ധ്രുവീകരണത്തെ ചെറുക്കുന്ന സാഹോദര്യത്തിന്റെ ഐക്യനിരകള്‍ രൂപപ്പെടട്ടെ
ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വംശവൈവിധ്യമുള്ള രാജ്യമാണ് നമ്മുടേത്. എട്ട് മതങ്ങളും ആറായിരത്തോളം ജാതി, ഉപജാതികളും ഇന്ത്യയിലുണ്ട്. ലോകത്ത് ഇത്രമേല്‍ വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യമില്ല. അതുകൊണ്ടുതന്നെ നരവംശ ശാസ്ത്രജ്ഞര്‍ക്കും സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും ഏറെ വിലപ്പെട്ട പഠന മേഖലയാണ് ഇവിടെയുള്ളത്. ഈ വൈവിധ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, സാമ്പത്തികവും സാമൂഹികവുമായ പാരസ്പര്യം ഇഴചേര്‍ന്ന ഒരു ജീവിതരീതിയാണ് പൊതുവില്‍ ഈ സമൂഹങ്ങള്‍ സ്വീകരിച്ചുവരുന്നത്. ആധുനികതയുടെ മുമ്പ് ജാതീയ അയിത്താചാരങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സാമൂഹിക ഘടനയെ നിലനിര്‍ത്തുന്നതില്‍ ഈ പാരസ്പര്യം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഈ വൈവിധ്യങ്ങളാണ് നാടിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വളര്‍ച്ചയുടെ മാപിനിയായി വര്‍ത്തിക്കുന്നത്.
പല ഭാഷകള്‍, പല സാഹിത്യങ്ങള്‍, പല ചരിത്രങ്ങള്‍ തുടങ്ങി ഏകമല്ലാത്ത സമുദായങ്ങളാണ് ഇന്ത്യയിലെ നിവാസികള്‍. ജൈവികമായ ഇവയുടെ ഭിന്ന ഭാവങ്ങളെ പ്രതിനിധീകരിക്കുന്നതിനു പകരം കൃത്രിമമായ ഭിന്നതകള്‍ രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വംശീയ വിദ്വേഷം വമിക്കുന്ന ധ്രുവീകരണ മനോഭാവം മേല്‍ക്കൈ നേടുന്നു. 1992-1993 കാലത്ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ നടന്ന സമയത്ത് സഹവര്‍ത്തിത്വത്തില്‍ നിലകൊണ്ട ഉത്തര്‍പ്രദേശിലെ പതിനഞ്ചോളം ഗ്രാമങ്ങളില്‍ ഈ കാലയളവില്‍ മുപ്പതിലധികം വംശീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദലിത് വിഭാഗങ്ങള്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ചത്ത പശുവിന്റെ തോലെടുത്തതിന് 'ഗോ സംരക്ഷകരുടെ' മര്‍ദനത്തിന് വിധേയരായ ഗുജറാത്തിലെ ദലിതുകള്‍ ഇതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രം. ദലിത് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിക്കുകയും പൊതു കിണറുകളില്‍നിന്ന് വെള്ളമെടുത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം വംശീയ കാഴ്ചകളുടെ സ്വഭാവം പരിമിതമോ ക്ഷണികമോ അല്ല. അവ സമൂഹബന്ധങ്ങളില്‍ ഏല്‍പിക്കുന്ന വിള്ളലുകള്‍ പ്രവചനാതീതമാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ താമസം നിഷേധിക്കുന്ന, തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിച്ച് മനോവീര്യം തകര്‍ക്കുന്ന പ്രവണതകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനിച്ച നാടും വീടും ഇട്ടെറിഞ്ഞ് പലായനം ചെയ്യുന്നവരും കുറവല്ല.
നിരന്തരമായി പരമത വിദ്വേഷവും വെറുപ്പും ഉല്‍പാദിപ്പിക്കുന്നതില്‍ മീഡിയയും വിദ്യാഭ്യാസ പാഠ്യപദ്ധതികളും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രേരണയാവുന്നത് പ്രചരിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. 'മുസ്‌ലിംമുക്ത' ഇന്ത്യയെക്കുറിച്ച് ലാഘവത്തോടെ പ്രസംഗിക്കാന്‍ ഇവിടെ കഴിയുന്നതും ഈ പശ്ചാത്തലത്തിലാണ്. മുസ്‌ലിം ജനസംഖ്യാ സ്‌ഫോടനം, ലൗ ജിഹാദ്, മതപരിവര്‍ത്തന ഭീതി, ഹിന്ദുക്കളുടെ അരക്ഷിതാവസ്ഥ തുടങ്ങി അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം പ്രോപഗണ്ടകള്‍ വംശഹത്യകള്‍ക്ക് ന്യായീകരണങ്ങള്‍ ചമയ്ക്കുന്നു. കലാപ കേസുകള്‍ കൈകാര്യം ചെയ്ത പല ജുഡീഷ്യല്‍ കമീഷനുകളും ഈ വസ്തുത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷലിപ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രിന്റ്, വിഷ്വല്‍, സോഷ്യല്‍ മീഡിയയുടെ പങ്കും നിഷേധിക്കാനാവാത്തതാണ്. തെറ്റായ വാര്‍ത്തകളും അപവാദങ്ങളും പ്രചരിപ്പിക്കുക, തെറ്റിദ്ധാരണകള്‍ സംപ്രേഷണം ചെയ്യുക, ചെറിയ വിഷയങ്ങള്‍ പെരുപ്പിച്ച് ഭീതിയുണ്ടാക്കുക തുടങ്ങി മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന അരുതായ്മകള്‍ ഇനിയുമുണ്ട് ധാരാളം. സമൂഹങ്ങള്‍ക്കിടയില്‍ മറകളും വേലികളും കെട്ടിയുയര്‍ത്തുന്നതില്‍ ഈ പ്രചാരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അങ്ങനെ സാമൂഹിക ബന്ധങ്ങളില്‍ തെറ്റായ ഭാവനകള്‍ വളരുന്നു. വിവിധ സമുദായങ്ങള്‍ നേരിട്ട് ആശയവിനിമയം നടത്തുന്നതിനു പകരം മധ്യവര്‍ത്തികളായി അവതാരകര്‍ മായം ചേര്‍ത്ത വാര്‍ത്തകളുമായി രംഗത്തു വരുമ്പോള്‍ വസ്തുതകള്‍ മറച്ചുവെക്കപ്പെടുന്നു.
വര്‍ഗീയധ്രുവീകരണ മനോഭാവം വളര്‍ന്നുവരുമ്പോള്‍ ഏതെങ്കിലും ഒരു സമുദായം മാത്രമല്ല അരക്ഷിതരാവുന്നത്. മറിച്ച് മുഴുവന്‍ വിഭാഗങ്ങളും അതിന്റെ ഭാരം പേറേണ്ടിവരുന്നു. വംശഹത്യകള്‍ക്ക് കൂടുതല്‍ വിധേയമാകുന്നത് ന്യൂനപക്ഷങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളുമാണ്. ഇവരുടെ ജീവനും സമ്പത്തുമാണ് നഷ്ടപ്പെടുന്നതെങ്കിലും, കലാപങ്ങളുടെ പേരില്‍ പോലീസ് കൂടുതലായി അറസ്റ്റ് ചെയ്യുന്നതും ഇവരെ തന്നെയായിരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന നാലായിരത്തിലധികം വംശഹത്യകളില്‍ തകര്‍ക്കപ്പെട്ടതും പ്രതിചേര്‍ക്കപ്പെട്ടതും ഒരേ വിഭാഗക്കാരാണ്. ഇത് സമുദായങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസത്തെ ബാധിക്കുകയും അരക്ഷിതാവസ്ഥ രൂപപ്പെടുകയും ചെയ്യുന്നു. അടിച്ചമര്‍ത്തലും അനീതിയും ഒരു സമൂഹത്തെയും വളരാന്‍ സമ്മതിക്കുകയില്ല. അവ നാശത്തിലേക്കാവും നയിക്കുക. ഭൗതികമായ വരുമാനങ്ങള്‍ തടയപ്പെടുക മാത്രമല്ല, ദൈവികമായ ശിക്ഷകള്‍ക്കും അത് കാരണമാകും (വിശുദ്ധ ഖുര്‍ആന്‍ 29:40).
നിലവിലെ സാമൂഹിക ബന്ധങ്ങളില്‍ ഏറ്റ മുറിവുകള്‍ ഭേദമാക്കാന്‍ ഒരുമിച്ചുനില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങള്‍ തമ്മില്‍ സാഹോദര്യം വീണ്ടെടുത്തുകൊണ്ടാണ് ഇത് സാധ്യമാകേണ്ടത്. കാലിന്‍ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന ഈ അവസ്ഥ ശരിക്കും വിലയിരുത്തി, സഹിഷ്ണുതയുടെയും സമഭാവനയുടെയും ഒരു സാമൂഹിക ഘടന രൂപപ്പെടുത്തേണ്ടതുണ്ട്. മതത്തെ ഹിംസാത്മകമായി ഉപയോഗിക്കുന്ന സംഘ് പരിവാറിന്റെ ഭരണകാലത്ത് മതത്തിന്റെ തന്നെ വിശാലതയും വിട്ടുവീഴ്ചയും ഉള്‍ക്കൊള്ളുന്ന ഐക്യനിരകള്‍ രാജ്യത്ത് ശക്തിപ്പെടണം. നീതി തല്‍പരരായ എല്ലാവരും വിവിധ തലങ്ങളില്‍ കൈകോര്‍ത്ത് രാജ്യത്ത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദൃഢ ബന്ധങ്ങള്‍ രൂപപ്പെടുത്തണം. പുരോഗതിയും സമൃദ്ധിയും ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമാവാതെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ. പുരോഗതിയുടെയും വളര്‍ച്ചയുടെയും അളവുപാത്രം സുദൃഢമായ സാമുദായിക ബന്ധങ്ങളായിത്തീരേണ്ടതുണ്ട്.
സാഹോദര്യത്തിന്റെ പാരമ്പര്യം
''നമ്മുടെ രാജ്യവും കുടുംബങ്ങളും പരസ്പരം ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഭിന്നിപ്പിച്ച് നമുക്കിടയില്‍ ആധിപത്യം ഉറപ്പിക്കുക എന്നതാണ് ബ്രിട്ടീഷുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മള്‍ ഒരിക്കലും ആ തന്ത്രത്തില്‍ വീണുപോകരുത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരുമിച്ചുനിന്ന് പോരാടാന്‍ തയാറാവേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ ഈ നാട്ടിലെ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ശത്രുവാണ്...'' കോഴിപ്പുറത്ത് മാധവമേനോന്‍ മമ്പുറം പള്ളിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ഒരു ഭാഗമാണിത്. മമ്പുറം പള്ളിയില്‍ ജുമുഅക്ക് മുസ്‌ലിംകള്‍ മാത്രമായിരുന്നില്ല പങ്കെടുത്തിരുന്നത്. കുടിയാന്മാരായ ഹിന്ദു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ മാധവമേനോന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. ഇതിലൂടെ രൂപപ്പെട്ട വലിയ സമരനിരകള്‍തന്നെ ചരിത്രത്തിലുണ്ടായിട്ടുണ്ട്.
പൊതുവായ ഒരു കാര്യത്തിന് പള്ളിയില്‍ ഒന്നിച്ചിരിക്കാനും ഐക്യനിരകള്‍ രൂപപ്പെടുത്താനും സാധിച്ചത് മലബാര്‍ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജാതി ദുരാചാരങ്ങള്‍ക്കെതിരെ മമ്പുറത്തെ പള്ളിയില്‍ രൂപപ്പെട്ടിരുന്ന സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ച് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍ നടത്തിയ വിമോചന പ്രഖ്യാപനങ്ങള്‍ കേരളത്തിലെ സാമൂഹിക ബന്ധങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതായിരുന്നു. കൊടുങ്ങല്ലൂരിലെത്തിയ മാലിക് ദീനാറിനും സംഘത്തിനും സ്ഥലവും സൗകര്യവും ഒരുക്കിയത് ഈ പ്രദേശത്തുകാരായിരുന്നു. കൊടുങ്ങല്ലൂരില്‍ താന്‍ നടത്തുന്ന കച്ചവടം പ്രദേശവാസികളായ കച്ചവടക്കാര്‍ക്ക് പ്രയാസമുാക്കുന്നു എന്ന് മനസ്സിലാക്കിയ മാലിക് ദീനാര്‍ തന്റെ സ്ഥാപനം ഉച്ചയോടു കൂടി അടക്കാന്‍ തീരുമാനിച്ചു. പിന്നീട് തന്റെ അടുത്തേക്ക് വരുന്നവരോട് തൊട്ടടുത്ത കടകളില്‍ പോയി സാധനം വാങ്ങാന്‍ പറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി ചൂണ്ടിക്കാണിച്ചുകൊടുത്ത കച്ചവടക്കാരനായ അപ്പുവാണ് കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍നിന്ന് ഇസ്‌ലാമിലേക്ക് വന്ന ആദ്യത്തെ വ്യക്തി. അദ്ദേഹത്തിന് അത്താഴ വിളികള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ദാര്‍ കെ.എം പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്.
താന്‍ രാത്രി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പരിചാരകരെ വിട്ട് നാല്‍പത് വീടുകളില്‍ പോയി ഭക്ഷണമുണ്ടാക്കിയിട്ടുണ്ടോ എന്ന അന്വേഷിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണമില്ലാത്ത വീടുകളില്‍ ഭക്ഷണം നല്‍കിയതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളൂവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഖ്ദൂമും സാമൂതിരിയുമായുള്ള ബന്ധങ്ങള്‍ മറ്റൊരു ഉദാഹരണമാണ്. സാമൂതിരിയെ ഇമാമായി പ്രഖ്യാപിച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടല്‍ (വിശ്വാസികള്‍ക്ക്) മതബാധ്യതയാണെന്ന് ഫത്‌വ കൊടുത്തയാളാണ് സൈനുദ്ദീന്‍ മഖ്ദൂം. സാമൂതിരിയുടെ പട്ടാളത്തില്‍ സേനാനായകനായി പോരാടിയിരുന്നു ഖാദി മുഹമ്മദിന്റെ മകന്‍ ഖാദി അബ്ദുല്‍ അസീസ്.
പോര്‍ച്ചുഗീസ് അധിനിവേശത്തെ ചെറുക്കുന്നതിന് നായര്‍പടയും മുസ്‌ലിം പോരാളികളും സാമൂതിരിയും തന്ത്രങ്ങളാവിഷ്‌കരിച്ചിരുന്നത് കോഴിക്കോട്ടെ മിശ്കാല്‍ പള്ളിയില്‍ വെച്ചായിരുന്നു. 1921-ലെ മലബാര്‍ പോരാട്ടങ്ങളില്‍ നായകസ്ഥാനത്ത് നിന്നിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി മഞ്ചേരിയില്‍ നടത്തിയ സമാന്തര രാഷ്ട്ര പ്രഖ്യാപനത്തില്‍ ഹിന്ദു-മുസ്‌ലിം മൈത്രി സ്ഥാപിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ആറായിരത്തോളം വരുന്ന സൈനികരില്‍ ആയിരത്തോളം പേര്‍ മുസ്‌ലിംകളായിരുന്നില്ല. ഹാജിയുടെ സൈനിക പരിശീലന ക്യാമ്പുകളിലേക്ക് ഭക്ഷണം നല്‍കിയിരുന്നത് ഒളപ്പമണ്ണ മനയില്‍നിന്നും പാണ്ടിക്കാട്ടെ മാരാട്ട് മനയില്‍നിന്നുമായിരുന്നു. പാണ്ടിയാട്ട് നാരായണന്‍ നമ്പീശനും ഉണ്ണികൃഷ്ണ നമ്പീശനും ഹാജിയുടെ സഹചാരികളുമായിരുന്നു.
മലബാര്‍ സമരങ്ങളിലെ മാപ്പിളമാരെ സഹായിച്ചതിന്റെ പേരില്‍ എം.പി നാരായണ മേനോനെ 'മലബാറിന്റെ അബൂത്വാലിബ്' എന്നാണ് വിളിച്ചിരുന്നത്. വക്കം മൗലവിയും എ.കെ പിള്ളയും തമ്മിലുള്ള ആത്മബന്ധം കേരളത്തില്‍ ഉണ്ടാക്കിയ സാമൂഹിക മാറ്റങ്ങളും ചിന്തകളും ഏറെ വലുതായിരുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവക്ക് മുസ്‌ലിമും ഹിന്ദുവും പരസ്പരം സ്ഥലങ്ങള്‍ പതിച്ചുനല്‍കിയിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന സ്ഖലിതങ്ങള്‍ക്കല്ല, സാഹോദര്യത്തിന്റെ കേരളീയ പാരമ്പര്യത്തിനാണ് തുടര്‍ച്ചകളുണ്ടാവേണ്ടത്. ഇത്തരം ചരിത്രങ്ങളെ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ജ്വലിപ്പിച്ചുനിര്‍ത്തേണ്ടതുണ്ട്. വര്‍ഗീകരിച്ചും വിഘടിപ്പിച്ചും അധികാരവും ആധിപത്യവും ഉറപ്പിക്കുന്ന സംഘ്കാലത്ത് ഇതിന് കൂടുതല്‍ പ്രസക്തിയുണ്ട്. വിവിധ സമൂഹങ്ങളുടെ പാരസ്പര്യങ്ങളിലൂടെ രൂപപ്പെട്ടുവന്ന സാമൂഹിക ഉന്നമനം കേരളത്തില്‍ ആധുനിക നവോത്ഥാനത്തിന് മുമ്പുതന്നെ സാധ്യമായിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഖാജാ മുഈനുദ്ദീന്‍ ഛിശ്തിയും ഹസ്രത്ത് നിസാമുദ്ദീനും നടത്തിയ സാമൂഹിക സദ്യകള്‍ അവിടത്തെ സാമൂഹിക ഘടനയില്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കുന്നതിലൂടെ സാമൂഹിക സാഹോദര്യത്തിന്റെ വലിയ തുറസ്സുകളാണ് അവര്‍ രൂപപ്പെടുത്തിയത്.
നമ്മുടെ നാട്ടില്‍ പരസ്പര വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷാത്കാരം, ഇത്തരം ചരിത്രങ്ങളെ പുനരാവിഷ്‌കരിക്കുന്നതിലൂടെ സാധ്യമാക്കാം. സാഹോദര്യവും മനുഷ്യത്വവും ദൃഢമാകുന്നതിനും നല്ലൊരു സമൂഹത്തെ പൈതൃകമായി ലഭിക്കുന്നതിനും എല്ലാ തലമുറകളും ചുമലിലേറ്റേതാണ് ഈ ഉത്തരവാദിത്തം.
Comments