Prabodhanm Weekly

Pages

Search

2016 ആഗസ്റ്റ് 26

2965

1437 ദുല്‍ഖഅദ് 23

യുദ്ധമാണോ 'ബി' വാക്കിന്റെ അര്‍ഥം?

ഇഹ്‌സാന്‍

ഇപ്പോഴത്തെ സര്‍ക്കാറിന്റെ കാലത്ത് ഇന്തോ- പാക് ബന്ധങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഏറ്റവുമൊടുവില്‍ പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് നടത്തിയ പ്രസ്താവനകളിലൊന്നില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതയെ കുറിച്ചാണ് സംസാരിക്കുന്നത്. സൂചനകള്‍ വാചാലമാണ്, ഇപ്പോഴത്തെ പോക്കിനൊടുവില്‍ ഇന്തോ-പാക് യുദ്ധം കൂടി സംഘടിപ്പിച്ചാവും കൊട്ടിക്കലാശം. ആണവായുധങ്ങള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുനില്‍ക്കാന്‍ തയാറാണെന്ന ഈ പ്രസ്താവന മേഖലയില്‍ യുദ്ധം ഉരുണ്ടുകൂടുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നതിനും എന്നാല്‍ ആണവായുധങ്ങളുടെ കാര്യത്തില്‍ പാകിസ്താന്‍ നല്ലപിള്ളയാണെന്ന് ബോധ്യപ്പെടുത്തുന്നതിനുമുള്ള ഒരുതരം കുതന്ത്രമായിരുന്നു. പക്ഷേ ഇന്തോ-പാക് ബന്ധങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷവും ആരുടെയോ തിരക്കഥക്കൊത്ത് അതിവേഗം വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നുണ്ട് എന്നത്  വസ്തുതയുമാണ്. 

സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ രാജ്‌നാഥ് സിംഗ് പങ്കെടുത്തുവെങ്കിലും രാജ്‌നാഥിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാതെയും മറ്റും അസുഖകരമായ സന്ദേശങ്ങളാണ് പാകിസ്താന്‍ പുറത്തുവിട്ടത്. വിട്ടുനല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടുന്ന തീവ്രവാദികളെ പാകിസ്താന്‍ ഒരു രാജ്യം എന്ന നിലയില്‍ പോറ്റി വളര്‍ത്തുകയാണെന്നും പാക്കധീന കശ്മീരിലെ ഭീകരസംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതുകൊണ്ടാണ് ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതെന്നും രാജ്‌നാഥിന്റെ പ്രസംഗത്തില്‍ വ്യക്തമായിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടത്തിവരുന്ന 'സര്‍ബെ അസബ്' യുദ്ധം ഭീകരതക്കെതിരെയുള്ളതാണെന്ന് നവാസ് ശരീഫ് അവകാശപ്പെടുമ്പോഴും കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. തഹ്‌രീകെ താലിബാനെതിരെ നടത്തുന്ന നീക്കങ്ങള്‍ ഭീകര വിരുദ്ധ യുദ്ധത്തിന്റെ പട്ടികയില്‍ വരവു വെക്കാന്‍ ആരും തയാറാവാത്തത് അവരെ അന്താരാഷ്ട്ര സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതുകൊണ്ടാണെന്ന് പാകിസ്താനും ആരോപിക്കുന്നു. സാര്‍ക്ക് ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ പിന്നാക്കം പോകുന്നതിന്റെ സൂചനകളും കാണാനുണ്ട്. 

കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതെഴുതുമ്പോള്‍ 65 ആണ്. അവിടത്തെ കര്‍ഫ്യൂ 35 ദിവസം പിന്നിട്ടിരിക്കുന്നു. പതിനായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് സംസ്ഥാനത്തെ സന്നദ്ധ സംഘടനകള്‍ പറയുന്നത്. താഴ്‌വരയിലെ ജനങ്ങള്‍ സ്‌കൂളുകളിലേക്കോ ഓഫീസുകളിലേക്കോ പോകാനാവാതെ, രാത്രികളില്‍ മാത്രമാണ് അത്യാവശ്യ യാത്രകള്‍ നടത്തുന്നത്. എന്നിട്ടും ആ ജനതയുടെ ദുരിതത്തിന് അറുതി വരുത്താനുള്ള ഒരു നീക്കവും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിനു ശേഷവും കശ്മീരില്‍ പട്ടാളത്തിന്റെ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആയുധ മുഷ്‌ക് കൊണ്ട് കശ്മീര്‍ പ്രശ്‌നം തീര്‍ക്കാനാവുമെന്ന് കരുതുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ മാധ്യമങ്ങള്‍ ആഘോഷിച്ച് അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. കുറ്റം ആരുടേത് എന്ന ചര്‍ച്ച ഒരര്‍ഥത്തില്‍ അസംബന്ധമായിട്ട് എത്രയോ കാലമായെങ്കിലും പാകിസ്താന്‍ ഇന്ത്യയെയും ഇന്ത്യ തിരികെയും വിഷയത്തില്‍ അന്യോന്യം ചൂണ്ടുവിരല്‍ ഉയര്‍ത്തി ആക്രോശിക്കുന്നത് തുടരുക തന്നെയാണ്. 

ഇതിനിടെ ബഹാദൂര്‍ അലി എന്ന ലശ്കറെ ത്വയ്യിബ തീവ്രവാദി അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടെ പിടിയിലായതായി ഇന്ത്യ പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങള്‍ക്കിടയിലാണ് നുഴഞ്ഞുകയറ്റശ്രമത്തിനിടെ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യ ഒരാളെ ജീവനോടെ പിടികൂടുന്നത്. ഇയാള്‍ ഹരിയാനയിലെ മേവാത്തില്‍ കുടുംബ വേരുകളുള്ള ആളാണെങ്കിലും പുതിയ തന്ത്രത്തിന്റെ ഭാഗമായി പാകിസ്താനിലുള്ള ഇന്ത്യന്‍ വംശജരെയാണ് ആയുധ പരിശീലനം കൊടുത്ത് ലശ്കറെ ത്വയ്യിബ കശ്മീരിലേക്ക് പറഞ്ഞയക്കുന്നതെന്ന വിവരം കൂടി കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി പുറത്തുവിട്ടു. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് ഇന്ത്യ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എത്ര കണ്ട് ശരിയുണ്ടെങ്കിലും സി.ആര്‍.പി.എഫിനെ അടക്കിനിര്‍ത്തിയാല്‍തന്നെ പാകിസ്താന്റെ വായമൂടിക്കെട്ടാനാവുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ മറന്നു. ഉരുളക്കുപ്പേരിയായി പാക്കധീന കശ്മീരിലെയും ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍ മേഖലകളിലെയും നരകജീവിതത്തെ കുറിച്ച് ഇന്ത്യ തുറന്നടിക്കാന്‍ ആരംഭിച്ചു. ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്കധീന കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് ചര്‍ച്ചക്കു വന്നതായാണ് സൂചനകള്‍. അതുവഴി കറാച്ചിയിലേക്ക് റോഡും റെയില്‍ ഗതാഗതവും വികസിപ്പിക്കാനൊരുങ്ങുന്ന ചൈനയെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം.   

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ ബലൂചിസ്ഥാന്‍ കൂടി പരാമര്‍ശിക്കപ്പെട്ടതോടെ ഇന്തോ-പാക് സംഘര്‍ഷം അതിന്റെ അവസാനത്തെ കെട്ടും പൊട്ടിച്ച് പായാനാരംഭിച്ചു. ബലൂച് പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുമെന്ന വ്യക്തമായ സൂചനയായിരുന്നു മോദിയുടേത്. ഈജിപ്തിലെ ശറമുശ്ശൈഖില്‍ മന്‍മോഹന്‍ സിംഗും യൂസുഫ് റസാ ഗീലാനിയും ഒപ്പുവെച്ച 2009-ലെ കരാറില്‍ ബലൂചിസ്ഥാനെ കുറിച്ച പാകിസ്താന്‍ പരാമര്‍ശം ഉള്‍പ്പെടുത്തിയപ്പോള്‍ ആ നാണക്കേട് ഏഴു സമുദ്രത്തിലെ വെള്ളം കൊണ്ടുപോലും മായ്ച്ചു കളയാനാവില്ലെന്ന് കുറ്റപ്പെടുത്തി പാര്‍ലമെന്റില്‍നിന്നും ഇറങ്ങിപ്പോയവരാണ് ബി.ജെ.പിക്കാര്‍. പക്ഷേ ഈ ഇരട്ടത്താപ്പ് കോണ്‍ഗ്രസിന് തുറന്നുകാട്ടാനാവുന്നില്ല. നിലവിലെ യുദ്ധോത്സുകമായ അന്തരീക്ഷത്തില്‍ മധ്യവര്‍ഗ സമൂഹവും യുവാക്കളും മോദിക്കൊപ്പം നില്‍ക്കുകയാണെന്നും ഈ ഘട്ടത്തില്‍ എതിര്‍ത്താല്‍ ദോഷം ചെയ്യുമെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റേത്. ആക്രമണോത്സുകമായ പുതിയ വിദേശനയമായും മോദിയുടെ നേട്ടമായും ഇതിനെ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. നേട്ടമായിരിക്കാം, യു.പി തെരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ.  


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 59-61
എ.വൈ.ആര്‍