ഭോപ്പാല്‍ കൊലപാതകം നിയമരാഹിത്യത്തിന്റെ ഭീകരത
ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ട് വിചാരണത്തടവുകാര്‍ ജയില്‍ ചാടിയതിനു പിന്നാലെ ദേശീയ ടെലിവിഷന്‍ ചാനലുകളിലൊന്ന് എക്സ്‌ക്ലൂസീവ് ആയി കാണിച്ചുകൊണ്ടിരുന്ന ദൃശ്യങ്ങളിലൊന്നില്‍ ആ ദുരന്തത്തിന്റെ എല്ലാ ഭീകരതയുമുണ്ടായിരുന്നു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ ഗ്രാമീണരിലൊരാള്‍ക്ക് ഏറ്റുമുട്ടല്‍ എങ്ങനെയാണ് നടന്നതെന്ന് വീഡിയോയില്‍ പകര്‍ത്തണം. മരിച്ചു കിടന്ന ശവങ്ങളിലൊന്നിനെ വീണ്ടും വെടിവെക്കാന്‍ ആവശ്യപ്പെടുന്ന ഇയാള്‍ക്കു വേണ്ടി സൈനികന്‍ ശവത്തിനു നേര്‍ക്ക് ചറപറാ വെടിയുതിര്‍ക്കുന്നു. ജുഗുപ്സാവഹമായ ഈ ദൃശ്യം ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നുണ്ടായിരുന്നു. ഭീകരന്‍ എന്ന ലേബലൊട്ടിച്ചാല്‍ ഇന്ത്യയില്‍ മൃതദേഹത്തോടു പോലും ആര്‍ക്കും എന്തുമാവാമെന്ന സന്ദേശമായിരുന്നു ഈ ദൃശ്യം പുറത്തുവിട്ടത്. സിമിക്കാരന്‍ എന്ന് ഭരണകൂടം നല്‍കിയ വിളിപ്പേരും അവര്‍ തന്നെ ചാര്‍ത്തിയ ആരോപണങ്ങളുടെ മാലിന്യവും ചുമക്കുന്ന ഒരുകൂട്ടം ഹതഭാഗ്യര്‍ക്ക് മനുഷ്യാവകാശമോ മറ്റെന്തെങ്കിലും പരിഗണനയുടെ ആവശ്യമോ ഉണ്ടായിരുന്നില്ല. അവരുടെ കേസുകള്‍ കോടതി തെളിവില്ലെന്ന് വിധിച്ചാലും ശിക്ഷിക്കാനുള്ള അധികാരം ആള്‍ക്കൂട്ടം പോലീസിന് പതിച്ചു കൊടുക്കുന്നതാണ് പുതിയ നടപടിക്രമമായി മാറുന്നത്.
ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് ശിക്ഷിക്കാന്‍ കഴിയുന്ന പലതരം നിയമങ്ങള്‍ മാറിമാറി വാജ്പേയിയുടെ കാലം തൊട്ട് ബി.ജെ.പി പാസ്സാക്കാന്‍ തുടങ്ങിയിരുന്നു. ടാഡയും പോട്ടയും അവയുടെ കിരാത വകുപ്പുകള്‍ മാത്രം അടര്‍ത്തിയെടുത്തുണ്ടാക്കിയ യു.എ.പി.എയുമൊക്കെ ഭീകരന്‍ എന്ന് ഭരണകൂടം ഒരുത്തനെ വിളിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ കഴുത്തിലേക്ക് തൂക്കുകയര്‍ എറിഞ്ഞു പിടിപ്പിക്കുന്നതിനെ നിയമവാഴ്ച എന്നു വിളിക്കാന്‍ പോലീസിനെ സഹായിക്കുന്ന ചില ഏര്‍പ്പാടുകളുടെ പേരാണ്. എന്നിട്ടും ഭരണകൂട ഭീകരതയുടെ ഇരകള്‍ കോടതിമുറികളില്‍നിന്ന് ഇതേ നിയമങ്ങള്‍ മറികടന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ പുതിയൊരു സമ്പ്രദായത്തിന് ഇന്ത്യ തുടക്കം കുറിക്കുകയാണ്. നിരപരാധികളായി പുറത്തുവന്ന് ഇവര്‍ 'നിയമവാഴ്ചയുടെ മനോവീര്യം' കെടുത്താതിരിക്കാന്‍ കോടതിക്ക് കൊടുക്കാനാവാത്ത ശിക്ഷ പോലീസുകാര്‍ നല്‍കുന്ന പുതിയ സമ്പ്രദായമാണ് ഇതെന്നും വരുംദിവസങ്ങളില്‍ ഇത്തരം 'ഏറ്റുമുട്ടലുകള്‍' ഇനിയും ആവര്‍ത്തിക്കുമെന്നുമാണ് ലഭ്യമാകുന്ന സൂചനകള്‍.
ഭോപ്പാല്‍ സംഭവത്തിലെ നിയമപരവും ധാര്‍മികവുമായ പൊരുത്തക്കേടുകള്‍ എന്തായിരുന്നാലും ഉത്തരേന്ത്യ ഈ സംഭവത്തെ നോക്കിക്കണ്ട രീതി പുതിയ കാലത്തെ സര്‍ക്കാറുകളെ പുളകം കൊള്ളിക്കുന്നുണ്ട്. അച്ചാര്‍പുരയിലെ ആ ഗ്രാമീണരും നിയമപാലകന്റെ വേഷമിട്ട ആ മനുഷ്യരൂപവും തന്നെയാണ് ഏറ്റവും നല്ല പ്രതീകങ്ങള്‍. 'ഭാരത് മാതാ കീ ജയ്' എന്ന് ഈ ജനക്കൂട്ടം ടി.വി കാമറകള്‍ക്കു മുമ്പില്‍ വിളിച്ചുകൊണ്ടേയിരുന്നു. ഭീകരനെ പുറത്തുവിടുന്നതിനേക്കാള്‍ നല്ലത് ഇതുപോലെ വെടിവെച്ചു കൊല്ലലാണെന്ന് ഓരോ ഇന്ത്യക്കാരനും വിശ്വസിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാറിന്റെയും മോദി ഭരണകൂടത്തിന്റെയും ഈ രണ്ട് ഭരണകൂടങ്ങള്‍ക്കും അശോകാ റോഡിലിരുന്ന് തന്ത്രം ഉപദേശിക്കുന്ന അമിത് ഷായുടെയും ഉറച്ച ബോധ്യത്തില്‍നിന്നാണ് ഭോപ്പാലിലെ 'ഏറ്റുമുട്ടലി'ന്റെ തുടക്കം. ഇതേ കുറിച്ച ഏതു ചര്‍ച്ചയും രാജ്യത്തുണ്ടാക്കുന്ന ധ്രുവീകരണത്തെക്കുറിച്ച് കൃത്യമായ ഗൃഹപാഠം ചെയ്തതിനു ശേഷമാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ നീക്കത്തിന് തുനിഞ്ഞതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ഭീകരന്റെ ശവം പോലും എഴുന്നേറ്റു നടക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്ന സാഹചര്യത്തില്‍ മറുചോദ്യമുന്നയിക്കുന്നവരുടെ രാജ്യസ്നേഹത്തെക്കുറിച്ച ഒരു ചോദ്യം തന്നെ ധാരാളമായിരുന്നു ബി.ജെ.പിക്ക് എതിരാളികളെ അടക്കിയിരുത്താന്‍. ജയിലിലെ ത്രിതല സുരക്ഷാ സെല്ലില്‍നിന്ന് ഇരുമ്പഴികളെയും കനത്ത ചുവരുകളെയും മറികടന്ന്, യുക്തിക്ക് ഇഴപിരിച്ചെടുക്കാനാവാത്ത തരം കമ്പിളിക്കയര്‍ ആകാശത്തെവിടെയോ എറിഞ്ഞു പിടിപ്പിച്ച്, 20 അടിയിലേറെ പൊക്കമുള്ള മതില്‍ 15 മിനിറ്റ് കൊണ്ട് തൂങ്ങിക്കയറി, പ്ലേറ്റ് കൊണ്ടും സ്
പൂണു കൊണ്ടും അരോഗദൃഢഗാത്രനായ ഒരു ജയിലറെ കഴുത്തറുത്തുകൊന്ന്, എന്നിട്ട് ദീപാവലി രാത്രി നട്ടപ്പാതിരക്ക് അപ്പോഴും തങ്ങള്‍ക്കായി ബെല്‍റ്റും പാന്റ്‌സും ഷൂസുമൊക്കെയായി മാര്‍ക്കറ്റില്‍ ഷോപ്പ് തുറന്നുവെച്ച് കാത്തുനിന്ന ഏതോ കടക്കാരനില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ സംഘടിപ്പിച്ച്, ഇത്രയൊക്കെ ചെയ്തതിനു ശേഷവും രക്ഷപ്പെടാതെ 15 കിലോമീറ്റര്‍ നടന്ന് ഒരു കുറ്റിക്കാട്ടില്‍ പോലീസ് വരുന്നതും കാത്ത് കൂട്ടത്തോടെ ഒളിച്ചു നിന്ന് മരണത്തിന് നിന്നുകൊടുത്ത ഈ എട്ടംഗ സംഘത്തെ വിഡ്ഢികളെന്നാണോ അതിമാനുഷരെന്നാണോ വിശേഷിപ്പിക്കേണ്ടത്?
കൊല്ലപ്പെട്ടവര്‍ ജയില്‍ ചാടിയതിനോ ആയുധം ഉപയോഗിച്ചതിനോ ഒരു തെളിവും ഇതേവരെ പുറത്തുവന്നിട്ടില്ല. ഭോപ്പാല്‍ ജയിലിനകത്ത് അന്ന് രാത്രി ഹെഡ്കോണ്‍സ്റ്റബ്ള്‍ രാമശങ്കര്‍ യാദവ് കൊല്ലപ്പെട്ട കാര്യത്തില്‍ വിശ്വാസയോഗ്യമായ വിശദീകരണവും ലഭ്യമല്ല. ജയില്‍ ചാടിയെന്ന് പോലീസ് കുറ്റപ്പെടുത്തുന്ന എട്ടംഗ സംഘത്തിന്റെ കേസുകളാകട്ടെ ഒന്നിനു പിറകെ മറ്റൊന്നായി വീഡിയോ വിചാരണയിലൂടെ അവസാനിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കേസില്‍ പോലീസിന്റെ പതിവു തെളിവുകളായ 'കുറ്റസമ്മത' മൊഴികളും 'ഉര്‍ദു'വിലുള്ള ലഘുലേഖകളും 'പാകിസ്താനിലെ' ഫോണ്‍ നമ്പറും മറ്റും കോടതി വലിച്ച് കൊട്ടയിലിടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ എന്തിന് ഇവര്‍ ജയില്‍ ചാടണമായിരുന്നു? ജയില്‍ ചാടി എന്ന പോലീസ് ആരോപണത്തെ ശരിവെക്കുന്ന സാഹചര്യത്തെളിവുകളോ സാധ്യതകള്‍ പോലുമോ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ജയില്‍ ചാട്ടത്തെ കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുമെന്നല്ലാതെ 'ഏറ്റുമുട്ടലി'നെ കുറിച്ച് പോലീസ് പറഞ്ഞ വാക്കുകള്‍ തന്നെയാണ് അവസാനത്തേതെന്നാണ് സംസ്ഥാന മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ നിലപാട്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കുറേ മന്ത്രിവേഷങ്ങള്‍ തന്നെ നിയമവാഴ്ചയുടെ പ്രാഥമിക തത്ത്വങ്ങള്‍ ചവിട്ടിയരച്ച് ദല്‍ഹിയിലും ഭോപ്പാലിലുമിരുന്ന് നടത്തുന്ന ഈ മാതിരി പ്രസ്താവനകള്‍ പുതിയ ബി.ജെ.പി കാലത്തെ നിയമവാഴ്ചയെ കുറിച്ച ഓര്‍മപ്പെടുത്തലുകളായി മാറുന്നു.
ഭോപ്പാലിലെ ഏറ്റുമുട്ടലിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും പോയ മാസം 26 നക്സലൈറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചപ്പോള്‍ അതിനെതിരെ ആരും ശബ്ദമുയര്‍ത്തിയിരുന്നില്ലല്ലോ എന്നുമാണ് കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ചൂണ്ടിക്കാട്ടിയത്. നക്സലൈറ്റുകളെ വധിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ചവര്‍ മതം നോക്കുക കൂടി വേണമെന്നാണോ അദ്ദേഹം പറയുന്നത്? ഭോപ്പാലില്‍ കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ ആരാണ് മതം പറഞ്ഞ് വര്‍ഗീയ വികാരം ഇളക്കിവിട്ടത്? ഇത് രണ്ടുമല്ല യഥാര്‍ഥത്തില്‍ ഈ സംഭവങ്ങളില്‍ അടങ്ങിയ, പൊതുസമൂഹം ചോദ്യം ചെയ്ത വിഷയം. ഏറ്റുമുട്ടല്‍ നടക്കേണ്ട ഒരു സാഹചര്യവുമില്ലാതെ വിചാരണത്തടവുകാരായി ജയിലിലോ കസ്റ്റഡിയിലോ ഉള്ളവരെ നിയമ നടപടികള്‍ക്ക് കാത്തു നില്‍ക്കാതെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പോലീസിനുണ്ടോ ഇല്ലേ എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഇനി വെങ്കയ്യ പറഞ്ഞതുപോലെ മതം തിരിച്ച് ലിസ്റ്റിട്ട് ഇവയെ ഓരോന്നിനെയും വിമര്‍ശിക്കാം എന്നു സമ്മതിച്ചാല്‍ തന്നെയും ഏറ്റുമുട്ടലിന്റെ പ്രാഥമിക യുക്തിയെങ്കിലും ഉണ്ടായിരിക്കണമല്ലോ. നിയമവാഴ്ച ഇതുപോലെ പരിഹസിക്കപ്പെടുന്ന മറ്റൊരു കാലഘട്ടവും ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. സര്‍ക്കാര്‍ നടത്തിയ വ്യാപം അഴിമതിയുടെ ഓരോ ഇരയും തീവണ്ടിപ്പാളത്തിലും റോഡപകടങ്ങളിലും മറ്റു ദുരൂഹ സാഹചര്യങ്ങളിലും ഒന്നിനു പിറകെ ഒന്നായി കൊല്ലപ്പെട്ട മധ്യപ്രദേശ്, നിയമരാഹിത്യത്തിന്റെ ഇന്ത്യയിലെ ഏറ്റവും കെട്ട ഉദാഹരണമായാണ് മാറുന്നത്.
സിമി കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന പോലീസ് തിരക്കഥകള്‍, ഒന്നൊന്നായി കോടതികളില്‍ പൊളിഞ്ഞമരുമ്പോഴും, പരസ്യമായി ചോദ്യം ചെയ്യാനുള്ള ധൈര്യം ദേശീയ മാധ്യമങ്ങള്‍ക്ക് പോലും ഉണ്ടായിരുന്നില്ല. നിരോധിക്കുന്നതിന് ജസ്റ്റിസ് ഗീതാ മുഖര്‍ജി കമീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം തെഹല്‍ക പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പര ഒഴികെ മറ്റൊന്നും പോലീസിന്റെ ഭാഷ്യങ്ങളെ ചോദ്യം ചെയ്ത് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പതിറ്റാണ്ടിലെ പ്രമാദമായ പല കേസുകളിലും സിമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേസന്വേഷണം നടന്നതിനു ശേഷം കുറ്റാരോപിതര്‍ ഒന്നിനു പിറകെ മറ്റൊന്നായി ജയില്‍ മോചിതരാകുന്ന ചിത്രമാണ് ഇപ്പോഴുള്ളത്. സിമിയില്‍നിന്ന് തുടങ്ങി ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനകളിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഭീകരാക്രമണ പരമ്പരകള്‍ കെട്ടടങ്ങിയ പുതിയ സാഹചര്യത്തില്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ പഴയ വീഞ്ഞ് വീണ്ടും കുപ്പിയില്‍ നിറക്കാന്‍ നോക്കുകയാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഗവണ്‍മെന്റ്. ഇന്ത്യന്‍ മുജാഹിദീന്‍ പോലുള്ള സംഘടനകളെ സൃഷ്ടിക്കുക ഇന്റലിജന്‍സ് ബ്യൂറോക്ക് വളരെ എളുപ്പമാണെന്ന അജിത് ഡോവലിന്റെ പ്രസ്താവന ഇവിടെ ചേര്‍ത്തു വായിക്കുക. കൊണ്ടു നടന്നതും കൊല്ലിച്ചതുമൊക്കെ അവര്‍ തന്നെയാണ്. തിരക്കഥയും സംവിധാനവും പൊളിഞ്ഞു പാളീസായിട്ടും ഈ 'സിനിമ' സൂപ്പര്‍ ഹിറ്റാകുന്നു എന്നതു തന്നെയാണ് മോദി സര്‍ക്കാറിന്റെ വിജയം.
Comments