Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

മുസ്‌ലിം പേഴ്‌സനല്‍ ലോയും മുസ്‌ലിം സ്ത്രീയുടെ ആകുലതകളും

ഫൗസിയ ശംസ്

എപ്പോഴൊക്കെ ഏകസിവില്‍കോഡ് വാദം ഉയര്‍ന്നോ അപ്പോഴൊക്കെ പൊതുസമൂഹം അതിന്റെ പ്രാധാന്യം എടുത്തുപറയാറ് മുസ്‌ലിം സ്ത്രീപീഡനത്തിന്റെ മുന സമുദായത്തിനു നേരെ തിരിച്ചുവെച്ചുകൊണ്ടാണ്. എപ്പോഴൊക്കെ പ്രമാദമായ മുസ്‌ലിം വിവാഹ-വിവാഹമോചനക്കേസുകള്‍ കോടതിക്കുമുമ്പാകെ വരികയോ വാര്‍ത്തയാവുകയോ ചെയ്തിട്ടുണ്ടോ അന്നൊക്കെയും ഏക സിവില്‍കോഡ് വാദം ശക്തമായി ഉയര്‍ന്നിരുന്നു. അതിന് കാരണം, മുസ്‌ലിം വിവാഹ-വിവാഹമോചന-ബഹുഭാര്യത്വകേസുകള്‍ കോടതിക്കുമുമ്പാകെ വരുമ്പോള്‍ കോടതി വിധി കല്‍പിക്കുന്നത് മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് എന്നതാണ്. ഇവിടെയാണ് പ്രശ്‌നത്തിന്റെ മര്‍മവും. ഏത് കോഡ് മുന്‍നിര്‍ത്തിയാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്തെ വിവിധ സമുദായങ്ങളുമായോ രാഷ്ട്രീയ പാര്‍ട്ടികളുമായോ ചര്‍ച്ച നടത്തിയിട്ടുമില്ല. അതിനാല്‍ ഏക സിവില്‍കോഡുമായി മുന്നോട്ടുപോകാനുള്ള ധാര്‍ഷ്ട്യം ചെറുക്കപ്പെടുക തന്നെ വേണം. പ്രത്യേകിച്ചും മുന്‍കാലങ്ങളില്‍ ഇതിനുവേണ്ടി വാദിച്ചവര്‍ പോലും ഇന്നത്തെ ഗവണ്‍മെന്റിന്റെ ദുഷ്ടലാക്ക് മനസ്സിലാക്കുമ്പോള്‍.

 ഇവിടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം വലിയയൊരു ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആദ്യമായി കോടതികളിലെ മുസ്‌ലിം വ്യക്തിഗത  നിയമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയാന്‍ സുപ്രീംകോടതി അവലംബിക്കുന്ന  മുസ്‌ലിം പേഴ്‌സനല്‍ ലോ പുനഃപരിശോധിക്കാന്‍ തയാറാവണം. 1937-ലാണ്  ശരീഅത്ത് ആക്ട് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ വക്തിഗത വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനായി ഇസ്‌ലാമിക നിയമമെന്ന പേരില്‍ നടപ്പിലാക്കിയത്. മുസ്‌ലിം നിയമങ്ങള്‍ എന്താണെന്ന് ഇത് നിര്‍വചിക്കുന്നില്ല. കോടതിയില്‍ എത്തുന്ന മുസ്‌ലിം സിവില്‍ കേസുകളില്‍ ഏതെല്ലാം വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കാം എന്ന ലക്ഷ്യത്തോടെയുള്ള ഏതാനും ചില വകുപ്പുകള്‍ മാത്രമുള്ള നിയമമാണത്. ഇതിന് ആധാരം മുഹമ്മദന്‍ ലോ എന്ന പേരില്‍ അറിയപ്പെടുന്ന നിയമമാണ്. കോടതിക്കു മുമ്പാകെ വിവാഹ-വിവാഹമോചന കേസുകള്‍ വരുമ്പോള്‍  അവര്‍ അവലംബിക്കുന്നത് മുഹമ്മദന്‍ ലോ എന്ന പേരില്‍ പതിനേഴാം നൂറ്റാണ്ടില്‍ പാര്‍സിക്കാരനായ മുല്ല എഴുതിയ ഈ ഗ്രന്ഥമാണ്. ഖുര്‍ആനെയും പ്രവാചക വചനങ്ങളെയും അവലംബമാക്കുന്നതിനു പകരം  ഫിഖ്ഹീ ഗ്രന്ഥങ്ങളെയാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്. മുത്തലാഖ്, താല്‍ക്കാലിക വിവാഹം പോലുള്ള ഖുര്‍ആനില്‍ സാധൂകരണമില്ലാത്ത നിയമങ്ങള്‍ ഈ മുഹമ്മദന്‍ ലോയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഖുര്‍ആനെയും ഹദീസിനെയും വ്യാഖ്യാനിക്കുന്നതില്‍ വേണ്ടത്ര അവഗാഹമില്ലാത്ത നമ്മുടെ നിയമജ്ഞര്‍ക്ക് വിധിയില്‍ തീര്‍പ്പുകല്‍പിക്കേണ്ടിവരുമ്പോള്‍ അവലംബിക്കേണ്ടിവരുന്നത് ഇത്തരം അബദ്ധങ്ങള്‍ നിറഞ്ഞ മുഹമ്മദന്‍ ലോയെയാണ്. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല. ആ നിയമത്തിന്റെ പേരില്‍ യാതന അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീയെ നോക്കി സഹതപിക്കുന്നവരോടും നമുക്ക് രോഷം കൊള്ളാനാവില്ല. മുസ്‌ലിം പേഴ്‌സനല്‍ ലോയിലെ പഴുതുകള്‍ കാണിച്ച് ഏക സിവില്‍കോഡ് വാദമുയര്‍ത്തുന്നവര്‍ക്കു മുമ്പാകെ നിലവിലുള്ള പേഴ്‌സനല്‍ ലോ ഖുര്‍ആനിനും പ്രവാചക ചര്യക്കും അനുസരിച്ച് മാറ്റിപ്പണിതുകൊണ്ടാണ് മുസ്‌ലിംകള്‍ പ്രതികരിക്കേണ്ടത്. 

ഇന്ത്യന്‍ സ്ത്രീജീവിതം പഠിക്കാന്‍ യു.പി.എ സര്‍ക്കാര്‍ 2012 ഫെബ്രുവരിയില്‍  പഞ്ചാബ് സര്‍വകലാശാല പ്രഫസറായിരുന്ന ഡോ. രാജ്പുതിന്റെ നേതൃത്വത്തില്‍ ഒരുന്നത സമിതിയെ നിയോഗിച്ചിരുന്നു. 2014 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച 14 അംഗ സമിതി റിപ്പോര്‍ട്ടിലൊന്ന് മുസ്‌ലിം സമൂഹത്തിലെ മുത്തലാഖ് നിര്‍ത്തണമെന്നായിരുന്നു. മുസ്‌ലിം സത്രീയുടെ ജീവിതം യാതനാപൂര്‍ണവും അരക്ഷിതവുമാക്കുന്നതാണ് ഈ നിയമമെന്നും ഇതുമൂലം ഒട്ടറെ സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു സമിതി കണ്ടെത്തല്‍. ഈ നിയമം വന്നപ്പോള്‍ സ്വാഗതം ചെയ്യുന്നതിനു പകരം കേവലം സങ്കുചിതമായ മദ്ഹബീ-ഫിഖ്ഹീ പക്ഷപാതിത്വങ്ങളില്‍ കുരുങ്ങുകയായിരുന്നു സമുദായം. അതിനെ വേണ്ടത്ര ഗൗനിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ല. ശാഖാപരമായ ഭിന്നതകളെ പൊലിപ്പിച്ചുകാട്ടേണ്ട എന്ന നിലയിലോ മറ്റോ ആയിരിക്കാം ഈ വിമുഖത. പക്ഷേ ഇത് ഏക സിവില്‍കോഡ് പോലുള്ള ഹിഡന്‍ അജണ്ടക്കു വളമാക്കുകയാണ് എന്ന തിരിച്ചറിവ് സമുദായ നേതൃത്വത്തിന് ഇല്ലാതെ പോയി. 

കേരളം പോലുള്ള പ്രദേശങ്ങളില്‍ മുത്തലാഖും താല്‍ക്കാലിക കല്യാണവുമൊക്കെ ചിലയിടങ്ങളിലെങ്കിലും നിലവിലുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഈ നിയമത്തിനെതിരെ ബോധവല്‍ക്കരണം കൊണ്ടോ സംവാദങ്ങള്‍ നടത്തിയതുകൊണ്ടോ കാര്യമില്ല. കാരണം ആചാരം സമ്പ്രദായം എന്ന നിലയിലല്ല ഈ ആനുകൂല്യം പലരും ഉപയോഗപ്പെടുത്തുന്നത്. അങ്ങനെയൊരു നിയമം ഉള്ളതുകൊണ്ടാണ്. നിയമം ഇല്ലാതാകുമ്പോള്‍ മാത്രമേ അത് ലംഘിച്ചവനെ ശിക്ഷിക്കാനാവൂ. അടുത്തിടെ മുത്തലാഖ് എന്ന വിഷയം ചൂണ്ടിക്കാട്ടി ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവെ ആ സമുദായത്തിലെ അംഗങ്ങളാരും ആവശ്യപ്പെടാത്തിടത്തോളം കാലം അതിനു സാധ്യമല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇസ്‌ലാമിക ശരീഅത്തും മുസ്‌ലിം പേഴ്‌സനല്‍ ലോയും തമ്മിലെ വ്യത്യാസങ്ങള്‍ മുന്‍നിര്‍ത്തി ആര്‍ക്കും കോടതിയെ സമീപിക്കാവുന്നതേയുള്ളൂ. 

ഖുര്‍ആനിന്റെ അധ്യാപനങ്ങളും നിര്‍ദേശങ്ങളും ഏറ്റവും കൂടുതല്‍ ചേര്‍ത്തുവെച്ചത് വിവാഹം, കുടുംബം, മക്കള്‍, മാതാപിതാക്കള്‍, അവര്‍ തമ്മിലെ ഇടപാടുകള്‍ തുടങ്ങിയ കുടുംബപരമായ കാര്യങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ മുസ്‌ലിമിന്റെ ഇത്തരം കാര്യങ്ങളിലെ തീര്‍പ്പുകല്‍പിക്കലുകള്‍ ഖുര്‍ആനുമായി ബന്ധപ്പെട്ടുതന്നെയാവണം. ഇതര സംസ്‌കൃതികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യാരംഭം മുതല്‍തന്നെ അന്തസ്സോടെ ജീവിത മാതൃകകള്‍ കാഴ്ചവെച്ച ഒരു സമുദായത്തിലെ പെണ്ണാണ് സമുദായ നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ട് സമൂഹമധ്യേ അപഹസിക്കപ്പെടുന്നത്. നമ്മുടെ സിവില്‍ നിയമങ്ങളില്‍ ഇതര മതസ്ഥര്‍ക്കായി എഴുതിച്ചേര്‍ക്കപ്പെട്ട പല നിയമങ്ങളും പില്‍ക്കാലത്ത് ഒട്ടേറെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ഒരിക്കലും സാധ്യമല്ലാതിരുന്ന ക്രിസ്ത്യന്‍ വിവാഹനിയമം (ഇന്ത്യന്‍) 2001-ല്‍ മാത്രമാണ് അവരുടെ ആവശ്യപ്രകാരം നിലവില്‍വന്നത്. സ്വത്തില്‍ തീരെ അവകാശമില്ലാത്ത, വിവാഹിതരായ ക്രിസ്തീയ പെണ്‍കുട്ടികള്‍ക്ക് അതിനു സാധ്യത തെളിഞ്ഞത്  മേരിറോയി കേസിലൂടെയാണ്. അതുപോലെ ഹിന്ദു സമുദായത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളെ പിന്നീടുണ്ടായ നിയമഭേദഗതിയിലൂടെയാണ് ഇല്ലാതാക്കിയത്. ഇതര വിഭാഗങ്ങളില്‍ മതം, സമുദായം എന്ന നിലയില്‍ ഇല്ലാതിരുന്ന നിയമങ്ങള്‍ ഉണ്ടാക്കിയെടുത്ത് പരിഷ്‌കരണം സാധ്യമാക്കുന്നതാണ് നാം കാണുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍ത്തീകരിക്കപ്പെട്ട നീതിയിലധിഷ്ഠിതമായ  ഇസ്‌ലാമിക നിയമങ്ങളെ മറന്നുകൊണ്ടും അവഗണിച്ചുകൊണ്ടും ഇല്ലാ നിയമങ്ങളെ മുസ്‌ലിം സ്ത്രീക്കുമേല്‍ കെട്ടിയേല്‍പ്പിക്കുകയാണ്.  ഇതര സംസ്‌കാരങ്ങളില്‍ ഉള്ളതുപോലെ വിവാഹത്തോടെ സ്ത്രീ പുരുഷനാല്‍ ബന്ധിതയാവുകയോ ഒരിക്കല്‍ തന്റെ കന്യാകത്വം സമര്‍പ്പിച്ചവനോടൊപ്പം തന്നെ ജീവിതാവസാനം വരെ എന്തു പ്രശ്‌നമുണ്ടായാലും പൊറുക്കണമെന്നോ ഇസ്‌ലാമിലില്ല. ഇഷ്ടമില്ലാത്തവര്‍ക്ക് സുന്ദരമായി ഇസ്‌ലാമില്‍ വേര്‍പിരിയാം. വേറൊരു ഇണയെ ആണിനും പെണ്ണിനും സ്വീകരിക്കാം. പക്ഷേ അതിന് നിര്‍ണിതമായ നിയമമുണ്ട്. വിവാഹമോചിത മൂന്ന് ഇദ്ദാകാലം ഭര്‍തൃവീട്ടില്‍ കഴിയണം. പക്ഷേ ഏതു പെണ്ണാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ഇദ്ദാകാലം ചെലവഴിക്കുന്നത്? ആരാണവളെ അതിന് പ്രാപ്തയാക്കിയത്? വിവാഹമോചിതയായ മുസ്‌ലിം പെണ്ണിനെ കോടതിവരാന്തയിലോ ഭര്‍ത്താവിന്റെ അടച്ചിട്ട വീടിനുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുന്നതോ ആയിട്ടാണ് പലപ്പോഴും കാണേണ്ടിവരുന്നത്. ഇത് പ്രവാചക മാതൃകയല്ല. അത്യാവശ്യഘട്ടങ്ങളിലും നിര്‍ബന്ധിതനായവനും ജീവിതത്തില്‍ പകച്ചുപോകാതിരിക്കാന്‍ അനുവദിച്ച ബഹുഭാര്യത്വമെന്ന പ്രശ്‌നപരിഹാര പദ്ധതി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന സമ്പ്രദായമാക്കി മാറ്റിയപ്പോഴും അനങ്ങാതിരുന്ന സമുദായ നേതൃത്വത്തിനാല്‍ അപഹസിക്കപ്പെട്ടത് ഇസ്‌ലാമും ഇസ്‌ലാമിലെ പെണ്ണും തന്നെയല്ലേ? ഇന്ത്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കര്‍മശാസ്ത്രപരമായ വൈകല്യങ്ങളെ പൊലിപ്പിച്ചുകാട്ടേണ്ട എന്നാണ് സമുദായം ഒന്നാകെ എടുക്കുന്ന തീരുമാനമെങ്കില്‍, അത് കാലാന്തരത്തില്‍ സമൂഹത്തിനുമേല്‍ വരുത്തിവെക്കുന്ന പ്രഹരം കനത്തതായിരിക്കും. കാരണം, ഇങ്ങനെയുള്ള അനാശാസ്യതകളെ മുഖവിലക്കെടുക്കാതെ നീളന്‍പര്‍ദയില്‍ പെണ്ണിനെയും നീളന്‍താടിയിലും മുട്ടിറങ്ങാത്ത പൈജാമയിലും ആണിനെയും ഒതുക്കിനിര്‍ത്തിയവര്‍ ഇന്ന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെപ്പോലും മത ഉന്മാദത്തിലേക്ക് നയിച്ചതിന്റെ പരിണതി നാം കാണുകയാണ്. ഇത്തരം ആചാരവാദികളില്‍ പലരും ഇസ്‌ലാം ആണിനനുവദിച്ച ബഹുഭാര്യത്വത്തെ എല്ലാവരും ഏറ്റെടുക്കാത്തതില്‍ ഖിന്നരായിരുന്നു. പലരും അതും ഒരു ജിഹാദും പ്രസ്ഥാനവുമായി കൊണ്ടുനടന്നിരുന്നു. അവര്‍ നയിച്ചവഴിയേ പോയവരാണിന്ന് എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരായത്. കേരളത്തിലെങ്കിലും ഏറെ മുന്നോട്ടു നീങ്ങിയ ഇസ്‌ലാമിക സംസ്‌കരണ നവോത്ഥാന സംരംഭങ്ങള്‍ അതേ വേഗതയോടെ തന്നെ പിന്തിരിഞ്ഞു നടക്കുന്നതാണ് കാണേണ്ടിവന്നത്.

വിവാഹത്തോടെ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇസ്‌ലാമില്‍ സ്ത്രീക്കുണ്ടായിരുന്നത് എന്ന് മറന്നുപോകരുത്. വിധവകളും വിവാഹമോചിതകളും വിവാഹത്തിലൂടെ അപഹസിക്കപ്പെട്ട ചരിത്രം പ്രവാചകകാലത്തെ ഇസ്‌ലാമിനില്ല. ആര്യാ അന്തര്‍ജനം എന്ന സാമൂഹിക പരിഷ്‌കര്‍ത്താവായി അറിയപ്പെട്ട മഹതിയെ കേരളീയ പരിഷ്‌കരണ സംരംഭങ്ങളെ വായിക്കുന്നവര്‍ക്കു കാണാം. പുനര്‍വിവാഹം ചെയ്തതിന്റെ പേരില്‍ സമൂഹമധ്യേ അവമതിക്കപ്പെട്ട സ്ത്രീയായിരുന്നു അവര്‍.  വിധവകള്‍ക്ക് പുനര്‍വിവാഹം സാധ്യമാണെണ് സ്വന്തം ജീവിതത്തിലൂടെ കാണിച്ചതിന്റെ പേരില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവര്‍. 1920-കളിലായിരുന്നു അത്. ഒരു നൂറ്റാണ്ടുപോലും ആ സംഭവത്തിന് ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിവാഹമോചിതയായ മുസ്‌ലിം പെണ്ണ് വീണ്ടും വിവാഹം ചെയ്തതിന്റെ പേരിലോ വിധവ പുനര്‍ വിവാഹം ചെയ്തതിന്റെ പേരിലോ അപഹസിക്കപ്പെടുകയോ ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. ഖുര്‍ആനികാധ്യാപനങ്ങളിലൂടെ അസ്തിത്വവും വ്യക്തിത്വവും വകവെച്ചുനല്‍കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അതിനുകാരണം.  കുടുംബജീവിതത്തില്‍ പെണ്ണനുഭവിച്ച ആവലാതിക്ക് അല്ലാഹു പോലും ചെവികൊടുത്തിട്ടുണ്ട്. സൂറത്തു മുജാദലഃ ഭര്‍ത്താവുമായുളള ഒരു പെണ്ണിന്റെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടാണല്ലോ അവതരിച്ചത്. പ്രവാചകനില്‍നിന്ന് പാഠമുള്‍ക്കൊണ്ട ശക്തനായ ഭരണാധികാരി ഉമറുല്‍ ഫാറൂഖും അല്ലാഹുവിന്റെ പ്രവാചകന്‍ തങ്ങള്‍ക്കനുവദിച്ചുതന്ന അവകാശത്തെ മാറ്റാന്‍ താങ്കള്‍ക്കാരാണ് അനുവാദം തന്നതെന്ന പെണ്‍ചോദ്യത്തിനു മുന്നില്‍ പതറിപ്പോയിട്ടുണ്ട്. ഈ ചരിത്രവും അധ്യാപനങ്ങളും നമുക്കു മുന്നിലുള്ളപ്പോള്‍ എങ്ങനെയാണ് ഇന്നത്തെ മുസ്‌ലിംപെണ്ണിന്റെ പ്രശ്‌നങ്ങളില്‍നിന്നും സമുദായം ഒളിച്ചോടുക? ഏക സിവില്‍കോഡിനെതിരെ യോജിച്ച പോരാട്ടം നടത്തുന്നതോടൊപ്പം സമുദായത്തിലെ പെണ്ണിനെ ബാധിക്കുന്ന നിയമങ്ങള്‍ ഇസ്‌ലാമികമായി പരിഷ്‌കരിക്കാനും ജാഗ്രത വേണം. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍