വെറുപ്പിന്റെ പേമാരിയില്‍നിന്ന്, കലാപങ്ങളുടെ കൊടുങ്കാറ്റില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക
സ്‌നേഹം കൊണ്ടാണ് സമൂഹങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. അപ്പോഴാണ് അവ ആരോഗ്യകരമായ സമൂഹങ്ങളായി പൂത്തുലയുന്നത്.
സ്‌നേഹത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ മാത്രമേ നല്ല വ്യക്തികള്‍ വളര്‍ന്ന് വികസിക്കുകയുള്ളു. സ്‌നേഹം കൊണ്ട് ആരോഗ്യം കൈവരിച്ച സമൂഹത്തിലേക്കേ ലോകം ആകര്‍ഷിക്കപ്പെടുകയുള്ളൂ.
നാം ഒരു ജനതയാകുന്നത് എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും നിരുപാധികമായ സ്‌നേഹത്തെ നമുക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുമ്പോഴാണ്. രാജ്യസ്‌നേഹമല്ല, സ്‌നേഹത്തിന്റെ രാജ്യമാണ് വേണ്ടത് എന്ന കവിവാക്യം ഓര്‍ത്തുപോവുകയാണ്. കാരണം ഒരു ജനതയെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമായ രാജ്യസ്‌നേഹം പോലും വെറുപ്പിന്റെ ഉപകരണമായി നമുക്കിടയില്‍ ഉപയോഗിക്കപ്പെടുകയാണ്.
വെറുപ്പ് രാജ്യം ഭരിക്കുന്നതിനെ നാം ജാഗ്രതയോടെ കരുതിയിരിക്കണം. അത് ഒരു രാജ്യത്തിന്റെ തകര്‍ച്ചയില്‍ മാത്രമാണ് ചെന്നവസാനിക്കുക. അതുകൊണ്ട് വെറുപ്പിന്റെ എല്ലാ പ്രത്യയശാസ്ത്രങ്ങളെയും വിചാരണചെയ്ത് പുറത്താക്കി മാത്രമേ നമുക്ക് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ.
വൈവിധ്യങ്ങള്‍ വെറുക്കാനുള്ള കാരണങ്ങള്‍ അല്ല. സഹവര്‍ത്തിത്വത്തിനുള്ള നിമിത്തങ്ങളാണ്. എല്ലാ ആശയങ്ങളും മതങ്ങളും മനുഷ്യരാശിയുടെ പൊതുസ്വത്താണ്. അവ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങളാണ് നടക്കേണ്ടത്. വംശീയമായ മേല്‍ക്കോയ്മാ മനോഭാവങ്ങള്‍ മാനവികതയുടെയും ജനാധിപത്യത്തിന്റെയും പൊതു ശത്രുവാണ്. എല്ലാ മനുഷ്യരും ജാതി-മത, വര്‍ഗ-ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ഒരേ ആണിന്റെയും പെണ്ണിന്റെയും സന്തതികളാണ്. ഒരമ്മ പെറ്റ മക്കളുടെ പരമ്പരകള്‍ എന്തിനാണ് പരസ്പരം വെറുക്കാനും കൊന്നൊടുക്കാനും ശ്രമിക്കുന്നത്?
അസഹിഷ്ണുത എന്ന വാക്കില്‍ ലഘൂകരിക്കാനാവാത്ത അശാന്തി രാജ്യത്ത് പെരുകുകയാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് ജീവന്‍ വിലയായി ഒടുക്കേണ്ടിവരുന്നു. ജാതി സമ്പ്രദായം തന്നെ അടിച്ചേല്‍പിച്ച കുലത്തൊഴില്‍ ചെയ്തതിന്റെ പേരില്‍ വളഞ്ഞിട്ട് മാരകമായി ആക്രമിക്കുന്നു. ഇവിടങ്ങളില്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങള്‍ സാമൂഹികവിരുദ്ധ മാധ്യമങ്ങളായി ഉപയോഗിക്കപ്പെടുന്നു.
സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വമിപ്പിക്കുന്ന വ്യജ വീഡിയോകള്‍, പ്രഭാഷണങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ ശരവേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഒരേ വിഭാഗങ്ങള്‍ മാത്രമുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വെറുപ്പിന്റെ ഉല്‍പാദന വിതരണ കേന്ദ്രങ്ങളായിത്തീരുന്നു. വെറുപ്പിന്റെയും മരണത്തിന്റെയും വ്യാപാരികള്‍ വലിയ കലാപങ്ങള്‍ക്ക് പകരം വമ്പിച്ച പ്രഹരശേഷിയുള്ള ചെറിയ ചെറിയ ആക്രമണങ്ങള്‍ വ്യാപകമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാംഭീതിയും ദലിത്‌വിദ്വേഷവും, ദേശവ്യാപകമായ പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ജനതയോടുള്ള വെറുപ്പിന്റെ നഷ്ടം വെറുക്കപ്പെടുന്നവര്‍ക്ക് മാത്രമല്ല. വെറുക്കുന്നവര്‍ക്കു കൂടിയാണ്.
എന്റെ അയല്‍വാസിയായ മുസ്‌ലിം ഏത് നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ സാധ്യതയുണ്ട് എന്ന ബോധത്തില്‍ ജീവിക്കേണ്ടിവരുന്ന മുസ്‌ലിമല്ലാത്ത സഹോദരന്‍ എത്ര നിര്‍ഭാഗ്യവാനാണ്! വെറുക്കുന്നവന്റെ ഭാരവും വെറുക്കപ്പെടുന്നവന്റെ ഭാരവും രാജ്യം പരിഹരിക്കേണ്ട പൊതുവായ ഒരു പ്രശ്‌നമാണ്. സാമ്രാജ്യത്വം വിതച്ച വിത്താണ് വെറുപ്പിന്റെ വൃക്ഷങ്ങളായി രാജ്യത്ത് പടര്‍ന്നു പന്തലിക്കുന്നത്.
എല്ലാ മതസ്ഥരും തമ്മിലുളള സഹവര്‍ത്തിത്വത്തിന്റെ മഹാ പൈതൃകമുള്ള രാജ്യമാണ് നമ്മുടേത്. വെറുപ്പ് തകര്‍ത്തുകളയുന്നത് മത വ്യത്യാസങ്ങള്‍ക്കതീതമായി നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയാണ്. വെറുപ്പിനെതിരായ സമരം നമ്മുടെ ഓരോരുത്തരുടെയും ജീവിത ഗുണനിലവാരത്തെ തിരിച്ചുപിടിക്കാനുള്ള സമരമാണ്. ആരെയെങ്കിലും വെറുക്കാന്‍ വിധിക്കപ്പെടുന്നവര്‍ സ്വന്തം ഉള്ളിലെ ശാന്തിയും സമാധാനവുമാണ് കെടുത്തിക്കളയുന്നത്.
ചരിത്രത്തില്‍ ഇത്തരം ദശകള്‍ മുമ്പും കഴിഞ്ഞുപോയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ പ്ലേഗ് പടര്‍ന്നുപിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ പകര്‍ച്ചവ്യാധിയുടെ ആക്രമണത്തിനുമുമ്പില്‍ യൂറോപ്യന്‍ ജനതയുടെ പകുതിയോളം മരിച്ചൊടുങ്ങി. അപ്പോള്‍ പ്ലേഗിനേക്കാള്‍ വേഗതയില്‍ മറ്റൊരു പകര്‍ച്ചവ്യാധി യൂറോപ്യന്‍ സമൂഹത്തില്‍ പടര്‍ന്നുകയറി. അത് ജൂതവിദ്വേഷമായിരുന്നു. പ്ലേഗിന് കാരണം ജൂതന്മാരാണെന്ന പ്രചാരണം കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിച്ചു. യൂറോപ്പിലെ വംശീയ മത ന്യൂനപക്ഷമായ ജൂതന്മാര്‍ ഭൂരിപക്ഷമായ ക്രൈസ്തവരുടെ കിണറുകളില്‍ ആസൂത്രിതമായി വിഷം കലര്‍ത്തിയതിന്റെ ഫലമായാണത്രെ പ്ലേഗ് പടര്‍ന്നുപിടിച്ചത്.
വെള്ളത്തില്‍ വിഷം കലര്‍ത്തിയാല്‍ പ്ലേഗ് ഉണ്ടാകുമോ എന്ന യുക്തിപരമായ ചോദ്യത്തിന് ആ പ്രചാരണ കൊടുങ്കാറ്റില്‍ ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. ഇതിനാണ് യൂറോപ്യന്‍ ചരിത്രത്തില്‍ ആന്റിസെമിറ്റിസം എന്നു പറയുന്നത്. ആന്റിസെമിറ്റിസമാണ് യൂറോപ്പില്‍ ജൂതകൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും കാരണമായി വര്‍ത്തിച്ചത്. അതിന്റെ ക്ലൈമാക്‌സാണ് ഹിറ്റ്‌ലര്‍ക്ക് ജന്മം നല്‍കിയത്. ഹിറ്റ്‌ലര്‍ക്ക് ശേഷമുള്ള യൂറോപ്പ് ആന്റി സെമിറ്റിസം ഒരു അടിസ്ഥാനവുമില്ലാത്ത അപവാദ പ്രചാരണമായിരുന്നു എന്ന് തിരിച്ചറിഞ്ഞു.
ഇന്ന് യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും ആന്റി സെമിറ്റിസം കുറ്റ കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ആന്റിസെമിറ്റിസത്തിന്റെ തനിയാവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയയുടെ പേരില്‍ ലോകത്തും രാജ്യത്തും അരങ്ങേറുന്നത്. ഒരു യുക്തിയുമില്ലാത്ത പേടിയും വെറുപ്പുമാണ് അതിന്റെ ഉള്ളടക്കം. യുക്തിബോധം നഷ്ടപ്പെടുത്തുന്നതിലൂടെ നമ്മുടെ നിലനില്‍പ്പിനെ തന്നെയാണ് നാം അപകടപ്പെടുത്തുന്നത്. ഓരോ ജനതയും മറ്റൊരു ജനതയോടുള്ള അടുപ്പത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഏറ്റവും ചുരുങ്ങിയത് മനുഷ്യ സഹോദരന്മാരെന്ന ബിന്ദുവിലെങ്കിലും നമുക്ക് ഐക്യപ്പെടാനാവണം.
വിശ്വാസങ്ങളും സംസ്‌കാരങ്ങളും ആരും ആരുടെ മേലും അടിച്ചേല്‍പ്പിക്കേണ്ടവയല്ല; ദേശത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ടേ ആദര്‍ശങ്ങള്‍ക്ക് ആരോഗ്യകരമായി വളരാന്‍ കഴിയുകയുള്ളൂ. അടിച്ചേല്‍പ്പിക്കപ്പെടുന്നവ ഒരു ഘട്ടത്തില്‍ വിജയിച്ചാലും മറ്റൊരു ഘട്ടത്തില്‍ തിരോഭവിക്കും.
ഭരണഘടനയും നിയമവാഴ്ചയുമാണ് നമ്മുടെ രാജ്യത്തെ ഒരു ജനാധിപത്യ രാജ്യമാക്കിത്തീര്‍ക്കുന്നത്. നിയമവാഴ്ചയിലൂടെ മാത്രമേ രാജ്യം നിലനില്‍ക്കുകയുള്ളൂ. ആരും നിയമം കൈയിലെടുക്കുന്നില്ലെന്ന് എല്ലാവരും ചേര്‍ന്ന് ഉറപ്പുവരുത്തണം. നിയമപാലനത്തിന്റെ ഒരു സംസ്‌കാരം രാജ്യത്തിന്റെ അടിത്തട്ടിലടക്കം ശക്തിപ്പെടണം. നിയമലംഘനങ്ങള്‍ക്കെതിരെ നമ്മളെല്ലാവരും കണ്ണിലെണ്ണയൊഴിച്ച് കരുതിയിരിക്കണം.
നിയമപാലകരുടെയും ഭരണകര്‍ത്താക്കളുടെയും നിയമലംഘനങ്ങളെ തിരുത്തിക്കാനുള്ള ശക്തി ഒരു ജനതയെന്ന നിലക്കുതന്നെ നാം സംഭരിക്കണം. നിയമ വാഴ്ച തകര്‍ന്ന ഒരു രാജ്യത്തേക്ക് ഒരു വിദേശ നിക്ഷേപകനും കടന്നുവരില്ല. സ്വദേശി നിക്ഷേപകര്‍പോലും പുതിയ ലാവണങ്ങള്‍ തേടി പറക്കുകയാണ് ചെയ്യുക. നിയമവാഴ്ചയാണ് വികസനത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യം.
നിഷ്‌കൃഷ്ടമായ നീതി ഉറപ്പുവരുത്തുമ്പോള്‍ മാത്രമേ നിയമവാഴ്ച ഉണ്ടായിത്തീരുകയുള്ളൂ. നീതി ഇല്ലാത്തിടത്ത് നിയമവാഴ്ചക്ക് ജീവിച്ചിരിക്കാനാവില്ല. വെറുപ്പിനെയും ആക്രമണങ്ങളെയും കലാപങ്ങളെയും പ്രതിരോധിക്കാന്‍ ദേശീയതലത്തിലോ സംസ്ഥാന തലത്തിലോ നടത്തുന്ന ശ്രമങ്ങള്‍കൊണ്ട് മാത്രം സാധിക്കുകയില്ല. ഓരോ ഗ്രാമത്തിലും നഗരത്തിലും അതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഉയര്‍ന്നുവരണം. വിദ്വേഷ പ്രചാരണത്തിനുള്ള ആരുടെ ഏതു ശ്രമത്തെയും തുടക്കത്തില്‍തന്നെ കണ്ടെത്തി ഉറവിടത്തില്‍ വെച്ചു തന്നെ ഇല്ലാതാക്കാനാവണം.
അതിന് ഓരോ പ്രദേശത്തും നീതിതല്‍പരരുടെയും നന്മേഛുക്കളുടെയും കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം. അവര്‍ കണ്ണിലെണ്ണയൊഴിച്ച് സമൂഹശരീരത്തിന്റെ ആരോഗ്യത്തിന് കാവലിരിക്കണം. ഇത്തരമൊരു ശ്രമത്തിനുള്ള ആഹ്വാനവും മുന്‍കൈയുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ 'സമാധാനം, മാനവികത' ദേശീയ കാമ്പയിന്‍.
ലോകത്തെ ഏതാണ്ടെല്ലാ മതസ്ഥരും മനുഷ്യ വംശങ്ങളും നൂറുകണക്കിന് ഭാഷകളും ഗോത്ര പ്രദേശ വൈവിധ്യങ്ങളുമുള്ള നമ്മുടെ രാജ്യത്തെ വെറുപ്പിന്റെ വെള്ളപ്പൊക്കത്തില്‍നിന്ന്, അതിക്രമങ്ങളുടെ പേമാരിയില്‍നിന്ന്, കലാപങ്ങളുടെ കൊടുങ്കാറ്റില്‍നിന്ന് നന്മേഛുക്കളുടെ പ്രതിരോധനിര പടുത്തുയര്‍ത്തി നാം രക്ഷിച്ചെടുത്തേ മതിയാകൂ.
Comments