നിറം
പ്രവാസം കഴിഞ്ഞ് നാട്ടില്‍ സ്ഥിരമാക്കുമ്പോഴാണ് കാവി വെറുമൊരു നിറമല്ല എന്ന് വെളിപ്പെടുന്നത്. പണ്ടത്തെ പോലെ കാവിത്തുണിയും ഉടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യ അനിഷ്ടത്തോടെ പറയുന്നു: ''ആ നിറം വേണ്ടിയിരുന്നില്ല.'' അവളുടെ അഭിപ്രായത്തെ ചിരിച്ചുതള്ളി ടൗണിലെത്തുമ്പോള്‍ അതിശയിച്ചുപോയി. കാവിമുണ്ടിന് ധാരാളം ആരാധകരുണ്ടായിരിക്കുന്നു. അന്നത്തെ പോലെ നാടകവും സാഹിത്യ ചര്‍ച്ചകളുമായി ആല്‍ത്തറയിലും ചായക്കടകളിലും ഇരുന്ന് നേരം കളഞ്ഞിരുന്ന 'സാമൂഹിക വിരുദ്ധരല്ല'. കൈയില്‍ പല നിറങ്ങളിലുള്ള ചരടുകള്‍ കെട്ടി കല്ലിച്ച മുഖവുമുള്ള അവരോട് കാവി ശരിക്കും പൊരുത്തപ്പെട്ടിരിക്കുന്നു.
ഞാന്‍ എന്നെ പേടിയോടെ നോക്കി. ഈ നിറത്തില്‍ എന്നെ അറിയുന്നവര്‍ക്കിടയിലും ഞാന്‍ അപരിചിതനാകുമോ എന്ന ഭയം ഉള്ളില്‍ ഒരാധിയായി വളരുന്നു. സഹനത്തിന്റെയും വിരക്തിയുടെയും ഒരു നിറം എത്ര എളുപ്പത്തിലാണ് സംഹാരപക്ഷത്തേക്ക് മാറുന്നത് എന്ന തിരിച്ചറിവ് വല്ലാതെ തളര്‍ത്തുന്നു.
ഒരു നിറത്തിന് പലതും സംസാരിക്കാന്‍ കഴിയുമെന്ന് ഇപ്പോഴെനിക്ക് ബോധ്യമാകുന്നു.
തുണിക്കടകളില്‍ ഇപ്പോള്‍ കാവി മാത്രമല്ല, കടും പച്ചയും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ലുങ്കികള്‍ ഉണ്ട് വില്‍പനക്ക്. ഒരേ കടയില്‍ പല നിറത്തിലുള്ള ലുങ്കികള്‍, ഒന്നില്‍നിന്ന് ഒന്ന് വേറിട്ട് പ്രത്യേകം കള്ളികളില്‍!
നിറങ്ങളുടെ ആകാശവും എന്റെ മഴവില്ലുകളും ആരൊക്കെയോ കാല്‍ക്കീഴിലാക്കിയോ?
Comments