നേര്‍മാര്‍ഗത്തിന്റെ സന്തുലിത ആഖ്യാനങ്ങള്‍
'ഇസ്‌ലാം മധ്യമമാര്‍ഗം' എന്നതിന്റെ വിവക്ഷ സന്തുലിതത്വത്തിന്റെയും നീതിനിഷ്ഠമായ നേര്‍മാര്‍ഗത്തിന്റെയും ദര്‍ശനമാണ് അതെന്നാണ്. രണ്ട് വിരുദ്ധാശയങ്ങള്‍ രണ്ടറ്റങ്ങളില്‍ നിലയുറപ്പിക്കുമ്പോള്‍ സ്വാധീനങ്ങള്‍ക്ക് അടിപ്പെടാതെയും അവകാശങ്ങള്‍ കവരാതെയും ചായാതെയും ചെരിയാതെയും ഋജുമാര്‍ഗത്തിലൂടെയുള്ള ഇസ്‌ലാമിന്റെ പ്രയാണമാണ് അതിനെ മറ്റ് മതങ്ങളില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. ദൈവികം-മാനുഷികം, ഭൗതികം-ആത്മീയം, ഐഹികം-പാരത്രികം, ദിവ്യബോധനം-ബുദ്ധി, ഭൂതം-ഭാവി, വ്യക്തി-സമൂഹം, അവകാശങ്ങള്‍-ബാധ്യതകള്‍, മാറ്റം-സുസ്ഥിരത, ബാഹ്യം-ആന്തരികം തുടങ്ങി സര്‍വ ദ്വന്ദങ്ങളുടെയും നടുവിലൂടെയുള്ള ഇസ്‌ലാമിന്റെ അടിതെറ്റാതെയുള്ള ചുവടുവെപ്പുകള്‍ എല്ലാ അധ്യാപനങ്ങളിലും വായിക്കാനാവും. 'വസത്വ്' എന്ന പദത്തെക്കുറിച്ച പ്രതിപാദനം ഖുര്‍ആനില്‍ വന്നിടങ്ങളിലെല്ലാം ഇസ്‌ലാമിക ശരീഅത്ത് പ്രതിനിധാനം ചെയ്യുന്ന 'സന്തുലിതത്വം' എന്ന ആശയത്തിനാണ് ഊന്നല്‍. മനുഷ്യബുദ്ധിക്ക് അസാധ്യമാണ് ഇസ്‌ലാമിക ശരീഅത്ത് പോലുള്ള നിയമങ്ങളുടെ നിര്‍മാണം. വ്യക്തിപരമോ കുടുംബപരമോ വര്‍ഗീയമോ വംശീയമോ ആയ സ്വാധീനങ്ങള്‍ക്കൊന്നും ഇടമില്ലാത്ത നീതിനിഷ്ഠമായ സമീപനം ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യപ്രകൃതിയെക്കുറിച്ച് സമ്പൂര്‍ണമായ അറിവ് സ്രഷ്ടാവായ ദൈവത്തിന് മാത്രമേയുള്ളൂ. മനുഷ്യജീവിതത്തിന്റെ സുഗമമായ നടത്തിപ്പിന്റെ ഈ വശം പ്രപഞ്ചസൃഷ്ടിയിലും ദര്‍ശിക്കാം. പ്രപഞ്ചത്തിലെ ഓരോ പദാര്‍ഥവും സൃഷ്ടിക്കപ്പെട്ടത് കൃത്യമായ തോതിലും കണക്കിലും പരിമാണത്തിലുമാണ്. രാവും പകലും, ഇരുട്ടും വെളിച്ചവും, ചൂടും തണുപ്പും, വിവിധ വാതകങ്ങള്‍, ഗോളങ്ങള്‍, നക്ഷത്രങ്ങള്‍, സൗരയൂഥം, സസ്യങ്ങള്‍, പര്‍വതങ്ങള്‍, മനുഷ്യര്‍, ജന്തുക്കള്‍, പക്ഷികള്‍, പ്രാണികള്‍ തുടങ്ങി പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളും പ്രതിഭാസങ്ങളും കൃത്യമായ വ്യവസ്ഥയോടും ചിട്ടയോടും അവയുടെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നു.
''സര്‍വവസ്തുക്കളെയും അവന്‍ സൃഷ്ടിക്കുകയും അവക്ക് കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തു'' (അല്‍ഫുര്‍ഖാന്‍ 2). ''നാം ഓരോ വസ്തുവും ഒരു പരിമാണമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്നു'' (അല്‍ഖമര്‍ 49).
''കരുണാമയനായ ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ താങ്കള്‍ യാതൊരു ഏറ്റക്കുറച്ചിലും കാണുന്നതല്ല. വീണ്ടും നോക്കുക. എവിടെയെങ്കിലും വല്ല കോട്ടവും കാണുന്നുണ്ടോ? ഇനിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ണോടിക്കുക. നിന്റെ നേത്രം ക്ഷീണിച്ച് പരാജിതമായി തിരിച്ചുവരുന്നതാണ്'' (അല്‍ മുല്‍ക് 3,4).
''ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് കഴിയില്ല. രാത്രിക്ക് പകലിനെ കവച്ചുവെക്കാനാവുകയുമില്ല. എല്ലാം ഓരോ പഥങ്ങളില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്'' (യാസീന്‍ 40). പ്രപഞ്ചത്തില്‍ കാണുന്ന സന്തുലനവും വിവിധ ഘടകങ്ങളുടെ സമജ്ഞസ സമ്മേളനവും ദൈവിക നിയമങ്ങളിലും തെളിഞ്ഞുകാണാനാവുമെന്നതാണ് വസ്തുത.
ഇസ്‌ലാം ഊന്നുന്ന മധ്യമരീതിയുടെയും സന്തുലിത സമീപനത്തിന്റെയും നന്മയും സവിശേഷതയും ഗ്രഹിക്കണമെങ്കില്‍ ഇവയുടെ വിപരീത ദിശയിലുള്ള അതിവാദ-തീവ്രചിന്തകളെയും അലംഭാവജന്യമായ വീഴ്ചകളെയും അറിയണം. ആത്യന്തികമായ ഈ രണ്ട് അറ്റങ്ങളെയും നിരാകരിക്കുന്ന നേര്‍വഴി തെളിഞ്ഞു കിട്ടാനും മധ്യമ മാര്‍ഗത്തിലൂടെ ചരിക്കാനും ഈ അറിവ് ആവശ്യമാണ്.
ഖുര്‍ആനിലും ഹദീസിലും അതിവാദ-തീവ്രചിന്തകളെ വ്യവഹരിക്കാന്‍ ഉപയോഗിച്ച പദമാണ് 'ഗുലുവ്വ്'. ഭാഷാശാസ്ത്രകാരന്മാര്‍ 'അതിരുവിടുക', 'അതിരുകവിയുക' എന്ന അര്‍ഥങ്ങള്‍ക്ക് പുറമെ കഠിനവും കര്‍ക്കശവുമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതിനും 'ഗുലുവ്വ്' ഉപയോഗിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുന്നു. തീവ്ര-അതിവാദ ചിന്തകള്‍ നിരോധിക്കുന്ന രണ്ട് സൂക്തങ്ങള്‍ കാണുക: 'വേദക്കാരേ, സ്വമതത്തില്‍ അതിരു കവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍'' (അന്നിസാഅ് 71). ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി: 'നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ അതിരുകള്‍ ലംഘിക്കരുത്. മതത്തിന്റെ സത്യസീമ മറികടക്കുന്നത് തീവ്രതയില്‍ ചാടിക്കും. ഓരോന്നിനും നിര്‍ണയിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കുകയാണ് 'ഗുലുവ്വ്' എന്ന പദത്തിന്റെ അര്‍ഥം.'' ഇബ്‌നു കസീര്‍ വിശദീകരിക്കുന്നു: 'ക്രൈസ്തവ വിഭാഗങ്ങളില്‍ പൊതുവെ കാണുന്ന അതിവാദങ്ങളെയും പ്രശംസകളെയും നിരോധിക്കുകയാണ് വേദക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് ഖുര്‍ആന്‍. ഈസാ നബി(അ)യുടെ വിഷയത്തില്‍ അവര്‍ അതിരുകള്‍ ലംഘിച്ചു. അല്ലാഹു നല്‍കിയ സ്ഥാനവും കവിഞ്ഞ് അവര്‍ അദ്ദേഹത്തെ ഉയര്‍ത്തിവെച്ചു. പ്രവാചകത്വപദവിയില്‍നിന്നുയര്‍ത്തി അദ്ദേഹത്തെ അവര്‍ ആരാധിക്കപ്പെടേണ്ട ദൈവിക പദവിയിലേക്കുയര്‍ത്തി. ഈസാ നബിയുടെ സരണിയിലാണെന്ന് അവകാശപ്പെട്ട അനുയായിവൃന്ദത്തിന്റെ വിഷയത്തിലും അവര്‍ അതിരുവിട്ടു. അവരില്‍ അപ്രമാദിത്വം ആരോപിക്കുകയും അവര്‍ പറയുന്നതൊക്കെ പിന്തുടരുകയും ചെയ്തു. അവ സത്യമാണോ അസത്യമാണോ, സന്മാര്‍ഗമാണോ ദുര്‍മാര്‍ഗമാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടായില്ല അവര്‍ക്ക്. ''തങ്ങളിലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനെ കൂടാതെയുള്ള റബ്ബുകളാക്കിവെച്ചു അവര്‍'' (അത്തൗബ 31).
രണ്ടാമത്തെ സൂക്തം: 'പറയുക വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അന്യായമായി അമിതത്വം കൈക്കൊള്ളാതിരിക്കുക'' (അല്‍മാഇദ 77). ഇതിന് ത്വബരിയുടെ വ്യാഖ്യാനം: 'ഈസ(അ)യുടെ കാര്യത്തില്‍ അതിരുവിട്ട ജല്‍പനങ്ങള്‍ പാടില്ല. സത്യത്തില്‍നിന്ന് അസത്യത്തിലേക്കുള്ള വഴിമാറ്റമാവും അത്. അങ്ങനെ നിങ്ങള്‍ പറഞ്ഞു തുടങ്ങും; അദ്ദേഹം അല്ലാഹു ആകുന്നു. അല്ലെങ്കില്‍ ദൈവപുത്രനാകുന്നു. എന്നാല്‍ നിങ്ങള്‍ പറയേണ്ടത് അദ്ദേഹം ദൈവദാസന്‍ ആണെന്നാണ്. മര്‍യമില്‍ നിക്ഷേപിച്ച ദൈവവചനമാണെന്നും.''
അതിവാദത്തിന് മറ്റൊരു ഉദാഹരണം സൂറത്തുല്‍ ഹദീദില്‍ കാണാം: 'അവക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നാം നിയോഗിച്ചു. അദ്ദേഹത്തിന് ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിക്കുകയും ചെയ്തു. അവര്‍ ആവിഷ്‌കരിച്ച സന്യാസം, അത് നാം അവര്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍തന്നെ ഇങ്ങനെയൊരു പുതുചര്യയുണ്ടാക്കി. എന്നിട്ടോ അവര്‍ അത് പാലിക്കേണ്ടവിധം പാലിച്ചതുമില്ല'' (27).
അതിവാദം നിരോധിക്കുന്ന ചില നബിവചനങ്ങള്‍: അബ്ദുല്ലാഹിബ്‌നു അബ്ബാസ്: (മിനായില്‍ എറിയാന്‍) കല്ല് ശേഖരിക്കുന്ന ദിവസം നബി(സ) എന്നോട്: ''വരൂ. എനിക്ക് ചെറിയ കല്ലുകള്‍ പെറുക്കിക്കൊണ്ടു വരൂ.'' ഞാന്‍ കുറച്ചു കല്ലുകള്‍ പെറുക്കിക്കൊണ്ടുകൊടുത്തു. അവ തന്റെ കൈവെള്ളയില്‍ വെച്ച് നബി (സ): 'അതേ, ഇതുപോലുള്ള കല്ലുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. മതത്തില്‍ അതിരുകവിയുന്നത് നിങ്ങള്‍ സൂക്ഷിക്കണം. മതത്തിലെ അതിരുകവിയലാണ് നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നാശനിമിത്തമായത്'' (ഇബ്‌നുമാജ).
ഈ നബിവചനം വിശദീകരിച്ച് ഇബ്‌നുതൈമിയ്യ (റ): 'വിശ്വാസങ്ങളിലും കര്‍മങ്ങളിലുമുള്ള എല്ലാവിധ അതിവാദങ്ങള്‍ക്കും ബാധകമാണ് ഈ പരാമര്‍ശം. കല്ലേറുമായി ബന്ധപ്പെട്ടാണ് പശ്ചാത്തലം. പിശാചിനെ എറിയാന്‍ ചെറിയ കല്ലുകളേക്കാള്‍ വലിയ കല്ലുകളാവുമല്ലോ നന്നാവുക എന്നു കരുതി അതില്‍ അതിരുവിട്ടാല്‍ പൂര്‍വികരുടെ ദുര്‍ഗതി വന്നുഭവിക്കുമെന്നാണ് നബി (സ) സൂചന നല്‍കിയത്.'' (തയ്‌സീറുല്‍ അസീസില്‍ ഹമീദ് 275).
നബി (സ) പറഞ്ഞു: 'നിങ്ങള്‍ കാര്‍ക്കശ്യം കൈക്കൊള്ളരുത്. അങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവും കാര്‍ക്കശ്യം കൈക്കൊള്ളും. ഒരു വിഭാഗം ഇങ്ങനെ തങ്ങളുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടുകള്‍ സ്വയം സ്വീകരിച്ചപ്പോള്‍ അല്ലാഹു അവരോടും കര്‍ക്കശ നയം കൈക്കൊണ്ടു. അതാ അവരുടെ അവശേഷിപ്പുകള്‍ ആരാധനാ മഠങ്ങളിലും പര്‍ണശാലകളിലും'' (അബൂദാവൂദ്).
അതിവാദവും അലംഭാവവും
അതിവാദത്തിന് നിരവധി മാനങ്ങളും വകഭേദങ്ങളുമുണ്ട്. മതപ്രമാണങ്ങളുടെ ആത്മാവറിയാതെയും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയും നടത്തുന്ന അക്ഷര വായനകള്‍ കൊണ്ടെത്തിക്കുന്ന അപകട ഗര്‍ത്തങ്ങളാണവ.
-അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധാനുഷ്ഠനമെന്നോണം തന്റെയും മറ്റുള്ളവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുക.
-അല്ലാഹു അനുവദിച്ച ആഹാരങ്ങളും ജീവിത സൗകര്യങ്ങളും പുണ്യം തേടിയും പ്രതിഫലം കാംക്ഷിച്ചും സ്വയം നിഷേധിക്കുകയും പരിവ്രാജകനായി കാലം കഴിക്കുകയും ചെയ്യുക.
-ചെയ്യുന്നത് മാത്രമല്ല, ചെയ്യാതിരിക്കുന്നതും അതിവാദത്തില്‍പെടാം. ആഹാരം, ഉറക്കം, വിശ്രമം തുടങ്ങിയവ സ്വയം ഒഴിവാക്കി സന്യാസ ജീവിതം നയിക്കുന്നത് ഉദാഹരണം.
-ഇമാമുമാരെക്കുറിച്ച കാഴ്ചപ്പാടില്‍ തീവ്രത പുലര്‍ത്തുകയും അവരില്‍ അപ്രമാദിത്വം ആരോപിക്കുകയും ചെയ്യുക.
-ഇസ്‌ലാമികേതര സമൂഹത്തില്‍നിന്ന് അകന്നുനില്‍ക്കുകയും സമൂഹത്തില്‍ അവിശ്വാസവും മതപരിത്യാഗവും ആരോപിച്ച് ബന്ധം സ്ഥാപിക്കുന്നതിനും (വലാഅ്) ബന്ധം വിഛേദിക്കുന്നതിനും (ബറാഅ്) പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യുക.
അതിവാദം പോലെ വിപല്‍ക്കരമാണ് അലംഭാവവും ഉദാസീനതയും മൂലം വന്നുഭവിക്കുന്ന വീഴ്ചകളും വിശ്വാസ-കര്‍മ വൈകല്യങ്ങളും. ജീവിതത്തിന്റെ ചാലകശക്തിയാവേണ്ട മതാധ്യാപനങ്ങളെക്കുറിച്ച വരണ്ട വീക്ഷണങ്ങള്‍ പുലര്‍ത്തുകയും വരട്ടുവാദങ്ങളുയര്‍ത്തുകയും ചെയ്യുന്നവര്‍ തീവ്രചിന്താഗതികള്‍ പുലര്‍ത്തുന്നവരെപോലെത്തന്നെ അപകടകാരികളാണ്. ഇസ്‌ലാം ഊന്നുന്ന മധ്യമ മാര്‍ഗത്തെ നിരാകരിക്കുന്നു എന്നതാണ് കാരണം. ഖുര്‍ആനിലും നബിവചനങ്ങളിലും ഇസ്‌ലാമിന്റെ സവിശേഷതയായി അടിവരയിടുന്ന-അല്‍ വസത്വിയ്യ-അഥവാ മധ്യമാര്‍ഗത്തെക്കുറിച്ച ശരിയായ തിരിച്ചറിവ് ലഭിക്കണമെങ്കില്‍ 'നേര്‍മാര്‍ഗം' എന്ന് വ്യവഹരിക്കുന്ന 'സ്വിറാത്വ് മുസ്തഖീ'മിനെക്കുറിച്ച് മനസ്സിലാക്കാണം. സ്വിറാത്വ് മുസ്തഖീം ശരിയായി ഗ്രഹിച്ചെങ്കില്‍ മാത്രമേ 'വസത്വിയ്യ' എന്ന ആശയം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാവൂ.
നേരിന്റെ നേര്‍വഴി
സൂറത്തുല്‍ ഫാതിഹയില്‍ 'നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ' എന്ന പ്രാര്‍ഥനയില്‍ നേര്‍മാര്‍ഗം വിശദീകരിക്കുന്നതിങ്ങനെ: 'നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍; കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല.'' സൂറത്തുല്‍ ബഖറയില്‍ ''അല്ലാഹു ഇഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു'' (അല്‍ ബഖറ 142). തൊട്ടുടനെയാണ്, 'ഇവ്വിധം നാം നിങ്ങളെ (മുസ്‌ലിംകളെ) ഒരു മിത സമുദായമാക്കിയിരിക്കുന്നു' എന്ന പരാമര്‍ശം. സൂറത്തു ആലിഇംറാനില്‍ പ്രവാചകന്‍ ഈസാ (അ) തന്റെ ജനതയോട് പറഞ്ഞത് ഉദ്ധരിക്കുന്നു: 'തീര്‍ച്ചയായും അല്ലാഹു എന്റെ രക്ഷിതാവാകുന്നു. നിങ്ങളുടെയും രക്ഷിതാവാകുന്നു. ഇതാണ് നേരായ മാര്‍ഗം'' (ആലുഇംറാന്‍ 51).
സ്വിറാത്വ് മുസ്തഖീംനേരായ മാര്‍ഗം-എന്ന പദാവലി അനേകം തവണ ആവര്‍ത്തിച്ച അധ്യായമാകുന്നു സൂറത്തുല്‍ അന്‍ആം: 'അല്ലാഹു ഇഛിക്കുന്നവരെ അവന്‍ മാര്‍ഗഭ്രഷ്ടരാക്കുന്നു. അവന്‍ ഇഛിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുന്നു'' (അല്‍ അന്‍ആം 39) 'അവരെ നമ്മുടെ സേവനത്തിനായി തെരഞ്ഞെടുക്കുകയും ശരിയായ വഴിയിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു (അല്‍ അന്‍ആം 87). ''ആ മാര്‍ഗം താങ്കളുടെ നാഥന്റെ നേരായ മാര്‍ഗമാകുന്നു'' (അല്‍ അന്‍ആം 126). ''ഇതുതന്നെയാണ് എന്റെ നേരായ മാര്‍ഗമെന്നും അവന്‍ അറിയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അതിലൂടെ നടക്കണം. മറ്റ് മാര്‍ഗങ്ങളിലൂടെ നടക്കരുത്'' (അല്‍ അന്‍ആം 153).
''പ്രവാചകരേ, പറയുക. എന്റെ നാഥന്‍ നിശ്ചയമായും എനിക്ക് നേര്‍വഴി കാണിച്ചുതന്നിരിക്കുന്നു. വക്രതയേതുമില്ലാത്ത തികച്ചും ഋജുവായ മതം'' (അല്‍ അന്‍ആം 161). ഇബ്‌നു അബ്ബാസ്, ത്വബരി, ഇബ്‌നു കസീര്‍ തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായപ്രകാരം നേരായ മാര്‍ഗമെന്നാല്‍ വക്രതയില്ലാത്ത സരളമായ സന്മാര്‍ഗം എന്നാകുന്നു. അത് ഖുര്‍ആന്‍ എന്നും ഇസ്‌ലാം എന്നും അസ്സുന്നത്തു വല്‍ ജമാഅഃ എന്നും വിവിധ വ്യാഖ്യാനങ്ങള്‍ നല്‍കിയവരും പൂര്‍വിക പണ്ഡിതന്മാരില്‍ ഉണ്ട്.
നേരായ മാര്‍ഗ(സ്വിറാത്വ് മുസ്തഖീം)വും മധ്യമ മാര്‍ഗ(അല്‍വസത്വിയ്യ)വും ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന സന്തുലിത സമീപനത്തെക്കുറിച്ചാണെന്ന് ഇതില്‍നിന്ന് വ്യക്തം.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇസ്‌ലാമിക സന്ദേശത്തെയും സവിശേഷസ്ഥാനത്ത് അവരോധിക്കുന്ന 'വസത്വിയ്യത്ത്' എന്ന മഹത്തായ ആശയത്തിന് വേറെയും അര്‍ഥങ്ങളുണ്ട്. മുസ്‌ലിം സമുദായത്തെ സത്യത്തിന് സാക്ഷികളാക്കി നിലനിര്‍ത്താന്‍ യോഗ്യമാക്കുന്ന മൂല്യങ്ങളില്‍ പ്രഥമ സ്ഥാനമാണ് 'നീതി'ക്കുള്ളത്. സാക്ഷ്യം സ്വീകരിക്കപ്പെടാനുള്ള ഒന്നാമത്തെ യോഗ്യത നീതിയാണ്. നീതിമാനായ സാക്ഷിയും നീതിമാനായ വിധികര്‍ത്താവും സര്‍വര്‍ക്കും സ്വീകാര്യരായിരിക്കുമ്പോള്‍ അനീതിയെ തിരസ്‌കരിക്കുന്ന മനസ്സാണ് ഏവര്‍ക്കും. വസത്വ് എന്ന വാക്കിനെ 'നീതി' എന്ന് നബി (സ) വ്യാഖ്യാനിച്ചതു കാണാം. ഇക്കാര്യം അബൂ സഈദില്‍ ഖുദരിയെ ഉദ്ധരിച്ച് ബുഖാരിയും അഹ്മദും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിഷ്പക്ഷതക്കും 'വസത്വ്' എന്ന് പ്രയോഗിക്കാറുണ്ട്.
''ജനങ്ങള്‍ക്കു വേണ്ടി എഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു'' (ആലുഇംറാന്‍ 110). സമുദായത്തില്‍ ചാര്‍ത്തപ്പെട്ട 'ഖൈരിയ്യ' എന്ന സവിശേഷത പൂര്‍ണത കൈവരിക്കുന്നത് വസത്വിയ്യയുടെ പ്രതിനിധാനം പൂര്‍ണമായി നിര്‍വഹിക്കപ്പെടുമ്പോള്‍ മാത്രമാണ്. അപകടങ്ങളില്‍നിന്നും വിപത്തുകളില്‍നിന്നും അകലം പാലിക്കുന്ന സുരക്ഷിത മേഖലയെന്നതാണ് 'അല്‍ വസത്വിയ്യ'യുടെ മറ്റൊരു പ്രത്യേകത. ജീവിതത്തിന്റെ മധ്യഭാഗമായ യുവത്വമാണ് ശക്തിയുടെ ഘട്ടം. രണ്ട് ദുര്‍ബലതകള്‍ക്കിടയിലുള്ള മധ്യഘട്ടമാണ് യുവത്വം. ''അവശമായ അവസ്ഥയില്‍നിന്ന് നിങ്ങളുടെ സൃഷ്ടി തുടങ്ങിയത് അല്ലാഹു തന്നെയാകുന്നു. പിന്നീട് ആ അവശാവസ്ഥക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ശക്തിയേകി. പിന്നെ ആ ശക്തിക്കു ശേഷം നിങ്ങളെ അവശരും വയോധികരുമാക്കി'' (അര്‍റൂം 54). ശൈശവ-ബാല്യ-കൗമാരങ്ങളുടെ അവശാവസ്ഥക്കും വാര്‍ധക്യത്തിന്റെ പരാശ്രയത്തിനുമിടയിലുള്ള ശക്തിയുടെ ഘട്ടമാണ് ജീവിതത്തിലെ നട്ടുച്ചയായ യുവത്വം. മനുഷ്യായുസ്സിന്റെ മധ്യഘട്ടത്തില്‍ യുവത്വത്തിന്റെ അനുഗ്രഹം കരുത്തിന്റെയും ശക്തിയുടെയും നിറവില്‍ കര്‍മകാണ്ഡങ്ങള്‍ക്ക് സാക്ഷിയാവുന്ന പോലെ ഇസ്‌ലാമിന്റെ ആശയപ്രപഞ്ചത്തില്‍ സന്തുലിതത്വത്തിന്റെയും മധ്യമ സമീപനത്തിന്റെയും കാഴ്ചപ്പാടുകള്‍ക്ക് വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. 'വസത്വിയ്യ' വീക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന നബി(സ)യുടെ ഇടപെടലുകളായിരുന്നു അനുചരന്മാരുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. അതുകൊണ്ടാണ് ആ ധന്യജീവിതങ്ങള്‍ ലോകാന്ത്യംവരെ മനുഷ്യരാശിക്ക് മാതൃകയായിത്തീരുന്നത്. തീവ്രതയും ജീര്‍ണതയും ബാധിക്കാത്ത ആ അനുഗൃഹീത വ്യക്തിത്വങ്ങള്‍ പ്രകാശഗോപുരങ്ങളായി ഇന്നും വഴികാണിച്ചുകൊണ്ട് നിലകൊള്ളുന്നു.
സന്തുലനം വിശ്വാസകാര്യങ്ങളിലും
വിശ്വാസകാര്യങ്ങളിലും മധ്യമ സമീപനം തന്നെയാണ്. ആന്ധ്യം ബാധിച്ച് എല്ലാറ്റിനെയും കണ്ണടച്ച് അംഗീകരിക്കുന്ന അന്ധവിശ്വാസികളുടെ രീതിയായിരിക്കില്ല വിശ്വാസികളുടേത്. ഇന്ദ്രിയാതീതമായ എല്ലാറ്റിനെയും നിരാകരിക്കുന്ന, ബുദ്ധിയുടെയോ പ്രകൃതിയുടെയോ ആഹ്വാനങ്ങള്‍ക്ക് കാതോര്‍ക്കുകയോ ചെയ്യാത്ത ഭൗതികവാദികളുടെ സമീപനങ്ങളുമായും അവര്‍ക്ക് ബന്ധമുണ്ടാവില്ല. ഖണ്ഡിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കപ്പെടാത്ത ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിത്തറകളില്‍ വിശ്വാസസൗധം പണിയാനും അവര്‍ തയാറാവില്ല. ഇസ്‌ലാമിന്റെ സന്തുലിത സമീപനം ആരാധനകളിലും അനുഷ്ഠാനങ്ങളിലും തെളിഞ്ഞുകാണാം. തങ്ങളുടെ ജീവിത ദര്‍ശനങ്ങളില്‍നിന്നും തത്ത്വശാസ്ത്രങ്ങളില്‍നിന്നും ആരാധനാംശങ്ങളെയും അനുഷ്ഠാനങ്ങളെയും ഒഴിച്ചുനിര്‍ത്തിയ മതങ്ങളെപ്പോലെയല്ല ഇസ്‌ലാം. അതുപോലെ ജീവിത സുഖാസ്വാദനത്തിന്റെ സര്‍വമേഖലകളില്‍നിന്നും മനുഷ്യനെ അകറ്റുന്ന ബ്രഹ്മചര്യത്തിന്റെയും പൗരോഹിത്യത്തിന്റെയും നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന മതസമീപനങ്ങളും ഇസ്‌ലാമിന് അന്യമാണ്. ഒരു മുസ്‌ലിമില്‍നിന്ന് ഇസ്‌ലാം തേടുന്ന ജീവിതരീതിയുടെ സ്വഭാവം പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.
ദിനേന അഞ്ച് നേരങ്ങളിലെ നമസ്‌കാരം, ആഴ്ചയില്‍ ജുമുഅ, വര്‍ഷത്തില്‍ ഒരു മാസം വ്രതാനുഷ്ഠാനം, ആയുസ്സില്‍ ഒരു തവണ ഹജ്ജ്-ഇങ്ങനെ നിര്‍ണിതമായ ആരാധനാകര്‍മങ്ങളാണ് അനുശാസിച്ചിട്ടുള്ളത്. ക്ലേശപൂര്‍ണവും ദുഷ്‌കരവുമായ അനുഷ്ഠാനങ്ങളാല്‍ മനുഷ്യനെ വരിഞ്ഞുകെട്ടി ശ്വാസം മുട്ടിക്കുന്ന ആരാധനാകര്‍മങ്ങളല്ല ഇവയൊന്നും. അതേ സന്ദര്‍ഭത്തില്‍ താന്‍ വിശ്വസിക്കുന്ന ദൈവവുമായി ഒരു നിമിഷം പോലും ബന്ധം അറ്റുപോകാത്ത നിലയില്‍ ആരാധനാ കര്‍മങ്ങളെ ക്രമീകരിച്ചിട്ടുമുണ്ട്. ദൈവസ്മരണ സജീവമാക്കിനിര്‍ത്തി സംസാരലോകത്ത് വ്യാപരിക്കാനാണ് നിര്‍ദേശം. ദൈവത്തിന്റെ ഭൂമിയില്‍ സഞ്ചരിച്ച് ജീവിതായോധനത്തിന് വിഭവങ്ങള്‍ കണ്ടെത്തുന്നതില്‍ അലംഭാവം പാടില്ല. അവന് കര്‍ഷകനാവാം, വ്യവസായിയാവാം, തൊഴിലാളിയാവാം, വ്യാപാരിയാവാം, ഉദ്യോഗസ്ഥനാവാം എന്നുവേണ്ട ജീവിതത്തിന്റെ സര്‍വമേഖലകളിലും അന്ത്യശ്വാസം നിലക്കുന്നതുവരെ ഇടപെടാം. അതിനൊന്നും ഇസ്‌ലാമില്‍ ഒരു വിലക്കുമില്ല. അവിരാമവും അനുസ്യൂതവുമായ കര്‍മങ്ങളില്‍ ജീവിതാന്ത്യം വരെ തുടരണമെന്നാണ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. 'അന്ത്യനാള്‍ ആഗതമായെന്നിരിക്കട്ടെ, നിങ്ങളില്‍ ഒരാളുടെ കൈയില്‍ ഒരു ഈത്തപ്പന വിത്തുണ്ട്. ആ ദിനം വന്നെത്തും മുമ്പ് ആ കാരക്കക്കുരു നട്ടുപിടിപ്പിക്കാന്‍ ആവുമെങ്കില്‍ അയാള്‍ അത് നടത്തട്ടെ' (അഹ്മദ്, ബുഖാരി).
ജുമുഅ നമസ്‌കാരത്തെക്കുറിച്ച നിര്‍ദേശത്തില്‍ കര്‍മങ്ങളില്‍ ഇടതടവില്ലാതെ വ്യാപരിക്കാനുള്ള ഈ നിര്‍ദേശം തെളിഞ്ഞുകാണാം: ''വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരിക. കൊള്ളക്കൊടുക്കകള്‍ ഉപേക്ഷിക്കുക. അതാണ് നിങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്. നിങ്ങള്‍ അറിയുന്നുവെങ്കില്‍. പിന്നെ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ ഭൂമിയില്‍ വ്യാപരിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യമുണ്ടായേക്കാം'' (അല്‍ജുമുഅ 9,10). ഇതാണ് ജീവിതത്തെ സംബന്ധിച്ച ഇസ്‌ലാമിക കാഴ്ചപ്പാട്. വെള്ളിയാഴ്ചയില്‍ പോലും നമസ്‌കാരത്തിന് മുമ്പ് ജീവിതായോധനത്തിന് വേണ്ട പരിശ്രമങ്ങള്‍, പിന്നെ നമസ്‌കാരത്തിനും ദൈവസ്മരണക്കും വേണ്ടി ആരാധനാകര്‍മം, കൊള്ളക്കൊടുക്കകളും സാമ്പത്തിക ഇടപാടുകളും അന്നേരം നിര്‍ത്തിവെച്ച് ആരാധനയിലും അനുഷ്ഠാനത്തിലും മുഴുകുക, നമസ്‌കാരാനന്തരം വീണ്ടും ഐഹിക വ്യാപാരത്തിലേക്കും കച്ചവടത്തിലേക്കും ശ്രദ്ധതിരിക്കുക. ഒരു നിമിഷം ദൈവസ്മരണ ഹൃദയത്തില്‍നിന്ന് കുടിയൊഴിഞ്ഞുപോകരുതെന്നു മാത്രം. ഇതാണ് വിജയത്തിനും ജീവിതോത്കര്‍ഷത്തിനും വഴിയൊരുക്കുക എന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. ഇതില്‍ ഭൗതികതയുണ്ട്. ആത്മീയതയുണ്ട്, പള്ളിയുണ്ട്, വ്യാപാരസ്ഥാപനങ്ങളുണ്ട്. ജീവിത വ്യവഹാരങ്ങളുടെ നിറവില്‍ ഓരോ നിമിഷവും ചെലവിടുമ്പോഴും ദൈവിക നിര്‍ദേശങ്ങളെക്കുറിച്ച ഓര്‍മ ചിന്തകളെയും കര്‍മങ്ങളെയും ഭരിച്ചുകൊണ്ടിരിക്കണമെന്ന് മാത്രം.
സദാചാര സംഹിതകളുടെയും മൂല്യങ്ങളുടെയും കാര്യത്തിലും ഈ സന്തുലിതത്വം കാണാം. മനുഷ്യന്‍ മാലാഖയല്ല. രക്തവും മാംസവും മജ്ജയും ഉള്ള പച്ച മനുഷ്യനെയാണ് ഇസ്‌ലാം സംബോധനചെയ്യുന്നത്. മനുഷ്യനിലെ മൃഗീയാംശത്തെ മെരുക്കി ഉത്കൃഷ്ട സ്വഭാവമൂല്യങ്ങളുടെ പടച്ചട്ട അണിയിക്കുന്ന ഇസ്‌ലാം പ്രകൃതിയോട് തീര്‍ത്തും പൊരുത്തപ്പെടുന്ന രീതിയാണ് അവലംബിക്കുന്നത്. നന്മ-തിന്മകളെ തിരിച്ചറിയുന്ന മനുഷ്യന് മാലാഖയെ പോലെ വിശുദ്ധനാവാനും കഴിയും. ശരീരവും ആത്മാവും ചേര്‍ന്ന മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പെരുമാറുന്നു എന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ സവിശേഷത. ശരീരത്തിനു വേണ്ടി ആത്മാവിനെ ബലികൊടുക്കുന്ന ഭൗതികമാത്ര സമീപനത്തോടോ ആത്മാവിനു വേണ്ടി ശരീരത്തെ തള്ളുന്ന ആത്മീയമാത്ര സമീപനത്തോടോ ഇസ്‌ലാമിന് മതിപ്പില്ല. ഏതെങ്കിലും ഒരു വശത്തിന് മാത്രം ഊന്നല്‍ നല്‍കി മറുവശത്തെ തീര്‍ത്തും അവഗണിക്കുന്ന ആത്യന്തിക സമീപനമാണ് പല മതങ്ങളും ദര്‍ശനങ്ങളും സമര്‍പ്പിക്കുന്നത്.
പരലോക ജീവിതത്തെ തള്ളിപ്പറയുന്ന ഭൗതികപൂജകരുണ്ട്. അവരുടെ ദൃഷ്ടിയില്‍ ഇഹലോക ജീവിതമാണ് പരമപ്രധാനം. '' ഇന്ന് ഇവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൗതിക ജീവിതം മാത്രമേയുള്ളൂ. മരണാനന്തരം ഒരിക്കലും നാം പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല'' (അല്‍ അന്‍ആം 29). ഇഹലോകത്തെ ക്ഷണികമായ സുഖസൗകര്യങ്ങളും അവ ആര്‍ജിക്കാനുള്ള മത്സരവുമാണ് അത്തരക്കാര്‍ക്ക് ജീവിതം. തനിക്ക് പ്രയോജനകരമായതെന്തും നല്ലതെന്ന സ്വാര്‍ഥ ചിന്തയിലും അവ കൈപ്പിടിയില്‍ ഒതുക്കുകയാണ് ജീവിതത്തിന്റെ പരമ ലക്ഷ്യമെന്ന മനോഭാവത്തിലും കഴിയുന്നവര്‍ക്കും ജീവിതത്തെക്കുറിച്ച സന്തുലിത കാഴ്ചപ്പാടുണ്ടാവുകയില്ല. ഭൗതിക കാമനകള്‍ക്കും വികാരങ്ങള്‍ക്കും പിറകെയോടി യഥാര്‍ഥ ജീവിതലക്ഷ്യം വിസ്മരിക്കുന്നവരെ കുറിച്ച് ഖുര്‍ആന്‍: 'അവിശ്വാസികളോ, ക്ഷണികമായ ഭൗതിക ജീവിതത്തിന്റെ രസമാസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ കാലികളെ പോലെ തിന്നുകുടിച്ചുകഴിയുന്നു. അവരുടെ അന്തിമ വസതി നരകമാകുന്നു'' (മുഹമ്മദ് 12).
ഏതു രംഗത്തും മിതത്വമാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ജീവിതാവശ്യങ്ങളെല്ലാം മിതമായും മാന്യമായും പൂര്‍ത്തീകരിക്കപ്പെടണമെന്നും ധാരാളിത്തത്തിന്റെയും ആര്‍ഭാടത്തിന്റെയും രീതികള്‍ വര്‍ജിക്കപ്പെടണമെന്നുമാണ് നിര്‍ദേശം: 'മനുഷ്യപുത്രന്മാരേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും നിങ്ങളുടെ അലങ്കാരങ്ങള്‍ അണിഞ്ഞുകൊള്ളുവിന്‍. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കാതിരിക്കുവിന്‍. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ നിഷിദ്ധമാക്കുകയും ദൈവികദാനമായ ഉത്തമ വിഭവങ്ങളെ വിലക്കുകയും ചെയ്തവനാര്?'' (അല്‍ അഅ്‌റാഫ് 31). ഇഹലോകത്തെയും പരലോകത്തെയും കൂട്ടിയിണക്കുന്ന രീതിയാണ് 'ഇഹലോകത്തും പരലോകത്തും നന്മ നല്‍കേണമേ' എന്ന് അനുശാസിക്കപ്പെട്ട പ്രാര്‍ഥനയുടെ പൊരുള്‍. പ്രവാചകന്‍ പതിവായി നടത്തിയ പ്രാര്‍ഥനയും ഈ സന്തുലിത ചിന്ത ഉള്‍ക്കൊള്ളുന്നു: 'എന്റെ എല്ലാ കാര്യങ്ങളിലും പാപസുരക്ഷിതത്വം പ്രദാനം ചെയ്യുന്ന എന്റെ ദീനിനെ എനിക്ക് നീ നന്നാക്കിത്തരേണമേ! എന്റെ ഉപജീവനമുള്ള ഇഹലോകവും നീ നന്നാക്കിത്തരേണമേ! ഞാന്‍ തിരിച്ചുചെല്ലേണ്ട പരലോകവും എനിക്ക് നീ നന്നാക്കിത്തരേണമേ!' ഈ വിധം ഇഹലോക ജീവിതത്തെയും പരലോക ജീവിതത്തെയും ഇണക്കിക്കൊണ്ടുപോവുകയും അതിരുകള്‍ ഭേദിക്കാത്തവിധം ഓരോന്നിനും അതതിന്റെ പ്രാധാന്യം വകവെച്ചുനല്‍കുകയും ചെയ്യുന്ന സന്തുലിത വീക്ഷണമാണ് 'വസത്വിയ്യ' എന്ന കാഴ്ചപ്പാടിന്റെ ഉള്ളടക്കം.
(ഇസ്‌ലാമിന്റെ സന്തുലിതത്വത്തെക്കുറിച്ച് ലേഖകന്‍ എഴുതുന്ന പുസ്തത്തില്‍നിന്ന്)
Comments