Prabodhanm Weekly

Pages

Search

2016 നവംബര്‍ 11

2975

1438 സഫര്‍ 11

ഏറ്റുമുട്ടല്‍ കൊലയും സര്‍ക്കാര്‍ ഭാഷ്യങ്ങളും

മനീഷ സേഥി

'ഏറ്റുമുട്ടലുകള്‍ കൊലപാതകങ്ങളാണ്' എന്ന പേരില്‍ താര്‍ക്കുണ്ഡെ 1977-ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് വായിച്ചാല്‍ കണ്ണീരു വീഴും, തീര്‍ച്ച. അത് എഴുതിയത് ഇന്നാണെങ്കിലും ഉന്മൂലന മാര്‍ഗങ്ങളില്‍ മാറ്റമുണ്ടാകില്ല. ഈ കൊലപാതകങ്ങളുടെ പ്രവര്‍ത്തനരീതി നമ്മുടെ റിപ്പബ്ലിക് പിറവിയെടുത്ത ആരംഭത്തില്‍തന്നെ നിലവില്‍വന്നതാണ്. സമിതി സ്ഥാപിച്ച് ഒരു മാസം കഴിഞ്ഞ് പുറത്തുവിട്ട ഇടക്കാല റിപ്പോര്‍ട്ടില്‍ അതുവരെയായി അന്വേഷിച്ച മൂന്നു ഏറ്റുമുട്ടലുകളുടെ വിശദാംശങ്ങള്‍ പറയുന്നുണ്ട്. ഗിറയിപള്ളി, ചിലകലഗുട്ട വനങ്ങളില്‍ നടന്നെന്നു പറയുന്ന രണ്ടു സംഭവങ്ങള്‍ -മൊത്തം എട്ടു പേര്‍ മരിച്ചിട്ടുണ്ട്- യഥാര്‍ഥത്തില്‍ നടന്നിട്ടുപോലുമില്ലെന്നാണ് സമിതി കണ്ടെത്തിയത്. വീട്ടില്‍നിന്ന് പോലീസെത്തി വിളിച്ചിറക്കിക്കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. പോലീസ് കസ്റ്റഡിയില്‍ മൃഗീയപീഡനത്തിനിരയാക്കപ്പെട്ടതിനും സാക്ഷികളുണ്ട്. ടാര്‍പോളിന്‍കൊണ്ട് മറച്ച പോലീസ് വാഹനത്തില്‍ ഇവരെയുമായി പോകുന്നതും നാട്ടുകാര്‍ കണ്ടതാണ്. തങ്ങളെ കൊല്ലാന്‍ കൊണ്ടുപോവുകയാണെന്ന് ഈ സമയം വാഹനത്തിലിരുന്ന് ഇവര്‍ ദയനീയമായി വിളിച്ചുപറയുന്നുണ്ടായിരുന്നു. ആദ്യസംഭവത്തില്‍, പോലീസ് അതിക്രൂരമായി വെടിവെച്ചുകൊല്ലുന്നത് ഗിറയിപള്ളി വനത്തില്‍ 50 വാര അകലെ ഒളിച്ചിരുന്ന് കണ്ടýആളുമുണ്ട്. 

'രണ്ട് അജ്ഞാത നക്‌സലുകളെ' വധിച്ച മൂന്നാം ഏറ്റുമുട്ടലില്‍ ഔദ്യോഗിക ഭാഷ്യത്തെ നിഷേധിക്കുന്നത് വ്യക്തമായ സാഹചര്യ തെളിവുകളാണ്. മരിച്ച ഒരാള്‍ മുന്‍ എം.എല്‍.സി നീലം രാമചന്ദ്രയ്യ ആണെന്ന് പിന്നീട് വ്യക്തമായി. യല്ലഡു കാടുകളില്‍ ഏറ്റുമുട്ടല്‍ നടന്നെന്നു പറയുന്നതിനു തൊട്ടുമുമ്പുള്ള രാത്രിയില്‍ അദ്ദേഹം 80 കിലോമീറ്റര്‍ അകലെയുള്ള വിജയവാഡയിലായിരുന്നു. ഇവിടെ നിന്ന് ബസ് പോലുമില്ല, ഈ കാടുകളിലേക്ക്.

പക്ഷേ, കൊലപാതക രീതികള്‍ പോലെ നീതി അട്ടിമറിക്കാനുളള വഴികളും ഇവിടെ നേരത്തേ കൃത്യമാക്കപ്പെട്ടിരുന്നു. താര്‍ക്കുണ്ഡെ കമ്മിറ്റിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ജനതാ സര്‍ക്കാര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജസ്റ്റിസ് ഭാര്‍ഗവ കമീഷനെ നിയമിച്ചു. ഈ ഏറ്റുമുട്ടലുകളിലൊക്കെയും രാഷ്ട്രീയ പിന്തുണയും സര്‍ക്കാര്‍ പങ്കാളിത്തവും ഉണ്ടായിരുന്നുവെന്നും അതിനാല്‍ സ്വതന്ത്ര സമിതി വേണമെന്നും താര്‍ക്കുണ്ഡെ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ചുമത്തുന്നതുള്‍പ്പെടെ ഒഴിവാക്കി വളരെ സങ്കുചിതമായ അന്വേഷണ വിഷയങ്ങള്‍ നിര്‍ണയിക്കുക വഴി നേരത്തേതന്നെ കമീഷന്റെ മുനയൊടിക്കപ്പെട്ടിരുന്നു. മാത്രമല്ല, പ്രോസിക്യൂഷനില്‍നിന്ന് പരിരക്ഷ ഉറപ്പുനല്‍കിയിട്ടും ഔദ്യോഗിക രേഖകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. എന്നല്ല, പല സംഭവങ്ങളിലും അവ നശിപ്പിക്കുകയും ചെയ്തു. കമീഷനു  മുന്നില്‍ ഹാജരായവരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാനമായി, തന്നെ പീഡിപ്പിക്കാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കിയെന്ന് കെ. ലളിത എന്ന സാക്ഷി മൊഴിനല്‍കിയതോടെ പ്രായോഗികമായി കമീഷന്റെ പ്രവര്‍ത്തനത്തിനു തന്നെ സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടു. കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് എവിടെയോ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒരിക്കലും ഇത് ഔദ്യോഗികമായി വെളിച്ചം കണ്ടില്ലെന്നതു നേര്. ഗിറയിപള്ളി വനമേഖലയില്‍ ഏറ്റുമുട്ടല്‍ കൊലയില്‍ പങ്കാളിയായ ഒരു ഉദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടതുമില്ല.

അടിയന്തരാവസ്ഥക്കു ശേഷവും ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് കാര്യമായ കുറവുണ്ടായില്ലെന്ന് 1980-കളില്‍ കെ. ബാലഗോപാല്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നല്ല, അതിന്റെ അളവും തീവ്രതയും വര്‍ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാറിലെ ആഭ്യന്തര മന്ത്രി വെങ്കല്‍ റാവു 'നക്‌സലുകളെ തുടച്ചുനീക്കാനായെ'ന്ന് സ്വയം അഭിമാനംകൊണ്ടപ്പോള്‍, എന്‍.ടി.ആര്‍ മന്ത്രിസഭയിലെ വസന്ത് നാഗേശ്വര്‍ ഏറ്റുമുട്ടല്‍ കൊലകള്‍ 'പതിവു സംഭവങ്ങള്‍' മാത്രമെന്നാണ് വിശേഷിപ്പിച്ചത്. പീഡനങ്ങള്‍ നടത്തിയാലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തിനൊപ്പം ഓരോ കൊലക്കും ലഭിക്കുന്ന സമ്മാനത്തുകയും പോലീസുകാരെ മോഹിപ്പിച്ച ഘടകങ്ങളാണ്. ഒരു തലക്ക് 20,000 രൂപവീതം ലഭിച്ചുവെന്നത് അഭ്യൂഹം മാത്രമായി തള്ളിയാല്‍പോലും ഏറ്റുമുട്ടല്‍ കൊലയില്‍ പങ്കാളികളായ പോ ലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കാന്‍ ആഭ്യന്തരമന്ത്രി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നുവെന്നത് സത്യമാണ്.

പഞ്ചാബില്‍ കെ.പി.എസ് ഗില്‍ എത്തിയതോടെ, തല കൊയ്യുന്നവര്‍ക്ക് പാരിതോഷികമെന്ന സംവിധാനത്തിന് ഔദ്യോഗിക അംഗീകാരമായി. 'വാണ്ടഡ് തീവ്രവാദികളെയും ഭീകരവാദികളെയും' പിടിച്ചുനല്‍കുകയോ ഉന്മൂലനം നടത്തുകയോ ചെയ്യുന്നവര്‍ക്ക് തുക അനുവദിച്ചു

ള്ള കത്തുകള്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് അയച്ചിരുന്നതായി വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. നിര്‍ദേശങ്ങള്‍ അനുബന്ധമായി ചേര്‍ത്ത് 53 ആളുകളുടെ പേരും വിലാസവുമടങ്ങിയ കത്തും ഇതിന്റെ ഭാഗമായിരുന്നു. 90-കളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം വ്യാജ ഏറ്റുമുട്ടലുകളില്‍ 83 സിഖ് യുവാക്കളെ കൊലപ്പെടുത്തിയെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് സിംഗ് വെളിപ്പെടുത്തിയത് 2013-ലാണ്. എസ്.എസ്.പി. പരംജിത് സിംഗിന്റെ പേര് പ്രത്യേകം പറയുന്നുണ്ടിതില്‍. 'ഒരു കോണ്‍സ്റ്റബ്ള്‍ മാത്രമായിരുന്ന എനിക്ക് എസ്.എച്ച്.ഒ. ആയി സ്ഥാനക്കയറ്റം ലഭിച്ചു. എന്തായിരുന്നു കാരണം? എനിക്കും ഗില്‍ സാഹിബിനുമറിയാം' -കൊല നടത്തുന്നവര്‍ക്കുള്ള ആനുകൂല്യം സ്ഥാപനവത്കരിച്ചതിനെ കുറിച്ചുതന്നെയാണ് സൂചന.

വ്യാജ ഏറ്റുമുട്ടല്‍ ഭരണം അവസാനിപ്പിക്കാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിക്കേണ്ട താമസം, ഗവര്‍ണര്‍ വിരേന്ദര്‍ വര്‍മയെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റപ്പെടാന്‍ മാത്രം ശക്തമായിരുന്നു കെ.പി.എസ് ഗില്ലിന്റെ ആധിപത്യം. 1990 ജൂണില്‍ വിദ്യാര്‍ഥികളായ ഹര്‍പാല്‍ സിംഗ്, ബല്‍ജിത് സിംഗ് എന്നിവരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ -ആത്മരക്ഷാര്‍ഥം കൊല നടത്തിയെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം- പങ്കാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ആഭ്യന്തര സെക്രട്ടറിയും ഗവര്‍ണര്‍ വര്‍മയുടെ ഉപദേശകനും ശിപാര്‍ശ ചെയ്തപ്പോള്‍ വര്‍മ പോലീസ് സേനയുടെ ആത്മവീര്യം കെടുത്തുന്നുവെന്നായിരുന്നു ഗില്ലിന്റെ കുറ്റപ്പെടുത്തല്‍.

പഞ്ചാബില്‍ ജീവിക്കാനുള്ള അവകാശമുള്‍പ്പെടെ എല്ലാം എടുത്തുകളയുന്ന 59-ാം ഭേദഗതി 1988 മാര്‍ച്ചില്‍ ഇരു സഭകളും പാസാക്കിയെടുത്തിരുന്നു. നീണ്ട അഞ്ചു വര്‍ഷമാണ് പഞ്ചാബില്‍ ജീവിക്കാനുള്ള അവകാശം പാര്‍ലമെന്റ് അംഗീകാരത്തോടെ നിഷേധിച്ചത്. പോലീസിന് നിരുപാധികം ജീവനെടുക്കാനുള്ള അവസരമായിട്ടല്ല ജീവിക്കാനുള്ള അവകാശം എടുത്തുകളഞ്ഞതെങ്കിലും സംഭവിച്ചത് അതാണ്. സ്വന്തമായി ഏറെ അനുഭവിക്കേണ്ടി വന്നിട്ടും ധീരരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ അവകാശനിഷേധം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അവകാശനിഷേധം നടത്തുന്നവരാകട്ടെ, ഇവരെ ഇല്ലാതാക്കുന്നതും തുടര്‍ന്നു. വിവിധ ശവദാഹ കേന്ദ്രങ്ങളില്‍ ഉപയോഗിച്ച മരത്തിന്റെ അളവെടുത്താണ് ജസ്‌വന്ത് സിംഗ് ഖല്‍റ ഇങ്ങനെ കാണാതായവരുടെയും കൊലചെയ്യപ്പെട്ടവരുടെയും കണക്കുകളെടുത്തത്. സ്വന്തം മക്കളെ പോലീസ് കൊണ്ടുപോയതായി കുടുംബങ്ങള്‍ നല്‍കിയ സാക്ഷ്യങ്ങളും അദ്ദേഹം അനുബന്ധമായി ചേര്‍ത്തു. ഭാഗ്യമുള്ള ചിലര്‍ക്ക് മക്കളുടെ മൃതദേഹമെങ്കിലും തിരിച്ചുലഭിച്ചു. എണ്ണമറ്റ ആളുകള്‍ ഒരു തുരുമ്പും ശേഷിപ്പിക്കാതെ അപ്രത്യക്ഷരായി. ശവദാഹ കേന്ദ്രങ്ങളിലോ പഞ്ചാബിലെ ജലസേചന കനാലുകളിലോ ഉപേക്ഷിക്കപ്പെട്ടു, ഇവര്‍. ഈ രേഖകളില്‍ പോലീസ് ഓഫീസര്‍മാരുടെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഭയങ്കരന്മാരുടെയും പേരുകളുണ്ട്. ആളുകളെ വീടുകളില്‍നിന്നും പണിയിടങ്ങളില്‍നിന്നും കടത്തിക്കൊണ്ടുപോയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകളും (നമ്പര്‍ പ്ലേറ്റുകളുള്ളവയെങ്കില്‍) എത്തിച്ച പോലീസ് സ്റ്റേഷനുകളും പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണത്തിന്, പിന്നീട് ജയിലായി പരിവര്‍ത്തിപ്പിച്ച ലധ കോത്തി അന്വേഷണകേന്ദ്രത്തില്‍ അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനം ഇഖ്ബാല്‍ സിംഗ് പറഞ്ഞത് അറിയപ്പെട്ട റിപ്പോര്‍ട്ടറായ രാം നാരായണ്‍ കുമാര്‍ ഉദ്ധരിക്കുന്നുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയ ഉദ്യോഗസ്ഥരെ അദ്ദേഹത്തിനറിയാം; പീഡനത്തിന് നേതൃത്വം നല്‍കിയവരെയും. ഓരോ രാത്രിയും വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടാനായി കൊണ്ടുപോയവരെയും അദ്ദേഹം ഓര്‍ക്കുന്നു.

നിയമഭരണസംവിധാനത്തോട് പഞ്ചാബ് പോലീസിനുണ്ടായിരുന്ന കടുത്ത പുഛം നിരവധി സിഖ്, മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയിട്ടും, അടിയന്തരാവസ്ഥക്കു തുല്യമായ സാഹചര്യം അവസാനിച്ചിട്ടും വിശ്വാസ്യത ഒരിക്കലും തിരിച്ചുപിടിച്ചതേയില്ല. അകാലിദള്‍ നേതൃത്വം നല്‍കിയതുള്‍പ്പെടെ മാറിമാറിവന്ന സര്‍ക്കാറുകളൊക്കെയും കൊലയും പീഡനവും നടത്തിയവര്‍ക്ക് പിന്തുണ നല്‍കുക മാത്രം ചെയ്തു.

 

സര്‍ക്കാര്‍ തന്ത്രങ്ങള്‍

സ്വാതന്ത്ര്യം നേടി 67 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, പോലീസ് നടപടിയില്‍ മരണം സംഭവിക്കുമ്പോള്‍ കൊല സ്വയം പ്രതിരോധത്തിനായിരുന്നുവെന്ന് തെളിയിക്കാനാവണമെന്ന മിനിമം ആവശ്യത്തിനായി പൊരുതുകയാണ് നാം ഇപ്പോഴും. ജീവിക്കാനുള്ള അവകാശമുള്‍ക്കൊള്ളുന്ന ഭരണഘടനയുടെ 21-ാം ഖണ്ഡിക ഇത് സ്വാഭാവികമായി ഉറപ്പാക്കേണ്ടതായിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് ഈ അവകാശം അനുവദിക്കാന്‍ സര്‍ക്കാറുകള്‍ക്ക് മടിയാണ്. സര്‍ക്കാറുകളും അവക്കു കീഴിലെ ഏജന്‍സികളും എല്ലാറ്റിനുമതീതരാണെന്നാണ് കാഴ്ചപ്പാട്. പരസ്പരബന്ധിതമായ മൂന്നു വിഷയങ്ങളിലൂന്നിയായിരുന്നു എന്നും സര്‍ക്കാര്‍ പ്രതികരണം. ഇന്നും ഇവയില്‍തന്നെ കടിച്ചു തൂങ്ങുകയും ചെയ്യുന്നു. അന്വേഷണോദ്യോഗസ്ഥരെ പ്രതിരോധിക്കാന്‍ കഴിയാത്തവിധം തീര്‍ത്തും ശ്വാസംമുട്ടിക്കുന്ന പദാവലികളുപയോഗിച്ച് ചോദ്യങ്ങളുടെ കെട്ടഴിച്ച് നിങ്ങളെ പറഞ്ഞു കീഴ്‌പ്പെടുത്തുകയാണ് ഒന്നാ മത്തെ തന്ത്രം. 

കോടതി നടപടിക്രമം പാലിക്കാതെയും ഏകപക്ഷീയമായും നടത്തുന്ന കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ പ്രത്യേക പ്രതിനിധിയെ നിശ്ചയിച്ച 1982-നും മനുഷ്യാവകാശ കൗണ്‍സില്‍ വിദഗ്ധ പാനല്‍ പ്രതിനിധികള്‍ക്ക് രാജ്യം സ്ഥിര സ്വാഗതമരുളിയ 2011-നുമിടയില്‍ യു.എന്‍ പ്രത്യേക പ്രതിനിധി ഭാരതസര്‍ക്കാറുമായി ആശയവിനിമയം നടത്തിയിരുന്നതാണ്. പക്ഷേ, ആരോപിത ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നുള്ള നിശ്ശബ്ദതയും താല്‍പര്യക്കുറവും രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കലായിരുന്നു പതിവ്. ഔദ്യോഗിക ആശയവിനിമയം വെറും ഇരുട്ടാക്കല്‍ കല മാത്രമായി വളര്‍ന്നു. 

1992 ആഗസ്റ്റില്‍ യു.എന്‍ പ്രത്യേക ദൂതന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ കോടതിനടപടിക്രമം പാലിക്കാതെയും ഏകപക്ഷീയമായും നടന്നെന്ന് ആരോപിക്കപ്പെടുന്ന 95 കൊലപാതകങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് -ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

മാസങ്ങള്‍ കഴിഞ്ഞ്, കേന്ദ്ര സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കി. 95 കൊലകളെ കുറിച്ച് വിവരമൊന്നുമുണ്ടായില്ലെങ്കിലും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മനുഷ്യാവകാശ കമീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനമായെന്ന സന്തോഷ വാര്‍ത്തയായിരുന്നു കത്ത്. 'മനുഷ്യാവകാശ വിഷയത്തില്‍ സര്‍ക്കാറിനും പൊതുസമൂഹത്തിനുമുള്ള പ്രതിബദ്ധത സംബന്ധിച്ച് രാജ്യത്തെ ജനങ്ങളില്‍ വിശ്വാസമുണര്‍ത്തുകയാണ്' കമീഷന്റെ ലക്ഷ്യമെന്ന് കത്ത് പറയുന്നു. രാജ്യത്തെവിടെയെങ്കിലും മനുഷ്യാവകാശ ധ്വംസനം നടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിമാരുടെ യോഗം തീരുമാനമെടുത്തു.

ഇതിനു പിറകെ പ്രത്യേക പ്രതിനിധിയുമായി നടന്ന ആശയവിനിമയത്തില്‍, തീവ്രവാദവും വിഘടനവാദവും ആഴത്തില്‍ വേരോടിയ, എന്നാല്‍, ആരോപണം ഏറെ ഉയര്‍ന്ന ജമ്മു-കശ്മീരില്‍ പോലും നിയമപാലന ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം പാലിച്ചാണ് നടപടികളെന്നും അറിയിച്ചു. മനുഷ്യാവകാശ ധ്വംസനം നടന്നതായി വന്ന ഓരോ ആരോപണവും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കിയതില്‍ ഏറെയും തെറ്റാണെന്നു മാത്രമല്ല, പെരുപ്പിച്ചുകാണിച്ചതോ ബോധപൂര്‍വം നിര്‍മിച്ചതോ ആണെന്നു കണ്ടെത്തിയതായും പറയുന്നു.

എങ്കില്‍പിന്നെ മനുഷ്യാവകാശങ്ങളുടെ പറുദീസയായ ഇവിടെ ദേശീയ മനുഷ്യാവകാശ കമീഷന്‍ പോലുള്ള സമിതിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാകില്ല.

 

മരിച്ചു, എങ്കിലും പ്രതി തന്നെ

295 ഏറ്റുമുട്ടല്‍ കൊലകളെ കുറിച്ച് ആന്ധ്രാപ്രദേശ് മനുഷ്യാവകാശ സമിതി (എ.പി.സി.എല്‍.സി) ദേശീയ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയാണ് 1997-ല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു നിമിത്തമാകുന്നത്. പോലീസ് വെടിവെപ്പില്‍ മരിക്കുന്ന സംഭവങ്ങള്‍ നിയമത്തിനു പുറത്ത് നടത്തുന്ന കൊലപാതകങ്ങളായി കണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നതാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനം. എങ്കിലും, മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷ മുഖ്യമന്ത്രിമാര്‍ക്ക്അയച്ച കത്തില്‍ എഴുതി: 'രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മരണം നടന്നതെങ്കില്‍ അത് കുറ്റകൃത്യമാകില്ല. ഇന്ത്യന്‍ ക്രിമിനല്‍ നിയമം 46-ാം വകുപ്പ് ഉപയോഗിച്ചും ഇത്തരം മരണത്തെ പോലീസ് ഓഫീസര്‍ക്ക് ന്യായീകരിക്കാനാവും.'

സത്യത്തില്‍, ഭരണകൂടത്തിന്റെ രണ്ടാം നയത്തിന് ഉത്തേജനമാണ് ക്രിമിനല്‍ നിയമത്തിലെ 46-ാം വകുപ്പ് -അതായത്, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടിക സമര്‍പ്പിക്കുക. പ്രതിയെന്നു സംശയമുള്ളയാള്‍ അധികാരമുപയോഗിക്കുകയോ അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അറസ്റ്റ് നടപ്പാക്കാനാവശ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്താന്‍ പോലീസിന് ഈ വകുപ്പ് അനുവാദം നല്‍കുന്നുണ്ടല്ലോ. വധശിക്ഷയോ ജീവപര്യന്തമോ അര്‍ഹിക്കാത്ത തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ് കുറ്റവാളിയെങ്കില്‍ അയാളുടെ മരണത്തിനിടയാക്കുന്നതൊന്നും ചെയ്യാന്‍ വകുപ്പ് അനുവാദം നല്‍കുന്നില്ലെന്ന് ഇത് പ്രത്യേകം എടുത്തുപറയുന്നുണ്ട്. വിവേചനരഹിതമായി ശക്തി പ്രയോഗിക്കുന്നത് ഒഴിവാക്കലാകാം ഇതിന്റെ ലക്ഷ്യമെങ്കിലും സംഭവിച്ചത് ശരിക്കും വിരോധാഭാസമെന്നു പറയാവുന്ന മറ്റൊന്നാണ്. ഒരാള്‍ കൊല്ലപ്പെടുന്നു; കൊല്ലപ്പെട്ടയാള്‍ മരണമര്‍ഹിക്കുന്ന മഹാ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നു; അപ്പോള്‍ ഇയാളെ കൊല നടത്തുന്നത് ഉത്തമ വിശ്വാസത്തിലാണ്; അതോടെ, ഏറ്റുമുട്ടല്‍ സത്യസന്ധവുമാകുന്നു. ഏറ്റുമുട്ടലിനിരയായ വ്യക്തിയുടെ കുറ്റകൃത്യമാണ് ഏറ്റുമുട്ടലിന് കാരണമാകുന്നതെങ്കില്‍ കഥ മറ്റൊന്നായി മാറുന്നു. ഏറ്റുമുട്ടല്‍ നടക്കുന്നതോടെ കുറ്റം മുഴുവന്‍ ഇരയുടെ മേല്‍ ചുമത്തപ്പെടുന്നു. അതോടെ, കുറ്റകൃത്യം തെളിയിക്കേണ്ടýഉത്തരവാദിത്വം മുഴുവന്‍ മരിച്ചയാളുടെ തലയിലാകുന്നു. മരിച്ചവര്‍ സംസാരിക്കാറില്ലെന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏറ്റുമുട്ടല്‍ കൊലയുടെ പരമമായ സൗകര്യമിതാണ്. 

1990-കളില്‍ മുംബൈ തെരുവുകളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകിവന്നപ്പോള്‍, കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (സി.പി.ഡി.ആര്‍), പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) എന്നീ സംഘടനകള്‍ ചേര്‍ന്ന് 1997-ല്‍ നടന്ന രണ്ട് ഏറ്റു

മുട്ടല്‍ കൊലകളെ -കുറ്റവാളികളായി കണക്കാക്കപ്പെട്ട ജാവേദ് ഫൗദ എന്ന അബൂ സയാമയുടെയും സാദ പാവ്‌ലെ, വിജയ് ടാണ്ടല്‍ എന്നിവരുടെയും- കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. ജാവേദ് ഫൗദയുടെ കൊലയുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയും ഹരജി നല്‍കി. 

മൂന്ന് കേസുകളും ഒന്നിച്ച് പരിഗണിച്ച് രണ്ട് സംഭവങ്ങളിലും ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. 1998 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന അന്വേഷണത്തിനൊടുവില്‍ ബോംബെ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് എ.എസ്. അഗ്വയര്‍ അതേ വര്‍ഷം ജൂലൈയില്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് ഏറ്റുമുട്ടലുകളും വ്യാജമാണെന്നായിരുന്നു കണ്ടെത്തല്‍. കോടതി ഇത് അംഗീകരിച്ചില്ല. സത്യസന്ധം തന്നെയെന്ന് വിധിയെഴുതി റിപ്പോര്‍ട്ട് തള്ളി. പക്ഷേ, സുപ്രധാനമായത് ഇതൊന്നുമായിരുന്നില്ല. അഗ്വയറുടെ റിപ്പോര്‍ട്ടി ല്‍ ജാവേദ് ഫൗദയെ വെടിവെച്ചു

കൊന്ന അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ ധൊബാലെയെ 'വെടിവെപ്പ് ഹരമാക്കിയ പോലീസുകാരന്‍' എന്ന പേരില്‍ പരിചയപ്പെടുത്തുന്നുണ്ട്. ധൊബാലെയുടെ പഴയകാല ചരിത്രം റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശവിധേയമാക്കുന്നു. 

അബ്ദുല്‍ ഗഫാര്‍ ഖാന്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ വിചാരണാ കോടതി 1994-ല്‍ ധൊബാലെയെ പ്രതിയെന്ന് വിധിച്ചിരുന്നു (കുറ്റം ചുമത്തിയത് ഹൈകോടതി പിന്‍വലിച്ചു. കേസില്‍ വിടുതല്‍ ഹരജി പരിഗണനയിലാണ്). 

ഏറ്റുമുട്ടലുകളില്‍ എത്ര പേരെ കൊല നടത്തിയെന്ന് ഓര്‍ക്കാനാവുന്നില്ലെന്ന് എതിര്‍ വിസ്താരത്തിനിടെ തെല്ല് വിമ്മിട്ടത്തോടെ ധൊബാലെ പറഞ്ഞിരുന്നത് ജഡ്ജി അഗ്വയര്‍ കുറിച്ചിട്ടുണ്ട്: 'ഏറ്റുമുട്ടല്‍ കൊല വലിയ സംഭവമൊന്നുമല്ല. അത് ഒരു പതിവ് കാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്.'

അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ ധൊബാലെയുടെ കഴിഞ്ഞകാലം പരാമര്‍ശിച്ചതില്‍ പക്ഷേ, ഹൈകോടതിക്ക് അതൃപ്തിയുണ്ടായിരുന്നു. ജ്ഞാനിയായ അന്വേഷണ ജഡ്ജില്‍നിന്ന് പ്രതീക്ഷിച്ച നിയമനടപടിയല്ല ഇതെന്നായിരുന്നു പ്രതികരണം. നേരെമറിച്ച്, വിവിധ പോലീസ് സ്റ്റേഷനുകളില്‍ സാദ പവ്‌ലെക്കും വിജയ് ടാണ്ടലിനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് കമീഷണറുടെയും ഒരു പോലീസ് ഓഫീസറുടെയും വിശദമായ സത്യവാങ്മൂലങ്ങള്‍ക്ക് ഊന്നലുണ്ട്: 'ഇതില്‍നിന്ന് അനുമാനിക്കാവുന്നത്, കൊല്ലപ്പെട്ട രണ്ടുപേരും ഭീതിവിതച്ച കൊള്ള സംഘാംഗങ്ങളാണെന്നും, കുപ്രസിദ്ധ ക്രിമിനലുകളല്ലെങ്കിലും മുംബൈ മെട്രോനഗരത്തില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരുന്നവരാണെന്നുമാണ്.'

ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ അവരുടെ (ഇല്ലാത്ത) ലശ്കര്‍ ബന്ധം സ്ഥാപിക്കുന്ന 'ചോര്‍ന്നുകിട്ടിയ' വിവരങ്ങളുടെ പ്രളയവും ശ്വാസംവിടാതെയുള്ള തത്സമയ സംപ്രേഷണങ്ങളും എന്തിനായിരുന്നുവെന്നതില്‍ അത്ഭുതം തോന്നാനിടയില്ല. ഈ കൗമാരക്കാരിയെ നിര്‍ദയം വെടിവെച്ചുകൊന്നത് ന്യായമായിരുന്നുവെന്ന് തോന്നിക്കുന്നതായിരുന്നു അവയൊക്കെ. സത്യസന്ധത തെല്ലും ഉറപ്പില്ലാത്ത ഒരു രേഖ മുന്‍നിര്‍ത്തി 'കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇശ്‌റത് ജഹാന്‍ റാസ, ലശ്കറെ ത്വയ്യിബ തീവ്രവാദിയായിരുന്നു'വെന്ന 'പുതിയ സ്റ്റോറി'യുമായി പത്രങ്ങള്‍ എഴുന്നള്ളിയിരുന്നു. പരാജയപ്പെട്ട 'ഇശ്‌റത് മൊഡ്യൂളി'നെ കുറിച്ച് സൂചനയുള്ള ഡേവിഡ് ഹെഡ്‌ലി അന്വേഷണ റിപ്പോര്‍ട്ടിലെ ഏറെ പ്രചാരം കിട്ടിയ ഖണ്ഡികകളാണ് ഉപരിസൂചിത രേഖ. ഡേവിഡ് ഹെഡ്‌ലി അന്വേഷണ റിപ്പോര്‍ട്ടിലെ അര്‍ധസത്യങ്ങള്‍ നിറഞ്ഞ ഈ ഖണ്ഡികകള്‍ ഉപയോഗിച്ച് കുറച്ചൊന്നുമല്ല എഴുതപ്പെട്ടത്. പൊതുവായനക്ക് ലഭ്യമാണ് ഈ ഭാഗം. കൊലക്കേസ് അന്വേഷണത്തില്‍ എന്‍.ഐ.എക്ക് പ്രസക്തിയില്ലെന്നത് വേറെ കാര്യം. ഉറവിടമറിയാത്ത, സ്ഥിരീകരിക്കപ്പെടാത്ത വീഡിയോ ടേപ്പുകള്‍ -നരേന്ദ്ര മോദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന വെളിപ്പെടുത്തി മുതിര്‍ന്ന ലശ്കര്‍ നേതാവും സഹായിയും തമ്മില്‍ നടന്നതായി പറയുന്ന ടെലിഫോണ്‍ സംഭാഷണം- 'ഇശ്‌റത് ജഹാന്‍ വീഡിയോ ടേപ്പുകള്‍' എന്ന പേരില്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രധാന സമയത്ത് കാണിക്കപ്പെട്ടതാണ്. ഈ സംഭാഷണത്തിലാകട്ടെ, ഇശ്‌റതിന്റെ പേര് ഒരിക്കല്‍ പോലും പരാമര്‍ശിക്കപ്പെടുന്നേയില്ല. 

ഒരു മാധ്യമ പ്രവര്‍ത്തകന്‍ -ബി.ജെ.പി അനുഭാവിയാണെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോഴൊക്കെ തന്റെ പ്രഫഷനല്‍ വ്യക്തിത്വത്തിലേക്ക് പിന്‍വലിയലാണ് അദ്ദേഹത്തിന്റെ രീതി- ടെലിവിഷന്‍ ചര്‍ച്ചയില്‍ പറയുന്നുണ്ട്, ഇശ്‌റത് ജഹാന്‍ തീവ്രവാദിയാണെന്ന് പൊതുധാരണയില്‍ ഉറച്ചുകഴിഞ്ഞാല്‍, വിചാരണ ഏതു ദിശയില്‍ പോയാലും ബി.ജെ.പിയുടെ 'ഭാവി പ്രധാനമന്ത്രി'ക്ക് രാഷ്ട്രീയത്തില്‍ അത് ലോട്ടറിയായിരിക്കുമെന്ന്.

മരിച്ചയാളുടെ കുറ്റകൃത്യത്തിന്റെ ഒരിക്കലും വ്യക്തത വരാത്ത ലോകത്തേക്ക് -കോടതിയില്‍ പോലും അയാള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല- കടക്കുന്നതോടെ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്ന വിഷയംപോലും അലിഞ്ഞില്ലാതാകുന്നു. പോലീസ് സ്വയം പ്രതിരോധത്തിനാണ് കൃത്യം നടത്തിയതെന്നതും സ്വയം വ്യക്തമാകുന്നു. 

ബട്‌ലഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് അനുമതി നിഷേധിച്ച് ദല്‍ഹി ലഫ്. ഗവര്‍ണര്‍ ജനറല്‍ പറഞ്ഞതിങ്ങനെയാണ്: ''പ്രതികളെ പിടിക്കാന്‍ ചെന്ന പോലീസിനുനേരെ വെടിവെപ്പുണ്ടായപ്പോള്‍ സ്വയം പ്രതിരോധത്തിനും അറസ്റ്റ് നടപടികള്‍ക്കും തിരിച്ച് വെടിവെക്കുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. ദല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ്‌സ്‌ഫോടനം നടത്തിയവരാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഘടകങ്ങള്‍. ഈ സംഭവത്തില്‍ ഒരു ധീരനായ പോലീസ് ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ട അവര്‍ക്ക് മറ്റൊരാളെ കൂടി നഷ്ടപ്പെടുന്നത് ആത്മവീര്യം കെടുത്തുന്നതും തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുമായിരിക്കും. 

''ആയുധധാരിയായ ഒരു തീവ്രവാദി മുന്നില്‍നില്‍ക്കെ വെടിയേറ്റ് മരിക്കണോ അതോ അയാളെ വെടിവെച്ചുകൊന്ന് കോടതിനടപടികള്‍ നേരിടണോ എന്നു ചിന്തിച്ചിരിക്കാനാവില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ് ഈ വെടിവെപ്പ്‌കേസ് ഇപ്പോള്‍. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഇനിയും പിടികൂടാനായിട്ടില്ല. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ തുടര്‍നടപടികള്‍ കോടതിക്കാകും.''

കുറ്റകൃത്യം, കൊലപാതകം എന്നിവയെ കുറിച്ച് പുനരുക്തി ന്യായവാദത്തിലേക്ക് നമ്മെ മടക്കിക്കൊണ്ടുപോവുകയാണ് ലഫ്. ഗവര്‍ണര്‍. ബട്‌ല ഹൗസ് കൊലക്കേസില്‍ സ്വയം വിധിപറയുക മാത്രമല്ല, മജിസ്‌ട്രേറ്റ്തല അന്വേഷണത്തിലൂടെ 'ആത്മവീര്യം ചോര്‍ത്തപ്പെടരുതാത്ത' തീവ്രവാദ വിരുദ്ധപോരാട്ടത്തില്‍ മുഴുകിയ മുഴുവന്‍ പോലീസ് ഓഫീസര്‍മാര്‍ക്കും അതിനെ അനുകൂലമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അതിസമര്‍ഥമായി മറ്റൊരു കെട്ടുകഥയും ഇവിടെ രചിക്കപ്പെടുന്നു -ക്രൈംബ്രാഞ്ച് ഈ വെടിവെപ്പ് കേസ് അന്വേഷിക്കുന്നുണ്ടെന്ന്. ക്രൈംബ്രാഞ്ച് സത്യത്തില്‍ അന്വേഷിക്കുന്നത് ഇന്‍സ്‌പെക്ടര്‍ ശര്‍മയുടെ കൊലപാതകമാണ്. ആതിഫ്, സാജിദ് എന്നിവര്‍ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്ന് മുദ്രകുത്തപ്പെട്ടതിനാല്‍ അവരുടെ മരണത്തിന് തീര്‍പ്പ് ആവശ്യമേയില്ല. ഇന്‍സ്‌പെക്ടര്‍ ശര്‍മ വധക്കേസില്‍ ജൂലൈയില്‍ സെഷന്‍സ് കോടതി ഷഹ്‌സാദ് അഹ്മദിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു; അയാള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതില്‍ പോലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുപോലും. 

വിധി പറയുമ്പോള്‍ കോടതിയുടെ മനസ്സില്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ജഡ്ജ് ശാസ്ത്രിയുടെ വിധിപ്രസ്താവം വായിച്ചാല്‍ മതി:

'ദല്‍ഹി ജനത ഒന്നടങ്കം (ഇന്‍സ്‌പെക്ടര്‍ ശര്‍മയെന്ന) ധീരാത്മാവിന്റെ മരണത്തില്‍ വിതുമ്പുകയായിരുന്നു. രാജ്യം മുഴുക്കെ മുറിവേറ്റ ബുദ്ധിജീവികള്‍ വിഷാദമഗ്നരായി മാറി. ഇതില്‍നിന്നു മനസ്സിലാക്കാം, മൊത്തം രാജ്യത്തിന്റെയും പൊതു മനഃസാക്ഷിയെ സംഭവം എത്രത്തോളം ഞെട്ടിച്ചുവെന്ന്. ഇതും കുറ്റവാളിക്കെതിരെയുള്ള ഗുരുതരമായ ഒരു ഘടകമാണ്.'

അത് പക്ഷേ, നിയമമായിരുന്നില്ല.

(ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'കാഫ്കനാട്: മുന്‍വിധി, നിയമം, പ്രതിഭീകരത' എന്ന കൃതിയില്‍നിന്ന്. വിവ: ആര്‍.കെ ബിജുരാജ്)


Comments

Other Post

ഹദീസ്‌

പ്രവാസത്തിന്റെ പൊരുള്‍
സി.കെ മൊയ്തു, മസ്‌കത്ത്‌

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 23-26
എ.വൈ.ആര്‍