാര്യ സോഷ്യലായിരിക്കും, ഭര്‍ത്താവ് അന്തര്‍മുഖനായിരിക്കും. മൂന്ന്: ഭാര്യയും ഭര്‍ത്താവും സോഷ്യലായിരിക്കും. നാല്: ഇരുവരും അന്തര്‍മുഖര്‍.''
അയാള്‍: 'ഇതില്‍ ഏത് സ്വഭാവമാണ് വിവാഹം വിജയിക്കാനും തകരാതിരിക്കാനും സഹായകമാവുക?''
ഞാന്‍: 'ഈ നാല് വിധ സ്വഭാവക്കാരും വിവാഹജീവിതത്തില്‍ വിജയിക്കുമെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ അത്ഭുതപ്പെടും. ഒരു നിബന്ധനയേ ഉള്ളൂ. വിവാഹാലോചനാ വേളയില്‍തന്നെ ഇരുവരും പരിചയപ്പെടുകയും പരസ്പരം അംഗീകരിക്കാന്‍ തയാറാവുകയും ഒന്നിച്ചുള്ള ജീവിതം സാധ്യമാണെന്ന തീരുമാനത്തില്‍ എത്തുകയും വേണം. എങ്കില്‍ വിവാഹജീവിതം വിജയമായിരിക്കും.''
അയാള്‍: 'ശരി, ഞാന്‍ എന്നെ സ്വയം മാറ്റാന്‍ ആഗ്രഹിക്കുകയും കൂടുതല്‍ സോഷ്യല്‍ ആവാന്‍ തീരുമാനിക്കുകയും ചെയ്താല്‍?''
ഞാന്‍: 'സാധ്യമാണ്. സാമൂഹിക ജീവിതം നിങ്ങള്‍ പരിശീലിച്ച് നേടിയെടുക്കേണ്ടിവരും. ഉദാഹരണത്തിന്, യുവജന വേദികളില്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കു വഹിക്കുക, കുടുംബവും കൂട്ടുകാരുമായി ഇരിക്കുമ്പോള്‍ മനോഗതങ്ങള്‍ തുറന്നുപ്രകടിപ്പിക്കുക., സന്തോഷ-ദുഃഖവേളകളില്‍ പങ്കെടുത്ത് സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ പല മാര്‍ഗങ്ങളുമുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന പല രഹസ്യങ്ങളും നിങ്ങളുടെ ഉള്ളില്‍തന്നെ സൂക്ഷിച്ചുവെക്കുന്നതില്‍ തടസ്സമില്ല. നിങ്ങള്‍ വിവാഹം കഴിഞ്ഞ് ഭാര്യ 'സോഷ്യല്‍' ആണെന്ന് മനസ്സിലായാല്‍ അവളുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ അടുത്തുപോവാന്‍ അനുവാദം ചോദിച്ചാല്‍ അവളെ തടയരുത്. നിങ്ങളുടെ അന്തര്‍മുഖത്വം അവളോടുള്ള വെറുപ്പിനും അലോസരത്തിനും നിമിത്തമാവരുത്. അതേ സന്ദര്‍ഭത്തില്‍ നിങ്ങള്‍ നല്‍കുന്ന അനുവാദം അതിരുകള്‍ പാലിച്ചും സന്തുലിതത്വം ദീക്ഷിച്ചും ആവണം.''
അയാള്‍: 'എന്റെ അന്തര്‍മുഖ ഭാവം ഒരു രോഗമല്ല.''
ഞാന്‍: 'ശരിയാണ്. എല്ലാ അന്തര്‍മുഖത്വവും രോഗമാവണമെന്നില്ല. ചിന്തിക്കാനും സ്വന്തമായി പ്രവര്‍ത്തിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. കാരണം നിങ്ങള്‍ക്ക് നിങ്ങളുടേതായ സര്‍ഗസിദ്ധികളും കഴിവുകളുമുണ്ട്. ജനങ്ങള്‍ പല തരക്കാരാണ്. ചിലരുടെ കഴിവുകളും സംഭാവനകളും മികച്ചതായിരിക്കും. അവര്‍ തനിയെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാവാം അങ്ങനെ. ചിലരുടെ കഴിവുകള്‍ പുറത്തുവരുന്നതും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്നതും ജനങ്ങളോടൊപ്പം കഴിയുമ്പോള്‍ ആവും. നിങ്ങള്‍ വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടിക്ക് ഈ വശങ്ങളെല്ലാം വിശദീകരിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇരുവര്‍ക്കും അന്യോന്യം നന്നായി അറിയാന്‍ ഇത് ഉതകും.''
അയാള്‍: 'ശരി, എന്റെ പരിസരത്തുള്ളവരുടെ സ്‌നേഹം ആര്‍ജിക്കാനും സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഞാന്‍ എന്തുവേണം?'
ഞാന്‍: 'നമ്മുടെ പ്രിയ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടര്‍ന്നാല്‍ മതി. നബി (സ) അങ്ങേയറ്റം സോഷ്യല്‍ ആയിരുന്നു. നബി (സ) ജനങ്ങളെ സ്‌നേഹിച്ചു. ജനങ്ങള്‍ നബി(സ)യെയും സ്‌നേഹിച്ചു. ജനങ്ങളുടെ ചിന്തകളോടും വികാരങ്ങളോടും പ്രശ്‌നങ്ങളോടുമൊപ്പമായിരുന്നു ഏതു നേരവും നബി(സ). ഒരു സംഭവം പറയാം. നബി (സ) അനുചരന്മാരോടൊപ്പം യാത്രയിലാണ്. ഒരു ആടിനെ അറുത്ത് ഭക്ഷണമുണ്ടാക്കാന്‍ തീരുമാനമായി. അനുചരന്മാരില്‍ ഒരാള്‍: 'ഞാന്‍ അറുക്കാം.'' വേറൊരാള്‍: 'തോല്‍ പൊളിക്കുന്നത് ഞാന്‍.'' മൂന്നാമന്‍: 'പാചകം എന്റെ വക.'' ഇതുകേട്ടുനിന്ന നബി (സ): 'വിറക് ശേഖരിച്ചുകൊണ്ടുവരുന്നത് ഞാന്‍ ഏല്‍ക്കാം.'' യുദ്ധവേളകളില്‍ കിടങ്ങ് കുഴിക്കാനും നബി (സ) അനുചരന്മാരോടൊപ്പം ചേര്‍ന്നിരുന്നു. മദീനയില്‍ കാല്‍കുത്തിയ ഉടനെ പള്ളിനിര്‍മാണത്തില്‍ അനുചരന്മാരോടൊപ്പം നബി (സ) പണിയെടുത്തു. ഒരു സദസ്സില്‍ നബി (സ) സന്നിഹിതനായാല്‍ മറ്റുള്ളവരില്‍നിന്ന് ഒട്ടും വ്യത്യസ്തനാവാന്‍ ശ്രമിക്കാതെ അവരില്‍ ഒരാളായി ഇരിക്കും. മറ്റുള്ളവരുടെ നേരെ കാല്‍നീട്ടി ഇരിക്കില്ല. ഇളയവരോടും മുതിര്‍ന്നവരോടുമെല്ലാം സംസാരിക്കുകയും തമാശ പറയുകയും ചെയ്യും. പരിചാരകരോടൊപ്പം ഇരിക്കും. ആവശ്യക്കാരനെ സഹായിക്കും. കൈയില്‍ കാശില്ലാത്തവന്‍ സാധനങ്ങള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 'നിങ്ങള്‍ വാങ്ങിക്കൊള്ളൂ, ആ കടം ഞാന്‍ വീട്ടിക്കൊള്ളാം' എന്നു പറഞ്ഞ് അയാള്‍ക്ക് ആശ്വാസം പകരും. പിറകില്‍നിന്ന് ആരെങ്കിലും സംസാരിച്ചാല്‍ ശരീരം മുഴുവന്‍ അയാളിലേക്ക് തിരിഞ്ഞതിനു ശേഷമായിരിക്കും അയാളോട് മറുപടി പറയുന്നത്. കൈകൊടുത്താല്‍ കൈവലിക്കുന്ന ആദ്യത്തെ ആള്‍ ഒരിക്കലും നബി (സ) ആയിരിക്കില്ല. വര്‍ത്തമാനം പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കും. തന്നോട് ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരുടെ സംസാരത്തില്‍ ഇടക്ക് കയറി ഇടപെടില്ല. നബി (സ) തന്റെ കൂട്ടുകാര്‍ക്കു വേണ്ടി അണിഞ്ഞൊരുങ്ങും. മനോഹര വസ്ത്രങ്ങള്‍ ധരിക്കും. നബി (സ) നടക്കുന്ന വഴിയില്‍ സുഗന്ധം തങ്ങിനില്‍ക്കും. നിങ്ങളും അതുപോലെ ഉയര്‍ന്ന സ്വഭാവം കൈവരിക്കുക. നിങ്ങള്‍ വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടി നിങ്ങളെ ഇഷ്ടപ്പെടും, തീര്‍ച്ച.''
വിവ: പി.കെ ജമാല്‍
Comments