'സമാധാനം, മാനവികത' ജമാഅത്തെ ഇസ്‌ലാമി കാമ്പയിന്‍ തുടങ്ങി
ന്യൂദല്‍ഹി: ഹിന്ദു വര്‍ഗീയവാദികളുടെ വാദങ്ങളും ചെയ്തികളും ദേശീയതയായി ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി. ജമാഅത്തെ ഇസ്‌ലാമിയുടെ 'സമാധാനം, മാനവികത' ദേശീയ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ ഭൂരിപക്ഷമാണ് എന്നതുകൊണ്ട് ഹിന്ദു വര്‍ഗീയവാദം രാജ്യത്തിന്റെ ദേശീയതയായി മാറില്ലെന്ന് രാം പുനിയാനി പറഞ്ഞു. എല്ലാവിധ വര്‍ഗീയ വാദങ്ങളും നാടിന് ആപത്താണ്. അത് ചെറുത്തുതോല്‍പിക്കണം. ഗോ രക്ഷയുടെ പേരിലുള്ള കോലാഹലങ്ങള്‍ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ ആയുധമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ധാരാളം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതുമൂലം പൊതുജനങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഒന്നിക്കുകയല്ലെന്നും മറിച്ച്, തങ്ങളുടെ അവകാശങ്ങള്‍ ചോദിക്കുക മാത്രമാണെന്നും ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ജോണ്‍ ദയാല്‍ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ രാജ്യസ്‌നേഹവും ഭൂരിപക്ഷത്തിന്റെ രാജ്യസ്‌നേഹവും തമ്മില്‍ അന്തരമില്ല. എങ്കിലും, സംഘ്പരിവാര്‍ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും രാജ്യസ്‌നേഹം നിരന്തരം ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറിന്റെ ആശയങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയില്‍ സമാധാനവും മാനുഷികതയും അപകടത്തിലാണെന്ന് മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നാവെദ് ഹാമിദ് പറഞ്ഞു. ഹിന്ദുക്കളുടെ മേഖലകളില്‍ മുസ്‌ലിം വീടുകളില്ല, മുസ്‌ലിംകള്‍ കൂടുതലുള്ള ഇടങ്ങളില്‍ ഹിന്ദുക്കളുമില്ല എന്നതാണ് ഉത്തരേന്ത്യയിലെ അവസ്ഥയെന്ന് മഗ്‌സസെ അവാര്‍ഡ് ജേതാവായ ഡോ. സന്ദീപ് പാണ്ഡെ പറഞ്ഞു. ചില ശക്തികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വിവിധ മതവിശ്വാസികളുടെ മനസ്സുകള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരേണ്ടതും പരസ്പര വിശ്വാസം വളര്‍ത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. സമാധാനത്തിനും മാനുഷികതക്കും വേണ്ടി മതവും രാഷ്ട്രീയവും മറന്ന് കൈകോര്‍ക്കാന്‍ നമുക്കു കഴിയണം. അതിനുള്ള ശ്രമമാണ് ദേശീയ കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് രാം പുനിയാനി, സന്ദീപ് പാണ്ഡെ, യുഗല്‍ കിഷോര്‍ ശാസ്ത്രി, ജെ.എസ്. ബന്ദുക്‌വാല എന്നിവരെ സദ്ഭാവനാ പുരസ്‌കാരം നല്‍കി ആദരിച്ചു.
ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജൈനമതവിഭാഗത്തില്‍പെട്ട വിശ്വ അഹിംസാ സംഘത്തിന്റെ രക്ഷാധികാരി കസ്തുര്‍ മുനി, അയോധ്യയില്‍നിന്നുള്ള സന്യാസി യുഗല്‍ കിഷോര്‍ ശാസ്ത്രി, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി, ജനറല്‍ സെക്രട്ടറി എഞ്ചി. മുഹമ്മദ് സലീം തുടങ്ങിയവരും സംസാരിച്ചു.
'സെന്‍സസ് റിപ്പോര്‍ട്ട് ദുരുദ്ദേശ്യപരം'
ന്യൂദല്‍ഹി: ഖാദിയാനികളെ മുസ്‌ലിംകളില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ മുഹമ്മദ് സലീം ആവശ്യപ്പെട്ടു. ദുരുദ്ദേശ്യപ്രേരിതവും തെറ്റിദ്ധാരണകള്‍ക്ക് ഇടം നല്‍കുന്നതുമാണ് ഈ നടപടി. ദുഷ്ടലാക്കോടെയുള്ള ഈ നടപടിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ ഏറെ പ്രതിഷേധാര്‍ഹമാണ്. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ഗുരുതര വീഴ്ചയുമാണ്. തെറ്റ് തിരുത്തി ഖാദിയാനികളെ വേറെ ഗ്രൂപ്പാക്കി കണക്കാക്കുകയും മുസ്‌ലിം എന്ന കാറ്റഗറിയില്‍നിന്ന് ഒഴിവാക്കുകയും വേണം. ബന്ധപ്പെട്ടവര്‍ അതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. പത്തു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്ത്യന്‍ കാനേഷുമാരി പലനിലക്കും ലോകത്തിന് മാതൃകയാണ്. ഇതിലെങ്ങനെ തെറ്റ് കടന്നുകൂടിയെന്ന് ബന്ധപ്പെട്ടവര്‍ അന്വേഷിക്കണം.
1974-ല്‍ പാകിസ്താന്‍ ഖാദിയാനികളെ മുസ്‌ലിംകളില്‍നിന്ന് വേര്‍പ്പെടുത്തി നിയമം കൊണ്ടുവന്നു. ഇത് ലോകമുസ്‌ലിം സംഘടനകളും വിഭാഗങ്ങളും അംഗീകരിച്ചതുമാണ്. അവസാനത്തെ പ്രവാചകന്‍ മുഹമ്മദ് നബിയാണെന്ന് മുസ്‌ലിം ലോകം വിശ്വസിക്കുമ്പോള്‍, 1839-ല്‍ ഖാദിയാനില്‍ ജനിച്ച മിര്‍സാ ഗുലാം അല്ലാഹുവിന്റെ പ്രവാചകനാണെന്ന് വിശ്വസിക്കുന്നവരാണ് ഖാദിയാനികള്‍. മുഹമ്മദ് നബിക്കു ശേഷം ഒരു പ്രവാചകന്‍ വരാനില്ലെന്നത് ഖുര്‍ആന്റെ ഖണ്ഡിത പ്രഖ്യാപനമാണ്. ഇതുതന്നെയാണ് ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ വിശ്വാസവും. ഈ വിശ്വാസത്തിനെതിരെ ആരുവന്നാലും അയാള്‍ മുസ്‌ലിമല്ല. മീര്‍സാ ഗുലാമിനെ നബിയായി അംഗീകരിച്ചവരെ ലോകത്തൊരിടത്തും മുസ്‌ലിംകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
കാനേഷുമാരിയില്‍ തെറ്റായി ചേര്‍ത്ത ഈ കണക്ക് എത്രയും പെട്ടെന്ന് തിരുത്തണമെന്നും അടുത്ത കാനേഷുമാരിയില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.
Comments