Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

ഭോപ്പാല്‍ കൊലപാതകം, നജീബിന്റെ തിരോധാനം

കഴിഞ്ഞ ഒക്‌ടോബര്‍ പതിനഞ്ചിനാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ എം.എസ്.സി ബയോ ടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി നജീബ് അഹ്മദ് ഹോസ്റ്റല്‍ മുറിയില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. കുടുംബാംഗങ്ങള്‍ പിറ്റേന്നു തന്നെ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. ബന്ധപ്പെട്ടവരെയെല്ലാം കണ്ടു. എ.ബി.വി.പി പ്രവര്‍ത്തകരും നജീബും തമ്മില്‍ തൊട്ടുമുമ്പ് ചില ഉരസലുകള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളും മൊഴി കൊടുത്തു. പക്ഷേ, അന്വേഷണം എങ്ങുമെത്തിയില്ല. ഇതെഴുതുമ്പോഴും നജീബ് എവിടെയുണ്ടെന്നതിനെക്കുറിച്ച് പോലീസ് ഒരു സൂചന പോലും നല്‍കുന്നില്ല. പോലീസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ്, ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ എട്ടു വിചാരണത്തടവുകാര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായ 'സിമി' പ്രവര്‍ത്തകരാണെന്നും ജയില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നുമാണ് പോലീസ് ഭാഷ്യം. സംഭവത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രി നല്‍കുന്നതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ഡി.ജി.പി നല്‍കുന്ന വിശദീകരണം. ഇരുവരും നല്‍കുന്നതാകട്ടെ അപസര്‍പ്പക കഥകളെ വെല്ലുന്ന അവിശ്വസനീയമായ വിവരണങ്ങളും. സംഭവത്തെക്കുറിച്ച് വന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കള്ളം പറയുകയാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡാണ് ഭോപ്പാലില്‍ അരങ്ങേറിയിരിക്കുന്നത് എന്ന കാര്യത്തില്‍ ജാമിഅ മില്ലിയ്യ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ പോലുള്ളവയുടെ വസ്തുതാന്വേഷണ സംഘങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. പോലീസ് തന്നെ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ അതിലെ പ്രകടമായ പൊരുത്തക്കേടുകളെ അവര്‍ ചോദ്യം ചെയ്യുന്നു. ഇതിനൊന്നും ഒരു വിശദീകരണം നല്‍കാന്‍ പോലും തയാറാകാതെ, പോലീസ് ഭാഷ്യത്തെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണ് എന്ന മട്ടിലാണ് കേന്ദ്രവും മധ്യപ്രദേശും ഭരിക്കുന്ന ബി.ജെ.പി പ്രതികരിക്കുന്നത്. 'വ്യാപം' അഴിമതിക്കേസിലും ഇതുതന്നെയായിരുന്നു അവസ്ഥ. മധ്യപ്രദേശ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഴിമതിക്കേസില്‍ കുടുങ്ങുമെന്ന ഘട്ടത്തിലാണ് അതുമായി പല നിലയില്‍ ബന്ധമുള്ള മുപ്പതില്‍ പരം ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. ആ കേസ് എങ്ങുമെത്താതെ ഇപ്പോള്‍ ഏറക്കുറെ കെട്ടടങ്ങിയിരിക്കുന്നു.

ഭോപ്പാല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകവും ഭരണ സ്വാധീനം ഉപയോഗിച്ച് ഒതുക്കാന്‍ തന്നെയാണ് ശ്രമം നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് സഹായകമായ നിലപാട് തന്നെയായിരിക്കും സ്വീകരിക്കുക. വിചാരണത്തടവുകാരെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുത്തി വളരെ ആഘോഷപൂര്‍വം സംഭവം റിപ്പോര്‍ട്ട് ചെയ്ത മലയാളത്തിലെ 'ദേശീയ' പത്രം, പ്രതിക്കൂട്ടില്‍ സംഘ്പരിവാര്‍ തന്നെ എന്ന് വ്യക്തമായതോടെ പിറ്റേന്ന് അതേക്കുറിച്ച് ഒരക്ഷരം എഴുതിയില്ല. ആഘോഷിക്കാന്‍ അപ്പോഴേക്കും 'മലപ്പുറം ബോംബ്' കിട്ടിക്കഴിഞ്ഞിരുന്നു. പത്രമാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും കാണിക്കുന്ന അലംഭാവമാണ് പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നത്. അത് സമാനമായ കുറ്റകൃത്യങ്ങള്‍ നടത്താന്‍ വീണ്ടും പ്രചോദനമാവുന്നു. വ്യാജ ഏറ്റുമുട്ടലുകളുടെ സമീപകാല ചരിത്രം തന്നെ ഇതിന് തെളിവാണ്. വ്യാജ ഏറ്റുമുട്ടലുകളില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്താണ്, 2014-ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആര്‍.എം ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഏറ്റുമുട്ടല്‍ മരണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഉത്തരവിട്ടത്.

കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണത്തിനാണ് ആവശ്യപ്പെടുന്നത്.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കട്ടെ എന്നാണ് കേന്ദ്ര-സംസ്ഥാന നിലപാട്. ആ അന്വേഷണമാകട്ടെ കൊലപാതകത്തെക്കുറിച്ചല്ല, ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച്!

എല്ലാ മനുഷ്യാവകാശ കൂട്ടായ്മകളും രാഷ്ട്രീയ പാര്‍ട്ടികളും ഒത്തൊരുമിച്ച് ശബ്ദമുയര്‍ത്തേണ്ട സന്ദര്‍ഭമാണിത്. സ്വതന്ത്രമായ ഒരു ഏജന്‍സി, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവത്തെക്കുറിച്ച് പഠിച്ച് എല്ലാ വിവരങ്ങളും പുറത്തുകൊണ്ടുവരട്ടെ. കൊല്ലപ്പെട്ടവരുടെ സിമി, ഭീകര ബന്ധങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. മുസ്‌ലിംകള്‍ മാത്രം ജയില്‍ ചാടുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെ പ്രസ്താവനയും ഗൗരവത്തില്‍ കണക്കിലെടുക്കേണ്ടതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് കാര്യമായ ഭീകര പ്രവര്‍ത്തനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത മധ്യപ്രദേശില്‍ ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ഭീകരതാ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് വര്‍ഷങ്ങളായി ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നത് എന്തുകൊണ്ട് എന്നും അന്വേഷിക്കണം. ഇത്തരമൊരു സ്വതന്ത്ര അന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളെ നിര്‍ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിയാതിരുന്നാല്‍ ഭോപ്പാല്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കും നജീബ് അഹ്മദിന്റെ ദുരൂഹമായ തിരോധാനത്തിനും തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. 


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍