Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

ഖുത്വുബ്‌ മിനാര്‍ പള്ളിയില്‍ ഒരു ജുമുഅ

മുനീര്‍ മുഹമ്മദ് റഫീഖ്

കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രദേശത്തെ മുസ്‌ലിംകളെകുറിച്ച് സാമാന്യമായി അറിയാന്‍ അവിടത്തെ പ്രധാന പള്ളിയില്‍ ജുമുഅയില്‍ സംബന്ധിക്കലാണ് എളുപ്പവഴിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഖുത്വ്ബ് മിനാറിലെ പള്ളിയിലെ ജുമുഅ നമസ്‌കാരം അതിനപ്പുറം, വര്‍ത്തമാനകാലത്തില്‍നിന്ന് ദല്‍ഹി-മുസ്‌ലിം ഭൂതകാലത്തിലേക്കുള്ള ഒരു വൈകാരിക യാത്ര കൂടിയാണ്. കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന വര്‍ണാഭമായ കാഴ്ചകള്‍ തേടുന്ന കേവല സഞ്ചാരിയുടെ മനസ്സോടെ ദല്‍ഹി സന്ദര്‍ശിക്കാന്‍, ചരിത്രബോധമുള്ള ഒരു മുസ്‌ലിമിനാകുമെന്ന് തോന്നുന്നില്ല. കാരണം, മനോഹരമായ ആ ചരിത്രശേഷിപ്പുകള്‍ക്കൊപ്പം ഇന്നിന്റെ നോവേറുന്ന യാഥാര്‍ഥ്യങ്ങളും മനസ്സില്‍ ഒരുമിച്ച് ഇടം പിടിക്കും. ഇവിടത്തെ കാഴ്ചകള്‍ ചില മറക്കാനാകാത്ത ചരിത്രങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. ഈ കാഴ്ചകളിലൂടെ പൂര്‍വകാലത്തേക്ക് എത്രകണ്ട് നാം ആഴ്ന്നിറങ്ങുന്നുവോ, അത്രയും അത് മനസ്സില്‍ നോവിന്റെ നനവ് പടര്‍ത്തും. കാരണം, ദൈന്യതയുടെയും നിന്ദ്യതയുടെയും വര്‍ത്തമാന യാഥാര്‍ഥ്യങ്ങളില്‍നിന്നാണല്ലോ ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും ആ ഭൂതകാലത്തേക്ക് നാം ഇറങ്ങിച്ചെല്ലുന്നത്. അന്ദലൂസ് കണ്ട മുസ്‌ലിം സഞ്ചാരികള്‍ക്കുണ്ടായതായി അവര്‍ രേഖപ്പെടുത്തിയ നഷ്ടപ്രതാപത്തിന്റെ അതേ ദുഃഖം.  

രാഷ്ട്രപതി ഭവന്‍, ഇന്ത്യാ ഗേറ്റ്, പാര്‍ലമെന്റ് തുടങ്ങി ഏതാനും സ്ഥലങ്ങളും സ്ഥാപനങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ദല്‍ഹി, മുസ്‌ലിം ചരിത്രപൈതൃകങ്ങളാല്‍ സമ്പന്നമാണ്. ദല്‍ഹിയെ സന്ദര്‍ശിക്കാന്‍ കൊതിക്കുന്ന ഒരു മഹാനഗരമാക്കുന്നതില്‍ തീര്‍ച്ചയായും ഈ ചരിത്രസ്മാരകങ്ങള്‍ക്കാണ് വലിയ പങ്ക്. ജുമാ മസ്ജിദ്, ചെങ്കോട്ട, ഖുത്വുബ്‌ മിനാര്‍, ഹൂമയൂണ്‍ ടോംബ്, പുരാനാ കില അങ്ങനെ നീളുന്നു ചരിത്രമുറങ്ങുന്ന  മുസ്‌ലിം പൈതൃകങ്ങള്‍. മുഗളന്മാരിലേക്കു മാത്രമല്ല, അവര്‍ക്കും മുമ്പേ ദല്‍ഹിയും അയല്‍പ്രദേശങ്ങളും ഭരിച്ചിരുന്ന അടിമവംശത്തോളം ചെന്നെത്തുന്നതാണ് സമ്പന്നമായ ഈ മുസ്‌ലിം സാംസ്‌കാരിക ശേഷിപ്പുകള്‍.  

ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികള്‍ തങ്ങളുടെ സാമ്രാജ്യസംരക്ഷണാര്‍ഥം തീര്‍ത്ത കോട്ടകളോ, പ്രതാപത്തിന്റെ ഓര്‍മകള്‍ക്കായി തീര്‍ത്ത ശവകുടീരങ്ങളോ ആണ്, പള്ളിപോലുള്ള ഇസ്‌ലാമിന്റെ തനത് സാംസ്‌കാരികചിഹ്നങ്ങളേക്കാള്‍ (ദല്‍ഹി ജുമാ മസ്ജിദ് ഒഴിച്ചുനിര്‍ത്തിയാല്‍) ദല്‍ഹിയില്‍ തെളിഞ്ഞുകാണാനാവുക. ഇന്ത്യയിലെ ആദ്യപള്ളിയായി ഔദ്യോഗിക രേഖകളില്‍ സ്ഥാനം പിടിച്ച പള്ളിയാണ് ഖുത്വ്ബ് മിനാറിനോട് ചേര്‍ന്നുള്ള ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്. മംലൂക് രാജവംശജനായ ഖുത്വ്ബുദ്ദീന്‍ ഐബക് ക്രി. 1193-1197 ലാണ് പള്ളി നിര്‍മിച്ചത്. എന്നാല്‍ ഈ പള്ളിയുടെ പൊട്ടിപ്പൊളിഞ്ഞ ചുമരുകളും ഏതാനും കവാടങ്ങളും മാത്രമേ ഇന്ന് ബാക്കിയുള്ളൂ. സത്യത്തില്‍ പള്ളിയുടെ മിനാരമായി നിര്‍മിച്ചതായിരുന്നു ഇന്ന് സ്വതന്ത്ര കെട്ടിടമായി ഉയര്‍ന്നുനില്‍ക്കുന്ന ഖുത്വ്ബ് മിനാര്‍. ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ പ്രദേശത്ത് ഇന്ത്യയിലെ ആദ്യ പള്ളിയായി പരിചയപ്പെടുത്തുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളിയുടെ ഭാഗത്ത് ഇന്ന് പള്ളിയോ നമസ്‌കാരത്തിനുള്ള സൗകര്യമോ ഇല്ല. എന്നാല്‍, ഈ സന്ദര്‍ശക കേന്ദ്രത്തില്‍നിന്ന് തെല്ലുമാറി പ്രവേശന കവാടത്തിന് വലതുവശത്തായി സ്ഥിതിചെയ്യുന്ന മറ്റൊരു ചെറിയ പള്ളി അധികമാരുടെയും ശ്രദ്ധയില്‍പെടില്ല. ഖുവ്വതുല്‍ ഇസ്‌ലാമിന് പകരമായി പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ടതാകാം ഈ പള്ളി. ഖുത്വുബ്‌ മിനാറിനുള്ളപോലെ, നവീകരണ-അലങ്കാര പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമല്ല ഈ പള്ളിയെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. സന്ദര്‍ശകരില്‍ അധികപേരും ആ പള്ളി ശ്രദ്ധിച്ചെന്നും വരില്ല. കാടുപിടിച്ചിരിക്കുന്ന പള്ളിവളപ്പില്‍ സന്ദര്‍ശകബാഹുല്യം തീരെയില്ലാത്തതിനാല്‍ വ്യവസ്ഥാപിതമായി നമസ്‌കാരം നടന്നുപോരുന്ന ഒരു പള്ളിയാണതെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആദ്യ സന്ദര്‍ശനത്തില്‍  തോന്നിയിരുന്നില്ല. ഖുത്വ്ബ് മിനാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെയിറങ്ങുമ്പോഴാണ,് തൊപ്പിവെച്ച് ശുഭ്രവസ്ത്രധാരികളായ ഏതാനും വൃദ്ധര്‍ പള്ളിയിലേക്ക് കയറുന്നത് ശ്രദ്ധയില്‍പെട്ടത്. ഇവിടെ ജുമുഅ നമസ്‌കാരമുണ്ടെങ്കില്‍ അതില്‍ സംബന്ധിക്കാമെന്നത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. കൂടെയുണ്ടായിരുന്ന ഹഫീദ് നദ്‌വിക്കും അല്‍ജാമിഅ വിദ്യാര്‍ഥികള്‍ക്കും അതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. 

മുഗള്‍ സ്മാരകങ്ങളുടെ പ്രൗഢിയും മനോഹാരിതയും ഈ പള്ളിക്കില്ല. നാട്ടിലെ ഏതെങ്കിലും ചെറിയ നമസ്‌കാര പള്ളിയോട് ഉപമിക്കാനേ കഴിയൂ. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന ഈ പള്ളി ദല്‍ഹി ജുമാ മസ്ജിദിന്റെ അതേ ആകൃതിയിലാണ്. മനോഹരമായ ഖുബ്ബയും മിനാരങ്ങളുമുള്‍ക്കൊള്ളുന്ന മുന്‍ഭാഗമാണ് പള്ളിയുടെ പ്രധാനഭാഗം. അവിടെ ഏതാനും സ്വഫുകള്‍ക്കുള്ള സ്ഥലമേ ഉണ്ടാകൂ. ബാക്കി വരുന്ന സ്ഥലം തുറന്ന സ്ഥലമായി നമസ്‌ക്കാരത്തിനായി അവശേഷിപ്പിക്കുന്നതാണ് ഈ പള്ളികളുടെ ഒരു പൊതുരീതി. അകത്തേ പള്ളിയില്‍ രണ്ടു സ്വഫുകള്‍ക്കേ സ്ഥലമുള്ളൂ. കഷ്ടിച്ച് ഇരുപതു പേര്‍ക്ക് നിന്ന് നമസ്‌കരിക്കാനാകും. മേല്‍ക്കൂരയും ചുറ്റുമതിലുകളുമില്ലാത്ത പുറത്തെ പള്ളിവളപ്പില്‍ 30 പേര്‍ക്ക് നമസ്‌കരിക്കാനായേക്കും. പള്ളിയുടെ വലതുഭാഗത്തുള്ള ഒരു ചെറിയ റൂം സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലമാണ്. ഞങ്ങളോടൊപ്പം വന്ന അല്‍ജാമിഅ വിദ്യാര്‍ഥിനികള്‍ ഒഴിച്ചാല്‍ രണ്ടു സ്ത്രീകള്‍ മാത്രമാണ് അവിടെ നമസ്‌കാരത്തിനെത്തിയിരുന്നുള്ളൂ. രണ്ട് വാട്ടര്‍ ടാപ്പുകളേ ഇവിടെയുള്ളൂ. സമീപത്ത് നിരനിരയായി കുറേയേറെ പ്ലാസ്റ്റിക് പാത്രങ്ങള്‍ വെച്ചിരിക്കുന്നു. അതില്‍ വെള്ളം നിറച്ചുവേണം വുദൂ എടുക്കാന്‍. മാറ്റം വരുത്താനാകാത്ത ഒരു ആചാരമായി അവരത് പിന്തുടര്‍ന്നുപോരുന്നതായി തോന്നി. സ്ത്രീകള്‍ക്കായി വുദൂ ചെയ്യാന്‍ പ്രത്യേക സൗകര്യമില്ലാത്ത ഇവിടെ സ്ത്രീകളും വുദൂ ചെയ്യുന്നത് ഇവ്വിധംതന്നെ. പൊതുവെ മുഖം പോലും മറയ്ക്കുന്ന ഇവിടത്തെ സ്ത്രീകള്‍ക്ക്, കൈകാലുകള്‍ കാണുംവിധം പുരുഷസാന്നിധ്യത്തില്‍ വുദൂ ചെയ്യുന്നതില്‍ എന്തെങ്കിലും ജാള്യതയുള്ളതായി തോന്നിയില്ല. മൈക്കും ഉച്ചഭാഷിണിയുമില്ലാത്ത ഈ പള്ളിയില്‍, പുറത്തെ വാതിലിനു സമീപം നിന്ന് ഉച്ചത്തില്‍ ബാങ്ക് വിളിച്ചാണ് മുഅദ്ദിന്‍ നമസ്‌കാരസമയം അറിയിക്കുന്നത്. 

പള്ളിയില്‍ വന്നിരിക്കുന്നവരിലധികവും വൃദ്ധരാണ്. അവരില്‍ ചിലര്‍ സുന്നത്ത് നമസ്‌കരിക്കുന്നത് ഇരുന്നുകൊണ്ടാണ്. വാര്‍ധക്യം അതിനേ അവരെ അനുവദിക്കുന്നുള്ളൂ. നമസ്‌ക്കരിക്കാനെത്തുന്ന വിശ്വാസികളുടെ ആധിക്യത്താല്‍ പലവട്ടം വിപുലപ്പെടുത്തിയ ചരിത്രമുണ്ട് ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളിക്ക്. പേര് സൂചിപ്പിക്കുന്നതുപോലെ അന്നാ പള്ളി ഇന്ത്യയിലെ ഇസ്‌ലാമിന്റെ ശക്തിയുടെ പ്രതീകം തന്നെയായിരിക്കണം. എന്നാല്‍ ഇന്നീ പള്ളിയില്‍ കൂടിയിരിക്കുന്ന ഞാനടക്കമുള്ള ജനത ഇസ്‌ലാമിന്റെ ശക്തിയെ, ഓജസ്സിനെ ഏതെങ്കിലും നിലയില്‍ പ്രതിനിധീകരിക്കുന്നതായി തോന്നിയില്ല. 

ജുമുഅ ഖുത്വുബ ആരംഭിക്കാന്‍ ഇനിയുമുണ്ട് സമയം. പള്ളിയുടെ വലതു മൂലയില്‍ വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടേബ്ള്‍ ഫാനും മിഹ്‌റാബിനു മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു പഴയ മോഡല്‍ ഘടികാരവും മാത്രമേ ആധുനികതയുടെ അടയാളങ്ങളായി ഈ പള്ളിയില്‍ കാണുന്നുള്ളൂ. നീണ്ടുവെളുത്ത ഏറെ പ്രായം ചെന്ന ഒരാള്‍ മിഹ്‌റാബിന് സമീപമുള്ള മിമ്പറിന്റെ അരികില്‍ വന്നു. അദ്ദേഹമാണ് ഇമാം. എന്നാല്‍ അങ്ങനെ തിരിച്ചറിയാന്‍ സാധിക്കുന്ന ഒന്നും അദ്ദേഹത്തിന്റെ വേഷത്തിലില്ല. ഉത്തരേന്ത്യയിലെ ഏതൊരു ശരാശരി മുസ്‌ലിമിനെയും പോലെ പൈജാമയും കുര്‍ത്തയും വെളുത്ത തൊപ്പിയുമാണ് അദ്ദേഹത്തിന്റെ വേഷം. മിമ്പറില്‍ കയറുന്നതിനു പകരം അദ്ദേഹം അതിന്റെ മൂന്നാമത്തെയോ നാലാമത്തെയോ പടിയില്‍ ഇരുന്നാണ് പ്രസംഗമാരംഭിച്ചത്. മൈകില്ലെങ്കിലും അദ്ദേഹത്തെ എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയും. ഒരു കൈയില്‍ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഏവരും കാണുമാറ്, അദ്ദേഹം സ്വിച്ച് ഓഫ് ആക്കുകയും എല്ലാവരോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേവലം, നിര്‍ദേശം നല്‍കുന്നതിനപ്പുറം, ഏതൊരു ഇമാമും ഇവ്വിധം പ്രവര്‍ത്തിച്ചുകാണിച്ചുകൊടുക്കുന്നത് പള്ളിയില്‍ സന്നിഹിതരായവരെ ഏറെ സ്വാധീനിക്കാന്‍ നല്ലതാണെന്ന് തോന്നി. മിമ്പറില്‍ ഇരുന്നാണ് അദ്ദേഹം ഖുത്വ്ബ നിര്‍വഹിക്കുന്നത്. കയറിനില്‍ക്കാന്‍ മാത്രം അതിനു വലിപ്പമുണ്ടെന്ന് തോന്നിയില്ല. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിക്‌റിന്റെ മഹത്വത്തെക്കുറിച്ചാണ് അദ്ദേഹം ഉര്‍ദുവില്‍ പറയുന്നത്. 

നമ്മുടെ നാട്ടിലെ 'സമസ്ത' പാരമ്പര്യപള്ളികളില്‍ പൊതുവെ കണ്ടുവരാറുള്ള, ഔപചാരിക ഖുത്വ്ബക്കു മുമ്പ് മിമ്പറില്‍ കയറാതെ ഇമാം താഴെ നിന്ന് നിര്‍വഹിക്കുന്ന പ്രസംഗമാണ് ഇതെന്ന് എനിക്ക് മനസ്സിലായത്, അദ്ദേഹം എഴുന്നേറ്റ് മിമ്പറില്‍ നിന്ന് യഥാര്‍ഥ ഖുത്വ്ബ ആരംഭിച്ചപ്പോഴാണ്. ഒരു അറബി കിതാബ് നോക്കിവായിക്കുകയാണദ്ദേഹം. മൂന്നു മിനിറ്റിനപ്പുറം ഖുത്വ്ബ നീണ്ടുപോയില്ല. വിശ്വാസികളുടെ പാപമോചനത്തിനായി ഖത്വീബ് പ്രാര്‍ഥിച്ചുകൊണ്ട് ഖുത്വ്ബ അവസാനിപ്പിക്കുന്ന രീതി ഇവിടെയില്ലെന്നു തോന്നുന്നു. പ്രാര്‍ഥനയില്ലാതെ അവസാനിച്ച ഖുത്വ്ബയില്‍ എനിക്കെന്തോ കുറവ് തോന്നി. ഹനഫീ മദ് ഹബ് അനുധാവനം ചെയ്യുന്ന ഉത്തരേന്ത്യയില്‍ പൊതുവെ ആരാധനാ അനുഷ്ഠാനങ്ങളില്‍ ചെറിയ വൈവിധ്യങ്ങളൊക്കെയുണ്ട്. 

മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്‍കേണ്ട ഇടങ്ങളാണ് പള്ളി മിമ്പറുകള്‍. അവരെ ആത്മീയമായി സംസ്‌കരിക്കുകയും സാമൂഹികമായി ചലിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട ഇസ്‌ലാമിലെ ഏറ്റവും ഡൈനാമിക്കായ സ്ഥാപനങ്ങളില്‍ ഒന്നാണ് ജുമുഅ ഖുത്വ്ബ. ജീവസ്സുറ്റ സമൂഹസൃഷ്ടിക്ക് ഊടും പാവും നല്‍കേണ്ട ഇടങ്ങളാണ് പള്ളികള്‍. ഈ സംവിധാനങ്ങള്‍ക്ക് അതിന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഏറെ നാളുകളായി. ഈമാന്‍ തുളുമ്പുന്ന സുസ്‌മേരവദനരായ ഈ മൗലാനമാരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും, ഇസ്‌ലാമിന്റെ ഇത്തരം മര്‍മപ്രധാനമായ സംവിധാനങ്ങളുടെ യഥാര്‍ഥ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ, വെറും ഒരു ചടങ്ങായാണ് അവ നിര്‍വഹിക്കപ്പെടുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. ആത്മീയ- ബൗദ്ധിക മണ്ഡലങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിന് ദിശാബോധം നല്‍കിയ ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയെ പോലുള്ളവര്‍ ജീവിച്ച നാടാണിത്.

പള്ളിയില്‍ സന്നിഹിതരായ 'റിക്ഷവലിക്കാരും വെള്ളംകോരി'കളുമായ ഈ മുസ്‌ലിംകളും, ആധുനിക മനുഷ്യനെപോലും അത്ഭുതപ്പെടുത്തുമാറ് വന്‍ കോട്ടകൊത്തളങ്ങളും രമ്യഹര്‍മ്യങ്ങളും തീര്‍ത്ത അവരുടെ പൂര്‍വികരും എത്ര അകലെ? ഇസ്‌ലാമിന്റെ പ്രതാപമായി തൊട്ടപ്പുറത്ത് ഏറെ കാലം ഉയര്‍ന്നുനിന്ന ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളിയും, ഈ സന്ദര്‍ശകബാഹുല്യത്തിലും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട ഈ പള്ളിയും തമ്മില്‍ കാലം തീര്‍ത്ത അന്തരം എത്ര വലുതാണെന്ന് ഞാന്‍ ചിന്തിച്ചു. പൂര്‍വപ്രതാപത്തിന്റെ ഒരു ലാഞ്ഛനയും ദല്‍ഹിയിലെ ഒരു ശരാശരി മുസ്‌ലിമില്‍ കാണുക സാധ്യമല്ല. അങ്ങനെ ഒരു ചരിത്രം തങ്ങള്‍ക്കുണ്ടെന്ന ഓര്‍മപോലും ഈ സമൂഹത്തിന് നഷ്ടപ്പെട്ടുവെന്നു തോന്നി. ആഞ്ഞു ചവിട്ടി കൂമ്പ് കരിയിക്കുന്ന റിക്ഷകളില്‍നിന്ന് ഒരു മോട്ടോര്‍ റിക്ഷയിലേക്കുള്ള പുരോഗതിയെ സങ്കല്‍പ്പിക്കാന്‍ പോലും സ്വപ്‌നങ്ങളില്ലാത്തവരായി ഇന്ന് ഇവിടത്തെ മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. ഈ ദല്‍ഹിയുടെ തെരുവോരങ്ങളില്‍ പുഴുക്കളെപോലെ എരിഞ്ഞടങ്ങുന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും ഒരു ദൗത്യം തങ്ങള്‍ക്കുണ്ടെന്ന് ആലോചിക്കുന്നതില്‍നിന്ന് എത്ര വിദൂരതയിലാണവര്‍!  


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍