Prabodhanm Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

സാഹോദര്യത്തെക്കുറിച്ച് ഉറക്കെ പറയുക, പ്രയോഗത്തില്‍ വരുത്തുക

എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)

രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം അതിവേഗം കലുഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നമുക്കതൊരു    അശുഭകരമായ ഭാവിയെ കുറിച്ച ആശങ്ക മാത്രമായിരുന്നു. ഇന്നത് യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്നു. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും ന്യൂനപക്ഷ വിരുദ്ധതയും മൂലധനമായി സ്വീകരിച്ച് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രഥം തെളിച്ചവര്‍ ആ കാലുഷ്യത്തെ ആളിക്കത്തിക്കുകയാണിപ്പോള്‍. ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചുകൊന്നതും ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ഗുജറാത്തില്‍ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതും വര്‍ഗീയതക്കെതിരെ നിലപാടെടുക്കുന്ന  ബുദ്ധിജീവികളെ ഇല്ലായ്മ ചെയ്യുന്നതും നിശ്ശബ്ദരാക്കുന്നതും സമൂഹത്തെ ഗ്രസിച്ച മഹാരോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അധികാരത്തിലിരിക്കുന്നവരുടെ വായില്‍നിന്ന് വിഷം ചീറ്റുന്ന പ്രഭാഷണങ്ങള്‍ നിര്‍ബാധം കുത്തിയൊലിക്കുന്നു. അതുകേട്ട് ആവേശംകൊണ്ട് നിയമത്തെ വെല്ലുവിളിക്കുന്ന ചെറുതും വലുതുമായ കാപാലിക സംഘങ്ങള്‍ രാജ്യമൊട്ടുക്കും അഴിഞ്ഞാടുന്നു. ന്യൂനപക്ഷങ്ങളും മറ്റു അധഃസ്ഥിത വിഭാഗങ്ങളും പേടിയോടെ കഴിഞ്ഞുകൂടേണ്ട രാപ്പകലുകളിലേക്കാണ് രാജ്യം നീങ്ങുന്നത്.

പ്രത്യക്ഷത്തില്‍, മേല്‍ സൂചിപ്പിച്ച ദേശീയ സാഹചര്യത്തില്‍നിന്ന് ഏറെ ഭിന്നമാണ് കേരളത്തിന്റെ അവസ്ഥ. എന്നാല്‍ തൃണമൂല തലത്തില്‍ വര്‍ഗീയവും സാമുദായികവുമായ ധ്രുവീകരണം ചടുലമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇതിന്റെ മികച്ച ദൃഷ്ടാന്തമാണ്. വര്‍ധിത വീര്യമാണ്  ശിഥിലീകരണ ശക്തികള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. കേരളം തീര്‍ത്ത മതനിരപേക്ഷതയുടെ വന്‍മതില്‍ ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. ദേശീയ-പ്രാദേശിക സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അടിസ്ഥാന മൂല്യങ്ങള്‍ പോലും പാലിക്കാത്ത മാധ്യമങ്ങളാവട്ടെ, സാമൂഹിക സഹവര്‍ത്തിത്വത്തിനുമേല്‍ ഇത്തിക്കണ്ണികളായി സ്വയം അവരോധിക്കുകയാണ്.

അതായത്, സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഒരു വശത്തും ഛിദ്രശക്തികള്‍ മറുവശത്തും നിലയുറപ്പിച്ച അത്യന്തം സന്ദിഗ്ധമായ സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി 'സമാധാനം, മാനവികത' എന്ന തലക്കെട്ടില്‍ ദേശീയാടിസ്ഥാനത്തില്‍ ഒരു കാമ്പയിന് രൂപം നല്‍കിയിരിക്കുന്നത്. ആദര്‍ശപരവും ചരിത്രപരവുമായ ഒരു കടമയാണിത്.

ഒട്ടേറെ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. വര്‍ണവും വര്‍ഗവും ജാതിയും മതവും പരിഗണിക്കാതെ മുഴുവന്‍ മനുഷ്യര്‍ക്കും ആദരവും അവകാശങ്ങളും വകവെച്ചുനല്‍കാന്‍ നമുക്കറിയാം. ഇത്രയേറെ ബഹുസ്വത്വങ്ങള്‍ സഹജീവിക്കുന്നുവെന്നത് മഹാത്ഭുതമാണ്. രാജ്യത്തിന്റെ ഈ ശക്തിയില്‍ നമുക്ക് വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. രാജ്യത്തിന്റെ ഈ അഭിമാനമുദ്രക്കു മേല്‍ കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമങ്ങളെ നാം ചെറുക്കുക തന്നെ വേണം. ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുത്തും മാത്രമേ നമുക്കിത് സാധ്യമാവൂ. അന്യനെ അറിയലും അടുക്കലും തന്നെയാണ് വഴി. നന്മ നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നമ്മുടെ ഗ്രാമാന്തരങ്ങളില്‍ നട്ടുവളര്‍ത്തിയെടുത്തേ പറ്റൂ. ഈ സ്വഭാവത്തിലാണ് കാമ്പയിന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

പ്രഭാഷണ പ്രഘോഷണങ്ങളും വന്‍ ജനക്കൂട്ടവും കാമ്പയിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി, പ്രാദേശിക തലങ്ങളില്‍ നന്മയുടെ നനവുള്ള കൂട്ടായ്മകള്‍ രൂപപ്പെടുത്തണം. അവ ആ നാട്ടിലെ സ്ഥിരം ജാഗ്രതാ സമിതികളായിരിക്കണം. ഗ്രാമാന്തരങ്ങളില്‍ രൂപപ്പെടാവുന്ന ചെറു തീപ്പൊരികളെ പോലും തെളിനീരൊഴുക്കി അണച്ചുകളയാന്‍ കരുത്താര്‍ജിക്കണം ഈ പ്രാദേശിക കൂട്ടായ്മകള്‍. നഗരങ്ങളിലും ഇത്തരം സൗഹൃദ കൂട്ടായ്മകള്‍ ഉണ്ടാവട്ടെ. കാമ്പയിന്‍ സന്ദേശം വീടുവീടാന്തരം കയറിയിറങ്ങി പകര്‍ന്നുനല്‍കുക. ബലിപെരുന്നാളും ഓണവും കാമ്പയിന്‍ കാലയളവിലാണ്. മനുഷ്യബന്ധങ്ങളെ ബലപ്പെടുത്തുന്നതോടൊപ്പം നല്ല കാലത്തെയും സമൂഹത്തെയും കുറിച്ച നിറഞ്ഞ സ്വപ്നങ്ങള്‍ ഓണവും പെരുന്നാളും പങ്കുവെക്കുന്നുണ്ട്. വ്യാപകമായി സൗഹാര്‍ദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഘോഷ കാലയളവുകള്‍ വിനിയോഗിക്കുക. സാഹോദര്യത്തിന്റെ ഊഷ്മളതയില്‍ കോര്‍ത്തെടുത്ത സുരക്ഷയെ കളങ്കപ്പെടുത്താന്‍ തിന്മയുടെ വൈതാളികര്‍ക്കാവില്ല, അവര്‍ അധികാരത്തിന്റെ അരമനകള്‍ വാഴുന്നവരായാലും നാട്ടുവഴികളില്‍ പതിയിരിക്കുന്നവരായാലും.

ഇസ്‌ലാമിക പ്രസ്ഥാനത്തോളം സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി നിലക്കൊണ്ട മറ്റൊരു സംഘം ഇന്ത്യയിലില്ല. വിഭജനാനന്തരം ഉത്തരേന്ത്യയില്‍ പടര്‍ന്നുപിടിച്ച വര്‍ഗീയ കലാപങ്ങളുടെ ഇരകള്‍ക്കൊപ്പമായിരുന്നു ഇസ്‌ലാമിക പ്രസ്ഥാനം. മതഭേദമന്യേ അവര്‍ക്ക് അഭയം നല്‍കാനും സാന്ത്വനമേകാനും പ്രസ്ഥാനം മുന്നിലുണ്ടായിരുന്നു. മതമൈത്രിയും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ ദേശീയ തലത്തില്‍ ഒന്നിലധികം പൊതുവേദികള്‍ക്ക് രൂപം നല്‍കുകയുമുണ്ടായി. 

ഇവിടെയൊക്കെയും മാനവികമായ കാഴ്ചപ്പാടാണ് ഇസ്‌ലാമിക പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ചത്. മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യ ബന്ധത്തില്‍ ഊന്നിനിന്ന്, രാജ്യത്തെ നിയമവാഴ്ചയുടെ സാധ്യതയെ ഉപയോഗപ്പെടുത്തി സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചത്. ധ്രുവീകരണ യത്‌നങ്ങളെ പ്രതിരോധിക്കാന്‍ സാമുദായിക അതിവാദങ്ങളോ പ്രതിവര്‍ഗീയതയോ പരിഹാരമല്ല. അത്തരം ശ്രമങ്ങള്‍ തല്‍പരകക്ഷികളുടെ ഗൂഢതന്ത്രങ്ങളെ ശക്തിപ്പെടുത്തും. നിയമ വാഴ്ചയെ മാനിക്കുന്ന പുനര്‍നിര്‍മാണ ശ്രമങ്ങളേ ലക്ഷ്യം കാണൂ. മതനിരപേക്ഷ ശക്തികളുടെ ഒന്നിച്ചുള്ള ശ്രമങ്ങളും രാജ്യത്തിന്റെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും അനിവാര്യമാണ്.

സൗഹൃദം കാത്തുസൂക്ഷിക്കുന്ന യത്‌നത്തില്‍ മുന്നില്‍ നടക്കാന്‍ കാമ്പയിന്‍ വഴി ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മരംഗത്തിറങ്ങുക. നാടിന് സുരക്ഷിതത്വത്തിന്റെ മേലാപ്പ് പണിയാന്‍, അതിന്റെ തൂണുകളാവാന്‍ സാധിക്കുമെങ്കില്‍ അതില്‍പരം ഭാഗ്യമെന്തുണ്ട്! 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍