ഹദീസ് പംക്തിയെപ്പറ്റി
ബാലിശവും വ്യാജനിര്‍മിതവുമായ ഹദീസുകള്‍ ഇസ്‌ലാമിക സംസ്‌കാരത്തെ പല നിലക്കും വികലമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനം, തസ്വവ്വുഫ് തുടങ്ങി മതനിയമങ്ങള്‍ വരെ പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളില്‍ അത്തരം വ്യാജനിര്‍മിതികള്‍ നുഴഞ്ഞ് കയറുകയുണ്ടായി; അതുപോലെ നിരവധി ഹദീസ്ഗ്രന്ഥങ്ങളിലും. മതപ്രബോധകരും ജനകീയ മതപ്രഭാഷകരുമൊക്കെ ഇത്തരം ഹദീസുകള്‍ ഉദ്ധരിക്കുന്ന പ്രവണത അതോടെ ശക്തിപ്പെട്ടു. ബഹുജനാഭിരുചിയെ തൃപ്തിപ്പെടുത്തുന്ന കൗതുക കഥകളും അതിശയോക്തി വര്‍ണനകളും ഈ ഇനം ഹദീസുകളിലാണല്ലോ ഉണ്ടാവുക. പത്രമാസികകളും സമകാലിക ഗ്രന്ഥങ്ങളും ഇതിന്നപവാദമല്ലെന്നതാണ് വസ്തുത. മതത്തിന്റെ മൂലപ്രമാണങ്ങള്‍ക്കും യുക്തിക്കും വിരുദ്ധമായ ഹദീസുകള്‍ അവയില്‍ ഉദ്ധരിച്ചുകാണാം. ഈ ഹദീസുകള്‍ വ്യാജങ്ങളല്ലെങ്കില്‍ ചിലന്തിവലയേക്കാള്‍ ദുര്‍ബലങ്ങളായിരിക്കും. സല്‍ക്കര്‍മങ്ങള്‍ ചെയ്യാനുള്ള ഉത്തേജകമായും കഥാകഥനത്തിനും ദുര്‍ബല ഹദീസുകള്‍ ഉദ്ധരിക്കുന്നതിന് വിരോധമില്ലെന്ന പരക്കെയുള്ള ധാരണയാണ് ഇതിന് കാരണം. ഇവിടെ ചില കാര്യങ്ങള്‍ എടുത്തോതേണ്ടതാവശ്യമാണ്:
ഒന്ന്, സല്‍കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കാനാകട്ടെ, അല്ലാത്തതിനാകട്ടെ യാതൊരു സന്ദര്‍ഭത്തിലും ദുര്‍ബല ഹദീസുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന അഭിപ്രായപ്പെട്ട പ്രമുഖ ഇമാമുകള്‍തന്നെയുണ്ട്. ഹദീസ് സ്വീകാര്യതക്കുള്ള ഉപാധികള്‍ ഏറ്റവും സുക്ഷ്മമായ വിശകലനത്തിനു വിധേയമാക്കിയ ഇമാം ബുഖാരി (റ), പ്രബല ഹദീസുകള്‍ ഉപേക്ഷിച്ച് ദുര്‍ബല ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ തന്റെ കൃതിയുടെ മുഖവുരയില്‍ രൂക്ഷമായി വിമര്‍ശിച്ച മുസ്‌ലിം (റ) എന്നിവരുടെ ചിന്താഗതിയും ഇതുതന്നെയാണ്. മാലികീ മദ്ഹബുകാരുടെ ഇമാമായ ഖാദി അബൂബക്ര്‍ ഇയാദിനും ശാഫിഈകളുടെ നേതാവായ അബൂശാമക്കും ഈ അഭിപ്രായത്തോടാണ് ചായ്‌വ്. ഇബ്‌നു ഹസ്മിന്റെ അഭിപ്രായവും മറ്റൊന്നല്ല.
രണ്ട്, ഉദ്ദിഷ്ട ആശയം ഉള്‍ക്കൊള്ളുന്ന ഹദീസുകളുണ്ടായിരിക്കെ ദുര്‍ബല ഹദീസുകളെ ആശ്രയിക്കുന്നതിലര്‍ഥമില്ല. നല്ലതുണ്ടെങ്കില്‍ പിന്നെ ചീത്ത കൊണ്ടുവരുന്നത് എന്തിന്? മതപരമോ ധാര്‍മികമോ ആയ ഏതു തത്ത്വങ്ങള്‍ക്കും സ്വഹീഹായ ഹദീസുകള്‍തന്നെ കണ്ടെത്താവുന്നതാണ്. പക്ഷേ അതു തേടിപ്പിടിക്കാനോ അതിനായി അധ്വാനം വ്യയംചെയ്യാനോ ഉള്ള മടിയാണ് കൈയില്‍ കിട്ടിയ ഏതും ഹദീസെന്ന പേരില്‍ ഉദ്ധരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
മൂന്ന്, ദുര്‍ബല ഹദീസുകള്‍ ഖണ്ഡിതമായി നബിയിലേക്ക് ചേര്‍ത്തിപ്പറയുന്നത് അനുവദനീയമല്ല. തഖ്‌രീബിലും അതിന്റെ വ്യാഖ്യാനത്തിലും ഇങ്ങനെ കാണാം: ''ദുര്‍ബലമായ ഒരു ഹദീസ് അതിന്റെ നിവേദന പരമ്പര ഇല്ലാതെ ഉദ്ധരിക്കാന്‍ ഉദ്ദേശിച്ചാല്‍ 'പ്രവാചകന്‍ പറഞ്ഞു' എന്നു പറയരുത്. പകരം, 'പ്രവാചകനില്‍നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു, ഇപ്രകാരം വന്നിരിക്കുന്നു, ചിലര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു' എന്നു തുടങ്ങിയ വാക്യശൈലി സ്വീകരിക്കുക. അപ്പോള്‍ മതപ്രസംഗകര്‍ ളഈഫായ ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍ 'പ്രവാചകന്‍ അരുളിയിരിക്കുന്നു' എന്നു പറയുന്ന പതിവുസമ്പ്രദായം നിരാകരിക്കപ്പെടേണ്ടതാണെന്നു വ്യക്തം.
നാല്, സല്‍ക്കര്‍മങ്ങള്‍ക്ക് ഉത്തേജനവും ദുഷ്‌കര്‍മങ്ങളില്‍ നിരുത്സാഹവും ഉദ്ദേശിച്ചുകൊണ്ട് ദുര്‍ബല ഹദീസുകള്‍ സ്വീകരിക്കാമെന്നു പറഞ്ഞ പണ്ഡിതന്മാര്‍തന്നെ അതിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുകയല്ല ചെയ്തിട്ടുള്ളത്. അതിനവര്‍ മൂന്ന് ഉപാധികള്‍ നിശ്ചയിച്ചിട്ടുണ്ട്:
1. ഹദീസ് അത്യന്തം ദുര്‍ബലമാവാതിരിക്കുക.
2. ഖുര്‍ആന്‍ മുഖേനയോ പ്രബലമായ ഹദീസുകള്‍ മുഖേനയോ സ്ഥിരീകൃതമായ ഏതെങ്കിലും അംഗീകൃത മതത്ത്വത്തിന് അനുസൃതമായതായിരിക്കുക.
3. അതനുസരിച്ചു പ്രവര്‍ത്തിക്കുന്നത് നബി(സ)യില്‍നിന്ന് അത് സ്ഥിരപ്പെട്ടതാണെന്ന വിശ്വാസത്തോടു കൂടിയാകാതിരിക്കുക; മറിച്ച് അതില്‍ സൂക്ഷ്മത പാലിക്കുക.
ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ പ്രബോധകരുടെയും പ്രഭാഷകരുടെയും എഴുത്തിലും സംസാരത്തിലും നുഴഞ്ഞുകയറാന്‍ കാരണം, സംശോധന നടത്താത്ത (സ്വഹീഹും ളഈഫും വേര്‍തിരിക്കാത്ത) ഗ്രന്ഥങ്ങളെ അവര്‍ അവലംബിച്ചതാണ്. ചിലപ്പോള്‍ ആരാണ് ഉദ്ധരിച്ചതെന്ന പരാമര്‍ശം പോലും ഈ കൃതികളില്‍ കാണുകയില്ല. ഇത്തരം കൃതികളുടെ കര്‍ത്താക്കള്‍ സ്വീകാര്യയോഗ്യങ്ങളായ ഹദീസുകള്‍ മാത്രം എടുത്തുചേര്‍ക്കണമെന്ന നിഷ്‌കര്‍ഷ ഇല്ലാത്തവരുമായിരിക്കും. വഅ്‌ളിന്റെയും തസ്വവ്വുഫിന്റെയും തഫ്‌സീറിന്റെയും കൃതികളില്‍നിന്ന് പലരും ഹദീസുകള്‍ ഉദ്ധരിക്കുന്നതു കാണാം. പ്രസ്തുത ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടതാണെന്നതിനാല്‍ അവയുടെ ബലാബലങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന ധാരണയാണ് അവര്‍ക്കുള്ളത്. സാരോപദേശ കൃതികള്‍ (ഇഹ്‌യാ ഉലുമിദ്ദീന്‍, ഫളാഇലെ അഅ്മാല്‍ മുതലായവ) വായിക്കുന്നവര്‍ ഹദീസുകള്‍ ഉദ്ധരിക്കാന്‍ അവയെ അവലംബിക്കരുതെന്നാണ് നിര്‍ദേശിക്കാനുള്ളത്. കാരണം കതിരും പതിരുമെല്ലാം കൂടിക്കലര്‍ന്നതാണ് അത്തരം കൃതികള്‍. ശര്‍ഈ വിധികളുമായി ബന്ധപ്പെട്ടതല്ലെന്ന ന്യായവാദം പറഞ്ഞ് അവയില്‍ ഉദ്ധരിക്കപ്പെടുന്ന കഥകളും വൃത്താന്തങ്ങളും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കപ്പെടാറില്ല. ഹദീസ്‌നിരൂപകരായ പണ്ഡിതന്മാര്‍ പോലും സാരോപദേശ കൃതികള്‍ രചിക്കുമ്പോള്‍ ഹദീസുകളുടെ കാര്യത്തില്‍ ചിലപ്പോള്‍ അലംഭാവം കാണിക്കുന്നതു കാണാം.
ഡോ. യൂസുഫുല്‍ ഖറദാവിയുടെ പ്രബോധകന്റെ സംസ്‌കാരം എന്ന കൃതിയിലെ 'വ്യാജവും ബാലിശവുമായ ഹദീസുകളില്‍ ജാഗ്രത' എന്ന അധ്യായത്തില്‍നിന്നുള്ള ചില ഭാഗങ്ങളാണ് മേല്‍ കൊടുത്തത്. പ്രബോധനം 2016 ജൂണ്‍ 03-ലെ (2954) ഹദീസ് പംക്തിയില്‍ അനുബന്ധമായികൊടുത്ത രണ്ടു ദുര്‍ബല ഹദീസുകള്‍ കണ്ടപ്പോഴാണ് ഇത് ഓര്‍മയിലെത്തിയത്. 'സുബ്ഹാനല്ലാഹ്' എന്നു തുടങ്ങുന്ന ഹദീസ് 'മുന്‍കര്‍' (ദുര്‍ബലമായ ഹദീസ് വിഭാഗത്തിലെ ഒരിനം) ആണ്. 'ഇതാ നിങ്ങളുടെ മാസം-റമദാന്‍-നിങ്ങള്‍ക്കുമേല്‍ തണലിട്ടിരിക്കുന്നു' എന്നു തുടങ്ങുന്ന ഹദീസ് ദുര്‍ബലമാണ്. രണ്ടിലും നബി (സ) പറഞ്ഞുവെന്നാണ് എഴുതിയിരിക്കുന്നത്. ദുര്‍ബലമായവ ഉദ്ധരിക്കുമ്പോള്‍ 'റുവിയ അന്‍ഹു അഥവാ നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു' എന്നേ കൊടുക്കാവൂ എന്ന് മേല്‍ ഉദ്ധരണിയില്‍നിന്ന് വ്യക്തമാണ്. രണ്ടു ഹദീസും ബൈഹഖിയിലേതാണെന്നും കാണുന്നു. അദ്ദേഹത്തിന്റെ ഏതു കിതാബില്‍നിന്നെടുത്തതാണെന്നു കൊടുത്തിട്ടില്ല. ബൈഹഖിയുടെ ഏറ്റവും പ്രശസ്തമായ സുനനുല്‍ കുബ്‌റാ പത്ത് വാല്യങ്ങളാണ്. മറ്റൊന്ന് അല്‍ജാമിഉ ലിശുഅബില്‍ ഈമാനാണ്. കിതാബുല്‍ അസ്മാഇ വസ്സ്വിഫാത്ത്, ദലാഇലുന്നുബ്ബുവ്വഃ എന്നീ കൃതികളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇതിന്റെ എല്ലാം സംശോധിത പതിപ്പുകളും ഇപ്പോള്‍ ലഭ്യമാണ്. ഇതിലേതു ഗ്രന്ഥത്തില്‍, ഏതധ്യായത്തില്‍ ഉദ്ധരിച്ചതാണെന്ന് എടുത്തു പറയാന്‍ പ്രസ്തുത പംക്തി കൈകാര്യം ചെയ്ത വ്യക്തി ശ്രദ്ധിക്കേണ്ടതായിരുന്നു. പ്രബോധനത്തില്‍ വന്നതിനാല്‍ ഇത് ആധികാരികമായിരിക്കുമെന്ന് കരുതി ധാരാളം ഖത്വീബുമാരും ഇമാമുമാരും അവരുടെ ഖുത്വ്ബകളിലും ക്ലാസ്സുകളിലും ഈ ഹദീസുകള്‍ ഉദ്ധരിക്കും. അങ്ങനെ അവ സമൂഹത്തില്‍ പ്രചാരം നേടും.
മുസ്‌ലിം ഉമ്മത്തില്‍ ബിദ്അത്ത് പ്രചരിക്കാനുള്ള ഒരു മുഖ്യകാരണം ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ പ്രചരിച്ചതും പ്രചരിപ്പിച്ചതുമാണെന്നോര്‍ക്കുക. സൂഫി ത്വരീഖത്തുകളും സൂഫി ചായ്‌വുള്ള മതപ്രബോധകസംഘങ്ങളും യാഥാസ്ഥിതികരായ പ്രഫഷനല്‍ പ്രാസംഗികരുമാണ് ഇതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളത്/വഹിക്കുന്നത്. ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനാണ് ഇവരുടെ മുഖ്യ അവലംബം. ഇഹ്‌യായില്‍നിന്ന് ഹദീസുകള്‍ ഉദ്ധരിക്കാന്‍ പാടില്ല എന്നാണ് സൂക്ഷ്മജ്ഞരായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കാരണം അദ്ദേഹം ഹദീസ് പണ്ഡിതനായിരുന്നില്ല. ഇതിലെ ദുര്‍ബലവും വ്യാജവുമായ ഹദീസുകളുടെ ആധിക്യം എത്രയെന്നുവെച്ചാല്‍, അതിന്റെ മൂലകൃതി അഞ്ചു വാല്യമാണ്; എന്നാല്‍ അതിലെ ഹദീസുകള്‍ മാത്രം നിരൂപണം ചെയ്തുകൊണ്ടുള്ള കൃതി (തഖ്‌രീജുല്‍ അഹാദീസി ഫീ ഇഹ്‌യാ ഉലൂമിദ്ദീന്‍) ഏഴു വാല്യങ്ങളും. മൂലകൃതിയില്‍തന്നെ ഹാഫിള് സൈനുദ്ദീന്‍ ഇറാഖിയുടെ ഹദീസ് നിരൂപണം കാണാം. അതാരും ശ്രദ്ധിക്കാറില്ലെന്നു മാത്രം.
മറ്റൊന്ന് ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍) എന്ന കൃതിയാണ്. ഇതിന്റെ നിരന്തരമായ പാരായണം കൊണ്ട് അനവധി പേര്‍ ഇബാദത്തില്‍ നിഷ്ഠയുള്ളവരായിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല. അതിന്റെ കര്‍ത്താവ് ഹദീസ് പണ്ഡിതനായിരുന്നു (ശൈഖുല്‍ ഹദീസ്) എന്ന കാര്യവും അറിയാതെയല്ല. എന്നാല്‍ ഇതിലെ 365-ഓളം ഹദീസുകള്‍ ദുര്‍ബലമോ വ്യാജമോ ആണ്. ലത്വീഫുര്‍റഹ്മാന്‍ ഖാസിമി എന്ന പണ്ഡിതന്‍ അതിലെ ഹദീസുകള്‍ നിരൂപണം ചെയ്തുകൊണ്ട്, തഹ്ഖീഖുല്‍ മഖാല്‍ ഫീ തഖ്‌രീജി അഹാദീസി ഫളാഇലില്‍ അഅ്മാല്‍ എന്ന പേരില്‍ ഒറ്റ വാല്യത്തില്‍ ഒരു ഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്. ജിഹാദിനു പോകല്‍, സമ്പത്ത് ചെലവഴിക്കല്‍, തഹജ്ജുദ് നമസ്‌കരിക്കല്‍ തുടങ്ങി ഇസ്‌ലാമിലെ അതിപ്രധാനങ്ങളായ കാര്യങ്ങളെപ്പോലും നിസ്സാരമാക്കുന്ന ഹദീസുണ്ട് അതില്‍. അറബിയില്‍ അതിന്റെ പരമ്പരയില്‍ 'ളുഅ്ഫ്' ഉണ്ടെന്നു കാണിച്ചിട്ടുണ്ടെങ്കിലും മലയാള പരിഭാഷയില്‍ അതില്ല.
പ്രബോധനത്തിലെ ഹദീസ് പംക്തിയില്‍ എഴുതുന്നവര്‍ സ്വഹീഹായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അറിയേണ്ടതും എന്നാല്‍ സാധാരണ ജനങ്ങള്‍ക്കറിയാത്തതുമായ ഒരുപാട് ഹദീസുകള്‍ ആധികാരിക ഗ്രന്ഥങ്ങളില്‍തന്നെയുണ്ട്. പലതവണ വന്നുപോയതും എല്ലാവര്‍ക്കും അറിയാവുന്നതുമായ ഹദീസുകള്‍ എടുത്ത് വീണ്ടണ്ടും വീണ്ടണ്ടും ഉദ്‌ബോധനപ്രസംഗം നടത്തുന്ന രീതി ഇനിയെങ്കിലും ഒഴിവാക്കണം. ടി.കെ ഉബൈദിന്റെ ഹദീസ് ബോധനം ഈ രംഗത്തെ നല്ല മാതൃകയാണ്. ഡോ. യൂസുഫുല്‍ ഖറദാവിയടക്കമുള്ള ആധുനിക പണ്ഡിതന്മാര്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ടുള്ള കൃതികള്‍ എഴുതിയിട്ടുണ്ട്. ഖറദാവിയുടെ ഹദീസ് ക്ലാസുകള്‍ ക്രോഡീകരിച്ച കൃതിയാണ് ഫീ രിഹാബിസ്സുന്നഃ. ആയത്തുകളും അനുബന്ധമായി ഹദീസുകളും നിരത്തിയുള്ള വിശദീകരണമാണിത്.
സംശോധന നടത്തി വളരെ സൂക്ഷ്മതയോടെ പുറത്തിറക്കിയ ഹദീസ് ഗ്രന്ഥങ്ങളുണ്ട്. അവ പരിശോധിച്ചാല്‍ ഹദീസുകളുടെ ബലാബലം തിരിച്ചറിയാം. ഇമാം ബൈഹഖിയുടെ സുനനുല്‍ കുബ്‌റാ ഹി.1347-ല്‍ ഹൈദരാബാദിലെ 'ദാഇറത്തുല്‍ മആരിഫില്‍ ഉസ്മാനിയ്യഃ' പത്തു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്; ഇബ്‌നു തുര്‍ക്കുമാനിയുടെ അല്‍ ജൗഹറുന്നഖിയ്യ് എന്ന വിമര്‍ശനപഠനത്തോടെ. അറബ് ലോകത്തെ പണ്ഡിതന്മാര്‍ ഏറ്റവും ആധികാരികത കല്‍പ്പിക്കുന്ന പതിപ്പാണിത്. മന്‍സൂര്‍ അബ്ദുല്‍ഹമീദ് എന്ന ഹദീസ് പണ്ഡിതന്റെ സ്വഹീഹ്, ഹസന്‍, ളഈഫ് വേര്‍തിരിച്ചുകൊണ്ടുള്ള തഖ്‌രീജോടു കൂടിയ ഒരു പതിപ്പ് പതിനൊന്നു വാല്യങ്ങളിലായി കയ്‌റോയിലെ 'ദാറുല്‍ ഹദീസ്' എന്ന പ്രസിദ്ധീകരണാലയം 2008-ല്‍ പുറത്തിറക്കിയിട്ടുണ്ട്. ബൈഹഖിയുടെതന്നെ അല്‍ജാമിഉ ലിശുഅബില്‍ ഈമാന്‍ ശൈഖ് മുഖ്താര്‍ അഹ്മദ് നദ്‌വി സംശോധന ചെയ്ത് ഇരുപതു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈയിലെ 'ദാറുസ്സലഫിയ്യ'യാണ് പ്രസാധകര്‍. അദ്ദേഹത്തിന്റെ തന്നെ ദലാഇലുന്നുബ്ബുവ്വഃ എന്ന കൃതിയും ഏഴു വാല്യങ്ങളിലായി കയ്‌റോയിലെ 'ദാറുല്‍ ഹദീസ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്; സയ്യിദ് ഇബ്‌റാഹീമിന്റെ തഖ്‌രീജോടുകൂടി.
സല്‍ക്കര്‍മങ്ങള്‍ക്ക് പ്രേരണ നല്‍കിയും അതിനുള്ള പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടും ദുഷ്‌കര്‍മങ്ങള്‍ക്കുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ടുമുള്ള ഹദീസുകള്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങളുമുണ്ട്. ഈ ഇനം ഗ്രന്ഥങ്ങളില്‍ ധാരാളം ദുര്‍ബലവും വ്യാജവുമായ ഹദീസുകള്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. ഇമാം മുന്‍ദിരിയുടെ അത്തര്‍ഗീബു വത്തര്‍ഹീബാണ് ഈ വിഷയത്തില്‍ പ്രബലം. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി അഞ്ചു വാല്യങ്ങളിലായി സംശോധന ചെയ്തിട്ടുണ്ട്. മൂന്നു വാല്യം സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബും രണ്ടു വാല്യം ളഈഫുത്തര്‍ഗീബു വത്തര്‍ഹീബും. മുഹ്‌യിദ്ദീന്‍ ദീബ്, സമീര്‍ അഹ്മദുല്‍ അത്ത്വാര്‍, യൂസുഫ് അലി ബുദൈവി എന്നീ മൂന്നു പണ്ഡിതന്മാര്‍ ചേര്‍ന്ന് സംശോധന ചെയ്ത് നാലു വാല്യങ്ങളിലായി ബൈറൂത്തിലെ 'ദാറു ഇബ്‌നുകസീര്‍' പ്രസിദ്ധീകരിച്ച പതിപ്പും പഠിതാക്കള്‍ക്ക് പ്രയോജനപ്പെടും. ഇതേ കൃതി ഫരീദ് അബ്ദുല്‍അസീസ് ജിന്‍ദി തഖ്‌രീജ് ചെയ്ത് രണ്ടു വാല്യങ്ങളിലും അബ്ദുര്‍റഹ്മാന്‍ ഫഹ്മി നിരൂപണം നടത്തി ഒറ്റ വാല്യത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ എന്നിവക്കും സംശോധിത പതിപ്പുകളുണ്ട്. ശൈഖ് അല്‍ബാനിയാണ് തഖ്‌രീജ് നടത്തിയിട്ടുള്ളത്.
ളഈഫും മൗളൂഉമായ ഹദീസുകളുടെ പരമ്പര വിശദമായി പരിശോധിച്ച് വിലയിരുത്തിയ ഏറ്റവും സമഗ്രമായ കൃതി ശൈഖ് അല്‍ബാനിയുടെ സില്‍സിലത്തു അഹാദീസിള്ളഈഫഃ വല്‍ മൗളുഅഃയാണ്. 10425 ഹദീസുകള്‍ ഇതില്‍ അദ്ദേഹം പഠനവിധേയമാക്കിയിരിക്കുന്നു.
Comments