Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

ജനാധിപത്യ ഇന്ത്യ ചോദിക്കുന്നു; എവിടെയാണ് നജീബ്?

പി. ഹിശാമുല്‍ വഹാബ്

സമീപകാലത്ത് രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിയുണര്‍ത്തുന്നതാണ്. നീതിനിഷേധവും തിരോധാനങ്ങളും കൊലപാതകങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് നജീബ് അഹ്മദ് എന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുടെ തിരോധാനം. അന്വേഷണങ്ങള്‍ രണ്ടാഴ്ച പിന്നിട്ടെങ്കിലും നജീബിനെക്കുറിച്ച് ഒരു വിവരവും നല്‍കാന്‍ നിയമപാലക സംവിധാനത്തിനു കഴിഞ്ഞിട്ടില്ല. 

ഒക്‌ടോബര്‍ പതിനഞ്ചിനാണ് നജീബിനെ കാണാതാവുന്നത്. അതിനു തലേദിവസം രാത്രി നജീബിന്റെ മുറിയില്‍ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരുമായി ഉണ്ടായ വാക്തര്‍ക്കം ഗുരുതരമായ പരിണതിയിലെത്തുകയായിരുന്നു. പിന്നീട് സംഘം ചേര്‍ന്നെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ മറ്റു വിദ്യാര്‍ഥികളെ ആക്ഷേപിക്കുകയും വാര്‍ഡന്റെ റൂമിലെത്തുന്നതുവരെ അവരെ അകറ്റിനിര്‍ത്തുകയും ചെയ്തു. വാര്‍ഡനുമായുള്ള സംസാരത്തിനിടയിലും നജീബിനെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത എ.ബി.വി.പി പ്രവര്‍ത്തകര്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. നജീബിനെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കാന്‍ കൂട്ടുനിന്ന വാര്‍ഡന്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ച് നോട്ടീസ് പുറത്തിറക്കി. എന്നാല്‍ അടുത്ത ദിവസം നജീബിനെ കാണാതായതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. 

മര്‍ദനത്തിനു ശേഷം രാത്രി തന്നെ നജീബ് മാതാവിനെ വിളിക്കുകയും എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ മാതാവ് എത്തുന്നതിനു മുമ്പുതന്നെ ദുരൂഹ സാഹചര്യത്തില്‍ നജീബിനെ കാണാതാവുകയായിയിരുന്നു. വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ മാതാവിന്റെ പരാതിയില്‍ സെക്ഷന്‍ 365 (നിയമവിരുദ്ധമായ തട്ടിക്കൊണ്ടുപോകല്‍) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പതിനാറാം തീയതി, സംഭവം അറിഞ്ഞെത്തിയ വിദ്യാര്‍ഥികള്‍ ജെ.എന്‍.യുവിന്റെ പ്രധാന കവാടം ഉപരോധിച്ച് സര്‍വകലാശാലാ അധികൃതരോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി രണ്ടുമണിവരെ നീണ്ട പ്രതിഷേധ യോഗത്തില്‍ എത്തിയ പ്രോക്ടര്‍, സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് കേസ് ഫയല്‍ ചെയ്യുമെന്നും നജീബിനെ മര്‍ദിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പുറത്താക്കുമെന്നും ഉറപ്പുനല്‍കി. 

തങ്ങളുടെ കണ്‍മുന്നില്‍വെച്ച് നടന്ന മര്‍ദനത്തിനെതിരെ പ്രോക്ടര്‍ക്കു മുമ്പില്‍ ഹാജരായി വസ്തുതകള്‍ തുറന്നുപറയാമെന്ന് വാക്കു നല്‍കിയ വിദ്യാര്‍ഥികള്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. 'നജീബിനു നീതി ലഭ്യമാക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ രണ്ടാഴ്ചയോളമായി സമരത്തിലാണ്. വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിന്റെ ഫലമായി വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍വകലാശാലാ അധികൃതര്‍ യാതൊരു നടപടികളും  ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇപ്പോഴും ഹോസ്റ്റലിലുള്ള കുറ്റാരോപിതരായ എ.ബി.വി.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനോ പുറത്താക്കാനോ അവര്‍ സന്നദ്ധരായിട്ടില്ല. നജീബിനെ പ്രതിയാക്കാനും അദ്ദേഹത്തെ മര്‍ദിച്ചവരെ  ഇരകളായി ചിത്രീകരിക്കാനും തുനിഞ്ഞ അധികൃതര്‍ സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ട ഉന്നത കലാലയങ്ങളില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. 

നജീബിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി നാളുകളേറെ പിന്നിട്ടെങ്കിലും ദല്‍ഹി പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കുള്ള ഇനാം ഒരു ലക്ഷമായി ഉയര്‍ത്തി എന്നതിലപ്പുറം ഒരു പുരോഗതിയും കേസില്‍ ഉണ്ടായിട്ടില്ല. രാജ്യത്തെ ഭീകരവാദകേസുകളില്‍ ഞൊടിയിടയില്‍ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്ന ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഈ കേസില്‍ 'ഇരുട്ടില്‍ തപ്പുകയാണ്.' 

പലവിധ സമരരീതികള്‍ അവലംബിക്കുന്ന സ്റ്റുഡന്റ്‌സ് യൂനിയന്‍ ഇതുവരെ പ്രതിഷേധ പ്രകടനങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധം, മനുഷ്യച്ചങ്ങല, ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച്, ദല്‍ഹി പോലീസ് കേന്ദ്ര ഓഫീസിലേക്ക് പ്രകടനം എന്നിവ സംഘടിപ്പിച്ചു. സമര രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ കാമ്പസില്‍ സജീവമാണ്. സംഘ്പരിവാര്‍ ഭരണകാലത്ത് നടന്നുവരുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളും അക്രമങ്ങളും നജീബ് തിരോധാനത്തോട് ചേര്‍ത്തു വായിക്കേണ്ടതാണ്. നജീബിന്റെ ഹോസ്റ്റലില്‍ എഴുതിവെക്കപ്പെട്ട 'മുസ്‌ലിംകളെല്ലാം ഭീകരവാദികളാണ്', 'പാകിസ്താന്‍ മുല്ലകള്‍ മടങ്ങിപ്പോവുക' എന്നൊക്കെയുള്ള അശ്ലീലങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമായ 'സംഘ്‌ബോധ'ത്തിന്റെ പച്ചയായ അനാവരണങ്ങളാണ്. 

പ്രതിസ്ഥാനത്ത് മുസ്‌ലിമിനെ ചൂണ്ടുമ്പോള്‍ ഉണര്‍ന്നെണീക്കുന്ന അന്വേഷണ ഏജന്‍സികള്‍, അതേ മുസ്‌ലിം ഇരയാക്കപ്പെടുമ്പോള്‍ അവലംബിക്കുന്ന മൗനം ഭയാനകമാണ്. നജീബ് അഹ്മദ് എന്ന മുസ്‌ലിം വിദ്യാര്‍ഥി അത്തരമൊരു മൗനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഇര മാത്രമാണ്. സംഘ്പരിവാര്‍-സര്‍വകലാശാല-നിയമപാലക കൂട്ടുകെട്ടിന്റെ ഉള്ളുകള്ളികള്‍ വെളിച്ചത്തുകൊണ്ടുവന്നാല്‍ മാത്രമേ കാമ്പസുകളിലും പുറത്തും നടക്കുന്ന വിവേചനങ്ങളെയും മുസ്‌ലിംവിരുദ്ധ അക്രമങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കൂ. അപ്പോഴേ ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍ തന്റെ മകനെ കാത്തിരിക്കുന്ന ഫാത്വിമക്കും സമാനമായ കാത്തിരിപ്പുകള്‍ നടത്തുന്ന രാജ്യത്തെ നിരവധി മാതാപിതാക്കള്‍ക്കും ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനാവൂ. 

(ജെ.എന്‍.യുവിലെ പശ്ചിമേഷ്യന്‍ പഠന വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍