മക്കളോട് സംവദിക്കേണ്ട ചില വിഷയങ്ങള്‍
കൗമാരത്തിലേക്ക് കാലൂന്നുന്ന ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും തുറന്നു സംവദിക്കേണ്ട എട്ട് വിഷയങ്ങളുണ്ട്. പ്രേമബന്ധങ്ങള്‍, പഠനവിരക്തി, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, പ്രായപൂര്‍ത്തിയുടെ അടയാളങ്ങള്‍, വികാരങ്ങളുടെ കുഴമറിച്ചില്‍, ആരോഗ്യ ശ്രദ്ധയും ആഹാര നിയന്ത്രണവും, സൗഹൃദത്തിന്റെ അതിര്‍ വരമ്പുകള്‍, ഉത്തരവാദിത്തബോധം. ഈ വിഷയങ്ങളെക്കുറിച്ച് കൗമാര പ്രായമെത്തിയ നിങ്ങളുടെ മകനോടും മകളോടും നിങ്ങള്‍ ഉള്ളുതുറന്ന് സംസാരിച്ചിട്ടുണ്ടോ?
നടേ പറഞ്ഞ എട്ട് വിഷയങ്ങളെക്കുറിച്ച് സംക്ഷിപ്തമായല്ല, വിശദമായിത്തന്നെ സംസാരിക്കണം; ഒരു തവണയല്ല, പല തവണ. കൗമാരഘട്ടം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സംബന്ധിച്ചേടത്തോളം അഭിരുചികളും മനോവ്യാപാരങ്ങളും മാറിവരുന്ന സന്ദര്‍ഭമാണ്. പ്രായപൂര്‍ത്തിയാവും മുമ്പേ കുട്ടികള്‍ക്ക് ഈ എട്ട് വിഷയങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവുന്നത് അബദ്ധങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ അവരെ തുണക്കും. അനഭിലഷണീയമായ പ്രേമബന്ധങ്ങളിലും സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികളിലും ചീത്ത ചങ്ങാത്തങ്ങളിലും തെറ്റായ ആഹാര രീതികളിലും പെടാതെ കഴിക്കാന്‍ കുട്ടികളെ സഹായിക്കും നേരത്തേയുള്ള ബോധവത്കരണം. തന്റെ കര്‍മങ്ങളെക്കുറിച്ചെല്ലാം നാളെ അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന വിചാരം കുട്ടിയുടെ അന്തഃരംഗത്ത് ഉണ്ടാക്കിയെടുക്കുകയാണ് പരമപ്രധാനം. മാതാപിതാക്കളെ പോലും ആശ്രയിക്കാതെ സ്വന്തം കാലില്‍ നിലയുറപ്പിച്ച് ജീവിക്കേണ്ട ഘട്ടമായിരിക്കുന്നു എന്ന് അവര്‍ക്ക് തോന്നണം. തങ്ങളെക്കുറിച്ച തീരുമാനങ്ങളിലെത്തിച്ചേരേണ്ട അവര്‍ തന്നെയാണ് തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടിവരിക എന്നും അവര്‍ തിരിച്ചറിയണം.
കൗമാരക്കാരെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പിണയുന്നവരാണ് മിക്ക മാതാപിതാക്കളും. ഒന്നുകില്‍ അവരുടെ ജോലിത്തിരക്ക് കാരണം, അല്ലെങ്കില്‍ വിവരക്കേട് കാരണം. മക്കള്‍ തങ്ങളോട് ധിക്കാരപൂര്‍വം പെരുമാറുകയോ ചീത്ത കൂട്ടുകെട്ടില്‍ കുടുങ്ങുകയോ പഠനത്തില്‍ പിന്നാക്കമാവുകയോ ഗൃഹജോലികളില്‍ അശ്രദ്ധരായിത്തീരുകയോ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം വളര്‍ന്ന് അനഭിലഷണീയമായ പ്രേമക്കുരുക്കില്‍ അകപ്പെടുകയോ പഠനനിലവാരം താഴുകയോ ചെയ്യുമ്പോഴാണ് തങ്ങളുടെ വീഴ്ചകളെക്കുറിച്ചോര്‍ത്ത് മാതാപിതാക്കള്‍ നെടുവീര്‍പ്പിടുന്നത്. മകള്‍ തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറിയിട്ടുണ്ട് എന്നറിയുമ്പോഴും അനുചിതമായ വസ്ത്രം ധരിച്ച ഫോട്ടോകള്‍ സുഹൃത്തുക്കള്‍ക്കയച്ചതായി മനസ്സിലാകുമ്പഴും അമിതമായ ഉറക്കത്തിനടിമകളായി ഉത്തരവാദിത്തങ്ങള്‍ മറക്കുമ്പോഴും മാതാപിതാക്കള്‍ ഞെട്ടിയുണരുകയായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളില്‍നിന്ന് സംഭവിക്കുന്ന ഏറ്റവും കൊടിയ വീഴ്ചയാണ് മക്കളെ നിശിതമായി വിമര്‍ശിക്കുകയും അട്ടഹസിക്കുകയും ദേഷ്യപ്പെട്ട് കയര്‍ക്കുകയും അടിക്കുകയുമൊക്കെ ചെയ്യുക എന്നത്. അപ്പോള്‍ അവര്‍ക്ക് ധിക്കാരം കൂടുകയേയുള്ളൂ. അവരെ ശിക്ഷണം നല്‍കി നന്നായി വളര്‍ത്താനുള്ള വഴി അതോടെ അടയും. നഷ്ടം ഇരുപക്ഷത്തുമാണ്.
യുവാക്കളും യുവതികളും ചെന്നു പെട്ട അവിഹിത പ്രേമബന്ധ കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവന്നപ്പോള്‍ എനിക്ക് ബോധ്യമായ സത്യം, മാതാപിതാക്കള്‍ മക്കളുമായി ഇത്തരം വിഷയങ്ങളെ കുറിച്ച് നേരത്തേ സംസാരിച്ചിട്ടില്ല എന്നാണ്. മക്കള്‍ അറിഞ്ഞിരിക്കേണ്ട വൈകാരികവും ലൈംഗിക സംബന്ധിയുമായ നിരവധി വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട് ഇന്ന്. മാതാപിതാക്കള്‍ അവയൊന്നും ഉപയോഗപ്പെടുത്തുന്നില്ല. മകനോട് ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ തന്റെ സുഹൃത്തിനെ ചുമതലപ്പെടുത്തിയ പിതാവിനെ എനിക്കറിയാം. തന്റെ സഹോദരിയെ ഇത്തരം വിഷയങ്ങള്‍ മകളോട് സംസാരിക്കാന്‍ ചുമതലപ്പെടുത്തിയത ഉമ്മയെയും അറിയാം. ലൈംഗിക സദാചാരത്തകര്‍ച്ചയുടെയും മൂല്യച്യുതിയുടെയും ഭവിഷ്യത്തുകള്‍ വിവരിക്കുന്ന 'ലിങ്കു'കള്‍ മകന് അയച്ചുകൊടുക്കുന്ന പിതാവിനെയും എനിക്കറിയാം. ഇതൊക്കെ നല്ല മാര്‍ഗങ്ങള്‍ തന്നെ.
വികാരങ്ങളുടെ കുഴമറിച്ചില്‍ നടക്കുന്ന ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ആണ്‍-പെണ്‍ ജീവിതങ്ങളുടെ വ്യതിരിക്തതകളെക്കുറിച്ചും ഓരോ വിഭാഗത്തിന്റെയും വിചാര വൈജാത്യങ്ങളെക്കുറിച്ചും ഉണര്‍ത്തുന്നതോടൊപ്പം സ്രഷ്ടാവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയണം. സ്‌നേഹപൂര്‍വമായ സമീപനത്തിലൂടെയാവണം, വികാര വിക്ഷോഭങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടാവരുത് സംസാരം. നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന തുടങ്ങിയ വിഷയങ്ങളില്‍ മാതാപിതാക്കളെ മാതൃകയാക്കാന്‍ മക്കള്‍ക്ക് സാധിക്കണം. തങ്ങളുടെ വാശിയും ശാഠ്യവും നിറഞ്ഞ പെരുമാറ്റത്തിലൂടെ മക്കള്‍ കൂടുതല്‍ ധിക്കാരികളായി വളരുകയേയുള്ളൂ എന്ന സത്യം മാതാപിതാക്കള്‍ തിരിച്ചറിയണം. ചെറുപ്രായത്തില്‍ ബാലമനസ്സുകളില്‍ സന്നിവേശിപ്പിക്കുന്ന മത - ധാര്‍മിക മൂല്യങ്ങള്‍ പ്രായമേറെച്ചെന്നാലും സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ മക്കളുടെ രക്ഷക്കെത്തുമെന്ന യാഥാര്‍ഥ്യം മറക്കാതിരിക്കുക.
വിവ: പി.കെ ജമാല്‍
Comments