ഇസ്‌ലാമിന്റെ മുന്‍ഗണനകളും മുസ്‌ലിം സമൂഹത്തിന്റെ ദൗത്യവും
2017 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണല്ലോ. ജില്ലാ സമ്മേളനങ്ങള്‍ നടത്തുക ജമാഅത്തെ ഇസ്‌ലാമിയുടെ പതിവല്ല. ഇപ്പോള്‍ ഇങ്ങനെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുള്ള കാരണം?
ജില്ലാ സമ്മേളനങ്ങള്‍ എന്നല്ല, പൊതുവെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റേതായ ഒരു രീതിയുണ്ട്. പ്രാദേശികതല സമ്മേളനങ്ങളില്‍ തുടങ്ങുകയും സംസ്ഥാന സമ്മേളനത്തോടെയോ അഖിലേന്ത്യാ സമ്മേളനത്തോടെയോ അവസാനിക്കുകയും ചെയ്യുന്ന വാര്‍ഷിക സമ്മേളന പരിപാടികള്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കാറില്ല. സമ്മേളനങ്ങള്‍ക്ക് നിശ്ചിത ഇടവേളകളും ഇല്ല. സുപ്രധാനമായ വിഷയങ്ങളില്‍ സമൂഹവുമായി സംവദിക്കേണ്ട ഘട്ടങ്ങളിലാണ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുള്ളത്.
അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ വീണ നിരോധത്തിന്റെ വിലങ്ങുകള്‍ നീങ്ങിയ ശേഷമായിരുന്നു 1983-ലെ സംസ്ഥാന സമ്മേളനമെങ്കില്‍ പതിനഞ്ച് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 1998-ല്‍ ഹിറാ സമ്മേളനം നടന്നത്. സംഘ്പരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് ജമാഅത്തിനുമേല്‍ നിരോധമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഹിറാ സമ്മേളനം. ഏറെ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായിരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാന സന്ദേശത്തെയും അതിന്റെ പ്രയോഗത്തെയും പരിചയപ്പെടുത്തുകയായിരുന്നു ഈ രണ്ട് സമ്മേളനങ്ങളും നിര്‍വഹിച്ച ദൗത്യം. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പൊതു സ്വീകാര്യതയിലും അവ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മേഖലാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയമുയര്‍ത്തി ഇപ്പോള്‍ ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും സവിശേഷമായ പശ്ചാത്തലമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകള്‍ അതതു സമയങ്ങളില്‍ സമൂഹത്തിലെത്തിക്കാനും, സമൂഹവുമായി സംവദിക്കാനുമുള്ള നിരവധി സംവിധാനങ്ങളും മാധ്യമങ്ങളും പ്രസ്ഥാനത്തിനുണ്ട്. എന്നിട്ടും ഇത്ര വിപുലമായി ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്തുകൊണ്ടാണ്?
ജമാഅത്തെ ഇസ്‌ലാമി കേരളത്തിന്റെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ സജീവമായി ഇടപെടുന്ന പ്രസ്ഥാനമാണ്. പലപ്പോഴും അതിന്റെ പോഷക വിഭാഗങ്ങളിലൂടെയും അച്ചടി, ദൃശ്യമാധ്യമങ്ങളിലൂടെയുമാണ് ഈ ഇടപെടല്‍. പ്രസ്ഥാനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍ ഊന്നിക്കൊണ്ട് സമകാലിക അനുഭവങ്ങളോടുള്ള പ്രതികരണങ്ങളാണ് അവ. അതുകൊണ്ടുതന്നെ അവ മൗലികമാവാറുണ്ട്, സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആദര്‍ശത്തെ, വിശ്വാസത്തെ, മൂല്യസങ്കല്‍പത്തെ, അതിന്റെ നിലപാടുകളുടെ അടിത്തറയെ സംബന്ധിച്ച് നേര്‍ക്കുനേരെ കേരളത്തിനു പരിചയപ്പെടുത്തുന്നുവെന്നതാണ് സമ്മേളനങ്ങളുടെ പ്രസക്തി. ഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ തന്നെയാണ് ജമാഅത്ത് അവയെ കുറിച്ച് ഉറക്കെ സംസാരിക്കാന്‍ തീരുമാനിക്കുന്നത്.
ഇസ്‌ലാമോഫോബിയ, തീവ്രവാദ-ഭീകരവാദ മുദ്ര കുത്തല്‍, ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോള്‍ ഒരു സമൂദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഇവയൊന്നും നേരിട്ട് പരിഗണിക്കാതെ മറ്റൊരു വിഷയം സമ്മേളന പ്രമേയമായി തെരഞ്ഞെടുക്കുകയാണ്.
ഈ വിഷയങ്ങളിലെല്ലാം ജമാഅത്തെ ഇസ്‌ലാമി അതിന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം സമുദായവുമായും പൊതുസമൂഹവുമായും ഇത്തരം വിഷയങ്ങളില്‍ സംവദിക്കുകയും അഭിപ്രായ രൂപവത്കരണത്തിന് ശ്രമിക്കുകയും ചെയ്തുവരുന്നുണ്ട്. പ്രസ്ഥാനത്തിന്റെ പോഷക സംവിധാനങ്ങളും മാധ്യമങ്ങളുമെല്ലാം ഈ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതോടൊപ്പം നിര്‍വഹിക്കപ്പടേണ്ടതാണ് മൗലിക സന്ദേശത്തിന്റെ പ്രബോധനം. അഥവാ മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമിന്റെ ജീവിക്കുന്ന യഥാര്‍ഥ സാക്ഷികളാക്കി പരിവര്‍ത്തിപ്പിക്കുകയും, ആരോഗ്യകരമായ ആത്മീയ- കുടുംബ - സാമൂഹിക- രാഷ്ട്രീയ ജീവിതം സാധ്യമാകുന്നതിന് ദൈവികമാര്‍ഗദര്‍ശനം എത്രത്തോളം സഹായകമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നത്. സമ്മേളന പ്രചാരണം ഈ അര്‍ഥത്തിലുള്ള മൗലിക പ്രബോധനമാണ്. മാത്രമല്ല, ഇസ്‌ലാമോഫോബിയ ഉള്‍പ്പെടെയുള്ള ചോദ്യത്തില്‍ ഉന്നയിച്ച വിഷയങ്ങളിലെ പ്രതിസന്ധികള്‍ മറികടക്കുന്നതിന് ഇസ്‌ലാമിനെ ജീവിതത്തില്‍ പുലര്‍ത്തിയും പ്രബോധനം ചെയ്തും യഥാവിധി പ്രതിനിധീകരിക്കുക എന്നതും പ്രധാനമാണ്. അതുകൊണ്ട് ഇത്തരം വിഷയങ്ങളുടെ അടിസ്ഥാന തലങ്ങളെ പ്രമേയം അഡ്രസ് ചെയ്യുന്നുണ്ട്.
'ഇസ്‌ലാം സന്തുലിതമാണ്' എന്ന സമ്മേളന പ്രമേയത്തിന്റെ സവിശേഷമായ പശ്ചാത്തലമെന്താണ്?
ഇസ്‌ലാമിനെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധീകരിക്കുന്നത്. ഇസ്‌ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. മുസ്‌ലിം സമുദായത്തിനകത്തു തന്നെ ദീനുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒന്നുകില്‍ ജീര്‍ണത, അല്ലെങ്കില്‍ തീവ്രത. ഇങ്ങനെ രണ്ടറ്റങ്ങളില്‍ നില്‍ക്കാനാണ് ആളുകള്‍ക്ക് താല്‍പര്യം. ഇസ്‌ലാമാകട്ടെ, ജീവിതത്തെ കുറിച്ച സന്തുലിതമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ഇത് കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് സമകാലിക അനുഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.
ഇസ്‌ലാം സന്തുലിതമാണ് എന്നു പറയുമ്പോള്‍ എല്ലാം തുല്യ അളവില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മനുഷ്യ ജീവിതത്തില്‍ ഓരോന്നിനും അതിന്റേതായ അളവും ക്രമവും ഉണ്ട്, ഉചിതമായ സ്ഥാനമുണ്ട്.
സന്തുലിതത്വം പ്രപഞ്ചത്തിന്റെ താളമാണ്; ഇസ്‌ലാമിന്റെയും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ വലിയ അബദ്ധമാണ് സംഭവിക്കുക. ദീനില്‍ അപ്രധാനമായ പല കാര്യങ്ങള്‍ക്കും പരമപ്രാധാന്യം കല്‍പിക്കുന്നതും ശാഖാപരമായ കാര്യങ്ങള്‍ മൗലികാടിത്തറകളാണെന്ന് ധരിക്കുന്നതും ഇതിന്റെ ഫലമാണ്. എന്തെല്ലാം അനര്‍ഥങ്ങളാണ് മുസ്‌ലിം സമുദായത്തിനകത്ത് ഇതു കാരണമായുണ്ടാകുന്നത്! രണ്ടഭിപ്രായത്തിന് പഴുതുള്ള വിഷയങ്ങളില്‍ പക്ഷം ചേര്‍ന്ന് മറുവിഭാഗത്തെ കാഫിറാക്കുകയെന്ന അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം പോലും കേരളത്തിലുണ്ടായല്ലോ.
ഖുര്‍ആനും പ്രവാചകചര്യയുമാണല്ലോ എല്ലാ മുസ്‌ലിം സംഘങ്ങളും തങ്ങളുടെ നിലപാടുകള്‍ക്കും വാദങ്ങള്‍ക്കും തെളിവായി ഉദ്ധരിക്കുന്നത്.
ഖുര്‍ആനും പ്രവാചക ചര്യയുമാണ് എല്ലാവരുടെയും തെളിവ് എന്നത് സാങ്കേതികമായി മാത്രമാണ് ശരി. അക്ഷരങ്ങള്‍ കേവലമായി കൂട്ടിവെച്ചതല്ല ഖുര്‍ആന്‍. പ്രവാചക ചര്യ കേവല വാക്കുകളുമല്ല. ചരിത്ര, സന്ദര്‍ഭ നിരപേക്ഷമായി അവ വായിക്കരുത്. അക്ഷരവായനകള്‍ ജീവിതത്തെ സങ്കീര്‍ണവും ദുര്‍വഹവുമാക്കിത്തീര്‍ക്കും. മതാനുഷ്ഠാനങ്ങളില്‍ പോലും തീവ്രത ഇസ്‌ലാം അനുവദിക്കുന്നില്ല. നമുക്കിത് ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രധാനപ്പെട്ട ആരാധനാ കര്‍മമാണല്ലോ നമസ്‌കാരം. വിശ്വാസിയുടെ ഏറ്റവും സാര്‍ഥകവും മനോഹരവുമായ നിമിഷങ്ങളാണ് നമസ്‌കാരവേള. പ്രവാചകന്‍ അങ്ങനെ പഠിപ്പിച്ചിട്ടുമുണ്ട്. അതങ്ങനെയായിരിക്കെ തന്നെ എപ്പോഴും നമസ്‌കരിച്ചുകൊണ്ടിരിക്കാനല്ല, സലാം ചൊല്ലി നമസ്‌കാരമവസാനിപ്പിച്ച് ജീവിത വ്യവഹാരങ്ങളിലേക്ക് തിരിച്ചുവരാനാണല്ലോ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍, ഇസ്‌ലാമിന്റെ സന്തുലിതമായ കാഴ്ചപ്പാട് സൂക്ഷ്മാംശങ്ങളില്‍ പോലും നമുക്ക് കണ്ടെത്താനാവും. ഇസ്‌ലാം പ്രായോഗികവും പ്രയാസരഹിതവുമാണ് എന്നത് ഒരടിസ്ഥാനമാണ്. പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കാത്ത ഭാരം മനുഷ്യജീവിതത്തില്‍ ഇല്ലെന്നുള്ളത് അല്ലാഹുവിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ്.
ദീനീകാര്യങ്ങളില്‍ പലരും കാര്‍ക്കശ്യവും തീവ്രതയും പുലര്‍ത്തുന്നതായി കണ്ടുവരുന്നു.
ദീനീവിഷയത്തില്‍ കാര്‍ക്കശ്യമോ തീവ്രതയോ പുലര്‍ത്തുന്നത് ആത്മാര്‍ഥത കൊണ്ടായിരിക്കാം. നമുക്കതിനെ നിഷേധിക്കാനാവില്ല. പക്ഷേ, ജീവിച്ചുകൊണ്ടിരിക്കുന്ന കാലം, ദേശം, ചുറ്റുപാട് എന്നിവയെ കുറിച്ചോ അത്തരം സാഹചര്യങ്ങളില്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മുന്‍ഗണനാക്രമങ്ങളെ കുറിച്ചോ മുസ്‌ലിം സമുദായത്തിന്റെ അടിസ്ഥാന ദൗത്യത്തെ കുറിച്ചോ തിരിച്ചറിവില്ലാത്ത ഈ സമീപനം അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങളില്‍ തീവ്രത പുലര്‍ത്തുന്നത്, നമ്മുടേത് പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിം സമുദായത്തിന്റെയും ചുമതലാ നിര്‍വഹണത്തെ കീഴ്‌മേല്‍ മറിക്കും. മദ്യഷാപ്പ് തുടങ്ങാന്‍ സംഭാവന നല്‍കാത്തവര്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് സംഭാവന നല്‍കുകയോ എന്ന ചോദ്യമുന്നയിക്കുന്നതിന് കാരണം ദീനിന്റെ അടിസ്ഥാന സ്വഭാവം അവഗണിക്കുന്ന അക്ഷരവായനയാണ്. സാമൂഹിക മേഖലയില്‍നിന്ന് ഒളിച്ചോടാനും സ്വകാര്യ ലോകത്ത് അഭിരമിക്കാനും മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ.
ദീനിന്റെ അക്ഷരവായനയാണോ തീവ്രവാദത്തിനും ഭീകരവാദത്തിനും കാരണം?
ഒന്നാമതായി, തീവ്രവാദം, ഭീകരവാദം എന്നൊക്കെ പറയുന്നത് വെറും വാക്കുകളല്ല. ബോധപൂര്‍വമായ, നിര്‍മിച്ചെടുത്ത പ്രയോഗങ്ങളാണ്. നിലനില്‍ക്കുന്ന വ്യവസ്ഥ അതിന്റെ മറുപക്ഷത്തെ വ്യവഹരിക്കുക ഇത്തരം പ്രയോഗങ്ങളിലൂടെയാണ്. ചരിത്രത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഈ യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ട് ഇവയെ സംബന്ധിച്ച ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാവില്ല. കേരളത്തിലെ തീവ്രവാദ വേട്ട തന്നെയെടുക്കുക. പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ നടത്തുന്നത് നിഴല്‍യുദ്ധമാണ്. മാധ്യമങ്ങള്‍ അവയെ പൊലിപ്പിക്കുകയും ചെയ്യുന്നു. മുസ്‌ലിം സമുദായത്തിനകത്ത് വന്‍തോതില്‍ തീവ്രവാദവും ഭീകരവാദവും സ്വീകാര്യത നേടുന്നു, ചെറുപ്പക്കാര്‍ ധാരാളമായി ആ വഴിയെ സഞ്ചരിക്കുന്നു എന്നൊക്കെയുള്ള പ്രതീതിയാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്.
എന്നാല്‍, മറുവശത്ത് തീവ്രവാദ, ഭീകരവാദ പ്രവണതകളെ നിസ്സാരമായി കാണാന്‍ നമുക്കാവില്ല. ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്‍ബലമായി ഉപയോഗിക്കാനുള്ള പ്രവണതകളെ കരുതിയിരിക്കണം. 'ഐ.എസ് ഇസ്‌ലാമല്ല' എന്ന ഒരു കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം ജമാഅത്തെ ഇസ്‌ലാമി നടത്തിയത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. യുദ്ധസാഹചര്യത്തെ കുറിച്ച ഖുര്‍ആന്‍ വചനങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും സന്ദര്‍ഭം നോക്കാതെ പ്രയോഗിക്കുക, ആരിലും കുഫ്‌റ് ആരോപിച്ച് അവരെ കൊല്ലാനുള്ള ന്യായം ചമക്കുക- ഐ.എസ് ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. അപ്പോള്‍ സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാം ഭീകരതയായി ആളുകള്‍ക്ക് തോന്നും. ബാക്കി തിരക്കഥ സാമ്രാജ്യത്വ ശക്തികളും മാധ്യമങ്ങളും പൂര്‍ത്തിയാക്കും.
സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ മാത്രമല്ലല്ലോ ഇപ്പറഞ്ഞ അസന്തുലിതത്വമുള്ളത്. ആത്മീയ-മത മേഖലകളിലും ഇത് ദൃശ്യമാണ്.
അതേ. ദീനിനെ സംബന്ധിച്ച വികല വായനകള്‍ ആത്മീയ മേഖലയിലും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൗരോഹിത്യം അതിന്റെ ഗുണഭോക്താക്കളായിട്ടുമുണ്ട്. കേരളത്തിന്റെ കാര്യമെടുക്കാം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സാന്നിധ്യം പൗരോഹിത്യത്തിന്റെ പിടിത്തത്തില്‍നിന്ന് മുസ്‌ലിം സമുദായത്തെ മോചിപ്പിക്കുന്നതില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ആത്മീയതയെ വാണിജ്യവല്‍ക്കരിക്കുന്നതിനെതിരെ മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ദുഃഖകരമെന്നു പറയട്ടെ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ സംഭവിച്ച ബഹുതല പിളര്‍പ്പുകള്‍ അവരെ ദുര്‍ബലമാക്കി. അണികള്‍ പലവഴി സഞ്ചരിച്ചു.
മറുവശത്ത്, മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തിക്ഷയം ആത്മീയതയെ കച്ചവടവല്‍ക്കരിക്കുന്നവര്‍ക്ക് തുറസ്സുകളായി. സാധാരണ മുസ്‌ലിമിന്റെ അജ്ഞതയില്‍ പൗരോഹിത്യം കൊഴുത്തു. പുതിയ പുതിയ ആചാരങ്ങള്‍ സമുദായത്തില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ദിക്‌റിന്റെയും ദുആയുടെയും കാര്യമെടുക്കുക. അല്ലാഹുവുമായുള്ള ബന്ധത്തെ കുറിക്കുന്നവയാണല്ലോ ഇവ. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ? ദിക്‌റിനും ദുആക്കും എണ്ണവും വിലയുമിട്ടു. ലൗഡ് സ്പീക്കറിന്റെ ബഹള മാസ്മരികതയില്‍ സാധാരണക്കാരെ 'നിര്‍വൃതി'കൊള്ളിക്കുന്നു.
'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയം കേരളത്തിലെ പൊതു സമൂഹത്തോട് എങ്ങനെയാണ് സംവദിക്കുന്നത്?
ഇസ്‌ലാം സന്തുലിതമാണ് എന്നത് ഇസ്‌ലാമിന്റെ കേവലമൊരു അവകാശവാദമല്ല. ഈ സന്തുലിതത്വം പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയുമെല്ലാം ചിട്ടയാണ്. ഈ ചിട്ട പാലിക്കാതെ പ്രപഞ്ചത്തിനോ പ്രകൃതിക്കോ മനുഷ്യന്നോ നിലനില്‍പ്പില്ല. ഉദാഹരണത്തിന് ആത്മീയതയെ പാടെ നിരാകരിച്ചുകൊണ്ട് ഭൗതികതയില്‍ മാത്രം അഭിരമിക്കാന്‍ മനുഷ്യനാവില്ല. അതിന്റെ കെടുതികള്‍ക്ക് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് നിരത്താനാവും. ഭൗതികവാദ പ്രസ്ഥാനങ്ങളുടെ ശ്മശാനങ്ങള്‍ക്ക് മുകളിലാണല്ലോ നമ്മുടെ കാലം കടന്നുപോകുന്നത്. തീവ്ര ഭൗതികവാദമെന്നോ മതേതര തീവ്രവാദമെന്നോ ഒക്കെ നമുക്കതിനെ വിളിക്കാം. അതുപോലെ തന്നെയാണ് തിരിച്ചും. ഭൗതികതയെ നിരാകരിക്കുന്ന തീവ്ര ആത്മീയതയും മനുഷ്യവിരുദ്ധമാണ്. ഭൗതിക ജീവിതവും മരണാനന്തര ജീവിതവും, ദൈവികതയും മാനുഷികതയും ഇതെല്ലാം വ്യക്തമായും കൃത്യമായും വിശദീകരിക്കപ്പെടണം. കേവല ബുദ്ധിയെ മാത്രം ആശ്രയിച്ച് ഇതൊന്നും സന്തുലിതമായി ആവിഷ്‌കരിക്കാന്‍ മനുഷ്യനു സാധ്യമല്ല. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അവന്‍ അടിപ്പെടുമെന്നതാണ് കാരണം. അവിടെയാണ് ദിവ്യവെളിപാടിനെ മനുഷ്യന് അവലംബിക്കേണ്ടിവരുന്നത്. ഇസ്‌ലാം പ്രകൃതിമതമാണ് എന്നു പറയുമ്പോള്‍ ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന, മനുഷ്യജീവിതത്തിന് പ്രായോഗിക ദിശ നിര്‍ണയിക്കുന്ന ദൈവികമാര്‍ഗദര്‍ശനമാണ് അത് എന്നാണ് അര്‍ഥമാക്കുന്നത്.
ഇസ്‌ലാമിന്റെ സമഗ്രതയെ ഊന്നിപ്പറഞ്ഞ ഇസ്‌ലാമിക പ്രസ്ഥാനം ഇപ്പോള്‍ ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയം മുന്നോട്ടുവെക്കുന്നു.
ഇസ്‌ലാം സമഗ്രമാണ്-സന്തുലിതമാണ് എന്നത് പരസ്പരപൂരകമായ ആശയങ്ങളാണ്. ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജീവിത ദര്‍ശനമാണ് എന്ന യാഥാര്‍ഥ്യമാണ് ഇസ്‌ലാം സമഗ്രമാണ് എന്ന പ്രയോഗത്തിലൂടെ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെച്ചത്. യഥാര്‍ഥത്തില്‍ അന്നും ഇന്നും നാം പറയുന്നത് ഇസ്‌ലാം സമഗ്രവും സന്തുലിതവുമാണ് എന്നാണ്. സമഗ്രമായ ഒന്നിനേ സന്തുലിതമാവാന്‍ കഴിയൂ. ദീന്‍ എന്നു പറഞ്ഞാല്‍ ആചാരാനുഷ്ഠാനങ്ങളിലൊതുങ്ങുന്ന കേവല മതമാണെന്നും സാമൂഹിക, രാഷ്ട്രീയ മേഖല ദീനിനു പുറത്താണെന്നുമുള്ള ആശയത്തിന് മേല്‍ക്കൈ ലഭിച്ച കാലത്താണ് ഇസ്‌ലാം സമഗ്രമാണെന്ന, ദീന്‍ ജീവിത പദ്ധതിയാണെന്ന പ്രയോഗം ജമാഅത്തെ ഇസ്‌ലാമി നടത്തിയത്. യഥാര്‍ഥത്തില്‍ ദീനില്‍നിന്ന് സാമൂഹികതയെയും രാഷ്ട്രീയത്തെയും അടര്‍ത്തിമാറ്റിയാല്‍ അത് അസന്തുലിതമാവുകയാണ് ചെയ്യുക. ഇക്കാര്യം എന്നും ഇസ്‌ലാമിക പ്രസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദീനിനെ കുറിച്ച ഖുര്‍ആനിക സങ്കല്‍പത്തെ മൊത്തത്തില്‍ സൂചിപ്പിക്കാനാണ് സമഗ്രം, ജീവിത പദ്ധതി തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനം നടത്തിയത്. ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രയോഗം (വസത്വിയ്യ) അതിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നു. പ്രവാചകന്റെ ജീവിതമാണ് അതിന്റെ ഏറ്റവും നല്ല മാതൃക. സമഗ്രവും സന്തുലിതവുമാണ് പ്രവാചകജീവിതം. അതുകൊണ്ടാണ് ആര്‍ക്കും പകര്‍ത്താവുന്ന പ്രായോഗികത ആ ജീവിതത്തിനുണ്ടായത്. വ്യക്തിയുടെ പരിവര്‍ത്തനത്തിലൂടെ കുടുംബ, സമൂഹ, രാഷ്ട്ര പുനര്‍നിര്‍മാണം സാധ്യമാക്കുകയെന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യ-ഇഖാമത്തുദ്ദീന്‍-ത്തിലേക്കുള്ള സഞ്ചാരത്തില്‍ അനിവാര്യമാണ് ദീനിനെ കുറിച്ച ഈ സന്തുലിത വീക്ഷണം മനസ്സിലാക്കുക എന്നത്.
സംഘടനാപരമായി ജമാഅത്തെ ഇസ്‌ലാമി ഈ സമ്മേളനത്തിലൂടെ ലക്ഷ്യം വെക്കുന്നത്?
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്നൊരു സംവാദ വിഷയമാണ്. എന്നാല്‍, വലിയൊരളവോളം അത് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ തെറ്റിദ്ധാരണയകറ്റണം. എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണിത്. അതവരെ ബോധ്യപ്പെടുത്തിയേ പറ്റൂ. ഈ പ്രസ്ഥാനത്തെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടും ഇതിന്റെ കര്‍മ പരിപാടികളുടെ ഭാഗമാവാന്‍ ഇനിയും മുന്നോട്ടുവരാത്ത പരസഹസ്രങ്ങള്‍ കേരളത്തിലുണ്ട്. അവര്‍ ഈ പ്രസ്ഥാനത്തിന്റ ഭാഗമാവണം. ഇതിന്റെ സന്ദേശമെത്തിയിട്ടില്ലാത്ത എത്രയോ പ്രദേശങ്ങള്‍ കേരളത്തില്‍ അവശേഷിക്കുന്നുണ്ട്. അവിടെയും ഈ സംഘടനക്ക് വര്‍ത്തമാനം പറയണം. അവരെ ഞങ്ങള്‍ക്ക് കേള്‍ക്കണം, അവര്‍ നമ്മെയും കേള്‍ക്കണം.
കേരള മുസ്‌ലിംകളില്‍ ബൗദ്ധികമായി ഉയര്‍ന്നുനില്‍ക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍ സാധാരണ മുസ്‌ലിം ജനസാമാന്യത്തെ ആകര്‍ഷിക്കാന്‍ കഴിയാത്ത ഒരു ചെറു സംഘമായി അത് തുടരുന്നു?
സാമാന്യ ജനത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നത് പൂര്‍ണമായി ശരിയല്ല. സമുദായത്തെ ആകര്‍ഷിക്കാനും സ്വാധീനിക്കാനും അഭിപ്രായ രൂപവത്കരണത്തിന് നേതൃത്വം നല്‍കാനും വലിയ അളവില്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളെ ധാരാളമായി സംഘടനയില്‍ അണിനിരത്താന്‍ സാധിച്ചിട്ടില്ലെന്നത് ശരിയാണ്. പ്രസ്ഥാനവും പ്രവര്‍ത്തകരും സ്വയം വിമര്‍ശവിധേയമാക്കേണ്ട കാര്യമാണിത്. നമുക്ക് കരുത്തുറ്റ, ശക്തമായ മനുഷ്യ വിഭവശേഷി വലിയ അളവില്‍ വേണം. സമൂഹത്തിലെ നല്ലവരായ വ്യക്തികള്‍ ഇതിലേക്ക് കടന്നു വരണം. നമ്മുടെയും അവരുടെയും ചെറു പോരായ്മകള്‍ നികത്തിയെടുക്കാന്‍ നമുക്കാവണം. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഒരാദര്‍ശ പ്രസ്ഥാനമാണ്. ആശയവും ആദര്‍ശവും മനസ്സിലാക്കി, ഉള്‍ക്കൊണ്ട്, അകവും പുറവും ഒരുപോലെ മാറ്റിയെടുക്കാന്‍ ഏതൊരു വ്യക്തിയും സമയമെടുത്തേക്കും. അതും നാം പരിഗണിക്കണം. ജമാഅത്തെ ഇസ്‌ലാമിയെ ജനകീയവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തന കാലയളവ് കൂടിയാണിത്. ഒരു പ്രസ്ഥാനത്തിന്റെ ജനകീയത അതിന്റെ പ്രവര്‍ത്തകരുടെ ജനകീയത കൂടിയാണ്. പ്രവര്‍ത്തകര്‍ സമൂഹത്തില്‍ കൂടുതലായി ഇടപെടുകയെന്നതാണ് ജനകീയവല്‍ക്കരണത്തിന്റെ വഴി. സമ്മേളനം ആ ലക്ഷ്യം കൂടി നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ.
Comments