ഭാരം പേറുന്ന നിഷേധിയാകാതെ ഭാഗ്യം നേടുന്ന വിശ്വാസിയാവുക
''ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കുക'' (അല്‍ബഖറ 21). ആരാധന മഹത്തായൊരു കച്ചവടവും ഉദാത്തമായ സൗഭാഗ്യവുമാണെന്നറിയാന്‍ താങ്കള്‍ക്കുദ്ദേശ്യമുണ്ടെങ്കില്‍ അതുപോലെ ധിക്കാരവും ഭോഷത്തവും വന്‍നഷ്ടവും പുലരാനിരിക്കുന്ന ഒരു വിനാശവുമാണെന്നറിയാന്‍ താങ്കള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഈയൊരാഖ്യാനം കേള്‍ക്കൂ.
ഒരിക്കല്‍ രണ്ട് പടയാളികള്‍ വിദൂരതയിലുള്ളൊരു പട്ടണം കാണാന്‍ പുറപ്പെട്ടു. ഒന്നിച്ചു യാത്ര ചെയ്ത അവര്‍ ഇരുവരും ഒടുവില്‍ ഒരു വഴിത്തിരിവിലെത്തി. അവിടെ കണ്ട മറ്റൊരാള്‍ രണ്ടു പേരോടുമായി പറഞ്ഞു: ''ദാ, ഇതു വലത്തോട്ടുള്ള വഴി. പ്രയാസരഹിതമായ വഴിയാണിത്. ഈ വഴിക്കു പോകുന്ന യാത്രക്കാരില്‍ പത്തില്‍ ഒമ്പതു പേരും അങ്ങേയറ്റം സംതൃപ്തിയും സ്വാസ്ഥ്യവും സന്തോഷവും അനുഭവിക്കും. ദാ അത് ഇടത്തോട്ടുള്ള വഴി. ഇതിലൂടെ പോകുന്ന പത്തില്‍ ഒമ്പത് പേര്‍ക്കും ഒരുപകാരവും കിട്ടാറില്ല. ഉപദ്രവം മാത്രം. ഇരു വഴികളുടെയും ദൈര്‍ഘ്യം ഏതാണ്ട് തുല്യം. ഇടത്തോട്ട് സഞ്ചരിക്കുന്നവന്‍ ആയുധ സഞ്ചിയോ ഭക്ഷണ ബാഗോ കൂടെ കരുതാറില്ല. ട്രാഫിക്കുമായി ബന്ധപ്പെട്ട ഭരണകൂട നിയമമൊന്നും അയാള്‍ക്ക് ബാധകവുമല്ല. കൈവശം ലഗേജില്ലാത്തതുകൊണ്ട് യാത്ര സരളവും സുഖകരവുമായിരിക്കുമെന്നാണ് അയാള്‍ കരുതുന്നത്. വലത്തോട്ടു പോകുന്നവനാകട്ടെ പട്ടാള ചിട്ടയെന്നോണം ചുരുങ്ങിയത് ഭക്ഷണമടങ്ങിയ ഒരു സഞ്ചിയും ആയുധമടങ്ങിയ ഒരു ബാഗും ചുമക്കാന്‍ നിര്‍ബന്ധിതനാണ്. ശത്രുവിനെ കീഴ്‌പ്പെടുത്തണമെങ്കില്‍ ആയുധമാവശ്യമാണല്ലോ.''
മൂന്നാമന്റെ സംസാരം ഇരു സൈനികരും ശ്രദ്ധിച്ചു കേട്ടു. അവരിലെ സൗഭാഗ്യവാന്‍ തെരഞ്ഞെടുത്തത് വലത്തോട്ടുള്ള വഴിയാണ്. ഭാരമേറിയ ഭക്ഷണ സഞ്ചിയും ആയുധപ്പൊതിയും ചുമന്ന് അയാള്‍ നടന്നു. പക്ഷേ അയാളുടെ ഹൃദയവും ആത്മാവും തികച്ചും ഭയരഹിതവും ഭാരരഹിതവുമായിരുന്നു.
ദൗര്‍ഭാഗ്യവാനായ സൈനികന്‍ തെരഞ്ഞെടുത്ത വഴി ഇടത്തോട്ടുള്ളതായിരുന്നു. കൈവശം ലഗേജൊന്നുമില്ലായിരുന്നെങ്കിലും നിരവധി ജീവിതഭാരങ്ങള്‍ അയാള്‍ പേറുന്നുണ്ടായിരുന്നു. അന്തമില്ലാത്ത ഭയാശങ്കകള്‍ക്കു കീഴില്‍ അയാളുടെ ആത്മാവ് ഞെരുങ്ങി. എല്ലാവരെയും ഭയന്നും എല്ലാറ്റിനെയും പേടിച്ചും മുന്നോട്ടുപോയ അയാള്‍ ഒടുവില്‍ എത്തേണ്ടിടത്ത് എത്തി. സ്വന്തം അപചയത്തിന്റെ പരിണതി അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മനസ്സേ, മുന്‍ചൊന്ന യാത്രക്കാരില്‍ ഒരാള്‍ പ്രാപഞ്ചിക നിയമം അനുസരിക്കുന്ന വിശ്വാസിയും അപരന്‍ തന്നിഷ്ടത്തിന്റെ പിറകെ നടക്കുന്ന ധിക്കാരിയുമാണ്. ഒന്നാമന്‍ സഞ്ചരിച്ച വഴി ആത്മാക്കളുടെ ലോകത്തുനിന്ന് ഉത്ഭവിച്ച് 'ഖബ്‌റി'ലൂടെ കടന്ന് 'പാരത്രികലോക'ത്ത് ചെന്നവസാനിക്കുന്ന ജീവിതത്തിന്റെ വഴിയാണ്. അയാളുടെ കൈവശമുണ്ടായിരുന്നത് 'ആരാധന'യുടെയും 'സൂക്ഷ്മത'യുടെയും ലഗേജും സഞ്ചിയുമാണ്. ആരാധനക്ക് എപ്പോഴെല്ലാമാണോ ബാഹ്യമായ പ്രയാസമനുഭവപ്പെടുന്നത് അപ്പോഴെല്ലാം ആന്തരികമായി അയാള്‍ അവര്‍ണനീയമായ ഒരുതരം സൗഖ്യവും അനുഭൂതിയും അനുഭവിക്കുന്നുണ്ട്.
ആരാധനയിലുടനീളം ഒരു വിശ്വാസി ഉരുവിടുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മന്ത്രം അല്ലാഹു അല്ലാതെ ഒരു സ്രഷ്ട്രാവുമില്ല, ഒരു അന്നദാതാവുമില്ല എന്ന സത്യപ്രഖ്യാപനമാണ്. ഉപകാര-ഉപദ്രവങ്ങളുടെ കടിഞ്ഞാണ്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്. സോദ്ദേശ്യം മാത്രം പ്രവര്‍ത്തിക്കുന്ന യുക്തിമാനും വിശാല നന്മയുടെ വിളനിലവുമാണ് ദയാപരനായ അല്ലാഹു.
പറയുന്നതെന്തോ അതില്‍ അടിയുറച്ചുനില്‍ക്കുന്നവനാണ് വിശ്വാസി. ദൈവിക കാരുണ്യത്തിന്റെ ഖജനാവുകളിലേക്ക് തുറക്കുന്ന വാതായനങ്ങള്‍ സമസ്ത കാര്യങ്ങളിലും വിശ്വാസി ദര്‍ശിക്കുന്നു. പ്രാര്‍ഥനയോടെ ആ വാതിലുകളില്‍ അവന്‍ മുട്ടിവിളിക്കുന്നു. സര്‍വവും തന്റെ നാഥന്റെ കല്‍പനക്ക് വിധേയമാണെന്ന് അവന് ബോധ്യമുണ്ട്. അതിനാല്‍ വിനയാന്വിതനായിട്ടാണ് അല്ലാഹുവിനോട് അയാള്‍ അഭയം തേടുന്നത്. ഭവ്യതയോടെ എല്ലാം ഭരമേല്‍പിച്ചുകൊണ്ടാണ് അല്ലാഹുവിനോടയാള്‍ ശരണമര്‍ഥിക്കുന്നത്.
സമസ്ത നന്മകളെയും പോലെ ധീരതയുടെ ഉറവിടവും വിശ്വാസ വിധേയത്വമാണ്. അതുപോലെ സമസ്ത തിന്മകളെയും പോലെ ഭീരുത്വത്തിന്റെ പ്രഭവസ്ഥാനം മാര്‍ഗഭ്രംശവും ഭോഷത്തവുമാണ്. ഭൂഗോളം വിനാശകാരിയായ ഒരു ബോംബ് കണക്കെ പൊട്ടിത്തെറിച്ചാല്‍ പ്രകാശിതഹൃദയമുള്ള ഒരൊറ്റ സാത്വികനും അതു കണ്ട് ചകിതനാകാന്‍ പോകുന്നില്ല. പ്രപഞ്ചനാഥന്റെ മഹാ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമാണ് അത് എന്ന് തിരിച്ചറിഞ്ഞ് അയാളുടെ ഹൃദയം വിസ്മയഭരിതമാവുകയേയുള്ളൂ. അതേസമയം ജഡഹൃദയമുള്ള ഒരു ധിക്കാരി, അയാളെത്ര ബുദ്ധിരാക്ഷസനായ ദാര്‍ശനികനാണെങ്കിലും ആകാശനെറുകയിലെങ്ങാനും ഒരു നക്ഷത്രമുദിച്ചുകണ്ടാല്‍ ഭയ വിഭ്രാന്തിയോടെ ഉത്കണ്ഠാകുലനായി അയാള്‍ ചോദിച്ചേക്കും; 'ഈ നക്ഷത്രമെങ്ങാനും ഭൂമിയിലേക്ക് വീണേക്കുമോ' എന്ന്.
ഊഹാപോഹങ്ങളുടെ താഴ്‌വരയില്‍ വിഹരിക്കുകയാണയാള്‍. അന്തമില്ലാത്ത വിധം ആവശ്യങ്ങളുടെ ഉടമയാണ് മനുഷ്യനെങ്കിലും അവന്റെ മൂലധനം വളരെ ശുഷ്‌കമാണ്. അതുപോലെ അവസാനമില്ലാത്ത വിധം ദുരിതങ്ങള്‍ക്കു നടുവില്‍പെട്ടുഴലുന്ന അവന്റെ അതിജീവനശേഷിയും തഥൈവ. ചുരുക്കത്തില്‍ മൂലധനവും അതിജീവന ശേഷിയും പരിമിതമായ തോതിലുള്ള മനുഷ്യന്റെ മോഹങ്ങളുടെയും അഭിലാഷങ്ങളുടെയും വേദനകളുടെയും പരീക്ഷണങ്ങളുടെയും വ്യാപ്തിയാകട്ടെ കാഴ്ചകള്‍ക്കും ഭാവനകള്‍ക്കുമപ്പുറവും.
ഇവിടെയാണ് ദരിദ്രവും ദുര്‍ബലവും അശക്തവുമായ മനുഷ്യസത്തക്ക് ആരാധനയുടെയും അര്‍പ്പണത്തിന്റെയും ആവശ്യമുദിക്കുന്നത്. ദൈവത്തിന്റെ ഏകത്വസമ്മതത്തിന്റെയും വിധേയത്വത്തിന്റെയും പ്രാധാന്യമറിയുന്നത്. ഇവയില്‍ നിന്നുത്ഭൂതമാവുന്ന ലാഭ സൗഭാഗ്യങ്ങളുടെയും അനുഗ്രഹാശിസ്സുകളുടെയും മഹത്വം ബോധ്യപ്പെടുന്നത്. കാഴ്ചശക്തി നഷ്ടപ്പെടാത്തവര്‍ക്കൊക്കെ ഈ യാഥാര്‍ഥ്യം മനസ്സിലാകും. എങ്കില്‍ പിന്നെ പ്രയോജനത്തിന്റെ പത്തിലൊരു സാധ്യതയേ ഉള്ളൂവെങ്കില്‍ പോലും വിനാശവഴിയല്ല, വിനാശേതര വഴിയാണ് യാത്രക്കായി തെരഞ്ഞെടുക്കേണ്ടത്. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ആരാധനയുടെ വഴിയെക്കുറിച്ചാണ്, ഉപദ്രവരഹിതമായ വഴി. പത്തില്‍ ഒമ്പത് പ്രയോജനങ്ങളെങ്കിലും ലഭിക്കാന്‍ സാധ്യതയുള്ള വഴി. നിത്യസൗഭാഗ്യത്തിന്റെ ഖജനാവ് തുറന്നുതരുന്ന വഴി. അതേസമയം ധിക്കാരത്തിന്റെയും ഭോഷത്തത്തിന്റെയും വഴി എന്നു പറയുന്നത് സ്വതവേ പ്രയോജനരഹിതമാണ്. നിത്യ ദൗര്‍ഭാഗ്യത്തിന്റെയും ശാശ്വത വിനാശത്തിന്റെയും നിമിത്തമായി മാറുന്ന വഴിയാണത്. പത്തില്‍ ഒമ്പതും നഷ്ടവും ദുരിതവുമാണെന്നുറപ്പിക്കാവുന്ന വഴി. പണ്ഡിതശ്രേഷ്ഠരുടെ സാക്ഷ്യത്താലും സമവായത്താലും സ്ഥിരപ്പെട്ട യാഥാര്‍ഥ്യമാണിത്. അന്വേഷണത്തിലൂടെയും തിരിച്ചറിവിലൂടെയും സത്യം രുചിച്ചറിഞ്ഞ മനീഷികളുടെ കാഴ്ചപ്പാടിലൂടെ ബോധ്യം വന്ന കാര്യം.
പരലോകത്തെന്നതുപോലെ ഇഹലോകത്തെയും സൗഭാഗ്യം കിടക്കുന്നത് നിര്‍വ്യാജമായ ആരാധനയിലും നിഷ്‌കളങ്കമായ ദൈവോപാസനയിലുമാണ്. അനുസരണ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ അനുഗ്രഹിച്ച അല്ലാഹുവിന് നമുക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സ്തുതികള്‍ അര്‍പ്പിക്കാം.
മൊഴിമാറ്റം: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്
Comments