സ്വപ്നങ്ങള്‍
അപര്‍ണ ഉണ്ണികൃഷ്ണ
വിലങ്ങിട്ട വാക്കുകള്‍ക്കു മീതെ
'തിര'പ്പെയ്ത്തിലും
തീര്‍ന്നു പോകാത്ത
സ്വപ്നങ്ങള്‍ കണ്ടവരേ...
ചുറ്റും മുഴങ്ങിക്കേട്ട
വിലാപങ്ങള്‍ക്കു നേരെ
കാതടയ്ക്കാത്തവര്‍ക്ക്
'ജീവിതം പരിധിക്കപ്പുറം,
ഞങ്ങള്‍ ജീവിക്കുന്നു'
എന്ന് നിശ്വസിച്ച്
കണ്ണടക്കേണ്ടിവരുന്നത്
എന്തുകൊണ്ടെന്നടയാളപ്പെടുത്താത്ത
ചരിത്രപാഠവും,
പിറവി നിഷേധിക്കപ്പെട്ട വിത്തിന്റെയും,
മൊട്ടായ് ഒടുങ്ങിയ പൂവിന്റെയും
ജൈവ പാഠവും
ആയുധ വികിരണങ്ങളുടെ
ഭൗതിക പാഠവും ഭാരമേറ്റിയ ബാഗുകള്‍
മണ്ണില്‍ തൊടാത്ത ബാല്യപാദങ്ങളെ
നെടുതായി നോവിക്കുമ്പോള്‍,
അവര്‍ക്കന്യമായത്
പുഴയുടെ കനിവോ,
മഴയുടെ തണുവോ
കാടിന്റെ തണലോ
മാത്രമായിരുന്നില്ല...
നിങ്ങളുടെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു.
Comments