Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

വിളക്കുമാടങ്ങള്‍ നിലം പൊത്തുന്നുവോ?

സുബൈര്‍ കുന്ദമംഗലം

കേരളത്തിലെ നിര്‍മാണ രംഗമുള്‍പ്പെടെയുള്ള വ്യത്യസ്ത തൊഴില്‍ മേഖലകളിലെന്ന പോലെ മതസ്ഥാപനങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെട്ടുവരികയാണ്. പള്ളികളില്‍ മുഅദ്ദിന്‍-ഇമാം തസ്തികകളിലും ശുചീകരണ മേഖലയിലും ഹിന്ദി ബെല്‍റ്റിലുള്ളവരെയും ബംഗാളികളെയും ഇപ്പോള്‍ ധാരാളമായി കണ്ടുവരുന്നു. ഉത്തരേന്ത്യക്കാരുടെ ഗള്‍ഫായ കേരളത്തില്‍ അവരുടെ സേവനം ഏറെ വിലമതിക്കത്തക്കതും മാതൃകാപരവുമാണ്.

എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. നിരവധി മതസ്ഥാപനങ്ങളും അറബിക്കോളേജുകളും ഉന്നത ഇസ്‌ലാമിക കലാലയങ്ങളുമുള്ള നമ്മുടെ നാട്ടില്‍ എങ്ങനെ ഈ ഗതി വന്നുപെട്ടു? വ്യവസ്ഥാപിതമായ ഇസ്‌ലാമിക പ്രവര്‍ത്തനം നടക്കുന്ന ഒരു പ്രദേശത്തെ പള്ളികളിലേക്കും മതസ്ഥാപനങ്ങളിലേക്കും മറുനാടുകളില്‍നിന്ന് ജീവനക്കാരെ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിവിശേഷം എങ്ങനെയുായി? തൃപ്തികരമായ വേതനം ലഭ്യമായിട്ടും സേവനത്തിനു മലയാളികളെ കിട്ടാത്തതെന്തുകൊണ്ട്?

എല്ലാ സംഘടനകളുടെയും സ്ഥാപനങ്ങളില്‍ ഈ പ്രതിസന്ധി പ്രകടമാണെങ്കിലും, പുരോഗമന പ്രസ്ഥാനങ്ങളുടെ പള്ളികളിലും സ്ഥാപനങ്ങളിലുമാണ് മലയാളി ദീനീസേവകരുടെ ദൗര്‍ലഭ്യം രൂക്ഷമായി കണ്ടുവരുന്നത്. ഇതിന്റെ കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്, മിക്ക അറബിക്കോളേജുകളും ഇസ്‌ലാമിക കലാലയങ്ങളും ഇന്ന് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. മുന്‍ തലമുറ  കൊളുത്തിവെച്ച വിളക്കുമാടങ്ങള്‍ നിലംപൊത്തുകയും അവര്‍ കത്തിച്ചുവെച്ച കൈത്തിരി അണഞ്ഞുപോവുകയുമാണ്. രണ്ട്, മതവിഷയങ്ങള്‍ പഠിച്ചവര്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരല്ല. മൂന്ന്, ഇസ്‌ലാമിക സംഘടനാ നേതാക്കള്‍ പോലും തങ്ങളുടെ മക്കളെ ഉന്നത മതപഠനത്തിന് അയക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. നാല്, കാലോചിതമായി ഇസ്‌ലാമിക സിലബസ് പരിഷ്‌കരിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അതൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ല.

വേറെയും കാരണങ്ങള്‍ കണ്ടെത്താനാകും. ഒരുകാലത്ത് മത പാഠശാലകള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്‍കിയിരുന്ന കേരളീയ മുസ്‌ലിം സമൂഹം, വിശിഷ്യാ പുരോഗമന പ്രസ്ഥാനങ്ങള്‍ മര്‍മപ്രധാനമായ ഈ മേഖലയുടെ നേരെ ബോധപൂര്‍വം കണ്ണടച്ചതാണോ? കാലപ്രവാഹത്തില്‍ സമുദായം മറ്റു മേഖലകളിലേക്ക് തിരിഞ്ഞതോടെ സുപ്രധാനമായ മതപഠനം അവഗണിക്കപ്പെട്ടുവോ?

ആയിരക്കണക്കിന് മദ്‌റസകളും നൂറുകണക്കിന് ഉപരിപഠന സ്ഥാപനങ്ങളും ജാമിഅകളും ഉണ്ടായിട്ടും പ്രഗത്ഭരായ ഖത്വീബുമാരെയും മുദര്‍രിസുമാരെയും ഖാരിഉകളെയും മുഅദ്ദിന്മാരെയും സൃഷ്ടിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് സമുദായ നേതൃത്വം ചിന്തിക്കണം. ഇങ്ങനെ പോയാല്‍ ബാങ്കുവിളിക്കും ഇമാമത്തിനും മാത്രമല്ല, ഖുത്വ്ബക്കും പ്രഭാഷണത്തിനും വരെ ഇതര നാടുകളില്‍നിന്ന് ആളുകളെ കണ്ടെത്തുന്ന കാലം വിദൂരമല്ല.


'പരസ്പരം പഴിചാരരുത്'
വിചിന്തനത്തിന്റെ വിചിത്ര മാതൃക!

 

ഭീകര സംഘമായ ഐ.എസിലേക്ക് ചേക്കേറുന്നവരോ വിദ്വേഷ പ്രചാരണങ്ങളിലേര്‍പ്പെടുന്നവരോ മുസ്‌ലിംകളിലുണ്ടെങ്കില്‍ അത്തരക്കാരെ ന്യായീകരിക്കുന്നതില്‍ അശേഷം ന്യായമില്ലെന്ന് വ്യക്തം. ഐ.എസിന് ഇസ്‌ലാമുമായി ബന്ധമില്ലെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാനും ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കാനും മുസ്‌ലിം സംഘടനകള്‍ ബാധ്യസ്ഥരാണ്, ഈ ബാധ്യത അവര്‍ യഥാവിധി നിറവേറ്റുന്നുമുണ്ട്.

എന്നാല്‍, ഐ.എസിന്റെ മറവില്‍ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കാന്‍ ചില തല്‍പര കക്ഷികള്‍ കുത്സിത ശ്രമം നടത്തുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് 'ഇസ്‌ലാമിന്റെ അന്തകവിത്തും ഭീകരതയുടെ പിതൃത്വവും' എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം മുഖപത്രം വിചിന്തനം വാരിക(ഒക്‌ടോബര്‍ 21)യില്‍ വന്ന ലേഖനത്തിലെ ഈ നിരീക്ഷണം പ്രസക്തമാവുന്നത്: ''സമുദായത്തിനകത്തും പുറത്തും പൊതു പ്രശ്‌നങ്ങളിലും സാമൂഹിക സുരക്ഷയിലും ഒട്ടനവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ പരസ്പരം പഴിചാരാതെ ഭീകരതക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്ന സന്ദേശമാണ് മുസ്‌ലിം സമുദായം പൊതു സമൂഹത്തിന് നല്‍കേണ്ടത്.'' 

'പരസ്പരം പഴിചാരാതെ ഭീകരതക്ക് മതവുമായി ബന്ധമില്ലെന്ന സന്ദേശം മുസ്‌ലിം സമുദായം പൊതു സമൂഹത്തിന് നല്‍കണം' എന്ന ലേഖനത്തിലെ പ്രശംസനീയ നിലപാടിന് കടകവിരുദ്ധമായി അതേ ലേഖനത്തില്‍തന്നെ പറയുന്നതിങ്ങനെ: ''തങ്ങള്‍ക്ക് ബന്ധമുള്ള രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാരെയും വ്യക്തിപരമായി സന്ദര്‍ശിച്ച്, സലഫികള്‍ ഭീകരതക്കെതിരാണെന്നും രാഷ്ട്രീയ ഇസ്‌ലാമാണ് ഭീകരതയുടെ അസ്തിവാരമെന്നും വിവരിച്ചു കൊടുക്കണം.'' പരസ്പരം പഴിചാരരുതെന്ന് സാരോപദേശം നല്‍കുന്ന ലേഖകന്‍ തന്നെ 'ഇസ്‌ലാമിനെ രാഷ്ട്രീയവത്കരിക്കുകയും മതരാഷ്ട്രവാദത്തിന്റെ വക്താക്കളായി രംഗത്തു വരികയും ചെയ്ത ഇഖ്‌വാനുല്‍ മുസ്‌ലിമൂനും മൗദൂദിചിന്തയുമാണ് ആഗോളാടിസ്ഥാനത്തില്‍ ഭീകരവാദത്തിനുള്ള സൈദ്ധാന്തിക അടിത്തറ' എന്നും 'ഇഖ്‌വാന്‍ നേതാക്കള്‍ ഉന്നയിച്ച മതരാഷ്ട്രവാദ വീക്ഷണമാണ് പശ്ചിമേഷ്യയടക്കമുള്ള ഭീകരതയ്ക്കുള്ള ആദര്‍ശ പിന്‍ബലം' എന്നും ഭര്‍ത്സിക്കുന്ന വൈരുധ്യമാണ് ഇവിടെ കാണുന്നത്.

 

റഹ്മാന്‍ മധുരക്കുഴി

 

മുഹമ്മദ്(സ): അനുപമ വ്യക്തിത്വം
ആ ഭാഗങ്ങള്‍ വെട്ടിമാറ്റിയതിന് ന്യായമെന്ത്?

 

ഇസ്‌ലാമിക പ്രസ്ഥാനത്തിനു നേരെ ഉന്നയിക്കപ്പെടുന്ന ഗുരുതര ആരോപണമാണ് മതരാഷ്ട്രവാദം. എന്നാല്‍, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമല്ല, ഇഖാമത്തുദ്ദീന്‍-ദൈവിക ദീനിന്റെ സംസ്ഥാപനം-ആണെന്ന് കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതാകട്ടെ വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്മാരുടെയും എക്കാലത്തെയും സത്യവിശ്വാസികളുടെയും ലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളതാണ്. അത് സമ്പൂര്‍ണമായി സാക്ഷാല്‍ക്കരിക്കപ്പെടുക സാമൂഹികക്രമം ദൈവിക നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുമ്പോഴാണ്. രചനാത്മകവും സമാധാനപൂര്‍ണവുമായിരിക്കും അതിലേക്കുള്ള  മാര്‍ഗമെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയില്‍ ഊന്നിപ്പറയുന്നുണ്ട്. ഇതൊന്നും ഇസ്‌ലാമിക പ്രസഥാനങ്ങളുടെ കണ്ടെത്തലല്ല. മറിച്ച്, മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃകയാണ്. പ്രവാചകന്റെ 23 കൊല്ലത്തെ പ്രബോധന ജീവിതം സമാപിക്കുമ്പോള്‍ മക്കയും മദീനയും അടങ്ങുന്ന അറേബ്യന്‍ ഉപദ്വീപിലെ സാമൂഹിക വ്യവസ്ഥ ദൈവിക നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന, ബഹുസ്വരതയിലധിഷ്ഠിതമായ ഒരു രാഷ്ട്രമായി മാറിയിരുന്നു എന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല.

അലി അബ്ദുര്‍റസ്സാഖ് മദനി എഴുതുകയും 1982-ല്‍ കെ.എന്‍.എം പ്രസിദ്ധീകരിക്കുകയും ചെയ്ത 'മുഹമ്മദ്(സ) അനുപമ വ്യക്തിത്വം' എന്ന പുസ്തകത്തില്‍ ഈ വസ്തുത വിശദീകരിച്ചതിങ്ങനെ: ''അദ്ദേഹത്തെ മക്കയില്‍ ഒരു പ്രവാചകനും മദീനയില്‍ ഒരു രാഷ്ട്ര നായകനുമായി ചിത്രീകരിക്കുന്നവര്‍ മദീനയിലല്ല മക്കയിലെ പരീക്ഷണ നാളുകളില്‍തന്നെ രാഷ്ട്രത്തിന്റെ വിത്ത് നട്ടിരുന്നു എന്ന വസ്തുത മനസ്സിലാക്കുന്നില്ല. പതിമൂന്നു വര്‍ഷത്തെ കടുത്ത പോരാട്ടത്തിന്റെ അനന്തരഫലം മാത്രമായിരുന്നു അത്. 'ബഹുദൈവവിശ്വാസികളെ അവഗണിക്കുക. താങ്കള്‍ക്ക് ലഭിച്ച കല്‍പനയനുസരിച്ച് പ്രവര്‍ത്തിക്കുക' (വിശുദ്ധ ഖുര്‍ആന്‍ 15:94) എന്ന ദൈവശാസന ലഭിച്ചതു മുതലുള്ള പ്രബോധനത്തിന്റെ പരിണാമമായിരുന്നു അത്'' (മുഹമ്മദ്(സ): അനുപമ വ്യക്തിത്വം, പേജ് 54, മൂന്നാം പതിപ്പ്).

''ജീവിതത്തിന്റെ ഈ വശം കാണിക്കാതെ അദ്ദേഹം ചരമമടഞ്ഞിരുന്നെങ്കില്‍ ജനോപകാരിയായ സമ്പൂര്‍ണ മാതൃകാ പുരുഷനാവില്ലായിരുന്നു അദ്ദേഹം. പരിഷ്‌കരണത്തിന് ഉപദേശം മാത്രം മതിയായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് പരിഷ്‌കര്‍ത്താക്കളുടെ ആവശ്യമുണ്ടായിരുന്നില്ല, ഗ്രന്ഥങ്ങള്‍ മാത്രം മതിയായിരുന്നു. പക്ഷേ കര്‍മമാതൃകകളിലൂടെ കാണണം. വാക്കുകളിലൂടെ വിശദീകരിക്കപ്പെടണം. കണ്ണ് കാണുകയും കാതു കേള്‍ക്കുകയും ജ്ഞാനേന്ദ്രിയങ്ങളോട് ചിന്ത പങ്കാളിയാവുകയും ചെയ്യേണ്ടതുണ്ട്'' (മുഹമ്മദ്(സ): അനുപമ വ്യക്തിത്വം, മൂന്നാം പതിപ്പ്, പേജ് 62)

ഈ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഈയടുത്ത് വായിക്കാനിടയായി. അത്ഭുതകരമെന്നു പറയട്ടെ, പുതിയ പതിപ്പില്‍നിന്ന് മേല്‍ പറയപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഇവിടെ ചൂണ്ടിക്കാട്ടേണ്ട ഗൗരവതരമായ സംഗതി ഏതൊരു ഗ്രന്ഥകര്‍ത്താവിനും ഒരിക്കല്‍ എഴുതിയ കാര്യം തെറ്റെന്ന് ബോധ്യപ്പെട്ടാല്‍ തുടര്‍ പതിപ്പുകളില്‍ ആ ഭാഗം തിരുത്താനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍, ഗ്രന്ഥകര്‍ത്താവ് മരണപ്പെട്ടതിനു ശേഷം ഒരു പുസ്തകം പുനഃപ്രസിദ്ധീകരിക്കുമ്പോള്‍ പ്രസാധകര്‍ക്ക് മാറിവരുന്ന തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത്, തങ്ങള്‍ക്ക് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ അവകാശമില്ല. അത് ധാര്‍മികവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതുമാണ്. ബഹുമാന്യനായ അലി അബ്ദുര്‍റസ്സാഖ് മദനിയുടെ പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരണത്തില്‍ കാണിച്ചത് ഇത്തരമൊരു അധാര്‍മികതയാണ്. മദനിയുടെ മരണത്തിനു ശേഷമാണ് അവസാന പതിപ്പ് (2012-ല്‍) ഇറങ്ങിയിട്ടുള്ളത്. എന്തിനു വേണ്ടിയാണ്, ആര്‍ക്കു വേണ്ടിയാണ് ഈ തിരിമറി?

 

ഇസ്മാഈല്‍ കങ്ങരപ്പടി

 

മൗദൂദി-അംബേദ്കര്‍ ചിന്തകള്‍ 
സൃഷ്ടിക്കുന്ന പുത്തനുണര്‍വുകള്‍

 

കെ.ടി ഹുസൈന്‍ എഴുതിയ 'മതേതര വ്യവഹാരത്തിന്റെ മൗദൂദീഹിംസ' എന്ന ലേഖനം (2016 ഒക്‌ടോബര്‍ 21) പ്രസക്തമായി. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്നില്‍ വെച്ച് മൗദൂദിയന്‍ ചിന്തകളെ അപഗ്രഥിച്ച രീതി ഏറെ ആകര്‍ഷകം. കേരളത്തിന്റെ മതേതര സാംസ്‌കാരിക മണ്ഡലത്തിലും ഉത്തരേന്ത്യയിലെ ഉന്നത സര്‍വകലാശാലാ കാമ്പസുകളിലെ ബൗദ്ധിക ചര്‍ച്ചകളിലും മൗദൂദി-അംബേദ്കര്‍ രചനകളും ചിന്തകളും സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളെയും സ്വാധീനങ്ങളെയും കുറിച്ച കൃത്യമായ വിലയിരുത്തലായിരുന്നു ലേഖനം. ജെ.എന്‍.യു, ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റികളിലെ ഏതാനും ഗവേഷക വിദ്യാര്‍ഥികളുമായുള്ള, ദല്‍ഹിയിലെ ഒരു കുറഞ്ഞ കാല സഹവാസത്തില്‍ ഇത് നേരിട്ട് ബോധ്യപ്പെടുകയുണ്ടായി. ഈയടുത്ത് എസ്.ഐ.ഒ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച അക്കാദമിക കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിലും പുറത്ത് അനൗപചാരികമായി നടന്ന വിദ്യാര്‍ഥി ചര്‍ച്ചകളിലും മൗദൂദി-അംബേദ്കര്‍ രചനകളുടെ സ്വാധീനവും അത് വിദ്യാര്‍ഥികളിലുണ്ടാക്കിയ  പുത്തനുണര്‍വും നന്നായി ദൃശ്യമായിരുന്നു.

 

മുനീര്‍ മുഹമ്മദ് റഫീഖ്

 

'ബംഗാളി ്‌ മലയാളി'

 

അശ്‌റഫ് കാവില്‍ എഴുതിയ 'ബംഗാളി' (2016 ഒക്‌ടോബര്‍14) നിലവിലെ യാഥാര്‍ഥ്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന കവിതയാണ്. കേരളത്തിലെ ഭേദപ്പെട്ട കാലാവസ്ഥ, മാന്യമായ വേതനം, ബംഗാളില്‍നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള കുറഞ്ഞ യാത്രാ ചെലവ് എന്നിങ്ങനെ പരിഗണിക്കുമ്പോള്‍ ബംഗാളികള്‍ തന്നെ ഭാഗ്യവാന്മാര്‍. തങ്ങളുടെ നാട്ടില്‍ ബംഗാളികള്‍ ചെയ്യുന്ന ജോലികള്‍ മലയാളികള്‍ക്ക് വിദേശനാടുകളില്‍ പോയി ചെയ്യേണ്ട കാര്യമെന്ത് എന്ന ചിന്ത കവിത ഉണര്‍ത്തുന്നു. ഗള്‍ഫ് പ്രതീക്ഷകള്‍ക്ക് വരള്‍ച്ച നേരിടുന്ന പുതിയ സാഹചര്യത്തിലെങ്കിലും പുനരാലോചന നന്ന്.

 

എം.എം ഹസ്‌ന

എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍