സമാധാനത്തിന്, മാനവികതക്ക് ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്‍
ഇന്ത്യന്‍ സമൂഹം ബഹുസ്വരമാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തിന് തുല്യതകളില്ല. ഈ വ്യതിരിക്തത നിലനില്‍ക്കെത്തന്നെ രാജ്യനിവാസികള്‍ കാലങ്ങളായി ഒത്തൊരുമയോടെ ജീവിക്കുന്നു എന്നത് ആരിലും വിസ്മയമുണര്‍ത്തും. വ്യത്യസ്ത ജാതികളിലും മതങ്ങളിലും പെട്ടവര്‍ ഒരേ ഗ്രാമത്തില്‍ ഒരുമിച്ചു ജീവിക്കുന്നു. അവരുടെ സാമൂഹിക-സാമ്പത്തിക ജീവിതം പരസ്പരാശ്രിതമാണ്. അവര്‍ തങ്ങളുടെ ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവെക്കുകയും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഒരുമിച്ചു നേരിടുകയും പരിഹരിക്കുകയും ചെയ്യുന്നു. അതിനു കാരണം വര്‍ഗ ഭാഷാ മതഭേദമന്യേ അവരെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ചരട് മനുഷ്യത്വത്തിന്റേതാണ് എന്നതാണ്. ഫാഷിസ്റ്റ് ശക്തികള്‍ വര്‍ഗീയഭ്രാന്ത് അഴിച്ചുവിടുമ്പോള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇതര സമുദായത്തില്‍പെട്ടവരുടെ ജീവന്‍ സംരക്ഷിക്കുന്ന കാഴ്ചകള്‍ ഈ ബന്ധത്തിന്റെ ആഴവും ഊഷ്മളതയും വിളിച്ചോതുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെട്ടവരെ പിന്തുണക്കുക മാത്രമല്ല, നിയമപരമായും രാഷ്ട്രീയമായും അവര്‍ക്കു വേണ്ടി പൊരുതുകയും ചെയ്യുന്ന അത്തരക്കാരെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍, സാഹചര്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും കുഴമറിച്ചിലുകളും മനുഷ്യത്വത്തിനു വേണ്ടി പൊരുതുന്ന ഇത്തരം നല്ല വ്യക്തികളെയും കൂട്ടായ്മകളെയും പിന്തിരിപ്പിക്കുകയോ മരവിപ്പിച്ചു നിര്‍ത്തുകയോ ചെയ്‌തേക്കുമെന്ന ആശങ്ക ഒട്ടും അസ്ഥാനത്തല്ല.
വ്യാപകമായ വര്‍ഗീയ ലഹളകള്‍ ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്തുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഹ്രസ്വ ഇടവേളകളില്‍ തീവ്രത കുറഞ്ഞ ആക്രമണങ്ങള്‍ എന്ന തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. അധഃസ്ഥിത, പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ എവിടെയും ആക്ഷേപിക്കപ്പെടുന്നു. ജനക്കൂട്ടം നിയമം കൈയിലെടുക്കുന്ന സംഭവങ്ങള്‍ക്ക് ദിനേനയെന്നോണം നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ഇവയെ ഒറ്റപ്പെട്ട സംഭവങ്ങളായോ, പകരത്തിനു പകരമായോ പകവീട്ടലുകളായോ കാണുക സാധ്യമല്ല. ഇതിനു മുമ്പും നമ്മുടെ രാജ്യത്ത് ധാരാളം കലഹങ്ങളും ലഹളകളുമുണ്ടായിട്ടുണ്ട്. സമാധാനം വീണ്ടെടുത്ത ശേഷം ജനങ്ങള്‍ പിന്നീടും അവിടങ്ങളില്‍ ഒരുമയോടെ ജീവിച്ചുപോന്നിരുന്നു. കലഹങ്ങള്‍ക്ക് കാരണം പ്രാദേശികമായ കുടിപ്പകയും മറ്റുമായിരുന്നു. സമാധാനം പുനഃസ്ഥാപിച്ചുകഴിഞ്ഞാല്‍ അവര്‍ പകയും വിദ്വേഷവും മറന്ന് ഒരുമിച്ചു ജീവിക്കുമായിരുന്നു. എന്നാല്‍ ഇന്ന് കൃത്യമായ അജണ്ടകള്‍ തയാറാക്കി, കള്ളങ്ങള്‍ കെട്ടിച്ചമച്ച് ജനങ്ങളെ നിത്യ ശത്രുക്കളാക്കി ഭിന്നിപ്പിക്കുകയാണ്. സംഘര്‍ഷം ഒറ്റപ്പെട്ടതോ താല്‍ക്കാലികമോ അല്ലെന്ന സത്യം നാം തിരിച്ചറിയണം. രാഷ്ട്രീയപരവും ചരിത്രപരവും സൈദ്ധാന്തികവുമായ വിവാദ വിഷയങ്ങള്‍ കുത്തിപ്പൊക്കി അതിന്റെ ആഘാതവും ധ്രുവീകരണവും നീണ്ട കാലം നിലനില്‍ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇക്കാരണത്താലാണ് പീഡിതരെയും പലായനം ചെയ്യേണ്ടിവന്നവരെയും കലഹങ്ങള്‍ അവസാനിച്ചു മാസങ്ങള്‍ക്കു ശേഷവും സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തത്. ഫാഷിസ്റ്റ് ശക്തികളുടെ യഥാര്‍ഥ ലക്ഷ്യം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അവര്‍ക്കിടയിലുള്ള സാഹോദര്യവും കൂട്ടായ്മയും തകര്‍ക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയ അധികാരം നേടിയത് ഭിന്നിപ്പിന്റെ അജണ്ട നടപ്പിലാക്കാനാണ്.
മീഡിയയുടെ ചുമതല സാമൂഹികഘടനയെ ശക്തിപ്പെടുത്തലും, കുറ്റവാളികളുടെയും സാമൂഹികവിരുദ്ധരുടെയും തനിനിറം പുറത്തുകൊണ്ടുവരലുമാണെങ്കിലും ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് മറ്റൊന്നാണ്. മീഡിയയിലെ ഒരു വിഭാഗം മനഃപൂര്‍വം വര്‍ഗീയ വികാരങ്ങളും മത വിഭാഗീയതയും ഉത്തേജിപ്പിക്കുകയും പ്രകോപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശാന്തിയും ഐക്യവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ അപമാനിച്ചുവിടുന്നു. പോലീസോ നിയമപാലന സംവിധാനങ്ങളോ ഇതില്‍നിന്ന് മുക്തമല്ല. അതിനാല്‍ നിയമത്തെ രക്ഷിക്കുന്നതിനു പകരം അവര്‍ വര്‍ഗീയ - സാമൂഹികവിരുദ്ധ ശക്തികളുടെ സംരക്ഷകരായി മാറുന്നു. ചില പ്രത്യേക സമുദായക്കാര്‍ക്കെതിരെ നടക്കുന്ന കിരാതമായ അക്രമങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നു.
നമുക്കേറെ പ്രതീക്ഷയും പ്രത്യാശയും നല്‍കുന്നത്, നമ്മുടെ രാജ്യത്തെ മഹാ ഭൂരിപക്ഷം പൗരന്മാരും ശാന്തിയും സമാധാനവും കൊതിക്കുന്നവരും സഹിഷ്ണുതയുള്ളവരും നീതിയെ പിന്തുണക്കുന്നവരുമാണ് എന്നതാണ്. ഇന്ന് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ദിശയെ ഒരിക്കലും ശരിവെക്കുന്നവരോ അംഗീകരിക്കുന്നവരോ അല്ല അവര്‍. എന്നാല്‍ അവര്‍ അസംഘടിതരാണ്. നിശ്ശബ്ദരും നിഷ്‌ക്രിയരുമാണ്. തങ്ങളുടെ വികാര വിചാരങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ അവര്‍ മടിക്കുന്നു. എന്നാല്‍, കലുഷമായ ഈ സ്ഥിതിവിശേഷം മാറിവരണമെന്ന് അവര്‍ക്ക് അതിയായ ആഗ്രഹവുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമി എല്ലാ കാലത്തും സമുദായ സൗഹാര്‍ദം, സഹിഷ്ണുത, മാനവികത തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അവക്കു വേണ്ടി പ്രചാരണം നടത്തുകയും ചെയ്ത പ്രസ്ഥാനമാണ്. ഈ മൂല്യങ്ങളെ അര്‍ബുദം കണക്കെ കാര്‍ന്നുതിന്നുന്ന സാമുദായിക ധ്രുവീകരണം, അസഹിഷ്ണുത തുടങ്ങിയ തിന്മകളെ രാജ്യത്തു നിന്ന് തുടച്ചുനീക്കാന്‍ പ്രതിജ്ഞാബദ്ധവുമാണ്. ഇന്നത്തെ ഭയാനകമായ സ്ഥിതിവിശേഷത്തെക്കുറിച്ച് രാജ്യനിവാസികളെ ബോധവത്കരിക്കാന്‍ 'സമാധാനം, മാനവികത' എന്ന സന്ദേശവുമായി പീസ് & ഹ്യുമാനിറ്റി കാമ്പയിന്‍ രാജ്യമൊട്ടാകെ ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെ സംഘടിപ്പിക്കുകയാണ്. കേരളത്തില്‍ സെപ്റ്റബര്‍ ഒന്ന് മുതല്‍ 15 വരെയാണ് കാമ്പയിന്‍ നടക്കുക. കാമ്പയിന്റെ ലക്ഷ്യം സമൂഹത്തില്‍ സുദൃഢവും നിര്‍മാണാത്മകവുമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ്. രാഷ്ട്ര മനസ്സാക്ഷിയെ ഉണര്‍ത്തുന്നതോടൊപ്പം, വര്‍ഗീയവും ജാതീയവുമായ ഭീഷണികളെ ചെറുക്കാന്‍ പ്രാദേശിക വാര്‍ഡ് തലം മുതല്‍ നഗര, മഹല്ല്, പഞ്ചായത്ത് തലങ്ങളില്‍ വരെ സ്ഥിര സ്വഭാവമുള്ള സാമൂഹിക കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടരണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒത്തൊരുമയോടെയുള്ള ഇത്തരം ക്രിയാത്മക നീക്കങ്ങള്‍ ആസൂത്രിതമായി നടത്താനായാല്‍ 130 കോടി വരുന്ന ഇന്ത്യക്കാര്‍ പുരോഗതിയുടെയും സമൃദ്ധിയുടെയും ശാന്തിയുടെയും മാനവികതയുടെയും പക്ഷത്ത് നില്‍ക്കും എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ല.
കാമ്പയിന്‍ ഫലപ്രദവും വിജയപ്രദവുമാക്കുന്നതിന് പ്രസ്ഥാനപ്രവര്‍ത്തകരായ എല്ലാ സഹോദരങ്ങളും ഊര്‍ജ്വസ്വലരായി രംഗത്തിറങ്ങണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.
കേരള പരിപാടികള്‍
കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 2016 സെപ്റ്റംബര്‍ ഒന്നിന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി തിരുവനന്തപുരത്ത് നിര്‍വഹിക്കും.
മലപ്പുറത്ത് സെപ്റ്റബര്‍ 9-ന് 'മലബാറിന്റെ സൗഹൃദ പാരമ്പര്യം' സെമിനാര്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. 'സാഹോദര്യമാണ് സുരക്ഷ' എന്ന തലക്കെട്ടില്‍ ടേബ്ിള്‍ ടോക്ക് സെ
പ്റ്റംബര്‍ 4-നു കാസര്‍കോട്ട് നടക്കും. രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ ഇതില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 10-ന് എറണാകുളം പറവൂരില്‍ സഹോദര്യ സമ്മേളനം നടത്തും. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരെ അണിനിരത്തി സെപ്റ്റംബര്‍ 15-ന് സിമ്പോസിയം സംഘടിപ്പിക്കും.
മതസൗഹാര്‍ദം പ്രമേയമാക്കി ലേഖനങ്ങളും ഡോക്യുമെന്ററികളും തയാറാക്കിയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. മതസൗഹാര്‍ദത്തിന്റെ നസുദീര്‍ഘ പാരമ്പര്യമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികള്‍ നടത്തും. നഗരങ്ങളും ഏരിയകളും കേന്ദ്രീകരിച്ച് 500 സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഓണം- ബലിപെരുന്നാള്‍ ആഘോഷവേളയില്‍ ഓണകിറ്റ് വിതരണവും സൗഹൃദ ഈദ്-ഓണം മീറ്റുകളും സംഘടിപ്പിക്കും.
(കാമ്പയിന്‍ ജനറല്‍ കണ്‍വീനറാണ് ലേഖകന്‍)
Comments