മരണത്തിനപ്പുറം........
''ഒട്ടേറെ നിഗൂഢബലങ്ങളുടെ നിര്‍ണയത്തിന് വിധേയമായ ഒരു ദേശാടനമാണോ ജീവിതം? മരണാനന്തരം നമുക്ക് പ്രശാന്തമായൊരു സരസ്സിലേക്ക് തിരിച്ചുപോവേണ്ടതുണ്ടോ? അഥവാ ഈ വാഴ്‌വിലെ കര്‍മങ്ങള്‍ അത്തരമൊരു ഉത്തരായനത്തെ സുഗമമോ ദുര്‍ഗമമോ ആക്കാറ് പതിവുണ്ടോ? ഈ ഭൂമിയില്‍ പിറവി കൊള്ളുന്നതിന്റെ പ്രധാന ധര്‍മം അത്തരമൊരു ആത്മസരസ്സിലേക്കുള്ള തിരിച്ചെത്തലാണോ? പിറവിക്കു മുമ്പ് ഗര്‍ഭപാത്രത്തിലെ ഇരുട്ടാണെങ്കില്‍, മൃതിക്കു ശേഷം മണ്ണരടുകളിലെ ഇരുട്ടാണ്.''1 പാരിസ്ഥിതികാവബോധം വളര്‍ത്തുന്ന പഠനങ്ങളിലൂടെ ശ്രദ്ധേയനായ നിരൂപകന്‍ ആഷാ മേനോന്റെ 'ആര്‍ത്തഭാഗന്റെ ചോദ്യം' എന്ന ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
മരണത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടോ എന്നത് എക്കാലത്തും മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. ദൈവാസ്തിക്യം കഴിഞ്ഞാല്‍ ഒരുപക്ഷേ മനുഷ്യമനസ്സിനെ ഏറ്റവുമധികം ഇരുത്തിച്ചിന്തിപ്പിച്ച മറ്റൊരു സമസ്യ ഇതായിരിക്കും. പുരാതന സമൂഹങ്ങള്‍ ഏതാണ്ടെല്ലാം തന്നെ ആത്മാവിന്റെ അനശ്വരതയില്‍ വിശ്വസിച്ചിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ഈജിപ്ഷ്യന്‍ ജനതയും പ്രോട്ടോ-ആസ്ത്രലോയ്ഡ് വംശജരും ബാബിലോണിയക്കാരും ദ്രാവിഡരും ഇന്തോ-ആര്യന്മാരുമെല്ലാം മരണാനന്തരം ആത്മാവ് നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസക്കാരായിരുന്നു. ''ഈജിപ്തുകാരുടെ മതം മരണാനന്തര ജീവിതത്തിന് പ്രാധാന്യം നല്‍കിയിരുന്നു. പുനര്‍ജീവനം മരണത്തെപ്പോലെ തന്നെ ഒരു യാഥാര്‍ഥ്യമായി അവര്‍ എണ്ണിയിരുന്നു.''2 മലയാളത്തിന്റെ പ്രിയകഥാകാരനും സഞ്ചാര സാഹിത്യകാരനുമായ എസ്.കെ പൊറ്റക്കാട് 'ക്ലിയോപാട്രയുടെ നാട്ടില്‍' എന്ന ഈജിപ്ഷ്യന്‍ യാത്രാവിവരണത്തില്‍ ആ ജനതയുടെ വിശ്വാസത്തെക്കുറിച്ചെഴുതിയിട്ടുണ്ട്: ''പ്രാചീന ഈജിപ്തുകാര്‍ മൃതദേഹങ്ങളെ ഇങ്ങനെ സൂക്ഷിച്ചുവെച്ചിരുന്നതിന്റെ ഉദ്ദേശ്യമെന്തായിരുന്നു? പ്രാചീന ഈജിപ്തിലെ മതം ഒരുതരം മരണാനന്തര ജീവിതത്തെ ഘോഷിച്ചിരുന്നു. മൃത്യുലോകത്തിന്റെ അധിപതി ഒസീരിസ്സ് ദേവനാണ്. മരിച്ചു കുറേക്കാലം കഴിഞ്ഞാല്‍ ദേഹവും ദേഹിയും വീണ്ടും തമ്മില്‍ ചേരും. ആ നിലയില്‍ പരലോകയാത്രയാരംഭിച്ച് ഒടുവില്‍ ഒസീരിസ്സിന്റെയും 42 ന്യായാധിപന്മാരുടെയും തിരുമുമ്പിലെത്തും. ആ പരലോകയാത്ര ഏറ്റവും വിഷമം പിടിച്ചതാണ്. ന്യായാധിപന്മാരുടെ മുമ്പില്‍ അവര്‍ വിചാരണ ചെയ്യപ്പെടും. അവിടെ വെച്ച് അവരുടെ ദേഹവും പാപങ്ങളും തൂക്കിനോക്കും. അതിനുശേഷം നിത്യാനന്ദസാന്ദ്രമായ ഒരു പുതിയ ഭൗതിക ജീവിതത്തിലേക്ക് അവരെ പറഞ്ഞയക്കും.''3
ബൈബിളിന്റെ കാഴ്ചപ്പാട്
മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല എന്നാണ് പൊതുവെ മതങ്ങളെല്ലാം പഠിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിശ്വാസികളുള്ള ക്രിസ്തുമതത്തിലെ ആധാരഗ്രന്ഥമായ ബൈബിളിന്റെ കാര്യമെടുക്കാം. മനുഷ്യന്റെ അനശ്വരതയെക്കുറിച്ചും മരണാനന്തരമുള്ള രക്ഷാ-ശിക്ഷകളെക്കുറിച്ചും സൂചിപ്പിക്കുന്ന ധാരാളം വാക്യങ്ങള്‍ പഴയനിയമത്തിലും പുതിയ നിയമത്തിലുമായി4 കാണാം:
''ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജക്കും നിത്യനിന്ദക്കുമായും. ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭ പോലെ തിളങ്ങും. അനേകരെ നീതിയിലേക്ക് നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും'' (ദാനിയല്‍ 12:2,3).
''അങ്ങയുടെ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു സന്തോഷകീര്‍ത്തനം ആലപിക്കുവിന്‍! അങ്ങയുടെ ഹിമകണം പ്രകാശം ചൊരിയുന്ന തുഷാരബിന്ദുവാണ്. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ് അതു വര്‍ഷിക്കും'' (ഏശയ്യാ 26:19).
''മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു'' (ഹെബ്രായര്‍ 9:27).
''വലത്തു കണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്'' (മത്തായി 5:29).
''ഭൂമിയില്‍ നിക്ഷേപം കരുതിവെക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവെക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല'' (മത്തായി 6:19).
''ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും'' (മത്തായി 12:36).
''ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍'' (മത്തായി 10:28).
''കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും'' (യോഹന്നാന്‍ 5:28-29).
''കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക'' (മത്തായി 7:21).
''ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല'' (1 കൊറിന്തോസ് 2:9). **
''വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തില്‍ നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും'' (വെളിപാട് 2:7).
സുവിശേഷങ്ങളില്‍ 'ഗെഹന്നാ' എന്ന പദത്തെ നരകം എന്നാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് (മത്തായി 5:22, 10:28, 18:9, 23:15, മര്‍ക്കോസ് 9:43, 45-47, ലൂക്കാ 12:5). നരകത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച ജഹന്നം എന്ന വാക്കുമായി 'ഗെഹന്നാ' എന്ന വാക്കിന് നല്ല സാദൃശ്യമുണ്ട്. നരകത്തെ സൂചിപ്പിക്കാന്‍ ഖുര്‍ആനെപ്പോലെത്തന്നെ മറ്റു പദങ്ങളും പ്രതീകങ്ങളും പുതിയ നിയമവും ഉപയോഗിക്കുന്നുണ്ട്. നിത്യാഗ്നി (മത്തായി 18:8), നരകാഗ്നി (മത്തായി 5:22), അഗ്നികുണ്ഠം (മത്തായി 13:42), ഗന്ധകാഗ്നിത്തടാകം (വെളിപാട് 20:10,14-15), പുറത്തെ അന്ധകാരം (മത്തായി 8:12; 22:13), വിലാപത്തിന്റെയും പല്ലുകടിയുടെയും സ്ഥലം (മത്തായി 8:12, 13:42, 22:13), പുഴു ചാകാത്തതും തീ കെടാത്തതുമായ സ്ഥലം (മര്‍ക്കോസ് 9:48) തുടങ്ങിയ സംജ്ഞകളും നരകത്തെയാണ് വിവക്ഷിക്കുന്നതെന്ന് ബൈബിള്‍ പണ്ഡിന്മാര്‍ വിശദീകരിക്കുന്നു.
ഇസ്‌ലാമികവീക്ഷണം
ഇസ്‌ലാമിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന വിശ്വാസകാര്യങ്ങളില്‍ സുപ്രധാനമാണ് പരലോകവിശ്വാസം അഥവാ ഈമാനുന്‍ ബില്‍ ആഖിറഃ. ഇസ്‌ലാമിലെ അടിസ്ഥാനമായ തൗഹീദ് (ഏകദൈവത്വം) കഴിഞ്ഞാല്‍ ഇസ്‌ലാമിക ദൈവശാസ്ത്രജ്ഞര്‍ ഏറ്റവും പ്രാധാന്യം നല്‍കിയത് പരലോകവിശ്വാസത്തിനാണ്. ഒരു വ്യക്തി മരിക്കുന്നതോടെ ഭൗതികജീവിതത്തിന് മാത്രമേ വിരാമം കുറിക്കുന്നുള്ളൂവെന്നും അനന്തമായ പാരത്രികജീവിതത്തിലേക്ക് അതോടെ അയാള്‍ പ്രവേശിക്കുന്നുവെന്നുമാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മരണാനന്തരജീവിതത്തെ നിഷേധിക്കുന്നവരുടെ മുന്നില്‍ യുക്തിസഹമായ പല വാദങ്ങളും ജീവിക്കുന്ന നിരവധി തെളിവുകളും ഖുര്‍ആന്‍ ഉന്നയിക്കുന്നുണ്ട്:
''മനുഷ്യരേ, മരണാനന്തര ജീവിതത്തെക്കുറിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ആദിയില്‍ നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ രേതസ്‌കണത്തില്‍നിന്ന്. പിന്നെ ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്, പിന്നെ രൂപം പ്രാപിച്ചതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. ഈ വിവരണം നിങ്ങള്‍ക്ക് യാഥാര്‍ഥ്യം വ്യക്തമാകാനത്രെ. നാമുദ്ദേശിക്കുന്ന ബീജത്തെ ഒരു നിശ്ചിത അവധി വരെ ഗര്‍ഭാശയങ്ങളില്‍ നിവസിപ്പിക്കുന്നു. പിന്നെ നിങ്ങളെ ശിശുവായി പുറത്തുകൊണ്ടുവരുന്നു. പിന്നെ നിങ്ങള്‍ യൗവനം പ്രാപിക്കുന്നു. നിങ്ങളില്‍ ചിലര്‍ നേരത്തേ തന്നെ മരിച്ചുപോകുന്നു, വേറെ ചിലരാകട്ടെ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നു. എല്ലാം അറിഞ്ഞശേഷം ഒന്നും അറിയാത്തവരായി അവര്‍ മാറുന്നു. ഭൂമി വരണ്ടുകിടക്കുന്നതായി നീ കാണുന്നു. പിന്നെ നാമതില്‍ മഴ വര്‍ഷിപ്പിച്ചാല്‍ പെട്ടെന്നത് തുടികൊള്ളുന്നു. പുഷ്പിണിയാവുന്നു. കൗതുകമാര്‍ന്ന സകലയിനം ചെടികളെയും മുളപ്പിച്ചുതുടങ്ങുന്നു. അല്ലാഹു തന്നെയാകുന്നു യാഥാര്‍ഥ്യം. അവന്‍ നിര്‍ജീവമായതിനെ ജീവിപ്പിക്കുന്നു. അവന്‍ സകലതിനും കഴിവുള്ളവനാണെന്നതിനാലാണിതൊക്കെയും ഉണ്ടാവുന്നത്. അതിനാല്‍ പുനരുത്ഥാനവേള വരികതന്നെ ചെയ്യും. അതില്‍ സംശയമേയില്ല'' (ഖുര്‍ആന്‍ 22: 5-7).
മനുഷ്യപിറവിയുടെ ഓരോ ഘട്ടങ്ങളെക്കുറിച്ചും വിവരിച്ച് തുടങ്ങുന്ന ഈ ഖുര്‍ആന്‍ സൂക്തം ഓരോ ഗ്രീഷ്മത്തിലും മൃതിയടയുകയും മഴയുടെ ആരംഭത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ഭൂമിയുടെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചാണ് മരണാനന്തരജീവിതത്തിന്റെ സംഭവ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്നും സൃഷ്ടിയില്‍ അതിന് ദൃഷ്ടാന്തമുണ്ടെങ്കില്‍ അതെന്താണെന്നും അബൂറസീന്‍ എന്ന സ്വഹാബി ഒരിക്കല്‍ നബി(സ)യോട് അന്വേഷിച്ചപ്പോള്‍ പ്രവാചകന്റെ ചോദ്യമിതായിരുന്നു: ''അബൂറസീന്‍, താങ്കള്‍ വരണ്ട് നിര്‍ജീവമായ താഴ്‌വരയില്‍ കൂടി നടന്നുപോയിട്ടില്ലേ? പിന്നീടതേ സ്ഥലത്തു കൂടി അവിടെ പച്ചയണിഞ്ഞ് ചടുലമായി നില്‍ക്കുന്ന അവസരത്തിലും താങ്കള്‍ നടന്നുപോയിട്ടില്ലേ?'' രണ്ടവസ്ഥയിലും താനതില്‍കൂടി നടന്നിട്ടുണ്ടെന്ന് അബൂ റസീന്‍ മറുപടി നല്‍കിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അങ്ങനെ തന്നെയാണ് അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നതും.''
ശാസ്ത്രത്തിന്റെ വഴി
മതങ്ങള്‍ മരണാനന്തരജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും എല്ലാറ്റിനും അവസാനവാക്ക് ശാസ്ത്രമാണെന്ന് കരുതുന്നവര്‍ മനുഷ്യന്റെ ജീവിതലക്ഷ്യമെന്തെന്ന അന്വേഷണത്തില്‍ വഴികാട്ടാന്‍ ശാസ്ത്രത്തെയാണ് അവലംബിക്കുന്നത്. ഉദാഹരണത്തിന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ നിരീക്ഷണം കാണുക: ''ആദികാലം മുതല്‍ ഇന്നോളം മനുഷ്യന്റെ അന്വേഷണം തുടര്‍ന്നുപോന്നു. പലതും അവന്‍ ഇതിനിടയില്‍ കണ്ടുപിടിച്ചു. എങ്കിലും ഇനിയും പലതും ബാക്കിയുണ്ട്. ഈ പ്രയാണത്തിനിടയില്‍ തന്റെ അന്വേഷണത്തിന്റെ അവസാനത്തില്‍നിന്ന്-അങ്ങനെ അവസാനമുണ്ടെങ്കില്‍-എത്രമാത്രം അകലെയാണ് ഇപ്പോഴും താനെന്ന് അവന് കാണിച്ചുകൊടുക്കുന്ന പുതിയ പുതിയ കാഴ്ചപ്പാടുകള്‍ അവന്റെ മുന്നില്‍ വെളിപ്പെടുന്നു. എന്താണ് മനുഷ്യന്റെ ഈ അന്വേഷണം? അവന്‍ എങ്ങോട്ട് പോകുന്നു? അനേകായിരം വര്‍ഷങ്ങളായി മനുഷ്യര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമമാരംഭിച്ചിട്ട്. മതവും തത്ത്വജ്ഞാനവും ഭൗതികശാസ്ത്രവും അവയെപ്പറ്റി പര്യാലോചിക്കുകയും പല സമാധാനങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്.... മുഖ്യമായി മതം ഇവക്ക് പരിപൂര്‍ണവും സൈദ്ധാന്തികവുമായൊരു ഉത്തരം നല്‍കാന്‍ ശ്രമിച്ചു. അത് പലപ്പോഴും മനസ്സിനെ അവഗണിക്കുകയും സ്വന്തം ശാസനകള്‍ അനുസരിക്കാന്‍ പല വഴിക്കും നിര്‍ബന്ധിക്കുകയും ചെയ്തു. ശാസ്ത്രമാകട്ടെ വളരെ ആശങ്കയോടെയും അനിശ്ചിതത്വത്തോടെയുമാണ് മറുപടി നല്‍കുന്നത്. എന്തെന്നാല്‍ സിദ്ധാന്തവല്‍ക്കരണമല്ല, പരീക്ഷണവും യുക്തിവിചാരവുമാണ് ശാസ്ത്രത്തിന്റെ രീതി. അത് മനുഷ്യന്റെ മനസ്സിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.''5
ശാസ്ത്രം ഒട്ടേറെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മനുഷ്യനെ സഹായിച്ചിട്ടുണ്ടെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും അനവധിയാണ്. വിഖ്യാത ജ്യോതിശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്, ലിയൊണാഡ് മ്ലോഡിനോവിനൊപ്പം രചിച്ച ദ ഗ്രാന്റ് ഡിസൈനിലെ ആദ്യ വാക്യങ്ങള്‍ ഈ യാഥാര്‍ഥ്യത്തിലേക്കാണ് ശ്രദ്ധക്ഷണിക്കുന്നത്: ''നമ്മുടെ അസ്തിത്വം കുറഞ്ഞൊരു കാലത്തേക്കു മാത്രമാണ്. ഇതിനിടയില്‍ ഈ പ്രപഞ്ചത്തിന്റെ ചെറിയൊരംശം മാത്രമേ നമ്മുടെ പര്യവേക്ഷണത്തിനു വിധേയമാവുന്നുള്ളൂ. എന്നാല്‍, മനുഷ്യര്‍ ജിജ്ഞാസയുള്ള കൂട്ടമാണ്. നാം അത്ഭുതപ്പെടുന്നു, ഉത്തരങ്ങള്‍ തേടുന്നു. ചിലപ്പോഴെല്ലാം ക്രൂരവും എന്നാല്‍ പലപ്പോഴും ദയയുള്ളതുമായ ഈ മഹാപ്രപഞ്ചത്തില്‍ ജീവിച്ച്, ആകാശത്തിന്റെ അനന്തതയില്‍ ദൃഷ്ടികളൂന്നി എണ്ണമറ്റ ചോദ്യങ്ങള്‍ എക്കാലവും നാം ചോദിച്ചിട്ടുണ്ട്. നാം ജീവിക്കുന്ന ഈ ലോകത്തെ നമുക്കെങ്ങനെ മനസ്സിലാക്കാം? പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനരീതിയെങ്ങനെ? യാഥാര്‍ഥ്യത്തിന്റെ സ്വഭാവമെന്താണ്? ഇവയൊക്കെ എവിടെനിന്നാവിര്‍ഭവിച്ചു? പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ ആവശ്യമുണ്ടോ? അധികപേരും ഈ പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെടാന്‍ അധികസമയം ചെലവിടാറില്ല. പക്ഷേ, മിക്കവരും എപ്പോഴെങ്കിലും ഇത്തരം സമസ്യകളെയോര്‍ത്ത് മനക്ലേശം അനുഭവിക്കാറുണ്ട്.''6
എല്ലാ ചോദ്യങ്ങള്‍ക്കും ശാസ്ത്രത്തിലൂടെ തന്നെ മറുപടി ലഭിക്കണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ മരണാനന്തരജീവിതം എന്ന ആശയത്തെ എന്നും നിഷേധാത്മകമായാണ് സമീപിക്കുന്നത്. മനുഷ്യജ•ത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പോലും ഇന്ന് സമ്മതിക്കുന്നു. 1960ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയ വിഖ്യാത ജീവശാസ്ത്രജ്ഞന്‍ സര്‍ പീറ്റര്‍ മെഡവര്‍ (1915-1987) ലിമിറ്റ്‌സ് ഓഫ് സയന്‍സ് എന്ന ഗ്രന്ഥത്തില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. നാം എന്തിനു വേണ്ടി ജീവിക്കുന്നു? ജീവിതത്തിന്റെ അര്‍ഥമെന്ത്? എല്ലാറ്റിന്റെയും തുടക്കമെങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിനാവില്ലെന്ന് ഈശ്വരവിശ്വാസിയല്ലാത്ത അദ്ദേഹം പറയുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിന് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം, റെയില്‍പാളങ്ങളിലൂടെ മാത്രം ഓടാന്‍ രൂപകല്‍പന ചെയ്ത തീവണ്ടികള്‍ എന്തുകൊണ്ട് പറക്കുന്നില്ല എന്ന ചോദ്യം പോലെ ബാലിശമാണെന്നാണ് പീറ്റര്‍ മെഡവറിന്റെ നിരീക്ഷണം.7
അതേസമയം പരലോകത്തെ ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വിശദീകരിക്കാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തിയിട്ടുണ്ട്. ജോണ്‍ ഡി. ബാരോയോടൊപ്പം ചേര്‍ന്ന് ദ ആന്ത്രോപ്പിക് കോസ്‌മോളജിക്കല്‍ പ്രിന്‍സിപ്പിന്‍ (ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ്, 1986) എന്ന ശ്രദ്ധേയ ഗ്രന്ഥം രചിച്ച ശാസ്ത്രകാരനായ ഫ്രാങ്ക് ജെ. ടിപ്ലറുടെ ദ ഫിസിക്‌സ് ഓഫ് ഇമ്മോര്‍ട്ടാലിറ്റി8 ഈ ഗണത്തില്‍ വരുന്ന പുസ്തകമാണ്. മനുഷ്യനെ ഒരു പ്രത്യേകതരം യന്ത്രമായും മനുഷ്യന്റെ തലച്ചോറിനെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനമായും ആത്മാവിനെ മസ്തിഷ്‌കമെന്ന കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാമായും സങ്കല്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം മരണാനന്തര ജീവിതത്തിന്റെ സാധ്യതകള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ അനശ്വരത എന്ന, ശാസ്ത്രത്തിന്റെ പരിധിയിലൊതുങ്ങാത്ത വിഷയത്തെ ഭൗതികപരിധികള്‍ക്കുള്ളില്‍നിന്ന് വിശദീകരിക്കുമ്പോഴുള്ള ന്യൂനത ടിപ്ലറുടെ കണ്ടെത്തലുകളിലുണ്ടെങ്കിലും പരലോകത്തിന്റെ സാധ്യതകളെക്കുറിച്ച് ശ്രദ്ധേയവും കൗതുകകരവുമായ ഒട്ടേറെ അറിവുകളുടെ ലോകം അദ്ദേഹം തുറന്നിടുന്നുണ്ട്.
മരണാനന്തരജീവിതത്തിലുള്ള വിശ്വാസത്തെ ഇനിയും പഴഞ്ചന്‍ ഏര്‍പ്പാടായി തള്ളാനാവില്ലെന്നാണ് ഈ വിഷയത്തില്‍ നടക്കുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന Thanatology, ലോകാവസാനം എന്ന സങ്കല്‍പത്തെക്കുറിച്ച് പ്രത്യേകിച്ച് മരണം, അന്തിമവിചാരണ, സ്വര്‍ഗം, നരകം തുടങ്ങിയവയെക്കുറിച്ച് പഠിക്കുന്ന Eschatology എന്നീ പഠനശാഖകള്‍ നേരത്തേ തന്നെയുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി മരണാനന്തരജീവിതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും വിവിധ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. പമേല ഹീത്, ജോന്‍ ക്ലിമോ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ഹാന്റ്ബുക് ടു ദ ആഫ്റ്റര്‍ ലൈഫ്9 (Handbook to the AFTERLIFE) എന്ന പുസ്തകം ഇതില്‍ ശ്രദ്ധേയമാണ്. എന്തെങ്കിലും കാര്യം തെളിയിക്കാനോ ബോധ്യപ്പെടുത്താനോ അല്ല തങ്ങളുടെ ശ്രമമെന്നും മരണാനന്തരകാര്യങ്ങളെക്കുറിച്ച് വിവിധ സ്രോതസ്സുകളില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ ലളിതമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഗ്രന്ഥകര്‍ത്താക്കള്‍ പ്രാരംഭത്തില്‍ എഴുതുന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിവിധ മതങ്ങളുടെ വീക്ഷണങ്ങള്‍, ആസന്നമരണ പഠനങ്ങള്‍ (Neardeath Experience) തുടങ്ങി പരേതാത്മാക്കളുമായുള്ള മധ്യവര്‍ത്തി (Medium)മുഖേനയുള്ള സംഭാഷണങ്ങള്‍, പുനര്‍ജന്മകഥകള്‍, പ്രേതങ്ങള്‍, പാശ്ചാത്യരാജ്യങ്ങളിലെ സൈക്കിക്കുകളുടേയും പാരാസൈക്കോളജിസ്റ്റുകളുടെയും വാദങ്ങള്‍ എന്നിവയിലൂടെയെല്ലാം പുസ്തകം കടന്നുപോകുന്നു.
മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണ് ഇന്ത്യയില്‍ ആദ്യമുണ്ടായതെന്നും ഇത് പിന്നീട് പുനര്‍ജന്മവിശ്വാസമായി രൂപാന്തരപ്പെടുകയായിരുന്നുവെന്നും നിരവധി ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദര്‍ശനം ആഴത്തില്‍ പഠിച്ച ആസ്തിക്യവാദിയായ ഡോ. എസ്. രാധാകൃഷ്ണന്‍ ഇന്ത്യന്‍ ഫിലോസഫി എന്ന ഗ്രന്ഥത്തിലും, ഉപനിഷത്തുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത റോബര്‍ട്ട് ഏണസ്റ്റ് ഹ്യൂം തേര്‍ട്ടീന്‍ പ്രിന്‍സിപ്പ്ള്‍ ഉപനിഷത്തിലും, ഭൗതികവാദിയായ പണ്ഡിതന്‍ രാഹുല്‍ സാംകൃത്യായന്‍ വിശ്വദര്‍ശനങ്ങളിലും ഇതേ അഭിപ്രായം തെളിവുകള്‍ നിരത്തി ഉന്നയിക്കുന്നതിനാല്‍ ഈ വാദം ഗൗരവമര്‍ഹിക്കുന്നതു തന്നെയാണ്. പരേതാത്മാക്കളുമായുള്ള മധ്യവര്‍ത്തി മുഖേനയുള്ള സംഭാഷണങ്ങള്‍ പോലുള്ള വിഷയങ്ങള്‍ പുസ്തകത്തില്‍ ഇടംപിടിച്ചത് പലരുടെയും നെറ്റിചുളിപ്പിച്ചേക്കാം. എന്നാല്‍ കൗതുകകരമായ നിരവധി വിവരങ്ങളും ഹാന്റ്ബുക് ടു ദ ആഫ്റ്റര്‍ ലൈഫിലുണ്ട്. 1990-കളുടെ ആദ്യത്തില്‍ ചിക്കാഗോ സര്‍വകലാശാലയുടെ നാഷ്‌നല്‍ ഒപ്പീനിയന്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഭിപ്രായ സര്‍വേയിലെ ഫലങ്ങള്‍ ഇതില്‍ ചേര്‍ത്തത് ഉദാഹരണം. സര്‍വേയില്‍ പങ്കെടുത്ത അമേരിക്കക്കാരില്‍ 55 ശതമാനം പേരും-ഇവരിലധികം പേരും ക്രിസ്ത്യാനികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്- തങ്ങള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നവരാണെന്ന് വെളിപ്പെടുത്തി. 63.1 ശതമാനം പേര്‍ സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെന്ന് അറിയിച്ചു. മരണാനന്തരജീവിതത്തെക്കുറിച്ചും, മനുഷ്യജന്മത്തിന്റെ നിഗൂഢതകളെക്കുറിച്ചും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമാണ് ഈ പുസ്തകം.
ii
'ജനനത്തിലാരംഭിച്ച് മരണത്തിലവസാനിക്കുന്ന ലളിതമായ ജീവിതം എന്ന സങ്കല്‍പത്തെ നിരാകരിക്കുന്ന ചില വാചകങ്ങള്‍ താങ്കളില്‍ നിന്നുണ്ടായിട്ടുണ്ട്. എന്താണതിന്റെ അര്‍ഥം?' എന്ന ചോദ്യത്തിന് പ്രശസ്ത സാഹിത്യനിരൂപകന്‍ കെ.പി അപ്പന്‍ നല്‍കുന്ന ഉത്തരം കാണുക: ''ലളിതമായ നിര്‍വചനങ്ങളിലൊതുക്കാവുന്നതാണോ ജീവിതം? ജന്മപരമ്പരകളുടെ ആവര്‍ത്തനത്തിന്റെ കേളികള്‍ അവസാനകാലങ്ങളില്‍ എന്നെ ഭയപ്പെടുത്തുന്നുണ്ട്. അനിശ്ചിതത്വത്തിന്റെ കേളികള്‍ ഒരു ഭീതിയായി കടന്നുവരുന്നു. സന്ധ്യ എല്ലാവര്‍ക്കും നല്ലതാണെങ്കിലും അതെന്നെ ഭയപ്പെടുത്തുകയാണ്, കടല്‍തീരത്തിരിക്കുമ്പോള്‍. വെളിച്ചം നഷ്ടപ്പെടുന്നതിന്റെ ഭയമാകാന്‍ വഴിയില്ലത്. എനിക്കറിഞ്ഞൂകൂടാ, എന്തുകൊണ്ടാണീ ഭയമെന്ന്.''10 അരാജകജീവിതം നയിച്ച്, ജീവിതത്തെ ആഘോഷമാക്കി മാറ്റിയവര്‍ കഴിഞ്ഞകാല ജീവിതത്തിലേക്ക് നിരാശയോടെ തിരിഞ്ഞുനോക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ള അത്തരത്തിലൊരാളാണ്. മദ്യത്തിലും മദിരാക്ഷിയിലും മുഴുകി 37-ാംവയസ്സില്‍ മരിച്ച മലയാളത്തിന്റെ ഗന്ധര്‍വകവി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചങ്ങമ്പുഴ ജീവിതാന്ത്യത്തില്‍ സുഹൃത്ത് ഇഗ്നേഷ്യസിനെഴുതിയ കത്തില്‍ മരണാനന്തരം തന്റെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്: ''മരിച്ചു കഴിഞ്ഞാല്‍ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ? നാം ഇവിടെ ചെയ്തിട്ടുള്ള കുറ്റങ്ങള്‍ മറ്റൊരു ലോകത്തില്‍ ഏറ്റു പറയേണ്ടിവരുമോ? മരണമെന്ന് കേള്‍ക്കുമ്പോള്‍ കുറേ നാളായി എനിക്ക് വല്ലാത്ത ഒരു പേടി. ഈശ്വരന്‍ എന്നെ ശിക്ഷിക്കാതിരിക്കില്ല. എനിക്ക് നിശ്ചയമുണ്ട്..........പ്രേതലോകം എന്നൊന്നുണ്ട്. ഞാന്‍ അങ്ങനെ ദൃഢമായി വിശ്വസിക്കുന്നു. മനസ്സ്, കര്‍മം, വാക്ക് ഇവ മൂന്നിലും പരിശുദ്ധിയുള്ളവര്‍ക്കേ മുക്തിയുള്ളൂ എന്ന് വേദങ്ങള്‍ ഘോഷിക്കുന്നു. എനിക്ക് ഇവയില്‍ ഒന്നിലെങ്കിലും അല്‍പം പോലും ശുദ്ധിയുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആശ്വസിച്ചേനെ....''11
മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പഠനത്തില്‍ വ്യാപൃതനായിരുന്ന പ്രമുഖ നിയമജ്ഞനാണ് മരണാനന്തരജീവിതം (ഡി.സി ബുക്‌സ്, കോട്ടയം) എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. ഒരു വിധിന്യായത്തിനിടെ അദ്ദേഹം നടത്തിയ ഒരു നിരീക്ഷണം അമര്‍ത്യതയുടെ സാധ്യതയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ കൃത്യമായി സൂചിപ്പിക്കുന്നു: ''മരണം കേവലമായ നാശമല്ല. മറിച്ച്, വെറും നിര്‍ജഡീകരണം (discarnation) മാത്രമാണെന്നും, മരണാനന്തരം ബോധ്യക്ഷമവും സൂക്ഷ്മവുമായ ഒരസ്തിത്വമാനത്തില്‍ നാം അവശേഷിക്കുന്നു എന്നും, പുനരുജ്ജീവനത്തെക്കുറിച്ച് നടത്തപ്പെട്ട, അസാധാരണമെങ്കിലും അവിശ്വസനീയമല്ലാത്ത, പരീക്ഷണങ്ങളും തൃപ്തികരമായി നടത്തപ്പെട്ട ആധ്യാത്മിക ആലക്ത്രണ വൈദ്യശാസ്ത്രാന്വേഷണങ്ങളും, ലേഖന-ഗവേഷണങ്ങളുടെ മനോഹര സ്ഫുരണങ്ങളിലൂടെ ഏറെ നാടകീയമായി എങ്കിലും അവ്യക്തമായി സ്ഥാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇനി ഈ 'തീസിസ്' ഒരു വിശ്വാസമായി അവതരിപ്പിക്കപ്പെടാനല്ല ഒരു വസ്തുതയായി സ്ഥാപിക്കപ്പെടാനാണ് ശ്രമം നടക്കുന്നത്....''12
പിന്‍കുറി:
ബ്രിട്ടീഷ് യുക്തിവാദിയും ചരിത്രകാരനും തത്ത്വചിന്തകനുമായിരുന്ന വിന്‍വുഡ് റീഡ്(1838-1875) ദ മാര്‍ട്ടിര്‍ഡം ഓഫ് മാന്‍ എന്ന വിഖ്യാതകൃതിയില്‍ മരണാനന്തരജീവിതം എന്ന സങ്കല്‍പത്തെക്കുറിച്ച് വിശകലനം ചെയ്യവേ ഇപ്രകാരം എഴുതിയിട്ടുണ്ട്: 'പരമോന്നത ശക്തിയുമായി നമുക്കെന്തെങ്കിലും വ്യക്തിപരമായ ബന്ധമുണ്ടോ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്ന മറ്റൊരു ലോകം നിലനില്‍ക്കുന്നുണ്ടോ? എന്നത് പരിഗണനാര്‍ഹമായ ചോദ്യമാണ്. ഇത് തത്ത്വചിന്തയിലെ ഒരു വലിയ പ്രശ്‌നം മാത്രമല്ല, എല്ലാ ചോദ്യങ്ങളിലും വെച്ച് നമ്മുടെ ശ്രദ്ധപതിയേണ്ട ഏറ്റവും പ്രായോഗികവും മര്‍മപ്രധാനവുമായ പ്രശ്‌നമാണ്. ഈ ജീവിതം ഹ്രസ്വമാണ്. ഇതിലെ ആനന്ദങ്ങളാകട്ടെ അപ്രധാനവുമാണ്. നാമാഗ്രഹിച്ചത് നമുക്ക് ലഭിക്കുമ്പോഴേക്കും മരണകാലമെത്തിയിരിക്കും. എന്നാല്‍ ഒരു പ്രത്യേക മുറപ്രകാരം ജീവിച്ചാല്‍ ശാശ്വതമായ ആനന്ദം ലഭിക്കുമെങ്കില്‍ ഒരു വിഡ്ഢിയോ മനോനില തെറ്റിയവനോ അല്ലാതെ അത്തരത്തില്‍ ജീവിക്കാന്‍ വിസമ്മതിക്കുകയില്ല.'13 ഇതെഴുതിയ ശേഷം മരണാനന്തരജീവിതം മിഥ്യയാണെന്ന് സ്ഥാപിക്കാനാണ് വിന്‍വുഡ് റീഡ് ശ്രമിക്കുന്നതെങ്കിലും ഏറെ പ്രസക്തവും ചിന്തോദ്ദീപകവുമാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം.
കുറിപ്പുകള്‍
1. ആഷാ മേനോന്‍, ജീവന്റെ കൈയൊപ്പ്, ഡി.സി ബുക്‌സ്, കോട്ടയം, നാലാം പതിപ്പ് 2000, പേജ്:133
2. ജെയിംസ് എഡ്ഗാര്‍ സ്വെയിന്‍, ലോകനാഗരികതയുടെ ചരിത്രം, (വിവ: ചെങ്ങന്നൂര്‍ ശങ്കരവാരിയര്‍), കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, മൂന്നാം പതിപ്പ്, 1995, പേജ്: 75
3. എസ്.കെ.പൊറ്റക്കാട്, ക്ലിയോപാട്രയുടെ നാട്ടില്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2004, പേജ്: 83
4. ഈ ലേഖനത്തിലെ ബൈബിള്‍ ഉദ്ധരണികളെല്ലാം കൊച്ചിയിലെ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിളിന്റെ (മൂന്നാം പതിപ്പ്, 2001) വിവര്‍ത്തനത്തില്‍ നിന്നാണ്.
** പൗലോസ് കൊറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനങ്ങളില്‍ നിന്നാണ് ഈ വാചകം. ഇതേ ആശയം ഖുദ്‌സിയായ ഒരു ഹദീസിലും വന്നിട്ടുണ്ട്: അബൂഹൂറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി, അല്ലാഹു പറയുന്നു: ''സുകൃതം ചെയ്തവര്‍ക്ക് ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനുഷ്യന്റെ മനസ്സും ഊഹിക്കാത്തതുമായ സുഖാനുഭൂതികള്‍ ഞാന്‍ തയാറാക്കിയിരിക്കുന്നു'' (ബുഖാരി).
5. Jawaharlal Nehru, Glimpses of World History, Penguin Books, New Delhi, 2004, p:200-201
6. Stephen Hawking and Leonard Mlodinow, The Grand Design, Bantam Books, London, 2010, p:4
7. Peter Brian Medawar, The Limits of Science, Oxford Universtiy Press, 1988
8. Frank J. Tipler, The Physics of Immortaltiy: Modern Cosmology, God and the Resurrection of the Dead Doubleday, New York: 1994, 527 pages
9. Pamela Rae Heath and Jon Klimo, Handbook to the AFTERLIFE, North Atlantic Books, California, 2010
10.-കെ.പി അപ്പനുമായി കെ.എം വേണുഗോപാല്‍ നടത്തിയ അഭിമുഖം, ഭാഷാപോഷിണി 1994 ഡിസംബര്‍, പേജ്: 42
11. ഉദ്ധരണം പി. എം ഷുക്കൂര്‍, ചങ്ങമ്പുഴ: ജീവിതവും കലാപവും, പ്രിയത ബുക്‌സ്, കോഴിക്കോട്, 2011, പേജ്:15
12. Justice V.R Krishnayyar: Shiv Mohan Singh Vs State of Delhi, AIR 1977,ഉദ്ധരണം, പ്രൊഫ.പി.കെ മുഹമ്മദലി, മുഹമ്മദ് നബി: ജീവിതവും സന്ദേശവും, മാതൃഭൂമി ബുക്‌സ്, ഏഴാംപതിപ്പ്, 2014, പേജ്:149
13. Winwood Reade, The Matryrdom of Man, Indo European Publishing, 2012, p: 515
Comments