രോഗം പുനര്‍വിചിന്തനത്തിന്
അല്ലാഹു എന്തിനാണ് രോഗങ്ങള്‍ സൃഷ്ടിച്ചത്? വ്യത്യസ്ത നിരീക്ഷണങ്ങളാണ് ഈ ചോദ്യത്തിന് പലരും നല്‍കുന്നത്. ചിലരുടെ അഭിപ്രായത്തില്‍ രോഗം പരീക്ഷണമാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ എന്തിനാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് തോന്നിയേക്കാം. എത്രയെത്ര കുഞ്ഞുങ്ങളാണ് രോഗാവസ്ഥകളോടെയും വൈകല്യങ്ങളോടെയും ജനിക്കുന്നത്! അല്ലാഹു, രോഗങ്ങള്‍ സൃഷ്ടിച്ചതിനെക്കുറിച്ച മറ്റൊരു നിരീക്ഷണം ഇങ്ങനെയാണ്: സൃഷ്ടിരഹസ്യങ്ങള്‍ അല്ലാഹുവിനു മാത്രമേ അറിയൂ. പല രഹസ്യങ്ങളും അവന്‍ മലക്കുകളെയോ പ്രവാചകന്മാരെയോ അറിയിച്ചിട്ടില്ല.
ഏതൊരു കാര്യത്തിന്റെയും മഹത്വം മനസ്സിലാക്കാന്‍ അതിന്റെ മറുവശം അനുഭവിച്ചേ പറ്റൂ. ഇരുട്ടറിയാത്ത ആളിനെങ്ങനെ വെളിച്ചത്തിന്റെ മഹത്വം മനസ്സിലാകും? വിശപ്പറിഞ്ഞാലേ ആഹാരത്തിന്റെ രുചിയറിയൂ. കുടുംബ ബന്ധങ്ങളുടെ ആനന്ദം അനുഭവിച്ചവര്‍ക്കാണ് വേര്‍പാടിന്റെ വേദനയറിയുക. രോഗാവസ്ഥയിലാണ് ആരോഗ്യത്തിന്റെ വിലയറിയുന്നത്.
രോഗത്തെ ഒരു വിശ്വാസി അല്ലാഹുവിന്റെ ശിക്ഷയായോ കോപമായോ കാണാന്‍ പാടില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹുവിന്റെ തീരുമാനപ്രകാരം സംഭവിക്കുന്നതാണത്. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം നല്ലതിനാണ്. വിശ്വാസി മനസ്സില്‍ സജീവമായി നിലനിര്‍ത്തേണ്ട ഒരു ഹദീസ് ഇങ്ങനെ: ''ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവനു സന്തോഷമുണ്ടാവുമ്പോള്‍ അല്ലാഹുവിന് നന്ദി ചെയ്യും, അപ്പോള്‍ അതവനു നന്മയാകും. പ്രയാസമുണ്ടാകുമ്പോള്‍ അവന്‍ ക്ഷമിക്കും, അപ്പോള്‍ അതും അവന് നന്മയാകും.''
ഈ ഹദീസിന്റെ പൊരുളറിയുന്ന വിശ്വാസിക്ക് ഒരിക്കലും രോഗത്തെ അല്ലാഹുവിന്റെ ശിക്ഷയായോ കോപമായോ കാണാന്‍ സാധിക്കില്ല. അത് പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ തീരുമാനപ്രകാരം സംഭവിക്കുന്നതാണ്. മാത്രമല്ല, രോഗാവസ്ഥയിലെ വേദനയും വിഷമവും ക്ഷമയോടെ സഹിച്ചാല്‍ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അത് നിമിത്തമായിത്തീരുകയും ചെയ്യും.
ചിലര്‍ വാര്‍ധക്യത്തില്‍ രോഗികളാകുമ്പോള്‍, ചിലര്‍ ചെറുപ്പത്തിലേ രോഗികളാകുന്നു. ചിലര്‍ ക്രമേണയും മറ്റു ചിലര്‍ പൊടുന്നനെയും രോഗികളാകുന്നു. പുറമെ കാണാന്‍ പറ്റുന്നതും അല്ലാത്തതുമായ എത്രയെത്ര രോഗങ്ങള്‍! എങ്കിലും അധികമാളുകളും ജീവിതയാത്രയിലെ നല്ലൊരു പങ്കും ആരോഗ്യത്തോടെ പിന്നിടുമ്പോള്‍ അതില്‍ കുറച്ചുമാത്രമേ രോഗാവസ്ഥയിലൂടെ കടന്നുപോകാറുള്ളൂ.
രോഗവും ചികിത്സയും
രോഗം വന്നാല്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തി ചികിത്സിക്കേണ്ടതാണ്. ''എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ ചികിത്സ നടത്തുവിന്‍. ഹറാമായതുകൊണ്ടു ചികിത്സിക്കരുത്.'' ചികിത്സയോടൊപ്പം പ്രാര്‍ഥനയും അനിവാര്യമാണ്. അല്ലാഹുവിന്റെ തീരുമാനം മാറ്റാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂവെന്ന് വിശ്വസിക്കുന്നവനാണ് സത്യവിശ്വാസി.
രോഗം വിശ്വാസിയുടെ പരലോകചിന്തക്ക് സജീവത നല്‍കുന്നു. ജീവിതത്തില്‍ അനുഭവിച്ച അനുഗ്രഹങ്ങള്‍ സ്മരിക്കാനും നന്ദി പ്രകടിപ്പിക്കാനും അവസരം ലഭിക്കുന്നു. ജീവിതത്തില്‍ സംഭവിച്ചുപോയ തെറ്റുകള്‍, ചിന്തയില്‍ വന്ന ദോഷങ്ങള്‍, സംസാരത്തിലും നോട്ടത്തിലും കേള്‍വിയിലും സംഭവിച്ച പിഴവുകള്‍.. എല്ലാം ഏറ്റുപറഞ്ഞ് തൗബ ചെയ്യാന്‍ ലഭ്യമായ അവസരങ്ങള്‍ വഴിതുറക്കുന്നു.
സന്ദര്‍ശനവും സാന്ത്വനവും
രോഗിയെ സന്ദര്‍ശിക്കലും ആശ്വസിപ്പിക്കലും പ്രബലമായ പ്രവാചക ചര്യയാണ്. രോഗിയുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുകയും രോഗിയോട് അനുകമ്പ കാണിക്കുകയും ചെയ്തിരുന്നു പ്രവാചകന്‍ (സ).
സ്‌നേഹത്തിന്റെ രാജാധിരാജന്‍, എല്ലാറ്റിന്റെയും സ്രഷ്ടാവും ഉടമസ്ഥനുമായ അല്ലാഹു ആരെയും കൈവിടില്ലെന്നുള്ള ആശ്വാസവാക്കുകള്‍ കേള്‍പ്പിക്കണം. പ്രവാചകന്‍ (സ) രോഗികള്‍ക്കായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ആഇശ(റ)യില്‍നിന്ന് നിവേദനം: ''നിശ്ചയം നബി (സ) അവിടുത്തെ കുടുംബാംഗങ്ങളെ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുമ്പോള്‍ വലതു കൈ കൊണ്ട് രോഗിയെ തടവിക്കൊണ്ട് പ്രാര്‍ഥിക്കുമായിരുന്നു; 'മനുഷ്യരുടെ നാഥാ, ഈ അവശതയെ ദൂരീകരിക്കുകയും ഇദ്ദേഹത്തിന്റെ രോഗം നീ സുഖപ്പെടുത്തുകയും ചെയ്യേണമേ. യഥാര്‍ഥത്തില്‍ രോഗം സുഖപ്പെടുത്തുന്നവന്‍ നീയാണ്. നിന്റെ ശമനമില്ലാതെ മറ്റു ആശ്വാസമാര്‍ഗമേതുമില്ല. നിന്റെ ശമനം ഒരു രോഗത്തെ (സുഖപ്പെടുത്താതെ) ഉപേക്ഷിക്കുകയുമില്ല'' (ബുഖാരി, മുസ്‌ലിം).
ഈ ലോക ജീവിതം വളരെ കുറഞ്ഞ സമയമേയുള്ളു, അത് വളരെ നിര്‍ണായകവുമാണ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും വിശ്വാസിയുടെ ശീലമായിരിക്കണം. ഒരു ദിവസംപോലും പാഴാക്കാന്‍ പാടില്ല, അത്ര വിലപ്പെട്ടതാണ് സമയം. ഹ്രസ്വ ജീവിതം കര്‍മങ്ങള്‍കൊണ്ട് ധന്യമാക്കുക. ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കി ഈ ലോകത്തുനിന്ന് യാത്രയാവാന്‍ പ്രാര്‍ഥിക്കുക. വിശ്വാസിയുടെ വിശ്രമം മരണം മുതല്‍.
Comments