Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

ഇബ്‌റാഹീമിന്റെ മക്കയും മുഹമ്മദിന്റെ മദീനയും

ടി. മുഹമ്മദ് വേളം

ഒരു ഘര്‍വാപസിക്കാലത്താണ് ഞാന്‍ ആദ്യമായി  മക്കയും മദീനയും സന്ദര്‍ശിക്കുന്നത്. മക്കയും മദീനയും അന്ന് എന്നിലുണര്‍ത്തിയ ചില ആലോചനകള്‍ പങ്കുവെക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. ഘര്‍വാപസിയുടെ എതിര്‍ദിശയിലാണ് അല്ലാഹു മക്കയെയും മദീനയെയും സ്ഥാപിച്ചിരിക്കുന്നത്. വീട്ടിലേക്ക് മടങ്ങാനല്ല, വീടുവിട്ടിറങ്ങാനാണ് മക്കയും മദീനയും മനുഷ്യരോട് പറയുന്നത്. ജന്മഗൃഹം, ജന്മനാട് എന്നിവ ഗര്‍ഭപാത്രത്തിന്റെ വലിയ രൂപങ്ങളാണ്. ഗര്‍ഭപാത്രത്തിന്റെ തുടര്‍ച്ചകളും നീള്‍ച്ചകളുമാണ്. എല്ലാ സസ്തനികള്‍ക്കും പൊതുവായുള്ളതാണ് ഗര്‍ഭപാത്രം. സസ്തനികളുടെ പൊതു സവിശേഷത മാത്രമാണത്. അത് മനുഷ്യന്റേതു മാത്രമായ ഒരു പ്രത്യേകതയല്ല. ഗര്‍ഭപാത്രം ജന്തുപരമാണ്. ജന്തുപരതയെ മറികടക്കുമ്പോഴാണ് മനുഷ്യന്‍ പിറക്കുന്നത്. മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മാനവികതലം പ്രധാനം തന്നെയാണ്. മനുഷ്യസംസ്‌കാരത്തില്‍ മാതൃപിതൃ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ ജന്തുക്കളില്‍ ജന്തു ജൈവ വികാരങ്ങള്‍ അതിന്റെ കൊടിപ്പടങ്ങളാണ്. മനുഷ്യനില്‍ ആദര്‍ശമാണ് അവന്റെ/അവളുടെ കൊടിപ്പടം. അതിനു കീഴിലാണ് ജന്തു ജൈവ വികാരങ്ങള്‍. ജന്തു ജൈവപരതയെ നിഷേധിക്കാത്ത, അതിനെ സംസ്‌കരിക്കുന്ന, അതിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആദര്‍ശപരത എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ബഹുദൈവാരാധകരായ മാതാപിതാക്കളോടും നന്മയില്‍ വര്‍ത്തിക്കാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. എന്നാല്‍ ബഹുദൈവത്വത്തിന്റെ കാര്യത്തില്‍ അവരെ അനുസരിച്ചുപോവരുത് (സൂറഃ ലുഖ്മാന്‍ 14,15). ജന്തുപരമായ ചോദനകളെ ആദര്‍ശം കൊണ്ട് മറികടക്കുമ്പോഴാണ് മനുഷ്യന്‍ പിറവിയെടുക്കുന്നത്.

ജന്മനാട് ഗര്‍ഭപാത്രത്തിന്റെ വലിയ രൂപമാണ്.  ഏതാണ്ടെല്ലാ സംസ്‌കാരങ്ങളിലും ജന്മരാജ്യം മാതൃരാജ്യമാണല്ലോ. ദേശസ്‌നേഹം തന്നോടുള്ള സ്‌നേഹത്തിന്റെ വിപുല രൂപമാണ്. ഞാന്‍ എന്റെ നാടിനെ സ്‌നേഹിക്കുന്നത് അത് എന്റെ നാടായതുകൊണ്ട് മാത്രമാണ്. അതിന് എന്തെങ്കിലും ഗുണമേന്മകള്‍ ഉള്ളതുകൊണ്ടല്ല. ഗുണഗണങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എന്റെ നാടെന്ന വികാരത്തില്‍ ഞാനതിനെ സ്‌നേഹിക്കും. എന്റേതെന്ന നിലക്കുമുള്ള എല്ലാ സ്‌നേഹ വികാരങ്ങളും ഇങ്ങനെത്തന്നെയാണ്. ആദര്‍ശവല്‍ക്കരിക്കപ്പെട്ട ജന്തുത്വമാണ് തീവ്ര ദേശീയവാദം. എല്ലാ വംശീയവാദങ്ങളും ഇതിന്റെ തന്നെ മച്ചുനിയന്മാരാണ്. ജന്തുപരതയുടെ സ്ഥലരാശിയാണ് ജന്മനാട്. ജന്തുവാസനകളെ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ അല്ല ഇസ്‌ലാം ചെയ്യുന്നത്. അതിനെ അതിന്റെ അളവില്‍ അംഗീകരിക്കുമ്പോള്‍ തന്നെ ആദര്‍ശത്തിന്റെ അടിസ്ഥാനമാക്കാതിരിക്കുകയാണ്. ജന്തുപരതയെ മറികടക്കുക മാത്രമല്ല, ഏതാണ്ടെല്ലാ പ്രവാചകന്മാരും  ജന്മനാടിനെ ഉപേക്ഷിക്കുക കൂടി ചെയ്തവരായിരുന്നു. അതൊരു അനുഷ്ഠാനപരമായ നടപടിയായിരുന്നു; എന്നല്ല, അതിനു സാഹചര്യപരമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. പലായനത്തിന് പ്രവാചകത്വവുമായി അഭേദ്യമായ ബന്ധമുള്ളതുപോലെയാണ് ചരിത്രം പഠിപ്പിക്കുന്നത്.

ഇസ്‌ലാമിക അധ്യാപനങ്ങളില്‍ മാത്രമല്ല ഏതാണ്ടെല്ലാ മതസംസ്‌കാരങ്ങളിലും പലായനത്തിന്റെ ഈ പ്രവാചക പ്രതിഭാസം കാണാന്‍ കഴിയും. കൊട്ടാരം ഉപേക്ഷിച്ചിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരനാണ് ബുദ്ധനായി മാറിയത്. 14 സംവത്സരക്കാലത്തെ വനവാസമാണ് ശ്രീരാമനെ ആദര്‍ശ പുരുഷോത്തമനാക്കുന്നത്. ഭൂമിയെ അള്ളിപ്പിടിച്ചുനില്‍ക്കുക എന്നത് ജന്തുസ്വഭാവമാണ്. ഭൂമികളിലെ ഭൂമിയാണ് ജന്മനാട്. ജന്തുവാസനകളെ മറികടക്കാന്‍ കഴിയാതെ പോയാല്‍ അവ സ്വയം ബന്ധിച്ച തടവറകളായി മാറും. ഇസ്‌ലാം പ്രപഞ്ചത്തോളം വിശാലമായ ആകാശത്തിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നത്. ഉപേക്ഷിക്കാനുള്ള സന്നദ്ധതയാണ് ആത്മീയതയുടെ നട്ടെല്ല്. നിങ്ങള്‍ എപ്പോഴും എപ്പോഴും ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്നല്ല, ഉപേക്ഷിക്കാനുള്ള സന്നദ്ധത നിങ്ങളില്‍ സജ്ജമാണോ എന്നതാണ് ആത്മീയതയുടെ ചോദ്യം. 

ജന്മനാടെന്ന പ്രിയപ്പെട്ട നാടിനെ ഉപേക്ഷിക്കേണ്ടിവന്നാല്‍ ഉപേക്ഷിക്കാനുള്ള കരുത്തിന്റെ പേരാണ് വിശ്വാസം. ജന്മനാടിനെ വെറുത്തതുകൊണ്ടല്ല പ്രവാചകന്മാര്‍ ആരും പലായനത്തിന്റെ വഴി തെരഞ്ഞെടുത്തത്. പലായനത്തിന്റെ വേളയില്‍ പ്രവാചകന്‍ (സ) മക്കയോട് പറയുന്നുണ്ട്; 'അല്ലാഹുവാണ, അവന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് നീ, അല്ലാഹുവിന്റെ ഭൂമിയില്‍ എനിക്ക് ഇഷ്ടപ്പെട്ട പ്രദേശം കൂടിയാണ് നീ, നിന്റെ ആളുകള്‍ എന്നെ പുറത്താക്കിയിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നില്‍നിന്ന് അകലുമായിരുന്നില്ല.' പ്രവാചകന്മാര്‍ ജൈവ ലോല വികാരങ്ങളില്‍നിന്ന് നിര്‍മുക്തരായ യന്ത്രങ്ങളോ ശിലകളോ ആയിരുന്നില്ല. മജ്ജയും മാംസവും വിചാരങ്ങളും വികാരങ്ങളുമുള്ള മനുഷ്യരായിരുന്നു. ലോല വികാരങ്ങള്‍ നിലനില്‍ക്കെത്തന്നെ അതിനെ മറികടന്നവരായിരുന്നു.

ദൈവത്തിന്റെ വിളിയാളത്തിന് ഉത്തരം നല്‍കി ജന്മനാടിനെ പിറകില്‍ ഉപേക്ഷിച്ചുപോയവരാണ് പ്രവാചകന്മാര്‍. പലരുടെയും ആദ്യകാല അനുയായികളും. ജന്മനാട് എന്ന സങ്കല്‍പത്തെ ആദര്‍ശവല്‍ക്കരിച്ചവതരിപ്പിക്കുകയല്ല പ്രവാചകന്മാര്‍ ചെയ്തത്. ആദര്‍ശം ഗര്‍ഭപാത്രത്തിലേക്കുള്ള പിന്മടക്കമല്ല. അതില്‍നിന്നുള്ള മുന്നോട്ടുപോകലാണ്. പ്രവാചക പ്രസ്ഥാനങ്ങള്‍ അതിന്റെ മാതൃകാ സ്ഥാനങ്ങളെ തങ്ങളുടെ യാത്രകളില്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇബ്‌റാഹീമിന് അത് മക്കയായിരുന്നു. ലൂത്വിന് സദൂം എന്ന ട്രാന്‍സ് ജോര്‍ദാന്‍, ഇസ്ഹാഖിന് കാനാന്‍ ദേശം, യൂസുഫിനത് ഈജിപ്തായിരുന്നെങ്കില്‍, ഈജിപ്തില്‍ ജനിച്ച മൂസാക്ക് അത് ഫലസ്ത്വീനായിരുന്നു. മുഹമ്മദ് നബിക്ക് മദീന.

ഇബ്‌റാഹീം നബി ആദര്‍ശസ്ഥലിയായി അവതരിപ്പിക്കുന്നത് ജന്മനാടായ  ഇറാഖിനെയോ ഊര്‍ പട്ടണത്തെയോ അല്ല. കാതങ്ങള്‍ക്കപ്പുറത്തുള്ള മക്കയെയാണ്. ഇബ്‌റാഹീം നബി മക്കക്കു വേണ്ടി പ്രാര്‍ഥിച്ചു. അതിന്റെ പ്രത്യുത്തരമായി ഒരു പ്രവാചകന്‍ സമാഗതനായി. മക്കയില്‍ വന്ന പ്രവാചകന്‍ ആദര്‍ശ സ്ഥാനമായി അവതരിപ്പിക്കുന്നത് തന്റെ ജന്മനാടായ മക്കയെ അല്ല, ആയിരം മൈലുകള്‍ക്കപ്പുറമുള്ള മദീനയെയാണ്. ഇബ്‌റാഹീമിന്റെ മക്കയാണ് മുഹമ്മദിന്റെ മദീന. പ്രവാചകന്‍ മുഹമ്മദ് (സ) പറയുന്നു; 'അല്ലാഹുവേ, ഇബ്‌റാഹീം (അ) മക്കയെ ഹറമായി പ്രഖ്യാപിക്കുകയും മക്കക്കാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അപ്രകാരം ഞാന്‍ മദീനയെ ഹറമായി പ്രഖ്യാപിക്കുകയും മദീനക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇബ്‌റാഹീം (അ) ചെയ്തതുപോലെത്തന്നെ, അതിനാല്‍ മദീനയിലെയും അളവുതൂക്കങ്ങളില്‍ നീ അനുഗ്രഹം ചൊരിയേണമേ, ഇബ്‌റാഹീമിന്റെ പ്രാര്‍ഥനയിലൂടെ നീ മക്കക്കാര്‍ക്ക്  ചെയ്തുകൊടുത്തതെന്തോ, അത്രതന്നെ നീ മദീനക്കാര്‍ക്കും ചെയ്തുകൊടുക്കേണമേ' (ബുഖാരി,മുസ്‌ലിം). 'എന്റെ പലായന സ്ഥലമാണ് മദീന, എന്റെ സ്ഥിരവാസ ഭവനവും. അവിടെ നിന്നാണ് അന്ത്യനാളില്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുക. അവിടത്തുകാര്‍ എന്റെ അയല്‍വാസികളാണ്. എന്റെ അയല്‍വാസികളെ സംരക്ഷിക്കുക എന്നത് എന്റെ സമുദായത്തിന്റെ നിര്‍ബന്ധിത ബാധ്യതയാണ്'(മുസ്‌നദുല്‍ ഫിര്‍ദൗസ്). മദീനയെ സ്‌നേഹിക്കുമ്പോഴും ജന്മനാടെന്ന നിലയില്‍, കഅ്ബാ നാടെന്ന നിലയിലും  പ്രവാചകന്‍ മക്കയെ സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം ഒരു പരിമിതിയായിരുന്നില്ല എന്നുമാത്രം. ലോകത്തിന്റെ വിശാലതക്കു നേരെ അടച്ച വാതിലായിരുന്നില്ല, അതിലേക്കുള്ള തുറന്ന കവാടമായിരുന്നു. പ്രവാചകന്‍ പ്രാര്‍ഥിക്കുന്നു: ''അല്ലാഹുവേ, മക്കയോടുള്ള പോലെ അല്ലെങ്കില്‍ അതിനേക്കാളേറെ ഞങ്ങള്‍ക്ക് നീ മദീനയോടും പ്രിയമുണ്ടാക്കണേ''(ബുഖാരി, മുസ്‌ലിം). മക്ക  ഇസ്‌ലാമില്‍ ഇബ്‌റാഹീമിന്റെ പട്ടണമാണ്. മദീന മുഹമ്മദിന്റെ പട്ടണമാണ്. ഇബ്‌റാഹീം നബിയും മുഹമ്മദ് നബിയും  മനുഷ്യരാശിയെ ക്ഷണിച്ചത് ജന്മനാടുകളിലേക്കല്ല. തങ്ങളുടെ രക്ത ബന്ധങ്ങള്‍ക്കപ്പുറത്തെ, പ്രാസ്ഥാനിക വഴിയില്‍ കണ്ടെത്തിയ കര്‍മക്ഷേത്രങ്ങളിലേക്കാണ്. 

ഹജ്ജില്‍ പലായനത്തിന്റെ അംശങ്ങളാണ് നാം പുനരാവിഷ്‌കരിക്കുന്നത്. പ്രിയപ്പെട്ടതായിരിക്കെത്തന്നെ ജന്മനാടിനേക്കാള്‍ പ്രധാനമാണ് അല്ലാഹുവിന്റെ വിളി എന്നാണ് ഓരോ ഹജ്ജാജിയും ഹജ്ജിലൂടെ പറയുന്നത്. ജന്തുപരതയെ, ഗര്‍ഭപാത്രത്തെ, ജനിച്ച വീടിനെ, തറവാടിനെ, ജന്മനാടിനെ, പിറന്ന വംശത്തെ, മാതൃരാജ്യത്തെ മുറിച്ചുകടന്നല്ലാതെ നിങ്ങള്‍ക്ക് ലോക പൗരനാവാന്‍ കഴിയില്ല, സാര്‍വലൗകികനാവാനാവില്ല. ലോകത്തിന്റെ രക്ഷിതാവിന്റെ അടിമയാകാന്‍ കഴിയില്ല. കാരണം നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം ഗോത്ര ദൈവമോ വംശ ദൈവമോ ഏതെങ്കിലും രാജ്യത്തിന്റെ ദൈവമോ അല്ല. ലോകത്തിന്റെ രക്ഷിതാവാണ്. 'സര്‍വസ്തുതിയും ലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു' (അല്‍ഫാത്തിഹ 2). ജൈവ ചോദനകളെ, ദേശ വംശവികാരങ്ങളെ മനസ്സുകൊണ്ടെങ്കിലും മുറിച്ചുകടക്കാനാവാത്തവര്‍ക്ക് വിശ്വാസിയാവാന്‍ കഴിയില്ല. ആദര്‍ശപരമായി വീട്ടിലേക്ക് മടങ്ങാനല്ല, വീടു വിട്ടിറങ്ങാനാണ് മക്കയും മദീനയും ആഹ്വാനം ചെയ്യുന്നത്. വംശം കാലുറപ്പിച്ച ഇടമാണ് വീട്. വംശം ചലനം സാധ്യമല്ലാത്ത സ്ഥിരതയാണ്. അടഞ്ഞ വാതിലുകള്‍ കൊണ്ട്  ഭദ്രമാക്കപ്പെട്ട വീടാണത്. അകത്തേക്കോ പുറത്തേക്കോ സഞ്ചാരം സാധ്യമല്ലാത്ത അടഞ്ഞ തറവാട്. അശുദ്ധിയും അയിത്തവുമാണ് അതിന്റെ ചലന നിയമങ്ങള്‍. കടല്‍ കടക്കാന്‍ പാടില്ലെന്നതാണ് അതിന്റെ വ്രതം. രക്തശുദ്ധി വാദമാണ് അതിന്റെ അടിസ്ഥാന വിശ്വാസപ്രമാണം. 

ഇസ്‌ലാം ഇതിന്റെ എതിര്‍ധ്രുവത്തിലാണ് നിലയുറപ്പിക്കുന്നത്. ഇസ്‌ലാം അടിമുടി ചലനാത്മകമാണ്. സഞ്ചരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഖുര്‍ആനാണ് അതിന്റെ വേദഗ്രന്ഥം. കടലിനെ മുറിച്ചുകടക്കുന്ന മനുഷ്യനിര്‍മിതിയായ കപ്പല്‍ ദൈവത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. വംശങ്ങള്‍ക്കിടയിലെ രക്തസഞ്ചാരങ്ങളെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. പ്രവാചകന്‍ മുന്‍കൈയെടുത്ത് നടത്തിയ സൈദ്-സൈനബ് വിവാഹം ഇതിന്റെ ഉദാഹരണമാണ്. ഒരു കാലത്തെ സാമൂഹികക്രമമായ അടിമ സമ്പ്രദായത്തോട് അതിനെ തിരുത്തിക്കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇസ്‌ലാം ഇടപഴകി. ഉടമക്ക് അടിമ സ്ത്രീയില്‍ ലൈംഗികത അനുവദിച്ചു. പക്ഷേ അതിനെ അടിമകളുടെ മോചനത്തിന്റെ വഴിത്താരയാക്കി. അവളില്‍ പിറക്കുന്ന വംശത്തെ ഉടമകളുടെ വംശത്തിന്റെ ഭാഗമാക്കി. അടിമരക്തത്തെയും ഉടമരക്തത്തെയും ഇടകലര്‍ത്തി. യഥാര്‍ഥത്തില്‍ മനുഷ്യരക്തം മാത്രമേ ഉള്ളൂവെന്ന് സ്ഥാപിച്ചെടുത്തു. അടിമ ഉടമയില്‍നിന്ന് ഗര്‍ഭിണിയായാല്‍ പിന്നെ അവര്‍ വെറും അടിമയല്ല, ഉമ്മുല്‍ വലദാണ്(കുട്ടിയുടെ ഉമ്മ). പിന്നെ അവളെ വില്‍ക്കാന്‍ പാടില്ല. ജനിക്കുന്ന കുട്ടി അടിമയല്ല, സ്വതന്ത്രനാണ്. ഉടമയുടെ മറ്റു കുട്ടികളുടെ എല്ലാ അവകാശങ്ങളും ഉള്ളവന്‍/ ഉള്ളവള്‍. ഉടമ മരിച്ചാല്‍ ഈ അടിമസ്ത്രീ സ്വതന്ത്രയാണ്. അടിമസ്ത്രീക്ക് ലൈംഗികത ലൈംഗികത മാത്രല്ല, മോചനം കൂടിയാണ്. അവളുടെ ഉര്‍വരത ജന്മം നല്‍കുന്നത് കുഞ്ഞിന് മാത്രമല്ല, സ്വാതന്ത്ര്യത്തിന് കൂടിയാണ്. അടിമപ്പെണ്ണിന് സ്വാതന്ത്ര്യത്തെ പ്രസവിക്കാനുള്ള സാധ്യതയാണ് ഇസ്‌ലാം പ്രദാനം ചെയ്തത്. ഉടമത്തം ഉടമത്തത്തെയും അടിമത്തം അടിമത്തത്തെയും പ്രസവിക്കുക എന്നതാണ് ലോകനീതി.  അടിമത്തത്തിന് സ്വാതന്ത്ര്യത്തെ പ്രസവിക്കാനും അതുവഴി സ്വയം സ്വതന്ത്രയാവാനും കഴിയുമെന്ന് തെളിയിച്ച വിമോചനത്തിന്റെ പദ്ധതിയാണ് ഇസ്‌ലാം.  അടിസ്ഥാനപരമായി ഉടമരക്തവും അടിമരക്തവുമില്ല, മനുഷ്യരക്തമേയുളളുവെന്ന് അത് ലൈംഗികതകൊണ്ട്  തന്നെ അടിവരയിട്ടു. വിവാഹേതര ബന്ധങ്ങള്‍ പുരുഷന് സ്ത്രീയെ ചൂഷണം ചെയ്യാനുള്ള വഴിയാണ് പഴയ അടിമ സമ്പ്രദായം മുതല്‍ പുതിയ സഹജീവിതം (ഇീവമയശമേശേീി) വരെ. വിവാഹബന്ധങ്ങള്‍, വിഹിത ബന്ധങ്ങള്‍ മോചനത്തിന്റെ വഴിയാണ്. കേരളത്തിലെ അഫ്ഫന്‍ നമ്പൂതിരിമാര്‍ക്ക് (ഇല്ലത്തെ ഏറ്റവും മൂത്ത പുത്രനൊഴിച്ചുള്ള നമ്പൂതിരിമാര്‍) സ്വജാതിയില്‍ വിവാഹം അനുവദിച്ചിരുന്നില്ല. അയിത്തമുള്ള ശൂദ്രരായ നായര്‍ സ്ത്രീകളുമായുള്ള സംബന്ധമായിരുന്നു വിധിക്കപ്പെട്ടത്. സംബന്ധത്തിലൂടെ നായര്‍ സ്ത്രീ നമ്പൂതിരി ആവില്ല. ഇതില്‍ പിറക്കുന്ന സന്താനം പോലും നമ്പൂതിരിയാവുന്നില്ല. അഛനും മകനുമിടയില്‍ അയിത്തം നിലനിന്നു. അയിത്തമില്ലാത്തത് ലൈംഗികതക്ക് മാത്രം. ഇസ്‌ലാം തറവാടിത്തത്തിന്റെ മതമല്ല, മാനവികതയുടെ മതമാണ്. തറവാടിയാകാനല്ല, മനുഷ്യനാവാനാണ് അത് പ്രേരിപ്പിക്കുന്നത്. 'ഇത്തറവാടിത്ത ഘോഷണത്തെപോലെ / വൃത്തികെട്ടിട്ടില്ലാ മറ്റൊന്നുമൂഴിയില്‍'  എന്ന ഇടശ്ശേരി കവിവാക്യം ഒരു ഇസ്‌ലാമിക മൂല്യമാണ്. തറവാട്ടിലേക്ക് മടങ്ങാനല്ല, തറവാടിനെ മറികടക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്.

ഹജ്ജില്‍ മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ അടയാളക്കുറികള്‍ ഒന്നും തന്നെയില്ല. ഹജ്ജില്‍ പുനരാവിഷ്‌കരിക്കപ്പെടുന്നത് മുഹമ്മദ് നബിയല്ല, ഇബ്‌റാഹീം നബിയാണ്. ഹജ്ജിന്റെ സ്ഥലരാശിയായ മക്ക മുഹമ്മദ് നബിയുടെ ജന്മനാടാണ്. എന്നാല്‍, പ്രവാചകനുമായി ബന്ധപ്പെട്ട ഒന്നിനെയും മുഹമ്മദീയ ശരീഅത്തില്‍ പോലും ഹജ്ജിനകത്തേക്ക് കൊണ്ടുവരുന്നില്ല. പ്രവാചകന്റെ ജന്മനാട് എന്ന നിലക്കുള്ള ഒരു ഘടകത്തെയും ഇസ്‌ലാം ഹജ്ജില്‍ അനുഷ്ഠാനവല്‍ക്കരിക്കുന്നില്ല. മുഹമ്മദ് നബി നിമിത്തമായ സ്ഥലരാശിയുടെ പുണ്യങ്ങള്‍ കരഗതമാക്കണമെങ്കില്‍ ഹജ്ജിനു മുമ്പോ പിമ്പോ നിങ്ങള്‍ക്ക് മദീനയിലേക്ക് പോകാം. ഒന്നുകില്‍ നിങ്ങള്‍ക്ക് പ്രവാചകന്‍ മക്കയില്‍നിന്ന് മദീനയിലേക്ക് ഒരു പലായകനായി സഞ്ചരിച്ചതുപോലെ മക്കയില്‍നിന്ന് മദീനയിലേക്ക് സഞ്ചരിക്കാം. അല്ലെങ്കില്‍ പ്രവാചകന്‍ വിജിഗിഷുവായി മദീനയില്‍നിന്ന് മക്കയിലേക്ക് വന്നതുപോലെ വരാം. ഹജ്ജ്  ഇബ്‌റാഹീം വന്നതു പോലെ ഇറാഖില്‍നിന്ന് മക്കയിലേക്കുള്ള  മഹായാനമാണ്. ഇസ്‌ലാമില്‍ നാടുകള്‍ക്ക് പുണ്യപുരുഷന്മാരുടെ ജന്മംകൊണ്ട് പുണ്യം ലഭിക്കുകയല്ല ചെയ്യുന്നത്. അവരുടെ കര്‍മങ്ങളിലൂടെ, അവരെത്തിച്ചേരുന്ന, അവരെ സ്വീകരിക്കുന്ന നാടുകള്‍ക്ക് പുണ്യം കൈവരുകയാണ് ചെയ്യുന്നത്. ഒരു നാടിന്റെ പുണ്യം പോലും ജന്മം കൊണ്ട് ലഭിക്കുന്നതല്ല. കര്‍മം കൊണ്ട് ആര്‍ജിക്കുന്നതാണ്. 

ഹജ്ജിനു വിളിക്കപ്പെടുന്ന മക്ക യഥാര്‍ഥത്തില്‍ ഒരു ദേശമല്ല, ദേശങ്ങള്‍ക്കതീതമായ ദേശമാണ്. ജന്മഭൂമി എന്ന സങ്കല്‍പത്തെ തന്നെ അട്ടിമറിക്കുന്ന ദേശസങ്കല്‍പ്പമാണിത്. ജന്മഭൂമിയാണ് പുണ്യഭൂമി എന്ന സങ്കല്‍പത്തെ അത് അടിച്ചുടച്ചുകളയുന്നു. ഇസ്‌ലാമില്‍ മക്ക, അത് മക്കക്കാരുടെ മാത്രം മാതൃഭൂമിയല്ല, വന്നു ചേരുന്ന എല്ലാവരുടെയും മാതൃഭൂമിയാണ്. വംശഭൂമി സങ്കല്‍പങ്ങളെ തകിടം മറിക്കുന്ന ആദര്‍ശഭൂമി എന്ന സങ്കല്‍പമാണിത്. പ്രവാചകന്‍ (സ) പറയുന്നു; 'മക്ക ആദ്യം വന്നിറങ്ങിയവരുടെ താമസസ്ഥലമാകുന്നു.' പണ്ഡിതന്മാര്‍ പറയുന്നു: 'അവിടെ സ്വദേശിക്കും വിദേശിക്കും സമാവകാശമാണ്.' സയ്യിദ്  മൗദൂദി പറയുന്നു: 'അല്ലാഹുവിന്റെ രാജത്വവും മുഹമ്മദ് നബിയുടെ മാതൃകകളും സ്വീകരിച്ച് ഇസ്‌ലാമിക സാഹോദര്യമാകുന്ന  പരിധിക്കുള്ളില്‍ പ്രവേശിച്ച എല്ലാ മനുഷ്യനും അവിടെ സമാവകാശമുണ്ട്. ഒരാള്‍ അമേരിക്കയിലോ ആഫ്രിക്കയിലോ ചൈനയിലോ ഇന്ത്യയിലോ എവിടെ താമസിക്കുന്നവനാകട്ടെ, മുസ്‌ലിമായിത്തീരുന്ന  മാത്രയില്‍ മക്കാ നിവാസികള്‍ക്കുള്ളതുപോലുള്ള അവകാശം അവിടത്തെ ഭൂമിയില്‍ അവനുണ്ടായിരിക്കുന്നതാണ്. ഹറമിന്റെ അതിര്‍ത്തിക്കുള്ളിലെ പ്രദേശങ്ങളുടെ നില പള്ളികളുടേത് പോലെയാകുന്നു. ഒരാള്‍ പള്ളിയിലൊരിടത്ത് സ്ഥാനമുറപ്പിച്ചുകഴിഞ്ഞാല്‍ അതവനവകാശപ്പെട്ടതാണ്. അവനെ അവിടെനിന്ന് എഴുന്നേല്‍പ്പിക്കാനോ ആ സ്ഥലത്തിന് അവനോട് വാടക വാങ്ങാനോ ആര്‍ക്കും നിവൃത്തിയില്ല. എന്നാല്‍ എത്ര ദീര്‍ഘകാലം അവന്‍ ആ സ്ഥലത്ത്  ഇരിക്കുകയാണെങ്കിലും അത് തന്റെ ഉടമസ്ഥതയിലാണെന്നു പറയാന്‍ അവകാശമില്ല. അത് വില്‍ക്കാനോ വാടകക്ക് കൊടുക്കാനോ നിവൃത്തിയില്ല. അവന്‍ ആ സ്ഥലം വിട്ടുപോരുന്ന മാത്രയില്‍ മറ്റൊരുത്തന് അവിടെ വന്നിരിക്കാനുള്ള പൂര്‍ണ അവകാശമുണ്ട്. ഹറമിന്റെ അതിര്‍ത്തികളില്‍പെട്ട പ്രദേശങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുന്നു. അവിടത്തെ എടുപ്പുകള്‍ക്ക് വാടക വാങ്ങാവതല്ല. വീടുകള്‍ക്ക് പുറത്തുള്ള മുറ്റങ്ങളില്‍ താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സമില്ലാതിരിക്കേണ്ടതിന് മുറ്റങ്ങള്‍ക്ക് വാതിലടച്ചു പൂട്ടരുതെന്ന് മക്കയിലെ ജനങ്ങളോട് ഉമര്‍ (റ) കല്‍പിച്ചിരുന്നു. മക്കാ പട്ടണത്തിലെ എടുപ്പുകളിന്മേല്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ലെന്നും അനന്തരാവകാശത്തില്‍ പിന്‍ഗാമികള്‍ക്ക് ഭാഗിച്ചെടുക്കാന്‍ പാടില്ലെന്നുകൂടി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്'' (ഖുതുബാത്). ഹറമില്‍ ആര്‍ക്കും നമസ്‌കാരം ചേര്‍ത്തും ചുരുക്കിയും (ജംഉം ഖസ്വ്‌റും) നിര്‍വഹിക്കാന്‍ അനുവാദമില്ല എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുല്ലോ. കാരണം, ഹറമില്‍ ആരും പരദേശിയല്ല, സ്വദേശിയാണ്. ഹറം അവിടെയെത്തിച്ചേരുന്ന എല്ലാവരുടെയും സ്വന്തം നാടാണ്. 

മക്കയുടെ ഹൃദയമായ ഹറം ആരുടെയും വീടല്ല, അത് എല്ലാ വിശ്വാസികളുടെയും വീടാണ്. വംശം കൊണ്ട് മാത്രം ആരും അതിനോട് ബന്ധിക്കപ്പെടുന്നില്ല, വിശ്വാസം കൊണ്ട്  എല്ലാ വിശ്വാസികളും  അതിനോട് ചേര്‍ക്കപ്പെടുന്നു. സാംസ്‌കാരികമായ വീട്ടിലേക്ക് മടങ്ങല്‍ ആഹ്വാനത്തിനെതിരെ  കാലങ്ങളായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്ഥല സ്തംഭങ്ങളാണ് മക്കയും മദീനയും. മക്ക സ്ഥലത്തിന്റെ പരിമിതികളെ അതിവര്‍ത്തിച്ച സ്ഥലരാശിയാണ്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍