മഹതി ആഇശ; വിവാദങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍
ഇസ്‌ലാമിക ചരിത്രത്തിലെ നക്ഷത്രശോഭയുള്ള വ്യക്തിത്വമാണ് ആഇശാ ബീവി(റ)യുടേത്. വൈജ്ഞാനിക ഗരിമ കൊണ്ടും നിലപാടുകളും ഇടപെടലുകളും കൊണ്ടും ഇസ്‌ലാമിക സമൂഹത്തില്‍ തന്റെ ഇടം അടയാളപ്പെടുത്തിയിട്ടുണ്ട് ഈ പ്രവാചക പത്‌നി. എന്നാല്‍, നബിയുമായുള്ള ആഇശയുടെ വിവാഹപ്രായം മുന്‍നിര്‍ത്തി വിവാദങ്ങളും വിമര്‍ശനങ്ങളും പലപ്പോഴായി ഉയര്‍ത്തപ്പെടാറുണ്ട്. സമീപകാലത്ത് കേരളത്തിലും ആഇശയുടെ വിവാഹ പ്രായം സംബന്ധിച്ച് ചര്‍ച്ച നടക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സ്വാലിഹ് നിസാമി പുതുപൊന്നാനി എഴുതിയ പുസ്തകമാണ് 'മഹതി ആഇശ; വിവാദങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍.' ഒമ്പതാം വയസ്സില്‍ തന്നെയാണ് നബി(സ)യുമായി ആഇശ(റ)യുടെ വിവാഹം നടന്നതെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. 42 തലക്കെട്ടുകളില്‍, ബാലികാ വിവാഹത്തിന്റെ ചരിത്രവും വിവിധ സമൂഹങ്ങളുടെ നിലപാടുകളും മുതല്‍ മുഹമ്മദ് നബിയുടെ വൈവാഹിക ജീവിതവും ആഇശയുടെ വിവാഹ പ്രായവും മറ്റും വിശദമായി വിശകലനം ചെയ്യുന്ന പ്രൗഢമായ ഗവേഷണ പഠനം. പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ. ഇല്‍യാസ് മൗലവി എന്നിവരുടെ ആമുഖക്കുറിപ്പുകള്‍. പ്രസാധനം: അറേബ്യന്‍ ബുക് ഹൗസ്, കോട്ടക്കല്‍, പേജ് 114, വില 130.
കലാലയങ്ങള്‍ കലഹിക്കുമ്പോള്‍
ഫാഷിസത്തിന്റെ സവര്‍ണ മുഖങ്ങള്‍ ആധിപത്യം നേടാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍, വിദ്യാര്‍ഥികളും കാമ്പസുകളും അതിനെതിരെ നടത്തുന്ന ധീരമായ ചെറുത്തുനില്‍പുകളെ വരച്ചുകാണിക്കുന്ന പുസ്തകമാണ് 'കലാലയങ്ങള്‍ കലഹിക്കുമ്പോള്‍.' സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ സമീപകാലത്ത് ജെ.എന്‍.യു ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ശക്തമായ പോരാട്ടങ്ങളാണ് പുസ്തകം വിശകലനം ചെയ്യുന്നത്. കനയ്യ കുമാര്‍, ഷെഹ്‌ല റാശിദ് ഷോറ, സജ്ഞന കൃഷ്ന്‍, ഉദയ് ഭാനു, അജയന്‍ അടാട്ട്, പ്രിയസമിത ദാസ് ഗുപ്ത, ഷഹന വി.എ, ബിലാല്‍ മാജിദ്, ലത്വീഫ് അഹ്മദ് ദര്‍, വസീം ആര്‍.എസ്, ഫാത്വിമ സന, മുഹമ്മദ് അഫ്‌സല്‍, മനീഷ നാരായണ്‍, പ്രതീഷ് പ്രകാശ് എന്നിവരാണ് ലേഖകര്‍. ഹൈദാരാബാദ് കേന്ദ്ര സര്‍വകലാശാല, ജെ.എന്‍.യു, എഫ്.ടി.ഐ.ഐ, ഐ.ഐ.ടി മദ്രാസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, യാദവ്പൂര്‍ യൂനിവേഴ്‌സിറ്റി, ഇഫ്‌ലു, കാലടി സംസ്‌കൃത സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ ഫാഷിസ്റ്റ് പ്രവണതകളും സവര്‍ണതയും അതിനെതിരായ പോരാട്ടങ്ങളും ഈ കൃതി തീക്ഷ്ണമായി വരച്ചു കാണിക്കുന്നു. ബി. അരുന്ധതി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡി.സി ബുക്‌സ്. പേജ് 175, വില 150.
അറബി വ്യാകരണ പാഠങ്ങള്‍
വിശുദ്ധ ഖുര്‍ആന്റെ മലയാള വിവര്‍ത്തനം ആദ്യ ഘട്ടത്തില്‍ നിര്‍വഹിച്ചവരില്‍ ഒരാളായ വക്കം പി. മുഹമ്മദ് മൈതീന്റെ അറബി ഭാഷാ പഠന സഹായിയാണ് 'അറബി വ്യാകരണ പാഠങ്ങള്‍'. മൂന്ന് അധ്യായങ്ങളിലായി അറബി ഭാഷാ വ്യാകരണം ലളിതമായി വിവരിക്കുന്ന പുസ്തകം, ഭാഷാ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രാഥമികമായി പ്രയോജനപ്പെടുത്താവുന്നതാണ്. നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത് കേരള സര്‍വകലാശാലയാണ്. പേജ് 190, വില 120.
കാമ്പസ്, വിദ്യാര്‍ഥി പ്രതിപക്ഷം സംസാരിക്കുന്നു
തിന്നാനും പാടാനുമുള്ള സ്വാതന്ത്ര്യം പോലും കൈമോശം വരുന്ന കാലത്ത് ധൈര്യത്തോടെ ഒച്ചവെക്കുന്നത് എന്നും വിദ്യാര്‍ഥികളാണ്. അവരുടെ ബഹളങ്ങളാണിന്ന് അധികാര ഫാഷിസത്തെ പേടിപ്പെടുത്തുന്നത്. കാലങ്ങളായി ഇന്ത്യന്‍ കാമ്പസുകളില്‍ തുടര്‍ന്നുപോരുന്ന സാമൂഹിക അരക്ഷിതാവസ്ഥയെ ചോദ്യംചെയ്യുന്ന വിദ്യാര്‍ഥിപക്ഷത്തെ വരച്ചുവെക്കുന്നു എസ്.ഐ.ഒ പുറത്തിറക്കിയ 'കാമ്പസ്, വിദ്യാര്‍ഥി പ്രതിപക്ഷം സംസാരിക്കുന്നു' എന്ന പുസ്തകം. രോഹിത് വെമുലയുടെ മരണത്തിനു മുമ്പും ശേഷവുമുള്ള എഴുത്തുകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. പ്രസാധനം: എസ്.ഐ.ഒ കേരള സോണ്‍. വില: 100 രൂപ.
Comments